ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഈലിംഗ് പബ്ബിലെ ജന്മദിന പാർട്ടിയിൽ 58 കാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. 2022 ജൂലൈ 23 നാണ് കേസിനാസ്‌പദമായ സംഭവം. ഈലിങ്ങിലെ സ്റ്റാർ ആൻഡ് സ്കോർപിയോൺ പബ്ബിൽ വെച്ച് അർദ്ധരാത്രിയിൽ വെയ്ൻ ഫിലിപ്പ് എന്നയാളെ തിമോത്തി സൈമൺ (58) കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ‘ഷാക്സ്’ എന്ന് പലരും സ്നേഹപൂർവ്വം വിളിക്കുന്ന വെയ്ൻ ഫിലിപ്സിന് ഭാര്യയും കുട്ടികളും ഉണ്ട്. അദ്ദേഹത്തിന്റെ മരണം ഒരു സമൂഹത്തെ ദുഃഖത്തിലാഴ്ത്തുകയും ആഴത്തിൽ ഞെട്ടിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 24 -ന് ഐൽവർത്ത് ക്രൗൺ കോടതിയിൽ വെയ്‌നെ കൊലപ്പെടുത്തിയതിന് ഡാൾസ്റ്റണിലെ എംഗിൾഫീൽഡ് റോഡിലെ സൈമൺ ശിക്ഷിക്കപ്പെട്ടു. കൊലപാതകം നടന്ന ദിവസം രാത്രി പാർട്ടിക്കായി വെയ്‌നും രണ്ട് വനിതാ സുഹൃത്തുക്കളും പബ്ബിൽ എത്തിയിരുന്നു എന്ന നിർണായക കണ്ടെത്തലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിസിടിവിയിൽ സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വലതുകൈകൊണ്ട് ഹൃദയത്തിന്റെ ഭാഗത്ത് ഏൽപ്പിച്ച മുറിവാണ് മരണ കാരണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റൗലിൻസൺ പറഞ്ഞു. ഫിലിപ്സിന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ ഞങ്ങളും ദുഖിതരാണെന്നും, നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവന്റെ വേർപാടിൽ നാടും ബന്ധുക്കളും ഒരുപോലെ ദുഃഖത്തിലായിരുന്നു. വൈകിയെങ്കിലും നീതി ലഭിച്ചെന്നാണ് കുടുംബം പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ മറ്റൊരു പ്രധാന വരുമാനമാർഗമാണ് സെക്കന്റ് ഹോമുകൾ വാടകയ്ക്ക് കൊടുക്കുന്നത്. എന്നാൽ ഇപ്പോൾ ഭൂമിയുടെ നിയമ ചട്ടങ്ങൾ പരിഷ്കരിച്ചു രംഗത്ത് വന്നിരിക്കുകയാണ് യുകെ. 2023 മാർച്ച് 23-നാണ് പരിഷ്കരണം നിലവിൽ വന്നത്. ഇതനുസരിച്ച് 2022 ഏപ്രിൽ 6 ന് പ്രഖ്യാപിച്ച തീരുമാനങ്ങളിൽ നിന്നുള്ള മാറ്റങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളുന്നത്. റൈറ്റ് ടു റെന്റ് സ്കീമിന് അനുസൃതമായി ഭൂവുടമകളും ലെറ്റിംഗ് ഏജന്റുമാരും എന്തുചെയ്യണമെന്ന് ഈ മാർഗ്ഗനിർദ്ദേശം വിശദീകരിക്കുന്നു.
ഭൂവുടമകളും ലെറ്റിംഗ് ഏജന്റുമാരും ആളുകളുമായി ഒരു വാടക കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് വാടകയ്ക്ക് ചെക്കുകൾ നടത്താനുള്ള അവകാശം നടപ്പിലാക്കണമെന്നും ഇതിൽ പറയുന്നു.
