Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് വ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായിരുന്നു ബ്രിട്ടൻ. പല യൂറോപ്യൻ രാജ്യങ്ങളും രണ്ടാം തരംഗത്തിൽ തകർന്നടിഞ്ഞപ്പോൾ ചിട്ടയായ രോഗനിയന്ത്രണ മാർഗ്ഗങ്ങളിലൂടെ ഏറ്റവും കുറവ് രോഗബാധയും മരണനിരക്കും രേഖപ്പെടുത്തിയ രാജ്യമായിരുന്നു ബ്രിട്ടൻ. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നിലവിൽ സ്പെയിനിനെ മറികടന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി യുകെ മാറി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദമാണ് യുകെയുടെ രോഗവ്യാപന നിരക്ക് ഉയരാൻ കാരണമായത്.

ഇതിനിടെ രാജ്യത്തെ കെയർ ഹോം ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 16 ആഴ്ചകൾക്കുള്ളിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കെയർ ഹോം ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. മാധ്യമങ്ങളിൽ ഈ വാർത്ത വന്നെങ്കിലും ഔദ്യോഗികമായി സർക്കാർ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ഏതാനും ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നിർബന്ധിതമാക്കുന്നത് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കെയർ ഹോം മേഖലയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപന ഭീഷണി മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനിൽ ഈ ആഴ്ച അവസാനം മുതൽ 18 വയസിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമാകും. അടുത്ത 4 ആഴ്ചകളിൽ പരമാവധി ആൾക്കാരിലേയ്ക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ഇതിലൂടെ ലോക്ഡൗൺ അവസാനിക്കുന്നതിനുമുമ്പ് ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പെങ്കിലും നൽകാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്. ജൂലൈ 19 ഓടുകൂടി മൂന്നിൽ രണ്ട് വിഭാഗം പ്രായപൂർത്തിയായവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ യുകെയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു .

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും അറിയിച്ച് ഷമിമ ബീഗം. 21കാരിയായ ഷമിമ, തന്റെ പുതിയ അഭിമുഖത്തിൽ ഒരു ഹിജാബ് ധരിച്ച് ഐഎസ്ഐഎസിന്റെ നടപടികളെ എതിർക്കുന്നു. അവളുടെ പ്രാരംഭ അഭിമുഖങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. 2015ൽ ബെത്‌നാൽ ഗ്രീൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ ബ്രിട്ടൻ വിട്ട് സിറിയയിലേക്ക് പോയപ്പോൾ തീവ്രവാദികൾ തന്റെ മനസ് മാറ്റുകയായിരുന്നുവെന്ന് ബംഗ്ലാദേശ് വംശജയായ ഷമീമ വ്യക്തമാക്കി. ഡേഞ്ചർ സോൺ എന്ന ചിത്രത്തിനായി ആൻഡ്രൂ ഡ്രൂറിയോട് സംസാരിച്ച അവൾ പറഞ്ഞു: “ഞാൻ ഒരു തീവ്രവാദിയാണെന്ന് കരുതുന്നില്ല. എന്നാൽ വലിയൊരു തെറ്റ് ചെയ്തു.”

“എന്നെ പുനരധിവസിപ്പിക്കണമെന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടുന്നില്ല. പക്ഷേ മറ്റുള്ളവരെ പുനരധിവസിപ്പിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.” ഷമിമ കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ പാശ്ചാത്യ വസ്ത്രങ്ങൾ ആണ് ധരിക്കുന്നതെന്ന് അവൾ ഡ്രൂറിയോട് പറഞ്ഞു. യുകെ സർക്കാരിനായി സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ കൂട്ടിച്ചേർത്തു: “ദയവായി എനിക്ക് വീട്ടിലേക്ക് വരാൻ അനുവാദം നൽകാമോ?” 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, ഇന്ന് പുറത്തിറങ്ങും. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമിമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു.

