ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഈജിപ്ഷ്യൻ കോടീശ്വരനും മുൻ ഹാരോഡ്സ് ഉടമയുമായ മുഹമ്മദ് അൽ ഫയിദ് വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ലണ്ടനിലെ റീജന്റ്സ് പാർക്ക് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹത്തെ അടക്കം ചെയ്തതായി ഈജിപ്ഷ്യൻ ചാനലായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. വെയിൽസ് രാജകുമാരി ഡയാനയ്‌ക്കൊപ്പം കാർ അപകടത്തിലായിരുന്നു മുഹമ്മദിന്റെ മൂത്ത മകൻ ഡോദി കൊല്ലപ്പെട്ടത്.

മകന്റെ ഇരുപത്തിയാറാമത് മരണവാർഷിക ദിനത്തിന് ഒരു ദിവസം മുൻപാണ് പിതാവ് മുഹമ്മദ് അന്തരിച്ചത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം വിശ്രമ ജീവിതത്തിൽ ആയിരുന്നു മുഹമ്മദ്. അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. 1997 മുതൽ 2013 വരെ ഫുൾഹാം ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ കൂടിയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിന്റെ മരണത്തിൽ ക്ലബ്ബും തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

ഈജിപ്തിൽ ജനിച്ച മുഹമ്മദ് അൽ ഫയിദ്, മിഡിൽ ഈസ്റ്റിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന് ശേഷമാണ് 1970 കളിൽ ബ്രിട്ടനിലേക്ക് എത്തിയത്. 1985 ലാണ് 615 മില്യൻ പൗണ്ടിനു ഹാരോഡ്സ് ഗ്രൂപ്പ് അദ്ദേഹം ഏറ്റെടുക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുഹമ്മദ് പങ്കാളിയായിരുന്നു. 1987-ൽ അദ്ദേഹം അൽ ഫായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.1990 -കളിൽ, അൽ ഫയിദ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ തന്റെ മകന്റെ മരണം മുഹമ്മദിനെ വളരെയധികം സ്വാധീനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഹമ്മദ് മരണത്തിൽ നിരവധി പ്രശസ്തർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ പൊതുജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ സജീവമാകുന്നതായി വിലയിരുത്തൽ. രാജകുടുംബത്തിന്റെ സ്‌കോ ട്ട്‌ലൻഡിലെ വസതിയിൽ ബാൽമോറലിനടുത്തുള്ള ഒരു പള്ളി ശുശ്രൂഷയ്‌ക്ക് പോകുമ്പോൾ വില്യമിനും കാതറീനും ഒപ്പം ആൻഡ്രൂ കാറിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് രാജകുടുംബത്തിനുള്ളിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ദേശീയ മാധ്യമങ്ങൾ എടുത്തുകാട്ടിയത്. റേഞ്ച് റോവറിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊതുജീവിതത്തിൽ നിന്ന് പൂർണമായി മാറിയശേഷം ഇപ്പോൾ അദ്ദേഹത്തെ തന്ത്രപരമായി തിരിച്ചുകൊണ്ടുവരാനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനും വിർജീനിയ ജിയുഫ്രെയുമായുള്ള സിവിൽ കോടതി കേസിലെ തുടർന്നുള്ള ഒത്തുതീർപ്പിനു ശേഷം ആൻഡ്രൂവിനെ പൊതുജനങ്ങൾ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആളുകൾ തയ്യാറല്ലെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ റോയൽ കമന്റേറ്ററും പ്രൊഫസറുമായ അന്ന വൈറ്റ്‌ലോക്ക് പറയുന്നു. ചാൾസ് രാജാവ് ഇപ്പോഴും രാജാവ് എന്ന നിലയിൽ തന്റെ ഐഡന്റിറ്റി സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ആൻഡ്രൂ രാജകുമാരനെ തിരികെ കൊണ്ടുവരുന്നത് പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വളരെ അപകടസാധ്യതയുള്ളതാണെന്ന് അവർ പറയുന്നു.

