ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്കോട്ട്ലൻഡ് : രോഗിയുടെ സ്‌കാൻ നോക്കുന്നതിനിടെ ജൂനിയർ ഡോക്ടറോട് തന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് മൂന്ന് മാസത്തെ സസ്‌പെൻഷൻ. സ്കോട്ട്ലൻഡ് ഇൻവർനെസ് റെയ്ഗ്മോർ ഹോസ്പിറ്റലിലെ ഡോക്ടറായ തിയറി ബോണിനെതിരെയാണ് ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്നത്. ജൂനിയർ ഡോക്ടറായ യുവതിയുടെ ചെവിയിൽ നുള്ളിയെന്നും കാലിൽ സ്പർശിച്ചെന്നുമുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്.
“നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇവിടെയിരിക്കാമെന്ന് ബോണിൻ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി. ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ വീണ്ടും നോക്കി. ഒരു തമാശയെന്ന മട്ടിൽ ചിരിച്ചുകൊണ്ട് ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഞാൻ അസ്വസ്ഥയായി.” യുവ ഡോക്ടർ പറഞ്ഞു. ബോണിൻ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് തെളിഞ്ഞതോടെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
തനിക്ക് ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും ആളുകളെ കാണുമ്പോൾ പതിവായി ആലിംഗനം ചെയ്യാറുണ്ടെന്നും ബോണിൻ അഭിപ്രായപ്പെട്ടു. എന്നാൽ, യുവ ഡോക്ടറോടുണ്ടായ ഈ പെരുമാറ്റം സ്വീകാര്യമല്ലെന്നാണ് പൊതുജനഭിപ്രായം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇന്ത്യ – ബ്രിട്ടൻ ഉന്നത വിദ്യാഭ്യാസ ബന്ധം ശക്തമാകുന്നു. അക്കാദമിക സഹകരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ധാരണാപത്രം അംഗീകരിച്ചു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യ പരിഗണന നൽകുമെന്ന പ്രഖ്യാപനം അടുത്തിടെ ഉണ്ടായി.
മാരിടൈം എഡ്യുക്കേഷന്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലെയും വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ പ്രീ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനു ചേരാനുള്ള യോഗ്യതയാകും.
ബാച്ചിലേഴ്‌സ് ഡിഗ്രി, മാസ്റ്റേഴ്‌സ് ഡിഗ്രി, ഡോക്ടറല്‍ ഡിഗ്രി എന്നിവയ്ക്ക് പരിഗണന ലഭിക്കും. അതേസമയം മെഡിസിന്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, ലോ എന്നീ വിഭാഗങ്ങളിലുള്ള പ്രൊഫഷണല്‍ ഡിഗ്രികള്‍ക്ക് നിലവിൽ പരിഗണന ലഭിക്കില്ല.
ബ്രിട്ടനും ഇന്ത്യയ്ക്കും ഇടയില്‍ ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ വർധിപ്പിക്കാൻ ഈ തീരുമാനം സഹായകമാകും. ബ്രിട്ടനിലെ എ ലെവല്‍, യു.ജി, പി.ജി ഡിഗ്രികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലും അംഗീകാരം ഉണ്ടായിരിക്കും. മലയാളികൾ അടക്കമുള്ള നിരവധി വിദ്യാർഥികൾ പഠനത്തിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എത്തുന്നുണ്ട്. യുകെ യിലെ അംഗീകൃത ഡിഗ്രി ഇന്ത്യയിലും അംഗീകരിക്കപ്പെടും എന്നു വരുന്നതോടെ യു.കെ വിദ്യാഭ്യാസ മേഖലയും വികസിക്കും. പഠനത്തിനായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനിയെളുപ്പം ഇന്ത്യയിലെത്താം. സ്വതന്ത്ര വ്യാപാര കരാറിനുള്ള അഞ്ചാം ഘട്ട ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മങ്കി പോക്സ് ലോകത്ത് ഭീഷണിയായി പടർന്ന് പിടിക്കുകയാണ്. ലോകമൊട്ടാകെ 75 രാജ്യങ്ങളാണ് കുരങ്ങ് പനിയുടെ ഭീഷണിയുടെ നിഴലിൽ ഇതുവരെയുള്ളത്. കടുത്ത രോഗവ്യാപനം മുന്നിൽ കണ്ട് മങ്കി പോക്സിനെ ആഗോള പകർച്ച വ്യാധിയുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ കണ്ടെത്തിയ രോഗബാധിതരിൽ 70 ശതമാനവും ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.
