എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്താ
കർത്താവിൽ സ്നേഹിതരെ
ഒരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.നമ്മുടെ ജീവിത സാഹചര്യങ്ങളെ കർത്താവിന്റെ മനുഷ്യാവതര സംഭവങ്ങളുമായി ചേർത്ത് ചിന്തിക്കുകയും അതിലൂടെ ആശ്വാസവും പ്രത്യാശയും നേടുകയെന്നത് അനുഗ്രഹകരമായ ഒരു അനുശീലനമാണ്. അപ്പനേയും അമ്മയേയും നാടിനെയും പിരിഞ്ഞുള്ള യാത്ര അബ്രഹാമിൽ നാം കാണുന്നു. അത് ഒരുവിശ്വാസത്തിന്റെ യാത്രയാണ്. ചെല്ലുന്ന ഇടത്ത് ദൈവം സർവ്വതും ഒരുക്കും എന്നുള്ള ഉറപ്പിന്റെ നേരാണ് ആ യാത്രയുടെ ശക്തി. അപരിചിത ദേശത്ത് നമ്മുക്കു വേണ്ടി ആരോ പ്രവർത്തിക്കുന്നുണ്ടെന്ന ബോധം ഒരു തിരിച്ചറിവാണ്. നമ്മുടെ കഴിവിന്റയോ മേന്മയുടെയോ പ്രതിഫലമായിട്ടല്ല ജീവിതം നമ്മൾക്ക് നൽകുന്ന അനുഭവങ്ങൾ.
ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ പാർത്തതിന്റെ ഈ സദ് വാർത്താ കാലത്ത് ഒരു വേദപുസ്തക ഭാഗം കൂടി ഓർമ്മിപ്പിക്കുന്നു. ഹേരോദാരാജാവിന്റെ മരണം വരെ ജോസഫ് കുടുംബവുമായി മിസ്രയീമിൽ പ്രവാസികളായി കഴിഞ്ഞു (മത്താ. 2.15). യേശു കടന്നുപോകാത്ത മാനുഷിക പ്രതിസന്ധികളില്ല. തന്റെ മനുഷ്യ പരമ്പരയിൽ മോശയേ പോലെയുള്ള മഹാരഥൻമാർ അനുഭവിച്ച പ്രവാസ ജീവിതത്തിന്റെയും മരു പ്രയാണത്തിന്റെയും കനൽ വഴികളിലൂടെയാണ് ജോസഫ് അമ്മ മറിയത്തോടും കുഞ്ഞിനോടുമൊപ്പം മിസ്രേമിൽ പാർത്തത്. മൂന്നു മൂന്നര വർഷക്കാലം യേശു കുഞ്ഞു മോശയുടെ വഴിയിൽ പ്രവാസിയായിരുന്നു. അപരിചിതത്ത്വം മതിലായ, സ്വന്തംഭാഷയ്ക്ക് യാതൊരർത്ഥവുമില്ലാത്ത, പ്രാണസ്നേഹിതർ വഴി കാട്ടാനില്ലാത്ത , ഇനിയെന്ത് എന്ന ചോദ്യം മാത്രം എപ്പോഴും ഉയരുന്ന പ്രവാസത്തിന്റെ പെരും കാലം. പക്ഷേ ആ കഠിന കാലവും നമ്മൾ അതിജീവിക്കും. മോശയെ പോലെ രാജകുമാരൻമാരും രാജകുമാരിമാരുമായി നമ്മൾ ജീവിക്കും. അതാണ് ചരിത്രം. പക്ഷേ പലപ്പോഴും നമ്മുടെ ആദ്യ പ്രതിസന്ധികളുടെ നാളുകകളെയും കൂട്ടായി നിന്നവരെയും ചിലപ്പൊഴൊക്കെ നമ്മൾ മറക്കും. ഈ ക്രിസ്മസ് കാലം ഓർമ്മയുടേതാകട്ടെ . പൈതൽ പ്രായം മുതൽ ഈ പ്രവാസത്തിലും നമ്മേ നടക്കാൻ പ്രാപ്താനാക്കിയ ദൈവത്തേ ഓർക്കാം. നമ്മുടെ മനുഷ്യത്ത്വത്തിന്റ മാതൃകയും മൂശയുമായ മാതാപിതാക്കളെ ഓർക്കാം. ബലം നല്കിയ സൗഹൃദങ്ങളെ ഓർക്കാം. ഓർമയുടെ ഉതിർന്നു പോകാത്ത സ്നേഹത്തിൽ യേശു രക്ഷകന്റെ മനുഷ്യാവതര സ്മരണ തലമുറകൾക്ക് കൈമാറാം.
