Main News

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൽക്കരി പവർ പ്ലാന്റസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാനായി കോൺ‌വാളിൽ നടക്കുന്ന ലോക നേതാക്കളുടെ യോഗം തീരുമാനമെടുത്തു. കൽക്കരി നിലയങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കണക്കാക്കാനുള്ള സാങ്കേതികവിദ്യയുടെ വികസനം പ്രാധാന്യമുള്ളതാണെന്ന് ജി 7 രാജ്യങ്ങളുടെ നേതാക്കൾ പറഞ്ഞു. മനുഷ്യരുടെ പ്രവർത്തികൾ ഭൂമിയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് സർ ഡേവിഡ് ആറ്റൻബറോ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു നീക്കം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വല്യ തീരുമാനങ്ങളിൽ ഒന്നായിരിക്കും ജി 7 സമിതി എടുക്കുക.

കൽക്കരിയുടെ ഉപയോഗം പരിസ്ഥിതിക്ക് വലിയൊരു വെല്ലുവിളിയാണെന്നും അതിനാൽ തന്നെ ഉപയോഗം നിർത്തണമെന്നും നേരത്തെ തന്നെ നിരവധി പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾ സഹായിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്. മൂന്നാം ലോക വികസ്വര രാജ്യങ്ങളിൽ ഇന്ധനത്തിൻെറ ഉപയോഗം അവസാനിപ്പിക്കാനായി ഏകദേശം 2 ബില്യൺ പൗണ്ടാണ് ജി 7 സമിതി വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പ്രധാന ചർച്ചകളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. യുകെ, യുഎസ്, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ ഏഴ് പ്രധാന വ്യവസായ രാജ്യങ്ങളിലെ നേതാക്കളാണ് സമിതിയുള്ളത്. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികളും സമിതിയിൽ ആവിഷ്കരിക്കും.

 ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)

യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണെന്ന് വ്യക്തമായി. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. നിലവിൽ കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച്‌ മൂന്നിലൊന്നായി വർദ്ധിച്ച് 7738 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പുതിയ കേസുകളിൽ 90 ശതമാനവും ഇന്ത്യൻ വകഭേദം മൂലമാണ് . ഓരോ 9 ദിവസത്തിലും കേസുകളുടെ എണ്ണം ഇരട്ടി ആകുന്നത് രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. യഥാർത്ഥ കോവിഡ് രോഗികളുടെ എണ്ണം ടെസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന 8000 -ത്തിൻറെ ഇരട്ടിയാകുമെന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ആൻറണി കോസ്റ്റൽ അഭിപ്രായപ്പെട്ടു. ഇതിനിടെ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് . രാജ്യത്ത് ആദ്യ ഡോസ് ലഭിച്ച ആളുകളുടെ എണ്ണം 41.3 ദശലക്ഷം ആയി. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച മുതിർന്നവരുടെ എണ്ണം 29.5 ദശലക്ഷം ആണ്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യൂറോ 2020 മത്സരത്തിനിടെ കുഴഞ്ഞുവീണ. ” നമ്മളെല്ലാവരും തന്നെ ക്രിസ്റ്റന്റെയും കുടുംബത്തിന്റെയും അവസ്ഥയെ പറ്റി ചിന്തിക്കുന്നുണ്ട് ” എന്ന് കുടുംബാംഗങ്ങൾക്ക് എഴുതിയ ഹൃദയസ്പർശിയായ സന്ദേശത്തിൽ വില്യം മനസ്സുതുറന്നു. ഫിൻലന്റിനെതിരെയുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് ഡെന്മാർക്ക് മിഡ്‌ ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ കുഴഞ്ഞുവീണത്. വില്യം രാജകുമാരൻ നല്ലൊരു ഫുട്ബോൾ ആരാധകനും, അതോടൊപ്പം തന്നെ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റും ആണ്. എറിക്സന്റെ കുടുംബാംഗങ്ങൾക്ക് ട്വിറ്ററിൽ കുറിച്ച വരികളിലാണ് അദ്ദേഹം തന്റെ പൂർണ്ണ പിന്തുണയും സഹായവും പ്രഖ്യാപിച്ചത്. ഇതോടൊപ്പംതന്നെ എറിക്സന്റെ തിരിച്ചുവരവിൽ പ്രയത്നിച്ച മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


മത്സരത്തിൽ ഫസ്റ്റ് ഹാഫിന്റെ അവസാനമാണ് അദ്ദേഹം ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ടീം അംഗങ്ങൾ മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി എറിക്സന് സിപിആർ നൽകി. ഡെൻമാർക്ക് താരങ്ങൾ മുഴുവൻ തന്നെ അദ്ദേഹത്തിന് ചുറ്റും നിന്ന് മെഡിക്കൽ സ്റ്റാഫുകൾക്ക് ആവശ്യമായ സ്വകാര്യത നൽകി. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ കൂടിയ കാണികൾ എല്ലാവരും തന്നെ തങ്ങളുടെ പ്രിയതാരത്തിനു സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ ആയിരുന്നു.


