Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദേശ വിദ്യാർത്ഥികളാണ് യുകെയിലെ സർവ്വകലാശാലകളിൽ പഠിക്കാനായി ദിനംപ്രതി എത്തിച്ചേരുന്നത്. നിശ്ചിത സമയ പരിധിയിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്നുള്ളതും പഠന ശേഷം ജോലി ലഭിക്കുകയാണെങ്കിൽ യുകെയിൽ ജീവിതം കരുപിടിപ്പിക്കാമെന്നുള്ളതുമാണ് വിദേശ വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു. ഇതുമൂലം വൻ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടാകുന്നത്.

പുറത്ത് വരുന്ന കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിന്റെ ഭാഗമായി പ്രതിവർഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ 300 മില്യൺ പൗണ്ടിൽ അധികം നഷ്ടമാണ് ഉണ്ടായത്. നൂറിൽ അധികം വരുന്ന സർവ്വകലാശാലകൾക്ക് മാത്രമായി വരുന്ന നഷ്ടക്കണക്ക് ഒരു മില്യൺ പൗണ്ടിൽ അധികമാണ് . വിദേശ വിദ്യാർത്ഥികൾ പഠനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കെയർ മേഖലകളിൽ ഉൾപ്പെടെയുള്ള തൊഴിൽ നേടി പഠനം അവസാനിപ്പിക്കുന്നതിൻെറ കണക്കുകളാണ് പുറത്ത് വന്നത്. രാജ്യത്ത് ഇതിനോടകം തന്നെ ആവശ്യ സേവന രംഗമായ ആരോഗ്യ മേഖലയിലും മറ്റും വിദേശ വിദ്യാർത്ഥികളെ നിയമിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ കുറവിനെ നികത്താനുള്ള ഒരു മാർഗമാണ്.

സ്കിൽഡ് വർക്കർ വിസ സിസ്റ്റത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ മൂലം ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല. അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്റ്റുഡൻസ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയിൽ നിന്ന് ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾ ബിരുദം പൂർത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ് ഇതുമൂലം നിലവിൽ വന്നത്.

പഠനത്തിനായി യുകെയിൽ എത്തി ആരോഗ്യ മേഖല ഉൾപ്പെടെയുള്ള ജോലികളിലേക്ക് മാറാൻ സർവകലാശാലകളെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിനേക്കാൾ എളുപ്പമുള്ളതായതുകൊണ്ട് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഈ രീതി പിന്തുടരുന്നത്. ഇത് തികച്ചും നിയമാനുസൃതമായ ഒരു മാർഗമാണെങ്കിലും പഠനം തീരുന്നതിന് മുൻപേയുള്ള ഈ മാറ്റം യൂണിവേഴ്സിറ്റികളെ സാമ്പത്തികമായി നഷ്ടത്തിൽ ആക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്ന് നിലവിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കിൽഡ് വിസ നയത്തിൽ ഹോം ഓഫീസ് മാറ്റം വരുത്തുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി ആൺകുട്ടികളെയെന്ന് റിപ്പോർട്ട്‌. ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ഉണ്ടായിരുന്ന ഡിമാൻഡാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ ആൺകുട്ടികൾക്ക് വന്നു ചേർന്നിരിക്കുന്നത് . ഉയർന്ന ജീവിതനിലവാരമാണ് പെൺകുട്ടികളെ ആകർഷിക്കുന്നതിൽ പ്രധാന ഘടകം.

എന്തുകൊണ്ടാണ് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ സ്വപ്നനഗരം അതാണെന്നാണ് പെൺകുട്ടികളുടെ ഭാഷ്യം. ഗൾഫിലേക്ക് കേരളത്തിൽ നിന്നും ആളുകൾ പോയികൊണ്ടിരുന്ന ട്രെൻഡിന് ഇതോടെ വിരാമമാവുകയാണെന്നാണ് സൂചനകൾ. വിദ്യാഭ്യാസവും തൊഴിലും കേരളത്തിലേതിനേക്കാൾ മികച്ച അവസ്ഥയിലാണ് വിദേശരാജ്യങ്ങളിൽ എന്നുള്ളതും കല്യാണമാർക്കറ്റിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട് . പണ്ടുകാലത്ത് ചെറുക്കൻ ഗൾഫിൽ ആണെന്ന് പറയുന്നതിന് ഇതോടെ അന്ത്യമാവുകയാണ്.

