ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പതിനെട്ടു വയസുകാരിയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസുകാരൻ കുറ്റകാരനെന്ന് കോടതി. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. രാത്രിയിൽ യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കേസിൽ സൗത്ത് യോർക്ക്ഷെയർ പിസിയും, 4 കുട്ടികളുടെ പിതാവായ പോൾ ഹിഞ്ച്ക്ലിഫാണ്(46) അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതിയ്ക്ക് ദ്വായാർത്ഥം നിറഞ്ഞ രീതിയിൽ ഇയാൾ മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്.

ലീഡ്‌സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, 2020 ഒക്ടോബർ 3-ന് സൗത്ത് യോർക്ക്ഷെയറിലെ വാത്ത്-അപ്പൺ-ഡിയേണിലുള്ള വെതർസ്‌പൂൺസ് പബ്ബിൽ നടന്ന സംഭവത്തെ കോടതി ശരിവെച്ചു. വാദം കേൾക്കുമ്പോൾ ഹിഞ്ച്ക്ലിഫ് കരയുകയായിരുന്നു. എന്നാൽ ഇത് വിചിത്ര സംഭവമല്ലെന്നും, അയാൾ എന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ് മോശമായി സംസാരിച്ചതെന്നും, അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് കേസിലെ ഇര കോടതിയെ അറിയിച്ചു. ‘എന്റെ ചിത്രങ്ങൾ അയാൾ മറ്റുള്ളവരെ കാണിക്കുകയും, എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്’- അവർ പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അക്രമവും ലൈംഗികചുവയുള്ള സംസാരവുമാണ് കേസിൽ പ്രതിക്കെതിരെ ചുമത്തിയത്. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിചാരണയിൽ ഇര ഫോട്ടോ എടുക്കാൻ സമ്മതം നൽകിയിരുന്നു എന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. അതെ തുടർന്ന് നടന്ന വിശദമായ വാദത്തിലാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കൂളിൽ മരം വീണ് ആറ് വയസുകാരി മരിച്ച സംഭവത്തിൽ സ്കൂളിന് 280000 പൗണ്ട് പിഴ ചുമത്തി. 2020 സെപ്റ്റംബർ മാസം 5 -ന് ന്യൂകാസിലിലെ ഗോസ്ഫോർത്ത് പാർക്ക് ഫസ്റ്റ് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. എല്ല ഹെൻഡേഴ്സൺ എന്ന ആറ് വയസുകാരിയാണ് അപകടത്തിൽ മരണപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ സ്കൂളുകളിലും ഏർപ്പെടുത്തണം എന്ന് നിയമം നിലനിൽക്കേയാണ് സ്കൂളിൽ ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചതെന്ന് കേസിൽ കോടതി ചൂണ്ടിക്കാട്ടി. എല്ലയുടെ മരണത്തിന് കാരണമായ മരം വെട്ടിമാറ്റേണ്ടതായിരുന്നു എന്ന് സൗത്ത് ടൈനെസൈഡ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണു മുൻപും നിരവധി കുട്ടികൾക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്നും ഹെൽത്ത് ആന്റ് സേഫ്റ്റി എക്സിക്യൂട്ടീവിന് (എച്ച്എസ്ഇ) വേണ്ടി പ്രോസിക്യൂട്ട് ചെയ്ത ജെയിംസ് ടോവി പറഞ്ഞു. സ്കൂൾ മൈതാനത്തിനു സൈഡിൽ നിൽക്കുന്നതിനാൽ അപകടം തുടർകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലയുടെ മുകളിൽ വീണത് ഭാരം കൂടുതലുള്ള ശിഖരം ആയതിനാൽ സ്കൂളിലെ സ്റ്റാഫുകൾക്ക് എടുത്തു മാറ്റാൻ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചത്. മുൻപ് കുട്ടികൾക്കു മുകളിൽ മരചില്ല വീണപ്പോൾ എടുത്തു മാറ്റാൻ കഴിഞ്ഞിരുന്നു . എന്നാൽ എല്ലയ്ക്ക് മുകളിൽ വീണത് യഥാസമയം മാറ്റാൻ കഴിഞ്ഞില്ല. അതാണ് മരണത്തിലേക്ക് നയിച്ചത്’- അദ്ദേഹം പറഞ്ഞു.

