ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എനർജി ബില്ലിലെ കുതിച്ചു കയറ്റം സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വളരെ നാളുകളായി. അല്പം ശ്രദ്ധിച്ചാൽ ഊർജ്ജബില്ലുകളിൽ സാരമായ കുറവ് വരുത്താനുള്ള പദ്ധതി യുകെയിൽ ഉടൻ നടപ്പിൽ വരും. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം വെട്ടി കുറച്ചാൽ വൈദ്യതി ലാഭിക്കാനുള്ള പദ്ധതി രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

പീക്ക് ടൈമിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുകയോ പാചകം ചെയ്യുകയോ പോലുള്ള കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ പുതിയ പദ്ധതിയുടെ ഭാഗമായി പണം ലഭിക്കാൻ സാധിക്കും. സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈകിട്ട് 5 മുതൽ 8 മണി വരെയുള്ള സമയത്ത് പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ഉപയോഗം ഗണ്യമായി വെട്ടി കുറച്ച ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തതിന് മികച്ച പ്രതികരണം ആണ് നേരത്തെ ലഭിച്ചത്.
ലിസ മാത്യു, മലയാളം ന്യൂസ് ടീം
യു കെ :- ഡയാന രാജകുമാരിയുടെ മരണം ബ്രിട്ടനെ വീണ്ടും പിടിച്ചുലയ്ക്കുമോ ? രാജകുമാരി തന്റെ മരണം കാറപകടത്തിലൂടെ നടക്കുമെന്നുള്ള ഭയം അഭിഭാഷകനായിരുന്ന ലോർഡ് മിഷ്കോണിനോട് പോലീസിന് നൽകിയിരുന്നു . എന്നാൽ ഈ രേഖകൾ വളരെ വൈകിയാണ് പാരീസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തിയത് എന്നതാണ് പുതിയ വിവാദങ്ങൾ കാരണമായിരിക്കുന്നത്. തന്റെ മരണം കാറപകടത്തിലൂടെ സംഭവിക്കുമെന്ന് ഡയാന രാജകുമാരിക്ക് ഭയമുണ്ടായിരുന്നതായും എന്നാൽ ഇത് സംബന്ധിച്ച് മരണശേഷം ഉടൻതന്നെ ഫ്രഞ്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറിയില്ല എന്നതാണ് പുതിയ ആരോപണം.

മരണം നടന്ന 25 വർഷമായതിന്റെ വാർഷികത്തോടനുബന്ധിച്ച് ചാനൽ 4 ൽ ആരംഭിക്കുന്ന ഡോക്കുമെന്ററിയോട് അനുബന്ധിച്ചാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഒരു കുറുപ്പിനെ സംബന്ധിച്ച് ഡയാനയുടെ സഹോദരങ്ങൾ പോലും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് അറിഞ്ഞതെന്നും, മക്കൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ആണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. അഭിഭാഷകന്റെ കുറ്റം അല്ലെന്നും അഭിഭാഷകൻ മരണശേഷം ഉടൻതന്നെ ഈ കുറിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചതാണെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഡോക്യുമെന്ററി പുതിയ വിവാദങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2006ൽ മെട്രോപൊളിറ്റൻ ചീഫ് ആയിരുന്ന ലോർഡ് സ്റ്റീവൻസ് അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയും, അങ്ങനെയാണ് വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ വിവരങ്ങൾ കൂടുതൽ അറിയുകയും ചെയ്യുന്നത്. ഓപ്പറേഷൻ പേജറ്റ് എന്ന പേരിട്ടിരുന്ന ഈ അന്വേഷണത്തിൽ ഇത് ഒരു അപകടമരണം ആണെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.
കോവിഡ് ബാധിച്ചവരിൽ ഏതൊക്കെ രീതിയിലുള്ള പാർശ്വഫലങ്ങളാണ് സമീപഭാവിയിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ് . ലോങ്ങ് കോവിഡ് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറുന്നതായുള്ള റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. കാർഡിഫിൽ നിന്നുള്ള പത്ത് വയസ്സുകാരിയായ ലിബിയ കോവിഡ് പിടിപെട്ട് ആറുമാസത്തിനു ശേഷവും നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വാർത്ത കുട്ടികളിലെ ലോങ്ങ് കോവിഡ് മൂലമുള്ള ഗുരുതര പ്രശ്നങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത് .