ഇതുകൂടാതെ കേരളത്തിൽനിന്ന് പഠനത്തിനായി വിദേശത്ത് എത്തുന്നവരുടെ ഒഴുക്ക് തുടരുകയാണ് . കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി എന്തുകൊണ്ടാണ് വിദേശ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർത്ഥികളുടെ അനിയന്ത്രിത ഒഴുക്ക് ഉണ്ടാകുന്നത് എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ഏറ്റവും മികച്ച പേരും പെരുമയുമുള്ള കോളേജുകളിൽ പോലും ബിരുദകോഴ്‌സുകൾക്ക് ആളില്ലാത്ത അവസ്ഥ നിലവിലുണ്ട്. ഒരുകാലത്ത് അഡ്മിഷൻ കിട്ടാതെ വിദ്യാർത്ഥികൾ വലഞ്ഞിരുന്ന സാഹചര്യത്തിൽ നിന്നും, നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങൾ. വലിയ തുക വായ്പ എടുത്ത് വിദേശ സർവകലാശാലകളിലേക്ക് ഇന്ന് മലയാളികൾ കുടിയേറുകയാണ്.

അനുദിനം ഉയരുന്ന ജീവിതചിലവും, സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാനാണ് മലയാളികൾ യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ ഇതേ പ്രതിസന്ധികൾ വിദേശ രാജ്യങ്ങളിൽ ഉണ്ടെന്നുള്ള കാര്യം ഇവർ മറക്കുകയാണ്. യൂറോപ്പിൽ നിന്നൊരു കല്യാണ ആലോചന വന്നാൽ ഒന്നും നോക്കാതെ യെസ് പറയുമെന്നാണ് പെൺകുട്ടികളുടെ ഭാഷ്യം.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗത്ത് ലണ്ടനിലെ കോവിഡ് ബാധിതനായ 13 വയസ്സുകാരന്റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തും. കുട്ടിയുടെ ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ കോവിഡ് ബാധിതനായി മരിച്ച യുകെയിലെ ആദ്യത്തെ കുട്ടിയാണ് ബ്രിക്സ്റ്റണിൽ നിന്നുള്ള ഇസ്മായിൽ മുഹമ്മദ് അബ്ദുൾ വഹാബ്. ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് 19 പിടിപെട്ടതായി കണ്ടെത്തി മൂന്നാം ദിവസം ഇസ്മായിൽ മരിക്കുകയായിരുന്നു. കുട്ടിയുടെ ബ്രീത്തിങ് ട്യൂബ് തെറ്റായ നിലയിൽ കണ്ടെത്തിയിട്ടും അത് ശരിയാക്കാതെ ഷിഫ്റ്റിൽ കൂടുതൽ ജീവനക്കാർ വരുന്നത് വരെ ഡോക്ടർ കാത്തിരുന്നതായി കോടതി കണ്ടെത്തി. പ്രസ്‌തുത സംഭവം നടന്ന രാത്രി തന്നെ ഇസ്മായിൽ മരിക്കുകയായിരുന്നു.

ബ്രീത്തിങ് ട്യൂബ്സ് നേരത്തെ മാറ്റി സ്ഥാപിക്കാത്തതാണോ മരണ കാരണം എന്ന് അന്വേഷണം നടത്തുമെന്ന് സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് പറഞ്ഞു. ഇസ്മായിൽ വൈറസ് ബാധ മൂലമോ പ്രതിരോധശക്തി കുറഞ്ഞത് മൂലമോ മരിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡോക്ടറുടെ താമസിച്ചുള്ള ഇടപെടൽ മൂലമാണോ കുട്ടി മരിച്ചത് എന്നായിരിക്കും പരിശോധിക്കുക. ഗവൺമെന്റിന്റെ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം കുട്ടിയുടെ കുടുംബത്തിന് അവനോടൊപ്പം അവസാന നാളുകളിൽ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല. ലണ്ടൻ ഇന്നർ സൗത്ത് കൊറോണർ കോടതിയിൽ മാർച്ച് ഒന്നിനായിരിക്കും അടുത്ത വിചാരണ നടക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അണുബാധ മൂലം 9 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിനുശേഷം സ്‌ട്രെപ്റ്റോകോക്കസ് എ ബാധിതരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ ആന്റിബയോട്ടിക്കുകൾ നൽകാൻ ഒരുങ്ങി സർക്കാർ. ആൻറിബയോട്ടിക്കുകൾ നൽകുന്നത് ഒരു ഓപ്ഷൻ മാത്രമാണെന്നും തിങ്കളാഴ്ച നടക്കുന്ന ഹൗസ് ഓഫ് ലോർഡ്സിൽ ഈ വിഷയം ഉന്നയിക്കുമെന്നും സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. ബെൽഫാസ്റ്റ് പ്രൈമറി സ്‌കൂളിലെ അഞ്ചു വയസ്സുകാരിയുടെ മരണമാണ് അണുബാധ ബാധിച്ച് മരിച്ച വിദ്യാർത്ഥികളിൽ ഏറ്റവും ഒടുവിലത്തേത്. നിലവിൽ അധികൃതർ ഇപ്പോൾ സ്കൂളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

