ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നടപടിയുമായി കോടതി. സ്റ്റീഫൻ ബോഡനും പങ്കാളി ഷാനൺ മാർസ് ഡനും 2020 ലെ ക്രിസ്മസ് ദിനത്തിലാണ് മകനായ ഫിൻലി ബോഡനെ കൊലപ്പെടുത്തിയത്. സംഭവത്തിലെ നിയമ നടപടികൾ പൂർത്തിയാക്കി 39 ദിവസത്തിന് ശേഷം മാതാപിതാക്കൾക്ക് ശിക്ഷ ഉറപ്പാക്കാനാണ് നിയമ സംവിധാനങ്ങൾ നിലവിൽ ഇടപെടുന്നത്. വെള്ളിയാഴ്ച ഡെർബി ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്തിമ ശിക്ഷ വിധിക്കാൻ മെയ് 26 ലേക്ക് കേസ് മാറ്റിവെച്ചു.

ഒരേസമയം മാനസികമായും ശാരീരികമായുമാണ് ഇരുവരും കുഞ്ഞിനെ ആക്രമിച്ചത്. പ്രായം പോലും കണക്കിലെടുക്കാതെ അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. പരിക്കുകളിൽ എല്ലുകൾക്ക് 57 പൊട്ടലുകളും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 71 മുറിവുകളും ഇടതുകൈയിൽ രണ്ട് പൊള്ളലുകളും ഏറ്റിട്ടുണ്ട്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് മനപ്പൂർവം കൈ പൊള്ളിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഓൾഡ് വിറ്റിംഗ്‌ടണിലെ ഹോളണ്ട് റോഡിലുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടി, ക്രിസ്മസ് ദിനത്തിൽ മരിച്ചു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിക്ഷ വിധി വായിച്ചപ്പോൾ സ്റ്റീഫൻ ബോഡനും ഷാനൻ മാർസ് ഡനും യാതൊരുവിധ പ്രതികരണങ്ങളും കാണിച്ചില്ല. ഫിൻലി 2020 ഫെബ്രുവരിയിലാണ് ജനിക്കുന്നത്. തുടർന്ന് പത്ത് മാസങ്ങൾക്ക് ശേഷമാണ് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതും മരണപ്പെട്ടതും. കുട്ടികൾക്കെതിരെയുള്ള ഇത്തരം സംഭവങ്ങളിൽ കർശനനടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെന്നും, ഇങ്ങനെയുള്ള പ്രവണതകൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബിബിസിക്കെതിരെ നടപടി എടുത്തത് രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാത്തതിനാൽ ആണെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഓക്സ്ഫോർഡ് യൂണിയന്റെ ഡിബേറ്റിംഗ് സൊസൈറ്റി സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു പ്രതികരണം. ഓക്സ്ഫോർഡ് യൂണിയൻ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകി. വിദേശത്ത് നിന്ന് ഇന്ത്യൻ സർക്കാർ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകാൻ തയാറാണെന്ന് വ്യക്തമാക്കി.

