ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സെപ്റ്റംബർ മാസം പുതിയതായി പഠനത്തിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ടിവി പേഴ്സണൽ ഫിനാൻസ് വിദഗ്ധൻ മാർട്ടിൻ ലൂയിസ്. പഠനത്തിന് ആവശ്യമായ വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി £25,000 കൂടുതൽ തുക ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ വായ്പ തിരിച്ചടവ് കൂടാൻ സാധ്യതയുണ്ട്.
ബിബിസി പോഡ്‌കാസ്‌റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ വിളിച്ച ഒരു കുട്ടിയുടെ സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്യൂഷൻ ഫീസ്, താമസം, ചെലവുകൾ എന്നിവയ്‌ക്കായി വായ്പ ഉപയോഗിക്കണോ, അതോ കയ്യിൽ നിന്ന് എടുക്കണോ എന്നുള്ള പിയറി എന്ന വിദ്യാർഥിയുടെ സംശയത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. സെപ്റ്റബർ മുതൽ ഇംഗ്ലീഷ് സർവ്വകലാശാലകളിൽ എത്തുന്ന തുടക്കകാർക്ക് പല മാറ്റങ്ങളും ഉണ്ടാകും. ഇതിന്റെ ഭാഗമായി പഠനത്തിനായി ലഭിക്കുന്ന തുക വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ പുതിയ വിദ്യാർത്ഥികൾ വായ്പ തിരിച്ചടവിനായി £ 25,000 ന് മുകളിൽ സമ്പാദിക്കുന്ന എല്ലാറ്റിന്റെയും ഒമ്പത് ശതമാനം നൽകുമെന്നും നികുതികൾക്ക് സമാനമായി എല്ലാ തലത്തിലും കൂടുതൽ പണം നൽകാൻ തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു. 30 വർഷം കഴിയുമ്പോഴോ അല്ലെങ്കിൽ ബിരുദധാരികൾ അവരുടെ വായ്പ തിരിച്ചടയ്ക്കുമ്പോൾ, ആ അവസാന തീയതി സെപ്റ്റംബർ മുതൽ 40 വർഷമായി നീട്ടുമെന്നും ലൂയിസ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കഫേ നടത്തിയിരുന്ന സുനില്‍ മോഹന്‍ ജോര്‍ജാണ്(45) മരിച്ചത്. ഏതാനും ദിവസമായി പനിയും അസ്വസ്ഥതയും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ആദ്യം ലണ്ടനില്‍ കുടുംബമായിട്ടായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് റെഡ്ഡിങ്ങിലേക്കു ഭാര്യയുമായി താമസം മാറുകയായിരുന്നു.
ഇവിടെ വെച്ച് ക്യാൻസർ രോഗം മൂലം ഭാര്യ റേയ്ചൽ മരണപ്പെട്ടു. തുടർന്ന് ഒരു റെസ്റ്റോറന്റ് നടത്തിയായിരുന്നു സുനിലിന്റെ ജീവിതം. ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു സുനില്‍ ഇവിടെ എത്തിയിട്ട്. മറ്റു ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഠിനമായ തണുപ്പില്‍ പനി പിടിക്കുന്നവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാകുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഈ അടുത്തും സുനിൽ നാട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെയാണ് മരണവിവരം പുറത്ത് വന്നത്.
കഫേയില്‍ ക്ലീനിംഗ് ജോലിക്കു രാവിലെ എത്തിയ ജോലിക്കാരി വാതില്‍ തുറക്കാതെ കിടക്കുന്നത് കണ്ടു മറ്റുള്ളവരെ അറിയിച്ചതോടെ പോലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത തുർക്കിയിലെ ഭൂകമ്പത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് 35 ലധികം ബ്രിട്ടീഷ് പൗരന്മാർ പ്രയാസം നേരിട്ടെങ്കിലും മൂന്ന് പേരെയാണ് കാണാതായതെന്നാണ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഇവരുമായി ഓഫീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ഓട്ടത്തിൽ സഹായിക്കാൻ യുകെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്.
