കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. പ്രധാന മന്ത്രിയുടെ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാൻ ചാൻസലർ ക്വാസി ക്വാർട്ടേംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റിൽ ഒട്ടേറെ നികുതിയിളവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ചാൻസലർ ക്വാസി ക്വാർട്ടേങിൻെറ മിനി ബഡ്ജറ്റിനോട് വളരെ പ്രതികൂലമായാണ് യുകെയിലെ സാമ്പത്തിക മേഖലയും ഓഹരി വിപണിയും പ്രതികരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഡോളറിനെതിരെ പൗണ്ട് തുടർച്ചയായി നിലംപൊത്തുന്ന കാഴ്‌ച സാമ്പത്തിക വിദഗ്ധരിൽ ഉണ്ടാക്കുന്ന അങ്കലാപ്പ് ചില്ലറയല്ല.
പ്രധാന മന്ത്രിയുടെ നയങ്ങൾക്കെതിരെ പ്രതിപക്ഷത്തെ എംപിമാരുമായി ഭരണപക്ഷത്തെ വിമത എംപിമാർ ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നു. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രധാന മന്ത്രി ലിസ് ട്രസിൻെറ തുടർ ഭരണം സുഗമം ആയിരിക്കില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. യുകെയിലെ സാമ്പത്തിക രംഗം കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണെങ്കിൽ അതിനെ പിടിച്ചു നിർത്താൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രേരിതരാവും. അത് എത്രമാത്രം ജനപ്രീയം ആയിരിക്കും എന്നത് ആശ്രയിച്ചിരിക്കും ലിസ് ട്രസ് സർക്കാരിൻെറ ഭാവി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത യുവ ഗാർഡ്സ്മാനെ ഹൈഡ് പാർക്ക് ബാരക്കിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പതിനെട്ടുകാരനായ ട്രൂപ്പർ ജാക്ക് ബർനൽ വില്യംസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിനിസ്റ്റർ ആബിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്ന യാത്രയിൽ മൃതദേഹം വഹിച്ച പെട്ടിയുടെ പ്രധാന കാവൽക്കാരിൽ ഒരാളായിരുന്നു വില്യംസ്. ബുധനാഴ്ച ഉച്ചയ്ക്ക് 3:48 ഓടെ അലാറം മുഴങ്ങിയപ്പോഴാണ് പോലീസും, പാരാമെഡിക്കൽ സ്റ്റാഫും സെൻട്രൽ ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജിലുള്ള ഹൈഡ് പാർക്കിൽ എത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ വില്യംസ് മരണപ്പെട്ടതായി പോലീസ് അധികൃതർ വ്യക്തമാക്കി.
വില്യംസിന്റെ മരണത്തിൽ ദുരൂഹത ഒന്നും തന്നെ സംശയിക്കുന്നില്ലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്ഞിയുടെ ശവസംസ്കാര ദിനത്തിൽ, സൈനികന്റെ കുടുംബം അഭിമാനത്തോടെ തങ്ങളുടെ മകൻ ഉൾപ്പെടുന്ന ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റിൽ നിന്നുള്ള സൈനികർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയതിരുന്നു. തങ്ങളുടെ മകൻ രാജ്ഞിയുടെ അന്തിമ യാത്രയിൽ തന്റെ കടമ നിർവഹിക്കുന്നു എന്ന് അവർ അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം വില്യംസിന്റെ അമ്മ ലോറയ്ക്ക് തന്റെ മകൻെറ വേർപാടിന്റെ ദുഃഖം ലോകത്തെ അറിയിക്കേണ്ടതായി വന്നിരിക്കുകയാണ്.