ഇതിന് സമാനമായ സാഹചര്യമാണ് കഴിഞ്ഞ ദിവസം കേരളത്തിലും നടന്നത്. അഫ് ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന 4 മലയാളി യുവതികളെയും നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ സ്വീകരിക്കേണ്ടതെന്ന നിലപാട് നേരത്തേ സ്വീകരിച്ചിരുന്നു. സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ് ഗാൻ ജയിലിൽ ഉള്ളത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസിൽ (ഐഎസ്കെപി) ചേരാൻ 4 പേരുടെയും ഭർത്താക്കന്മാർ അഫ് ഗാനിലേക്ക് കടന്നപ്പോഴാണ് ഇവർ കൂടെ പോയത്. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ജി 7 ഉച്ചകോടിയിൽ ഉരുത്തിരിവായ വിവാദങ്ങൾ ശാന്തമാക്കുവാൻ പരമാവധി ശ്രമിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ശക്തമായ ഐക്യത നിലനിൽക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദപരമായ പരാമർശത്തിനെതിരെ, ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദ സാഹചര്യങ്ങൾക്കുള്ള സമാധാന ശ്രമമാണ് ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ജി 7 ഉച്ചകോടി യുടെ അവസാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബോറിസ് ജോൺസൺ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യത നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാൻ ഏതറ്റംവരെയും പരിശ്രമിക്കും. എന്നാൽ ഇതിനായി ഇപ്പോൾ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു മുഖ്യവിഷയമായി ഇതിനെ കരുതേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സമാധാനശ്രമങ്ങൾ ആണ് ആവശ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ നിന്നും ശീതീകരിച്ച മാംസ പദാർത്ഥങ്ങൾ നോർത്തേൺ അയർലൻഡിലേയ്ക്ക് എത്തുന്നതിനുള്ള വിലക്ക് സംബന്ധിച്ചാണ് ഇപ്പോൾ നിലവിലുള്ള വിവാദങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകി ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിരുന്നു. ബോറിസ് ജോൺസൺ വളരെ നല്ല രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. യുകെയുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുന്ന തരത്തിൽ ആകണം യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങൾ എന്ന് ഫോറിൻ സെക്രട്ടറി ആവശ്യപ്പെട്ടു. ഇരുവരുടെയും ഭാഗത്തുനിന്ന് സമാധാനശ്രമങ്ങൾ ഉണ്ടാകണമെന്ന് മറ്റു രാജ്യങ്ങളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണ് . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫോണിലെ ഇമെയിലുകൾക്ക് മറുപടി നൽകിക്കൊണ്ട് വാഹനമോടിക്കുന്നതിനിടെ ബൈക്കിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിയായ നഴ്‌സ് ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. 29 കാരിയായ ബെഥാൻ മെയർ വില്യംസിന്റെ ജീവിതം മാറ്റിമറിച്ച അപകടം കഴിഞ്ഞ നവംബറിലാണ് ഉണ്ടായത്. നോർത്ത് വെയിൽസിലെ ബാംഗൂരിലെ യെസ്ബിറ്റി ഗ്വിനെഡ് ആശുപത്രിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം തിരികെ വരും വഴിയാണ് ബൈക്ക് യാത്രികനായ മുജാഹിദ് റസൂലുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബാംഗൂരിൽ താമസിക്കുന്ന ബാങ്കിംഗ്, ഫിനാൻസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റസൂലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചെലവഴിക്കുകയുണ്ടായി. അപകടത്തെ തുടർന്ന് ഓർമ കുറവും തലവേദനയും ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഗർഭിണിയായ വില്യംസിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

വാഹനമോടിക്കുന്നതിടെ ഒരു ലൈഫ് ഇൻഷുറൻസ് രേഖയിൽ ഒപ്പിട്ട് തിരികെ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇൻ‌ഷുറർ‌മാരായ അവിവയ്‌ക്കായി വില്യംസ് ഒരു ഇ-ഡോക്യുമെന്റിൽ ഒപ്പിട്ടതായും അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് അത് തിരിച്ചയച്ചതായും കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. രേഖയിൽ ഒപ്പിടാൻ വില്യംസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്ന് പ്രോസിക്യൂട്ടർ റിച്ചാർഡ് എഡ്വേർഡ് സ് വ്യക്തമാക്കി. എന്നാൽ ഇമെയിലിന് മറുപടി നൽകിയപ്പോൾ കാലാവസ്ഥ മോശമായിരുന്നുവെന്നും അപകടത്തിന് ഇതും കാരണമായെന്നും ജഡ് ജി നിക്കോള ജോൺസ് പറഞ്ഞു. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണ് റസൂലുമായി കൂട്ടിയിടിച്ചതെന്ന് കോടതി പറഞ്ഞു.