ഫെബ്രുവരിയിലാണ് ലിബിയയ്ക്ക് കോവിഡ് പിടിപെട്ടത്. എന്നാൽ ആറുമാസത്തിന് ശേഷവും കടുത്ത ക്ഷീണം, നിരന്തരമായ തലവേദന എന്നിവയിൽ നിന്ന് അവൾ വിമുക്തയായിട്ടില്ല. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുള്ള ലിബിയ വീൽചെയർ ഉപയോഗിക്കുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ 2 മുതൽ 11 വയസ്സുവരെ പ്രായമുള്ളവരിൽ 0.6 ശതമാനം കുട്ടികൾക്ക് ലോങ് കോവിഡ് ബാധിച്ചിട്ടുണ്ട്.
ലണ്ടൻ: അഞ്ച് വയസ്സുള്ളപ്പോൾ മുതൽ എല്ലാ ദിവസവും രാജ്ഞി ജാം സാൻഡ്‌വിച്ച് കഴിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഷെഫ്. 15 വർഷക്കാലം എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ഷെഫായിരുന്ന ഡാരൻ മക്ഗ്രാഡിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഡയാന രാജകുമാരിയുടെയും വില്യമിന്റെയും ഹാരിയുടെയും ഷെഫ് ആയിരുന്നു ഡാരൻ. 226,000 സബ്‌സ്‌ക്രൈബർമാരുള്ള തന്റെ യൂട്യൂബ് ചാനലിലാണ് ഡാരൻ വീഡിയോ പോസ്റ്റ് ചെയ്‍തത്.

രാജകീയ പാചകക്കുറിപ്പുകളാണ് അദ്ദേഹം പങ്കിട്ടത്. കൊട്ടാരത്തിലെ ചായയെപറ്റിയും സാൻഡ്‌വച്ചുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒപ്പം, ചെറുപ്പം മുതൽ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഷെഫ്, 6,000 പേർ പങ്കെടുക്കുന്ന ഗാർഡൻ പാർട്ടികളെക്കുറിച്ച് വിവരിച്ചു. ചായയോടൊപ്പമാണ്
രാജ്ഞി ഈ സാൻഡ്‌വിച്ച് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ മാഞ്ചസ്റ്റർ: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലിവർപൂൾ സ്വദേശിയായ ലൂയിസ് ജോൺസ് (23) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി സെപ്റ്റംബർ ഒന്നിന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച വൈകുന്നേരം ടേംസൈഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വനമേഖലയിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.

പീഡനത്തിനിരയായെങ്കിലും പെൺകുട്ടി കുടുംബവുമായി വീണ്ടും ഒന്നിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയ്ക്കും കുടുംബത്തിനും ഉദ്യോഗസ്ഥർ തുടർന്നും പിന്തുണ നൽകുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 35കാരനെ കൂടുതൽ അന്വേഷണമില്ലാതെ വിട്ടയച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരായിരിക്കും? ബോറിസ് ജോൺസൺ രാജി സമർപ്പിച്ചതിന് തുടർന്ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റിഷി സുനകും ലിസ് ട്രസുമാണ് മത്സര രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്നിരുന്നത് റിഷി സുനക് ആയിരുന്നു. എന്നാൽ നിലവിൽ ലിസ് ട്രസിനാണ് സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള നിലവിലെ പിന്തുണകൾ അവസാന നിമിഷം മാറിമറിഞ്ഞേക്കാമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻ മന്ത്രിയായ മൈക്കിൾ ഗോവ് ഇന്ന് റിഷി സുനകിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു . തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കെമി ബാഡെനോക്കിന് ആയിരുന്നു മിസ്റ്റർ ഗോവ് പിന്തുണച്ചിരുന്നത്. എന്നാൽ കുതിച്ചുയരുന്ന ജീവിത ചിലവും വിലക്കയറ്റവും കൈകാര്യം ചെയ്യാനുള്ള ലിസ് ട്രസിന്റെ പദ്ധതികളിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടാണ് ഗോവ് പരസ്യ പിന്തുണ റിഷി സുനകിന് നൽകിയിരിക്കുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടികുറയ്ക്കുന്നത് സമ്പന്നർക്ക് അനുകൂലമാണെന്നതാണ് ട്രസിനെ വിമർശിച്ചു കൊണ്ട് ഗോവ് അഭിപ്രായപ്പെട്ടത്. അതുപോലെതന്നെ കോർപ്പറേഷൻ നികുതിയിലെ മാറ്റങ്ങൾ ചെറുകിട സംരംഭകരേക്കാൾ കൂടുതൽ വൻകിട ബിസിനസുകാർക്കാണ് പ്രയോജനം ലഭിക്കുക എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്ക് : ഐഎസ് തലവൻ എൽഷഫീ എൽ ഷെയ്ഖ് (34) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ബന്ദിയാക്കൽ, യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും തീവ്രവാദ സംഘടനയെ പിന്തുണച്ചതിനുമെതിരെയാണ് നടപടി. കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ “പ്രാകൃതവും ക്രൂരവും കുറ്റകരവുമാണ്” എന്നാണ് വിശേഷിപ്പിച്ചത്.