അതേസമയം 2018 ഫെബ്രുവരിയിൽ തന്നെ മരം അപകടാവസ്ഥയില്ലാണെന്നും മുറിച്ചു മാറ്റണമെന്നും കൗൺസിൽ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ആദ്യം സ്കൂളിന് പിഴ ചുമത്തിയത് 420,000 പൗണ്ട് ആയിരുന്നു. എന്നാൽ പിന്നീട് കുറ്റസമ്മതം കണക്കിലെടുത്താണ് 280,000 പൗണ്ട് ആക്കിയത്. നിലവിൽ അധിക ചെലവുകൾക്കൊപ്പം, 15 മാസത്തിനുള്ളിൽ മൊത്തം £288,201.80 പിഴയായി ഒടുക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ന് നടക്കുന്ന ആംബുലൻസ് പണിമുടക്ക് എൻഎച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കിനേക്കാൾ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എൻഎച്ച്എസ് മാനേജർമാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങൾക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോർട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയൻ നേതാക്കൾ നൽകിയിട്ടുണ്ട്.

യൂണിയനുകൾ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായില്ലെന്ന് പറയുമ്പോഴും ഇതിനെ സംബന്ധിച്ച് ഔപചാരികമായ ഒരു കരാറും നിലവിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ജി എം ബി , യൂണിസൺ എന്നിവയാണ് ഇന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂണിയനുകൾ . അടിയന്തര കോളുകളെ സംബന്ധിച്ച് ധാരണയിലെത്താത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ .

പണിമുടക്കിനെ നേരിടാൻ സൈന്യത്തോടൊപ്പം സമര മുഖത്തിറങ്ങാത്ത എൻഎച്ച്എസ് ജീവനക്കാരുടെ സേവനവും ഉപയോഗിക്കാനാണ് അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഇത്തവണ കൂടുതൽ ജീവനക്കാർ പണിമുടക്കുന്നതിനാൽ സ്ഥിതി ഗുരുതരമാകുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻ എച്ച് എസിലെ ചികിത്സാ കാത്തിരിപ്പിന്റെ സമയം വർധിച്ചതിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ അടുത്തകാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നേരത്തെ 13 മണിക്കൂറോളം ആംബുലൻസിൽ തന്നെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട വന്ന രോഗിയുടെ അനുഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ മൂന്ന് വെയർഹൗസ് യൂണിറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ. 1200 പേരാണ് മൂന്നിടങ്ങളിലായി ജോലി ചെയ്യുന്നത്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹെമൽ ഹെംപ്‌സ്റ്റെഡ്, ഡോൺകാസ്റ്റർ, ഗൗറോക്ക് എന്നിവിടങ്ങളിലെ സൈറ്റുകൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് മറ്റ് ആമസോൺ ലൊക്കേഷനുകളിൽ റോളുകൾ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം, പുതിയ ഫുൾഫിൽമെന്റ് സെന്ററുകളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോൺ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. കമ്പനിയിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ നെറ്റ്‌വർക്ക് സംവിധാനം മെച്ചപ്പെടുത്തുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇതിനായിട്ടാണ് പഴയ സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്നും മറ്റ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടച്ച് പൂട്ടുന്ന സൈറ്റുകളിലെ തൊഴിലാളികൾക്ക് മറ്റ് ഇടങ്ങളിൽ ജോലി നൽകാനാണ് ഒരുങ്ങുന്നത്.

നിലവിൽ ഏകദേശം 500 ജീവനക്കാർ ആമസോണിന്റെ ഹേമൽ ഹെംപ്‌സ്റ്റെഡ് സൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം അടുത്തുള്ള ഡൺസ്റ്റബിൾ വെയർഹൗസിലോ മറ്റ് സ്ഥലങ്ങളിലോ മാറ്റാനാണ് തീരുമാനം. 400 ജീവനക്കാരുള്ള ഡോൺകാസ്റ്റർ സൈറ്റിലെ ആളുകളെ ഡോൺകാസ്റ്ററിന്റെ ഐപോർട്ടിലെ മറ്റ് രണ്ട് നിർമ്മാണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്. പുതിയ ജോലി സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് പരിശീലനവും പ്രാക്ടിക്കൽ സെഷനുകളും നൽകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാരി രാജകുമാരനെ ചുറ്റിപറ്റിയാണ് അനുദിനം വാർത്തകൾ പുറത്ത് വരുന്നത്. പുസ്തകമായ സ്പെയറിനെ സംബന്ധിച്ചും, ഇന്റർവ്യൂകളോടും ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം വിശദീകരണം നടത്താൻ തയാറായിരുന്നില്ല. എന്നാൽ ഇപ്പോൾ അടിയന്തിര പ്രതികരണവുമായി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. ജനുവരി 9 ന് റിലീസ് ചെയ്ത മൂന്നാമത്തെ അഭിമുഖത്തിലും രാജകുടുംബത്തെ കുറിച്ചുള്ള പല നിർണായക വിവരങ്ങളും ഉള്ളതിനാലാണ് തിടുക്കപ്പെട്ടുള്ള നടപടിയെന്നാണ് പുറത്തുവരുന്ന നിർണായക വിവരം.