എറിക്സന്റെ ഭാര്യ സബ്രിനയും ഉടൻതന്നെ ഗ്രൗണ്ടിലേക്ക് എത്തി. ഇവരെ ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. പിന്നീട് മത്സരം ക്യാൻസൽ ചെയ്തതായി യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഡെന്മാർക്ക് താരത്തിന് സംഭവിച്ച ആരോഗ്യ പ്രതിസന്ധിമൂലം മത്സരം മാറ്റിവെക്കുന്നതായും, താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും യു ഇ എഫ് എ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പിന്നീടാണ് എറിക്സന് ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞതായുള്ള ഉള്ള വാർത്തകൾ പുറത്തുവന്നത്. വില്യം രാജകുമാരൻ ഉൾപ്പെടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും പിന്തുണയും സഹായവുമായി എത്തിയത്. താരത്തിനും കുടുംബത്തിനും എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡണ്ട് ജിയന്നി ഇൻഫെന്റിനോ അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : വിവാഹപ്രായം 18 ആക്കി ഉയർത്താനുള്ള നിയമനിർമ്മാണം മുന്നോട്ട് വെച്ച് മുൻ ചാൻസലർ സാജിദ് ജാവിദ്. ഇംഗ്ലണ്ടിലും വെയിൽസിലുമാണ് വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആയി ഉയർത്തണമെന്ന നിർദേശം ജാവിദ് മുന്നോട്ട് വെച്ചത്. കൗമാരക്കാരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന മതപരവും സാംസ്കാരികവുമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അടുത്തയാഴ്ച ബിൽ അവതരിപ്പിക്കുമെന്ന് ജാവിദ് വ്യക്തമാക്കി. നടപടിക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 16 വയസുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം കഴിക്കാം. എന്നാൽ ഇത് കൗമാരക്കാർ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുന്നുവെന്ന് ജാവിദ് പറഞ്ഞു.

“വികസ്വര രാജ്യങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അശ്രാന്തമായി പ്രവർത്തിക്കുന്നു. എന്നിട്ടും നമ്മുടെ സ്വന്തം നിയമങ്ങൾ ബാലവിവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ്. വാസ്തവത്തിൽ, ബംഗ്ലാദേശിൽ വിവാഹപ്രായം പതിനെട്ടിൽ നിന്ന് പതിനാറാക്കി കുറച്ചപ്പോൾ, മന്ത്രിമാർ അവരുടെ നീക്കത്തെ ന്യായീകരിക്കാനായി നമ്മുടെ നിയമങ്ങളെ ചൂണ്ടിക്കാണിക്കുകയുണ്ടായി.” അദ്ദേഹം വെളിപ്പെടുത്തി. ഈ പഴുതുകൾ അടയ്‌ക്കുന്നതിനായി നിയമനിർമ്മാണം നടത്തണമെന്നും അതിലൂടെ കുട്ടികളെ സംരക്ഷിക്കണമെന്നും ജാവിദ് കൂട്ടിച്ചേർത്തു.

തെരേസ മേയുടെ ഗവൺമെന്റിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ സ്വന്തം സമുദായത്തിൽ ഈ വിവാഹ രീതി കണ്ടപ്പോൾ നിയമം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി ജാവിദ് വെളിപ്പെടുത്തി. “ഞാൻ വളർന്നുവന്ന സമൂഹത്തിൽ ഇത് കണ്ടിട്ടുണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുകയാണ്.” നിർബന്ധിത വിവാഹത്തെ “നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി” എന്നാണ് അദ്ദേഹം വിശേഷിച്ചത്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ചൂറോസ്

ചേരുവകൾ

ചൂറോസ് സ്റ്റിക്ക് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

1 കപ്പ് മൈദ മാവ്

1 ടീസ്പൂൺ ബേക്കിംഗ് പൗഡർ

ഒരു നുള്ള് ഉപ്പ്

1ടീസ്പൂൺ വെജിറ്റബിൾ ഓയിൽ

1 കപ്പ് തിളയ്ക്കുന്ന വെള്ളം

2 കപ്പ് വെജിറ്റബിൾ ഓയിൽ ( വറക്കുന്നതിന് )

സിന്നമൺ ഷുഗർ കോട്ടിംഗ്

1/4 കപ്പ് കാസ്റ്റർ / സൂപ്പർഫൈൻ പഞ്ചസാര

2 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്

ചോക്ലേറ്റ് സോസ്

1/2 കപ്പ് ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ സെമി സ്വീറ്റ് ചോക്ലേറ്റ്

