Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണം രാജ്യത്തുടനീളമുള്ള ജനങ്ങളിൽ വിവിധ തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിലും വേദനയിലുമാണ്. റോയൽ കുടുംബത്തെ പിന്തുണയ്ക്കുന്നവർക്ക് ഈ മരണം നിരവധി പതിറ്റാണ്ടുകൾ നീണ്ട നീതിയുക്തമായ ഭരണത്തിന്റെ അവസാനമാണ്. എന്നാൽ മറ്റനേകം പേർക്ക് സ്വന്തം കുടുംബത്തിലെ തന്നെ ഒരു മുത്തശ്ശി മരിച്ച ദുഃഖമാണ് രാജ്ഞിയുടെ മരണം ഉളവാക്കുന്നത്. ഇത്തരത്തിലുള്ള വിവിധ മാനസികാവസ്ഥകളിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത് എന്നതിന്റെ സാഹചര്യത്തിൽ, സൈക്കോളജിസ്റ്റായ ഡോക്ടർ എലിസബത്ത് പാഡോക്ക് ഈ സാഹചര്യങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാൻ തന്റെ ഉപദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും കാണാത്തയാൾക്ക് വേണ്ടി പോലും അവരുടെ മരണത്തിൽ ഒരാളുടെ ഹൃദയത്തിൽ ദുഃഖം ഉണ്ടാകാമെന്ന് അവർ വ്യക്തമാക്കി. ഇത്തരമൊരു അവസ്ഥയെയാണ് കളക്ടീവ് ഗ്രീഫ് എന്ന് വിളിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരമൊരു സാഹചര്യം തികച്ചും സാധാരണമാണ്.

രാജ്ഞിയുടെ മരണം ബ്രിട്ടനിലെ ജനങ്ങളെ കൂടുതൽ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. അതിനു കാരണം നീണ്ടകാലം രാജ്യത്തിന്റെ എല്ലാ പ്രമുഖ പരിപാടികളിലും രാജ്ഞിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. അതോടൊപ്പം തന്നെ ഇനിയൊരു പുതിയ ഭരണാധികാരി എങ്ങനെയാകും എന്ന് ആശങ്കയും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് പാഡോക്ക് വ്യക്തമാക്കി. അതോടൊപ്പം തന്നെ കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ ഒക്കെ ജനങ്ങളുടെ മനസ്സിൽ ചിലപ്പോഴെങ്കിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഇപ്പോഴത്തെ ദുഃഖത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തുടനീളമുള്ള ഈ ദുഖാചരണം ജനങ്ങൾക്ക് തങ്ങളുടെ ദുഃഖങ്ങളെ തുറന്നുപറയുവാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ അത്തരമൊരു അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

70 വർഷം രാഷ്ട്രത്തിൻറെ രാജ്ഞി ആയിരുന്നതിനപ്പുറം ബ്രിട്ടനിലെ ജനങ്ങൾക്ക് അന്തരിച്ച എലിസബത്ത് രാജ്ഞയോടുള്ള സ്നേഹവും ബഹുമാനവും വൈകാരിക അടുപ്പവും എടുത്തു കാണിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി രാജ്യത്ത് സംഭവിക്കുന്നത്. സ്നേഹാദരത്തോടെ ബ്രിട്ടൻ ഇന്ന് എലിസബത്ത് രാജ്ഞിയ്ക്ക് യാത്രാമൊഴിയേകും. അഞ്ഞൂറിലധികം ലോക നേതാക്കളും വിശിഷ്ടാതിഥികളുമാണ് മൃതസംസ്കാര ശുശ്രൂഷയിൽ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ , ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു തുടങ്ങിയ നൂറിലധികം ലോക നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്ട്ര തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.

