ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലേയ്ക്ക് മലയാളികൾ ജോലിക്കായി കൂടുതലായി എത്താൻ തുടങ്ങിയത് 2000 -മാണ്ടിന്റെ തുടക്കം മുതലാണ്. അതിനുശേഷം യുകെയിൽ അങ്ങോളമിങ്ങോളം മലയാളി കമ്മ്യൂണിറ്റികൾ ശക്തമാകുന്ന കാഴ്ചകൾ യുകെയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യകാല കുടിയേറ്റക്കാർ മിക്കവാറും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു.
എന്നാൽ ഇന്ന് യുകെ മലയാളികളുടെ പുതുതലമുറ ബ്രിട്ടനിലെ സമസ്ത മേഖലകളിലും തങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്നതിന്റെ വാർത്തകൾ ഏറെയാണ്. അങ്ങനെയൊരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് അഭിമാനപൂർവ്വം വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. യുകെ മലയാളിയായ കോട്ടയം കല്ലറ മുടക്കോടിയിൽ ജൂബി എം സിയുടെയും ഞീഴൂർ ജാറക്കാട്ടിൽ രാജിയുടെ മകനായ ജെറിൻ ജൂബിയാണ് ഈ അപൂർവ നേട്ടത്തിന്റെ ഉടമ. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ഫ്ളയിങ് ഓഫീസർ ആയിട്ടാണ് ജെറിൻ ജൂബിയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരിൽ നിന്ന് ആദ്യമായാണ് ഒരാൾ ബ്രിട്ടീഷ് എയർഫോഴ്സിലെ ജോലിക്ക് അർഹനാകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൻറെ സ്വപ്നസാഫല്യത്തിനായി ജെറിൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു . യു കെ മലയാളികൾക്ക് അഭിമാനമായി മാറിയ ജെറിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.
യുകെ മലയാളികളുടെ പുതുതലമുറ എല്ലാം മേഖലകളിലും മുന്നേറുന്നതിന്റെ അനുഭവസാക്ഷ്യങ്ങൾ ഒട്ടേറെയാണ്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളുടെ റിസൾട്ട് വരുമ്പോൾ തദ്ദേശീയരായ വിദ്യാർത്ഥികളോടൊപ്പം കഠിനാധ്വാനത്തോടെ മത്സരിച്ച് മുന്നേറുന്ന മലയാളി വിദ്യാർത്ഥികളുടെ വിജയകഥകൾ പലവട്ടം മലയാളം യുകെ ന്യൂസ് പബ്ലിഷ് ചെയ്തിരുന്നു. യുകെയുടെ സാമൂഹിക സാംസ്കാരിക മേഖലകളിലും ഭരണനേതൃത്വത്തിലും മലയാളികൾ വെന്നിക്കൊടി പാറിക്കുന്ന കാലം വിദൂരമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെ കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ ഇനി എളുപ്പത്തിൽ കഴിയും. സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയിട്ട് അഞ്ച് വർഷം ആകുന്നു. യുകെയിൽ എത്തി സീനിയർ കെയററായി പതിമൂന്ന് വർഷമായി ജോലി ചെയ്യുന്ന മലയാളിയായ ജൂബി റെജി ഇത്തരത്തിൽ നേഴ്സായി രജിസ്റ്റർ ചെയ്ത വാർത്ത ഇപ്പോൾ പുറത്ത് വന്നു. പുതുക്കിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ വഴി പിൻ നമ്പർ ലഭിക്കുന്ന ആദ്യത്തെ കെയർ അസിസ്റ്റന്റാണ് ജൂബി.
2023 ഫെബ്രുവരി 8 മുതൽ, എൻഎംസി ടെസ്റ്റ് സ്‌കോറുകൾ വിലയിരുത്തുന്നതിനുള്ള കാലയളവ് ആറ് മുതൽ പന്ത്രണ്ട് മാസം വരെ നീട്ടിയിരുന്നു. തുടർച്ചയായി പരിശ്രമിച്ചെങ്കിലും ഐഇഎൽടിഎസ്, ഒഇടി ജയിക്കാൻ കഴിയാതിരുന്ന ജൂബി ഒടുവിൽ നേഴ്സ് ആയി മാറിയിരിക്കുകയാണ്. പതിമൂന്ന് വർഷത്തെ അനുഭവപരിചയം നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്നാണ് ജൂബി പറയുന്നത്. നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഇപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ നേഴ്സായി ജോലി തുടരാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ജൂബി. ഭർത്താവ് റെജി ഫിലിപ്പ് കട്ടപ്പന സ്വദേശിയുമാണ്. അന്തരേസ റെജി, അനിത റെജി എന്നിവരാണ് മക്കൾ. ട്രെന്റിലെ സ്റ്റോക്കിലാണ് ഇവർ താമസിക്കുന്നത്.

