Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആർച്ചി ബാറ്റേഴ്സ്ബീയുടെ മാതാപിതാക്കൾ തങ്ങളുടെ മകൻെറ ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള തീരുമാനം മാറ്റിവയ്ക്കാനുള്ള ശ്രമവുമായി യൂറോപ്യൻ കോടതിൽ (ഇ സി എച്ച് ആർ) അപേക്ഷ സമർപ്പിച്ചു. പന്തണ്ട് വയസ്സുകാരന്റെ ജീവൻ നിലനിർത്തുന്ന ചികിത്സ ബുധനാഴ്ച പിൻവലിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ചികിത്സ പിൻവലിക്കുന്നതിനെതിരെ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. ആർച്ചിയെ ചികിത്സിക്കുന്ന റോയൽ ലണ്ടൻ ആശുപത്രി പ്രവർത്തിപ്പിക്കുന്ന ബാഴ്സ് എൻഎച്ച്എസ് ഹെൽത്ത് ട്രസ്റ്റ് കുട്ടിയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമേ ചികിത്സ അവസാനിപ്പിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. അതേസമയം മസ്തിഷ്ക മരണത്തിനാണ് ഏറെ സാധ്യതയെന്നും കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയില്ല എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ലൈഫ് സപ്പോർട്ടിന്റെ സഹായം അവസാനിപ്പിക്കുന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. ചികിത്സ തുടരുന്നത് അർഥശൂന്യമാണെന്ന് ഹൈക്കോടതി ജഡ്ജി മുമ്പ് പറഞ്ഞിരുന്നു.


ഇ സി എച്ച് ആറിന് നൽകിയ അപേക്ഷയിൽ തങ്ങൾക്ക് അനുകൂലമായ ഒരു വിധി പ്രതീക്ഷിക്കുന്നുവെന്നും ആർച്ചിയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ തങ്ങൾ പോരാടുമെന്നും ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് തന്റെ മകൻെറ ചികിത്സയ്ക്കായുള്ള സഹായ അഭ്യർഥനകൾ വന്നിട്ടുണ്ടെന്ന് മിസ്സ് ഡാൻസ് പറഞ്ഞു. ഈ രാജ്യത്തിൽ അവനെ ചികിത്സിക്കാൻ കഴിയുകയില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിൽ താൻ തെറ്റ് കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആർച്ചിയുടെ പേരിൽ ഒരു അപേക്ഷ ലഭിച്ചതായി ഇ സി എച്ച് ആർ സ്ഥിരീകരിച്ചിരുന്നു. സൗത്ത്എൻഡ്-ഓൺ-സീ എസ്സെക്സിൽ താമസിക്കുന്ന ആർച്ചി ഏപ്രിൽ ഏഴിനാണ് അബോധാവസ്ഥയിൽ ആയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡിന്റെ ആനുകൂല്യത്തിൽ ലോൺ എടുത്ത 16000 – ത്തിലധികം ബിസിനസ് സ്ഥാപനങ്ങൾ പണം തിരിച്ചടക്കുന്നില്ലെന്ന് കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ വായ്പാ പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ നികുതിദായകൻറെ 500 മില്യണിലധികം പൗണ്ട് നഷ്ടമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്ത കൂടുതൽ കമ്പനികളുടെ വിവരങ്ങൾ പുറത്തുവരുന്നതിലൂടെ ഈ തുക ഇനിയും ഉയരാനാണ് സാധ്യത.

അർഹതയില്ലാതെ വായ്പ നേടിയെടുക്കുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത നൂറുകണക്കിന് കമ്പനി മേധാവികളെ ഇതിനോടകം അയോഗ്യരാക്കിയിട്ടുണ്ട്. ഖജനാവിന് നഷ്ടമായ പണം തിരിച്ചുപിടിക്കാൻ എന്ത് ചെയ്യുമെന്നത് സർക്കാർ കേന്ദ്രങ്ങളിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

