ന്യൂസ് ഡെസ്ക് മലയാളം യുകെ
മതിയായ ജീവനക്കാരുടെ അഭാവം മൂലം നട്ടം തിരിയുന്ന എൻഎച്ച് എസിന് കരുത്തേകാൻ 15 വർഷ കർമ പദ്ധതി തയ്യാറാകുന്നു . പ്രധാനമന്ത്രി റിഷി സുനകും എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡും ചേർന്ന് ഇതിനായുള്ള വിപുലമായ പ്ലാൻ ഇന്ന് അവതരിപ്പിക്കും. ഇതിൻ പ്രകാരം ഇംഗ്ലണ്ടിലെ ആരോഗ്യ ജീവനക്കാർക്കുള്ള പരിശീലന സ്ഥലങ്ങളുടെയും സീറ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കും.

ഇതോടെ മെഡിക്കൽ , നേഴ്സിംഗ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി യൂണിവേഴ്സിറ്റികളിൽ കൂടുതൽ സീറ്റുകൾ നിലവിൽ വരും. ഡോക്ടർമാരുടെ പാഠ്യപദ്ധതിയിൽ അപ്രന്റീസ്ഷിപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നതും പദ്ധതിയിലുണ്ട്. നിലവിൽ 5 വർഷം ആണ് മെഡിക്കൽ ബിരുദങ്ങളുടെ പഠനത്തിനായി വേണ്ടത്. ഒരു വർഷം കുറച്ച് നാല് വർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമോ എന്നതും പരിഗണനാ വിഷയമാണ്. നിലവിൽ രാജ്യത്ത് പകുതിയിലധികം ഡോക്ടർമാരെയും നേഴ്സുമാരെയും വിദേശങ്ങളിൽ നിന്നുമാണ് റിക്രൂട്ട് ചെയ്യുന്നത്.

എൻഎച്ച്എസിലെ ഓരോ 10 പോസ്റ്റുകളിലും ഒന്ന് നികത്തപ്പെടാതെ കിടക്കുകയാണ്. ഇപ്പോൾ തന്നെ 110, 000 ഒഴിവുകൾ നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ . മതിയായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ 2037 ആകുമ്പോൾ എൻഎച്ച് എസിലെ ഒഴിവുകളുടെ എണ്ണം 360,000 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിശീലനത്തിനും ഒഴിവുകൾ നികത്തുന്നതിനുമായി അടുത്ത 5 വർഷത്തിനുള്ളിൽ 2.4 ബില്യൺ പൗണ്ട് ആണ് എൻഎച്ച് എസിന് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരില്‍ ഭൂരിഭാഗവും വിദേശ രാജ്യത്തുനിന്നുള്ളവർ എന്ന് പുതിയ പഠന റിപ്പോർട്ട്. ഇതില്‍ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യക്കാർ തന്നെ. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം, 2022-23 വര്‍ഷത്തില്‍ രാജ്യത്തെ ഇമിഗ്രേഷന്‍ സമ്പ്രദായം ധാരാളം വിദേശജീവനക്കാരെയാണ് ആരോഗ്യപരിപാലനരംഗത്തേയ്ക്ക് കൊണ്ടുവന്നത് എന്ന് പറയുന്നു.