രാജ്യമെമ്പാടും നിന്നും ലണ്ടനിലേയ്ക്ക് ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. 10 ലക്ഷത്തിലധികം പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്നാണ് ഏകദേശ കണക്ക്. ജനങ്ങൾക്ക് സുഗമമായി എത്തിച്ചേരാൻ 250 അധിക ട്രെയിൻ സർവീസുകളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ തത്സമയ ദൃശ്യം യുകെയിൽ ഉടനീളം കാണിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തപെട്ടിട്ടുണ്ട്. രാജ്യത്തെ സിനിമ തിയേറ്ററുകളിലും പ്രധാന തെരുവുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളും ആണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും. 1600 സൈനികരാണ് 8 കിലോമീറ്റർ യാത്രയിൽ അകമ്പടിയേകുന്നത്. 10,000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക കടകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്നലെ തന്നെ ആവശ്യസാധനങ്ങൾ മേടിക്കുന്ന തിരക്കിലായിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെപ്റ്റംബർ 5-ാം തീയതി യുകെയിൽ നിര്യാതയായ ബെസ്സി ഷാജി( 51 ) യ്ക്ക് നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്ക  പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. ബെസ്സി ഷാജിയുടെ ഭർത്താവ് ഷാജി എബ്രഹാം തോട്ടുപുറത്തിന്റെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷകളിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ചേർപ്പുങ്കൽ തോട്ടുപുറത്ത് ബെസ്സി ഷാജി (51) സെപ്റ്റംബർ 5-ാം തീയതി യുകെയിൽ വെച്ചാണ് നിര്യാതയായത്. പരേത മറ്റക്കര ഒഴുങ്ങാലിൽ കുടുംബാംഗമാണ്. മകന്‍: പരേതനായ ആല്‍ബെട്ട്. സഹോദരങ്ങള്‍: ബാബു (UK), ഫാ. ബേബി ഒഴുങ്ങാലില്‍ (ഒറിസ), ബീന (പുന്നത്തുറ), ബെറ്റി (ഇറ്റലി), ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍ (ചൈതന്യ, കോട്ടയം അതിരൂപത), ബ്രയന്‍ (കാനഡ).

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വിറ്റ്സർലൻഡിലെ യൂറോപ്പ്യൻ സൊസൈറ്റി ഓഫ് പ്രിസിഷൻ എൻജിനീയറിങ് ആന്റ് നാനോ ടെക്നോളജിയുടെ അവാർഡിന് യുകെ മലയാളി വിദ്യാർത്ഥി അർഹനായി. ഈ വർഷമാദ്യം നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ തുടർന്നാണ് ഹഡേഴ്സ് ഫീൽഡ് സർവ്വകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിയായ കെവിൻ ജോണിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.

ലോകമെങ്ങുമുള്ള പ്രഗൽഭരായ ശാസ്ത്രജ്ഞന്മാരുമായും ഗവേഷകന്മാരുമായും സംവേദിക്കാനും ഗവേഷണം നടത്താനുമുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കെവിന് കൈവന്നിരിക്കുന്നത്. 2018 ലാണ് ബിരുദാനന്തര ബിരുദത്തിനായി കെവിൻ യുകെയിലെത്തിയത്. അതിനുശേഷം രണ്ടു വർഷത്തോളം ജോലിക്കായി ഇന്ത്യയിൽ എത്തിയ കെവിൻ പി എച്ച് ഡി പഠനത്തിനായാണ് യുകെയിൽ തിരിച്ചെത്തിയത്. കെവിൻ 2018 -ൽ ബിരുദാനന്തര ബിരുദം ചെയ്യാനായി യുകെയിലെത്തിയത് പ്രശസ്തമായ കോമൺവെൽത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കിയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഇരവിമംഗലത്ത് വീട്ടിൽ ഇ ജെ ജോണിന്റെയും മേരി ജോണിന്റെയും മകനാണ് കെവിൻ. നിലവിൽ കെവിൻ ഹഡേഴ്സ് ഫീൽഡ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ പി എച്ച് ഡി ചെയ്യുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് ഒരാൾ അറസ്റ്റിൽ. പോലീസും ആളുകളും നോക്കിനിൽ‌ക്കെ ക്യൂവിൽ നിന്ന് ഓടിയെത്തി രാജ്ഞിയുടെ ശവപ്പെട്ടി പിടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്രമല്ല ഇയാളുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ലണ്ടനിലെ ഹാളിന്റെ മധ്യഭാഗത്ത് വെച്ച് ഏഴുവയസ്സുകാരിയെ തട്ടിമാറ്റിയാണ് 14 മണിക്കൂർ കാത്തു നിന്ന ഇയാൾ ശവപ്പെട്ടി പിടിച്ചത്. മാത്രമല്ല മൃതദേഹം പൊതിഞ്ഞിരിക്കുന്ന റോയൽ സ്റ്റാൻഡേർഡ് ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