അഭിമുഖം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും, അഭിമുഖത്തിന്റെ മുഴുവൻ പകർപ്പും ഉടൻ തന്നെ കൊട്ടാരത്തിൽ എത്തിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും എബിസി അവതാരകൻ മൈക്കൽ സ്ട്രാഹാൻ വിശദീകരിച്ചു. എന്നാൽ കൊട്ടാരത്തിന്റെ അഭ്യർത്ഥന നിരസിച്ചതയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കാമിലയുടെ പ്രതിശ്ചായ തകർക്കാൻ അഭിമുഖത്തിലൂടെ ഹാരി ശ്രമിച്ചു, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് കൊട്ടാരം അധികൃതർ പറഞ്ഞു.

സി എൻ എനിന് നൽകിയ അഭിമുഖത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള കാമിലയുടെ ശ്രമം അവളെ അപകടകാരി ആക്കിയെന്നും ഹാരി കുറ്റപ്പെടുത്തി. ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹാരിയുടെ സ്‌പെയർ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം രാജ്ഞിയുടെ മരണത്തെ തുടർന്നാണ് വൈകിയത്. യുകെയിലെ ഐടിവിക്ക് നൽകിയ അഭിമുഖം വിവാദം ആയ പശ്ചാത്തലത്തിലാണ് മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്റ്റോക്ക്പോർട്ടിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഷപദാർത്ഥം ഉള്ളിൽ ചെന്ന് മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്താണ് വിഷം വാങ്ങിയതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഓൺലൈൻ ബ്ലോഗ്ഗർ ബെത്ത് മാത്യൂസ് (26) എന്ന യുവതിയാണ് പ്രോട്ടീൻ പൗഡർ എന്ന വ്യാജേനെ വിഷം കഴിച്ചു മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഫോളോവേഴ്‌സ് ഉള്ള ബെത്ത് കോൺവാൾ സ്വദേശിയായിരുന്നു. കേസിൽ കോടതിയിൽ വാദം നടന്നപ്പോൾ ബെത്ത് അങ്ങനെ ചെയ്യില്ലെന്നും ജീവിതത്തിലേക്ക് ആളുകളെ മടക്കി കൊണ്ടുവരാൻ ആയിരുന്നു അവൾക്ക് ഇഷ്ടമെന്നും പരാമർശം ഉണ്ടായി.

വിഷാശം ഉള്ളിൽ ചെന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 21 ന് പാരമെഡിക്കുകളെ വിളിച്ചെന്നു കോടതിയിൽ അറിയിച്ചിട്ടുണ്ട്. പോസ്റ്റൽ മാർഗം എത്തിയ ഒരു ഭക്ഷണം ബെത്ത് കഴിച്ചെന്നും, അതെ തുടർന്ന് ബോധരഹിത ആയെന്നും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെന്നും, അവിടെ വെച്ചാണ് മരണം നടന്നതെന്നും അസിസ്റ്റന്റ് കോറോണർ ആൻഡ്രൂ ബ്രിഡ്ജ്മാൻ കോടതിയെ അറിയിച്ചു. ആശുപത്രിയിലെ നിയമം അനുസരിച്ചു പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നതിനു തടസം ഒന്നുമില്ല. അവിടുത്തെ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ബെത്ത് ഭക്ഷണം കഴിച്ചത്. എന്നാൽ അതിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, ബെത്തിന്റെ അമ്മ ജെയിനിന്റെ മൊഴിയും കോടതിയിൽ രേഖപ്പെടുത്തി. തന്റെ മകൾ മിടുക്കി ആയിരുന്നു എന്നും, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതായിരുന്നു അവളുടെ പ്രധാന പരിപാടിയെന്നും അമ്മ പറഞ്ഞു. ‘സ്പോർട്സിനോട് വല്ലാത്ത താല്പര്യം ഉണ്ടായിരുന്നു. റേസിംഗ് അവളുടെ ജീവവായു ആയിരുന്നു.15-ാം വയസ്സിൽ കഠിനമായ ഫാസ്റ്റ്‌നെറ്റ് റേസ് പൂർത്തിയാക്കി. 15 -മത്തെ വയസ്സിലെ ആത്മഹത്യാ ശ്രമത്തിന് ശേഷമാണ് മാനസിക ആരോഗ്യത്തെ കുറിച്ച് ബ്ലോഗ് ചെയ്യാൻ തുടങ്ങിയത് ‘- അമ്മ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻ എച്ച്എസിലെ നേഴ്സുമാർ മെച്ചപ്പെട്ട വേതന വർദ്ധനവിനായി നടത്തിയ സമരത്തെ തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ . ചർച്ചകളിൽ കാര്യമായ പുരാഗതയിൽ ഉണ്ടായില്ലെങ്കിൽ ജനുവരി 18നും 19നും വീണ്ടും സമരം നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ഇന്നലെ നടത്തിയ ചർച്ചകളെ നിരാശജനകമെന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതിനിധികൾ വിശേഷിപ്പിച്ചത് . മറ്റൊരു യൂണിയനായ യൂണിസനും ചർച്ചകളിൽ കാര്യമായ സംതൃപ്തി പ്രകടിപ്പിച്ചില്ല. യൂണിയനുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നെങ്കിലും ചർച്ചകൾ ക്രിയാത്മകമായിരുന്നു എന്നാണ് സർക്കാർ പ്രതിനിധികൾ പറഞ്ഞത്.

പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട വേതന വർദ്ധനവിനായി രാജ്യത്തെ ഒട്ടുമിക്ക തൊഴിലാളി യൂണിയനുകളും സമരത്തിൻറെ പാതയിലാണ്. ആവശ്യ മേഖലകളിൽ സമരങ്ങൾ ഒഴിവാക്കുന്നതിനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ സമരങ്ങൾ അവസാനിപ്പിക്കുന്നതിനായി വൺ ഓഫ് പെയ്മെൻറ് നൽകുന്നതിനുള്ള നിർദ്ദേശമാണ് പ്രധാനമന്ത്രി റിഷി സുനക്കിനുള്ളത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മൂന്ന് മാസം മുൻപ് ലൂട്ടണിൽ എത്തിയ മലയാളി വിദ്യാർത്ഥിനികൾ നേരിട്ടത് സമാനതകളില്ലാത്ത തട്ടിപ്പ്. താമസസ്ഥലം ശരിയാക്കി തരാം എന്ന വ്യാജേന മലയാളിയായ ഏജന്റ് തന്നെയാണ് മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയത്. കോഴിക്കോട് സ്വദേശി അസ്മത്ത്, പാലക്കാട് സ്വദേശി അഖില, ആലപ്പുഴ സ്വദേശി സുൽഫി എന്നിവർ ചേർന്ന് 60,000 രൂപയാണ്(ഏകദേശം 600 പൗണ്ട്) ഏജന്റിന് കൈമാറിയത്. കടം മേടിച്ചും മറ്റും വലിയ തുക മുടക്കിയാണ് യുകെയിൽ പഠനത്തിനായി എത്തിയതെന്നും ദൈനംദിന ചിലവുകൾ പോലും നിറവേറ്റാൻ കഴിയുന്നില്ലെന്നും, അതിനാൽ പണം തിരികെ വേണമെന്നുമാണ് മൂവരുടെയും ആവശ്യം.
ലൂട്ടണിലെ ഹെർട്ട്‌ഫോർഡ്‌ഷെയർ സർവകലാശാലയിൽ പ്രവേശനം നേടിയ മൂന്നു വിദ്യാർത്ഥിനികൾ യുകെയിൽ എത്തുന്നതിനു മുൻപാണ് ഏജന്റിന് പണം നൽകിയത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് ചതിവ് മനസിലായതെന്നും, പണം തിരികെ ആവശ്യപ്പെട്ട് അയാളെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്നും, എടുത്താൽ തന്നെ പകുതി പണം തിരികെ തരാൻ ശ്രമിക്കാമെന്നുമാണ് ഭാഷ്യം. സാഹചര്യങ്ങൾ മോശം ആയതിനാൽ പണം തിരികെ ലഭിക്കാതെ പറ്റില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
എന്നാൽ ഏജന്റിനെ വിളിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്ന് വിദ്യാർത്ഥിനിയായ അസ്മത്ത് പറയുന്നു. ജനുവരി 6 -ന് ഏജന്റിനെ വിളിച്ചപ്പോൾ, തെറിയും അതിനോടൊപ്പം കൊല്ലുമെന്ന് ഭീഷണിവരെ ഉയർത്തി. ജീവനോടെ നാട്ടിലേക്ക് മടങ്ങില്ലെന്നും, ശവപ്പെട്ടി മേടിക്കേണ്ടി വരുമെന്നും അവർ ഭീഷണിയുയർത്തി. അയാളുടെ ആളുകൾ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും വിദ്യാർത്ഥികൾ ചൂണ്ടികാട്ടുന്നു. സംഭവത്തെ തുടർന്ന് അസ്മത്ത് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ലണ്ടൻ: ഹാരി രാജകുമാരന്റെ വാക്കുകൾ അനുദിനം ചർച്ചയാവുകയാണ്. ഇപ്പോഴിതാ, തന്റെ അമ്മ മരണശേഷവും ജീവിച്ചിരിപ്പുണ്ടെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. 1997 ൽ പാരീസിൽ വെച്ച് നടന്ന കാർ അപകടത്തിൽ ഡയാനയും ഡോഡി അൽ-ഫയീദും കൊല്ലപ്പെട്ടതിന് ശേഷം ഒളിഞ്ഞിരിക്കുകയാണെന്നാണ് ടോം ബ്രാഡ്ബിയുമായി നടത്തിയ അഭിമുഖത്തിൽ ഹാരി പറഞ്ഞത്. പുസ്തകത്തിലും ഇതിനെ കുറിച്ച് പരാമർശമുണ്ട്.

