ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എൻഎച്ച്എസ് ഇംഗ്ലണ്ടിലെ നാഷണൽ പ്രൈമറി കെയർ നേഴ്സിംഗിന്റെ നേതൃസ്ഥാനത്തേക്ക് ലൂയിസ് ബ്രാഡി. നേഴ്സായി 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ലൂയിസ്, കഴിഞ്ഞ മാസം ആരംഭിച്ച ഇൻഡക്ഷൻ പിരീഡ് പൂർത്തിയാക്കിയാൽ ഉടൻ എൻഎച്ച്എസ് ഇംഗ്ലണ്ടിലും എൻഎച്ച്എസ് ഇംപ്രൂവ്‌മെന്റിലും ചുമതല ഏറ്റെടുക്കും. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ കാരെൻ സ്റ്റോറിക്ക് പകരമായാണ് ലൂയിസ് എത്തുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പ്രൈമറി, കമ്മ്യൂണിറ്റി നേഴ്‌സ് ലീഡറും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കമ്മ്യൂണിറ്റി കെയർ കമ്മിറ്റിയുടെ നേഴ്‌സ് അഡ്വൈസറുമായിരുന്നു ലൂയിസ് ബ്രാഡി.
17 വർഷം ജനറൽ പ്രാക്ടീസിൽ മുഴുവൻ സമയ ജോലി ചെയ്തിട്ടുള്ള മിസ് ബ്രാഡി, നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ‘ഷെയേഡ് മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ’ക്ക് തുടക്കമിട്ട ആദ്യത്തെ ജനറൽ പ്രാക്ടീസ് നേഴ്‌സുമാരിൽ ഒരാളാണ്. ഈ സംവിധാനത്തിൽ രോഗികൾക്ക് ഒന്നിലേറെ ആരോഗ്യ വിദഗ്ധരുടെ പിന്തുണയും പരിചരണവും ലഭിക്കും.
ഇംഗ്ലണ്ട് ടീമിന്റെ ചീഫ് നേഴ്‌സിംഗ് ഓഫീസറുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള നേഴ്‌സിംഗ് നേതാക്കളെ കേൾക്കാനും പഠിക്കാനും പിന്തുണയ്ക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ബ്രാഡി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിലെ പ്രൈമറി കെയർ നേഴ്‌സിംഗ് ലീഡ് എന്ന പുതിയ റോളിൽ, മറ്റ് മുതിർന്ന നേഴ്‌സിംഗ് ലീഡർമാർക്കും നാഷണൽ പ്രൈമറി കെയർ ടീമിനുമൊപ്പം ചേർന്ന് നേഴ്സിംഗ് സേനയുടെ സുസ്ഥിര ഭാവി ഉറപ്പാക്കാൻ ലൂയിസ് പരിശ്രമിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആഗോളതലത്തിൽ ചെള്ളുപനി ബാധിതരുടെ നിരക്ക് ഉയരുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകമാനം 15 ശതമാനം പേർക്ക് ചെള്ള് പനി ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പ്രതിവർഷം ആയിരത്തിനടുത്താണ് രോഗ ബാധിതരുടെ എണ്ണം. ഇപ്പോഴത്തെ കണക്ക് പ്രകാരം ഏഴിൽ ഒരാൾക്കെങ്കിലും ചെള്ള് പനി ഉണ്ടായിട്ടുണ്ടാകാം . രോഗം വ്യാപകമാകുന്നതിന്റെ കാരണം കണ്ടുപിടിക്കുവാനായി ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല . പുതിയ പരീക്ഷണങ്ങളിലൂടെ രോഗബാധ നേരിടാനുള്ള വഴികൾ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . ചെള്ളുപനി രോഗബാധിതരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദന, പേശിവേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകും.
