ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ ഒരുങ്ങി എയർ ഇന്ത്യ. ആഴ്ചയിൽ 12 വിമാനങ്ങളും, ഹീത്രൂ എയർപോർട്ടിലേക്ക് 5 അധിക സർവീസുകളും വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ പറയുന്നത്. പുതുതായി ആരംഭിച്ച വിമാനങ്ങൾ അമൃത്‌സർ, അഹമ്മദാബാദ്, ഗോവ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഗാറ്റ് വിക്കിലേക്ക് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും.
ഇതനുസരിച്ച് യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക എയർലൈനാണ് ഇത്. അതേസമയം ഹീത്രു എയർപോർട്ടിലേക്ക് ആഴ്ചയിൽ അധിക സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. ഡൽഹിയിൽ നിന്ന് ആഴ്ചയിൽ 14 മുതൽ 17 തവണയും, മുംബൈയിൽ നിന്ന് 12 മുതൽ 14 തവണയുമാണ് വിമാന സർവീസ് ലക്ഷ്യമിടുന്നത്. അന്താരാഷ്‌ട്ര വ്യോമയാന രംഗത്ത് കൂടുതൽ മേൽകൈ നേടാൻ എയർ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സുപ്രധാന നീക്കങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വില്ലെൻഹാളിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ആ സമയം അൻപതിലധികം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് വില്ലൻഹാൾ ഏരിയയിലെ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ചു ആകാശത്തേക്ക് വലിയ തീയും പുകയും ആൺ ഉയരുന്നത് .
വില്ലൻഹാൾ ഏരിയയിലെ ഹൈ റോഡ്, സ്‌ട്രെയിറ്റ് റോഡ്, ആഷ്‌മോർ ലേക്ക് വേ എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണെന്നും, പ്രദേശവാസികൾ വീടിന്റെ ജനലും കതകുകളും അടച്ചിടണമെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ട്വീറ്റ് ചെയ്തു. അതേസമയം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവർത്തനം ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ 60 % ത്തിലധികം പൂർണമായും കത്തി നശിച്ചിട്ടുണ്ട് . 3,251 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഏഴ് സെക്ടറുകളിൽ അഞ്ചെണ്ണത്തിനാണ് തീപിടുത്തമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ സൈറ്റിൽ ജോലി ചെയ്തിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നിലവിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക്(78) അന്തരിച്ചു. ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്നാണ് അന്ത്യം. ആഴ്ചകൾക്ക് മുമ്പ് ജോണി ഡെപ്പിനൊപ്പം വിവിധ പരിപാടികൾ പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ബുധനാഴ്ച വൈകിട്ടാണ് വിട പറഞ്ഞത്. ഗിറ്റാറുമായി സ്റ്റേജിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെയിലെ മൂന്ന് ബ്രിട്ട് അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെട്ട, മുൻ യാർഡ്‌ബേർഡ്‌സ് താരം ഡെപ്പിനൊപ്പം ചെയ്ത 18 എന്ന ആൽബം ഇതിനോടകം തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള അറ്റ്ലാന്റിക് പര്യടനം പൂർത്തിയാക്കി ഇരുവരും തിരിച്ചെത്തിയതിനു പിന്നാലെയാണ് ജെഫിന്റെ വേർപിരിയൽ. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നും വർത്താകേന്ദ്രങ്ങൾ വ്യക്തമാക്കി.