“2018ൽ കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേഴ്‌സിംഗിൽ 2 വർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് ഞാൻ എൻ എം സിയ്ക്ക് അപേക്ഷ സമർപ്പിച്ചത്. 2019 ലാണ് അപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടായത്” -ജൂബി പറഞ്ഞു. പതിമൂന്ന് വർഷത്തിന് ശേഷം, ഈ സ്വപ്നം യാഥാർത്യമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ജൂബി, കൂടുതൽ മലയാളികൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിക്കോള സ്റ്റർജന്റെ പിൻഗാമിയായി എത്താൻ ഒരുങ്ങി ഹംസ യൂസഫ്. പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമാണ് വാർത്ത പുറത്ത് വരുന്നത്. എതിരാളികളായ കേറ്റ് ഫോർബ്‌സിനെയും ആഷ് റീഗനെയും പരാജയപ്പെടുത്തിയാണ് യൂസഫ് അധികാരത്തിലേക്ക് കടക്കുന്നത്. യുകെയിലെ ഒരു പ്രധാന പാർട്ടിയെ നയിക്കുന്ന ചെറുപ്പക്കാരനാണ് 37 വയസുള്ള യൂസഫ്. നിലവിൽ അദ്ദേഹം സ്‌കോട്ട്‌ലൻഡിന്റെ ആരോഗ്യ സെക്രട്ടറിയാണ്, കൂടാതെ മിസ് സ്റ്റർജന്റെ പിൻഗാമിയായി പരക്കെ അനുമാനിക്കപ്പെട്ടിരുന്നു.

എന്നാൽ, മത്സരത്തിലുള്ള ഒരു സ്ഥാനാർത്ഥിയെയും നിക്കോള സ്റ്റാർജൻ വ്യക്തമായി പിന്തുണച്ചില്ല. എസ്.എൻ.പിയുടെ 72,169 അംഗങ്ങളിൽ 50,490 പേരാണ് ആകെ വോട്ട് ചെയ്തത്. അവരിൽ ബഹുഭൂരിപക്ഷവും ഓൺലൈനിൽ വോട്ട് രേഖപ്പെടുത്തി. സിംഗിൾ ട്രാൻസ് ഫറബിൾ സമ്പ്രദായമാണ് നടപ്പാക്കിയത്. ആദ്യ റൗണ്ട് വോട്ടിംഗിൽ യൂസഫിന് ഭൂരിപക്ഷം നേടാനായില്ല. എന്നാൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം പുറത്തായ റീഗന്റെ രണ്ടാം മുൻഗണന വോട്ടുകൾ പുനർവിതരണം ചെയ്യപ്പെട്ടതിന് ശേഷം 52.1% വോട്ടുകൾ നേടിയാണ് യൂസഫ് മുൻപിൽ എത്തിയത്.

