Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

മത്സരത്തിനിടയിൽ ക്യാൻസർ ബാധിച്ച് മരിച്ച ഫുട്ബോൾ ആരാധകനായ കുട്ടിയെ പരിഹസിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. 27-ഉം 31-ഉം വയസ്സുള്ള രണ്ടു പേരും പൊതു മര്യാദ ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറയുന്നു. വെള്ളിയാഴ്ച സണ്ടർലാൻഡ് എ.എഫ്.സി യും ഷെഫീൽഡ് വെഡ്നെസ്ടേയും തമ്മിൽ നടന്ന കളിയിലാണ് സംഭവം ഉണ്ടായത്. സണ്ടർലാൻഡിനോട് 3-0 ത്തിന് ക്ലബ് തോറ്റത്തിന് പിന്നാലെ പരിഹസിച്ച് ചിരിച്ചുകൊണ്ട് ബ്രാഡ്‌ലി ലോറിയുടെ മുഖം കാണിക്കാൻ ഫോൺ ഉയർത്തിപ്പിടിക്കുകയായിരുന്നു.

ഫോട്ടോകളുമായി ബന്ധപ്പെട്ട് നിരവധി കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന് ബ്രാഡ്‌ലിയുടെ മാതാപിതാക്കളായ കാളിനെയും ജെമ്മ ലോവറിയെയും ഡർഹാം പോലീസ് സന്ദർശിച്ചു. കുട്ടികളിൽ അപൂർവമായി കാണുന്ന ന്യൂറോബ്ലാസ്റ്റോമ ബാധിതനായിരുന്നു ബ്രാഡ്‌ലി. 18 മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയിൽ രോഗം സ്ഥിരീകരിച്ചത്. 2017 ൽ തൻെറ ആറാം വയസ്സിൽ രോഗത്തെ തുടർന്ന് ബ്രാഡ്‌ലി ലോകത്തോട് വിടപറയുകയായിരുന്നു.

ജോജി തോമസ്

ഈ വർഷത്തെ മലയാളം യുകെ സ്പെഷ്യൽ ജൂറി അവാർഡിന് ലീഡ്സിൽ നിന്നുള്ള പ്രൊഫസർ പി .എ .മുഹമ്മദ് ബഷീർ അർഹനായി. എൻജിനീയറിംഗ് രംഗത്തുള്ള സംഭാവനകളെ മാനിച്ച് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നുള്ള കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാര ജേതാവാണ്. ചാൾസ് രാജാവ് ബഷീറിന് ബ്രിട്ടീഷ് എംപെയർ പുരസ്കാരം സമ്മാനിക്കും. 2014 -ൽ ഫിലിപ്പ് രാജകുമാരൻ നിന്ന് റോയൽ അക്കാഡമി ഓഫ് എൻജിനീയറിംഗ് ഫെലോഷിപ്പ് വാങ്ങാനുള്ള ഭാഗ്യവും ബഷീറിന് ഉണ്ടായിരുന്നു. താൻ തെരഞ്ഞെടുത്ത മേഖലയിൽ മികവിന്റെ ഔന്നിത്യത്തിലെത്തി എന്നതാണ് ബഷീറിൻറെ നേട്ടം. ലണ്ടനിൽ നിന്നുള്ള എം എം സി ഡബ്ല്യു എ – ലൈഫ് ടൈം അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് , മിനറൽ ആന്റ് മൈനിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഫെലോ മെമ്പറായി പ്രവർത്തിക്കുന്ന പി.എ.മുഹമ്മദ് ബഷീർ അക്കാദമിക് രംഗത്ത് യുകെയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളിൽ മുൻ നിരയിലാണ്.

യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിഎഡിങ് ബ്രോയിൽ എക്സിക്യൂട്ടീവ് ഡീനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ മുൻ പ്രസിഡന്റായിരുന്നു.

തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവീത്( ലണ്ടൻ).

