Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ പ്രമുഖ വ്യവസായിയും അലൈഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് തോമസിൻ്റ മാതാവും ഏറത്ത് എ. ഒ തോമസിൻ്റെ ഭാര്യയുമായ ഏലികുട്ടി തോമസ് (78) നിര്യാതയായി. മക്കൾ ജോയി തോമസ് (യുകെ), റോബിൻ തോമസ് (യുകെ ), കരോളിൻ ഷാജ് സ്രാമ്പിക്കൽ (പാലാ), ബെറ്റി ജോഷി കുന്നത്ത് പുരയിടം (വിളക്കുമാടം).

മൃത സംസ്കാര ശുശ്രൂഷകൾ 9-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 – ന് ആരംഭിച്ച് രാമപുരം അടുത്ത് നീറന്താനം സെൻ്റ്. തോമസ് ദേവാലയത്തിലെ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ ബന്ധുമിത്രാദികളോടൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഡിസംബർ മാസം യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട്‌ പുറത്ത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയർന്ന പലിശനിരക്കുമാണ് ഇതിനു പ്രധാനകാരണമെന്നും കണക്കുകൾ പറയുന്നു. നവംബറിനെ അപേക്ഷിച്ച് 1.5% ആണ് ഡിസംബറിൽ വില കുറഞ്ഞത്. നിലവിൽ യുകെയിലെ വീടിന്റെ ശരാശരി വില £281,272 ആണെന്നാണ് ഹാലിഫാക്സ് പറയുന്നത്.

അനുദിനം ജീവിത ചിലവുകൾ വർദ്ധിക്കുകയാണ്. ഗാർഹിക ബില്ലുകളിലെ വർധനവാണ് താങ്ങാൻ കഴിയാത്തത്. എന്നാൽ പലിശനിരക്ക് ഉയരുന്നതും വിപണിയെ മന്ദഗതിയിലാക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നാണെന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു. വീട് വാങ്ങുന്നവരും വിൽക്കുന്നവരും വരും വർഷങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ മാസത്തിൽ ഇടിവ് വിപണി കണ്ടതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിലാണെന്നും അതിനാൽ വരും വർഷങ്ങളിൽ കൂടുതൽ കരുതലോടെ വാങ്ങൽ വിൽക്കൽ ഇടപാടുകൾ നടത്തണമെന്ന് ഹാലിഫാക്സ് മോർട്ട്ഗേജ് ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു.

നവംബർ മാസം 4.6 ശതമാനമാണ് വിലവർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഡിസംബറിലേക്ക് എത്തിയപ്പോൾ നേർ പകുതിയായി കുറയുകയാണ് ഉണ്ടായത്. പലിശ നിരക്ക് ഇക്കാലയളയവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബർ മുതൽ ഒമ്പത് തവണ നിരക്കുകൾ കുത്തനെ കൂട്ടി. വിലകയറ്റം കുറയ്ക്കാൻ ആണെന്ന് അഭിപ്രായപ്പെടുമ്പോഴും സൃഷ്ടിച്ചത് കനത്ത പ്രതിസന്ധി തന്നെയാണ്. ഇത് പണപെരുപ്പത്തിലേക്ക് നയിച്ചു. നിലവിൽ 3.5% ആണ് പലിശ നിരക്ക്. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയറിനെ ചുറ്റിപറ്റി അനുദിനം വാർത്തകൾ പുറത്ത് വരികയാണ്. ദിനംതോറും വലിയ ചർച്ചകളിലേക്കാണ് ഇവ നയിക്കുന്നത്. കാമിലയെ വിവാഹം കഴിക്കരുതെന്ന് താനും വില്യം രാജകുമാരനും പിതാവിനോട് ആവശ്യപ്പെട്ടത് പോലുള്ള രാജകുടുംബത്തിലെ ആവലാതികളും കയ്പുമാണ് പുസ്തകം പ്രധാനമായും വിവരിക്കുന്നത്. ഇതിനിടയിൽ വില്യം തന്നെ ശാരീരികമായി ആക്രമിച്ചു എന്നുള്ള വാദം പുസ്തകത്തെ കൂടുതൽ ചർച്ചകളിൽ സജീവമാക്കി.

പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങും. വിവാദങ്ങൾ സൃഷ്ടിച്ച പല സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.1980 കളിൽ മേജർ ജെയിംസ് ഹെവിറ്റുമായി തനിക്ക് അഞ്ച് വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്ന് ഹാരിയുടെ അമ്മ ഡയാന രാജകുമാരി മരിക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇതുൾപ്പടെയുള്ള കാര്യങ്ങളിലാണ് പുസ്തകം ഇറങ്ങുന്നതോടെ വ്യക്തത വരാൻ പോകുന്നത്. ഹാരിയുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ആർമി ഹെലികോപ്റ്റർ പൈലറ്റെന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

ഹാരിയും വില്യമും കാമിലയെ കല്യാണം കഴിക്കരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായി പുസ്തകം പറയുന്നു. ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ള ഭയത്താൽ ആയിരുന്നു ഇതെന്നും ഹാരി കൂട്ടിച്ചേർത്തു. കുടുംബത്തിലെ അംഗമാകുന്നതിനു മുൻപ് താനും സഹോദരനും കാമിലയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി ഹാരി അവകാശപ്പെടുന്നതായി ദി സൺ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. 17 -മത്തെ വയസിൽ കൊക്കയിൻ ഉപയോഗിച്ച് തുടങ്ങിയെന്നും, മുതിർന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും,മേഗനുമായുള്ള വിവാഹത്തിനെതിരെ കുടുംബം പലതരത്തിൽ ദ്രോഹിച്ചെന്നും പുസ്തകം സാക്ഷ്യപെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വെസ്റ്റ് മിഡ്‌ലാൻഡിലെ നേഴ്‌സറിയിൽ ഒരു വയസുള്ള ആൺകുട്ടി മരിച്ച സംഭവത്തിൽ ആറ് സ്ത്രീകൾ അറസ്റ്റിൽ. ഡിസംബർ 9 നായിരുന്നു സംഭവം. ഡഡ്‌ലിയിലെ ഫെയറിടെയിൽസ് ഡേ നേഴ്‌സറി ഓഫ്‌സ്റ്റഡ് പോലീസ് സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേസിൽ അറസ്റ്റിലായവരിൽ രണ്ട് പേരാണ് ഇതിന് പിന്നിലെ പ്രധാനികളെന്നാണ് പോലീസ് സംശയിക്കുന്നത്. ബോൺ സ്ട്രീറ്റിലെ നേഴ്‌സറി നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. കേസിലെ പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് 51, 53, 37 വയസ്സ് പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു.

20, 23, 50 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പേരെ ഡിസംബർ 16 ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കി.

ഡിസംബർ 9 നായിരുന്നു കുട്ടിയുടെ മരണം. സംഭവത്തെ തുടർന്ന് ബോൺ സ്ട്രീറ്റിലേക്ക് പാരാമെഡിക്കുകളെയും ഒരു എയർ ആംബുലൻസിനെയും വിളിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. അതനുസരിച്ചു എത്തി കുട്ടിയ്ക്ക് ലൈഫ് സപ്പോർട്ട് നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്ത് സമരങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. ആരോഗ്യരംഗം ഉൾപ്പെടെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരവുമായി രംഗത്ത് വന്നിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനും ജീവിതചലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് എല്ലാ മേഖലകളിലെയും ജീവനക്കാർ ആവശ്യപ്പെടുന്നത്.

എന്നാൽ പൊതു മേഖലകളിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് കൂച്ചു വിലങ്ങിടാൻ പര്യാപ്തമായ നിയമവുമായി വരാനുള്ള നീക്കം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിസിനസ് വകുപ്പാണ് ഈ നീക്കത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളായിരിക്കും നിയമത്തിൽ ഉണ്ടായിരിക്കുക എന്ന് ബിസിനസ് വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.


ആരോഗ്യം, വിദ്യാഭ്യാസം, ആണവോർജ്ജം, മറ്റ് ഗതാഗത സേവനങ്ങൾ , അതിർത്തി സുരക്ഷ എന്നീ മേഖലകൾ പുതിയ നിയമത്തിന്റെ പരിധിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്കിനെതിരെയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യൂണിയനുകൾക്ക് എതിരെ കേസെടുക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നിയമം എല്ലാ രീതിയിലും അധ്വാനിക്കുന്ന ഈ വിഭാഗത്തിനെതിരെയുള്ള കടന്നാക്രമണമാണെന്നും ട്രേഡ് യൂണിയനുകൾ ഇതിനെതിരെ പോരാടണമെന്നും ടി യു സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്യം രാജകുമാരൻ തന്നെ ശരീരികമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ രംഗത്ത്. ദി ഗാർഡിയൻ പത്രമാണ് വാർത്ത പുറത്ത് വിട്ടത്. ഡ്യൂക്ക് ഓഫ് സസെക്‌സിന്റെ ഓർമ്മക്കുറിപ്പായ സ്‌പെയറിൽ ഇതിനെ കുറിച്ച് പരാമർശം നടത്തുന്നുണ്ടെന്നും ഗാർഡിയൻ പറയുന്നു. ഹാരി രാജകുമാരന്റെ ഭാര്യ മേഗനെ ചൊല്ലിയുള്ള വിവാദങ്ങളെ കുറിച്ചും വെളിപ്പെടുത്തൽ പുസ്തകത്തിലുണ്ടെന്നും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