അപ്രതീക്ഷിതമായാണ് രോഗം പിടിപ്പെട്ടതെന്നും, മരണം വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയതെന്നും ബെക്കിന്റെ ഏജന്റ് പറഞ്ഞു. നിലവിൽ ബെക്കിനോടൊപ്പമുള്ളത് ആറാമത്തെ ഭാര്യ സാന്ദ്രയാണ്. 2005 ൽ സർ പോൾ മക്കാർട്ട്‌നിക്കൊപ്പം ടൺബ്രിഡ്ജ് വെൽസിൽ വെച്ച് അദ്ദേഹത്തിന് 61 വയസ്സും സാന്ദ്രയ്ക്ക് 41 വയസ്സും ഉള്ളപ്പോഴാണ് ഇരുവരും വിവാഹിതരായത്. ഏറ്റവും നൂതനമായ ചികിത്സയാണ് ബെക്കിന് നൽകിയതെന്നും, എന്നാൽ രോഗം നല്ല രീതിയിൽ വ്യാപിച്ചിട്ടുണ്ടായിരുന്നെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഫെബ്രുവരി ഒന്നിന് ഏകദേശം ഒരു ലക്ഷം സിവിൽ സർവീസ് ഉദ്യോഗസ്ഥർ പണിമുടക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസ് യൂണിയൻ അറിയിച്ചു. 124 സർക്കാർ വകുപ്പുകളിലെ ജീവനക്കാർ സമരത്തിൽ പങ്കുചേരും. മെച്ചപ്പെട്ട ശമ്പളത്തിനായി കുറേ നാളായി ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഫലപ്രാപ്തിയിൽ എത്താത്തതാണ് സമരത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.
10 ശതമാനം ശമ്പള വർദ്ധനവ് , കൂടുതൽ മെച്ചപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യൂണിയൻ മുന്നോട്ട് വയ്ക്കുന്നത്. എച്ച് എം ആർ സി ഉൾപ്പെടെ 5 സർക്കാർ വകുപ്പുകളിലെ 33,000 യൂണിയൻ അംഗങ്ങൾ പണിമുടക്കിൽ അണിചേരുന്നതിനെ കുറിച്ചുള്ള തീരുമാനത്തിനായി അടുത്ത ആഴ്ച വീണ്ടും അഭിപ്രായ സർവേ നടത്തും. ഫലം അനുകൂലമാണെങ്കിൽ പണിമുടക്കുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. പണിമുടക്കിന് മുമ്പ് ക്യാബിനറ്റ് ഓഫീസ് മന്ത്രി ജെറമി ക്വിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി സി എസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോത്ക പറഞ്ഞു.
ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് (ഡിഡബ്ല്യുപി), ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി (ഡി വി എൽ എ ) , ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ( ഡിഎച്ച് എസ് സി ) എന്നിവയുൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന സമരം ബ്രിട്ടനിലെ ഏറ്റവും വലിയ സിവിൽ സർവീസ് പണിമുടക്ക് ആയിരിക്കുമെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ആശുപത്രികളെക്കാളും തിരക്കാണ് യുകെയിലെ ആശുപത്രികളിലെന്ന മുന്നറിയിപ്പുമായി ഡോക്ടർ രംഗത്ത്. ഡോ. പോൾ റാൻസം ബ്രൈറ്റണിലെ ഒരു പ്രാദേശിക പത്രമായ ദി ആർഗസിന് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആളുകളുടെ ജീവൻ തിരികെ പിടിക്കാൻ ജീവനക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എൻ എച്ച് എസുമായി ചേർന്നു പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമുഖത്തും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാൻ ഡോ. പോൾ മുന്നിലുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും സന്നദ്ധ പ്രവർത്തനങ്ങൾക്ക് പരമാവധി സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ‘വിദേശരാജ്യങ്ങളിലൊക്കെ മികച്ച ആരോഗ്യ സംവിധാനം ആണെന്ന് പറയുമ്പോഴും രോഗികളുടെ സമീപനം പലപ്പോഴും മോശമാണ്. അവർക്ക് ചികിത്സ നൽകുന്നതിൽ ഉപേക്ഷ വിചാരിക്കുന്ന പല ആശുപത്രികളുമുണ്ട്. പക്ഷെ അവിടെയാണ് എൻഎച്ച്എസ് സഹപ്രവർത്തകരുടെ ഇടപെടലുകൾ ചർച്ചയാകേണ്ടത്. ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ എല്ലാ രീതിയിലും അവർ ശ്രമിക്കാറുണ്ട്’- ഡോക്ടർ പറഞ്ഞു.