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://malayalamuk.com/applications-are-invited-for-the-outstanding-nurse-and-carer-award-presented-as-part-of-the-malayalam-uk-awards-night-2023/

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229

തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളെ ബലാത്സംഗം ചെയ്ത കൊടും കുറ്റവാളിയായ സ്റ്റീഫൻ പെന്നിംഗ്ടണിനായി പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും അപകട സാധ്യതയുള്ള കൊടും ക്രിമിനൽ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ തന്നെ 999, 01253604019 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected]. എന്ന ഇ മെയിലിലോ ബന്ധപ്പെടണം. 35 വയസ്സുകാരനായ സ്റ്റീഫൻ പെന്നിംഗ്ടണിനായി അടിയന്തിര തിരച്ചിൽ തുടരുകയാണെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. 2009 -ൽ ഒരു കുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഇയാൾ ജയിലിലായിരുന്നു. ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുകൾ ലംഘിച്ചതിന് കഴിഞ്ഞവർഷം ഇയാളെ വീണ്ടും ജയിലിൽ അടച്ചിരുന്നു.

വെളുത്ത് മെലിഞ്ഞ് 6 അടി ഉയരവും കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ തുടരുകയാണെന്നും നോർത്തുംബ്രിയ പോലീസ് പറഞ്ഞു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 16 കാരനെ ജാമ്യത്തിൽ വിട്ടയച്ചു.

ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു.റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു. വൃക്ഷത്തിന് ഏകദേശം 300 വർഷത്തെ പഴക്കമാണ് പറയപ്പെടുന്നത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിറാലിലെ എം 53-ൽ ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ പതിനഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. രാവിലെ 8:00 ന് മെർസിസൈഡിലെ മോട്ടോർവേയിലെ യാത്രാക്കാരിയായിരുന്ന ജെസീക്ക ബേക്കറാണ് അപകടത്തിൽ മരണപ്പെട്ടത്. ബസ്സിൽ വെസ്റ്റ് കിർബിയിലെ കാൽഡേ ഗ്രാഞ്ച് ഗ്രാമർ സ്കൂളിലേക്കും വെസ്റ്റ് കിർബി ഗ്രാമർ സ്കൂളിലേക്കും ഉള്ള വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്നു എന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു. അപകടത്തിൽ കോച്ച് ഡ്രൈവറും കൊല്ലപ്പെട്ടു.

58 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഒരു പതിനാലുകാരൻ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ ആണെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ വാലസിയിലെ ക്ലിയറിംഗ് സെന്ററിലേക്ക് കൊണ്ടുപോയ മറ്റ് 52 പേരിൽ 39 പേരെ കൂടുതൽ ചികിത്സ ആവശ്യമില്ലാതെ വിട്ടയച്ചു, 13 പേർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. വാഹനാപകടത്തിൽ ജെസിക്കയ്ക്ക് ജീവൻ നഷ്ടമായ വാർത്ത പോലീസ് അധികൃതർ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തേയ്ക്ക് രണ്ട് എയർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ എത്തിയിട്ടുണ്ട്. അപകടത്തിന്ന് പിന്നാലെ മോട്ടോർവേ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണത്തിൻെറ ഭാഗമായി ഇവ അടച്ചിടുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് സൂപ്പർടൈൻഡന്റ് റോബ്‌സൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകരാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതമാണ് മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും സമ്മാനിച്ചത്. എന്നാൽ പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഉയർത്തെഴുന്നേൽക്കുന്നതിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നു. ഈ വർഷം പകുതിയോടെ ജി ഡി പി കോവിഡിന് മുമ്പുള്ളതിനേക്കാൾ 1.8% കൂടിയ നിലയിലെത്തി. ഇത് പ്രതീക്ഷിച്ച കണക്കുകളെക്കാൾ 50 ബില്ല്യൺ പൗണ്ട് കൂടുതലാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് (ഒ എൻ എസ് ) ന്റെ കണക്കുകളിലൂടെയാണ് സമ്പദ് വ്യവസ്ഥയിലെ യുകെയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നത്. വികസന കുതിപ്പിൽ യു കെ ഫ്രാൻസിനെയും ജർമ്മനിയെയും പിന്നിലാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ G 7 -ലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചയിൽ യുകെ പിന്നിലാണ്. യുഎസ് ആണ് ഏറ്റവും മുന്നിൽ. കാനഡ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളും വളരെ ശക്തമായ നിലയിലാണ് .