ഹാളിനുള്ളിൽ നിന്നുള്ള ലൈവ് ഫീഡ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ചതിനാൽ ആ സമയത്ത് ഇയാൾ അകത്തു കയറിയെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടക്കം മുതൽ അവസാനം വരെ ക്യൂവിൽ നിന്നപ്പോൾ ഇയാളെ കണ്ടിരുന്നുവെന്നും പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ക്യൂവിലുള്ള ഭൂരിഭാഗം ആളുകളും പരസ്പരം സംസാരിക്കുകയും ഇടപഴകുകയും ചെയ്തപ്പോഴും അയാൾ മാറി നിന്നെന്നും അവർ കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിച്ചുകൊണ്ട് തനിക്ക് ലഭിച്ച ഫോൺ കാൾ തുടക്കത്തിൽ തന്നെ പറ്റിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതായി എം ബി ഇ അവാർഡ് നേടിയ എൻഎച്ച്എസ് നേഴ്സ്, നാൻസി ഒ നീൽ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ബ്രാഡ്ഫോർഡിൽ നിന്നുള്ള നാൻസിക്ക് ക്ഷണം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിനാൽ തന്നെ അത്തരം ഒരു ഫോൺകോൾ വിശ്വസിക്കാനാകാതെ തന്നെ കബളിപ്പിക്കുകയാണെന്നും അവർ തെറ്റിദ്ധരിച്ചു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ അഭിമാനത്തിലും സന്തോഷത്തിലും ആണ് ഇപ്പോഴവർ. രാജ്ഞിയുടെ പിറന്നാൾ ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടനിലെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ എം ബി ഇ അവാർഡ് നാൻസിക്ക് ലഭിച്ചത്. 41 വർഷത്തോളം നീണ്ട തന്റെ നേഴ്സിങ് ജീവിതത്തിലൂടെ നൽകിയ സേവനങ്ങൾക്കും കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രയത്നങ്ങൾക്കുമാണ് നാൻസിക്ക് അവാർഡ് ലഭിച്ചത്. തുടക്കത്തിൽ ക്യാബിനറ്റ് ഓഫീസിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ അവാർഡിനെ സംബന്ധിച്ചുള്ള പരാമർശങ്ങൾക്കാണെന്നാണ് താൻ വിചാരിച്ചതെന്ന് നാൻസി പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് ലഭിച്ചതെന്ന് കേട്ടപ്പോൾ താൻ തികച്ചും ഞെട്ടലിലായിരുന്നുവെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം രണ്ടായിരത്തോളം വരുന്ന രാഷ്ട്രീയ നേതാക്കൾക്കും,
വിശിഷ്ടാതിഥികൾക്കും, ലോക നേതാക്കൾക്കും ഒപ്പമാകും നാൻസിയുടെ സ്ഥാനം. ബ്രാഡ്ഫോർഡ് ഡിസ്ട്രിക്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് എൻഎച്ച്എസിന് അഭിമാനമായിരുന്നു നാൻസിയുടെ സേവനങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഇത്തരം ഒരു അവസരം ലഭിച്ചതെന്ന് നാൻസി പറഞ്ഞു. താൻ ഇത്രത്തോളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സെക്കൻഡറി സ്കൂളിലെ ആദ്യദിവസം തന്നെ പതിനൊന്നുകാരനായ ജെയ് ലൻ മേയ് സന് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓർമ്മകളാണ്. ജെയ് ലന്റെ മുടി മുറിച്ചത് ശരിയായ രീതിയിൽ അല്ലെന്നും സ്കൂളിന്റെ പോളിസിക്ക് അനുയോജ്യമല്ലെന്നും ആരോപിച്ചാണ് കുട്ടിയെ അധ്യാപകൻ ക്ലാസിൽ ഒറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തതെന്ന് മാതാവ് എയ്‌മി മേയ്സൺ വ്യക്തമാക്കി. എന്നാൽ യഥാർത്ഥ കാരണം വംശീയ വിവേചനമാണെന്നും, ആഫ്രിക്കയിലെ ജനങ്ങളുടെ മുടിയെ കുറിച്ച് ധാരണയില്ലാതെയാണ് അധ്യാപകൻ സംസാരിച്ചതെന്നും അവർ ആരോപിച്ചു. 11 വയസ്സുള്ള തന്റെ കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് താൻ തകർന്നുപോയെന്നും ഈ അനുഭവത്തിൽ വളരെയധികം വിഷമം ഉണ്ടായെന്നും 32 കാരിയായ എയ്മി മേസൺ പറഞ്ഞു.റോബർട്ട് ക്ലാക്ക് സ്‌കൂളിലെ ആദ്യ ദിവസം പോകുവാൻ തന്റെ മകൻ പരിഭ്രാന്തനായിരുന്നുവെങ്കിലും, തന്റെ സുഹൃത്തുക്കളെ കാണാനും പുതിയ സ്‌കൂളിൽ പഠനം തുടങ്ങാനും ജെയ്‌ലൻ ആവേശഭരിതനായിരുന്നുവെന്ന് എയ്‌മി പറഞ്ഞു.