കുടുംബ പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ഹാരി രാജകുമാരനുമായുള്ള ബന്ധം ശരിയാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് എന്ന് പ്രൊഫസർ വൈറ്റ്‌ലോക്ക് പറയുന്നു. ആൻഡ്രൂ രാജകുമാരന് രാജകീയ ചുമതലകളിൽ തിരിച്ചെത്താൻ താൽപ്പര്യമുണ്ടാകാം, എന്നാൽ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു കുടുംബം എന്നതിലുപരി ഒരു സ്ഥാപനമെന്ന നിലയിൽ, നെഗറ്റീവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്തേക്കാം, പക്ഷേ അത് രാജകീയ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിൽഡിങ്ങുകളുടെ ബലക്ഷയം മൂലം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ . ഇംഗ്ലണ്ടിലെ 150 ഓളം സ്കൂളുകളാണ് കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടാൻ തീരുമാനമായിരിക്കുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പല സ്കൂളുകളുടെ കെട്ടിടങ്ങളും ക്ലാസ് മുറികളും ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടി കഴിഞ്ഞു .

ഏതൊക്കെ സ്കൂളുകളാണ് ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടപ്പെടുന്നതിന്റെ പട്ടിക സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെയുള്ള സ്കൂളുകളുടെ വിവരങ്ങൾ പുറത്തുവിടാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടുമോ എന്നതിനെക്കുറിച്ച് ഹെഡ്മാസ്റ്റർമാരിൽ നിന്നും പ്രിൻസിപ്പൽമാരിൽ നിന്നും രക്ഷകർത്താക്കൾക്ക് വിവരം അറിയാൻ കഴിയും എന്നാണ് സർക്കാർ ഭാക്ഷ്യം. അതുകൊണ്ടു തന്നെ ഔദ്യോഗികമായി ഇതുവരെ സർക്കാർ ലിസ്റ്റ് ഒന്നും പുറത്തുവിട്ടിട്ടില്ല.

പൂർണമായും അടച്ചിടുന്ന സ്കൂളുകളുടെ എണ്ണം വളരെ കൂടുതലല്ലെങ്കിലും ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തുന്ന സ്കൂളുകളുടെ എണ്ണം കൂടുതലാണ്. സ്കൂളുകൾ പൂർണമായോ ഭാഗികമായോ പൂട്ടലിന്റെ വക്കിലാണെന്നത് പല മാതാപിതാക്കളും കടുത്ത പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ ഒരു സ്കൂൾ കണ്ടെത്തുന്നതിനുള്ള ഒരുക്കങ്ങൾ പലരും മാധ്യമങ്ങളോട് പങ്കുവച്ചു. അപകടാവസ്ഥയിലുള്ള സ്കൂളുകളിലാണ് തങ്ങളുടെ മക്കൾ ഇതുവരെ പഠിച്ചത് എന്നുള്ളത് ഞെട്ടിച്ചതായി പലരും അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വീടുകളുടെ വിലയിൽ വൻ ഇടിവ്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുകളുടെ വില 5.3% ആണ് കുറഞ്ഞത്. 2022 ഓഗസ്റ്റിൽ വീടുകളുടെ വില ഉയർന്നതിന് ശേഷം യുകെയിലെ ഒരു സാധാരണ വീടിന് 14,600 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് മോർട്ട്ഗേജ് അംഗീകാരങ്ങളും 20 ശതമാനത്തിൽ താഴെയാണ്.

2021 ഡിസംബർ മുതൽ, യുകെയിൽ ഉപഭോക്തൃ വില ഉയരുന്നത് തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ പലിശ നിരക്ക് ഉയർത്തിയിരുന്നു. നിലവിൽ ബാങ്കിന്റെ അടിസ്ഥാന നിരക്ക് 5.25 ശതമാനമാണ്. ഇത് കടം കൊടുക്കുന്നവർക്ക് അവരുടെ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്താൻ കാരണമായെന്നുള്ളതും വീട് വാങ്ങുന്നവരിൽ സമ്മർദ്ദം ചെലുത്തുന്നു.