ഈ രോഗം മൂലം തങ്ങൾ അനുഭവിക്കുന ദുരവസ്ഥയെക്കുറിച്ച് തുറന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകപ്രശസ്ത പോപ് താരം ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും . ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരസ്യപ്പെടുത്തിയത് . തങ്ങളുടെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞ രണ്ട് സെലിബ്രിറ്റികൾ ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും മാത്രമാണ്. ഇവരുടെ വെളിപ്പെടുത്തലുകൾ രോഗത്തിൻെറ തീവ്രതയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
150,000 ആളുകളുടെ രക്ത സാമ്പിൾ ഉൾപ്പെടുത്തി ചൈനയിൽ നടത്തിയ പഠനത്തിൽ 14.5 ശതമാനം ആളുകളിലും ചെള്ള് പനിയെ സൂചിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ചെള്ളു പനി രോഗബാധിതരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് ചെള്ള് പനി വരാനുള്ള സാധ്യത കൂടുതലാണന്ന് പഠനം ചൂണ്ടികാണിക്കുന്നു . പ്രതിവിധി ഇല്ലാത്ത രോഗത്തെ എങ്ങനെ തടയും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ . പുതിയ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ടതിൻെറ ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മങ്കി പോക്സ് അഥവാ കുരങ്ങ് പനിക്ക് പുതിയ പേരിടാനുള്ള നീക്കം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് ലോകമെങ്ങുമുള്ള മുപ്പതിലധികം ശാസ്ത്രജ്ഞന്മാർ ലോകാരോഗ്യസംഘടനയ്ക്ക് കത്തയച്ചിരുന്നു. വിവേചന രഹിതവും രോഗത്തിന്റെ പൊതു സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ശാസ്ത്രീയനാമം വേണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യമുന്നയിച്ചത്. ആഫ്രിക്കൻ എന്ന നിലയിൽ വൈറസിനെക്കുറിച്ചുള്ള തുടർച്ചയായ പരാമർശം കൃത്യമല്ലാത്തതും വിവേചനപരമാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.
കഴിഞ്ഞ ആഴ്ചകളിൽ ആഗോളതലത്തിൽ ഏകദേശം 1600 പേർക്കാണ് മങ്കി പോക്സ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധയുള്ള രാജ്യങ്ങളിൽ 72 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു . ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജൂൺ 12 വരെ രാജ്യത്ത് 470 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : നിയമകുരുക്കിൽ പെട്ട് ബ്രിട്ടനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയാതെ നാല് വയസ്സുകാരി. യുക്രൈൻ സ്വദേശിയായ അലിക്ക സുബെറ്റ്‌സ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ യുദ്ധഭൂമിയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭീതിയിൽ കഴിയുന്നത്. അലിക്കയുടെ മാതാപിതാക്കൾ ഇതിനകം ന്യൂകാസിലിൽ സുരക്ഷിതരായി എത്തിയെങ്കിലും അവളും മുത്തശ്ശി തന്യയും വിസ ലഭിക്കുന്നതിനായി പോളണ്ടിൽ കാത്തിരിക്കുകയാണ്. അലിക്കയുടെ മാതാപിതാക്കളായ ദിമയും അരീനയും മാർച്ച് 24 ന് മകൾ മുത്തശ്ശിക്കൊപ്പം പോകുന്നതിന് രേഖാമൂലം സമ്മതം നൽകി. ഏപ്രിൽ 12 ന് തന്യയ്ക്ക് 90 ദിവസത്തെ വിസ അനുവദിച്ചു. എന്നാൽ അലിക്കയുടെ അപേക്ഷ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം പോളണ്ടിൽ ജൂൺ 25 വരെ കഴിയാൻ മാത്രമേ മുത്തശ്ശിക്ക് അനുവാദമുള്ളൂ.
റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റായ സ്‌പോൺസർ മാഗി ബാബ്, പെൺകുട്ടിയെയും മുത്തശ്ശിയെയും ബ്രിട്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, മുത്തശ്ശിക്ക് അലിക്കയുടെ താത്കാലിക രക്ഷാകർതൃത്വം മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടിക്ക് യുകെയിലേക്കുള്ള വിസ ലഭിക്കില്ലെന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടിവരുമെന്നും പറയുന്നു.
സ്‌കീമിന് അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ളവരോടൊപ്പം നിയമപരമായ രക്ഷകർത്താവ് ഉണ്ടായിരിക്കണമെന്ന് ഹോംസ് ഫോർ യുക്രൈൻ സ്‌പോൺസർഷിപ്പ് സ്‌കീമിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂകാസിൽ എംപി ആരോൺ ബെൽ പറഞ്ഞു. ഡോ. ബാബിന് വേണ്ട നിയമപരമായ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിച്ച് മകളോടൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അലിക്കയുടെ മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഏതൻസ് : ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ അവധി ആഘോഷിക്കുന്നതിനിടെ 34 കാരിയായ മകളെ 70 കാരനായ പിതാവ് ബലാത്സംഗം ചെയ്തതായി ആരോപണം. ഇരുവരും ബ്രിട്ടീഷുകാരാണ്. മാലിയ തീരത്ത് വെച്ച് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി രണ്ട് ദിവസം മുൻപാണ് സ്ത്രീ പോലീസിനെ സമീപിച്ചത്. അവധി ആഘോഷിക്കുന്നതിനിടെ താൻ മദ്യപിച്ചിരുന്നതായി സ്ത്രീ സമ്മതിച്ചു. അതിനാൽ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ലെന്നും അയാൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. പിന്നീട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പിതാവ് തന്നെയാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചത്.
“ബാറിൽ ഒരുമിച്ച് മദ്യപിച്ചപ്പോൾ പിതാവ് മകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അവളുടെ മുഖത്ത് അടിക്കുകയും തുടർന്ന് വിജനമായ ബീച്ചിൽ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു.” പോലീസ് അറിയിച്ചു. പിതാവ് വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ ശനിയാഴ്ച അറസ്റ്റുചെയ്ത് പ്രാദേശിക മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി. ബലാത്സംഗം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.
എന്നാൽ, ഇദ്ദേഹം കുറ്റം നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റം ചെയ്തുവെന്ന് സമ്മതിച്ച് പരസ്യമായി മാപ്പ് പറയാനുള്ള അവസാന തീയതിയായ ചൊവ്വാഴ്ച വരെ ഇദ്ദേഹം പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. ഗ്രീക്ക് നിയമ പ്രകാരം, കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നവരുടെ ശിക്ഷ ഇളവ് ചെയ്യും. ബലാത്സംഗം ആരോപിക്കപ്പെടുന്നവർക്കും ഈ ഇളവ് ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മുപ്പത്തിയാറുകാരനായ ജോ ബാൽഡ്വിൻ കോവിഡ് കാലത്ത് എൻ എച്ച് എസിന്റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. ലിവർപൂളിലെ ഐൻട്രീ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പലപ്പോഴും ഡ്യൂട്ടി സമയങ്ങൾക്ക് ശേഷവും രോഗികൾക്കുവേണ്ടി അധിക സമയം കോവിഡ് കാലത്ത് ചിലവഴിക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു. എന്നാൽ 14 വർഷത്തെ പ്രവർത്തി പരിചയമുള്ള ജോയ്ക്ക് ശമ്പളമായി ലഭിക്കുന്നത് ഒരു വർഷത്തിൽ 18500 പൗണ്ട് തുക മാത്രമാണ്. നിലവിൽ ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ലഭിക്കുന്ന തുക കൊണ്ട് അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ സാധിക്കുന്നില്ലെന്നാണ് ജോ വ്യക്തമാക്കുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കുറഞ്ഞ തുക വാടകയായുള്ള ഫ്ലാറ്റിലേക്ക് തനിക്ക് മാറേണ്ടതായി വന്നുവെന്നും, അതോടൊപ്പം തന്നെ ആഹാരസാധനങ്ങൾ സബ്സിഡിയുടെ വിലയിൽ ലഭിക്കുവാനായി ഒരു ഫുഡ് യൂണിയനിൽ തനിക്ക് അംഗമാകേണ്ടതായി വന്നതായും ജോ വ്യക്തമാക്കി. പണമില്ലാത്തതിനാൽ മാസത്തിലുള്ള യാത്രാ പാസ് തനിക്ക് എടുക്കുവാൻ സാധിച്ചില്ലെന്ന് ജോ മാധ്യമങ്ങളോട് പറഞ്ഞു. ചില ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഉള്ള 6 മൈൽ ദൂരം നടന്നാണ് ജോ ജോലിക്ക് എത്തുന്നത്. തനിക്ക് ഒരു ലോൺ ഉണ്ടായിരുന്നതായും, ഇപ്പോൾ ജീവിതച്ചെലവുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് അടയ്ക്കുവാൻ താൻ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഒഴിവാക്കേണ്ടതായി വരുന്നുണ്ടെന്നുമുള്ള തന്റെ നിസഹായവസ്ഥ ജോ വെളിപ്പെടുത്തി.
