ലണ്ടൻ/ സസ്സെക്സ് : വളരെയേറെ പ്രതീക്ഷകളോടെ ഒരു നഴ്‌സായി യുകെയിൽ എത്തിയ നിമ്യ മാത്യു. എത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) മരണമടഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് പരേതയായ നിമ്യ മാത്യൂസ്.
ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഇന്ന് ഉച്ചയോടെ മരണമടയുകയായിരുന്നു.
മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും അടങ്ങുന്നതാണ്യു കുടുംബം. ഇവർ യുകെയിൽ എത്തിയിട്ട് അധികം ആയില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ അറിയുകയുള്ളൂ. നിമ്യ മാത്യൂസിന്റെ അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാതികളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതയായ നിമ്യ മാത്യൂസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിരവധി മലയാളികളെ കുടുക്കിയ പീറ്റര്‍ബറോ ചിട്ടി തട്ടിപ്പിൽ പരാതിക്കാരന് ആശ്വാസമായി കോടതി വിധി. തട്ടിപ്പ് നടത്തിയ മലയാളി നേഴ്സായ കോതമംഗലം സ്വദേശി ഷിബി, നഷ്ടമായ തുക ഉൾപ്പെടെ 10,894 പൗണ്ട് പരാതിക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ വിധിക്കെതിരെ യുവതി അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളിയതോടെയാണ് വാർത്ത പുറത്ത് വന്നത്. പീറ്റര്‍ബറോ കൗണ്ടി കോടതിയാണ് കേസിൽ വാദം കേട്ടത്.
നഷ്ടമായ പണം നിയമപോരാട്ടത്തിലൂടെ തിരികെ പിടിക്കണമെന്ന ജോമില്‍ എന്നയാളുടെ ഉറച്ച തീരുമാനമാണ് ധാരാളം പേരെ തട്ടിപ്പിനിരയാക്കിയ കേസിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകാൻ കാരണമായത്. നേരത്തെ നിയമപരമായി പണം തിരികെ ലഭിച്ച ജെയ്മോന്റെ വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ജോമിൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നവരെ ഭീഷണിപ്പെടുത്താനും യുവതി ശ്രമിക്കുന്നതായി ഇതിനോടകം തന്നെ പരാതി ഉയർന്നിട്ടുണ്ട്. ജോമിലിനും ജെയ്മോനും പണം തിരികെ നൽകാൻ കോടതി വിധി വന്നത് തട്ടിപ്പിനിരയായ അനേകം ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ പ്രചോദനം നൽകിയിട്ടുണ്ട്.
ചിട്ടികമ്പനി പൊട്ടിയതിനെ തുടർന്ന് പീറ്റര്‍ബറോയിൽ നിന്നും ഷിബിയും കുടുംബവും താമസം മാറ്റിയിരുന്നു. ആരും പരാതിയുമായി കോടതിയെ സമീപിക്കില്ലെന്ന അമിതവിശ്വാസത്തിന്റെ പുറത്താണ് താമസം മാറിയത്. എന്നാൽ രണ്ടുപേർ അനുകൂല വിധി നേടിയത് തട്ടിപ്പിനിരയായ കൂടുതൽ മലയാളികളെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലേക്ക് നയിക്കും. നിയമനടപടികൾക്കായി നിരവധി അഭിഭാഷക സ്ഥാപനങ്ങളെ ആളുകൾ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇറ്റ്‌സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുകയാണ് ഇംഗ്ലണ്ട്. വെയിൽസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് രാജകീയമായി ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് കടന്ന് ഇംഗ്ലണ്ട്. വെയില്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍.

ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു. 38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി. ഗോൾ മാത്രം അകന്നുനിന്നു. എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിന് പുറത്ത് ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ ലീഡെടുത്ത ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ഹാരി കെയ്ന്‍ തളികയിലെന്നവണ്ണം നല്‍കിയ ക്രോസില്‍ ഫില്‍ ഫോഡന്‍റെ മനോഹര ഫിനിഷിംഗ്. ഇംഗ്ലണ്ട് രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി 2-0ന് മുന്നിലെത്തി. രണ്ട് ഗോള്‍ വീണതോടെ വെയില്‍സ് ഉണര്‍ന്നു. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ബോക്സില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ വെയ്ല്‍സിന് നഷ്ടമായി. എന്നാല്‍ ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി.

ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. യുഎസ്എ രണ്ടാമത്. പ്രീ ക്വാർട്ടറിൽ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളി. 1958 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പിന് യോഗ്യത നേടിയ അഭിമാനത്തോടെയാണ് വെയിൽസ് ഖത്തറിൽ എത്തിയത്. എന്നാൽ, ആരാധകർ പ്രതീക്ഷിച്ചതുപോലെ മികച്ച കളി പുറത്തെടുക്കാൻ ബെയ്‌ലിനും കൂട്ടർക്കും കഴിഞ്ഞില്ല
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികളുടെ എണ്ണം മറ്റ് മതസ്ഥരേക്കാൾ ആദ്യമായി ജനസംഖ്യയുടെ പകുതിയിൽ താഴെയായതായി കണക്കുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഡേറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2011 മുതൽ 2021 വരെയുള്ള മാറ്റങ്ങൾ ഇതിൽ നിന്നും വ്യക്തമാണ്. നിലവിലെ കണക്ക് അനുസരിച്ച് 46.2% പേരാണ് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളത്. അതേസമയം 2011 ൽ 59.3% ആയിരുന്നു ഇത്.

ക്രിസ്ത്യാനികളുടെ എണ്ണം ഇത്രയും കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചു നിരവധി മത നേതാക്കൾ രംഗത്ത് വന്നു. ക്രിസ്ത്യാനികളാണെന്നുള്ള ബോധം ഇന്ന് ഏറെ ആളുകൾക്കും ഇല്ല എന്നതാണ് ഇതിനു കാരണമെന്നും , ആളുകൾ അകന്നുപോകുന്നത് പരിഹരിക്കണമെന്നും യോർക്ക് ആർച്ച് ബിഷപ്പ് പറഞ്ഞു. സഭയും സമൂഹവും കടന്നുപോകുന്നത് ഇരുണ്ട കാലഘട്ടത്തിൽ ആണെന്നു പറഞ്ഞ റവ.സ്റ്റീഫൻ കോട്രെൽ സഭാ പ്രവർത്തനം കൂടുതൽ സജീവമാക്കി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടയിൽ മതേതര ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായി ഹ്യൂമനിസ്‌റ്റ് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ കോപ്‌സൺ പറഞ്ഞു. എന്നാൽ അതേസമയം, കണക്കുകൾ ഔദ്യോഗികമാണെന്നും, ക്രിസ്ത്യൻ സമുദായത്തിന് മേൽകൈ എന്ന വാദം ഇനി നിലനിൽക്കില്ലെന്നും നാഷണൽ സെക്കുലർ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇവാൻസ് പറഞ്ഞു.
ക്രിസ്ത്യൻ വംശജരുടെ എണ്ണത്തിൽ കുറവ് വന്നതിനോടൊപ്പം ബ്രിട്ടീഷ് വംശജരല്ലാത്ത ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 2011ലെ കണക്കുകൾ പ്രകാരം 8% ആയിരുന്നത് ഇപ്പോൾ 9.7% ആണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഊർജബില്ല് കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ പരിഹാരവുമായി സർക്കാർ. ഊർജബില്ല് കുറയ്ക്കാനായി കുടുംബങ്ങൾക്ക് 1,500 പൗണ്ട് വീതം ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ബില്ലുകൾ അടയ്ക്കാൻ ആളുകൾ കഷ്ടപ്പെടുന്നുവെന്ന വാർത്തകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി.