സ്നേഹ സുസ്മരണകളോടെ
എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്താ
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ:അന്തരിച്ച പെഡോഫിൽ ഫിനാൻഷ്യർ ജെഫറി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതിയുടെ പശ്ചാത്തലത്തിൽ ആൻഡ്രൂ രാജകുമാരനെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കി. ഇതേ തുടർന്ന് കൊട്ടാരവുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ നിലച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
രാജാവിന്റെ തീരുമാനത്തെ തുടർന്ന് കത്തിടപാടുകൾക്ക് പോലും രാജകുടുംബത്തിന്റെ വിലാസം ആൻഡ്രൂ രാജകുമാരന് ഇനി ഉപയോഗിക്കാൻ കഴിയില്ല. മൂന്നു വർഷം മുൻപാണ് ജോലിയിൽ നിന്ന് അദ്ദേഹം വിരമിച്ചത്. ഗ്രനേഡിയർ ഗാർഡ്‌സിന്റെ കേണലായ ഡ്യൂക്കിന്റെ പകരക്കാരനായി കോൺസോർട്ട് കാമില രാജ്ഞിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്.
2017 ൽ പിതാവ് എഡിൻബെർഗ് ഡ്യുക്കിൽ നിന്നാണ് ആൻഡ്രൂ രാജകുമാരന് ഗ്രനേഡിയർ ഗാർഡിന്റെ കേണൽ സ്ഥാനം ലഭിച്ചത്. 2019 ൽ അദ്ദേഹം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിയാൻ രാജ്ഞി നിർബന്ധിച്ചിരുന്നു. എന്നാൽ പിന്നീട് പലവിധ വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് സമവായത്തിൽ മുൻപോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതേസമയം രാജകുമാരൻ നാളെ കുടുംബത്തിലെ ക്രിസ്മസ് വിരുന്നിന്റെ ഭാഗമായി സാൻഡ്രിംഗ്ഹാമിൽ ചാൾസ് രാജാവിനോപ്പം ഒത്തുകൂടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വർണ്ണശബളമായ ലൈറ്റുകളുടെയും, ക്രിസ്മസ് അലങ്കാരങ്ങളുടെയും പശ്ചാത്തലത്തിൽ, തന്റെ അമ്മ എലിസബത്ത് രാജ്ഞിക്ക് പ്രണാമം അർപ്പിച്ച് ചാൾസ് രാജാവ് തന്റെ ക്രിസ്മസ് ദിന സന്ദേശം സെന്റ് ജോർജ് ചാപ്പലിൽ റെക്കോർഡ് ചെയ്തു. വിൻഡ്സർ കാസ്റ്റിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ രാജ്ഞിയുടെ മൃതദേഹം അടക്കിയ സ്ഥലത്തിനടുത്ത് നിന്നാണ് ചാൾസ് രാജാവ് തന്റെ പ്രസംഗം റെക്കോർഡ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സന്ദേശത്തിൽ അദ്ദേഹം എലിസബത്ത് രാജ്ഞിയെ സ്മരിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രസംഗ സമയത്ത് എടുത്ത ചിത്രത്തിൽ രാജാവ് കടും നിറത്തിലുള്ള നീല സ്യൂട്ട് ധരിച്ചിരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ അതേ പാതയിൽ വളരെ മനോഹരമായി വസ്ത്രം ധരിക്കണമെന്ന ആശയത്തെ ചാൾസ് രാജാവും പിന്തുടരുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
സാധാരണയായി എലിസബത്ത് രാജ്ഞി ബെക്കിങ്ഹാം കൊട്ടാരത്തിലെ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ടായിരുന്നു ക്രിസ്മസ് സന്ദേശം നൽകിയിരുന്നത്. എന്നാൽ ചാൾസ് രാജാവ് ഇത്തവണ മുഴുവൻ സമയവും നിന്നുകൊണ്ടാണ് പ്രസംഗം നൽകുന്നത്. 74കാരനായ പുതിയ രാജാവ് എന്താണ് പറയുന്നതെന്ന് കേൾക്കാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. രാജാവിന്റെ പിന്നിൽ കാണുവാൻ സാധിക്കുന്ന ക്രിസ്മസ് ട്രീയിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങളായ പൈൻ കോണുകളും മറ്റുമാണ് അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് രാജാവ് മുന്നോട്ടുവെക്കുന്ന പുതിയ മാർഗ്ഗദർശത്തെയാണ് വെളിവാക്കുന്നത്.