അനധികൃത വാടകയ്ക്ക് പിഴ
അനധികൃതമായി വാടകയ്ക്ക് നൽകിയാൽ 5 വർഷത്തേക്ക് ജയിലിൽ അടയ്ക്കാനാണ് നിയമം അനുശാസിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത ആളുകൾക്കും, മതിയായ രേഖകൾ ഇല്ലാത്ത ആളുകൾക്കും വീട് വാടകയ്ക്ക് നൽകാൻ ശ്രമിക്കരുത്. കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. വ്യാജ രേഖകളുമായി യുകെയിലേക്ക് എത്തുന്നതിൽ മലയാളികളുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ളവർക്ക് വീട് വാടകയ്ക്ക് നൽകുന്നതിൽ പ്രത്യേകം ജാഗ്രത പുലർത്തണം.
രേഖകൾ ഇല്ലെങ്കിൽ
വാടകക്കാരന് ശരിയായ രേഖകൾ ഇല്ലെങ്കിൽ, ഭൂവുടമകൾ ഹോം ഓഫീസ് ഭൂവുടമ പരിശോധന സേവനവുമായി ബന്ധപ്പെടണം. ഭൂവുടമ പരിശോധനാ സേവനത്തിന് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ, 2 പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി ലഭിക്കും. ഒരു സിവിൽ പെനാൽറ്റിയിൽ നിന്ന് ഒഴിവാകുന്നതിന് ഇത് സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
https://www.gov.uk/penalties-illegal-renting
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് മൂന്നാമൻ നടത്താനിരുന്ന ഫ്രാൻസ് സന്ദർശനം മാറ്റിവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി. സന്ദർശന വേളയിൽ യൂണിയനുകൾ പെൻഷൻ പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇക്കാരണത്താലാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.പാരീസിലേക്കും ബോർഡോയിലേക്കുമുള്ള യാത്ര ഞായറാഴ്ച ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ രണ്ട് നഗരങ്ങളും വ്യാഴാഴ്ച പ്രതിരോധത്തിൽ സ്തംഭിക്കാൻ സാധ്യതയുണ്ട്.
ചാൾസ് മൂന്നാമന്റെയും ക്വീൻ കൺസോർട്ടായ കാമിലയുടെയും മൂന്ന് ദിവസത്തെ സന്ദർശനം മാറ്റിവയ്ക്കാനുള്ള തീരുമാനം ഫ്രാൻസിലെ സാഹചര്യം കാരണമാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം പറഞ്ഞു. എന്നാൽ പുതുക്കിയ തീയതിയിൽ ഇരുവരും ഫ്രാൻസ് സന്ദർശിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. രാജകൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ‘ചൊവ്വാഴ്ച രാത്രിയാണ് യൂണിയനുകൾ പ്രതിഷേധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഉടൻ തന്നെ ഇരുവരുടെയും യാത്ര മാറ്റിവെക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു’ -ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മാക്രോൺ പറഞ്ഞു.