വിദേശത്ത് ജോലി ചെയ്തതിന് ഒബിഇ ലഭിച്ച ഡോ റാൻസം, നിലവിലെ പ്രതിസന്ധിക്ക് ആശുപത്രി മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി. പനിയും കോവിഡിന്റെ പ്രയാസവും മൂലം രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പരിഹാരമെന്ന നിലയിൽ അടിയന്തിരമല്ലാത്ത ചില പ്രവർത്തനങ്ങൾ റദ്ദാക്കുകയും ചില ജീവനക്കാരെ ക്രിസ്മസിന്റെ അവധിയിൽ നിന്ന് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിൽ പോലും ജീവനക്കാർ മികച്ച സേവനമാണ് ഉറപ്പ് വരുത്തുന്നതെന്നും, അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽസ് സസെക്‌സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ ജോർജ് ഫിൻഡ്‌ലേ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയ്ക്ക് അഭിമാനമായി ചലച്ചിത്രരംഗത്ത് പൊൻതിളക്കവുമായി തെലുങ്ക് ചിത്രം ആർ ആർ ആറിനു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്. ടെയ്‌ലർ സ്വിഫ്റ്റ്, റിഹാന തുടങ്ങി നിരവധി പ്രമുഖരെ പിന്തള്ളിയാണ് ചിത്രത്തിലെ ഫെയ്മസ് ഗാനമായ നാട്ടുവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് 2021 ൽ ഹിറ്റ് ഗാനം ചിത്രീകരിച്ചത്. ഗാനത്തിന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്നും അവാർഡ് അപ്രതീക്ഷിതമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതസംവിധായകൻ എംഎം കീരവാണി പറഞ്ഞു.
പുതുചരിത്രം രചിച്ചത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അഭിമാനകരമായ ബഹുമതി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമായെന്ന് പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രീയരംഗത്തെ പ്രമുഖർ, സംഗീത സംവിധായകർ, എ ആർ റഹ്മാൻ എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നു. വാർത്ത അറിഞ്ഞപ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് നാട്ടു നാട്ടു ഡാൻസ് കളിച്ചു ആഘോഷിച്ചെന്ന് ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
എസ് എസ് രാജമൗലി രചനയും സംവിധാനവും നിർവ്വഹിച്ച ആർ ആർ ആർ, ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന രണ്ട് പേരുടെ കഥയാണ് പറയുന്നത്. സിനിമയിൽ രാം ചരണും ജൂനിയർ എൻടിആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ഇതര സിനിമകൾക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും ഈ തെലുങ്ക് ഭാഷാ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലും ഇറങ്ങിയ ഈ ചിത്രം ഏകദേശം 1200 കോടി രൂപയാണ് ലോകമെമ്പാടുമായി കളക്ഷൻ നേടിയത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് പുറമെ അജയ് ദേവ് ഗൺ, ആലിയ ഭട്ട് തുടങ്ങിയ വൻ താരനിര സിനിമയിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പതിനെട്ടു വയസുകാരിയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസുകാരൻ കുറ്റകാരനെന്ന് കോടതി. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. രാത്രിയിൽ യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കേസിൽ സൗത്ത് യോർക്ക്ഷെയർ പിസിയും, 4 കുട്ടികളുടെ പിതാവായ പോൾ ഹിഞ്ച്ക്ലിഫാണ്(46) അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതിയ്ക്ക് ദ്വായാർത്ഥം നിറഞ്ഞ രീതിയിൽ ഇയാൾ മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്.