വായ്പകൾ സ്വീകരിക്കുന്നവരെ കുറിച്ച് കൃത്യമായ വിശകലനം നടത്താതെയാണ് പല ലോണുകളും അനുവദിച്ചത് എന്ന വിമർശനം ശക്തമാണ് . മഹാമാരിയെ അതിജീവിക്കാൻ ബിസിനസ് സംരംഭങ്ങളെ സഹായിക്കാനാണ് സർക്കാർ വായ്പാ പദ്ധതി ആസൂത്രണം ചെയ്തത് . പദ്ധതി പ്രകാരം ഏതൊരു ചെറുകിട കമ്പനിക്കും അതിൻറെ വിറ്റുവരവനുസരിച്ച് 50,000 പൗണ്ട് വരെ വായ്പയ്ക്ക് അപേക്ഷിക്കാം . എന്നാൽ അപേക്ഷകർക്ക് കണക്കുകൾ സ്വയം സാക്ഷ്യപ്പെടുത്താൻ അനുവദിച്ചതാണ് പല അർഹതയില്ലാത്തവരും വായ്പാ പദ്ധതിയിൽ കടന്നുകൂടാൻ ഇടയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സുരക്ഷാ ഭീതി കാരണം പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകൾ അയക്കാൻ വൈകുന്നു. സുരക്ഷാ ഏജൻസിയായ ജിസിഎച്ച്‌ക്യുവുമായി കൂടിയാലോചിച്ച ശേഷം ശേഷമാണ് ഈ നടപടി. ഹാക്കർമാർക്ക് ബാലറ്റിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ജിസിഎച്ച്‌ക്യു മുന്നറിയിപ്പ് നൽകി. തപാൽ വഴിയോ ഓൺലൈനായോ വോട്ടെടുപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനം.

എന്നാൽ, നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ നിർദേശം പ്രകാരം വോട്ടെടുപ്പ് പ്രക്രിയയിൽ സുരക്ഷ വർധിപ്പിക്കാനായി അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചു. പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പാർട്ടി കാലതാമസത്തിന്റെ കാരണം വിശദീകരിച്ചു. പ്രത്യേക ഭീഷണിയില്ലെങ്കിലും, വോട്ടുകൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു.

ഓഗസ്റ്റ് 11-നകം ബാലറ്റ് പായ്ക്ക് ലഭിക്കാത്ത അംഗങ്ങൾ പാർട്ടിയുമായി ബന്ധപ്പെടണമെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 60% ടോറി അംഗങ്ങളുടെ പിന്തുണയുണ്ടെന്നും മുൻ ചാൻസലർ ഋഷി സുനക്കിന് 26% പിന്തുണയുണ്ടെന്നും ടൈംസിൽ റിപ്പോർട്ട് ചെയ്ത യൂഗോവ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെന്റ് : ഹാംപ്ഷയറിനും ഐല്‍ ഓഫ് റൈറ്റിനും പിന്നാലെ, കെന്റിലും സസെക്സിലും ഹോസ്‌പൈപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നു. ഓഗസ്റ്റ് 12 മുതലാണ് നിരോധനം. 22 ലക്ഷം ആളുകൾക്ക് ഇത് ബാധകമായിരിക്കും. ഇതൊരു തത്കാലിക നിരോധനം ആയിരിക്കുമെന്ന് സൗത്ത് ഈസ്റ്റ്‌ വാട്ടർ പറഞ്ഞു. ലീക്കായ പൈപ്പുകളിൽ നിന്ന് കഴിഞ്ഞ വർഷം 88.7 മില്യൺ ലിറ്റർ വെള്ളം നഷ്ടമായെന്നാണ് കണക്കുകൾ. ഇത്തവണ ഹോസ് പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ കമ്പനിയാണ് സൗത്ത് ഈസ്റ്റ്‌ വാട്ടർ. സതേണ്‍ വാട്ടര്‍ ആണ് കഴിഞ്ഞ ദിവസം നിരോധനം പ്രഖ്യാപിച്ചത്.

ഇനി പൂന്തോട്ടം നനയ്ക്കുവാനും കാര്‍ കഴുകുവാനും ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതുപോലെ അലങ്കാര കുളങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം നിറക്കാനും അനുവാദമില്ല. നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടയ്‌ക്കേണ്ടി വരും. കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ജലക്ഷാമം ഉണ്ടാകുന്നതിന്റെ സൂചനയാണ് ഈ നിരോധനം.