തന്റെ അമ്മയുടെ മാർഗ്ഗം പിന്തുടരുന്നതോടൊപ്പം തന്റേതായ ചില കയ്യൊപ്പുകളും പതിപ്പിക്കുന്നതിനാണ് രാജാവ് ശ്രമിക്കുന്നതെന്ന് സെന്റ് ജോർജ് ചാപ്പലിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വെളിവാകുന്നുണ്ടെന്ന് കൊട്ടാരത്തിന്റെ അടുത്ത വൃത്തങ്ങളിൽ ഒരാൾ വ്യക്തമാക്കി. ഹാരിയും മേഗനും ചേർന്ന് പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് അവസാനിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് രാജാവ് തന്റെ പ്രസംഗം റെക്കോർഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രസംഗത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കൊട്ടാരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യൻ പ്രീമിയർ ലീഗിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ തുക താര ലേലത്തിൽ ലഭിച്ചത് ഒരു ഇംഗ്ലണ്ടുകാരന് . ഇംഗ്ലണ്ട് ഓൾഡ് റൗണ്ടർ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടി രൂപയ്ക്കാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താര ലേല തുകയാണിത്.
ഇന്നലെ കൊച്ചിയിലാണ് 2023 -ലെ ഐപിഎലിനു വേണ്ടിയുള്ള താര ലേലം അരങ്ങേറിയത്. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഏറ്റവും കളി മികവാർന്ന താരമായിരുന്നു സാം കറൻ . ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻസ്റ്റോക്സിനും നല്ല തുകയാണ് ലഭിച്ചത്. 16.2 5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് . സാം കറൻെറ ജേഷ്ഠ സഹോദരനും ബോളിംഗ് ഓൾറൗണ്ടറുമായ ടോം കറനെ നിലവിൽ ലേലത്തിൽ ഒരു ടീമും വാങ്ങിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്രിസ്മസിനോട് അനുബന്ധിച്ചു രാജ്യത്തെ പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആദരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ പൊതുവായി അഭിസംബോധന ചെയ്യുന്നതിന് പകരം പാകിസ്ഥാൻ, സൊമാലിയ, ഉക്രെയ്ൻ, യുകെ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്രജ്ഞരെയും റോയൽ നേവി ജീവനക്കാരെയുമാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. ലോകം യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ആഘോഷിക്കുമ്പോഴും വിശ്രമം ഇല്ലാതെ നിങ്ങൾ നടത്തുന്ന ത്യാഗം ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
യുകെയിലെ വടക്കൻ ലണ്ടനിൽ സർക്കാർ സഹായത്തോടെ നടക്കുന്ന വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നവരുമായും ഋഷി സുനക് സംസാരിച്ചു. യുക്രൈനിലെ യുകെ എംബസിയിൽ ജോലി ചെയ്യുന്നവരെയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസ അറിയിക്കാൻ പ്രത്യേകം വിളിച്ചു. യുദ്ധത്തിൽ തകർന്നുപോയ യുക്രയ്ൻ ജനതയെ ചേർത്തുപിടിച്ചുള്ളതായിരുന്നു സുനകിന്റെ ക്രിസ്മസ് സന്ദേശം. യുക്രെനിയൻ ജനതയ്ക്കും, തൊഴിലാളികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ക്രിസ്മസിനെ വരവേൽക്കാൻ ലോകം ഒരുങ്ങി ഇരിക്കുന്ന സന്തോഷദിനത്തിൽ അമേരിക്കയിൽ മഞ്ഞുവീഴ്ച്ചയും തണുപ്പും മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതു കൂടാതെ കാറ്റ് കൂടുതൽ ശക്തമാകുമെന്നും പ്രസ്തുത മുന്നറിയിപ്പിൽ പറയുന്നു.