47.9% വോട്ടുകൾ നേടി ഫോബ്‌സ് രണ്ടാം സ്ഥാനത്തെത്തി. യൂസഫിന് 26,032 വോട്ടുകളും, ഫോബ്‌സിന് 23,890 വോട്ടുകളും ലഭിച്ചു. പുതിയ എസ്എൻപി നേതാവ് സ്കോട്ട്ലൻഡിന്റെ ആറാമത്തെ ആദ്യ മന്ത്രിയാകുന്നതിന് മുമ്പ് ചൊവ്വാഴ്ച സ്കോട്ടിഷ് പാർലമെന്റിൽ വോട്ടെടുപ്പ് നടത്തനാണ് അധികൃതർ ഒരുങ്ങുന്നത്. വോട്ടർമാരിൽ മൊത്തത്തിൽ ഫോബ്സിന് പിന്തുണ ഉണ്ടെന്നും, പ്രചാരണ പ്രവർത്തനങ്ങൾ എല്ലാം ഗുണം ചെയ്‌തെന്നുമാണ് പോളിംഗ് വിദഗ്ധനായ പ്രൊഫസർ ജോൺ കർട്ടിസ് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പൊതുവിദ്യാഭ്യാസ രംഗത്ത് മുൻപിലാണ് കേരളം എന്ന അവകാശപ്പെടുമ്പോൾ തന്നെ വിദ്യാർത്ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ഒരു സ്കൂൾ. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ പ്രതിസന്ധിയാണ് ഇതിന് കാരണം. പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. ബിബിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ.

വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്കൂളിൽ , വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്കയാണ് ഇവിടുത്തെ അധ്യാപകർ പങ്കുവെക്കുന്നത്. ഇതോടെ കുട്ടികളെ തേടി അധ്യാപകർ ഇറങ്ങിയിരിക്കുകയാണ്. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. അവിടെ 14 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. നിലവിൽ 50 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1980 കളുടെ അവസാനം വരെ 700 ആയിരുന്ന കുട്ടികളുടെ എണ്ണം വളരെ പെട്ടെന്നാണ് അത് 50 തിലേക്ക് എത്തിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർത്ഥികൾ മാത്രമുള്ള ഏഴാം ക്ലാസാണ് ഇതിൽ ഏറ്റവും വലിയത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർത്ഥി മാത്രമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. കൂടാതെ വിദ്യാർഥികളെ തേടി വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്നു. വിദ്യാർത്ഥികളെ അന്വേഷിക്കാൻ അധ്യാപകരെ അയയ്ക്കുന്നതിന് സമാനമായാണ് പ്രദേശത്തെ ഏറ്റവും വലിയ സർക്കാർ സ്കൂളിലെ അധ്യാപകരുടെ അവസ്ഥ. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്നുമാണ് സ്കൂൾ പ്രിൻസിപ്പൽ ജയദേവി ആർ പറയുന്നത്. ജനസംഖ്യ കുറയുകയും പലവിധ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രധാന ജില്ലയായ പത്തനംതിട്ടയുടെ ഹൃദയഭാഗത്താണ് കുമ്പനാട് സ്ഥിതി ചെയ്യുന്നത്. 47% ആളുകളും 25 വയസ്സിന് താഴെയുള്ള രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു.

കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നത് ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്ന് വില്ലേജ് കൗൺസിൽ മേധാവി ആശ സി ജെ പറയുന്നു. 20 സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർത്ഥികൾ വളരെ കുറവാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടികളും വിദേശ രാജ്യങ്ങളിലാണ്. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും അധികൃതർ പറയുന്നു. വലിയ കൊട്ടാരങ്ങൾക്ക് സമാനമായ വീടുകൾ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശങ്ങളിലേക്ക് ജോലിയുമായി പോകുന്നവർ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഒട്ടേറെ പേരാണ് രാജ്യത്ത് . ഇതിന് പുറമെയാണ് ഊർജ്ജബില്ലുകളിലെ കുതിച്ചു കയറ്റം. വാർഷിക വരുമാനം കുറവുള്ള , സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നവർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സർക്കാർ . ഇതിൻറെ ഭാഗമായി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് 900 പൗണ്ട് വീതം ലഭിക്കും.

സഹായധന വിതരണത്തിന്റെ ആദ്യ ഗഡു ഏപ്രിൽ 25നും മെയ് 17നും ഇടയിൽ ലഭിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് ഓഫ് വർക്ക് ആന്റ് പെൻഷൻ അറിയിച്ചിരിക്കുന്നത്. 80 ലക്ഷം ആളുകൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കുമെന്നാണ് ഏകദേശ കണക്കുകൾ . അടുത്തമാസം ആരംഭിക്കുന്ന സഹായധനത്തിന്റെ ആദ്യ ഗഡു 301 പൗണ്ട് ആണ് . അർഹരായ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ആയിരിക്കും സഹായധനം എത്തുന്നത്.