1/2 കപ്പ് ക്രീം (ഹെവി ക്രീം)

പാചകം ചെയ്യുന്ന രീതി

ഒരു പാത്രത്തിൽ പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും യോജിപ്പിച്ചു മാറ്റി വെക്കുക.മറ്റൊരു പാത്രത്തിൽ മാവും ബേക്കിംഗ് പൗഡറും ഉപ്പും മിക്സ് ചെയ്യുക. അതിനുശേഷം എണ്ണയും വെള്ളവും ചേർത്ത് നന്നായി യോജിക്കുന്നതുവരെ ഇളക്കുക – [ thick, gummy batter, like a wet sticky dough, not thin and watery.]ഈ മിക്സ് പൈപ്പിംഗ് ബാഗിലേക്ക് [ 8mm / 1/3″ star tip nozzle ഉള്ള ] മാറ്റുക.ഒരു പാനിൽ എണ്ണ ചൂടാക്കുക; അതിലേക്കു 15cm / 6 ” നീളത്തിൽ ബാറ്റർ പൈപ്പ് ചെയ്തു കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുക (ഒരു ബാച്ചിൽ 3 മുതൽ 4 വരെ ചെയ്യുക)2-3 മിനിറ്റ് ഫ്രൈ ചെയ്യുക .ഒരു ഗോൾഡൻ ഫ്രൈ കളർ ആകുന്നതുവരെ . ഒരു പ്ലേറ്റിൽ പേപ്പർ ടവൽ വച്ച് അതിലേക്കു കോരി ഇടുക; തുടർന്ന് സിന്നമൺ ഷുഗർ മിക് സലിൽ ഉരുട്ടുക.

ചോക്ലേറ്റ് സോസ് ഉണ്ടാക്കുന്ന വിധം

ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ സെമി സ്വീറ്റ് ചോക്ലേറ്റും ഹെവി ക്രീമും 30 സെക്കൻഡ് മൈക്രോവേവ് ചെയ്യുക ; ഇടയ്ക്ക് ഇളക്കികൊടുക്കുക. അതിനുശേഷം 5 മിനിറ്റ് തണുക്കാനായി മാറ്റിവയ്ക്കുക.

ചോക്ലേറ്റ് സോസ് മുക്കി ചൂട് ചൂറോസ് (CHURROS )ആസ്വദിക്കുക !

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതിയ്ക്ക് ഇത്തവണ അർഹരായവരുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചു. ആയിരത്തിലധികം ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, കോവിഡ് പോരാളികൾ തുടങ്ങിയവരെ ഈ വർഷത്തെ രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കുന്നു. അവാർഡ് ലഭിക്കുന്ന 1,129 പേരിൽ 50% സ്ത്രീകളാണ്, 15% വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. 72കാരിയായ പ്രശസ്ത ഗായിക ലുലുവിന് സിബിഇ പുരസ്‌കാരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപ്പിച്ച വ്യക്തി കൂടിയാണ് ലുലു. ഗായകരായ അലിസൺ മൊയറ്റ് ( 59), ഏംഗൽ‌ബെർട്ട് ഹമ്പർഡിങ്ക് (85) എന്നിവർക്ക് സംഗീതത്തിനുള്ള സേവനങ്ങൾക്കായി എംബിഇ ലഭിക്കും. ഗെയിം ഓഫ് ത്രോൺസ് നടൻ ജോനാഥൻ പ്രൈസ് ( 74) ആണ് പുരസ്‌കാരം ലഭിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ള ഒരാൾ. വംശീയ വിരുദ്ധ, വിവേചന വിരുദ്ധ പ്രചാരണങ്ങൾക്ക് മുൻ‌തൂക്കം നൽകിയതിനുശേഷം പിച്ചിലും പുറത്തും വംശീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ച ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ താരവും മാഞ്ചസ്റ്റർ സിറ്റി ഫോർ‌വേഡും ആയ റഹീം സ്റ്റെർലിംഗിന് എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും.

യുകെയിലെ കോവിഡ് വാക്സിൻ പ്രോഗ്രാമിലെ പ്രധാന വ്യക്തികളും പകർച്ചവ്യാധിയുടെ സമയത്ത് സഹായിച്ച കമ്മ്യൂണിറ്റി വോളന്റിയർമാരും രാജ്ഞിയുടെ ജന്മദിന ബഹുമതി പട്ടികയിൽ മുന്നിൽ നിൽക്കുന്നു. വാക്‌സിൻ രൂപകൽപ്പനയിലും വിതരണത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് കേറ്റ് ബിൻ‌ഹാമിനെയും പ്രൊഫ. സാറാ ഗിൽ‌ബെർട്ടിനെയും ഡെയിം ആയി തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയിട്ടുള്ള ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രൊഫസർ ഗിൽബെർട്ട്. ഫാന്റസി നാടകമായ ഹിസ് ഡാർക്ക് മെറ്റീരിയൽസിൽ മിസ്സിസ് കോൾട്ടറായി അഭിനയിക്കുന്ന നടി റൂത്ത് വിൽസണ് നാടകത്തിനുള്ള സേവനങ്ങൾക്കായി എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും. വാക്സിൻ ടാസ്ക്ഫോഴ്സ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ നിർമാണ വിദഗ്ധനായ ഇയാൻ മക്കബ്ബിൻ, ആസ്ട്രാസെനെക്കയിലെ ഗ്ലോബൽ സപ്പ്ളൈ ഡയറക്ടർ മാർക്ക് പ്രോക് ടർ എന്നിവരെ സിബിഇ നൽകി ആദരിക്കും.