എന്നാൽ ജെയ് ലനെ ആദ്യ ദിവസം തന്നെ ക്ലാസിൽ നിന്ന് ഒഴിവാക്കുകയും , പിന്നീട് സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അകന്ന് സ്കൂളിലെ ‘ലേണിംഗ് റിസോഴ്സ് സെന്ററിൽ’ ജെയ് ലന് ചെലവഴിക്കേണ്ടി വന്നതായും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനുഭവത്തിന് സ്കൂൾ അധികൃതർ മാപ്പ് ചോദിച്ചു. കുടുംബവുമായി സംസാരിച്ച ഒരു ധാരണയിൽ എത്തിയതായും ഇത്തരം ഒരു തീരുമാനം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഹെഡ് ടീച്ചർ റസ്സൽ ടൈലർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്ഞിയെ യാത്രയാക്കാൻ ഇംഗ്ലണ്ടിൽ വളരെ വലിയ തിരക്കാണ് ദിനംതോറും അനുഭവപ്പെടുന്നത്. ക്യൂ പാലിച്ചുകൊണ്ടാണ് പ്രശസ്തരായ ആളുകൾ ഉൾപ്പടെ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കുന്നത്. ഇന്നലെ ആൾക്കൂട്ടത്തിനിടയിൽ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് രാജ്ഞിയെ ഒരു നോക്ക് കാണാൻ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം എത്തി. ഇംഗ്ലണ്ട് ടീമിന്റെ മുൻ ക്യാപ്റ്റനും, രാജ്യത്തെ പ്രധാന പൗരന്മാരിൽ ഒരാളുമായ ബെക്കാം ഇന്നലെ 13 മണിക്കൂറിലധികം തിരക്കിൽ കാത്തുനിന്നാണ് രാജ്ഞിയെ കണ്ട് മടങ്ങിയത്.