ഇതുകൂടാതെ വേനൽക്കാലത്ത് വൈകല്യമുള്ള 60 ലക്ഷത്തോളം പേർക്ക് 150 പൗണ്ട് അധികമായി നൽകാനും തീരുമാനമായിട്ടുണ്ട്. അടുത്ത ശൈത്യകാലത്ത് 80 ലക്ഷത്തോളം ആളുകൾക്ക് 300 പൗണ്ട് അധികമായി ലഭിക്കും. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ഇടയിൽ നട്ടംതിരിയുന്ന ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് . എന്നിരുന്നാലും വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിന് സർക്കാരിൻറെ ധനസഹായം അപര്യാപ്തമാണെന്ന വിമർശനവും ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ എൻഎച്ച്എസിന് 571,000 ജീവനക്കാരുടെ കുറവുണ്ടായേക്കാവുന്ന സാഹചര്യത്തിൽ രാജ്യത്ത് ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാൻ തദ്ദേശീയരായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തം. എൻഎച്ച്എസിൻെറ വർക്ക് പ്ലാൻ പ്രകാരം നിലവിൽ 154,000 ഫുൾ ജീവനക്കാരുടെ അഭാവം ആണ് ഉള്ളത്. ഈ കണക്കുകൾ 2036 ഓടെ 571,000 ജീവനക്കാരായി മാറുമെന്നും പ്ലാനിൽ പറയുന്നു. മന്ത്രിമാർ പരിശോധിച്ചുകൊണ്ടിരിക്കുന്ന 107 പേജുള്ള ബ്ലൂപ്രിന്റിൽ ആരോഗ്യ മേഖലയെ അലട്ടുന്ന ജീവനക്കാരുടെ അഭാവവും മറ്റും പരിഹരിക്കാനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഉൾപ്പെടുന്നത്.

നിലവിലെ രീതി തുടർന്നാൽ എൻഎച്ച്എസിൽ 15 വർഷത്തിനുള്ളിൽ 28,000 ജിപിമാരുടെയും 44,000 കമ്മ്യൂണിറ്റി നേഴ്‌സുമാരുടെയും പാരാമെഡിക്കലുകളുടെയും കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്നു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലുള്ള വർധിച്ചു വരുന്ന രോഗികളെ താങ്ങാൻ എൻ എച്ച് എസിന് കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗ്രാമീണ മേഖലയിൽ രോഗികളെ ചികിൽസിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്ന പരാതി ഉണ്ട്.

വിദേശത്ത് നിന്ന് കൂടുതൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരെ നിയമിക്കുന്നതിനും താൽക്കാലിക ജീവനക്കാർക്കായി പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധരും സ്റ്റാഫ് ഗ്രൂപ്പുകളും വ്യാപകമായി പങ്കിടുന്ന കരട് രേഖയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി പുറത്ത് വിട്ട പ്ലാനിൽ എൻഎച്ച്എസിന് 154,000 ഫുൾടൈം ജീവനക്കാരുടെ കുറവുണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡും ജീവനക്കാരുടെ സമരവും കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് എൻഎച്ച്എസിനെ തള്ളിവിട്ടത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ പോലും അത്യാവശ്യ ചികിത്സകൾ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനൊക്കെ പുറമേയാണ് മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയത്.

ഈ പ്രതിസന്ധിയെ മറികടക്കാനാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഗവൺമെൻറ് എൻഎച്ച്എസിന് ഫണ്ട് അനുവദിച്ചത്. എന്നാൽ അനുവദിച്ച തുക ശരിയായ രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് എൻഎച്ച്എസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ . വെറും 5 വർഷത്തിനുള്ളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് എൻഎച്ച്എസ് മാനേജർമാർ 584 മില്യൺ പൗണ്ട് ആണ് വിനിയോഗിച്ചത്. നികുതിദായകരുടെ പണം എൻ എച്ച് എസ് മാനേജർമാർ ഉത്തരവാദിത്വമില്ലാതെ ചിലവഴിച്ചെന്നുള്ള വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നു വരുന്നത്.