ഫ്രാൻസിന് ഏറെ വേണ്ടപ്പെട്ടവരാണ് ഇരുവരുമെന്നും, ബ്രിട്ടീഷ് ജനതയോട് ഗണ്യമായ സൗഹൃദവും ബഹുമാനവും ആദരവും ഉള്ളതിനാൽ, യാത്ര മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്ന് യുകെ സർക്കാർ പറഞ്ഞു. വേനൽക്കാലത്തിന്റെ തുടക്കത്തിലേക്കാണ് യാത്ര മാറ്റിവെച്ചതെന്നും മാക്രോൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൊലപാതകിയെ വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ച് ആമസോൺ ഉപകരണം അലക്സ. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമയത്ത് ശബ്ദം റെക്കോർഡ് ചെയ്താണ് അലക്സാ അന്വേഷണ സംഘത്തെ സഹായിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡാനിയൽ വൈറ്റ് (36) തന്റെ ഭാര്യ ആൻജി വൈറ്റിന്റെ പൂട്ടിയിട്ടിരുന്ന കിടപ്പുമുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക ഇടപെടൽ. ഇതോടെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
തുടർന്ന് വെയിൽസിലെ സ്വാൻസീയിലുള്ള വീട്ടിൽ നിന്ന് ഭാര്യയുടെ കാറിൽ ഓടി രക്ഷപ്പെടുകയും മണിക്കൂറുകൾക്ക് ശേഷം പോലീസിനെ ഫോണിൽ യുവതിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. കൊലപാതക സമയത്ത് അലക്സ റെക്കോർഡ് ചെയ്ത വൈറ്റിന്റെ ശബ്ദ കമാൻഡുകൾ ഡിറ്റക്ടീവുകൾ കണ്ടെത്തി. പുലർച്ചെ മിസിസ് വൈറ്റിനെ കൊലപ്പെടുത്തിയ സമയത്ത് ശബ്ദം റെക്കോഡ് ചെയ്യുകയായിരുന്നു. പുലർച്ചെ 3.03 നായിരുന്നു സംഭവം. ആദ്യം ഭാര്യയെ ആക്രമിച്ചു വീഴ്ത്തിയ പ്രതി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് കത്തിയെടുക്കാൻ താഴേക്ക് പോയ പ്രതി തിരിച്ചെത്തിയാണ് കൃത്യം നിർവഹിച്ചത്. ആ സമയത്തുള്ള എല്ലാ ശബ്ദങ്ങളും അലക്സാ റെക്കോർഡ് ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഓഫീസർമാർ പ്ലാസ്‌മാർലിലെ ഇഡ്രിസ് ടെറസിലുള്ള അവരുടെ വീട്ടിലേക്കാണ് ആദ്യം പോയത്. മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിൽ ആയിരുന്നു. വൈറ്റിന്റെ മൃതദേഹം അവളുടെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കേസിൽ സ്വാൻസി ക്രൗൺ കോടതി വാദം കേൾക്കുകയാണ്. മുൻപും സമാനമായ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ, ബലാത്സംഗത്തിനും ആക്രമണത്തിനും 10 വർഷം ശിക്ഷ ലഭിച്ചതിനു ശേഷമുള്ള സമയമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നാളെ മാർച്ച് 26-ാം തീയതി മുതൽ യുകെയിൽ ക്ലോക്കുകളിൽ സമയം പുന:ക്രമീകരണം. അതായത് ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് ആക്കി ക്രമീകരിക്കണം. എഴുപതോളം രാജ്യങ്ങളിൽ ഇത്തരത്തിൽ ഓരോ വർഷവും സമയ പുനക്രമീകരണം നടത്താറുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായ രീതിയിൽ വർഷത്തിൽ രണ്ടു സമയം പുന:ക്രമീകരിക്കാറുണ്ട്.
യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.
