ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാല് കുട്ടികൾക്ക് ഗുരുതരപരിക്ക്. ബർമിങ്ഹാമിന് സമീപമാണ് അപകടം. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും, അവർ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് ജീവനക്കാർ പറയുന്നത്.
യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. തണുത്ത കാലാവസ്ഥ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ തടാകത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും, ഇനി ആരെങ്കിലും ഉള്ളിൽ കുടുങ്ങി കിടപ്പുണ്ടോ എന്നുള്ളത് പരിശോധിക്കുകയാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. തണുപ്പ് വളരെ കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടം അറിഞ്ഞ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് അഗ്നിശമനസേന എത്തുന്നതിനു മുൻപ് തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടസമയത്ത് പ്രദേശത്ത് 1C (34F) ആയിരുന്നു താപനില. അത് ഒറ്റരാത്രി കൊണ്ട് -3C വരെ താഴാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ തണുപ്പ് കൂടുവാൻ സാധ്യത ഉണ്ടെന്നും, അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാൻ സാധിച്ചതിനാൽ നാല് പേർക്കും അപകടനില തരണം ചെയ്യുവാൻ കഴിയുമെന്നാണ് പുറത്തുവരുന്ന പ്രാഥമികവിവരം. അതേസമയം, കുട്ടികളുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങളും നടത്താൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. തടാകത്തിലെ അപകടം അപ്രതീക്ഷിതമാണെന്നും, കുട്ടികൾ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നുവെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേയർ ആൻഡി സ്ട്രീറ്റ് പറഞ്ഞു. ബർമിങ്ഹാമിലെ അപകടത്തെ തുടർന്ന് കർശന നിയന്ത്രങ്ങൾ കൈകൊള്ളുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടൻ സമരത്തിൻറെ തീച്ചൂളയിലാണ്. നേഴ്സുമാർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങൾ വരും ദിവസങ്ങളിൽ ജനജീവിതം സ്തംഭിപ്പിക്കും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് ജീവനക്കാരുടെ ആവശ്യം. പക്ഷേ നിലവിൽ ജീവനക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഇതിനിടെ സമരത്തെ നേരിടുന്നതിനുള്ള ശക്തമായ നടപടികളുമായി ഗവൺമെൻറ് മുന്നോട്ട് പോകുകയാണ് . ഇതിൻറെ ഭാഗമായി സമരം അതി രൂക്ഷമായി ബാധിക്കുന്ന എൻഎച്ച് എസിനെ ഉൾപ്പെടെ സഹായിക്കുന്നതിനായി നൂറുകണക്കിന് സൈനികരെ വിവിധ മേഖലകളിൽ വിന്യസിക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ഉടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ സൈന്യം അടിയന്തര പരിശീലനം ആരംഭിക്കും. സമരത്തെ നേരിടുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരയോഗം സർക്കാർ വിളിച്ചിട്ടുണ്ട്.

നേഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി ഗൗരവമായി ചർച്ച നടത്തി ഫല പ്രാപ്തിയിൽ എത്തിയാൽ ഉടൻ തന്നെ സമരം പിൻവലിക്കുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മേധാവി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. എന്നാൽ ശമ്പള ചർച്ച നടത്തേണ്ടത് സർക്കാരിൻറെ ജോലിയല്ല എന്നാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിലെ നേഴ്‌സുമാരുടെ സമരം ഡിസംബർ 15, 20 തീയതികളിലാണ്. നേഴ്സുമാർക്ക് 5% എങ്കിലും ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യമാണ് നേഴ്‌സിങ് യൂണിയൻ മുൻപോട്ട് വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി ഗൗരവമായി ചർച്ച നടത്തി ഫല പ്രാപ്തിയിൽ എത്തിയാൽ ഉടൻ തന്നെ സമരം പിൻവലിക്കുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മേധാവി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. എന്നാൽ ശമ്പള ചർച്ച നടത്തേണ്ടത് സർക്കാരിൻറെ ജോലിയല്ല എന്നാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിലെ സമരം ഡിസംബർ 15, 20 തീയതികളിലാണ്. നേഴ്സുമാർക്ക് 5% എങ്കിലും ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യമാണ് നേഴ്‌സിങ് യൂണിയൻ മുൻപോട്ട് വയ്ക്കുന്നത്.