പ്രാദേശിക പാചകക്കാരിൽ നിന്ന് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ഭക്ഷണം എത്തിച്ചു നൽകിയ ഫുഡ് 4 ഹീറോസിന്റെ സ്ഥാപകരായ ജോൺ ബ്രൗൺഹിൽ, സഹോദരി അമാൻഡ ഗസ്റ്റ് എന്നിവർക്ക് ബ്രിട്ടീഷ് എമ്പയർ മെഡൽ ലഭിക്കും. പ്രീമിയർ ലീഗ് ക്യാപ്റ്റൻമാരുമായി ചേർന്ന് കൊറോണ വൈറസ് ഫണ്ട് സംഘടിപ്പിച്ച് എൻഎച്ച്എസിനായി ദശലക്ഷക്കണക്കിന് പണം സ്വരൂപിച്ച ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ എംബിഇ അവാർഡ് നൽകി ആദരിക്കും. ക്രിസ്റ്റൽ പാലസ് മാനേജർ റോയ് ഹോഡ്സൺ, ലീഗ് റിനോസ് റഗ്ബി ഡയറക്ടർ കെവിൻ സിൻ‌ഫീൽഡ്, ബ്രിട്ടീഷ് മുൻ ബാസ്കറ്റ്ബോൾ താരം ലുവോൾ ഡെംഗ് തുടങ്ങിയ കായിക താരങ്ങൾക്കും അവാർഡ് ലഭിക്കും. , ലേബർ എംപി ടോണി ലോയ്ഡ് (നൈറ്റ് ), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ലേബർ ചെയർ മെഗ് ഹില്ലിയർ (ഡെയിം), മുൻ ലേബർ എംപി മേരി ക്രെയ്ഗ് (സിബിഇ) എന്നിവർ പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇറ്റലി :- 10 മാസം കോമയിൽ ആയിരുന്ന ഇറ്റാലിയൻ യുവതി ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മുപ്പത്തിയേഴുകാരിയായ ക്രിസ്റ്റീന റോസിയാണ് ഈ അൽഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് ഇവർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഈ സമയം ഇവർ ഏഴുമാസം ഗർഭിണിയുമായിരുന്നു. സിസേറിയനിലൂടെ ഇവരുടെ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും, ക്രിസ്റ്റീന കോമയിലേക്ക് പോകുകയായിരുന്നു. തലച്ചോറിനും സാരമായ തകരാറുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.


ഇപ്പോൾ 10 മാസത്തിനു ശേഷം അവർ ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്ന് ഭർത്താവ് വ്യക്തമാക്കി. തനിക്കും തങ്ങളുടെ കുടുംബത്തിനും വളരെയധികം സന്തോഷകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കൂടുതൽ വിദഗ് ധ ചികിത്സയ്ക്കായി ഇവരെ ഓസ്ട്രിയയിലെ ഒരു ക്ലിനിക്കിലേക്ക് മാറ്റിയിരുന്നു. നിരവധി പേരുടെ സഹായത്തോടെയാണ് ക്രിസ്റ്റീനയുടെ ഇതുവരെയുള്ള ചികിത്സയുടെ ചിലവുകൾ നടന്നിരിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സാധ്യത മങ്ങുന്നു. ഡെൽറ്റാ വേരിയന്റ് എന്നറിയപ്പെടുന്ന ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദം രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നത് അനിശ്ചിതത്വത്തിലായത്. ജൂൺ 21 നാണ് രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ പൂർണമായി പിൻവലിക്കുന്നതിന് പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് ഡൗണിങ് സ്ട്രീറ്റിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. ഇന്ത്യൻ വേരിയൻ്റ് മാരകമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പുകൾ ഒന്നും സ്വീകരിക്കാത്തവരെയണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് എന്നറിയപ്പെടുന്ന ഇന്ത്യൻ വകഭേദം 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇതിനിടെ ഒരു ഡോസ് വാക്സിൻ എടുത്തവരെക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നത് രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചവർക്കാണെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved