ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് എൻ എച്ച് എസ്. അടുത്ത ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ വിഭാഗം നൽകി കഴിഞ്ഞിരിക്കുന്നത്. സൗത്ത്, സെൻട്രൽ , ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ താപനിലകൾ 35 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതായത് ജനങ്ങളുടെ ജീവനെ ഇത് സാരമായ തോതിൽ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാലാണ് എൻഎച്ച്എസ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഗവൺമെന്റ് സർവീസുകൾ എല്ലാം തന്നെ ഈ സാഹചര്യം നേരിടാൻ ഒരുങ്ങണമെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ കിറ്റ് മാൾട്ട് ഹൗസ് വ്യക്തമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന ഏറ്റവും കൂടുതൽ അപകടം വരാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗികൾ എന്നിവർക്ക് പ്രത്യേകം പരിഗണന ജനങ്ങൾ നൽകണമെന്ന് ഗവൺമെന്റ് അടിയന്തരമായി വിളിച്ചുചേർത്ത കോബ്ര കമ്മിറ്റിക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. 35 ഡിഗ്രി സെൽഷ്യസ് വരെയൊക്കെയാണ് താപനിലയുടെ വർദ്ധന കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നതെങ്കിലും, ചില സമയത്ത് 40 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റ് സർവീസുകളെല്ലാം തന്നെ തയ്യാറായിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാൻ ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുകയും, ഉച്ചസമയങ്ങളിൽ പരമാവധി സൂര്യനിൽ നിന്ന് ഒഴിവാകുകയും, ഹൈറിസ്ക് ഗ്രൂപ്പിൽ പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്ന നിർദ്ദേശമാണ് ഗവൺമെന്റിൻെറ ഭാഗത്തുനിന്ന് നൽകുന്നത്. യൂറോപ്പിൽ ഉടനീളമുള്ള ഉഷ്ണ തരംഗം പോർച്ചുഗൽ,ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ കാട്ടുതീയ്ക്കും മറ്റും കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എൻഎച്ച്എസിന്മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം അതിശക്തമാണ്. അമിത ചൂട് ഒരു നിശബ്ദ കൊലയാളി ആണെന്ന് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ എൻവിയോൺമെന്റൽ ഡേറ്റ സയൻസ് പ്രൊഫസർ എമിലി വ്യക്തമാക്കി. 2020ലെ വേനൽക്കാലത്ത് മാത്രം 2500 മരണങ്ങളാണ് രേഖപ്പെടുത്തിയതെന്നും അവർ ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തമാസം യുകെയിൽ ട്രെയിൻ പണിമുടക്കിനെ തുടർന്ന് ജനജീവിതം താറുമാറാകും നെറ്റ്‌വർക്ക് റെയിലിലെ തൊഴിലാളികളും ട്രെയിൻ ഓപ്പറേറ്റർമാരും ഓഗസ്റ്റിൽ രണ്ടുദിവസം കൂടി പണിമുടക്കുമെന്ന് റെയിൽവേ തൊഴിലാളികളുടെ യൂണിയൻ അറിയിച്ചു. ജൂണിൽ നടന്ന ദേശീയ പണിമുടക്കിൽ ആയിരക്കണക്കിന് ട്രെയിന്‍ ഓപ്പറേറ്റർമാരും നെറ്റ്‌വർക്ക് റെയിൽ തൊഴിലാളികളും പങ്കെടുത്തത് ജനജീവിതം ദുരിത പൂർണമാക്കിയിരുന്നു. മുപ്പത് വർഷത്തിനിടെ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ പണിമുടക്കിലൊന്നായിരുന്നു ജൂണിൽ നടന്നത്.