എന്നാൽ സർക്കാരുമായി ചർച്ച നടത്താനുള്ള തങ്ങളുടെ നീക്കം അഞ്ചു തവണ നിരസിക്കപ്പെട്ടതായി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. സമരം നേഴ്സുമാരുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ അല്ല മറിച്ച് അവരുടെ ദൈനംദിന ജീവിത ചിലവുകളെ നേരിടാനാണ് എന്ന് അവർ പറഞ്ഞു. തങ്ങളോടോ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്ന സ്വതന്ത്ര സംഘടനയായ അക്കാസ് വഴിയോ ചർച്ചകൾ ഉടൻ നടത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

അടിയന്തര സേവനങ്ങളും കിഡ്നി ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളും സമര സമയത്ത് ലഭ്യമായിരിക്കുമെന്നാണ് ഔദ്യോഗികമായി എൻ എച്ച് എസ് അറിയിച്ചിരിക്കുന്നത്. ട്രേഡ് യൂണിയൻറെ നിയമങ്ങൾ പ്രകാരം പണിമുടക്ക് സമയത്തും ജീവൻ രക്ഷിക്കാനുള്ള അടിയന്തര സേവനങ്ങൾ നൽകേണ്ടതുണ്ട്. ശൈത്യകാലത്തോടനുബന്ധിച്ച് ഉള്ള ആരോഗ്യപ്രശ്നങ്ങളും ഇൻഫ്ലുവൻസ ബാധിതരായ രോഗികളുടെ ഉയർന്ന എണ്ണവും എൻഎച്ച്എസിനെ വൻ സമ്മർദത്തിൽ ആക്കിയിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ആയ പ്രൊഫസർ പോവിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടൻ ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യകാലം കൂടുതൽ തീവ്രമാകാനുള്ള സാധ്യതകളിലേയ്ക്കാണ് കാലാവസ്ഥാ നിരീക്ഷകർ വിരൽചൂണ്ടുന്നത്. ശൈത്യകാലം കനക്കുന്നതിനൊപ്പം തന്നെ അതിശൈത്യം മൂലമുള്ള രോഗാവസ്ഥകളും കൂടുകയാണ്.

ശൈത്യകാലത്ത് വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം മെച്ചപ്പെട്ടതല്ലെങ്കിൽ ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അതിലുപരി പലരും കടുത്ത ജീവിത ചിലവ് വർദ്ധനവുമൂലം എനർജി ബില്ലുകൾ കുറയ്ക്കാനായി വീടുകളിലെ ഹീറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിശൈത്യം മൂലം രോഗാവസ്ഥയിൽ ആകാൻ സാധ്യതയുള്ള രോഗികൾക്ക് ഡോക്ടർമാർ ഹീറ്റിംഗ് പ്രിസ്ക്രിപ്ഷൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞു. അതിശൈത്യം മൂലമുള്ള രോഗങ്ങൾ ജനങ്ങൾക്ക് പിടിപെടുന്നത് മൂലം എൻഎച്ച് എസിന് മേലുണ്ടാകാൻ സാധ്യതയുള്ള അധികസമ്മർദ്ദം കുറയ്ക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

2021 ഡിസംബറിൽ ഗ്ലൗസെസ്റ്റർ ഷെയറിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ക്രോണിക് ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങൾ ഉള്ളവർ ഹീറ്റിംഗ് ഉപയോഗിക്കാതെ ശൈത്യകാലത്ത് ജീവിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഗ്ലൗസെസ്റ്റർ ഷെയറിലെ എൻഎച്ച്എസ് ഡോക്ടറായ ഡോ. ഹെയ്ൽ ലെ റൂക്സ് പറഞ്ഞു. ഇങ്ങനെയുള്ള രോഗാവസ്ഥകളുള്ള വരുമാനം കുറഞ്ഞ ആളുകൾക്കാണ് നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ ജീവിത ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ട്രയൽ പബ്ലിക് ഹെൽത്ത് സ്കീമുമായി സർക്കാർ. പുതിയ സ്കീമിൽ പഴങ്ങളും പച്ചക്കറികളും പ്രിസ്ക്രിപ്ഷൻ വഴി നൽകുകയാണ് ചെയ്യുന്നത്. 250,000 പൗണ്ട് ചിലവ് വരുന്ന 9 മാസത്തെ പ്രോജക്ടായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യുകെയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ താമസിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 120 ഓളം ആളുകൾക്ക് സ്കീമിന്റെ കീഴിൽ നിത്യോപയോഗ സാധനങ്ങൾക്കായുള്ള പ്രതിവാര വൗച്ചറുകൾ നൽകുകയാണ് ചെയ്യുന്നത്.

സർക്കാരിൻെറ ഈ പുതിയ സ്കീമിന് യോഗ്യരായ എല്ലാ കുടുംബത്തിനും ഓരോ ആഴ്ചയും 8 പൗണ്ട് മൂല്യമുള്ള വൗച്ചറുകൾ ആണ് ലഭിക്കുക. കൂടാതെ കുടുംബങ്ങളിലെ ഓരോ കുട്ടിക്കും രണ്ട് പൗണ്ട് അധികമായി ലഭിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന വിലമൂലം ആരോഗ്യകരമായ ഭക്ഷണം വാങ്ങുവാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് കഴിയുന്നില്ല എന്ന കണ്ടെത്തലിന് പിറകേയാണ് ഈ സ്കീം കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നത്. ഉയർന്ന ജീവിതചിലവും മറ്റും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ പോഷകാഹാര കുറവും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകളുടെ ഉയർന്ന നിരക്കിനും കാരണമാകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്കീമിൽ ഉൾപ്പെട്ടവർ നൽകുന്ന പ്രതികരണങ്ങൾ പദ്ധതിയ്ക്ക് കിട്ടിയ ജനപിന്തുണയ്ക്കുള്ള തെളിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . തങ്ങളുടെ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം നൽകാൻ ഇപ്പോൾ കഴിയുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവ് ഉയരുന്നതിന് മുമ്പ് 20 പൗണ്ട് ആയിരുന്നു ആഴ്ചയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായി ചെലവഴിക്കേണ്ടിവന്നിരുന്നതെന്നും എന്നാൽ ഇന്ന് ജീവിത ചെലവ് കൂടിയത് മൂലം കുട്ടികൾക്ക് പച്ചക്കറികളും പഴങ്ങളും മേടിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതായും ടവർ ലെറ്ററിൽ താമസിക്കുന്ന മൂന്നുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മ പറഞ്ഞു . മധുരക്കിഴങ്ങ്, വാഴപ്പഴം, ക്യാബേജ് തുടങ്ങിയ പച്ചക്കറികൾ തൻറെ കുടുംബത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ തുടങ്ങി. താനും തൻറെ കുട്ടികളും ഭക്ഷണം കഴിക്കുന്നത് ഉയർന്ന വില മൂലം കുറയ്ക്കുവാനും തുടങ്ങി. കുട്ടികളോട് പഴങ്ങൾ കഴിക്കരുതെന്ന് പറയേണ്ട സാഹചര്യം വരെ തനിക്കുണ്ടായതായി വിഷമത്തോടെ അവർ പറഞ്ഞു. ഇതുമൂലം പ്രോട്ടീന്റെ കുറവും വൈറ്റമിൻ സീയുടെ അഭാവവും നേരിട്ടു. കുട്ടികൾക്ക് നിരന്തരമായി രോഗങ്ങൾ വരുകയും ക്ഷീണം ഉണ്ടാവുകയും ചെയ്തതായി അവർ പറഞ്ഞു. എന്നാൽ പുതിയ സ്‌കീം മൂലം തനിക്കും കുടുംബത്തിനും ആവശ്യമായ പോഷകങ്ങളും പഴവർഗങ്ങളും വാങ്ങിക്കാൻ സാധിക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

ടവർ ഹാംലെറ്റിൽ 56% കുട്ടികളും ദരിദ്ര സാഹചര്യത്തിൽ വളരുന്നവരാണ്. ഇവരിൽ പലരും പഴങ്ങളും പച്ചക്കറികളും സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത് മാത്രമാണ് കഴിക്കുന്നത്. അലക്‌സാന്ദ്ര റോസ് ചാരിറ്റിയും പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് നൽകുന്ന ഈ പദ്ധതി യുകെയിലെ പൊതുജനങ്ങളുടെ ഭക്ഷ്യ പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ :- ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിയിലെത്തി. ഒരു ഗോൾ പിന്നിലായിരുന്ന ഇംഗ്ലണ്ടിന് സമനില നേടാനുള്ള അവസരം ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി പാഴാക്കിയതോടെ നഷ്ടമായി. അവസാനം വരെ പൊരുതി നിന്നിരുന്ന ഇംഗ്ലണ്ടിനെ ഫ്രാൻസ് 2- 1 നാണ് തോൽപ്പിച്ചത്. അടുത്ത ആഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ഔറേലിയൻ ചൗമേനിയാണ് ഫ്രാൻസിന് വേണ്ടി മികച്ച ഓപ്പണിംഗ് ഗോൾ നേടിയത്. റഫറി വിൽട്ടൺ പെരേര സാംപയോ നേരത്തെ അപ്പീൽ അവഗണിച്ചതിനെത്തുടർന്ന്, ഇടവേളയ്ക്ക് ശേഷം പെനൽറ്റി കിക്കിലൂടെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സമനില പിടിച്ചു. പിന്നീട് ഒലിവിയർ ജിറൂദും ഒരു ഗോൾ നേടി മത്സരം ഫ്രാൻസിന്റെ നിയന്ത്രണത്തിലാക്കി.