ബ്ലൂസിലും റോയൽസിലും സേവനമനുഷ്ഠിച്ച ട്രൂപ്പർ ബർനെൽ-വില്യംസ്, ഹൗസ്ഹോൾഡ് കാവൽറിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിൽ ഒരാളാണ്. സൗത്ത് വെയിൽസിലെ ബ്രിഡ്ജൻഡിൽ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം നാളെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഡസൻ കണക്കിന് നീല ബലൂണുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്ഞിയുടെ മരണശേഷം വിവിധ ദിവസങ്ങളിലായി നടന്ന ദുഃഖാചരണ ചടങ്ങുകളിൽ നിരവധി തവണ വില്യംസ് പങ്കാളിയായിട്ടുണ്ട്. ജൂൺ 8 ന് ഹൈഡ് പാർക്ക് ബാരക്കിൽ നടന്ന തന്റെ മകന്റെ പാസിംഗ് ഔട്ട് പരേഡിന്റെ ചിത്രങ്ങൾ അമ്മ ലോറ ‘ എന്റെ ജീവിതത്തിലെ അഭിമാനകരമായ ദിവസങ്ങളിലൊന്ന്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ കുതിര സവാരിയിൽ തത്പരനായിരുന്ന ജാക്ക്, ബ്രിട്ടീഷ് ആർമിയിലെ ഏറ്റവും സീനിയറായ രണ്ടാമത്തെ എലൈറ്റ് റെജിമെന്റിൽ ചേരാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിക്കുകളുടെ ഒരു പരമ്പരയെ തന്നെ അതിജീവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ജാക്കിന്റെ അമ്മ മകന്റെ മരണവാർത്ത അറിയിച്ചതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലികൾ അറിയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ വീടുകളുടെ വിലയിൽ വൻ തകർച്ച നേരിടുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നു. 20% വരെ വില ഇടിയുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മേഖലയിലെ തകർച്ചയാണ് വീടുകളുടെ വിലയിലെ ഇടിവിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. പലിശ നിരക്ക് കൂട്ടിയത് കാരണം തിരിച്ചടവ് കൂടിയതാണ് വീടുകളുടെ വിലയിടിയാനുള്ള മറ്റൊരു കാരണം.
വീടുകളുടെ വില ഇടിയുന്നത് പുതിയതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സഹായകരമാവും. പക്ഷേ,പ്രോപ്പർട്ടി മാർക്കറ്റിൽ പണം മുടക്കിയിരിക്കുന്ന ഭൂരിപക്ഷം പേരെയും സംബന്ധിച്ചിടത്തോളം വീടുകളിലെ വിലയുടെ ഇടിവ് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കും.
കഴിഞ്ഞ ദിവസം ചാൻസലർ അവതരിപ്പിച്ച മിനി ബഡ്‌ജറ്റിനെ തുടർന്ന് യുകെയിലെ ഓഹരി വിപണിയും പൗണ്ടിന്റെ വിലയും തകർന്നടിഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഉടൻ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടിയേക്കുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് നിലവിൽ ലോൺ എടുത്ത് വീട് വാങ്ങിച്ചവർക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.
മലയാളം യുകെ അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് കൃപ തങ്കച്ചന് സമ്മാനിക്കപ്പെടും. ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ ആണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. കൃപയുടെ കത്തുകളിലെ വരികളിലെ ആത്മാർത്ഥതയും, ശക്തിയും രാജ്ഞിയെ സന്തോഷിപ്പിച്ചത് മറുപടി കത്തിൽ പ്രതിഫലിച്ചിരുന്നു. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.
ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രി ലിസ് ട്രസ് നാളെ ബ്രിട്ടനിലെ ബഡ്ജറ്റ് വാച്ച്ഡോഗുമായി അടിയന്തര ചർച്ച നടത്തും. പൗണ്ടിന്റെ മൂല്യം ഇത്രയും താഴ്ന്നു പോയതിനെ തുടർന്നാണ് നീക്കം. മിനി ബജറ്റ് സംബന്ധിച്ച് ഉപദേശം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന അവകാശവാദങ്ങൾക്കിടയിലാണ് ചർച്ച നടക്കുന്നത്. വാച്ച്‌ഡോഗിന്റെ സമ്പൂർണ്ണ സാമ്പത്തിക പ്രവചനങ്ങളുടെ ആദ്യ ഡ്രാഫ്റ്റ് അടുത്ത ആഴ്ച അവതരിപ്പിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രിയും ചാൻസലർ ക്വാസി ക്വാർട്ടെങ്ങും ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി ചെയർമാൻ റിച്ചാർഡ് ഹ്യൂസിനെ കാണും.