എന്തുകൊണ്ടാണ് ബിബിസിയെ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. അതിന് ഇന്ത്യയിലായിരിക്കുമ്പോൾ ഏതൊരു പത്രസ്ഥാപനവും പാലിക്കേണ്ട കുറച്ചധികം നിയമങ്ങൾ ഉണ്ടെന്ന് വിക്രം ദൊരൈസ്വാമി തുറന്നടിച്ചു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ബിബിസി ഇന്ത്യയ്‌ക്കെതിരെ വിദേശനാണ്യ ലംഘനത്തിന് ഫെമ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരം ചില കമ്പനി എക്‌സിക്യൂട്ടീവുകളുടെ പക്കൽ നിന്ന് മൊഴിയെടുക്കണമെന്നും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ ഡൽഹിയിലെ ബിബിസി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ബിബിസി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന വരുമാനവും ലാഭവും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ സ്കെയിലിന് ആനുപാതികമല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഐ-ടി ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ ലൈംഗിക പീഡനത്തിന് ഇരയായ 400-ലധികം പെൺകുട്ടികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് വിവാഹത്തിന് നിർബന്ധിതരായെന്ന റിപ്പോർട്ട് പുറത്ത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുറ്റകൃത്യങ്ങൾ തുടർച്ചയായ രണ്ടാം വർഷവും വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികളിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണെന്നും ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2500 ലധികം പേരെ എടുത്ത് പരിശോധിച്ച പഠനത്തിൽ 417 പേരെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു എന്ന് വ്യക്തമാണ്.
റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് കൈമാറാനാണ് തീരുമാനം. യുകെയിൽ കുറ്റകൃത്യ നിരക്ക് കൂടുതൽ ആണെങ്കിലും മുൻ നിരക്കുകളെ അപേക്ഷിച്ച് സമീപ കാലയളവിൽ ഉണ്ടായ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 43 പോലീസ് സേനകളിൽ മൂന്ന് സേനകൾ മാത്രമേ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജരായിട്ടുള്ളു. ഇതിനെ തുടർന്ന് രാജ്യത്തുള്ള മുഴുവൻ സേനകളെയും പരിശോധിക്കാൻ പ്രസ്തുത റിപ്പോർട്ട് ആവശ്യപ്പെടുന്നു. തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സാറാ ഡൈൻസ് പറഞ്ഞു.
നിർബന്ധിത വിവാഹം പോലെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സർക്കാർ സഹായത്തോടെ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറയുന്നു. ലൈംഗിക പീഡനം പോലുള്ള മാരക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ മാനസികമായി വേണ്ട പിന്തുണ നൽകാനായി വിവിധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഒക്ടോബറിലെ സ്കൂൾ അവധിയിൽ നിർണായക മാറ്റം. ഏകദേശം അഞ്ച് ദിവസം കൂടി അവധി നീളുമെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം രക്ഷിതാക്കൾ. പുതിയ കണക്ക് അനുസരിച്ച് ഒക്ടോബർ 23 മുതൽ നവംബർ 3 വരെ അധിക അവധി ലഭിക്കും. സഫോക്കിലെ 32 സ്‌കൂളുകളുടെയും എസെക്‌സിലെ ഒരു സ്‌കൂളിന്റെയും ചുമതലയുള്ള യൂണിറ്റി സ്‌കൂൾ പാർട്‌ണർഷിപ്പി (യുഎസ്‌പി) ന്റേതാണ് നടപടി. കോവിഡ്-19 മൂലവും, തുടർച്ചയായി ഉണ്ടായ അധ്യാപക സമരങ്ങളും കാരണം ഇപ്പോൾ തന്നെ അധ്യേയന വർഷം നഷ്ടമായെന്നും, ഇനിയും അവധി കൂട്ടിയാൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.

അതേസമയം, സ്കൂളിൽ വലിയൊരു തുക ഫീസായിട്ട് ഈടാക്കുന്നുണ്ടെന്നും, അത് അടയ്ക്കുകയും അതിനു പുറമെയുമാണ് ഇപ്പോൾ അവധിയും പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇതുമൂലം വലിയൊരു തുക ചെലവ് വരുമെന്നും ഒരുകൂട്ടം രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളെ നോക്കാനായി അവധി എടുത്താൽ ശമ്പളം എങ്ങനെ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ, മതിയായ അവധി ദിനങ്ങൾ എല്ലാ ജോലി സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, അത് തൊഴിൽ ചെയ്യുന്നവർ ഉപയോഗിക്കാൻ തയാറാകണമെന്നുമാണ് യുഎസ് പി വക്താവ് പറയുന്നത്. അനുദിനം ജീവിത ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജോലിയിൽ നിന്ന് അവധി എടുത്ത് വിദ്യാർത്ഥികളെ നോക്കണം എന്നു പറയുന്നത് ശരിയല്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അവധി സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ നിന്ന് 2,300-ലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഭൂരിപക്ഷം ആളുകളും അവധിയെ അനുകൂലിക്കുന്നവരാണ്. അതായത് ഏകദേശം 82 ശതമാനത്തിലധികം ആളുകൾ യു എസ് പിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരേസമയം കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് മാതാപിതാക്കളിൽ ഏറെയും പങ്കുവയ്ക്കുന്നത്. അവധി ദിവസങ്ങളെ അനുകൂലിച്ചു പ്രതികരണം നടത്തിയ രക്ഷിതാക്കൾ പോലും ഇക്കാര്യത്തിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പവും വിലവർധനവും മൂലം പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് തെല്ലൊരാശ്വാസമായി സൂപ്പർമാർക്കറ്റുകൾ പാലിന്റെ വില കുറച്ചു . ടെസ്കോയ്ക്ക് പിന്നാലെ സെയിൽസ്ബറിയാണ് പാലിന്റെ വില കുറയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ടെസ്കോ പാലിൻറെ വില കുറച്ചിരുന്നു.