ജോയുടെ അതേ അവസ്ഥയാണ് ഭൂരിഭാഗം എൻ എച്ച് എസ് സ്റ്റാഫുകൾക്കും പറയാനുള്ളത്. 35000 പൗണ്ട് വർഷത്തിൽ ശമ്പളം വാങ്ങുന്ന തന്റെ സീനിയർ സ്റ്റാഫുകൾക്ക് പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആകുന്നില്ല. രാജ്യം ക്രമാതീതമായ വിലക്കയറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ജനങ്ങളെ ആകെ പിടിമുറുക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉടനടി നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഓരോരുത്തരും..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രേനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്കിലേക്കുള്ള എല്ലാ പാലങ്ങളും നശിപ്പിക്കപ്പെട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു . നഗരം ഒറ്റപ്പെട്ട നിലയിൽ ആയതിനാൽ സാധനങ്ങൾ എത്തിക്കുന്നതും ആളുകളെ ഒഴിപ്പിക്കുന്നതും ഇപ്പോൾ അസാധ്യമാണെന്ന് സെർഹി ഹൈദായി പറയുന്നു. കിഴക്കൻ നഗരത്തിൽ നിന്ന് തങ്ങളുടെ സൈന്യത്തെ റഷ്യൻ പീരങ്കികൾ തുരത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സെവെറോഡോനെറ്റ്സ്ക് കീഴടക്കുക എന്നത് റഷ്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സൈനിക ലക്ഷ്യമാണ്. സെവെറോഡോനെറ്റ്‌സ്കും അടുത്തുള്ള നഗരമായ ലിസിചാൻസ്കും ഏറ്റെടുക്കുന്നതോടെ മോസ്കോയ്ക്ക് ലുഹാൻസ്ക്ലെലെക്കുള്ള മുഴുവൻ നിയന്ത്രണവും ലഭിക്കും ഇതിൽ ഭൂരിഭാഗവും ഇതിനകം റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. സെവെറോഡോനെറ്റ്സ്കിലേക്കുള്ള മൂന്ന് പാലങ്ങളും തകർന്നതിനെ തുടർന്ന് അവിടെ തുടരുന്ന നിവാസികൾ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എന്നും സെർഹി ഹൈദായി ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തു.
നഗരത്തിനു വേണ്ടി പോരാടുന്നതിന് ഇടയിൽ കൊല്ലപ്പെട്ടവരിൽ മുൻ ബ്രിട്ടീഷ് സൈനികൻ ജോർദാൻ ഗാറ്റ്‌ലിയും ഉൾപ്പെടുന്നു. റഷ്യയുടെ നേട്ടം വളരെ വലുതാണെന്നും പ്രതിദിനം ശരാശരി 50,000 റൗണ്ടുകൾ വെടിയുതിർക്കുകയും ഉക്രെയിനിന് മുകളിൽ “മോർട്ടാർ ഷെല്ലുകൾ, വ്യോമാക്രമണം, മിസൈൽ ആക്രമണം” എന്നിവ സൃഷ്ടിക്കുകയും ചെയ്‌തതായി യൂറി സാക്ക് പറഞ്ഞു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബര്‍മിംഗ്ഹാം : ബര്‍മിംഗ്ഹാമിലെ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടുത്തം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നെഷെല്‍സ് മൗണ്ട് സ്ട്രീറ്റിലെ സ്മര്‍ഫിറ്റ് കാപ്പാ റീസൈക്ലിംഗ് സെന്ററില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. വെയര്‍ഹൗസിലെ 8000 ടണ്‍ പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് കൂമ്പാരത്തിനാണ് തീപിടിച്ചത്. വലിയ പുകയും ചാരവും അന്തരീക്ഷത്തിൽ ഉയർന്നതോടെ വീടുകളുടെ ജനലും, വാതിലും അടച്ചിടാന്‍ പ്രദേശവാസികൾക്ക് നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച രാത്രി 7.40-ഓടെയാണ് ബര്‍മിംഗ്ഹാം നെഷെല്‍സിലെ മൗണ്ട് സ്ട്രീറ്റില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഫയര്‍ സര്‍വ്വീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 110 ജീവനക്കാർ തീ അണയ്ക്കാനായി പരിശ്രമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയർ സർവീസ് ഏരിയ കമാൻഡർ സാം ബർട്ടൺ അറിയിച്ചു. തീ പടരുന്നത് തടയാനായി സമീപത്തെ കനാലിൽ നിന്ന് മിനിറ്റിൽ 8000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഏഴ് ഏക്കർ വരുന്ന സെന്ററിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടു.
പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍ക്കൊപ്പവും, എന്‍വയോണ്‍മെന്റ് ഏജന്‍സി, സെവേണ്‍ ട്രെന്റ് വാട്ടര്‍, ഓണ്‍-സൈറ്റ് സ്റ്റാഫ് എന്നിവര്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സുരക്ഷിതമായി തീ കെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഫയര്‍ സര്‍വ്വീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രൈൻ സായുധസേനയ്ക്ക് വേണ്ടി പോരാടിയ മുൻ ബ്രിട്ടീഷ് സൈനികൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നു. മാർച്ചിൽ ബ്രിട്ടീഷ് സൈന്യത്തിലെ ജോലിയിൽനിന്ന് വിട്ട് ഉക്രയിനിലേയ്ക്ക് പോയ ജോർദാൻ ഗാറ്റ്‌ലിയാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പോരാട്ടം നടന്ന ഉക്രയിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്‌സ്‌കിനായുള്ള പോരാട്ടത്തിലാണ് അദ്ദേഹം മരിച്ചത്.
അദ്ദേഹത്തിൻറെ പിതാവ് തൻെറ മകനെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഉക്രൈൻ യുദ്ധത്തിൽ മരിച്ച ബ്രിട്ടീഷുകാരൻെറ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഉക്രൈയിനിലെ പ്രാദേശിക സേനയെ പരിശീലിപ്പിക്കാൻ ജോർദാൻ സഹായിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോർദാൻ ഗാറ്റ്‌ലി യഥാർത്ഥ ഹീറോ ആയിരുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഉപദേശകൻ ട്വീറ്റ് ചെയ്തു . ഉക്രൈയിനിലേയ്ക്ക് പോകുന്നതിന് മുമ്പ് എഡിൻബർഗ് ആസ്ഥാനമായുള്ള റൈഫിൾസിന്റെ മൂന്നാം ബറ്റാലിയനൊപ്പം ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മരിച്ച സൈനികൻ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മതനിന്ദ ആരോപിച്ച് ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയ്‌ക്കെതിരായി നടന്ന പ്രതിഷേധത്തെ പിന്തുണച്ച ഇമാമിനെ സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റി. 44 കാരനായ ഖാരി അസിമിനെയാണ് ഇസ്‌ലാമോഫോബിയ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെക്കുറിച്ചുള്ള സിനിമയായ ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന പ്രചാരണത്തിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. മതനിന്ദ നിറഞ്ഞ സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജൂബിലി വാരാന്ത്യത്തിലാണ് യുകെയിൽ ഈ സിനിമ റിലീസ് ചെയ്തത്.
ബ്രാഡ്‌ഫോർഡ്, ബോൾട്ടൺ, ബർമിംഗ്ഹാം , ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിമ തിയേറ്ററിന് പുറത്ത് ശക്തമായ പ്രതിഷേധം നടന്നു. മുസ്ലീങ്ങൾക്ക് വളരെയധികം വേദനയും നിന്ദയും ഉണ്ടാക്കുന്ന സിനിമയാണ് ‘ദ ലേഡി ഓഫ് ഹെവൻ’ എന്ന് അസിം പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ലീഡ്‌സിലെ മക്ക മസ് ജിദിലെ പ്രധാന ഇമാമാണ് ഖാരി അസിം.
“വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന പ്രചാരണത്തിന് പിന്തുണ നൽകിയത് ഈ സ്ഥാനത്തിന് യോജിച്ചതല്ല. സമുദായ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ നൽകുന്നത് ഒരു സർക്കാർ ഉപദേഷ്ടാവിന് ചേരുന്നതല്ല.” അസീമിനെ നീക്കം ചെയ്തുകൊണ്ട് ലെവലിംഗ് അപ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കത്തിൽ പറയുന്നു.
2019 ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നതിന് ഒരു ദിവസം മുമ്പാണ് അസിമിനെ സർക്കാർ ഉപദേഷ്ടാവായി നിയമിച്ചത്. അതേസമയം, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സിനിവേൾഡ് രാജ്യവ്യാപകമായി ഈ ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കി. ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ചിത്രമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.