2022 ഓഗസ്റ്റിൽ യുകെയിലെ വീടുകളുടെ ശരാശരി വില £273,751 ആയി ഉയർന്നെങ്കിലും കഴിഞ്ഞ മാസം ഇത് £259,153 ആയി കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2020ൽ കോവിഡ് പാൻഡെമിക് ആരംഭിച്ചതിന് ശേഷം വസ്തുവകകളുടെ വില 23% ഉയർന്നപ്പോൾ ഫ്ലാറ്റുകളുടെ വില 13% ഉയർന്നു. പുറത്ത് വന്ന കണക്കുകൾ പ്രകാരം പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയുമ്പോൾ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം 25% കുറഞ്ഞിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വീണ്ടും പണിമുടക്കിനൊരുങ്ങി ഡോക്ടർമാരും കൺസൾട്ടന്റുമാരും. സർക്കാരുമായി ശമ്പളവർദ്ധനവിനെ സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നതിൻെറ പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തോട് ജൂനിയർ ഡോക്ടർമാർ അനുകൂലമായി വോട്ട് ചെയ്‌തതിന് ശേഷം ഇതാദ്യമായാണ് ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും ഒരുമിച്ച് വോക്ക് ഔട്ട് നടത്തുക. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചത് മുതൽ മാറ്റിവച്ച ആശുപത്രി ആപോയിന്റ്മെന്റുകളുടെ എണ്ണം 885,000 ആയി. മാനസികാരോഗ്യം കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഇത് 944,000-ൽ എത്തുന്നു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ബാലറ്റിൽ, 98% പേരും പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്. ഇതിനോടകം തന്നെ ഈ വർഷം ജൂനിയർ ഡോക്ടർമാർ അഞ്ച് വാക്കൗട്ടുകൾ നടത്തിയിട്ടുണ്ട്. ഈ മാസം സെപ്തംബർ 20 മുതൽ 22 വരെ വീണ്ടും പണിമുടക്കും. ഒക്‌ടോബർ 2 മുതൽ 4 വരെ പണിമുടക്കുമെന്നും യൂണിയൻ അറിയിച്ചു. ഈ പണിമുടക്കിൽ കൺസൾട്ടന്റുമാരും പങ്കുചേരും. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ഇതുവഴി ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ അറിയിച്ചിരുന്നു.

ജൂനിയർ ഡോക്ടർമാർ അല്ലാതെ കൺസൾട്ടന്റുമാർ, നേഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോകൾ, റേഡിയോഗ്രാഫർമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള ആരോഗ്യ സംഘടനകൾ പണിമുടക്കുകൾ അവസാനിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പണിമുടക്കുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും പറഞ്ഞു. കൺസൾട്ടൻറുകൾ ഇതുവരെ രണ്ട് വാക്കൗട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാർക്ക് വൻ തിരിച്ചടിയായി. തിങ്കളാഴ്ച ഉണ്ടായ പ്രശ്നം ഉടൻ പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് എയർലൈൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോസസ്സ് ചെയ്യാൻ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാർക്ക് നാട്ടിലേക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടിവന്നു.

സൈബർ ആക്രമണം മൂലമാണ് തകരാർ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്സ് സ്ഥിരീകരിച്ചു. സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച് എയർലൈൻ സമർപ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് സ്ഥിരീകരിക്കാൻ സാധ്യമല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് പറഞ്ഞു.

ഗതാഗത സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകാൻ നാറ്റ്സ് സിസിഎയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ നിഗമനം പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളുടെ ബാക്ക്‌ലോഗ് ലഘൂകരിക്കുന്നതിനായി എല്ലാ യുകെ വിമാനത്താവളങ്ങളിലേക്കും രാത്രി പറക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു. ഗാറ്റ്വിക്കിൽ 75, ഹീത്രൂവിൽ 74, മാഞ്ചസ്റ്ററിൽ 63, സ്റ്റാൻസ്റ്റെഡിൽ 28, ലൂട്ടണിൽ 23, എഡിൻബർഗിൽ 18 എന്നിങ്ങനെ 281 വിമാനങ്ങൾ റദ്ദാക്കിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ സമരം മൂലം മാറ്റിവച്ച അപോയിന്റ്മെന്റുകളുടെയും ചികിത്സകളുടെയും എണ്ണം പത്തുലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരുടെ 48 മണിക്കൂർ സമരത്തിൽ 45,000-ത്തിലധികം അപോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചതു മുതൽ മാറ്റിവച്ച ആശുപത്രി അപ്പോയിന്റ്മെന്റുകളുടെ ആകെ എണ്ണം 885,000 ആയി. മാനസികാരോഗ്യം, കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ, അത് 944,000-ൽ എത്തുന്നു.