ഇതിനിടെ ബ്രിട്ടനിലെ കുരങ്ങ് പനി ബാധിതരുടെ എണ്ണം 2432 ആയി . ജൂലൈ 24 ഞായറാഴ്ച രോഗബാധിതരുടെ എണ്ണം 2208 കേസുകൾ മാത്രമായിരുന്നു. മങ്കിപോക്സ് കേസുകൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എൻഎച്ച്എസ് ലാബുകൾ പി സി ആർ ടെസ്റ്റുകൾ ഉപയോഗിച്ച് തുടങ്ങി.
രോഗലക്ഷണമുള്ളവർ പാർട്ടികളിൽ പങ്കെടുക്കുകയോ പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. രോഗ വ്യാപന സാധ്യതയുള്ളവരിൽ മുൻകരുതലായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന നടപടി രാജ്യത്ത് പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹെലികോപ്റ്റർ ബ്ലേഡുകൾ തട്ടി ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷുകാരനായ ടൂറിസ്റ്റ് ഗ്രീസിൽ വച്ച് മരണമടഞ്ഞു. ഇരുപത്തിരണ്ടുകാരനായ ജാക്ക് ഫെന്റൺ ആണ് ബ്ലേഡുകൾ തലയിൽ തട്ടി മരണമടഞ്ഞത്. ബ്രിട്ടനിലെ കെന്റിൽ നിന്നുമുള്ള ജാക്ക്, ബെൽ 407 എന്ന എയർ ക്രാഫ്റ്റ് നിന്നും ഗ്രീസിലെ ഏതെൻസിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മൈകോനോസ് ഐലൻഡിൽ നിന്നും മൂന്ന് സുഹൃത്തുക്കളോടൊപ്പം ഹെലികോപ്റ്ററിൽ ഏതൻസിൽ ഇന്നലെയാണ് ജാക്ക് എത്തിയത്. ഇറങ്ങിയശേഷം അധികൃതരുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ, ഹെലികോപ്റ്റർ എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ജാക്ക് സെൽഫി എടുക്കാനായി തിരികെ എയർക്രാഫ്റ്റിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് ഗ്രീക്ക് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ അധികൃതരുടെ ഈ നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ് ജാക്കിനോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തായ ജാക്ക് സ്റ്റാന്റൺ ഗ്ലീവ്സ്. ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങുന്ന സമയത്ത് യാതൊരുവിധ നിർദ്ദേശങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതോടൊപ്പം തന്നെ ലൗഞ്ചിലേക്ക് ജീവനക്കാർ ആരും തന്നെ തങ്ങളെ അനുഗമിച്ചില്ലെന്നും ഗ്ലീവ്സ് വ്യക്തമാക്കി. ആരും തന്നെ ഹെലികോപ്റ്ററിന്റെ പുറകിലേക്ക് പോകുന്നതിൽ നിന്നും ജാക്കിനെ തടഞ്ഞില്ലെന്നും സുഹൃത്ത് പറഞ്ഞു. ജാക്കിന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയാണ് അപകടം ഉണ്ടായത് എന്ന വാർത്ത തെറ്റാണെന്നും, എന്നാൽ എന്തുകൊണ്ടാണ് ജാക്ക് എയർക്രാഫ്റ്റിന് പുറകിലേക്ക് പോയതെന്ന് തനിക്കറിയില്ലെന്നും സുഹൃത്ത് വ്യക്തമാക്കി.
പൈലറ്റിനെയും ഗ്രൗണ്ട് ക്രൂ വിഭാഗത്തിൽപ്പെടുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീസിൽ വച്ച് മരണപ്പെട്ട ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്മെന്റ് ഓഫീസ് വ്യക്തമാക്കി. സുഹൃത്തിന്റെ നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഗ്രീസ് അധികൃതരുടെ നിലപാട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാല് പേരെയും ജീവനക്കാർ ലൗഞ്ചിൽ എത്തിച്ചെന്നും അതിനുശേഷം ജാക്ക് സ്വയമേവ തിരികെ എയർക്രാഫ്റ്റ് അടുത്തേക്ക് പോവുകയായിരുന്നു എന്നുമാണ് ഗ്രീസ് അധികൃതരുടെ നിലപാട്.
കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. അലൻ അവധിക്ക് യുകെയിൽ നിന്ന് എത്തിയതായിരുന്നു. ഓസ്‌ഫോഡിൽ ആണ് അലൻ പഠിച്ചിരുന്നത്.
ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ തടിയുമായി കയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നല്ല ഒരു വളവിൽ ഹസാഡ് ലൈറ്റ് പോലും ഇടാതെ നിർത്തിയിട്ട് ഡ്രൈവർ എന്തിനോ പോയ സമയത്താണ് അപകടം സംഭവിച്ചത്. നല്ല വളവായിരുന്നതിനാലും സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്തതിനാലും മുൻപിൽ നിർത്തിവച്ചിരുന്ന വാഹനം കാണാൻ സാധിക്കുമായിരുന്നില്ല.
അപകടം നടന്ന് പത്ത് മിനിറ്റുനിള്ളിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും അവധിക്ക് നാട്ടിൽ പോയിരുന്ന ജിജോമോൻ ഈ വഴി കടന്നു വരുന്നത്. ഇതിനകം അലനെ ആശുപത്രിയിലേക്ക് മാറ്റിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന കാഴ്ച…. വീണുകിടക്കുന്ന ഹെൽമെറ്റ്… ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ മോട്ടോർ ബെയ്ക്ക്.. നാട്ടിലെത്തി ഡ്രൈവിങ് ചെയ്യാൻ വല്ലാത്തൊരു ഭയം തന്നെയെന്ന് ജിജോമോൻ പറയുകയുണ്ടായി.
പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗമാണ് അലൻെറ മാതാവ് അമ്പിളി. പരേതനായ അലന്റെ ഏക സഹോദരൻ അലക്സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റി സെബാസ്റ്യാന്റെ ഭാര്യ ഷെറിന്റെ അടുത്ത ബന്ധുവാണ് പരേതനായ അലൻ.
സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
അലൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബിബിസിയുടെ പ്രത്യേക സംവാദത്തിൽ പരസ്പരം എതിർത്തും വിമർശനങ്ങൾ ഉന്നയിച്ചും സ്ഥാനാർത്ഥികൾ. യുകെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെ ചൊല്ലിയായിരുന്നു ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടിയത്. നികുതി വെട്ടിക്കുറയ്ക്കാനുള്ള ലിസ് ട്രസിന്റെ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലേക്ക് നയിക്കുമെന്നും കൺസർവേറ്റീവുകൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ നഷ്ടമുണ്ടാക്കുമെന്നും സുനക് പറഞ്ഞു. സുനകിന്റെ നികുതി വർധന രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ട്രസ് കുറ്റപ്പെടുത്തി. മൂന്നാഴ്ച മുമ്പ് വരെ ഒരേ ക്യാബിനറ്റിൽ ഉണ്ടായിരുന്ന വിദേശകാര്യ സെക്രട്ടറിയും മുൻ ചാൻസലറും പരസ്പരം പോരടിക്കുന്നത് വിചിത്രകാഴ്ചയായി.
നാഷണൽ ഇൻഷുറൻസ് വർധന നിർത്തലാക്കാനാണ് ലിസ് ട്രസ് ആഗ്രഹിക്കുന്നത്. തന്റെ പദ്ധതികൾക്ക് കീഴിൽ ബ്രിട്ടൻ മൂന്ന് വർഷത്തിനുള്ളിൽ കടം വീട്ടാൻ തുടങ്ങുമെന്ന് അവർ ഉറപ്പ് നൽകി. എന്നാൽ ട്രസിന്റെ പദ്ധതികൾ ഉയർന്ന പലിശനിരക്കിലേക്ക് നയിക്കുമെന്ന് സുനക് കുറ്റപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതുവരെ നികുതി കുറയ്ക്കില്ലെന്നാണ് സുനകിന്റെ വാദം.