ടെസ്കോ ചെയ്തതിന് സമാനമായ രീതിയിലുള്ള വിലകുറവാണ് സെയിൽസ് ബെറിയും വരുത്തിയിരിക്കുന്നത്. സെയിൽസ് ബെറിയുടെ സ്വന്തം ബ്രാൻഡായ നാല് പൈന്റ് ബോട്ടിലിന്റെ വില 1.65 പൗണ്ടിൽ നിന്ന് 1.55 പൗണ്ടായി ആണ് കുറച്ചിരിക്കുന്നത്. പാൽ വാങ്ങുന്നതിന്റെ ചിലവ് കുറഞ്ഞതാണ് വിലകുറയ്ക്കുന്നതിന്റെ കാരണമായി ടെസ്കോ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ വില കുറയ്ക്കുന്നതിൻറെ പിന്നിലെ കാരണം സെയിൽസ്ബറി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള മത്സരമാണ് സെയിൽസ്ബെറി വിലകുറയ്ക്കുന്നതിന്റെ പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

1978 -ന് ശേഷമുള്ള ഏറ്റവും കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നത് . പാലിൻറെ വിലയിൽ മാത്രം 43 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഉയർന്ന പണപ്പെരുപ്പമാണ് ഭക്ഷ്യ വിലയുടെ വർദ്ധനവിന്റെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറികളുടെ ദൗർലഭ്യം ഭക്ഷ്യവില 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 15 മുതൽ 21വരെയുള്ള ദിവസങ്ങളിൽ താപനില 6 മുതൽ 20 ഡിഗ്രിവരെയാകുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കാറ്റും മഴയും യുകെയുടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നാണ് കാലാവസ്ഥ മാറുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നത്.

ബർമിംഗ്ഹാമിലും മിഡ്‌ലാൻഡിലും ഏപ്രിൽ 23 ഞായർ മുതൽ ഏപ്രിൽ 25 ചൊവ്വ വരെ കടുത്ത ചൂട് അനുഭവപ്പെടും. അതേസമയം ഏപ്രിൽ 26 ന് മഴ ചില ഇടങ്ങളിൽ ശക്തിയായി പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്‌ച പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും മേഘം കറുത്ത് ഇരുണ്ട് കേറുമെന്നും നേരിയ നിലയിൽ മഴ പെയ്യുമെന്നും വടക്ക് ഭാഗത്ത് ശക്തമായ നിലയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ കൂട്ടിച്ചേർത്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

സമീപ കാലയളവിൽ റിപ്പോർട്ട് ചെയ്തകാലാവസ്ഥകളിൽ നിന്ന് വ്യത്യസ്തമായാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേസമയം, കനത്ത ചൂടും,ശേഷം ഇടവിട്ട മഴയും ഉണ്ടാകുമെന്നുള്ളതാണ് പ്രധാന പ്രത്യേകത. ചിലയിടങ്ങളിൽ അന്തരീക്ഷം കൂടുതൽ ചൂടായും ചില ഇടങ്ങളിൽ വരണ്ട് ഉണങ്ങിയ അവസ്ഥയിലും ആയിരിക്കും. ആരോഗ്യപരമായ പലവിധ പ്രതിസന്ധികളും ഇതുമൂലം ഉണ്ടാകാമെന്നും അധികൃതർ പറയുന്നു. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഈർപ്പവും ആകാശം മേഘങ്ങളാൽ മൂടപ്പെടുവാനുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിൽ വിളമ്പുന്നത് നിലവാരം കുറഞ്ഞ ഭക്ഷണമാണെന്ന് റിപ്പോർട്ട് . ആഹാരത്തിന്റെ നിലവാരം അനുസരിച്ചു റാങ്ക് ചെയ്യുന്ന ലീഗ് ടേബിളിൽ നിന്നാണ് ഇക്കാര്യം പുറത്ത് വന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ നൽകിയ റിവ്യൂ റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനം. ഇതിൽ ഏറ്റവും മോശമായ ഇടങ്ങൾ യോർക്ക്ഷെയറിലും ചെഷയറിലും ആണ്. വൃത്തിയുള്ള പരിസരങ്ങളിൽ നിന്ന്, ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നിരിക്കെ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലെയും സാഹചര്യം തികച്ചും വ്യത്യസ്തമാണ്.