ആഗസ്റ്റിലെ പണിമുടക്കിൽ ഏകദേശം 40,000 തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ വേതനം കൊണ്ട് വർദ്ധിച്ചുവരുന്ന ജീവിത ചെലവിന് നേരിടാനാവില്ലെന്നതാണ് പണിമുടക്കിന് പ്രധാന കാരണമായി തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ ജോലിയിൽ തൊഴിൽ സുരക്ഷിതത്വം വേണമെന്നതും തൊഴിലാളി യൂണിയനുകൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റുമായി തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സർക്കാരിന് ബുദ്ധിമുട്ടായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിപദം രാജിവച്ചതിന് ശേഷം ഇടക്കാല പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
മലയാളം യുകെ ന്യൂസ് അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 ന്റെ ലോഗോ തിരഞ്ഞെടുക്കുവാനുള്ള മത്സരം മലയാളം യുകെ ന്യൂസ് ടീം നടത്തുകയാണ്. പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലാത്ത മത്സരത്തില്‍, മലയാളം യുകെയുടെ പ്രിയ കലാകാരന്മാരെയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5 വെള്ളിയാഴ്ച്ചയാണ്. അപേക്ഷകള്‍ ആയ്‌ക്കേണ്ട വിലാസം [email protected]. മത്സരത്തില്‍ വിജയിക്കുന്ന വ്യക്തി ഡിസൈന്‍ ചെയ്ത ലോഗോ ആയിരിക്കും മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 ന്റെ ഔദ്യോഗീക ലോഗോ ആയി പരിഗണിക്കുക. മത്സര വിജയിക്ക് ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ 101 പണ്ട് ക്യാഷ് അവാര്‍ഡും ഫലകവും നല്കപ്പെടും. മികച്ച നിലവാരം പുലര്‍ത്തുന്ന ലോഗോ ആയ്ച്ചു തരുന്ന മറ്റ് മൂന്ന് വ്യക്തികളെ സദസ്സില്‍ ആദരിക്കും. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിട്ടുള്ള ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഒക്ടോബര്‍ എട്ടിനാണ് യുകെ മലയാളികളെ പ്രകംബനം കൊള്ളിക്കുന്ന ബോളിവുഡ് ഡാന്‍സ് മത്സരം അരങ്ങേറുക. ഇന്ത്യന്‍ ബോളിവുഡ് ഡാന്‍സിനെ സ്‌നേഹിക്കുന്ന ഏഷ്യന്‍സ് തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയിലാണ് ഈ കലാ മാമാങ്കം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആയിരത്തൊന്ന് പൗണ്ട് ഒന്നാം സമ്മാനമായി നല്കപ്പെടുന്ന (രണ്ടാം സമ്മാനം 751 പൗണ്ട്, മൂന്നാം സമ്മാനം 251 പൗണ്ട്, മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും) മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. യുകെ മലയാളികള്‍ ഇത് വരെയും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടിയാണ് മലയാളം യുകെ ന്യൂസ് ടീം ഒരുക്കുന്നത്. പരിചയസമ്പന്നരായ ഒരു വലിയ ടീമാണ് മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിന്റെ സ്റ്റേജ് കൈകാര്യം ചെയ്യുന്നത്. സ്റ്റേജ് നിറഞ്ഞ് നില്‍ക്കുന്ന വീഡിയോ വാള്‍, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം, അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍, കളര്‍ഫുള്ളായ സ്റ്റേജ് കോംബിയറിംഗ്, ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രോഗ്രാമിലുടനീളം മിതമായ നിരക്കില്‍ രുചിയുടെ കാര്യത്തില്‍ യൂറോപ്പില്‍ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിക്കൂട്ടിയ തറവാട് ലീഡ്‌സിന്റെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
യുകെ മലയാളികള്‍ക്കിതൊരാഘോഷമാണ്. തിളക്കമാര്‍ന്ന സ്റ്റേജില്‍ മത്സരത്തില്‍ പങ്കെടുക്കാനൊരവസരവും അതുപോലെ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലേയ്‌ക്കൊരു വണ്‍ഡേ ഫാമിലി ട്രിപ്പും. ആഘോഷിക്കൂ.. മലയാളം യുകെയോടൊപ്പം…
തറവാടും അലൈഡും ചേര്‍ന്നൊരുക്കുന്ന യുകെ മലയാളികള്‍ ഇതുവരെയും കാണാത്ത
മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 വിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്യുക.
https://malayalamuk.com/malayalamuk-bollywood-dance-fest/
മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും പരസ്യങ്ങള്‍ക്കുമായി താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക.
Binsu John 07951903705
Joji Thomas 07728374426
Binu Mathew 07883010229
Biju Moonnanappallil 07804830277
Roy Francis 07717754609
Shibu Mathew 07411443880
Jimmy Moolamkunnam 07588953457
Thomas Chacko 07872067153
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്യത്തിന്റെ ഇന്ധന ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച് ഇന്റർനാഷണൽ എനർജി ഏജൻസി. രാജ്യം എണ്ണയെ ആശ്രയിക്കുന്നത് അമിതമാകുകയാണ്. ഇതിന് പരിഹാരമെന്നോണം മോട്ടോർവേകളിലെ വേഗപരിധി കുറയ്ക്കുക, ഞായറാഴ്ച ഡ്രൈവിംഗ് നിരോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഏജൻസി മുന്നോട്ട് വെച്ചത്. ഈ നിർദേശങ്ങൾ പാലിച്ചാൽ ആഗോള ഡിമാൻഡ് പ്രതിദിനം 2.7 ദശലക്ഷം ബാരൽ കുറയ്ക്കാൻ സാധിക്കും. ഞായറാഴ്ചകളിൽ നഗരങ്ങളിൽ കാറോടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം, മോട്ടോർവേകളിലെ വേഗപരിധിയിൽ (70mph) നിന്നും 6mph കുറയ്ക്കുകയും, ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുക, സാധ്യമാകുമെങ്കിൽ വിമാനങ്ങൾക്ക് പകരം അതിവേഗ രാത്രി ട്രെയിനുകൾ ഉപയോഗിക്കുക എന്നിവ പ്രധാന നിർദേശങ്ങളാണ്.