താമസിയാതെ തന്നെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലെ ധനസ്ഥിതിയിൽ നിന്ന് എങ്ങനെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഗവൺമെന്റിന്റെ പ്രസ്താവന ഉടൻ തന്നെ പുറത്തിറങ്ങും.
കൺസർവേറ്റീവ് എംപിമാരുടെ അഭ്യർത്ഥനയെ മാനിച്ച് നവംബർ അവസാനം വരെ കാത്തിരിക്കാൻ സാധ്യത വളരെ കുറവാണ്. വിഷയം അടിയന്തിരമായതിനാൽ ഇത് ഒരു മാസത്തിനുള്ളിലെങ്കിലും കൊണ്ടുവരണമെന്നും വിപണിയിൽ ആത്മവിശ്വാസം വർധിപ്പിക്കേണ്ടതുണ്ടെന്നും കോമൺസ് ട്രഷറി കമ്മിറ്റിയുടെ ടോറി ചെയർമാൻ മെൽ സ്‌ട്രൈഡ് പറഞ്ഞു. സ്ഥിരത പുനഃസ്ഥാപിക്കണമെങ്കിൽ നവംബർ അവസാനം കാത്തിരിക്കാൻ വളരെ ദൈർഘ്യമേറിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സാമ്പത്തിക തകർച്ച തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ഭയമുണ്ടെന്ന് കൺസർവേറ്റീവ് പാർട്ടി അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഭാര്യ കാരിയുടെയും സൗത്ത് ലണ്ടൻ വീട് സ്വന്തമാക്കണോ? 1.6 മില്യൺ പൗണ്ട് ആണ് തുക. മൂന്ന് വർഷം മുമ്പ് അവർ വാങ്ങിയതിനേക്കാൾ 400,000 പൗണ്ട് അധിക തുകയോടെയാണ് വീട് വിപണിയിൽ എത്തിയിരിക്കുന്നത്. 2019 ജൂലൈയിൽ കാംബർവെല്ലിലെ നാല് ബെഡ്‌റൂമുകളുള്ള വിക്ടോറിയൻ സെമി, ജോൺസൺ പ്രധാനമന്ത്രിയായതോടെ ബൈ-ടു-ലെറ്റ് മോർട്ട്‌ഗേജ് നൽകിയാണ് വാങ്ങിയതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ അദ്ദേഹം ഇവിടെ താമസിച്ചിട്ടില്ല. വാടകയ്ക്ക് കൊടുത്തു. ഡൗണിംഗ് സ്ട്രീറ്റിലാണ് ഇരുവരും താമസിച്ചത്. ഈ വർഷം ആദ്യം വീട് പുതുക്കിപണിതിരുന്നു. 2,100 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് മികച്ച നിലവാരത്തിലാണ് പണിതത്. കൂടാതെ ഷട്ടറുകൾ, തടി നിലകൾ, താഴ്ന്ന നിലയിലുള്ള കാസ്റ്റ് ഇരുമ്പ് റേഡിയറുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ നിലനിർത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഈ വർഷം അവസാനം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാനിരുന്ന നെറ്റ്ഫ്ലിക്സ് സീരീസിന് ഹാരി രാജകുമാരനും മേഗനും കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണശേഷം ഉടൻതന്നെ ഒരു റിലീസ് ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും, ഒരു വർഷമെങ്കിലും സമയം ഇരുവരും ആവശ്യപ്പെട്ടതായുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറിൽ ഷോ റിലീസ് ആകും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി നെറ്റ്ഫ്ലിക്സിന്റെ മുകളിലും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെ കൂടുതൽ സമയം ഇവർക്ക് നൽകുമോ എന്ന കാര്യത്തിൽ സംശയമാണെന്നും നെറ്റ്ഫ്ലിക്സിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഹാരി രാജകുമാരൻ അടുത്തു പ്രസിദ്ധപ്പെടുത്താനിരുന്ന തന്റെ ആത്മകഥയിൽ രാജ്ഞിയുടെ മരണത്തെ തുടർന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയതായുള്ള മെയിൽ പത്രത്തിന്റെ റിപ്പോർട്ടും കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ രാജകുടുംബവുമായുള്ള തന്റെ ബന്ധം ഹാരി രാജകുമാരൻ വിളക്കി ചേർക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
താനും ഹാരി രാജകുമാരനും നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയിൽ തങ്ങളുടെ പ്രണയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കഴിഞ്ഞ മാസം മേഗൻ സൂചന നൽകിയിരുന്നു.
ഹാരി രാജകുമാരനുമായുള്ള തന്റെ അഞ്ച് വർഷത്തെ പ്രണയം തനിക്ക് ഇതുവരെ പൊതുജനങ്ങളുമായി പങ്കിടാൻ കഴിയാത്ത ജീവിതത്തിന്റെ ഭാഗങ്ങളിൽ ഒന്നാണെന്നും ദി കട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഡച്ചസ് പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ഒരു ഷോ റിലീസ് ആകുവാൻ ഇരുവരും ആഗ്രഹിക്കുന്നില്ല എന്നാണ് പുറത്തിറങ്ങിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇരുവരുടെയും ആവശ്യം നെറ്റ്ഫ്ലിക്സ് അംഗീകരിക്കുമോ എന്ന ആശങ്കയയും നിലനിൽക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ നിന്നും സൈപ്രസിലേക്ക് ഭാര്യയോടൊപ്പമുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് അറുപത്തിമൂന്നുകാരനായ ബ്രിട്ടീഷ് പൗരൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. യാത്രയ്ക്കിടെ ഇദ്ദേഹം അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഭാര്യ ക്യാബിൻ ക്രൂ അംഗങ്ങളെ വിവരം അറിയിക്കുകയും, ലാൻഡ് ചെയ്ത ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സൈപ്രസിലെ തെക്കു പടിഞ്ഞാറൻ നഗരമായ പാഫോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ അപകടം സംഭവിച്ചത്. ലാൻഡ് ചെയ്ത ഉടൻതന്നെ ഇദ്ദേഹത്തെ പാഫോഴ്സ് ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസ് മാർഗ്ഗം എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതിനാൽ തന്നെ വിമാനത്തിൽ വച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരണത്തിന് പിന്നിൽ എന്തെങ്കിലും സംശയാസ്പദമായ കാരണങ്ങൾ ഉണ്ടെന്ന് ഇതുവരെ തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും അതിനാൽ തന്നെ ഇതൊരു സാധാരണ മരണമായാണ് കണക്കാക്കുന്നതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രാത്രി തന്നെ ഇതേ വിമാനത്താവളത്തിൽ മറ്റൊരു അപകടവും സംഭവിച്ചു. ഗ്ലാസ്ഗോയിൽ നിന്നും എത്തിയ എഴുപത്തിമൂന്നുകാരിയായ സ്ത്രീ വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ താഴെ വീഴുകയും സാരമായി തലയ്ക്ക് ക്ഷതം ഏൽക്കുകയും ചെയ്തു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നേഴ്സുമാർക്കുള്ള ഇംഗ്ലീഷ് ഭാഷ മാനദണ്ഡത്തിൽ നിർണായക തിരുത്തുമായി എൻ എം സി. നാളുകളായി മലയാളികൾ ഉൾപ്പടെ ധാരാളം ആളുകൾ മുൻപോട്ട് വെച്ച ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഭാഷ പ്രാവീണ്യം ഉറപ്പ് വരുത്താൻ എൻ എം സി നേരത്തെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മലയാളിയായ അജിമോൾ പ്രദീപാണ് ഈ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത്. ധാരാളം എഴുത്തുകൾ നടത്തുകയും വിദഗ്ദരായ ആളുകളുടെ ഉൾപ്പെടെ നിർദ്ദേശവും ഉൾക്കൊണ്ടാണ് അജിമോൾ ഈ സുപ്രധാനമായ പോരാട്ടം നയിച്ചത്.
രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകൾ താരതമ്യം ചെയ്യുമ്പോൾ മിനിമം സ്കോർ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യത്തെ മാറ്റം. സ്കോറുകൾ ഒരുമിച്ചാക്കാനുള്ള സമയപരിധി 6 മാസത്തിൽ നിന്ന് 12 മാസമായി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ നിന്നും യോഗ്യത നേടിയവർക്കും ഇംഗ്ലീഷ് ടെസ്റ്റുകൾ നേരിയ വ്യത്യാസത്തിൽ നേടാൻ കഴിയാത്തവർക്കും നിലവിൽ ജോലി ചെയ്യുന്ന എംപ്ളോയർ നല്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവ് സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ മാറ്റം.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നിർണായകമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർ ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന വ്യക്തമായ രേഖകൾ നൽകാൻ എംപ്ളോയർമാർക്ക് ഇതിലൂടെ അനുമതി ലഭിക്കും. ഈ രണ്ടു മാറ്റങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.
നേഴ്സിംഗ് പാസായതിന് ശേഷം ബ്രിട്ടനിലെത്തി എൻ എം സി യുടെ സർട്ടിഫിക്കറ്റ് കിട്ടാനായിരുന്നു ഇതുവരെ പ്രയാസം. നിലവിലെ ഭേദഗതികൾ അംഗീകരിക്കക്കപ്പെടുമ്പോൾ ഇതും മാറും എന്നുള്ളതും ആശ്വാസകരമാണ്.
എട്ടാഴ്ച നീണ്ടു നിന്ന കൺസൾട്ടേഷനിൽ 34,000 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്ന എൻ എം സി കൺസൾട്ടേഷനിലെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്. ഇതിലെ രണ്ടു പ്രൊപ്പോസലുകൾ ഗവേണിംഗ് കൗൺസിൽ മീറ്റിംഗിൽ പരിഗണിക്കുകയായിരുന്നു.
എന്നാൽ അതേസമയം, യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷിൽ പഠിച്ച് എക്സാം പാസായി പോസ്റ്റ് ഗ്രഡ് ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസൽ ഗവേണിംഗ് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കൺസൾട്ടേഷനിൽ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതിൽ തടസങ്ങൾ ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു
ഇന്ത്യയിൽ നിന്നും നേഴ്സിംഗ് ക്വാളിഫൈഡ് ആയി യുകെയിൽ എത്തിയെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് എൻ എം സി രജിസ്ട്രേഷൻ ലഭ്യമാകാൻ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാണ് കൺസൾട്ടേഷൻ പ്രൊപ്പോസലുകൾക്ക് എൻ എം സി ഗവേണിംഗ് കൗൺസിൽ നൽകുന്ന അഗീകാരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബന്ധുക്കളെയും യുകെയിലേയ്ക്ക് കൊണ്ടുവരാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കുന്ന ഇമിഗ്രേഷൻ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യാൻ ഒരുങ്ങുന്നു. രാജ്യത്ത് വിസ അനുവദിച്ച വിദേശ വിദ്യാർത്ഥികളുടെ ആശ്രിതരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിച്ചതായി ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. 2019 ൽ 13,664 ആയിരുന്നെങ്കിൽ 2022 ജൂൺ വരെ അത് 81,089 ആയി ഉയർന്നു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാൻ സർവകലാശാലകൾ ഒരുങ്ങിക്കഴിഞ്ഞു. ഇതിനാൽ പഠനത്തിനായി എത്തുന്നവരുടെ ബന്ധുകൾക്കും ഇനി വേഗം യുകെയിൽ എത്താൻ കഴിയും. നൈജീരിയക്കാരും ഇന്ത്യക്കാരും ഏറ്റവും കൂടുതൽ ആശ്രിതരെ കൊണ്ടുവരുന്നത്.
34,000 നൈജീരിയൻ വിദ്യാർത്ഥികൾ 31,898 ബന്ധുക്കളെ കൊണ്ടുവന്നപ്പോൾ 93,100 ഇന്ത്യൻ വിദ്യാർത്ഥികൾ 24,916 പേരെ കൊണ്ടുവന്നു. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനുമായി വിസ സമ്പ്രദായം പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലാണ്. ചില പ്രധാന മേഖലകൾക്ക് കൂടുതൽ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. തൊഴിൽ വിസകളിലുടനീളം, ആശ്രിതരുടെ എണ്ണവും അനുപാതവും വർദ്ധിച്ചു.