ഫോണുകൾ ഉൾപ്പെടെ ഇൻറർനെറ്റുമായി കണക്ട് ചെയ്യപ്പെട്ട എല്ലാ ഉപകരണങ്ങളിലും സമയക്രമീകരണത്തിന് വേണ്ടി നമ്മൾ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല . എന്നാൽ ക്ലോക്കുകളിലെയും വാച്ചുകളിലെയും സമയം ഉപഭോക്താവ് തന്നെ പുന:ക്രമീകരിക്കേണ്ടതായി വരും . സ്മാർട്ട് വാച്ചുകൾ ഇന്റർനെറ്റുമായി കണക്ട് ചെയ്യുമ്പോൾ സമയം തന്നെ മാറിക്കൊള്ളും. യുകെയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സമയക്രമീകരണത്തെക്കുറിച്ച് ഔദ്യോഗിക ഇമെയിൽ സന്ദേശം നൽകി കഴിഞ്ഞു. സമയക്രമം മാറുന്നത് അനുസരിച്ച് ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം മാറുന്ന സാഹചര്യത്തിലാണ് ഇത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട്ട് ലാൻ്റ് മലയാളികൾ ആകാംഷാപൂർവ്വം കാത്തിരുന്ന സിംഫണി 23ന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആലാപനത്തിൽ കഴിവു തെളിയ്ച്ച മുപ്പത് ഗായകർ യുസ്മ സംഘടിപ്പിക്കുന്ന സിംഫണി 23 ൻ്റെ വേദിയിലെത്തും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് സ്കൂൾ ഹാളിൽ സിംഫണി 23 അരങ്ങേറും. മലയാളത്തിലെ എക്കാലത്തേയും പ്രശസ്തിയാർജ്ജിച്ച ഗാനങ്ങളാണ് ഓരോ ഗായകരും ആലപിക്കുന്നത്. അതാസ്വദിക്കാൻ സ്കോട്ട് ലാൻ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകപ്രശസ്ത കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ “പൂവൻ പഴം ” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന സ്വതന്ത്ര നാടക ആവിഷ്കാരം ” പൂവൻ പഴം റീലോഡഡ്” സിംഫണിയിലെ ഒരു പ്രത്യേക ഇനമാണ്. അനേകം അവിസ്മരണീയമായ കഥകളിലൂടെ ഒരോ വായനക്കാരനും പ്രിയപ്പെട്ടവനായ ബേപ്പൂർ സുൽത്താനുള്ള ഒരു എളിയ സമർപ്പണം കൂടിയാണ് ഈ സൃഷ്ടി. മലയാള സംസ്കാരത്തിന് സുപരിചിതമായ കുടുംബാന്തരീക്ഷങ്ങളിലെ നുറുങ്ങു സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.
കൂടാതെ, മലയാളം യുകെ ന്യൂസ് അവാർഡ് ജേതാവും പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനവും സിംഫണി 23 നോട് അനുബന്ധിച്ച് നടക്കും. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.
കലയെ സ്നേഹിക്കുന്ന എല്ലാവർക്കും ആസ്വദിക്കാൻ പാകത്തിനാണ് സിംഫണി 23 ഒരുക്കിയിരിക്കുന്നത്.
ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.
സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP
Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വേർപാട്. മലയാളി വൈദികനായ ഫാ. ഷാജി പുന്നാട്ടാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. മലയാളി വൈദികനായ ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്നപ്രാഥമിക വിവരം. കഴിഞ്ഞ ദിവസം നടന്ന ബിഷപ്പിന്റെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന അച്ചനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്ത് വന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരുങ്ങുകയാണ്.
ഇംഗ്ലീഷ് സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സഹോദര സഭകളോടും മലയാളി സമൂഹങ്ങളോടും ബന്ധം പുലർത്തിയിരുന്നു. റെക്‌സ്ഹാം രൂപതയിലാണ് ഫാ. ഷാജി ശ്രുശ്രൂഷ ചെയ്തിരുന്നത്. നോര്‍ത്ത് വെയില്‍സിലെ അബ്രിസ് വിത്തിലായിരുന്നുതാമസം.
ഷാജി അച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നാളുകളായി നടന്ന സമരത്തിനും ചർച്ചകൾക്കും ഒടുവിലാണ് സർക്കാരും യൂണിയൻ പ്രതിനിധികളുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിലേക്ക് എത്തിയത്. കരാർ പ്രകാരം നേഴ്സുമാരും ആംബുലൻസ് ജീവനക്കാരും അടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെന്റായി നൽകുകയും ചെയ്യും. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുതിരിഞ്ഞത്.