അടുത്താഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വർഷം കാലാവധിയുള്ള പ്രോജക്റ്റിൽ യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നവീകരിക്കാൻ ഇക്കോ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി ലഭിക്കും. 2030 ഓടെ ബ്രിട്ടന്റെ ഊർജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആളുകളുടെ ജീവിത നിലവാരം ഉയർത്തുക, ഊർജം ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ഇക്കോ പ്ലസ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കൗൺസിൽ ടാക്സ് ബാൻഡുകളിൽ എ മുതൽ ഡി വരെയുള്ള ആളുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

എന്നാൽ പദ്ധതിയെ കുറിച്ചുള്ള അന്തിമ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 70,000 വീടുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടൈംസ് പറയുന്നതനുസരിച്ച്, ലോഫ്റ്റ് ഇൻസുലേഷൻ സ്ഥാപിക്കുന്നതിലൂടെ പ്രതിവർഷം 640 പൗണ്ട് ലാഭിക്കാൻ കുടുംബങ്ങൾക്ക് കഴിയും. ബോയിലർ താപനില കുറയ്ക്കുക, ഒഴിഞ്ഞ മുറികളിൽ റേഡിയേറ്ററുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നിവ ശ്രദ്ധിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജോലിസ്ഥലത്തെ സമ്മർദ്ദത്തെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ കോടതി വാദം കേട്ടു. രോഗികൾക്ക് പ്രിയപ്പെട്ടതും, ഏത് സമയത്തും സമീപിക്കാവുന്നതുമായ ഡോക്ടർ വൈഷ്ണവി കുമാർ(35) ജൂൺ 22 നാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ വെച്ചുണ്ടായ മോശമായ അനുഭവത്തെയും സമ്മർദ്ദത്തെയും തുടർന്നുള്ള വിഷമമാണ് മരണകാരണമെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം.
രോഗികളോട് കരുതലോടെ ഇടപെടുന്ന, കരുണയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ ഇപ്പോഴും എല്ലാവരും സങ്കടത്തിലാണ്. ആശുപത്രിയിൽ വെച്ച് നേരിട്ടിരുന്ന സമ്മർദ്ദത്തിൽ മനംനൊന്ത് വൈഷ്ണവി ഏറെ നേരം കരയാറുണ്ടായിരുന്നെന്ന നിർണായക വിവരമാണ് ആത്മഹത്യ എന്ന സംശയം ബലപ്പെടുത്തിയത്.
തന്റെ മകൾ ജോലി ചെയ്തിരുന്ന ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ പലപ്പോഴും ജോലിയിൽ സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നെന്നും, ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതാണെന്നും വൈഷ്ണവിയുടെ പിതാവ് ഡോക്ടർ രവി കുമാർ ബർമിംഗ്ഹാം കൊറോണർ കോടതിയെ അറിയിച്ചു. എന്നാൽ വൈഷ്ണവി 2019-ൽ മാനസികാരോഗ്യ വിദഗ്ധന്റെ പക്കൽ ചികിത്സ തേടിയിരുന്നെന്നും, ജോലിഭാരവും കുടുംബത്തിലെ അപ്രതീക്ഷിത വിയോഗവുമാണ് മരണത്തിനു പിന്നിലെന്ന് സോളിഹൾ അസിസ്റ്റന്റ് കോറോണർ ഇയാൻ ഡ്രീലൻ പറഞ്ഞു.
കോവിഡ്- 19 ന്റെ സമയത്ത് വൈഷ്ണവി സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽ ട്രസ്റ്റിൽ ചീഫ് രജിസ്ട്രാറായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിലൂടെ അനുസ്മരിക്കുന്നത്. സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു വൈഷ്ണവിയെന്നും, വിയോഗം അപ്രതീക്ഷിതമായിട്ടാണെന്നും കേസിൽ കോടതി വാദം കേട്ടതിനു ശേഷം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെ-ചൈന ബന്ധത്തിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുമായി ചുമതലയേറ്റതു മുതൽ ചൈനയോടുള്ള യുകെയുടെ നിലപാട് കർശനമാക്കാൻ സുനക് സമ്മർദ്ദം നേരിട്ടിരുന്നു.