മറ്റു നിർദേശങ്ങൾ;
• കാര്യക്ഷമമായ വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുക.
• ബദൽ മാർഗങ്ങൾ ഉണ്ടെങ്കിൽ ബിസിനസ്സ് വിമാന യാത്ര ഒഴിവാക്കുക.
• ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് ‘കാർ ഷെയറിംഗ്’ രീതി വർദ്ധിപ്പിക്കുക
• പൊതുഗതാഗതം വിലകുറഞ്ഞതാക്കുക.
രാജ്യത്ത് ഇന്ധന വില കഴിഞ്ഞ മാസം ഒരു ലിറ്ററിന് 16.6 പെൻസ് വർധിച്ച് 191.4 പെൻസ് എന്ന നിലയിലെത്തി. 2000- ത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വർധനയാണിത്. ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമായ ഈ സമയത്ത് ഇന്ധന വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തിൽ മുൻ ചാൻസലറും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ. ആദ്യ ഘട്ട വോട്ടിങ്ങിൽ 88 കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ നേടിയാണ് മുന്നിലെത്തിയത്. വാണിജ്യ സഹ മന്ത്രി പെന്നി മൊർഡോണ്ട് 67, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 50, മുൻ മന്ത്രി കെമി ബാദിനോച് 40, ടോം ടുഗെൻഡാറ്റ് 37, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സുവേല ബ്രേവർമാൻ 32 വോട്ടും നേടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
25 വോട്ട് നേടിയ പുതുതായി നിയമിതനായ ചാൻസലർ നാദിം സഹാവി, 18 വോട്ട് നേടിയ മുൻ ക്യാബിനറ്റ് മന്ത്രി ജെറമി ഹണ്ട് എന്നിവർ പുറത്തായി. രണ്ടാംഘട്ടത്തിലേക്ക് പോകാൻ 30 എം.പിമാരുടെ പിന്തുണയാണ് വേണ്ടിരുന്നത്. ഇതോടെ മത്സരരംഗത്ത് ഇനി ആറു പേർ മാത്രം. 358 കൺസർവേറ്റീവ് എം.പിമാർ പങ്കെടുക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രണ്ട് പേർ മാത്രം മത്സരരംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായാണ് എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടക്കുക. ജൂലൈ 21ന് ദീർഘ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ്.
ഇനിയുള്ള മത്സരത്തിൽ താൻ സുനക്കിനെ പിന്തുണയ്ക്കുമെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. മത്സരഫലത്തിൽ സന്തോഷമുണ്ടെന്ന് സുനക് പറഞ്ഞു. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം സ്ഥാനമൊഴിഞ്ഞത് ധനമന്ത്രിയായിരുന്ന സുനക് ആയിരുന്നു. പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഋഷി സുനക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രാക്ക് നെല്ലിലെ സൗത്ത് ഹിൽ പാർക്കിൽ പട്ടാപ്പകൽ ലൈംഗികാതിക്രമം നടത്തിയതായുള്ള പരാതിയെ തുടർന്ന് പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ആൺകുട്ടി രാത്രി മുഴുവൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിലായാണ് ലൈംഗികാതിക്രമം അരങ്ങേറിയത്. രണ്ട് സ്ത്രീകളും ഒരു കൗമാരക്കാരിയായ പെൺകുട്ടിയുമാണ് പരാതിയുമായി മുന്നോട്ടുവന്നത്. സ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പട്ടാപ്പകൽ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് പെട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് ബ്ലാക്ക് നെൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- അടുത്തിടെ എൻഎച്ച്എസിലെ രണ്ട് വനിത ഡോക്ടർമാർ ഓൺലൈനായി ആരംഭിച്ച മീ റ്റു ക്യാമ്പയിനിങ്ങിനെ സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ. ജനറൽ പ്രാക്ടീഷണർ ആയിരിക്കുന്ന ഡോക്ടർ ബെക്കി കോക്സും, എമർജൻസി മെഡിസിൻ ട്രെയിനി ആയിരിക്കുന്ന ഡോക്ടർ ചെൽസി ജെവിറ്റും ചേർന്നാണ് ഓൺലൈനായി വനിതാ ഡോക്ടർമാർ എൻ എച്ച് എസ് സ്ഥാപനങ്ങളിൽ അനുഭവിക്കുന്ന