അതേസമയം, സംവാദത്തിനൊടുവിൽ ഇരുവരും സന്തോഷത്തോടെയാണ് പിരിഞ്ഞത്. താൻ പ്രധാനമന്ത്രിയായാൽ സുനകിനെ ക്യാബിനറ്റിൽ ഉൾപ്പെടുത്തുമെന്ന് ട്രസ് പറഞ്ഞു. റഷ്യയോടുള്ള ട്രസിന്റെ നിലപാടിനെ മുൻ ചാൻസലർ പ്രശംസിച്ചു. അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സുനക് വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒ. ടി. ടി ഭീമനായ ആമസോൺ പ്രൈം സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുന്നു. സെപ്റ്റംബർ മുതലാണ് നിരക്ക് വർധന. പ്രതിമാസ നിരക്ക് 8.99 പൗണ്ടായി ഉയരും. ഒരു പൗണ്ട് വർധനയാണ് വരുത്തിയത്. വാർഷിക നിരക്ക് 75 പൗണ്ടിൽ നിന്ന് 95 പൗണ്ടായി ഉയരും. 2014ന് ശേഷം യുകെയിൽ ഇതാദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് ആമസോൺ അറിയിച്ചു. പണപ്പെരുപ്പവും പ്രവർത്തനച്ചെലവുകളും വർധിച്ചതാണ് നിരക്ക് വർധനയ്ക്ക് കാരണം.
നെറ്റ്ഫ്ലിക്സ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും വർദ്ധിച്ചുവരുന്ന ചെലവ് കാരണം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധി കാരണം നിരവധി കുടുംബങ്ങൾ അവരുടെ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവില്‍ ഒടിടി മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. നിരവധി മികച്ച സീരിസുകളും ചിത്രങ്ങളും ആമസോണിൽ എത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോക ജനതയെ മുഴുവൻ ബന്ധനസ്ഥിലാക്കി വീട്ടിലിരുത്തിയ കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളെ കുറിച്ച് പല തലത്തിലുള്ള പഠനങ്ങൾ ആണ് പുരോഗമിക്കുന്നത്. കോവിഡ് ലോകമെങ്ങുമുള്ള ജനങ്ങളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല രോഗബാധിതരുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചതിന്റെ ഒട്ടേറെ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടിവന്നത് പലരീതിയിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നത് ബ്രിട്ടീഷുകാരുടെ മദ്യപാനാസക്തി അമിതമാക്കി എന്ന പഠന റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അമിത മദ്യാപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതു മൂലം എൻഎച്ച്എസിന് 5.2 മില്യൺ പൗണ്ട് അധിക ചിലവ് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മദ്യപാനസക്തിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം മാത്രം 25,000 -ത്തിലധികം മരണങ്ങൾ സംഭവിച്ചേക്കാമെന്ന കണ്ടെത്തലിനെ വളരെ ഗൗരവത്തോടെയാണ് ആരോഗ്യ വിദഗ്ധർ നോക്കിക്കാണുന്നത്.