ഹാരി കെയ്ൻ രണ്ടാം പെനാൽറ്റി കിക്ക് നാടകീയമായി നഷ്‌ടപ്പെടുത്തിയതോടെ നിലവിലെ ലോക ചാമ്പ്യന്മാർ വീണ്ടും സെമിഫൈനലിലേക്ക് കടന്നു. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാൻസ്. ഡിസംബർ 14ന് നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ എത്തിയത്.

ആദ്യപകുതിയിൽ പതിനേഴാം മിനിറ്റിൽ ആയിരുന്നു ഫ്രാൻസ് ആദ്യ ഗോൾ നേടിയത്. ഇത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ ഇംഗ്ലണ്ട് കൂടുതൽ ജാഗരൂകരായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഗോൾ നേടി സമനില നിലനിർത്തി. എന്നാൽ എഴുപത്തിയേഴാം മിനിറ്റിൽ ഫ്രാൻസ് വീണ്ടുമൊരു ഗോൾ നേടി. എന്നാൽ ഈ ഗോൾ തിരിച്ചെടുക്കുവാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ലഭിച്ച പെനാൽറ്റി ഇംഗ്ലണ്ട് നായകൻ പാഴാക്കിയതോടെ ഇംഗ്ലണ്ട് സെമിയിൽ നിന്ന് പുറത്താവുകയും ചെയ്തു.
കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ രണ്ട് റൺവേകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രണ്ട് റൺവേകളും താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനങ്ങൾ തങ്ങൾ ഏർപ്പെടുത്തുമെന്നും മാഞ്ചസ്റ്റർ എയർപോർട്ടിൻെറ ട്വിറ്റർ പേജിൽ അധികൃതർ അറിയിക്കുകയായിരുന്നു. തങ്ങളുടെ ഫ്ലൈറ്റിനെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയുവാനായി എയർലൈൻസുമായി ബന്ധപ്പെടാനും യാത്രക്കാരോട് എയർപോർട്ട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രാവിലെ ടേക്ക് ഓഫ് ചെയ്യേണ്ട തന്റെ ഫ്ലൈറ്റ് ഉച്ചയോടെയാണ് യാത്ര തിരിച്ചത് എന്ന് ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ലിൻ വിമാന താവളത്തിൽ നിന്നും ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച ഇതുവരെ 23 ഔട്ട്ബൗണ്ട് ഫ്ലൈറ്റുകളും 27 ഇൻബൗണ്ട് ഫ്ലൈറ്റുകളും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം 69 ഡിപ്പാർട്ടിങ് ഫ്ലൈറ്റുകളും 74 ഇൻബൗണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്. അതേസമയം മഞ്ഞുവീഴ്ച്ച മൂലമുണ്ടാകുന്ന തടസ്സങ്ങൾ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥർ പറഞ്ഞു. ഈയാഴ്ച സ്കോട്ട്ലാൻഡ് നോർത്ത് അയർലൻഡ് വെയിൽസ് പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നീ ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകും.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരം, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ശനിയും ഞായറും ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരിക്കുമെന്ന് നേരത്തെ കാലാവസ്ഥ നീരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കോട്ട്‌ലൻഡിലെ ചില പ്രദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയെ തുടർന്ന് യെലോ അലേർട്ട് പ്രഖ്യാപിച്ചു.
ജോജി തോമസ്
ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരി ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് സ്ഥലമാറ്റമായി. തങ്ങളുടെ പ്രിയപ്പെട്ട മുളയോലില്‍ അച്ചനോടുള്ള ആദര സൂചകമായി കാറിലും ബസ്സിലുമായി നിരവധി പേരാണ് ലീഡ്സിൽ നിന്ന് 300 ഓളം മൈൽ അകലെയുള്ള ബെക്സ്ഹിൽ ഓൺസിയിലേയ്ക്ക് ഫാ. മാത്യു മുളയോലിയെ അനുഗമിച്ചത്.