കാലാവസ്ഥ കൂടുതൽ മോശമായ സാഹചര്യത്തിൽ 4,200 വിമാന സർവീസുകളാണ് റദ്ദാക്കിയത്. എന്നാൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതിനാൽ വാഹനം ഓടിക്കുന്നതും തടസപ്പെടാനാണ് സാധ്യത . വ്യോമിംഗിലെ ഹൈവേ പട്രോളിംഗ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജോർജിയ, കെന്റക്കി, നോർത്ത് കരോലിന, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണങ്ങൾളാണ് ഏർപ്പെടുത്തിയിരിക്കുന്നത് .
കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്ന് പ്രസിഡന്റ് ജോബൈഡൻ പറഞ്ഞു . മുൻവർഷത്തെ മഞ്ഞുവീഴ്ച പോലെയല്ല ഇതെന്നും, പ്രാദേശികമായ മുന്നറിയിപ്പുകൾ മുഖവിലയ്ക്ക് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള തണുത്ത കാറ്റ് വെള്ളിയാഴ്ച്ചയോടെ കിഴക്കൻ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പല സ്ഥലങ്ങളിലും താപനില കുറയാനും ഇത് കാരണമാകും. ഡിസി, ഫിലാഡൽഫിയ, ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുന്നതുമൂലം യാത്ര ദുസ്സഹമാകാൻ സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ചുരുങ്ങിയതായി കണക്കുകൾ. 0.3% ചുരുങ്ങിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി രണ്ടോ മൂന്നോ മാസ കാലയളവിലേക്ക് ചുരുങ്ങുമ്പോൾ രാജ്യം മാന്ദ്യത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ശമ്പളം കുറയുന്നു, തൊഴിലില്ലായ്മ വർദ്ധിക്കുന്നു, ബിസിനസ് നിക്ഷേപം കുറയുന്നു തുടങ്ങിയവയാണ് പ്രശ്നങ്ങൾ. “പുതുക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഞങ്ങൾ കണക്കാക്കിയതിലും കുറവായിരുന്നു ഉത്പാദനം.” ഒഎൻഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.
കുതിച്ചുയരുന്ന ഊർജവും ഭക്ഷ്യവിലയും പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. കഴിഞ്ഞ ആഴ്ച, ഒഎൻഎസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് , ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങി എന്നാണ്. യുകെ ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന മാന്ദ്യത്തിലേക്ക് വീഴുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (ഒബിആർ) മുന്നറിയിപ്പ് നൽകി.
വളർച്ച ക്രമേണ വീണ്ടും ഉയരുന്നതിന് മുമ്പ് 2023 ൽ സമ്പദ്‌വ്യവസ്ഥ 1.4% ചുരുങ്ങുമെന്ന് അവർ പ്രവചിച്ചു. ഇത് കാരണം കുതിച്ചുയരുന്ന വില നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്നും വീടുകളുടെ വില കുത്തനെ കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച, ബാങ്ക് പലിശ നിരക്ക് 3.5% ആയി ഉയർത്തി. ഇത് 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയാണ്. ഇത് മോർട്ട്ഗേജുകളും വായ്പകളും ഉള്ള ആളുകളുടെ തിരിച്ചടവ് ചിലവ് വർദ്ധിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ക്രിസ്മസ് ദിനത്തിൽ വളരെ സാധാരണമായ കാലാവസ്ഥയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ ആശ്വസിച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ പുതിയ മുന്നറിയിപ്പ് ഭയപ്പെടുത്തുന്നതാണ്. ക്രിസ്മസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന് അറിയിപ്പ് നേരത്തെ ഉണ്ടായെങ്കിലും, അതിനുശേഷം താപനില ശരാശരിയിലും താഴെ പോകുമെന്നാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ -11 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ജനുവരി 4 വരെ ഇത്തരത്തിൽ പല സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും, കാറ്റും എല്ലാം തന്നെ ഉണ്ടാകുമെന്ന് പുതിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ ശൈത്യകാലത്ത് ഉണ്ടാകുന്ന മഴയ്ക്കും സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിൽ കാലാവസ്ഥ മേഘാവൃതമാകുന്നതോടൊപ്പം