കൺസൾട്ടന്റുമാർ, ജൂനിയർ ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോകൾ, ആംബുലൻസ് ജീവനക്കാർ, റേഡിയോഗ്രാഫർമാർ എന്നിവർ വിവിധ ദിവസങ്ങളിൽ പണിമുടക്കി. സമരങ്ങൾ എൻഎച്ച്എസിലും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്നതായി എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. സമരങ്ങൾ കാരണം ഉണ്ടായ ബാക്ക്‌ലോഗ് പരിഹരിക്കാൻ സ്റ്റാഫുകൾ അശ്രാന്തമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ കൂടുതൽ സമരങ്ങൾ നടത്താൻ കൺസൾട്ടന്റുമാർ ആലോചിക്കുന്നുണ്ട്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ പറഞ്ഞു.
സ്‌കോ ട്ട്‌ലൻഡിൽ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോ ട്ട്‌ലൻഡിന്റെ (എൻആർഎസ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-ൽ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് 1,276 പേരാണ് മരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് കണക്കുകളിൽ 2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

2022-ൽ, മദ്യപാനം മൂലമുള്ള സ്ത്രീകളുടെ മരണത്തിന്റെ ശരാശരി പ്രായം 58.7 വർഷവും പുരുഷന്മാരിൽ ഇത് 60 വർഷവുമാണെന്ന് എൻആർഎസ് മേധാവി ഡാനിയൽ ബേൺസ് പറഞ്ഞു. സ്കോ ട്ട്‌ലൻഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാന മരണനിരക്ക് 4.3 മടങ്ങ് കൂടുതലാണ്. 2022ലെ കണക്കുകൾ നോക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങളേക്കാൾ മദ്യപാനം മൂലമുള്ള മരണങ്ങളാണ് കൂടുതൽ. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനിടെയുള്ള മയക്കുമരുന്ന് മൂലമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്കോ ട്ട്ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ് ഹെൽത്ത് ബോർഡ് ഏരിയയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (326) രേഖപ്പെടുത്തിയത്, തുടർന്ന് എൻ എച്ച് എസ് ലനാർക്ക്‌ഷയറിൽ 200ഉം, എൻഎച്ച്എസ് ലോതിയൻ – എഡിൻബർഗിൽ 153 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതിൽ 778 മരണങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം മൂലമാണ്. 2018 മെയ് മാസത്തിൽ മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എംയുപി) ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്‌കോ ട്ട്‌ലൻഡ് മാറിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്യൻ യൂണിയൻ കാലത്തെ ജലമലിനീകരണ നിയന്ത്രണ നിയമങ്ങൾ ഒഴിവാക്കി കൂടുതൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ. സംരക്ഷിത പ്രദേശങ്ങളിലെ ജലാശയങ്ങൾക്ക് സമീപം വീടുകൾ നിർമ്മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ നീക്കിയാൽ 2030 ഓടെ ഒരു ലക്ഷം പുതിയ വീടുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. പുതിയ വീടുകളിൽ നിന്നുള്ള ജലമലിനീകരണം വളരെ ചെറുതാണെന്ന് മന്ത്രിമാർ വാദിക്കുന്നു. ഇതിനായി 280 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് പദ്ധതി. എന്നാൽ ഈ നിയമമാറ്റം പരിസ്ഥിതിയ്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് സിഇഒ ക്രെയ്ഗ് ബെന്നറ്റ് പറഞ്ഞു.