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോൾ, ഇതിൽ 20 ശതമാനം ഡോക്ടര്‍മാരും 46 ശതമാനം നേഴ്‌സുമാരും ഇന്ത്യയില്‍നിന്നാണെന്ന് മനസ്സിലാക്കാം. രണ്ടാം സ്ഥാനത്ത് നൈജീരിയയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്. പട്ടികയിൽ നാലാമത് ഫിലിപ്പിന്‍സാണ്. 2022-ലെ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (സി ഒ എസ്) ഉപയോഗിക്കുന്ന 33 ശതമാനം ആളുകളും ഇന്ത്യന്‍ പൗരത്വമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിംബാബ്‌വേയും നൈജീരിയയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അഭാവം മൂലം, 2017 മുതല്‍ യുകെയില്‍ നോണ്‍യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്‌കില്‍ഡ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 2021 ലും 2022 ലുമാണ്. ദി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം യുകെയിലെ ആരോഗ്യ, സാമൂഹികരംഗത്തെ ഒഴിവുകള്‍ 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 2,17,000 ആയിരുന്നു. ഇതിൽ 2023 മാര്‍ച്ച് ആയപ്പോഴേക്കും 57,700 ഒഴിവുകളിലും വിദേശതൊഴിലാളികളായ സ്‌കില്‍ഡ് വര്‍ക്കേഴ്‌സാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ ബ്രിട്ടന്‍ വിദേശികളായ തൊഴിലാളികളെ വളരെയധികം ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം, 58.000 തൊഴിലാളികളാണ് രാജ്യത്ത് എത്തിയത്. യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം 6,06,000 ആയി എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെ 4,88,000 എന്ന കണക്കില്‍നിന്നും 24 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രോട്ടീൻ പാനീയങ്ങൾക്ക് മേൽ അവമൂലം ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഒരു ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. 2020 ൽ ഇത്തരമൊരു പ്രോട്ടീൻ പാനീയം കുടിച്ച് ലണ്ടനിൽ നിന്നുള്ള 16 വയസ്സുകാരനായ കുട്ടി മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് 15 ന് ഈലിങ്ങിൽ നിന്നുള്ള പതിനാറുകാരനായ രോഹൻ ഗോധാനിയയാണ് പ്രോട്ടീൻ പാനീയം കുടിച്ച് അസുഖബാധിതനായത്. മൂന്ന് ദിവസത്തിന് ശേഷം വെസ്റ്റ് മിഡിൽസെക്‌സ് ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക ക്ഷതം മൂലം ഈ കുട്ടി മരണപ്പെടുകയായിരുന്നു. മകൻ സാമാന്യം മെലിഞ്ഞയാൾ ആയിരുന്നതിനാൽ തന്നെ കുട്ടിക്ക് മസിൽ ഉണ്ടാകുവാനായി പിതാവ് വാങ്ങി നൽകിയതായിരുന്നു ഈ പാനീയം. പ്രോട്ടീൻ ഷേക്ക് ഓർണിത്തൈൻ ട്രാൻസ്കാർബാമൈലേസ് (ഒ റ്റി സി )എന്ന അപൂർവ ജനിതക അവസ്ഥയ്ക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് അമോണിയയുടെ ബ്രേക്ക് ഡൌണിനെ തടയുകയും രക്തത്തിൽ അമോണിയയുടെ അളവ് ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിന് കാരണമായി. ഇത് പ്രോട്ടീൻ ഓവർലോഡ് മൂലമാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ ഈ പാനീയങ്ങൾ കുടിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഇത്തരം പാനീയങ്ങൾക്ക് മേൽ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ പീഡിയാട്രിക് ന്യൂറോളജി പ്രൊഫസറായ ഫിൻബാർ ഒ’കല്ലഗനും ഇത്തരം ഇടപെടൽ ആവശ്യമാണെന്ന് സമ്മതിച്ചു. രോഹനെ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് അമോണിയ പരിശോധന നടത്തിയിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് ഇത് സംബന്ധിച്ചു നടക്കുന്ന കേസിൽ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ സിക്ക് ലീവ് എടുക്കുന്ന എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം റെക്കോർഡ് തലത്തിലെത്തി. മഹാമാരി കത്തിപ്പടർന്ന 2020, 2021 വർഷങ്ങളെക്കാൾ അസുഖം മൂലം ലീവ് എടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ . 2019 – നെ അപേക്ഷിച്ച് നിലവിൽ സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം അവധി എടുക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നു. സിക്ക് ലീവ് എടുക്കുന്നവരിൽ ഏകദേശം നാലിലൊന്ന് പേർ ഈ ഗണത്തിലാണ്. ജലദോഷം, ചുമ ,ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം അവധിയെടുക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പല അസുഖങ്ങൾക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം 110,000 നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകളാണ് എൻഎച്ച്എസിൽ ഉള്ളത്. ഇതിനെ പുറമെ സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിലുള്ള വൻ വർദ്ധനവ് കൂടിയാകുമ്പോൾ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. വർദ്ധിച്ച ജോലിഭാരമാണ് ജീവനക്കാരെ പലരെയും രോഗികളാക്കുന്നത് എന്ന് യൂണിസൺ ഹെൽത്ത് ഹെഡ് സാറ ഗോർട്ടൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന കഷ്ടപ്പാടും പ്രയാസവും വാക്കുകൾക്കൊണ്ട് പറയാൻ സാധിക്കുന്നതിലും അതീതമാണ്. പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള ഉയർന്ന രോഗികളുടെ എണ്ണം നിലനിൽക്കെ. പലപ്പോഴും പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ വെള്ളം പോലും കുടിക്കാതെയാണ് ജോലി ചെയ്യേണ്ടി വരുന്നത്. ജോലിയുടെ ഭാരം നാള്‍ക്ക് നാള്‍ കൂടുന്നു എന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യുകെയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ താല്‍പര്യം കുറഞ്ഞു വരുന്നത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ പാഷനായി കാണുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ യുകെയിലെ എന്‍എച്ച്എസിൻെറ യുവത്വത്തിന്റെ മുഖവും പ്രസരിപ്പും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍ ഒരാളായ സന്ദര്‍ലാന്റിലെ ഡോ. അഞ്ജന വര്‍ഗീസ് ഇപ്പോള്‍ ലോക മിസ് യൂണിവേഴ്സ് ഫൈനല്‍ റൗണ്ടിലേക്കുള്ള ബ്രിട്ടീഷ് സുന്ദരിമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

കുഞ്ഞു നാൾ മുതലേ ഡോക്ടറാകാനുള്ള നിശ്ചയ ദാര്‍ഢ്യം ഉറപ്പിച്ചു സെക്കൻഡറി സ്‌കൂള്‍ പഠന കാലം മുതലേ എല്ലാവർക്കും മാതൃകയായി മലയാളി സമൂഹത്തില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ്. പഠന മികവിന് പല പുരസ്‌കാരങ്ങളും അഞ്ജനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴുകാരിയായ ഈ ന്യൂറോസര്‍ജൻ ഇതിനോടകം തന്നെ ചിത്ര രചനയിലും ഫോട്ടോഗ്രഫിയിലും തൻെറ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അഞ്ജനയുടെ ഈ നേട്ടം യുകെ മലയാളികൾ എല്ലാം ഉറ്റു നോക്കുന്ന ഒന്നാണ്. ഫൈനല്‍ റൗണ്ട് വരെ സ്വന്തം നിശ്ചയദാർഢ്യത്തോടെ എത്തിയ അഞ്ജനയ്ക്ക് ഇനി മുന്നേറാന്‍ പൊതു സമൂഹത്തിന്റെ പിന്തുണ കൂടി വേണം. ഫൈനല്‍ റൗണ്ടിലേയ്ക്ക് ലഭിക്കുന്ന പബ്ലിക് വോട്ടു കൂടി പരിഗണിച്ചാണ് അന്തിമ വിജയിയെ ഓരോ രാജ്യത്തു നിന്നും കണ്ടെത്തുന്നത്.