യുകെ സമ്പദ് വ്യവസ്ഥയുടെ മോശമല്ലാത്ത പ്രകടനം പ്രധാനമന്ത്രി ഋഷി സുനകിനും ആശ്വാസം പകരുന്നതാണ്. കൺസർവേറ്റീവ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സ്വന്തം പാർട്ടിയിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെ അതിജീവിക്കാൻ പുതിയ കണക്കുകൾ പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം നൽകും . വിമർശകർ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ സംശയിക്കുന്നതായും എന്നാൽ കണക്കുകൾ അത് തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കേട്ടുകേൾവിയില്ലാത്ത മോഷണശ്രമത്തിനാണ് കഴിഞ്ഞദിവസം വെസ്റ്റ് മിഡ്ലാൻഡിലെ ഒരു കുടുംബം സാക്ഷ്യം വഹിച്ചത്. ആയുധധാരികളായ 6 പേരുടെ സംഘമാണ് കവർച്ചയ്ക്കായി ഒരു കുടുംബത്തിലേയ്ക്ക് ഇരച്ചു കയറിയത്. 11 വയസ്സുള്ള ആൺകുട്ടിയുടെ തലയിൽ തോക്കും 71 വയസ്സുകാരിയായ മുത്തശ്ശിയുടെ കഴുത്തിൽ കത്തിയും വച്ചാണ് മോഷ്ടാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സെപ്റ്റംബർ 18 നാണ് സംഭവങ്ങൾ അരങ്ങേറിയത്. 11 മിനിറ്റോളം നീണ്ട കവർച്ചാ ശ്രമത്തിനുശേഷം ഒരു റോളക്സ് വാച്ചും , കാറിൻറെ താക്കോലും മറ്റ് വിലകൂടിയ ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ സംഘം തന്നെ ഡ്രൈവ്വേയിൽ ഒരു മെഴ്‌സിഡസും റേഞ്ച് റോവറും മോഷണം നടത്തിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തെ ഗുരുതരമായ മോഷണം എന്നാണ് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിച്ചത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതിനിടെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വെസ്റ്റ് മിഡ്ലാൻഡിലെ കുടുംബം 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. കവർച്ചക്കാർ കഴുത്തിന് കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് ഇരയായ 71 വയസ്സുകാരിയായ മുത്തശ്ശി ഇതുവരെ അതിൻറെ ആഘാതത്തിൽ നിന്ന് വിമുക്‌തയായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ: വിശ്വവിഖ്യാതമായ ഹാരി പോട്ടർ സിനിമാ സീരീസിലെ ആൽബസ് ​ഡംബിൾഡോർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൈക്കിൾ ​ഗാംബൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയയെത്തുടർന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ അറിയിച്ചു. 1940 ഒക്ടോബർ 19 ന് അയർലണ്ടിൽ ജനിച്ച ഗാംബൻ ലണ്ടനിലാണ് വളർന്നത്. സിനിമകൾക്കപ്പുറം ടെലിവിഷനിലും നാടകങ്ങിലും ​റേഡിയോയിലുമടക്കം അഞ്ച് ദശകക്കാലത്തോളം അഭിനേതാവ് എന്ന നിലയിൽ സജീവമായിരുന്നു മൈക്കിൾ. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ നാല് ബാഫ് ത അവാർഡുകൾ നേടിയിട്ടുണ്ട്.

ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് പ്രശസ്തനാക്കിയത്. ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബൻ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.

ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബൻ സിനിമ അരങ്ങേറ്റം നടത്തിയത്. അതിശയകരമായ മനുഷ്യനും മികച്ച നടനുമായിരുന്നു ഗാംബനെന്ന് ജെ കെ റൗളിംഗ് അനുശോചിച്ചു. തന്റെ ജോലിയെ തികഞ്ഞ ആത്മാർത്ഥയോടെ സമീപിച്ച വ്യക്തിയായിരുന്നു ഗാംബനെന്ന് ഡാനിയൽ റാഡ്ക്ലിഫ് പറഞ്ഞു. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പലയിടങ്ങളിലും കോവിഡിന്റെ ജനിതക വകഭേദങ്ങളുടെ കടന്നാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദങ്ങളിലൊന്നായ പിറോള വൈറസിന്റെ കടന്നാക്രമണത്തെ തുടർന്ന് റട്ട്‌ലാന്റിലെ ഉപ്പിംഗ്ഹാം കമ്മ്യൂണിറ്റി കോളേജ് ഭാഗികമായി അടച്ചു . വൈറസ് ബാധയെ തുടർന്ന് 13 അധ്യാപകർ കഴിഞ്ഞദിവസം അവധിയെടുത്തിരുന്നു .

ഇതിനെ തുടർന്ന് 8 മുതൽ 10 വയസ്സ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ ഇന്നുകൂടി തുടരും . സ്കൂളുകളിൽ എല്ലാ കുട്ടികളും വരുന്നത് സുരക്ഷിതമല്ലാത്ത ഒരു ഘട്ടത്തിലെത്തിയതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ ബെൻ സോളി മാതാപിതാക്കളെ അറിയിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ന് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും അവധിയെടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ പിറോള ( BA. 2.86) നെ കുറിച്ചുള്ള ആശങ്ക രാജ്യത്തെങ്ങും ശക്തമായി തുടരുകയാണ്. പിറോള വൈറസ് അപകടകരമായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വ്യാപകമായി വാക്സിൻ വിതരണം നടത്തുന്നതിനായി ഗവൺമെൻറ് നടപടികളെടുത്തത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 18 വരെ 54 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയതായി 12 പേർക്ക് കൂടി രോഗം ബാധിച്ചതിനെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉള്ള ആളുകൾ വീട്ടിൽ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനുമാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

10 വർഷത്തെ എൻഎച്ച്എസ് സേവനം പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരുടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളണം എന്ന ആവിശ്യം മുന്നോട്ട് വച്ച് വിദഗ്ദ്ധർ. നേഴ്‌സുമാർ മിഡ്‌വൈഫുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് തടയാൻ സാമ്പത്തിക പ്രോത്സാഹനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നഫീൽഡ് ട്രസ്റ്റ് രംഗത്ത് വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിരവധി ജീവനക്കാർ പരിശീലനം പോലും പൂർത്തിയാക്കാനാവാതെ എൻഎച്ച്എസിൽ നിന്ന് പോകാൻ നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ആശയം നിരസിച്ചു.

എൻഎച്ച്എസിൽ പരിശീലനം ആരംഭിക്കുകയും കരിയർ ആരംഭിക്കുകയും ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നഫീൽഡ് ട്രസ്റ്റിന്റെ റിപ്പോർട്ട്. സ്കാനിംഗ് നടത്തുന്ന ഫിസിയോകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, ഡോക്ടർമാർ നേഴ്സുമാർ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ പരിശീലനം കഴിഞ്ഞവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ജോലിക്കായി പ്രവേശിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ ജോലിയിൽ പ്രവേശിച്ചവരിൽ അഞ്ചിൽ ഒരാൾ രണ്ട് വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എൻഎച്ച്എസിൽ ജോലി ഉപേക്ഷിക്കുന്നവരിൽ ചിലർ ഇപ്പോഴും ചാരിറ്റികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി ജോലി ചെയ്യുന്നതായും നഫീൽഡ് ട്രസ്റ്റ് പറഞ്ഞു. നിലവിൽ എൻഎച്ച്എസ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്‌ത്‌ വരുന്നത്.

RECENT POSTS
Copyright © . All rights reserved