കോവിഡ് 19 നു ശേഷം ആദ്യമായിട്ടാണ് എൻഎച്ച്എസ് ആശുപത്രികളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഗുണനിലവാരം റിപ്പോർട്ട് പുറത്തുവരുന്നത്. ഭക്ഷണം നൽകുന്ന സമയം, രുചി, വിളമ്പി നൽകുമ്പോഴത്തെ സാഹചര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ ഏറ്റവും മോശം, മികച്ചത് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുമുണ്ട്.

ഏറ്റവും മോശം ഭക്ഷണം നൽകുന്ന ആശുപത്രികൾ
1. ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 71.67 ശതമാനം
2. മിഡ് ചെഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.53 ശതമാനം
3. യോർക്ക് ആൻഡ് സ്കാർബറോ ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.85 ശതമാനം
4. വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 74.56 ശതമാനം
5. ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 77.49 ശതമാനം
ഏറ്റവും മികച്ച ഭക്ഷണം നൽകുന്നവ
1. ബുപ ഗ്രൂപ്പ്: 100 ശതമാനം
2. ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 99.03 ശതമാനം
3. റോയൽ ബെർക്‌ഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.62 ശതമാനം
4. ലിവർപൂൾ വിമൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.32 ശതമാനം
5. നോർത്ത് സ്റ്റാഫോർഡ്ഷയർ കമ്പൈൻഡ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ്: 98.25 ശതമാനം
6. ടോർബേ ആൻഡ് സൗത്ത് ഡെവോൺ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.08 ശതമാനം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യയിൽ അതിവേഗം പടർന്നുപിടിക്കുന്ന പുതിയ കോവിഡ് വകഭേദം യുകെയിലും ഉള്ളതായി സ്ഥിരീകരിച്ചു. ഒരു മാസമായി രാജ്യത്ത് ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഒരു പുതിയ പതിപ്പാണ് ആർക്ടറസ് എന്ന് പേരു നൽകിയിരിക്കുന്ന ജനിതക മാറ്റം വന്നിരിക്കുന്ന പുതിയ വൈറസ് .

നിലവിൽ പകരുന്ന മറ്റ് പല വകഭേദങ്ങളെക്കാൾ മാരക ശേഷിയുള്ള പുതിയ വൈറസിന് XBB. 1.6 എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ഈ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ഥിതി വളരെ ഗുരുതരമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . പല ആശുപത്രികളും റെഡ് അലേർട്ടിലാണ്. മറ്റുള്ളവയെ അപേക്ഷിച്ച് 13 മടങ്ങ് വ്യാപന ശേഷിയുള്ള പുതിയ വൈറസ് കാരണം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധിതമാക്കിയിരിക്കുകയാണ്.

യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ വേരിയന്റിന്റെ സാന്നിധ്യം യുകെയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി 50 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ വൈറസ് യുകെയിൽ പടർന്നു പിടിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോഴേ പറയാൻ സാധിക്കില്ലെന്നാണ് ഈസ്റ്റ് ആംഗ്ലീയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞത്. പുതിയ വൈറസ് വകഭേദം 22 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത് ഇന്ത്യയിലാണ്. ഒറ്റദിവസംകൊണ്ട് 3122 കേസുകൾ വർദ്ധിച്ച് നിലവിലെ രോഗികളുടെ എണ്ണം 40215 ആയതായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതും ആക്ടറസിന്റെ വ്യാപനശേഷിയെ കുറിച്ച് കടുത്ത ആശങ്ക ഉയരാൻ കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പേ-ആസ്-യു-ഡ്രൈവ് പദ്ധതി വീണ്ടും അവതരിപ്പിച്ച് മേയർ സാദിഖ് ഖാൻ. വാഹനമോടിക്കുന്നവരുടെ സമയം, കാറിലെ യാത്രക്കാരുടെ എണ്ണം, എത്ര ദൂരം ഓടുന്നു എന്നിവയെ ആശ്രയിച്ച് നിരക്ക് ഈടാക്കുന്ന സമഗ്ര പദ്ധതിയാണിത്. അൾട്രാ ലോ എമിഷൻ സോൺ പരിധി വർദ്ധിപ്പിക്കാനുള്ള മേയറുടെ നടപടിയ്ക്കെതിരെ ഇതിനോടകം തന്നെ വാഹനം ഉപയോഗിക്കുന്നവർ രംഗത്ത് വന്നിട്ടുണ്ട്. പരിശോധനയിൽ മതിയായ നിലവാരം പുലർത്താത്ത കാറുകൾക്ക് ഓഗസ്റ്റ് മാസം മുതൽ പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കിയിരുന്നു.