രാജ്യത്താകമാനം സെപ്റ്റംബർ മുതൽ സ്ട്രെപ്ട് എ ബാക്ടീരിയയുടെ അണുബാധ മൂലം എട്ടു കുട്ടികളാണ് മരിച്ചത്. ഒക്ടോബറിൽ സ്ട്രെപ് എ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒസ്കാർലറ്റ് ഫീവർ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്കൂളുകളിലും മറ്റും സ്ട്രെപ്ട് എ കേസുകൾ തടയാൻ ആൻറിബയോട്ടിക് ഉപയോഗിക്കണം എന്ന മാർഗനിർദേശം മുന്നോട്ട് വെച്ചിരുന്നു. അണുബാധയുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലുള്ള ആശങ്ക കണക്കിലെടുത്ത് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻ പറഞ്ഞു. യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി നിലവിലെ സാഹചര്യവും നിരീക്ഷിച്ച് എന്താണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകാൻ ഉള്ള കാരണമെന്ന് അന്വേഷിക്കുന്നതായും മിസ്റ്റർ ഗിബ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022 ഡിസംബർ 7 മുതൽ മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേക്ക് 32 പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു . പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ വന്നതോടെ ഇന്ത്യയിലേക്ക് അവധിക്കാലത്ത് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ കിട്ടുമെന്നാണ് കരുതപ്പെടുന്നത്. അവധിക്കാലത്ത് ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള യാത്രക്കാരുടെ ഉയർന്ന കണക്കുകൾ പരിഗണിച്ചാണ് കൂടുതൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചതെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

പുതിയ ഫ്ലൈറ്റുകൾ ഇറ്റലി, യുകെ എന്നിവിടങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടും. ഇസ്താംബുൾ വഴി മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേയ്ക്കാണ് ഫ്ലൈറ്റുകൾ ഉണ്ടാവുക. ഇതുമൂലം യൂറോപ്പിലേക്കുള്ള യാത്രാ ചിലവുകൾ താരതമ്യേന കുറയുകയും ചെയ്യും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ തങ്ങൾ ശ്രമിക്കുമെന്നും വിനയ് മൽഹോത്ര പറഞ്ഞു.

മിലാൻ, മാഞ്ചസ്റ്റർ, റോം, വെനീസ് എന്നിവയെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്‌ഥലങ്ങളാണ്. ഫുട്ബോളിനും സംഗീതത്തിനും പേരുകേട്ട മാഞ്ചസ്റ്ററിലേക്കും ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാമിലേക്കും പുതിയ ഫ്ലൈറ്റുകൾ വരുന്നത് യുകെ മലയാളികൾക്ക് ഒട്ടേറെ പ്രയോജനപ്പെടും. കല, ചരിത്രം, ഫുട്ബോൾ എന്നിവയ്ക്ക് പേരുകേട്ട നഗരമാണ് മിലാൻ. അതേസമയം റോം കത്തോലിക്കാ സഭയുടെ കേന്ദ്രമായതുകൊണ്ട് ഒട്ടേറെ വിശ്വാസികളാണ് സന്ദർശനത്തിനായി എത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.

കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട്  കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.

കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്  ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.