‘നിങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഒളിവിലായിരുന്നുവെന്നും നിങ്ങൾ സംസാരിക്കുന്ന രീതിയാണ് പുസ്തകത്തിൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത്.’ മുൻ റോയൽ റിപ്പോർട്ടർ ബ്രാഡ്‌ബി ഹാരിയോട് പറഞ്ഞു. നിങ്ങൾ സ്വപ്നത്തിലാണോ ഇത് കണ്ടതെന്നുള്ള ചോദ്യത്തിന് അതെ എന്നുള്ള രീതിയിലാണ് ഹാരി തലയാട്ടിയത്. പുസ്തകത്തിന്റെ ആദ്യഭാഗം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ വിവരണമാണല്ലോ എന്നുള്ള ചോദ്യത്തിന് അതെ എന്നും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഇഞ്ചുറി എന്നാണ് ഞാൻ വിളിക്കുന്നതെന്നും, ഡിസോർഡർ എനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല കാര്യങ്ങളെ കുറിച്ചും ഹാരി തുറന്ന് സംസാരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പലപ്പോഴും പുറത്ത് വന്നിരുന്നു. എന്നാൽ ഇതുവരെ അതിന് തയാറായിട്ടില്ല. പല കാര്യങ്ങളിലും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പക്ഷം കേൾക്കാൻ കഴിയാതെ പോയിട്ടുണ്ടെന്നും ബ്രാഡ്ബി കൂട്ടിച്ചേർത്തു. അമ്മയുടെ വേർപാടിൽ ഞാൻ കരഞ്ഞെന്നും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവമാണ് അതെന്നും ഹാരി പറഞ്ഞു.
ലണ്ടൻ: ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. ലോറൻ ബ്ലാക്ക് (36) എന്ന സ്ത്രീയാണ് മരിച്ചത്. ഗെയിമിൽ ലോഗിൻ ചെയ്യാത്തത് കാരണം മറ്റ് സുഹൃത്തുക്കൾ അലാറം മുഴക്കിയതിനെ തുടർന്നാണ് ദാരുണമായ സംഭവം. യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗെയിമർമാർ സ്കോട്ട്‌ലൻഡിലെ പോലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് മരണവാർത്ത പുറത്തുവന്നത്.

റെൻഫ്രൂവിലെ എഡ്ഗർ ക്രസന്റിലുള്ള വീട്ടിലായിരുന്നു 36 കാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ കഴിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇസ്രായേലിൽ നിന്നും ഗെയിമിൽ പങ്കെടുക്കുന്ന സുഹൃത്ത് ഇയാൽ എൽഹദാദാണ് വിവരം പോലീസിനെ അറിയിച്ചത്. ‘ലോറനും ഞാനും കഴിഞ്ഞ നാല് വർഷമായി എല്ലാ ദിവസവും സംസാരിക്കുന്നു. കുറച്ച് ദിവസങ്ങളായി മെസേജിനു മറുപടിയോ വിളികളോ ഇല്ലായിരുന്നു. അതാണ് സംശയം ജനിപ്പിച്ചത്’ – അദ്ദേഹം പറഞ്ഞു.

ലോറന്റെ ആകസ്മിക വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കൾ. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഒരാൾ ഇനി കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ലോകമെമ്പാടും നൂറുകണക്കിന് ആളുകളാണ് അവളുടെ വിയോഗത്തിൽ കരയുന്നതെന്നും ഇയാൽ പറഞ്ഞു.