വിദേശത്തുനിന്നും നേഴ്സുമാരെയും ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ഇടനിലക്കാരായ ഏജൻസികൾക്ക് ദശലക്ഷങ്ങൾ ആണ് കൈമാറിയിരിക്കുന്നത്. ഇതുകൂടാതെ എൻഎച്ച്എസ് മാനേജർമാർ റിക്രൂട്ട്മെന്റിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര പോയതിന്റെ ഉൾപ്പെടെയുള്ള ചിലവുകളും ഇതിൽ ഉൾപ്പെടും. ഇത്രയും ഭീമമായ തുക എൻഎച്ച്എസ് മാനേജർമാർ ചിലവഴിക്കുന്നത് അനാവശ്യമായി നികുതിദായകരുടെ പണം ധൂർത്തടിക്കുന്ന നടപടിയാണെന്നും ഈ പണം ഉണ്ടെങ്കിൽ നിലവിലെ ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർദ്ധനവ് നൽകാൻ ഇത് പര്യാപ്തമാണെന്നുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എൻഎച്ച്എസ് മാനേജർമാരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ വഴിപ്പെട്ട ബന്ധമാണെന്ന ആരോപണങ്ങളും ശക്തമാണ്. എൻഎച്ച്എസിന് ജീവനക്കാരെ നൽകാൻ സഹായിക്കുന്ന ഒരു റിക്രൂട്ട്മെൻറ് ഏജൻസിയുടെ വിറ്റു വരവ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാലിരട്ടിയായാണ് വർദ്ധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇരകളോട് ക്ഷമാപണം നടത്തിയ 1,000 ലൈംഗിക കുറ്റവാളികളെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ക്രിമിനൽ റെക്കോർഡിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. കുട്ടികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ 2021ലും 2022ലും ഇത്തരം 1,064 കേസുകളിൽ പോലീസ് ‘കമ്മ്യൂണിറ്റി റെസലൂഷൻ’ നൽകി. സ്‌കോട്ട് ലൻഡ് യാർഡ് ഓഫീസർ വെയ്ൻ കൗസെൻസ് സാറാ എവറാർഡിന്റെ കൊലപാതകത്തിന് ശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ഗൗരവമായി കാണുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ലൈംഗികാതിക്രമത്തിന് കോടതിക്ക് പുറത്തുള്ള ഉപരോധം വെറും 12 മാസത്തിനുള്ളിൽ ഇരട്ടിയായി മാറി.

എല്ലാ ലൈംഗിക കുറ്റകൃത്യങ്ങളിലും പെനാൽറ്റി ചുമത്തിയതിന്റെ എണ്ണം 53 ശതമാനം വർധിച്ചതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു . സാറാ എവറാർഡിന്റെ കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൗസെൻസ് ജയിലിൽ തുടരുകയാണ്.
2022 മാർച്ച് വരെയുള്ള കാലയളവിൽ ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ എന്നിവയുൾപ്പെടെ 643 കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ ഈ അനുമതി ഉപയോഗിച്ചതായി ഔദ്യോഗിക കണക്കുകളുടെ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഇത് മുൻ വർഷങ്ങളിലെ കണക്കുകൾ 53 ശതമാനം കൂടുതലാണ്. 2021-ൽ 178 ആയിരുന്ന ഇത്തരം കേസുകളുടെ എണ്ണം 2022-ൽ 371 ആയി മാറി.