ദുരിതബാധിതർക്ക് ഒപ്പമാണ് രാജ്യമെന്ന് ചാൾസ് രാജാവും അറിയിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും, ഓപ്പമുണ്ടെന്നും വാർത്തകുറിപ്പിൽ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മിക്കവരും വീടുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
ആയിരക്കണക്കിന് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുർക്കിയിലും സിറിയയിലും മരണസംഖ്യ 5,000 പിന്നിട്ടു. ഭൂകമ്പത്തെ തുടർന്ന് 6,000-ത്തിലധികം കെട്ടിടങ്ങൾ തകർന്നുവെന്നും വൈദ്യുതി, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂഡൽഹി: സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സിസ്റ്റർ സ്റ്റെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. 2009ൽ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സ്റ്റെഫി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.
ഇതിന്റെ റിപ്പോർട്ട് തന്റെ എതിർപ്പ് പരിഗണിക്കാതെ പരസ്യപ്പെടുത്തിയെന്നും സ്റ്റെഫി ആരോപിച്ചു. കേസിൽ ഇരയാണോ പ്രതിയാണോ എന്നത് പരിശോധനക്ക് ന്യായീകരണമല്ല. കേസിന്റെ നടപടികൾ പൂർത്തിയായാൽ സ്റ്റെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയയെ 1992ൽ കോട്ടയം പയസ് ടെൻത് കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സിസ്റ്റർ സെഫി പ്രതിയായത്. ഫാ. കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിയും തമ്മിലുള്ള ബന്ധത്തിന് അഭയ സാക്ഷിയായെന്നും ഇത് മറച്ചുവെക്കാൻ അഭയയെ കൊന്നുവെന്നുമാണ് കേസ്.
പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ചെങ്കിലും ഈ വിധി ഹൈകോടതി മരവിപ്പിച്ചതോടെ ഇരുവരും ജയിൽ മോചിതരാവുകയായിരുന്നു. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സ്റ്റെഫിക്ക് ജീവപര്യന്തവും ശിക്ഷയായിരുന്നു തിരുവനന്തപുരം സി ബി ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്സിനെ പുതിയ ഊർജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയർമാൻ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടർന്ന് പുറത്താക്കിയിരുന്നു. സംസ്കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നൽകി. മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേർന്നു.
അതേസമയം, സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകർക്ക് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നും സുനക്കിന്റെ പുനഃസംഘടന ബലഹീനതയുടെ സൂചനയാണെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. എന്നാൽ മാറ്റങ്ങൾ പ്രധാനമന്ത്രിയുടെ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വകുപ്പുകളെ സഹായിക്കുമെന്നാണ് സർക്കാർ വാദം.പുതിയ ഡിപ്പാർട്ട്‌മെന്റ് ഫോർ എനർജി സെക്യൂരിറ്റിയും നെറ്റ് സീറോയും ദീർഘകാല ഊർജ്ജ വിതരണം സുരക്ഷിതമാക്കുന്നതിനും ബില്ലുകൾ കുറയ്ക്കുന്നതിനും പണപെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമെന്നും സർക്കാർ പറയുന്നു.
യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റഷ്യ യുക്രൈൻ യുദ്ധം. ഊർജ്ജ ബില്ലുകൾ വർദ്ധിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ഊർജപ്രതിസന്ധി അധികാരമേറ്റ നാൾ മുതൽ സുനക് നേരിടുന്ന പ്രശ്നമാണ്. ഇതിനായി മാത്രം വകുപ്പ് സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. രാജ്യത്തിന് കൂടുതൽ ഊർജ സുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, അതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടിയെന്നും സുനക് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പള വർദ്ധനവ് നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന യൂണിയന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാഞ്ഞ സർക്കാരിന് തിരിച്ചടി. ആരോഗ്യ സേവന ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് തിങ്കളാഴ്ച നടന്നു. ഇതിനെ തുടർന്ന് നൽകിയ മുന്നറിയിപ്പാണ് അവഗണിച്ചത്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഒരു നീക്കവും നടത്തുന്നില്ലെന്നും, ചർച്ചകൾ നടത്തിയെന്ന് പറയുന്നത് കളവാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി ആരോപിച്ചു. ഷെൽഫോർഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന പ്രമുഖ ആശുപത്രിയിലെ 10 ചീഫ് നേഴ്‌സുമാർ ഒത്തുതീർപ്പാക്കാതെ മുന്നോട്ട് പോയാൽ രോഗികൾ ദുരിതത്തിലാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിലെ പതിനായിരക്കണക്കിന് നേഴ്‌സുമാരും ആംബുലൻസ് തൊഴിലാളികളും തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് നടത്തി. രോഗികളുടെ അവസ്ഥ കണക്കിലെടുത്തെങ്കിലും സർക്കാർ സമവായ ശ്രമം നടത്തണമെന്നായിരുന്നു യൂണിയന്റെ അഭ്യർത്ഥന. രോഗികളുടെ അവസ്ഥ സംബന്ധിച്ച് ആശങ്ക ഉണ്ടെന്നും, അതിനാൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച നേഴ്‌സുമാർ പണിമുടക്ക് തുടരുകയാണ്, ഫിസിയോതെറാപ്പിസ്റ്റുകൾ വ്യാഴാഴ്ചയും. ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ചയാണ് സമരത്തിലേർപ്പെടുന്നത്. ഇത്രയധികം മോശം സാഹചര്യത്തിൽ രോഗികൾ പ്രതിസന്ധിയിലാകും എന്നുള്ള കാര്യം വ്യക്തമാണ്. പിന്നെയും സർക്കാർ വാശി കാണിക്കുന്നതിനെയാണ് യൂണിയൻ വിമർശിക്കുന്നത്. ഇംഗ്ലണ്ടിലെ 47,000 നേഴ്‌സുമാരാണ് ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ആരോഗ്യകരമായ ചർച്ചകൾ നടത്തി സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലേക്ക് ബ്രിട്ടൻ രക്ഷാപ്രവർത്തക സംഘത്തെ അയച്ചു. 76 പേരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സംഘം ഇന്നലെ തന്നെ തുർക്കിയിലെത്തി ചേർന്നു. രക്ഷാപ്രവർത്തനത്തിന് സഹായകരമായ ഉപകരണങ്ങൾ , പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും യുകെയുടെ രക്ഷാദൗത്യ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടർക്കിഷ് അസോസിയേഷനുകളുടെയും യുകെയിലുടനീളമുള്ള സ്ഥലങ്ങളിൽ തുർക്കിയിലെ ജനതയെ സഹായിക്കുന്നതിനായുള്ള വിവിധ രീതിയിലുള്ള സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. 4300 -ലധികം ആളുകൾ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പതിനായിരത്തിലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ ബ്രിട്ടീഷ് വംശജർ ആരും മരിച്ചതായി അറിവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മരണസംഖ്യ ഇതിലും ഉയരുവാൻ കാരണമായേക്കുമോ എന്ന ആശങ്ക ശക്തമാണ്. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാകാനുള്ള സാധ്യതയും നിലവിലുണ്ട്.