“രണ്ട് മിനിറ്റോളം അശ്രദ്ധമായി വാഹനമോടിച്ചു. അതുമൂലം റസൂലിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വന്നു. നിങ്ങൾ വരുത്തിവെച്ച അപകടത്തെക്കുറിച്ച് പൂർണ്ണ ബോധ്യത്തോടെ തുടർന്ന് ജീവിക്കണം.” കോടതി വ്യക്തമാക്കി. വില്യംസിന് രണ്ടുവർഷത്തെ സസ്പെൻഷനും നഷ്ടപരിഹാര തുകയായി 5,000 പൗണ്ട് കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഒപ്പം രണ്ട് വർഷം വില്യംസിന് വാഹനമോടിക്കുവാനും കഴിയില്ല.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഫർലോ സ്കീം നീട്ടണമെന്ന ആവശ്യം നിരസിച്ച് ഋഷി സുനക്. ഈ വർഷം ആദ്യം ബജറ്റിന്റെ ഭാഗമായി, ജോലിയില്ലാത്തവരുടെ ശമ്പളത്തിന്റെ 80 ശതമാനം നൽകുന്നത് അവസാനിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചു. സെപ്റ്റംബർ അവസാനം പൂർത്തീകരിക്കാനിരിക്കെ പദ്ധതി പിൻ‌വലിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ സർക്കാരിന്റെ വിഹിതം 70 ശതമാനമായി കുറയും. ലോക്ക്ഡൗൺ നീട്ടിയാൽ പിന്തുണ പദ്ധതിയും നീട്ടണമെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള ബിസിനസ്സ് ഗ്രൂപ്പുകൾ ഇന്നലെ ചാൻസലർ റിഷി സുനക്കിനോട് ആവശ്യപ്പെട്ടു. ഹോസ്പിറ്റാലിറ്റി മേഖലയിൽ 200,000 തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന ഭീതിയും അവർ പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ പദ്ധതി പിൻ‌വലിക്കാനുള്ള നീക്കങ്ങൾ ക്രമേണ അതേപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ ആരംഭം വരെ, മൂന്ന് മാസം കൂടി പൂർണ പിന്തുണ നിലനിർത്താൻ ട്രേഡ് ബോഡി യുകെ ഹോസ്പിറ്റാലിറ്റി സുനക്കിനോട് ആവശ്യപ്പെട്ടു. “ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നത് ഇനിയും തുറക്കാത്ത മേഖലകൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതിനാൽ തകർച്ച തടയാനായി പിന്തുണ ആവശ്യമാണ്.” ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് ഇന്നലെ പറഞ്ഞു. “ഹോസ്പിറ്റാലിറ്റി മേഖല ഏറ്റവും മികച്ച കാര്യങ്ങളിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. യുകെയുടെ സാമ്പത്തിക വീണ്ടെടുക്കലിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയും. പക്ഷേ അതിന് ശരിയായ പിന്തുണ നൽകിയാൽ മാത്രം മതി.” നിക്കോൾസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ അവസാനത്തോടെ 34 ലക്ഷം ജോലികൾ ഫർ‌ലോഫിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് മുമ്പത്തെ മാസത്തേക്കാൾ 900,000 കുറവാണ്. കഴിഞ്ഞ മാർച്ചിൽ പദ്ധതി ആരംഭിച്ചതുമുതൽ, ആകെ 11.5 മില്യൺ ജോലികൾക്ക് 64 ബില്യൺ പൗണ്ട് ചിലവിൽ ചില ഘട്ടങ്ങളിൽ ഫർലോ പിന്തുണ നൽകിയിട്ടുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- നോർത്തേൺ അയർലൻഡ് യുകെയുടെ അവിഭാജ്യഘടകമെന്ന് ജി 7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന വിവാദപരമായ പ്രസ്താവന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബോറിസ് ജോൺസന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന തികച്ചും അനുചിതമെന്ന് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വിലയിരുത്തി. എന്നാൽ രാജ്യത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്ന തരത്തിലല്ല തന്റെ പ്രസ്താവന വിലയിരുത്തപ്പെടേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ പിന്നീട് വിശദീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള നോർത്ത് അയർലൻഡ് പ്രോട്ടോകോൾ സംബന്ധിച്ച് പ്രശ്നങ്ങൾ നടന്നുവരുമ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.