ചാലക്കുടി സ്വദേശികളായ വര്‍ഗീസിന്റെയും ഷീബയുടെയും മകളാണ് അഞ്ജന. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ താമസിച്ചു വരികയാണ്. യുകെ മലയാളികള്‍ക്ക് ലോക മത്സര വേദിയില്‍ നിന്നും തിളക്കമേറിയ ഒരു നേട്ടം പറന്നെത്തുമോ എന്ന ആകാംഷയിലാണ് ഇപ്പോൾ യുകെ മലയാളികൾ. ‘മിസ്സ് യൂണിവേഴ്‌സ് ഗ്രേറ്റ് ബ്രിട്ടന്‍’ സൗന്ദര്യ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 34 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഫൈനല്‍ റൗണ്ടില്‍, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് പിന്തുണയ്ക്കുവാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. എല്‍ സാല്‍വദോറില്‍ വെച്ച് നടക്കുന്ന എഴുപത്തി രണ്ടാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് വിജയകിരീടം ചൂടാൻ യുകെ മലയാളികളുടെ വോട്ടും പിന്തുണയും അഞ്ജനയും കുടുംബവും അഭ്യര്‍ത്ഥിക്കുകയാണ്. അഞ്ജനയ്ക്ക് വോട്ട് ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ജൂലൈ ഏഴ് വെള്ളിയാഴ്ചവരെ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുന്നവരുടെയും എണ്ണം ഉയരുന്നതായി റിപ്പോർട്ടുകൾ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളികൾ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായി ഗവൺമെന്റിന്റെ ഇന്റലിജൻസ്, സെക്യൂരിറ്റി, സൈബർ ഏജൻസിയായ ജിസിഎച്ച്ക്യു പ്രതികരിച്ചു. ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നവർ സ്റ്റേബിൾ ഡിഫ്യൂഷൻ എന്ന എ ഐ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നു. ചിത്രം ഏതു തരത്തിൽ വേണമെന്ന് സ്റ്റേബിൾ ഡിഫ്യൂഷൻ സോഫ്‌റ്റ്‌വെയറിലൂടെ വിവരിച്ചു നൽകിയാൽ അതനുസരിച്ചുള്ള ഇമേജ് ലഭിക്കും. ഇതാണ് ഇപ്പോൾ മോശമായ രീതിയിൽ ഉപയോഗിക്കുന്നത്.

ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുകെ പോലീസ് ഓൺലൈൻ ചൈൽഡ് അബ്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പറഞ്ഞു. നിർമ്മിച്ചെടുക്കുന്ന ചിത്രങ്ങൾ പിക്‌സിവ് എന്ന ജനപ്രിയ ജാപ്പനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്ത് പ്രൊമോട്ട് ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പിക്‌സിവിന്റെ വക്താവ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കമുള്ള എല്ലാ ഫോട്ടോ-റിയലിസ്റ്റിക് ചിത്രീകരണങ്ങളും മെയ് 31-ന് നിരോധിച്ചതായി അതിൽ പറയുന്നു.
എ ഐ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകളുടെ സ്വകാര്യതയ്‌ക്കോ അവകാശത്തിനോ അവരുടെ സുരക്ഷയ്‌ക്കോ അത് ഉളവാക്കാൻ സാധ്യതയുള്ള ഭാവി അപകടങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇന്റർനെറ്റും സാങ്കേതികവിദ്യയും വളരെ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ടെന്ന് പൊലീസും വിദഗ്ധരും പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഏകദേശം 700,000 കുട്ടികളും പഠിക്കുന്നത് സുരക്ഷിതമല്ലാത്ത സ്‌കൂൾ കെട്ടിടങ്ങളിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 2021 മുതൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ (ഡിഎഫ്ഇ) നടത്തിയ പഠനത്തിന് പിന്നാലെയാണ് നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ വർഷങ്ങളായി ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക് ഇതിന് യാതൊരു വിധ പരിഹാരവും കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ അതേസമയം സ്കൂളുകൾക്ക് ആവശ്യമായ മാറ്റങ്ങൾ നടത്തുവാൻ വേണ്ട സംഭാവനകൾ നൽകുന്നുണ്ടെന്ന് ഡിഎഫ്ഇ ചൂണ്ടിക്കാട്ടി.

സ്കൂളുകൾ സുരക്ഷിതവും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നതിനായി 2015 മുതൽ 15 ബില്യൺ പൗണ്ടിലധികം തുക സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഷെഫീൽഡിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ തന്റെ കുട്ടികളെ വിളിക്കാൻ കാത്തുനിൽക്കുമ്പോൾ സ്കൂൾ കെട്ടിടത്തിൽ നിന്ന് ആണികൾ ഉള്ള 15 അടി (4.5 മീറ്റർ) വരുന്ന ഫാസിയ ബോർഡ് മുഖത്ത് ഇടിച്ചത് നിലവിലുള്ള സ്കൂളുകളുടെ ദാരുണമായ അവസ്ഥ വിളിച്ചോതുന്നതാണ്. എൻ.എ.ഒയുടെ റിപ്പോർട്ട് പ്രകാരം, ഇംഗ്ലീഷ് സ്കൂൾ കെട്ടിടങ്ങളിൽ മൂന്നിലൊന്നും അതായത് 24,000 കെട്ടിടങ്ങളും നവീകരണത്തിനുള്ള സമയം കടന്നവയാണ്.