13 വയസ്സിന് താഴെയുള്ള പെൺകുട്ടി ഉൾപ്പെടെ നാല് കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിൽ കഴിഞ്ഞ വർഷം ലിങ്കൺഷയർ പോലീസ് ശിക്ഷ വിധിച്ചിരുന്നു. 13 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പിന്നാലെ നോട്ടിംഗ്ഹാംഷെയറിലെ ഉദ്യോഗസ്ഥരും സമാനമായ നടപടി സ്വീകരിച്ചു. അതേസമയം, സ്‌കോട്ട് ലൻഡ് യാർഡ് ഓഫീസർ വെയ്ൻ കൗസെൻസ് അറസ്റ്റിലായ ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയിലെ പല സ്ത്രീകളും ലൈംഗിക അതിക്രമങ്ങളെ നേരിടാൻ സേഫ്റ്റിപിൻ ഉപയോഗിക്കാറുണ്ടെന്ന റിപ്പോർട്ടുമായി ബിബിസി. ഇന്ത്യയിലെ പൊതു ഇടങ്ങളിൽ സ്ത്രീകൾ ദൈന്യംദിനം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബസിൽ സ്ത്രീകൾ നേരിടുന്ന ഭൂരിപക്ഷം ആക്രമണങ്ങളിൽ നിന്നും അവരെ രക്ഷിക്കുന്നതും സേഫ്റ്റിപ്പിനാണ്. പൊതുഇടങ്ങളിലെ അനാവശ്യ പുരുഷ സ്പർശനങ്ങൾ തങ്ങൾക്ക് അരോചകമാണെന്ന് പല സ്ത്രീകളും അഭിപ്രായപ്പെട്ടു . ഈ സാഹചര്യങ്ങളിലൊക്കെ തങ്ങളുടെ രക്ഷയ്ക്ക് സേഫ്റ്റി പിൻ ഇന്ത്യയിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്നതായി ആണ് ബി ബി സി റിപ്പോർട്ട് ചെയ്തത്.

1849 ലാണ് സേഫ്റ്റിപിൻ കണ്ടുപിടിക്കുന്നത്. കണ്ടുപിടിച്ചതുമുതൽ, ലോകമെമ്പാടുമുള്ള സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കാനാണ് സേഫ്റ്റിപിൻ ഉപയോഗിക്കുന്നത് . എന്നാൽ ഇന്ത്യയിലെ നിരവധി സ്ത്രീകൾ തങ്ങളുടെ ഹാൻഡ്‌ബാഗിലോ പേഴ്സിലോ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു പിൻ കൈവശം വയ്ക്കാറുണ്ടെന്ന് ദീപിക ഷെർഗിൽ എന്ന വനിത ട്വിറ്ററിൽ നടത്തിയ പ്രതികരണത്തെ തുടർന്നാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്.

ജോലിക്കായി ഓഫീസിലേക്ക് പോകുമ്പോൾ ഉണ്ടായ ദാരുണമായ സംഭവത്തെ കുറിച്ച് ദീപിക ഷെർഗിൽ പറഞ്ഞതായിരുന്നു ബിബിസി വാർത്തയ്ക്ക് ആധാരം. അന്ന് ഏകദേശം 20 വയസായിരുന്നു അവർക്ക് പ്രായം. ബസിൽ ഒപ്പമുണ്ടായിരുന്ന അക്രമി ശരീരത്തിൽ സ്പർശിക്കാനും, സ്വകാര്യ ഭാഗങ്ങളിലേക്ക് കൈ കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും പകച്ചുപോയ നിമിഷം ഇതായിരുന്നു എന്നും ദീപിക ഷെർഗിൽ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് ആരോട് പറയണമെന്നും, അമ്മയോട് പറഞ്ഞാൽ എന്താകുമോ എന്നതിനാൽ അത്യന്തം ഭയപ്പെട്ടിരുന്നതായും അവർ കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൊച്ചി: പ്രശസ്ത സിനിമ താരം ഇന്നസെന്റ്(75) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.
എട്ടാം ക്ലാസ്സിൽ നിന്നും സിനിമയിലേക്ക്
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു.
സിനിമയും വായനയും
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.
2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്ന് സുഖം പ്രാപിക്കുകയുമുണ്ടായി. സിനിമയെന്നപോലെ വായനയെയും അദ്ദേഹം ചേർത്ത് പിടിച്ചിരുന്നു. ഇന്നസെന്റിന്റെ ആത്മകഥ ക്യാൻസർ വാർഡിലെ ചിരി എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.