വസ്ത്രത്തിന്റെ കോളറിൽ പിടിച്ചു വലിച്ചെന്നും മാല വലിച്ചു പൊട്ടിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അതേസമയം, കെൻസിംഗ്ടൺ കൊട്ടാരവും ബക്കിംഗ്ഹാം കൊട്ടാരവും മാധ്യമവാർത്തകളോട് പ്രതികരിക്കാനില്ലെന്ന് അറിയിച്ചു രംഗത്ത് വന്നു. രാജകുടുംബത്തെ സംബന്ധിച്ചുള്ള വാർത്തകളിൽ ഔദ്യോദിക വിശദീകരണം നൽകാറുള്ള പതിവുണ്ട്. എന്നാൽ അതിന് മുതിരാതെ തർക്കം ഉള്ളിൽ തന്നെ പരിഹരിക്കാനാണ് നിലവിൽ രാജകുടുംബം ശ്രമിക്കുന്നത്. എന്നാൽ ഐടിവിക്ക് നൽകിയ അഭിമുഖത്തിൽ മെയ്‌ മാസം നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ നിന്നും ഹാരി രാജകുമാരൻ വിട്ട് നിൽക്കുമെന്നു പറഞ്ഞെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. അഭിമുഖം ഇതുവരെ ടെലികാസ്റ്റ് ചെയ്തിട്ടില്ല.

2019 ൽ ലണ്ടനിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാദത്തിന് തുടക്കം കുറിച്ചതെന്നാണ് പുസ്തകം പറയുന്നത്. മേഗൻ മാർക്കിളുമായുള്ള ഹാരിയുടെ വിവാഹത്തെ വില്യം എതിർത്തിരുന്നെന്നും, മേഗനെതിരെ രൂക്ഷമായ വിമർശനം നടത്തിയിട്ടുണ്ടെന്നുമാണ് ഗാർഡിയൻ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇതിന്റെ ബാക്കിയാണ് നിലവിലെ വെളിപ്പെടുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത സർക്കാരിൻറെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാദിവസവും സഹായം ആവശ്യമുള്ള രോഗികൾക്ക് അടിയന്തര വൈദ്യ ശുശ്രൂഷകൾ നിഷേധിക്കപ്പെട്ടതിന്റെ വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. സോളിഹുളിൽ നിന്നുള്ള 72 വയസ്സുകാരിയായ കാത് ലിൻ ഫിലിപ്പിന് 13 മണിക്കൂർ ആംബുലൻസിൽ കാത്തിരിക്കേണ്ടി വന്നതിന്റെ വാർത്ത വേദനയോടെയാണ് അവരുടെ മകൻ മാധ്യമങ്ങളോട് വിവരിച്ചത്.

നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും തങ്ങളെ സഹായിക്കാൻ ആവതെല്ലാം ചെയ്തെന്ന് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ഡാരൻ ഫിലിപ്പ്സൺ പറഞ്ഞു. ശാരീരിക അസ്വാസ്ഥതയെ തുടർന്ന് വൈദ്യസഹായത്തിനായി ഫോൺ ചെയ്ത് 20 മിനിറ്റിനുള്ളിൽ ആംബുലൻസ് ഹാർട്ട്ലാൻഡ്‌സ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നീണ്ട നേരം കാത്തിരിക്കാനായിരുന്നു വിധി . തന്റെ പോലെ തന്നെ 17 ആംബുലൻസുകൾ ക്യൂവിൽ കാത്തിരിക്കുകയായിരുന്നു എന്നാണ് ഡാരൻ വെളിപ്പെടുത്തിയത്.