@GovNL and @IPGS_GovNL

ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://www.gov.nl.ca/releases/2022/exec/1103n02/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ജെറമി കോർബ് ഇടം പിടിക്കുന്നതിന് സാധ്യതയില്ലെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ വ്യക്തമാക്കി. ലേബർ പാർട്ടിയുടെ പ്രതിപക്ഷ നേതാവായിരുന്ന ജെറമി കോർബിന് പാർട്ടിയിലെ യഹൂദ വിരുദ്ധതയെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്ന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

ബിബിസിയുടെ ടുഡേ പ്രോഗ്രാമിൽ സംസാരിച്ചപ്പോഴാണ് അടുത്ത തിരഞ്ഞെടുപ്പിൽ ലേബർ എംപിയായി ജെറമി കോർബ് നിൽക്കേണ്ട സാഹചര്യമില്ലെന്ന് കെയർ സ്റ്റാമർ വ്യക്തമാക്കിയത്. 1983 മുതൽ ഇസ്ലിംഗ്ടൺ നോർത്തിനെ പ്രതിനിധീകരിച്ചു വന്നിരുന്ന കോർബിൻറെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്ന ചർച്ചകൾക്ക് ഇതോട് ചൂടുപിടിച്ചു കഴിഞ്ഞു. ഒരുപക്ഷേ അദ്ദേഹം സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലും അണികളുടെ ഇടയിലും ജെറമി കോർബിനെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ ഘടക കക്ഷികളുടെ സമീപനവും പ്രധാനമാണ്. ജെറമി കോർബ് തൻെറ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ടു പോകുകയാണെങ്കിൽ അത് പ്രതിപക്ഷ നിരയ്ക്ക് കടുത്ത വിള്ളലിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

റിഷി സുനക് പ്രധാന മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ വളരെ ഉയർന്ന ഭൂരിപക്ഷമാണ് പാർട്ടി സ്‌ഥാനാർഥിയ്ക്ക് ലഭിച്ചത് . ഉപതിരഞ്ഞെടുപ്പിലെ വിജയം ടോറി ഗവൺമെന്റിൽ നിന്ന് ലേബർ പാർട്ടിയിലേക്കുള്ള പൊതുവേയുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മദ്യപിക്കുന്നവർ സ്ഥിരമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഹാങ് ഓവർ. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ഡോ. മേഗാൻ റോസി. പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും പ്രധാനമായും ജനിതക തകരാറാണ് ഇതിന് പ്രധാന കാരണം. ഒന്നോ രണ്ടോ ഗ്ലാസ്‌ മദ്യം കുടിച്ചു കഴിയുമ്പോൾ പലർക്കും അലർജിപോലെ രൂപപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. പലപ്പോഴും ശ്വസിക്കാൻ ബുദ്ധിമുട്ട്, വയറുവേദന തുടങ്ങിയവ ഇനി മദ്യത്തിൻെറ ഉപയോഗം കുറയ്ക്കണം എന്നതിന്റെ സൂചനയാണ്.

മദ്യപിച്ചുകഴിഞ്ഞുള്ള ഹാങ്ഓവർ ജനിതകമായ ഘടകങ്ങളുടെ ഭാഗമായാണ് ഉണ്ടാകുന്നത്. ആൽഡിഹൈഡ് ഡൈഹൈഡ്രജനേസ് എന്ന എൻസൈമിന്റെ പ്രവർത്തനത്തെ തുടർന്നാണിത് സംഭവിക്കുന്നത്. മദ്യം കഴിക്കുന്നതിനെ തുടർന്ന് കരളിൻെറ പ്രവർത്തനം സുഗമമാക്കുന്നതിനും മേൽപറഞ്ഞ എൻസൈമിന് നിർണ്ണായക പങ്കുണ്ട് .

ആൽഡിഹൈഡ് ഡൈഹൈഡ്രജനേസ് കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് പലവിധത്തിൽ ശരീരത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് വിഷാംശം ശരീരത്തിൽ തങ്ങി നിൽക്കുന്നതിനും കാരണമാകുന്നു. ഇതൊക്കെകൊണ്ടാണ് പലപ്പോഴും മദ്യപാനത്തെ തുടർന്ന് ക്ഷീണം , ശരീരവേദന ,ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാറ്. അതേപോലെ രക്തകുഴലുകളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിക്കും. നിസാരമെന്ന് പുറമെ തോന്നുമെങ്കിലും മദ്യപാനം മൂലം പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽ രംഗത്ത് പുതിയ പരിഷ്കാരങ്ങളുമായി യു കെ. വർക്ക്‌ ഫ്രം ഹോം രീതി കോവിഡ് കാലത്താണ് കൂടുതലായും നടപ്പിലായത്. നിലവിലെ തൊഴിൽ നിയമം അനുസരിച്ച് പുതിയ ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് 6 മാസം കഴിഞ്ഞേ വർക്ക്‌ ഫ്രം ഹോം എടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ആദ്യദിനം മുതൽ പ്രവർത്തനരീതി തിരഞ്ഞെടുക്കാം. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന തരത്തിൽ തൊഴിൽ രംഗത്തെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സമീപനം.