അവഗണനകളെയും പീഡനങ്ങളെയും സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഇപ്പോൾ തന്നെ നിരവധി സ്റ്റാഫുകളാണ് തങ്ങൾ ജോലിസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഈ ഓൺലൈൻ വെബ്സൈറ്റിൽ രേഖപ്പെടുത്തി കഴിഞ്ഞത്. സീനിയർ ഡോക്ടർമാരിൽ നിന്നുള്ള പീഡനങ്ങൾ, മോശമായ വാക്കുകൾ, രോഗികളിൽ നിന്നുള്ള മോശമായ പെരുമാറ്റം എന്നിവയെല്ലാം തന്നെ സ്ത്രീകൾ അനുഭവിക്കേണ്ടതായി വരുന്നുവെന്ന് ഈ ഓൺലൈൻ ക്യാമ്പയിനിങ്ങിൽ വ്യക്തമാക്കിയിട്ടുള്ള അനുഭവങ്ങളിൽ നിന്ന് വെളിപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള പ്രതികരണവുമായാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഒബ്സ്റ്റട്രിക് കൺസൾട്ടന്റ് ആയിരുന്ന വെൻഡി സാവേജിൽ നിന്നും താൻ കേട്ടറിഞ്ഞ കാര്യങ്ങൾ ഇതിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ലെന്ന് മറേ വ്യക്തമാക്കുന്നു. അതിനുശേഷം 50 വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ത്രീകളുടെ സാഹചര്യത്തിൽ വ്യക്തമായ പുരോഗമനം ഉണ്ടെന്നാണ് താൻ ധരിച്ചതെങ്കിലും , ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ് ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ തുടരുന്നതെന്ന് ഇപ്പോഴത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നതായി മറേ വ്യക്തമാക്കി.
ഭൂരിഭാഗം ഇടങ്ങളിലും പുരുഷന്മാർക്കാണ് മേൽക്കോയ്മ ലഭിക്കുന്നത്. ഫീമെയിൽ ഡോക്ടർമാർ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് സീനിയർ ഡോക്ടർമാരോട് പരാതി പറയുമ്പോൾ ലഭിക്കുന്ന മറുപടി തികച്ചും നിസ്സംഗതയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞവർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോഗ്യമേഖലയിൽ ഇത്തരത്തിലുള്ള സ്ത്രീപുരുഷ വ്യത്യാസങ്ങൾ പരക്കെ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താനെന്നും മറേ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രശസ്തനായ ബ്രിട്ടീഷ് ഡിജെയ് ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുകയാണ്. ടിം വെസ്റ്റ്വുഡ് തന്റെ മുപ്പതാമത്തെ വയസ്സിൽ 14 വയസ്സുള്ള യുവതിയുമായി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് യുവതി ആരോപിക്കുന്നത്. ഗാർഡിയൻ പത്രവും ബിബിസി ന്യൂസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബ്രിട്ടനിൽ 14 വയസ്സുള്ളയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇവരെ കൂടാതെ തന്നെ കഴിഞ്ഞ ഏപ്രിലിൽ നിരവധി സ്ത്രീകൾ വെസ്റ്റ്വുഡിനെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ഗാർഡിയൻ പത്രവും ബിബിസി ന്യൂസും ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഏർപ്പെട്ടത്. ഭൂരിഭാഗം പേരും തങ്ങൾക്ക് 18 വയസ്സ് ആകുന്നതിനു മുൻപാണ് വെസ്റ്റ്വുഡുമായി പരിചയത്തിൽ ആയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾ 14 വയസ്സാകുന്നതിനു മുൻപാണ് താൻ വെസ്റ്റ്വുഡുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് നാല്പതുകാരനായ അദ്ദേഹവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കി. ഈ ബന്ധം തങ്ങളുടെ മാനസിക നില തകരാറിലാക്കിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