എന്നാൽ ശമ്പള വർദ്ധനവിന് അന്തിമാനുമതി ലഭിക്കണമെങ്കിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തി അഭിപ്രായ രൂപീകരണം നടത്തണം. ഇതിനുള്ള പ്രാരംഭ നടപടികളുമായി യൂണിയൻ മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ ശമ്പള കരാർ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഭൂരിപക്ഷ അംഗങ്ങളും ശമ്പള കരാറിനെ എതിർക്കുകയാണെങ്കിൽ യൂണിയനുകൾക്ക് സമരവുമായി മുന്നോട്ടുപോകേണ്ടതായി വരും. എൻഎച്ച്എസ് വർക്കേഴ്സ് സേ നോ എന്ന പേരിൽ ആയിരക്കണക്കിന് ലഘുലേഖകളാണ് എൻഎച്ച്എസ് ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പള കരാറിനെ എതിർത്ത് വോട്ട് ചെയ്യുന്നതിനായി വിതരണം ചെയ്യപ്പെട്ടത്. യുകെയിലെ പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ശമ്പളപരിഷ്കരണം വളരെ അപര്യാപ്തമാണ് എന്നാണ് ലഘുലേഖയിലുള്ളത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങളും പ്രസ്തുത നീക്കത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നത്.
യൂണിയൻ അംഗങ്ങൾ ശമ്പള പരിഷ്കരണത്തെ പിൻതാങ്ങാതെ സമരം മുന്നോട്ടു പോവുകയാണെങ്കിൽ അത് എൻഎച്ച്എസിന് ഏൽപ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഇപ്പോൾ തന്നെ പല ഗുരുതര രോഗബാധിതരുടെയും ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണ്. കോവിഡും ജീവനക്കാരുടെ സമരവുമാണ് എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് ഇത്രയും കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമരകാലം ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക യുകെ മലയാളികൾക്കും അത്ര നല്ല സമയമല്ലായിരുന്നു. തദ്ദേശീയരായ ഒട്ടുമിക്ക ജീവനക്കാരും സമരത്തിൽ അണിചേർന്നപ്പോൾ മതിയായ ജീവനക്കാരുടെ അഭാവം മൂലം മലയാളികളിൽ പലർക്കും അമിതമായ ജോലിഭാരം വന്നതിന്റെ ബുദ്ധിമുട്ടിക്കുന്ന ഓർമ്മകളാണ് സമരകാലത്തെ കുറിച്ചുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നികുതി റിട്ടേണുകൾ പുറത്തുവിട്ട് കെയർ സ്റ്റാർമർ. കഴിഞ്ഞ രണ്ട് വർഷമായി കൈവശം വച്ചിരുന്ന തുകയുടെ സ്റ്റേറ്റ് മെന്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാർലമെന്ററി വരുമാനത്തിന് പുറത്ത് താൻ ഒന്നും സാമ്പാദിച്ചിട്ടില്ലെന്നും സഹോദരിയെ വീട് വാങ്ങാൻ സഹായിച്ചിട്ടുണ്ടെന്നും കെയർ സ്റ്റാർമർ പറഞ്ഞു. പ്രധാനമന്ത്രി ഋഷി സുനക് തന്റെ മൂന്ന് വർഷത്തെ നികുതി അടച്ചതിന് ശേഷം രേഖകൾ പുറത്ത് വിട്ടതിനു പിന്നാലെയാണ് ലേബർ നേതാവിന്റെ നീക്കം. കഴിഞ്ഞ രണ്ട് വർഷത്തെ നികുതി അടച്ചാണ് സ്റ്റാർമർ സുനകിനു മറുപടി നൽകിയത്.
എന്നാൽ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ കെയർ സ്റ്റാർമാർ സാമ്പാദിച്ചിട്ടുണ്ടെന്നും, ജനപ്രതിനിധി എന്നതിനേക്കാൾ കൂടുതൽ തുക ഇതിനോടകം കൈവശം ഉണ്ടെന്നും ഋഷി സുനക് പറയുന്നു. രണ്ട് വർഷത്തിനിടയിൽ, സ്റ്റാർമർ മൊത്തം 275,000 പൗണ്ട് സമ്പാദിച്ചു. അതിൽ 2020/21 ലെ ബുക്ക് റോയൽറ്റിയിൽ നിന്ന് ലഭിച്ചത് 22,000 പൗണ്ടിൽ താഴെ മാത്രമാണ്. മൊത്തത്തിൽ, ആദായനികുതിയായും മൂലധന നേട്ട നികുതിയായും ഈ വരുമാനത്തിന് £118,580 അദ്ദേഹം അടച്ചു. പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറായിരുന്ന കാലം മുതൽ പെൻഷനായി നല്ലൊരു തുക ലഭിച്ചിരുന്നു.
അതേസമയം, അടുത്ത തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ നികുതി ഇളവ് ഉപേക്ഷിക്കുമെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഈ രാജ്യത്തെ മറ്റെല്ലാവരെയും പോലെ അതേ സ്ഥാനത്തായിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണെന്നും, അതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ കൊണ്ടുവന്ന മൂലധന നേട്ട നികുതി (സിജിടി) വെട്ടിക്കുറച്ചതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വർഷമായി 300,000 പൗണ്ടിലധികം നികുതി ലാഭത്തിൽ നിന്ന് ഋഷി സുനക്ക് പ്രയോജനം നേടിയതായി ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ലാങ് ക്യാറ്റിലെ പെൻഷൻ വിദഗ്ധനായ ടോം മക്‌ഫെയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ ഹോം ഓഫീസ് നടത്തികൊണ്ടിരുന്ന റെയ്ഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ മൂന്നു മലയാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർ വിസ ഉള്ളവരും, ഒരാൾ ഡിപെന്‍ഡഡ് വിസയില്‍ എത്തിയവരുമാണ് അറസ്റ്റിൽ ആയത്. ഇവരെ മൂന്നുപേരെയും മാഞ്ചസ്റ്ററിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഉടൻ തന്നെ കേരളത്തിലേക്ക് ഇവരെ തിരികെ അയക്കാനാണ് ഹോം ഓഫീസ് നീക്കം.
സ്റ്റോക്ക് ഹാമിലെ ഏജൻസിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് ഒരാൾക്ക് 20000 പൗണ്ട് വീതം പിഴ ചുമത്താനും സാധ്യതയുണ്ട്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് വിദ്യാർത്ഥികൾ പ്രധാനമായും എത്തുന്നത് കുറഞ്ഞ ചിലവിൽ താമസവും ജോലിയും ലഭ്യമാകുന്നു എന്നുള്ള കാരണത്താലാണ്. എന്നാൽ തുടർച്ചയായി പോലീസ് നടപടികൾ ഉണ്ടായതിനെ തുടർന്ന് പലരും ഇവിടുന്ന് പലയാനം ചെയ്തിരുന്നു. എന്നാൽ വീണ്ടും ആളുകൾ ഇങ്ങോട്ടേയ്ക്ക് ഒഴുകി എത്തുകയാണ്. ഒരുപാട് നേഴ്സിംഗ് ഏജൻസികൾ പ്രവർത്തിക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവർ തമ്മിലുള്ള പല പ്രശ്നങ്ങളും ഹോം ഓഫീസിൽ പരാതിയായി എത്തുന്നുണ്ട്.
വിഷയത്തിൽ ഹോം സെക്രട്ടറി സ്യുവേല ബ്രവര്‍മാന്‍ കടുത്ത നടപടി സ്വീകരിച്ചതോടെയാണ് റെയ്ഡ് വീണ്ടും പുരോഗമിക്കുന്നത്. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ അധികം ജോലി ചെയ്തതിനാണ് ഇപ്പോള്‍ അറസ്റ്റിലായ യുവാവ് നാട് കടത്തല്‍ ഭീക്ഷണി നേരിടുന്നത്. അനധികൃതമായി ജോലി ചെയ്യുന്നതിന് പുറമെ അംഗീകരിച്ച സമയത്തിൽ കൂടുതൽ ജോലി ചെയുന്നതിനും നിലവിൽ വിലക്കുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും, നടപടി മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് സർക്കാർ നീക്കം.