പാൻഡമിക്കിന്റെ സമയത്ത് അമിതമായ മദ്യപാനസക്തിയ്ക്ക് അടിമയായ പലരും തങ്ങളുടെ ശീലം മഹാമാരിക്ക് ശേഷവും തുടരുന്നതായാണ് പഠനം കണ്ടെത്തിയത്. വരുന്ന വർഷങ്ങളിലും ഇതുയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ നിർദ്ദേശപ്രകാരം ഷഫീൽഡ് സർവകലാശാലയിലെ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇത് കൂടാതെ ഇൻസ്റ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് നടത്തിയ പഠനത്തിൽ 7 തരത്തിലുള്ള ക്യാൻസറുകൾ ഉൾപ്പെടെ 200 -ലധികം ആരോഗ്യപ്രശ്നങ്ങൾ അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്വന്തം പറമ്പിലെ ആപ്പിൾ മരത്തിൽ നിന്നുമുള്ള അഴുകിയ ആപ്പിളുകൾ മൂലം അയൽക്കാരിക്ക് അലർജി ഉണ്ടായതിനെ തുടർന്നുള്ള തർക്കത്തിൽ ആപ്പിൾ മരത്തിന്റെ ഉടമയ്ക്ക് 2 ലക്ഷം പൗണ്ട് പിഴ കോടതി വിധിച്ചിരിക്കുകയാണ്. അന്റോയ്നെറ്റ് വില്യംസാണ് തന്റെ അയൽക്കാരിയായ ബാർബറ പിൽച്ചറിനു 2 ലക്ഷം രൂപ പൗണ്ട് പിഴ നൽകുവാൻ വിധിക്കപ്പെട്ടിരിക്കുന്നത്. അന്റോയ്നെറ്റിന്റെ ഗാർഡനിലെ 40 അടിയോളം നീളമുള്ള ആപ്പിൾ മരത്തിൽ നിന്നും നിരവധി അഴുകിയ ആപ്പിളുകൾ പിൽച്ചറിന്റെ ലോണിൽ വീഴുന്നത് മൂലം വാസ്പുകൾ ( കടന്നൽ ) വരികയും ഇവ മൂലം തനിക്ക് അലർജി ഉണ്ടായതായുമാണ് പിൽച്ചർ കോടതിയിൽ വ്യക്തമാക്കിയത്. തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കപ്പെട്ടു എന്ന അന്റോയ്നെറ്റിന്റെ വാദം കോടതി തള്ളി. നിരവധി തവണ തനിക്ക് അലർജി മൂലം ആശുപത്രിയിൽ കഴിയേണ്ടതായി വന്നുവെന്ന് പിൽച്ചർ കോടതിയിൽ വെളിപ്പെടുത്തി. ഇതോടൊപ്പം തന്നെ തന്റെ ഗാർഡൻ ഒരു ഭാഗം തനിക്ക് ഉപയോഗിക്കാൻ പോലും സാധ്യമല്ലാത്ത തരത്തിലാണ്. തന്റെ വീട്ടിൽ തന്നെ തടവിലാക്കപ്പെട്ട അനുഭവമാണ് ഉള്ളതെന്നും പിൽച്ചർ കോടതിയിൽ പറഞ്ഞു. ആപ്പിൾ മരത്തെ പ്രുണിംഗിന് വിധേയമാക്കാതെ, അത് വൻ മരമായി വളർന്നത് മൂലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടെന്നും പിൽച്ചർ വ്യക്തമാക്കി.
സ്കൂൾ കുട്ടികളുടെ തരത്തിലാണ് അന്റോയ്നെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രതികരണമെന്ന് കോടതി വിലയിരുത്തി. ഇതിനെ തുടർന്നാണ് കോടതി രണ്ട് ലക്ഷം പൗണ്ട് പിഴ നൽകുവാൻ വിധിച്ചിരിക്കുന്നത്. നിരവധി തവണ ഇരുവരും ഈ വിഷയം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി കോടതി വിലയിരുത്തി. അതിനാൽ തന്നെയാണ് അന്തിമ വിധി ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എൻഎച്ച്എസിൽ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമെന്ന് മന്ത്രിമാർ. ഈ ഒഴിവുകൾ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ 12,000 ആശുപത്രി ഡോക്ടർമാരുടെയും 50,000-ലധികം നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും കുറവുണ്ട്. എൻ എച്ച് എസ് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ്. പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമ്പോൾ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുകയെന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് എംപിമാർ പറയുന്നു.
കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ പ്രതിസന്ധിയെപ്പറ്റി പറയുന്നത്. എൻ എച്ച് എസിൽ സ്ഥിരമായി ജീവനക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ അഭാവമാണ് ഇതിന് കാരണം. സ്‌കോട്ട്‌ലൻഡ് , വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങൾ സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.
2021 മാർച്ചിനും 2022 മാർച്ചിനും ഇടയിൽ 500-ലധികം മിഡ്‌വൈഫുകൾ ജോലി ഉപേക്ഷിച്ചിട്ടുണ്ട്.കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ദീർഘകാല പദ്ധതി വികസിപ്പിക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് പറഞ്ഞു. 2024 ഓടെ 50,000 നഴ്സുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ പറയുമ്പോഴും ആരോഗ്യ മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.