ബിബിസിയുടെ പുതിയ ഡോക്യുമെന്ററി ആയ ഹിപ് ഹോപ്സ് ഓപ്പൺ സീക്രട്ട് : ടിം വെസ്റ്റ്വുഡ് എന്ന പരമ്പരയിലാണ് ഈ സ്ത്രീകളുടെ എല്ലാം തന്നെ വെളിപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അറുപത്തിനാലുകാരനായ ടിം വെസ്റ്റ്വുഡിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ സ്വഭാവത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരികയാണ്. ഏകദേശം 19 വർഷത്തോളം വെസ്റ്റ്വുഡ് ബിബിസിയിൽ ജോലി ചെയ്തിരുന്നു. നിലവിലെ ആരോപണങ്ങളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടുമെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഈയാഴ്ച അവസാനത്തോടെ യുകെയിൽ താപനിലയിൽ ക്രമാതീതമായ വർദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എൻഎച്ച്എസ് നാഷണൽ എമർജൻസി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഈയാഴ്ച അവസാനത്തോടെ ഉഷ്ണ തരംഗം ബ്രിട്ടനിലുടനീളം ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഞായറാഴ്ചയോടുകൂടി 43 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ലെവൽ 4 രീതിയിലുള്ള ഉഷ്ണ തരംഗം ഉണ്ടാകുമെന്നും ഇത് നിരവധി പേരുടെ അപകടത്തിനും മരണത്തിനും മറ്റും കാരണമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലെവൽ 3 ഹെൽത്ത് ക്രൈറ്റീരിയകൾ നടപ്പിലാക്കാനുള്ള 90% സാധ്യതയാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. ഹൈ റിസ്ക് പേഷ്യന്റുകൾക്കാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രൊവൈഡർമാർ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്ന് എൻ എച്ച് എസ് വ്യക്തമാക്കി. ഹോസ്പിറ്റലുകളിലും നേഴ്സിംഗ് കെയർ ഹോമുകളിലുമെല്ലാം അകത്തെ താപനില കുറയ്ക്കാനുള്ള മാർഗങ്ങൾ സജ്ജീകരിക്കണമെന്നും, ആവശ്യമുള്ള ആളുകൾക്ക് കൂൾ ഏരിയകൾ നൽകി സഹായിക്കണമെന്നും എൻഎച്ച്എസ് വ്യക്തമാക്കി. മാതാപിതാക്കളെയും കുട്ടികളെയുമെല്ലാം നിലവിലെ സാഹചര്യത്തെ സംബന്ധിച്ച ബോധവാന്മാരാക്കാൻ ഹെൽത്ത് വിസിറ്റേഴ്സും സ്കൂൾ നേഴ്സുമാരും തയ്യാറാകണമെന്നും എൻഎച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതയോടു കൂടി പുറത്തിറങ്ങണമെന്ന നിർദ്ദേശമാണ് പൊതുവായി നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകമൊട്ടാകെ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. യുകെയിലെ സ്ഥിതിയും വിഭിന്നമല്ല. ഓരോ ആഴ്ചയും കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് കടുത്തതാണ് . പുതിയ വകഭേദങ്ങൾക്ക് ദുരിതഗതിയിലുള്ള വ്യാപനശേഷിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് വന്നവർക്ക് തന്നെ നാല് ആഴ്ചകൾക്കകം വീണ്ടും കോവിഡ് വരാനുള്ള സാധ്യതയിലേയ്ക്കാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.
യുകെയിൽ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് കോവിഡിനെതിരെ മുൻകരുതലായി മാസ്ക് ധരിക്കുന്നത്. മാസ്ക് ധരിക്കുന്നതും തുടർച്ചയായി കൈകൾ കഴുകുന്നതും രോഗത്തെ അകറ്റി നിർത്തും. കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ജനുവരിയിൽ നിർത്തലാക്കിയിരുന്നു. അതേ തുടർന്ന് രാജ്യത്തെ ഭൂരിപക്ഷം പേരും മാസ്ക്കുകൾ ഉപയോഗിക്കുന്നത് നിർത്തി. എന്നാൽ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലെയും ആശുപത്രി ട്രസ്റ്റുകൾ ആളുകൾ മാസ്ക്കുകൾ ഉപയോഗിക്കുന്നത് ഉചിതമാണെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജനസംഖ്യയിൽ 20 പേരിൽ ഒരാൾക്ക് കോവിഡ് ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുൻപിൽ ഉള്ളതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ട്. എന്നിരുന്നാലും വൈറസിന്റെ പുതിയ ജനിതക വകഭേദങ്ങൾക്ക് വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞമാസം ഇരട്ടിയായിട്ടുണ്ട്. രോഗ വ്യാപനത്തിന് ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.