1950 കൾക്കും 1990 കളുടെ മധ്യത്തിനും ഇടയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ കോൺക്രീറ്റായ – റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (ആർഎഎസി)അടങ്ങിയിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ആർഎഎസി സാന്നിധ്വമുണ്ടായേക്കാവുന്ന 572 സ്കൂളുകളെ ഡിഎഫ്ഇ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 24 കെട്ടിടങ്ങളിൽ അടിയന്തര നടപടി ആവശ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ എഡിടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ വാലുവേഷൻ ഡച്ച് ലിസ്റ്റ്ഡ് ടെക്നോളജി ഇൻവെസ്റ്റേഴ്സ് ആയ പ്രോസസ് എൻ വി 5.1 ബില്യൺ ഡോളറായി വെട്ടിക്കുറച്ചതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. വിപണി മൂല്യം വെട്ടിക്കുറച്ച നടപടി വരും ദിവസങ്ങളിൽ കമ്പനിയ്ക്ക് ഓഹരി വിപണിയിൽ കടുത്ത ഇടിവിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
2022 ഒക്ടോബറിൽ 250 ബില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചപ്പോൾ കമ്പനിയുടെ വിപണി മൂല്യം 22 ബില്യൺ ഡോളറായിരുന്നു. എന്നാൽ കഴിഞ്ഞ നവംബർ മാസത്തിൽ പ്രോസസ് ആദ്യമായി ബൈജുവിന്റെ വിപണിമൂല്യം 5.97 ബില്യൺ ഡോളറായി കുറച്ചിരുന്നു. പ്രധാനപ്പെട്ട മൂന്നു നിഷേപകരെ പ്രതിനിധീകരിക്കുന്ന ബോർഡ് അംഗങ്ങൾ കഴിഞ്ഞ ആഴ്ച രാജി വച്ചിരുന്നു. കമ്പനിയുടെ വാലുവേഷൻ കുത്തനെ ഇടിഞ്ഞത് വരും നാളുകളിൽ ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മലയാളിയായ ബൈജു രവീന്ദ്രൻ 2011 -ൽ സ്ഥാപിച്ച ബൈജൂസ് വിദ്യാർത്ഥികളുടെ പഠന രീതിയെ പുനർ നിർവചിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരുന്നു . മൊബൈൽ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്ന ബൈജൂസ് ദി ലേണിംഗ് ആപ്പ് പെട്ടെന്നാണ് വൻ പ്രചാരം നേടിയത്. ബൈജൂസിന്റെ വിജയം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല . സിഡ്നി പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് കമ്പനി ലോകമെങ്ങും സ്വാധീനം അറിയിച്ചു. എന്നാൽ കുറെ നാളുകളായി നെഗറ്റീവ് വാർത്തകളും സംഭവങ്ങളും കമ്പനിയെ വൻ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി 2500 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. നേരത്തെ കേരളത്തിലെ തിരുവനന്തപുരത്തുള്ള ടെക്നോപാർക്കിലെ ബൈജൂസിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയെ തുടർന്ന് നഷ്ടപരിഹാരവും മുടങ്ങിയ ശമ്പളവും കിട്ടണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് തൊഴിൽ മന്ത്രി വി ശിവൻ കുട്ടിക്ക് നിവേദനം നൽകിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണിമുടക്കിനുള്ള പിന്തുണയ്ക്കായി നടത്തിയ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് നടത്താനിരുന്ന സമരനീക്കം പൊളിഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പണിമുടക്കിനെ പിന്തുണച്ചെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത യൂണിയൻ അംഗങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. 43% പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രാജ്യത്തെ ട്രേഡ് യൂണിയൻ നിയമങ്ങൾ അനുസരിച്ച് 50 ശതമാനത്തിന് മുകളിൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കണം.