തുർക്കിയിലും അയൽ രാജ്യമായ സിറിയയിലുമുണ്ടായ ആദ്യ ഭൂകമ്പത്തിൽ തുർക്കിയിൽ മാത്രം 2900 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സിറിയയിൽ 1400 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ . 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനുശേഷം യഥാക്രമം 7.5 ,6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. മരണസംഖ്യ നിലവിലേതിനേക്കാൾ 8 മടങ്ങു വരെ വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എപ്‌സം കോളജ് മേധാവിയും ഭർത്താവും ഏഴുവയസ്സുള്ള മകളും മരിച്ച നിലയിൽ. സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എമ്മ പാറ്റിസൺ (45), അവരുടെ ഭർത്താവ് ജോർജ്ജ് (39), മകൾ ലെറ്റി എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആരെയും സംശയപരമായി പ്രതി ചേർത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ദാരുണമായ സംഭവമാണ് നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപ്രതീക്ഷിത വേർപ്പാട് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോളേജ് മേധാവികൾ പ്രതികരിച്ചു. തെക്കൻ ലണ്ടനിലെ ക്രോയ്‌ഡൺ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായി ആറ് വർഷം പ്രവർത്തിച്ച പാറ്റിസൺ, അഞ്ച് മാസം മുൻപാണ് എപ്‌സോമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവ് ജോർജ്ജ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു, അദ്ദേഹം ടാംഗിൾവുഡ് 2016 എന്ന മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. സ്കൂളിൽ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെ അകത്തേക്ക് യൂണിഫോമിട്ട വിദ്യാർത്ഥികൾക്കാണ് നിലവിൽ പ്രവേശനം. അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ആഘാതത്തിലാണ് എല്ലാവരും. സ്കൂളിന്റെ നേതൃനിരയിൽ പ്രവർത്തിച്ച പ്രിയപ്പെട്ട സഹ പ്രവർത്തകയുടെ നിര്യാണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മനോഹരമായ പൂന്തോട്ടം വൃത്തികേടായി പരിചരിച്ചതിനു ദമ്പതികൾക്ക് പിഴ ചുമത്തി അധികൃതർ രംഗത്ത്. 600 പൗണ്ടാണ് പിഴ ചുമത്തിയത്. അയൽവാസികളുടെ പരാതിയെ തുടർന്നാണ് നടപടി. ദമ്പതികളായ തോമസ് ബെല്ലും ഹെലൻ മിൽബേണും വാടകയ്ക്ക് എടുത്ത വസ്തുവിലാണ് പൂന്തോട്ടം നിർമ്മിച്ചത്. എന്നാൽ പിന്നീട് ചപ്പുചവറുകളും മറ്റ് വേസ്റ്റുകളും ഇവിടെ നിക്ഷേപിക്കുകയായിരുന്നു. ഡാർലിംഗ്ടൺ ബറോ കൗൺസിലിൽ അയൽവാസികൾ രേഖാമൂലം പരാതി നൽകിയിരുന്നു.
തുടർന്ന് കൗൺസിൽ അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും 2021 ജൂണിൽ മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. എത്രമാത്രം വേസ്റ്റാണ് ഇതിൽ നിക്ഷേപിച്ചിരിക്കുന്നതെന്നുള്ളത് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ മുകളിൽ എത്തുന്ന കറുത്ത ബാഗുകളുടെ ഒരു കൂമ്പാരം കാണാൻ കഴിയും. മുന്നറിയിപ്പുകൾ വകവയ്ക്കാതെ ദമ്പതികൾ ചപ്പുചവറുകൾ വീണ്ടും നിക്ഷേപിച്ചതാണ് സ്ഥിതി മോശമാക്കിയത്. മാലിന്യങ്ങൾ സമയബന്ധിതവും കൃത്യവുമായ രീതിയിൽ നീക്കം ചെയ്യുന്നതിൽ ഇരുവരും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇപ്പോൾ നടപടി.
ഓരോരുത്തർക്കും 220 പൗണ്ട് പിഴയും 408 പൗണ്ട് ചെലവും നൽകാൻ ആണ് ഉത്തരവ്. ‘ചവറുകളും ഗാർഹിക മാലിന്യങ്ങളും ശരിയായ രീതിയിൽ തന്നെ നിർമാർജനം ചെയ്യണം. അല്ലാത്തപക്ഷമാണ് ഇത്തരത്തിൽ വലിച്ചെറിയപ്പെട്ട നിലയിൽ കാണപ്പെടുന്നത്. ഇതൊന്നും ചെയ്യാത്തതിനെ തുടർന്നാണ് നടപടി. ചുറ്റുമുള്ള വീട്ടുകാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു’ കൗൺസിലർ ജാമി ബാർച്ച് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തുർക്കിയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. സിറിയയുടെ വടക്കന്‍ ഭാഗത്തും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1500 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. തുര്‍ക്കിയിലെ ഏഴ് പ്രവിശ്യകളിലായി 912 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു.
സിറിയയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 320 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറിൽ ഏറെ പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 147 മരണവുമുണ്ടായി. 340 പേര്‍ക്ക് ഇവിടെ പരിക്കേറ്റതായാണ് കണക്ക്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്.
അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.