ഒരു മികച്ച സംഘാടകനായി അറിയപ്പെടുന്ന ഫാ. മാത്യു മുളയോലിൽ മലയാളം യുകെയുടെ ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ അവാർഡിന് അർഹനായിരുന്നു. മലയാളം യുകെയ്ക്ക് വേണ്ടി ഡയറക്ടർ ബോർഡ് മെമ്പറും അസ്സോസിയേറ്റീവ് എഡിറ്ററുമായ ജോജി തോമസ് ഫാ . മാത്യു മുളയോലിയെ ആശംസകൾ അറിയിച്ചു. 2016 ജൂലൈയിൽ ലീഡ്‌സിലെ സീറോ മലബാർ സഭയുടെ ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ലീഡ്സിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തമായി ദേവാലയം കരസ്ഥമാക്കിയത് . ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. സീറോ മലബാർ സഭയുടെ ലീഡ്സ് രൂപതാ ചാപ്ലിനായിരുന്ന ഫാ. ജോസഫ് പൊന്നോത്ത് നാട്ടിലേയ്ക്ക് മടങ്ങിയ അവസരത്തിലാണ് ഫാ. മാത്യു മുളയോലിൽ സഭാ സേവനത്തിനായി ലീഡ്സിൽ എത്തിച്ചേരുന്നത്. ആറ് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന സേവനത്തിലൂടെ ലീഡ്സിലേ സീറോ മലബാർ സമൂഹത്തെ മിഷനായും, ഇടവകയായും വളർത്തുന്നതിൽ ഫാ. മാത്യു മുളയോലിൽ വിജയിച്ചു.

എത്ര തിരക്ക് ഉണ്ടെങ്കിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്ക് ഇടയിലൂടെ ഓടിനടന്ന് പരമാവധി ഇടവകാംഗങ്ങളെ ഒരു ചെറുപുഞ്ചിരിയുമായി കാണാനും ക്ഷേമാന്വേഷണം നടത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഫാ. മാത്യു മുളയോലിയുടെ എളിമയും , വിനയവും നിറഞ്ഞ പെരുമാറ്റമാണ് വിശ്വാസികളെ കൂടുതൽ ആകർഷിച്ചിരുന്നത്. മറ്റെന്തിനേക്കാളും ഉപരിയായി ആത്മീയ ശുശ്രൂഷയ്ക്ക് മുൻതൂക്കം നൽകിയിരുന്ന ഫാ. മാത്യു മുളയോലിൽ, ഞാനെന്ന ഭാവമില്ലാതെ ഒരു സമൂഹത്തെ എങ്ങനെ നയിക്കാം എന്നതിൻറെ മാതൃകയാണ്.

ഫാ.മാത്യു മുളയോലിയുടെ ഔപചാരികമായ യാത്ര അയപ്പ് ഡിസംബർ 4-ാം തീയതി വി. കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഇടവകാംഗങ്ങൾ നടത്തിയിരുന്നു . പ്രസ്തുത പരിപാടിയിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ഫാ. മാത്യു മുളയോലിൽ ലീഡ്സിലെ ഇടവക സമൂഹത്തിനു വേണ്ടി ചെയ്ത സേവനങ്ങളെ അനുമോദിക്കുകയും, ഭാവി പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ഫാ. മാത്യു മുളയോലിയ്ക്ക് ആശംസകൾ നേർന്നു. കണ്ണൂർ പേരാവൂർ സ്വദശി ആയ ഫാ . മാത്യു മുളയോലിൽ നേരത്ത മിഷൻ ലീഗിൻെറ ഡയറക്ടറായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷൻ ലീഗിന്റെ ചുമതല ഫാ .മാത്യു മുളയോലിക്കാണ് . കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിയായ ഫാ. മാത്യു മുളയോലിൽ തലശ്ശേരി രൂപതാംഗമാണ്









ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിനായി ഇന്നിറങ്ങുന്നു. ഇറ്റ്സ് കമിങ് ഹോം എന്ന് പാടാൻ ഇംഗ്ലണ്ടും. കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്പൻ പേരുകളെ നന്നായി വിനിയോഗിക്കാൻ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും കളി മെനയുന്ന മധ്യനിരയും ഗോൾ അടിക്കാൻ മടിയില്ലാത്ത മുന്നേറ്റവും ഫ്രാൻസിന് ഭീഷണിയാകും.
അതേസമയം, ഫ്രാൻസിന്റെ കുതിപ്പ് വിസ്മയിപ്പിക്കുന്നതാണ്. ഗോളടിച്ചു കൂട്ടുന്ന കിലിയൻ എംബാപ്പെ ആ പണി തുടർന്നാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമിൽ തന്നെ. ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്‍റെ പ്രകടനവും നിർണായകമാകും. 1982ന് ശേഷം ഇതാദ്യമായാണ് ഇരുവരും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.
സെനഗലിനെതിരെയുള്ള കളിയിൽ ക്യാപ്റ്റൻ കെയ്ൻ, ഹെൻഡേഴ്‌സൺ, ബുകയോ സാക എന്നിവർ സ്കോർ ചെയ്തിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും 31 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതിൽ പതിനേഴിലും ജയം ഇംഗ്ലണ്ടിനൊപ്പമാണ്. ഒൻപത് കളികൾ ഫ്രാൻസ് ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിൽ പിരിഞ്ഞു. ലോകകപ്പിൽ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോളും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ഇംഗ്ലീഷുകാർ ടൂർണമെന്റിൽ ഇതുവരെ പന്ത്രണ്ട് ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാച്ചുകളിലായി ഇംഗ്ലണ്ട് പരാജയം അറിഞ്ഞിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ വെയ്റ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൊത്തം ജനസംഖ്യയുടെ എട്ടിൽ ഒരാൾ വെയ്റ്റിംഗ് ലിസ്റ്റിൽ ആണെന്നാണ് കണക്കുകൾചൂണ്ടിക്കാണിക്കുന്നത്. പലരും ഡോക്ടർമാരെ കാണാൻ മാസങ്ങളോളമാണ് വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തുനിൽക്കേണ്ടതായി വരുന്നത് .
ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം ബാധിച്ച ജെയ്ൻ പ്രോബിൻ എന്ന സ്ത്രീ മൂന്നു വർഷത്തിലധികമായി എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുകയാണ്. 2020 ഒക്ടോബറിൽ ഹിപ് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയും, എന്നാൽ കോവിഡ്-19 രോഗബാധയെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടതായി വരുകയും ചെയ്തു. 2022 മാർച്ചിൽ ജെയ്നിന്റെ വലത് ഹിപ്പ് സർജറി നടത്തി. എന്നാൽ ഇടത് ഹിപ്പിന്റെ സർജറി ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും തീവ്രമായ വേദനയിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും നടക്കാൻ കഴിയാത്തത് കൊണ്ട് വോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും ജെയ്‌ൻ പറയുന്നു.

ഓർത്തോപീഡിക്ക് ചികിത്സയുടെ ഭാഗമായി ജെയ്ൻ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്. ഏകദേശം 80,000 ത്തിലധികം രോഗികൾ പതിനെട്ട് ആഴ്ചയിലധികമായി വെയ്റ്റിംഗ് ലിസ്റ്റിലാണ്. ചികിത്സ ലഭിക്കുക എന്ന രോഗിയുടെ അവകാശം കൂടിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത് പലരിലും ശരീരികവും മാനസികാവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, പലരും വിഷാദരോഗങ്ങൾക്ക് അടിമപ്പെടുകയാണെന്നും ചാരിറ്റി വേഴ്സസ് ആർത്രൈറ്റിസ് ചീഫ് എക്സിക്യൂട്ടീവായ ഡെബോറ അൽസീന പറഞ്ഞു.
ഹൃദ്രോഗ സംബന്ധമായും ആളുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. അടിയന്തിര ചികിത്സ ലഭിക്കാത്തപക്ഷം മരണംവരെ സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിൽ മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഡോക്ടറിനെ കാണുവാനായി 18 ആഴ്ച്ചയിലധികമായി കാത്തിരിക്കുന്നത്. ഇവരിൽ പലരും സർജറി മുതൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. എസെക്സിൽ നിന്നുള്ള 62 കാരനായ ഗാരി കോഗൻ, കഴിഞ്ഞ വർഷമാണ് ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ട്രിപ്പിൾ ഹാർട്ട് ബൈപാസ് സർജറി വേണമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതുവരെ സർജറി നടന്നിട്ടില്ല. അടുത്ത വർഷമെങ്കിലും നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗാരി കോഗൻ.

പ്രായമായ രോഗികൾ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റ് കാരണം ദുരിതത്തിലായിരിക്കുന്നത്. 3,60,000 ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സർജറി മുതൽ വിവിധ ചികിത്സ ആവശ്യമായി ഉള്ളവരാണ് ഇവരിൽ ഏറെയും. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇവരിൽ പലരും സ്കൂളിൽ പോകാത്തതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുകയാണ്.