ബ്രിട്ടണും നോർത്ത് അയർലൻഡും തമ്മിലുള്ള ചരക്കുനീക്കം ആണ് ബ്രെക്സിറ്റിനു ശേഷം ഏറ്റവും കൂടുതൽ വിവാദമായിരിക്കുന്ന വിഷയം. നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ചരക്ക് നീക്കത്തിൽ യൂറോപ്യൻ യൂണിയന്റെ നിയമങ്ങളാണ് പാലിക്കപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള ഇത്രയും സമയം ചരക്ക് നീക്കം സാധാരണഗതിയിൽ നടത്തുവാൻ ധാരണയുണ്ടായിരുന്നു. എന്നാൽ അടുത്തമാസമായ ജൂലൈ മുതൽ ബ്രിട്ടനിൽ നിന്നുള്ള ശീതീകരിച്ച മാംസ പദാർത്ഥങ്ങൾക്ക്, യൂറോപ്യൻ യൂണിയന്റെ സ്റ്റാൻഡേഡുകൾക്ക് അനുസരിച്ച് ഉയർന്നില്ലെങ്കിൽ നിരോധനമുണ്ടാകും. യുകെയുടെ ഭാഗത്തുനിന്നുമുള്ള ഈ സമീപനം തുടർന്നുകൊണ്ട് പോയാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൾ മാർട്ടിൻ വ്യക്തമാക്കി.


ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നുവോ എന്ന ബിബിസി വക്താവിന്റെ ചോദ്യത്തിന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയാണ് തന്റെ കർത്തവ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണവിധേയമാക്കിയ വൈറസ് വ്യാപനം പിടിവിട്ട് കുതിച്ചുയരുന്നതിൻ്റെ ആശങ്കയിലാണ് ബ്രിട്ടൻ . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് വകഭേദമാണ് ബ്രിട്ടനിലെ അനിയന്ത്രിതമായ രോഗവ്യാപനത്തിൻ്റെ പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡെൽറ്റാ വേരിയൻ്റ് എന്നറിയപ്പെടുന്ന ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിനേഷന് സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത് . എന്നാൽ ഡെൽറ്റാ വേരിയൻ്റ് ബാധിച്ച് മരണമടഞ്ഞ 29 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു എന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് വഴി വയ്ക്കുന്നത്.

ഇതിനിടെ ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പ്രധാനമന്ത്രി നൽകി . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൽക്കരി പവർ പ്ലാന്റസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാനായി കോൺ‌വാളിൽ നടക്കുന്ന ലോക നേതാക്കളുടെ യോഗം തീരുമാനമെടുത്തു. കൽക്കരി നിലയങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കണക്കാക്കാനുള്ള സാങ്കേതികവിദ്യയുടെ വികസനം പ്രാധാന്യമുള്ളതാണെന്ന് ജി 7 രാജ്യങ്ങളുടെ നേതാക്കൾ പറഞ്ഞു. മനുഷ്യരുടെ പ്രവർത്തികൾ ഭൂമിയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് സർ ഡേവിഡ് ആറ്റൻബറോ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു നീക്കം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വല്യ തീരുമാനങ്ങളിൽ ഒന്നായിരിക്കും ജി 7 സമിതി എടുക്കുക.

കൽക്കരിയുടെ ഉപയോഗം പരിസ്ഥിതിക്ക് വലിയൊരു വെല്ലുവിളിയാണെന്നും അതിനാൽ തന്നെ ഉപയോഗം നിർത്തണമെന്നും നേരത്തെ തന്നെ നിരവധി പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾ സഹായിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്. മൂന്നാം ലോക വികസ്വര രാജ്യങ്ങളിൽ ഇന്ധനത്തിൻെറ ഉപയോഗം അവസാനിപ്പിക്കാനായി ഏകദേശം 2 ബില്യൺ പൗണ്ടാണ് ജി 7 സമിതി വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പ്രധാന ചർച്ചകളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. യുകെ, യുഎസ്, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ ഏഴ് പ്രധാന വ്യവസായ രാജ്യങ്ങളിലെ നേതാക്കളാണ് സമിതിയുള്ളത്. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികളും സമിതിയിൽ ആവിഷ്കരിക്കും.

RECENT POSTS
Copyright © . All rights reserved