അതുപോലെ തന്നെ വീടുകളുടെ ചുമരുകള്‍, ജനലുകള്‍, മറ്റു പുറംവാതില്‍ സാധനങ്ങള്‍ എന്നിവയും ഹോസ്‌പൈപ്പ് ഉപയോഗിച്ച് കഴുകുന്നതിന് നിരോധനമുണ്ട്. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ കടുത്ത വരൾച്ച ഇംഗ്ലണ്ടിൽ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സൗത്ത് ലണ്ടനിൽ നിന്നും ഒരു മാസം മുൻപ് കാണാതായ നേഴ്സിങ് വിദ്യാർത്ഥി ഓവാമി ഡേവിസിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എസെക്സിലെ ഗ്രെയ്‌സിൽ നിന്നുള്ള ഇരുപത്തിനാലുകാരിയായ ഓവാമി ജൂലൈ 4 -ന് വീട്ടിൽനിന്ന് പുറപ്പെട്ടതായാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അതിനുശേഷം ഓവാമിയെ ജൂലൈ 7 -ന് വെസ്റ്റ് ക്രോയ്ഡനിലെ ഡെർബി റോഡിൽ വച്ചാണ് അവസാനം കണ്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓവാമിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിമൂന്നും, ഇരുപത്തേഴും വയസ്സുള്ള രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഇവർ ഇരുവരും സൗത്ത് ലണ്ടൻ പോലീസ് കസ്റ്റഡിയിലാണ്. സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡ് വിഭാഗത്തിലെ ഡിറ്റക്ടീവ് ഉദ്യോഗസ്ഥരാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.

ഓവാമിയെ കണ്ടെത്തുന്നതിനായുള്ള ശക്തമായ അന്വേഷണം തുടരുകയാണെന്ന് മെട്രോപോളിറ്റൻ പോലീസ് വക്താവ് അറിയിച്ചു. ആരെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ടോറി നേതൃത്വ പോരാട്ടത്തിൽ ലിസ് ട്രസിന് പിന്തുണയേകി പെന്നി മോർഡൗണ്ട്. ഋഷി സുനകിനും ലിസ് ട്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് വാണിജ്യ മന്ത്രി മോർഡൗണ്ട് മത്സരത്തിൽ നിന്ന് പുറത്തായത്. പ്രധാനമന്ത്രിയാകാൻ ട്രസിനാണ് കൂടുതൽ സാധ്യതയെന്ന് പെന്നി അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ 160,000 അംഗങ്ങൾക്ക് ഇന്നലെ മുതൽ ബാലറ്റ് പേപ്പറുകൾ ലഭിച്ചുതുടങ്ങി. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തി സെപ്റ്റംബർ അഞ്ചോടെ പുതിയ പ്രധാനമന്ത്രി ആരെന്ന് അറിയാം.

കൺസർവേറ്റീവ് അംഗങ്ങളെ ആകർഷിക്കുന്നതിനായി സ്ഥാനാർഥികൾ തങ്ങളുടെ നയങ്ങൾ പ്രഖ്യാപിച്ചപ്പോൾ നികുതിക്കാണ് പ്രഥമ പരിഗണന നൽകിയത്. പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ചാൻസലർ നദീം സഹവി എന്നിവരും ലിസ് ട്രസിനെ പിന്തുണയ്‌ക്കുന്നു. അതേസമയം, മുൻ ക്യാബിനറ്റ് മന്ത്രിമാരായ ലിയാം ഫോക്സും ഡാമിയൻ ഗ്രീനും ഉൾപ്പെടെയുള്ള മുതിർന്ന ടോറി എംപിമാരുടെ പിന്തുണ സുനക്കിന് ലഭിച്ചു.