നിലവിൽ ഹൗസ് ഓഫ് ലോർഡ്‌സിലുള്ള ലെവലിംഗ് അപ്പ് ആൻഡ് റീജനറേഷൻ ബിൽ ഭേദഗതിയിലൂടെയോ മാറ്റത്തിലൂടെയോ ഈ നിയമങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതികൾ. നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് 18 ബില്യൺ പൗണ്ട് അധികമായി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, ഈ നീക്കത്തോടൊപ്പം, നാച്ചുറൽ ഇംഗ്ലണ്ട് നടത്തുന്ന ന്യൂട്രിയന്റ് മിറ്റിഗേഷൻ സ്കീമിനായി 280 മില്യൺ പൗണ്ടായി നിക്ഷേപം ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള പുതിയ പാരിസ്ഥിതിക നടപടികളും സർക്കാർ പ്രഖ്യാപിക്കുന്നു.

മെച്ചപ്പെട്ട സ്ലറി സംഭരണത്തിനായി 166 മില്യൺ അധിക ഗ്രാന്റുകൾ കർഷകർക്ക് ലഭ്യമാക്കും. കൃഷിയിടത്തിൽ നിന്ന് നദികളിലേക്കും തണ്ണീർത്തടങ്ങളിലേക്കുമുള്ള ഒഴുക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയൻ നിയമം യുകെയിലെ വീട് നിർമാണത്തിന് തടസമായിരുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പുതിയ പദ്ധതികൾ ഇംഗ്ലണ്ടിന്റെ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് ആവശ്യമായ പുതിയ വീടുകൾ നിർമ്മിക്കാൻ സഹായകമാകുമെന്നും പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇന്ത്യയുടെ ചന്ദ്രനിലേയ്ക്കുള്ള ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം യുകെയും ഇന്ത്യയും തമ്മിലുള്ള വിദേശ സഹായത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നൂതന ബഹിരാകാശ സാങ്കേതികവിദ്യകൾ ഇന്ത്യ വികസിപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്ന പുതിയ വിവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതിനിടയിൽ ബ്രിട്ടീഷ് വാർത്ത അവതാരകൻ പാട്രിക് ക്രിസ്റ്റിസ് ബ്രിട്ടൻ നൽകിയ 2.3 ബില്യൻ പൗണ്ട് ഇന്ത്യ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം തന്നെ മാധ്യമപ്രവർത്തകയായ സോഫി കോർകോറെനും ഇതേ അഭിപ്രായങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.

2016-നും 2021-നും ഇടയിൽ ബ്രിട്ടൻ നൽകിയ 2.3 ബില്യൺ പൗണ്ട് വിദേശസഹായം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജിബി ന്യൂസിന്റെ അവതാരകനായ ക്രിസ്റ്റി ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്ന 57 മില്യൺ പൗണ്ടിനെ കുറിച്ചും ചിന്തിക്കണമെന്ന അഭിപ്രായങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ റോക്കറ്റുകൾ വിക്ഷേപിക്കുവാൻ കഴിവുള്ള രാജ്യങ്ങൾക്ക് യുകെ ധനസഹായം നൽകേണ്ട ആവശ്യമില്ലന്നായിരുന്നു സോഫിയുടെ പോസ്റ്റ്. എന്നാൽ ബ്രിട്ടീഷുകാരുടെ ഇത്തരത്തിലുള്ള വിവാദപരമായ അഭിപ്രായങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കളും സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുന്നുണ്ട്. കൊളോണിയൽ കാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നവും മറ്റും ബ്രിട്ടൻ തിരികെ നൽകണമെന്ന് ഇന്ത്യക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് വാർത്ത അവതാരകരുടെയും മാധ്യമപ്രവർത്തകരുടെയും അഭിപ്രായങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇന്ത്യയിൽ നിന്ന് 9.2 ട്രില്യൺ പൗണ്ട് പിരിച്ചെടുത്തതായി സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 45 ട്രില്യൺ ഡോളർ ബ്രിട്ടൻ ആദ്യം തിരിച്ചു നൽകണമെന്ന് ഇന്ത്യൻ സോഷ്യൽ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.