നമ്മുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും ചൈന വെല്ലുവിളി ഉയർത്തുന്നുവെന്ന് തിരിച്ചറിയുന്നതായി സുനക് പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾക്കെതിരെ ചൈനയിൽ കനത്ത പ്രതിഷേധം നടക്കുകയാണ്. ഞായറാഴ്ച ഷാങ്ഹായിൽ ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ബിബിസി മാധ്യമപ്രവർത്തകനെ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇതിനെയും സുനക് വിമർശിച്ചു.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴിലായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുള്ള സുവർണ്ണകാലഘട്ടം. എന്നാൽ ലണ്ടനും ബീജിംഗും തമ്മിലുള്ള ബന്ധം പിന്നീട് വഷളായി. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും എതിരാളികളോട് നയതന്ത്രപരമായി എതിർത്തു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയെ നടുക്കി വീണ്ടും അപകടം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർ പരിശോധനയിൽ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ജൂലായ് 16ന് ആയിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ റിച്ചാർഡ്, അലിസൺ ആംനർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇരുവരും വെയിൽസിലെ കാർമാർഥൻഷെയറിൽ നിന്ന് ബൈക്കിൽ വരികയായിരുന്നു. ഈ സമയത്ത് എതിർവശത്തു നിന്ന് വരികയായിരുന്ന മാത്യു ബെൽ, ഒരു വളവിൽ വച്ച് വാനിനെ മറികടക്കുന്നതിനിടെയാണ് ഇവരെ ഇടിച്ചത്. അപകടത്തെ തുടർന്ന് അലിംസൺ എട്ടടി ഉയരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് റിച്ചാർഡിന്റെ തുടയെല്ല് ഒടിഞ്ഞു, ആംനറിന്റെ വിരലും മൂക്കും വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു.

അപകടത്തിന് ശേഷം ഇരുവരും ഇരുപത് പ്രാവശ്യത്തിലധികം രക്തമാറ്റത്തിന് വിധേയരായി. ദൈനംദിന കാര്യങ്ങൾക്കായി വീൽ ചെയറിനെയാണ് ഇരുവരും ആശ്രയിക്കുന്നത്. സഹായത്തിനൊപ്പം മകളുമുണ്ട്. അപകടത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഡ്രൈവർ കൊക്കെയ്നും കഞ്ചാവും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 30 മാസം തടവിലാക്കി. അപകടത്തിന്റെ ഭയാനകമായ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുമായി സർക്കാർ. യുകെയിൽ ഏറ്റവും കുറവ് ഊർജ്ജക്ഷമതയുള്ള വീടുകൾ ഇൻസുലേറ്റ് ചെയ്യാൻ സർക്കാർ 1 ബില്യൺ പൗണ്ട് അധികമായി ചെലവഴിക്കുമെന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. രാജ്യത്തെ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിക്കെതിരെ ഒരേസമയം വിമർശനവും ഉയരുന്നുണ്ട്.

പദ്ധതി വെറും വാഗ്ദാനം മാത്രമാണെന്നും, പ്രഖ്യാപനം ഏറെ വൈകിയെന്നുമാണ് വിമർശകരുടെ പ്രധാന വാദം. എന്നാൽ , പദ്ധതികൊണ്ട് ഇടത്തരം കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഉപകാരമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വസന്തകാലം മുതൽ മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കുന്ന പദ്ധതിക്ക് കീഴിൽ ലക്ഷക്കണക്കിന് വീടുകൾക്ക് ഇതിലൂടെ ഇൻസുലേഷൻ ലഭിക്കും. ഇതിലൂടെ പദ്ധതിയുടെ പകുതിയോളം തന്നെ ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.