ലീഡ്‌സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, 2020 ഒക്ടോബർ 3-ന് സൗത്ത് യോർക്ക്ഷെയറിലെ വാത്ത്-അപ്പൺ-ഡിയേണിലുള്ള വെതർസ്‌പൂൺസ് പബ്ബിൽ നടന്ന സംഭവത്തെ കോടതി ശരിവെച്ചു. വാദം കേൾക്കുമ്പോൾ ഹിഞ്ച്ക്ലിഫ് കരയുകയായിരുന്നു. എന്നാൽ ഇത് വിചിത്ര സംഭവമല്ലെന്നും, അയാൾ എന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ് മോശമായി സംസാരിച്ചതെന്നും, അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് കേസിലെ ഇര കോടതിയെ അറിയിച്ചു. ‘എന്റെ ചിത്രങ്ങൾ അയാൾ മറ്റുള്ളവരെ കാണിക്കുകയും, എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്’- അവർ പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അക്രമവും ലൈംഗികചുവയുള്ള സംസാരവുമാണ് കേസിൽ പ്രതിക്കെതിരെ ചുമത്തിയത്. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിചാരണയിൽ ഇര ഫോട്ടോ എടുക്കാൻ സമ്മതം നൽകിയിരുന്നു എന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. അതെ തുടർന്ന് നടന്ന വിശദമായ വാദത്തിലാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കൂളിൽ മരം വീണ് ആറ് വയസുകാരി മരിച്ച സംഭവത്തിൽ സ്കൂളിന് 280000 പൗണ്ട് പിഴ ചുമത്തി. 2020 സെപ്റ്റംബർ മാസം 5 -ന് ന്യൂകാസിലിലെ ഗോസ്ഫോർത്ത് പാർക്ക് ഫസ്റ്റ് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. എല്ല ഹെൻഡേഴ്സൺ എന്ന ആറ് വയസുകാരിയാണ് അപകടത്തിൽ മരണപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ സ്കൂളുകളിലും ഏർപ്പെടുത്തണം എന്ന് നിയമം നിലനിൽക്കേയാണ് സ്കൂളിൽ ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചതെന്ന് കേസിൽ കോടതി ചൂണ്ടിക്കാട്ടി. എല്ലയുടെ മരണത്തിന് കാരണമായ മരം വെട്ടിമാറ്റേണ്ടതായിരുന്നു എന്ന് സൗത്ത് ടൈനെസൈഡ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.
മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണു മുൻപും നിരവധി കുട്ടികൾക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്നും ഹെൽത്ത് ആന്റ് സേഫ്റ്റി എക്സിക്യൂട്ടീവിന് (എച്ച്എസ്ഇ) വേണ്ടി പ്രോസിക്യൂട്ട് ചെയ്ത ജെയിംസ് ടോവി പറഞ്ഞു. സ്കൂൾ മൈതാനത്തിനു സൈഡിൽ നിൽക്കുന്നതിനാൽ അപകടം തുടർകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലയുടെ മുകളിൽ വീണത് ഭാരം കൂടുതലുള്ള ശിഖരം ആയതിനാൽ സ്കൂളിലെ സ്റ്റാഫുകൾക്ക് എടുത്തു മാറ്റാൻ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചത്. മുൻപ് കുട്ടികൾക്കു മുകളിൽ മരചില്ല വീണപ്പോൾ എടുത്തു മാറ്റാൻ കഴിഞ്ഞിരുന്നു . എന്നാൽ എല്ലയ്ക്ക് മുകളിൽ വീണത് യഥാസമയം മാറ്റാൻ കഴിഞ്ഞില്ല. അതാണ് മരണത്തിലേക്ക് നയിച്ചത്’- അദ്ദേഹം പറഞ്ഞു.