മോർഡോണ്ട് വലിയ രാജ്യസ്നേഹിയാണെന്നും അവളെ എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ട്രസ് പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, മത്സരഘട്ടത്തിൽ ട്രസ്സിന്റെ ടീം വൃത്തികെട്ട, തന്ത്രപരമായ പ്രചാരണം നടത്തിയെന്ന് മൊർഡോണ്ടിന്റെ ചില സഖ്യകക്ഷികൾ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ എല്ലാം നിഷേധിച്ചാണ് ഇപ്പോൾ പിന്തുണ ഉറപ്പാക്കിയത്. രാഷ്ട്രീയക്കാരനല്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സുനക്കിന്റെ മറുപടി ഇങ്ങനെ; “എനിക്ക് സതാംപ്ടൺ ഫുട്ബോൾ ക്ലബ്‌ നടത്താൻ കഴിയുമെങ്കിൽ വളരെയധികം സന്തോഷം”.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്ലാസ്ഗോ : 10 വർഷത്തിനിടെ ഗ്ലാസ്‌ഗോയിൽ മൂന്ന് കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കേസിൽ ഏഴ് പുരുഷന്മാരും നാല് സ്ത്രീകളും പ്രതികൾ. കുട്ടികൾ വ്യത്യസ്ത സമയങ്ങളിൽ ബലാത്സംഗത്തിനിരയായി. ഒപ്പം കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയും അവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുകയും ചെയ്തു. ഒരു പെൺകുട്ടിയെ മൈക്രോവേവിൽ അടച്ചിട്ടുവെന്ന് പറയപ്പെടുന്നു. മൃഗങ്ങളെ കൊല്ലാനും കുട്ടികളെ നിർബന്ധിച്ചു.

ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ, നഗരത്തിലെ ടൗൺഹെഡ്, മേരിഹിൽ, ക്രെയ്‌ജെൻഡ് എന്നിവിടങ്ങളിൽ 2010 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ 43 വ്യത്യസ്‌ത കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നു. ഇയാൻ ഓവൻസ് (43), എലെയ്ൻ ലാനറി (38), ലെസ്ലി വില്യംസ് (40), പോൾ ബ്രന്നൻ (40), മരിയാൻ ഗല്ലഗർ (37), സ്കോട്ട് ഫോർബ്സ് (49), ബാരി വാട്സൺ (46), മാർക്ക് കാർ (49), റിച്ചാർഡ് ഗചഗൻ (44), ലയിംഗ് (50) ജോൺ ക്ലാർക്ക് (46) എന്നിവരാണ് പ്രതികൾ.

ഓജോ ബോർഡ് ഉപയോഗിച്ച് ആത്മാക്കളെയും പിശാചുക്കളെയും വിളിക്കുന്ന പ്രവൃത്തിയിലും ഏർപ്പെട്ടിട്ടുണ്ട്. ഇതിനായും കുട്ടികളെ ഉപയോഗിച്ചു. പ്രതികളിൽ പലരും മുൻപ് പല കേസുകളിലും കുറ്റക്കാരാണ്. അടുത്ത വർഷം സെപ്റ്റംബറിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ എട്ടാഴ്ചത്തെ വിചാരണ നടക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡിനെ തുടർന്നുള്ള യാത്രാ അനിശ്ചിതത്തിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണ് ബ്രിട്ടനിലെ വ്യോമഗതാഗത മേഖല . പെട്ടെന്നുള്ള ഫ്ലൈറ്റ് റദ്ദാക്കലിനെ തുടർന്ന് അവധിക്കാല യാത്രകൾ ദുരിതത്തിലായതിന്റെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും വ്യോമഗതാഗത മേഖലയ്ക്ക് സാധാരണ നില കൈവരിക്കാനായിട്ടില്ല.


ഹീത്രു എയർപോർട്ടിൽ നിന്നുള്ള അടുത്ത ആഴ്ച വരെയുള്ള ഹ്രസ്വദൂര വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചതാണ് വ്യോമഗതാഗത മേഖലയിലെ ഏറ്റവും പുതിയ വാർത്തയായിരിക്കുന്നത്. കോവിഡ് മൂലം മതിയായ ജീവനക്കാരുടെ അഭാവത്തെ തുടർന്ന് പെട്ടെന്ന് ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ എയർപോർട്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതാണ് ടിക്കറ്റ് വിൽപ്പന നിർത്തിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമാന സാഹചര്യത്തിൽ മറ്റു കമ്പനികളും ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് യാത്രാദുരിതം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമേ യാത്രക്കാരുടെ ലഗേജുകൾ വഴിതെറ്റുന്ന സംഭവങ്ങൾ മുൻപത്തേക്കാൾ കൂടുന്നതായുള്ള പരാതികളും വർദ്ധിച്ചിട്ടുണ്ട്. ജീവിത ചിലവ് കൂടുന്നതിനനുസരിച്ചുള്ള ശമ്പള വർദ്ധനവിന് വേണ്ടി എയർപോർട്ട് ജീവനക്കാരുടെ പണിമുടക്കും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.

2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.

നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.

2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി

ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .

2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .

RECENT POSTS
Copyright © . All rights reserved