ഓരോ വ്യക്തിഗത യാത്രയുടെയും വിശദമായ വിശകലനത്തെ അടിസ്ഥാനമാക്കി എല്ലാ ഡ്രൈവർമാരിൽ നിന്നും നിരക്ക് ഈടാക്കാനുള്ള നടപടിയാണ് നിലവിൽ ചർച്ചയായി മാറിയിരിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം നേട്ടം കൈവരിച്ചിരിക്കുന്ന കാലത്ത്, പഴയ കാലത്തെ സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നും കാലത്തിനൊത്ത പരിഷ്കരണം ഗതാഗത മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. അതേസമയം, അൾട്രാ ലോ എമിഷൻ സോൺ വിപുലീകരിക്കാനുള്ള നടപടി ഇതിനോടകം തന്നെ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചിരിക്കുന്നത്.

നടപടിക്കെതിരെ നിരവധി പ്രതിഷേധങ്ങളും, സ്വന്തം കക്ഷിയായ ലേബർ പാർട്ടിയിൽ നിന്നും വിമർശനവും ഉയർന്നിരുന്നു. ലണ്ടനിലെ പ്രധാന നിരത്തുകളിൽ ക്യാമറകൾ സ്ഥാപിക്കാനാണ് ഒന്നാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയെ കുറിച്ച് മുൻപ് വിശദമായി സംസാരിച്ചപ്പോൾ മേയർ സാദിഖ് ഖാൻ സമാനമായ നിലയിൽ വിമർശനം നേരിട്ടിരുന്നു. റോഡ് യൂസർ ചാർജിംഗ് പ്ലാനുകളുടെ ഏറ്റവും വിപുലമായ സംവിധാനമുള്ളത് സിംഗപ്പൂരാണെന്ന് പറഞ്ഞ മേയർ ഇലക്‌ട്രോണിക് റോഡ് പ്രൈസിംഗ് ലണ്ടനിൽ നടപ്പിലാക്കിയാൽ നിരവധി ഗുണങ്ങൾ ഉണ്ടെന്നും അവകാശപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളി യുവതിയെ കേരളത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ സ്വദേശിനിയായ മഹിമ മോഹനാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതായി കണ്ടെത്തിയത്. 25 വയസ്സ് മാത്രം പ്രായമുള്ള മഹിമയും ഭർത്താവ് അനന്തു ശങ്കറും യുകെയിൽ സന്ദർലാന്റിലായിരുന്നു താമസിച്ചിരുന്നത്.
മഞ്ജുഷയിൽ റിട്ട. തഹസിൽദാർ ഇ . കെ മോഹനന്റെയും ഉഷയുടെയും മകളാണ് മരണമടഞ്ഞ മഹിമ .15 ദിവസം മുമ്പ് മാത്രമാണ് മഹിമയും ഭർത്താവും യുകെയിൽ നിന്ന് കേരളത്തിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമായ അനന്തവും മഹിമയുമായുള്ള വിവാഹം 2022 ജനുവരി 25 നായിരുന്നു.
മഹിമ മോഹൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മഹിമയുടെ അകാല നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിൽ ഉള്ള സുഹൃത്തുക്കൾ. പ്രത്യക്ഷത്തിൽ പുറമേ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മാതൃകാ ദമ്പതികൾ ആയിരുന്നു മഹിമയും അനന്തവും. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി യുകെയിലെ പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്.