അതേസമയം 2018 ഫെബ്രുവരിയിൽ തന്നെ മരം അപകടാവസ്ഥയില്ലാണെന്നും മുറിച്ചു മാറ്റണമെന്നും കൗൺസിൽ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ആദ്യം സ്കൂളിന് പിഴ ചുമത്തിയത് 420,000 പൗണ്ട് ആയിരുന്നു. എന്നാൽ പിന്നീട് കുറ്റസമ്മതം കണക്കിലെടുത്താണ് 280,000 പൗണ്ട് ആക്കിയത്. നിലവിൽ അധിക ചെലവുകൾക്കൊപ്പം, 15 മാസത്തിനുള്ളിൽ മൊത്തം £288,201.80 പിഴയായി ഒടുക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ന് നടക്കുന്ന ആംബുലൻസ് പണിമുടക്ക് എൻഎച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കിനേക്കാൾ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എൻഎച്ച്എസ് മാനേജർമാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങൾക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോർട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയൻ നേതാക്കൾ നൽകിയിട്ടുണ്ട്.
യൂണിയനുകൾ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായില്ലെന്ന് പറയുമ്പോഴും ഇതിനെ സംബന്ധിച്ച് ഔപചാരികമായ ഒരു കരാറും നിലവിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ജി എം ബി , യൂണിസൺ എന്നിവയാണ് ഇന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂണിയനുകൾ . അടിയന്തര കോളുകളെ സംബന്ധിച്ച് ധാരണയിലെത്താത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ .
പണിമുടക്കിനെ നേരിടാൻ സൈന്യത്തോടൊപ്പം സമര മുഖത്തിറങ്ങാത്ത എൻഎച്ച്എസ് ജീവനക്കാരുടെ സേവനവും ഉപയോഗിക്കാനാണ് അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഇത്തവണ കൂടുതൽ ജീവനക്കാർ പണിമുടക്കുന്നതിനാൽ സ്ഥിതി ഗുരുതരമാകുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻ എച്ച് എസിലെ ചികിത്സാ കാത്തിരിപ്പിന്റെ സമയം വർധിച്ചതിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ അടുത്തകാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നേരത്തെ 13 മണിക്കൂറോളം ആംബുലൻസിൽ തന്നെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട വന്ന രോഗിയുടെ അനുഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ മൂന്ന് വെയർഹൗസ് യൂണിറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ. 1200 പേരാണ് മൂന്നിടങ്ങളിലായി ജോലി ചെയ്യുന്നത്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹെമൽ ഹെംപ്‌സ്റ്റെഡ്, ഡോൺകാസ്റ്റർ, ഗൗറോക്ക് എന്നിവിടങ്ങളിലെ സൈറ്റുകൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് മറ്റ് ആമസോൺ ലൊക്കേഷനുകളിൽ റോളുകൾ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.
അതേസമയം, പുതിയ ഫുൾഫിൽമെന്റ് സെന്ററുകളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോൺ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. കമ്പനിയിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ നെറ്റ്‌വർക്ക് സംവിധാനം മെച്ചപ്പെടുത്തുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇതിനായിട്ടാണ് പഴയ സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്നും മറ്റ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടച്ച് പൂട്ടുന്ന സൈറ്റുകളിലെ തൊഴിലാളികൾക്ക് മറ്റ് ഇടങ്ങളിൽ ജോലി നൽകാനാണ് ഒരുങ്ങുന്നത്.
നിലവിൽ ഏകദേശം 500 ജീവനക്കാർ ആമസോണിന്റെ ഹേമൽ ഹെംപ്‌സ്റ്റെഡ് സൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം അടുത്തുള്ള ഡൺസ്റ്റബിൾ വെയർഹൗസിലോ മറ്റ് സ്ഥലങ്ങളിലോ മാറ്റാനാണ് തീരുമാനം. 400 ജീവനക്കാരുള്ള ഡോൺകാസ്റ്റർ സൈറ്റിലെ ആളുകളെ ഡോൺകാസ്റ്ററിന്റെ ഐപോർട്ടിലെ മറ്റ് രണ്ട് നിർമ്മാണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്. പുതിയ ജോലി സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് പരിശീലനവും പ്രാക്ടിക്കൽ സെഷനുകളും നൽകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.