അതിനു പുറമെ ഇംഗ്ലണ്ടിലെ എ-ഡി, സ്‌കോട്ട്‌ലൻഡിലെ എ-ഇ, വെയ്‌ൽസിലെ എ-സി എന്നീ കൗൺസിൽ ടാക്സ് ബാൻഡുകളിലും, ഡി അല്ലെങ്കിൽ അതിൽ താഴെ ഊർജ കാര്യക്ഷമത റേറ്റിംഗ് ഉള്ള വീടുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനോടൊപ്പം ഊർജ ഉപയോഗം കുറയ്ക്കാനുള്ള നിരവധി ക്യാമ്പയിനുകളും സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മുറികളിലെ റേഡിയേറ്ററുകൾ കുറയ്ക്കുന്നതിലൂടെ തന്നെ ഒരു സാധാരണ കുടുംബത്തിന് പ്രതിവർഷം £160 ലാഭം ഉണ്ടാകുമെന്ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഐ ആം എ സെലിബ്രിറ്റി ഷോയിൽ മാറ്റ് ഹാൻകോക്ക് മൂന്നാം സ്ഥാനത്ത്. ഇന്നലെയാണ് ഫൈനൽ മത്സരം നടന്നത്. ഫുട്ബോൾ താരം ജിൽ സ്കോട്ട്, നടൻ ഓവൻ വാർണർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മാറ്റ് ഹാൻകോക്ക് മത്സരത്തിൽ പങ്കെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൺസർവേറ്റിവ് പാർട്ടി അംഗമായ അദ്ദേഹം, റിയാലിറ്റി ഷോയിൽ വന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിരുന്നു. അത് പുറത്താക്കൽ നടപടിയിലേക്കും നയിച്ചു. ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മത്സരത്തിൽ മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപെട്ടതിനെ തുടർന്ന് ഷോയിൽ നിന്ന് പുറത്തേക്ക് പോകുന്നതിൽ സങ്കടം ഉണ്ടെന്ന് വാർത്തകേന്ദ്രങ്ങൾ പറയുന്നു.

ഓസ്‌ട്രേലിയൻ കാടിൽ നിന്ന് പുറത്തുകടന്ന മാറ്റ് കാമുകി ജിന കൊളാഡഞ്ചലോയെ കണ്ടുമുട്ടിയപ്പോൾ സന്തോഷത്തിൽ ഇരുവരും ആലിംഗനം ചെയ്യുകയും, ചുംബിക്കുകയും ചെയ്തു. ആരാധകരുടെ വലിയ പിന്തുണ മാറ്റിന് ഉണ്ടായിരുന്നു. ഏറെ നാളുകൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടിയപ്പോൾ “ഐ ലവ് യു, മിസ്സ് യു സോ മച്ച്” എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. മത്സരസമയത്ത് ക്യാമ്പ് ലീഡർ ആയിരുന്നു അദ്ദേഹം. റിയാലിറ്റി ടിവി ഷോയ്ക്കു വേണ്ടി പോയതിനെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം വിട്ടുള്ള എംപിമാരുടെ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നതിന്റെ ഭാഗമായാണ് നടപടി ഉണ്ടായതെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.

ഐടിവി ന്യൂസ് അവതാരകയായ ചാർലിൻ വൈറ്റ്, എ പ്ലേസ് ഇൻ ദി സൺ അവതാരക സ്കാർലെറ്റ് ഡഗ്ലസ്, കൊറോണേഷൻ സ്ട്രീറ്റ് താരം സ്യൂ ക്ലീവർ, ഗായകൻ ബോയ് ജോർജ് എന്നിവർ ഈ വർഷത്തെ ക്യാമ്പ്‌മേറ്റുകളിൽ ഉൾപ്പെടുന്നു.