നേരത്തെ സർക്കാർ മുന്നോട്ടുവച്ച 5% ശമ്പള വർധനവും ഒറ്റത്തവണ പെയ്മെൻറ് ആയ 1655 പൗണ്ടും കോളേജ് ഓഫ് നേഴ്സിങ്ങിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ നിരസിച്ചിരുന്നു. എന്നാൽ യൂണിസൺ ഉൾപ്പെടെയുള്ള നേഴ്സിംഗ് മേഖലയിലെ ഭൂരിഭാഗം യൂണിയനുകളും ശമ്പള വർദ്ധനവിനെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ അടുത്ത 5 മാസം 5 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നില്ലെങ്കിലും ന്യായമായ വേതനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഗവൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാണ്ട പോലുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നതിന് ഒരാൾക്ക് 169000 പൗണ്ട് വീതം ചെലവാക്കേണ്ടതായി വരുമെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഈ വർഷം യുകെയിൽ അനധികൃതമായി എത്തിയ ഏകദേശം 11,000 പേരെ ക്യാമ്പുകളിലേക്ക് അയയ്‌ക്കാൻ സർക്കാരിന് 1.8 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടിവരുമെന്നാണ് പുതുതായി വെളിപ്പെടുത്തിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ സമാനമായ രാജ്യങ്ങളിലേക്കോ അയച്ച ഓരോ വ്യക്തിയും നികുതിദായകന് 106,000 പൗണ്ടിനും 165,000 പൗണ്ടിനും ഇടയിൽ ലാഭമുണ്ടാക്കുന്നതായും അനധികൃത കുടിയേറ്റ ബില്ലിനെ സംബന്ധിച്ചുള്ള ഇക്കണോമിക് അസെസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏകദേശം 37 ശതമാനത്തോളം ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടഞ്ഞാൽ മാത്രമേ ഗവൺമെന്റിന് ഈ ചിലവുകൾ കുറയ്ക്കുവാൻ സാധിക്കുവെന്നാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. നിയമവിരുദ്ധമായി യുകെയിൽ എത്തുന്ന ആളുകൾക്ക് മാത്രമേ ഈ ചെലവ് ഉണ്ടാകൂ. ഒരു വ്യക്തി നിയമവിരുദ്ധമായി യുകെയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണെങ്കിൽ, ഒരു ചെലവും ഉണ്ടാകില്ലെന്നും അസ്സസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ബ്രിട്ടന് കുടിയേറ്റക്കാരെ അയക്കുവാൻ റുവാണ്ടയുമായി മാത്രമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് സൂചിപ്പിച്ചപോലെ, കൂടുതൽ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ ചെലവേറിയതായി മാറും.

ഇത്തരത്തിൽ ചെലവേറിയ ഈ പദ്ധതിക്കെതിരെ നിരവധി വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരിക്കുന്നത്. ഹോം ഓഫീസ് തയ്യാറാക്കിയ ഏതാനും കണക്കുകൾ തന്നെ അവരുടെ പദ്ധതികൾ എത്രത്തോളം താറുമാറായതും പ്രവർത്തനരഹിതവുമാണെന്ന് കാണിക്കുന്നതായും, യുകെയിൽ എത്തുന്ന എല്ലാ അഭയാർത്ഥികളെയും നീക്കം ചെയ്യുമെന്ന തന്റെ വാഗ്ദാനം നിറവേറ്റാൻ റിഷി സുനക്കിന് കഴിഞ്ഞാൽ അതിന് കോടിക്കണക്കിന് പൗണ്ട് കൂടുതൽ ചിലവ് വരുമെന്ന് ഇത് സൂചിപ്പിക്കുന്നതായും ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഒന്നും ചെയ്യാതിരിക്കുക എന്നത് ഒരു സാധ്യതയല്ലന്നാണ് ഈ റിപ്പോർട്ട് തെളിയിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. അതിനാൽ തന്നെ ഏറ്റവും മികച്ച വഴിയായ അനധികൃത കുടിയേറ്റക്കാരെ യുകെയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനുള്ള ബിൽ എല്ലാ എംപിമാരും ഒരുമിച്ച് അംഗീകരിക്കണം എന്നും അവർ ആവശ്യപ്പെട്ടു.