തൊഴിലാളികൾക്ക് പരസ്പരം ജോലിഭാരം പങ്കുവെക്കാനും ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാനും ഇതിലൂടെ അവസരം നൽകുന്നുണ്ട്. കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിചരിക്കുന്ന ആളുകൾക്ക് പലപ്പോഴും ജോലിഭാരം കൂടിയാകുമ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇതിനെ ലഘൂകരിക്കാനും പുതിയ പരിഷ്കരണത്തിലൂടെ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, പുതിയ ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാനാകൂ. ഇതുമൂലം പല ആളുകൾക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. പുതിയ ക്രമീകരണത്തിലൂടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായി തൊഴിലിടങ്ങളും മാറുന്നു എന്നതാണ് പ്രധാനം.

തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ സാഹചര്യമൊരുക്കുക എന്നുള്ളതാണ് പ്രധാനം, അവർക്ക് ഇഷ്ടമുള്ള പ്രവർത്തന രീതി തിരഞ്ഞെടുക്കാനും തൊഴിൽ ദാതാക്കൾ തയാറാകണമെന്നും വ്യവസായ മന്ത്രി കെവിൻ ഹോളിൻറേക്ക് പറഞ്ഞു. യു കെയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിലിടമാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുതിയ നടപടിക്കെതിരെ വിമർശനങ്ങളുമുയരുന്നുണ്ട്. മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മുൻ ടോറി നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് ചോദിച്ചു. ചെറുകിട ബിസിനസുകളെ തകർക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ കമ്പനികളിൽ ധാരാളം തൊഴിലാളികൾ ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ല. എന്നാൽ ചെറുകിട കമ്പനികൾ എന്ത് ചെയ്യും, തൊഴിലാളികൾ എല്ലാം വർക്ക്‌ ഫ്രം ഹോം എടുത്താൽ കമ്പനി എങ്ങനെ പ്രവർത്തിക്കുമെന്നാണ് ഗവണ്മെന്റ് പറയുന്നതന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒന്നരവർഷം മുമ്പ് മാത്രമാണ് ഷാജി മാത്യു യുകെയിലെത്തിയത്. എന്നാൽ ഈ സമയം കൊണ്ട് തന്നെ അദ്ദേഹം നല്ല സുഹൃത് വലയം സൃഷ്ടിക്കുകയും സുഹൃത്തുക്കളുടെ മനസ്സിൽ കുടിയേറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷാജി മാത്യുവിന് യാത്രാമൊഴിയേകാൻ ഇന്നലെ എത്തിച്ചേർന്നത്. ഇന്നലെ ഞായറാഴ്ച 12. 15 മുതൽ 2. 30 വരെയാണ് യുകെയിലെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷാജി മാത്യുവിന് യാത്രാമൊഴിയേകാനുള്ള പൊതുദർശനത്തിനായി സമയം ക്രമീകരിച്ചിരുന്നത്. ഔവർ ലേഡി ഓഫ് ദ റോസ്മേരി ആൻഡ് സെന്റ് ലൂക്കിലാണ് പൊതുദർശനം നടത്തിയത് .

യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വൈദിക പ്രമുഖരും ഷാജി മാത്യുവിന്റെ ഭാര്യ ജൂബിയെയും മക്കളെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഷൂസ്ബറി ഹോസ്പിറ്റലിലെ നേഴ്സായ ഭാര്യ ജൂബിയെയും എട്ടും പതിനൊന്നും വയസ്സുള്ള നെവിൻ ഷാജിയേയും കെവിൻ ഷാജിയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

നവംബർ 26-ാം തീയതിയാണ് ഷൂസ് ബറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത്. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിയിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനുമാണ് ഷാജിയുടെ മാതാപിതാക്കൾ .

ഷാജി മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ കുടുംബത്തിന് അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട് : രഞ്ജിൻ വി സ്ക്വയർ ടിവി

Copyright © . All rights reserved