ഇടയ്ക്കുള്ള മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ക്രിസ്തുമസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന താപനില അതിനുശേഷം കനത്ത നിലയിൽ കുറയും. നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും കാലാവസ്ഥ ഏകദേശം ഇത്തരത്തിൽ തന്നെ ഉണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിൽ താപനില കുറയുന്നത് അനുസരിച്ച് ചിലയിടങ്ങളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഞ്ഞു മഴ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. കനത്ത മഞ്ഞു മൂലം വാട്ടർ പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അവയെല്ലാം ക്രമീകരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗാവസ്ഥയുള്ളവർ വീടുകളിൽ തങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായ താപനില നിലനിർത്തുവാൻ ശ്രമിക്കണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്. ശരീരത്തിന് ചൂട് നൽകുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ എല്ലാവരും ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പൊതുഗതാഗതത്തിന് സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളുടെ നിരക്കുകൾ കൂട്ടിയത് ഇരട്ടടിയാകും. അടുത്തവർഷം ഇംഗ്ലണ്ടിലെ റെയിൽ നിരക്കുകൾ 5.9 ശതമാനം ഉയരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2023 മാർച്ച് 5 -നാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് നിരക്ക് വർദ്ധനവ് കടുത്ത വെല്ലുവിളിയാകും.
യാത്രക്കാരുടെ അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ചെറിയ തോതിലുള്ള വർദ്ധനവെ നടപ്പാക്കിയുള്ളൂ എന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. എന്നാൽ 2010 മുതൽ ഇതുവരെ റെയിൽ നിരക്കുകളിൽ ശരാശരി 58% വർദ്ധനവ് ഉണ്ടായതായി ലേബർ പാർട്ടി ചൂണ്ടിക്കാട്ടി . പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ നിരക്ക് വർദ്ധനവ് അസുഖകരമായതായിരിക്കും എന്നാണ് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്ഗ് പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആശുപത്രിയിൽ നിന്ന് ഗുളിക മോഷ്ടിച്ചതിനെ തുടർന്ന് നേഴ്സിനെ പിരിച്ചുവിട്ടു. മെഴ്‌സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിലായിരുന്നു സംഭവം. വുൾട്ടൺ സ്വദേശിനി നേഴ്സ് ഫ്രാൻസെസ്ക മോർഗനെ(32)തിരെയാണ് നടപടിയെടുത്തത്. ജോലി ചെയ്യുന്ന ഷിഫ്റ്റിനിടയിൽ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫാർമസിയിൽ നിന്ന് ഗുളിക എടുത്തു കഴിക്കുകയായിരുന്നു.
കോ-കോഡമോൾ ഗുളികയും പാരസെറ്റമോൾ ഗുളികയുമാണ് ഫ്രാൻസെസ്ക തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എടുത്ത് കഴിച്ചത്. ഫാർമസിയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുളിക മോഷണം നടന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഗുളിക നഷ്ടപ്പെടുന്നെന്ന അനുമാനത്തിൽ ഫാർമസിയിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലാണ് മോർഗൻ ഗുളിക എടുത്തു കഴിക്കുന്ന ദൃശ്യം പതിഞ്ഞത്. ഇതിനെ തുടർന്നാണ് ആശുപത്രി അധികൃതർ നടപടി എടുത്തത്.
വിറൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വാദം കേട്ടത്. ജൂൺ മാസം ഗുളിക എടുത്ത് കഴിച്ചത് മോർഗൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ അതേസമയം ഫാർമസിയിൽ നിന്നും ഗുളികകൾ ഇതിനു മുൻപും നഷ്ടപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ യ്വോന ഡോബ്സൺ കോടതിയെ അറിയിച്ചു. നേഴ്സ് ഗുളിക എടുത്ത് ഉപയോഗിച്ചതിന്റെ തെളിവ് ക്യാമറ ദൃശ്യത്തിൽ നിന്നും വ്യക്തമാണെന്നും, പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞെന്നും അവർ കൂട്ടിചേർത്തു.