രോഗികൾക്ക് ചികിത്സ ലഭിക്കാൻ ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞും കഠിന പ്രയത്നം ചെയ്യുന്നത് താൻ കണ്ടുവെന്ന് കാത് ലിൻ ഫിലിപ്പ്സൺ പറഞ്ഞു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. മതിയായ ജീവനക്കാരില്ലാത്തതാണ് എൻഎച്ച്സിലെ പ്രധാന പ്രശ്നങ്ങളുടെ മൂല കാരണമെന്ന്ചൂണ്ടിക്കാണിക്കുന്നതാണ് ഡാരന്റെ വാക്കുകൾ. കഴിഞ്ഞദിവസം അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നോട്ടിംഗ്ഹാംഷെയറിലെ വീട്ടിൽ വെച്ച് ക്ലെയർ എബിൾവൈറ്റ് (47) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വിധി. പ്രതിയായ മുൻ കാമുകൻ ജോൺ ജെസ്സോപ്പിന്(26) 17 വർഷവും 8 മാസവുമാണ് തടവ് അനുഭവിക്കേണ്ടിവരിക.

 

 

 

എബിൾവൈറ്റിനെ കൊലപ്പെടുത്താൻ ജെസ്സോപ്പ് നെവാർക്കിലെ തന്റെ വീട്ടിൽ നിന്ന് 17 മൈൽ സൈക്കിൾ ചവിട്ടിയാണ് കോൾസ്റ്റൺ ബാസെറ്റിലെത്തിയത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്നും, കൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും പോലീസ് പറഞ്ഞു. ‘തലയിലും നെഞ്ചിലുമായിരുന്നു പ്രധാനമായും മുറിവുകൾ ഉണ്ടായിരുന്നത്, നല്ല ആഴത്തിൽ അവ താഴ്ന്നതാണ് മരണം കാരണം’ നോട്ടിംഗ്ഹാംഷെയർ പോലീസിലെ ഡെറ്റ് ഇൻസ്‌പി മെൽ ക്രച്ച്‌ലി പറഞ്ഞു.

എബിൾവൈറ്റിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി അടുപ്പമുള്ള ആരെങ്കിലും ഒരാൾ ആണെന്ന് വ്യക്തമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് നോട്ടിംഗ്ഹാം ക്രൗൺ കോടതിയിലാണ് വാദം നടന്നത്. ആദ്യം ജെസ്സോപ്പ് ക്രൂരമായി മർദ്ദിച്ച് അവശയാക്കിയെന്നും എന്നാൽ പിന്നീട് അടുക്കളയിൽ നിന്നും കത്തിയെടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ശിക്ഷ വിധിച്ച ജഡ്ജ് സ്റ്റുവർട്ട് റാഫെർട്ടി കെസി പറഞ്ഞു.

നോട്ടിംഗ്‌ഹാംഷെയറിലെ ബിംഗ്‌ഹാമിലാണ് മിസ് ആബ്‌ലെവൈറ്റ് വളർന്നത്. 19 -മത്തെ വയസിലായിരുന്നു വിവാഹം. മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർക്കിടയിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് 2022 ജനുവരി മുതൽ കോൾസ്റ്റൺ ബാസെറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ ചട്ടങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യം വന്നാലേ നിയന്ത്രണങ്ങൾ കൊണ്ടുവരൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അതിനിടയിലാണ് ചൈനയിൽ നിന്നുമെത്തുന്ന ആളുകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം രോഗം പടർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. XBB 1.5 വകഭേദത്തെ കുറിച്ച് ആഗോള തലത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് നിർണായക തീരുമാനവുമായി ഇംഗ്ലണ്ട് എത്തുന്നത്. നാളെ മുതൽ ചൈനയിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന ആളുകൾ യാത്ര ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് കോവിഡ് ടെസ്റ്റ്‌ ചെയ്ത് അതിന്റെ റിസൾട്ട്‌ വിമാനത്തിൽ ജീവനക്കാരെ കാണിക്കണം. 11 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി എല്ലാ യാത്രക്കാർക്കും, ഡയറക്റ്റ്/ ഇൻഡയറക്റ്റ് ഫ്ലൈറ്റുകൾക്കും നിയമം ബാധകമാണ്.

പരിശോധനഫലം പേപ്പറായോ ഇമെയിൽ മുഖേനയോ കൈമാറാം. എന്നാൽ അതിൽ പേര്, ജനനത്തീയതി, പരിശോധനാ ഫലം, സാമ്പിൾ ശേഖരിച്ച തീയതി, മേൽവിലാസം എന്നിവ നിർബന്ധമായും ഉണ്ടാകണം. എൻ എച്ച് എസ് നൽകുന്ന പരിശോധനഫലവും ഉപയോഗിക്കാൻ കഴിയില്ല. 18 വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും ഹീത്രു എയർപോർട്ടിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോവിഡ് രാജ്യത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടയിലാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൈന ഒഴികെ മറ്റേത് രാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് ഈ നിയമം ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.

വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

RECENT POSTS
Copyright © . All rights reserved