ബ്രിട്ടീഷ് എം പി അദ്ദേഹത്തെ മുൻപോട്ട് എത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും നിരസിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയ്ക്കാണ് ഡേവിഡ് ബേക്കാം എത്തിച്ചേർന്നത്. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന താൻ അതിജീവിച്ചത് വളരെ ബുദ്ധിമുട്ടിയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ രാജ്ഞിയുടെ അത്ഭുതകരമായ ജീവിതം ആഘോഷിക്കുവാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഇതുപോലൊരു നിമിഷം ഒരുമിച്ച് പങ്കിടാനാണ് എത്തിയത് – അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ശവപ്പെട്ടിക്ക് അരികിലൂടെ നീങ്ങുമ്പോൾ ബെക്കാം വികാരാധീനനായി. ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ, അദ്ദേഹം രാജ്ഞിയെ പലതവണ കാണുകയും 2003-ൽ രാജ്ഞിയിൽ നിന്ന് ഒബിഇ സ്വീകരിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന്റെ അന്ന് സെപ്റ്റംബർ 19-ാം തീയതി ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നേദിവസം നിരവധി ആരോഗ്യ യൂണിറ്റുകൾ പ്രവർത്തിക്കില്ലന്ന റിപ്പോർട്ടുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് . രാജ്ഞി മരിച്ചു എന്നതിൽ അതീവ ദുഃഖം ഉണ്ടെങ്കിലും രോഗികളായ തങ്ങൾ ശാരീരികമായ വേദനയിൽ തുടരേണ്ടതായി വരുന്നത് ഒട്ടും ജനാധിപത്യപരമല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

രാജ്ഞിയുടെ ശവസംസ്കാരത്തിൻറെ അന്ന് അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായി പല രോഗികൾക്കും അറിയിപ്പു കിട്ടിയിട്ടുണ്ട്. അപ്പോയിൻമെന്റുകൾ മാറ്റിവെച്ചാലും ഇല്ലെങ്കിലും രോഗികളുമായി ബന്ധപ്പെടണമെന്ന് ഹോസ്പിറ്റലുകൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചില ആശുപത്രികൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും പല ഹോസ്പിറ്റലുകളും അടിയന്തര അപ്പോയിൻമെന്റുകൾ ഉൾപ്പെടെ മാറ്റിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ തുറന്നാലും ഗതാഗത നിയന്ത്രണങ്ങളും സ്റ്റാഫിന്റെ ലഭ്യത മുതലായ കാര്യങ്ങളും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഏത് ബാങ്ക് അവധിക്കാലത്തേയും പോലെ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങളുടെ ജീവനക്കാർ പ്രവർത്തിക്കുമെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷകൾക്ക് മുൻപായി ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളെ കാണാൻ ഒരുങ്ങി ലിസ് ട്രസ്. പ്രധാനമന്ത്രി ഈ ഞായറാഴ്ച അനൗദ്യോഗികമായി യുഎസ്, കാനഡ, പോളണ്ട് അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ ആയിരിക്കും കാണുക. തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങ് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരിക്കും. ചടങ്ങിൽ പങ്കെടുക്കുവാനായി രാജ്യത്തിൻറെ അകത്തും പുറത്തുമായി അഞ്ഞൂറിലധികം നേതാക്കളായിരിക്കും വരിക. വിദേശകാര്യ സെക്രട്ടറിയായി സേവനം ചെയ്ത കാലയളവിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഈയാഴ്ച പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഞായറാഴ്ച ട്രസ് ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ട്രസ് പങ്കെടുക്കും. ഇവിടെവച്ച് മറ്റ് ലോക നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഔദ്യോഗികമായി പത്ത് ദിവസത്തെ ദുഖാചരണം മൂലം സാധാരണയായി പ്രധാനമന്ത്രി ലോക നേതാക്കളുമായി നടത്തുന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കില്ല.

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ തിങ്കളാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും രാജകുടുംബത്തിൽ ഉള്ളവരും ആയ പ്രമുഖർ പങ്കെടുക്കും. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടില്ല. ഇറാൻ, ഉത്തര കൊറിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രി ഇതുവരെയും തീരുമാനങ്ങൾ ഒന്നുതന്നെ എടുത്തിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിയുടെ മൃതദേഹം കാണുന്നതിൽ നിന്ന് ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ വിലക്കിയതിന് പിന്നാലെയാണിത്.

RECENT POSTS
Copyright © . All rights reserved