യുഎസിൽ വിചാരണ നേരിട്ട ഏറ്റവും ഉയർന്ന ഐഎസ് പോരാളിയായിരുന്ന എൽഷെയ്ഖിന്റെ പ്രവർത്തനങ്ങൾ നാല് യുഎസ് ബന്ദികളുടെ മരണത്തിൽ കലാശിച്ചതായാണ് പറയപ്പെടുന്നത്. മാധ്യമപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്‌ലോഫ്, സഹപ്രവർത്തകരായ കെയ്‌ല മുള്ളർ, പീറ്റർ കാസിഗ് എന്നിവരെയെല്ലാം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയതും ഇയാളാണ്.

എൽഷെയ്ഖിനെ എട്ട് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കുറ്റം സമ്മതിക്കുകയും 2015-ൽ സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ എംവാസി കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം യുഎസിൽ വിചാരണ നേരിടുന്ന മൂന്ന് തീവ്രവാദികളിൽ ഒരാൾ മാത്രമാണ് എൽഷെയ്ഖ്. ഏപ്രിലിൽ, 12 പേരടങ്ങുന്ന ജൂറി, എൽഷെക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറിൽ താഴെ സമയം ചർച്ച ചെയ്തതിനു ശേഷമാണ് നടപടി എടുത്തത്. എന്നാൽ തനിക്ക് ന്യായമായ വിചാരണ ലഭിച്ചില്ലെന്നാണ് എൽഷൈഖ് അവകാശപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വാക്‌സിനേഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒഴിഞ്ഞ കോവിഡ് വാക്‌സിൻ കുപ്പികൾ മോഷ്ടിച്ച് വിറ്റു. സ്റ്റീവൻ ഫ്ലിന്റ്(34) എന്നയാളാണ് മൂന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ബോട്ടിലുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിറ്റത്. കഴിഞ്ഞ വർഷം കോവിഡ് കേസുകൾ ഉയർന്ന സമയത്താണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയതെന്ന് അധികൃതർ പറയുന്നു. സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിശദാംശങ്ങളും അധികൃതർ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തുടർന്ന് സറേയിലെ ടാഡ്‌വർത്തിലുള്ള വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മോഷണം നടത്തിയതിന്റെ തെളിവുകൾ കണ്ടെടുക്കുകയും ചെയ്തു. ശൂന്യമായ വാക്സിൻ കുപ്പികളും ഫ്ലിന്റിന്റെ ഇ-ബേ വാങ്ങുന്നവർക്ക് പോസ്റ്റ് ചെയ്ത പാക്കേജുകളുടെ ഒന്നിലധികം രസീതുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. തന്നെ പിന്തുടരാതിരിക്കാൻ ഒരു പുതിയ ഇ-ബേ അക്കൗണ്ട് തുടങ്ങാൻ സുഹൃത്തിന്റെ സഹായം തേടിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച സ്റ്റെയിൻസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയും 18 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയും 150 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

” വാക്സിൻ കുപ്പികൾ എൻഎച്ച്എസിന്റെ സ്വത്താണ്. കുപ്പികൾ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഈ ഉടമസ്ഥാവകാശം നിലനിൽക്കുന്നു. ഇതെടുക്കുന്നത് മോഷണം മാത്രമായിരിക്കും. വളരെ വിജയകരമായ ദേശീയ വാക്‌സിൻ പ്രോഗ്രാമിന്റെ ആരംഭത്തിലാണ് ഫ്ലിന്റിന്റെ കുറ്റകൃത്യങ്ങൾ നടക്കുന്നത്. വാക്‌സിൻ റോളൗട്ടിൽ പൊതുജനങ്ങളുടെ വിശ്വാസത്തെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്”- സറേ പോലീസിന്റെ അന്വേഷണ സംഘത്തിലുള്ള ഇൻസ്പെക്ടർ പോൾ ഗോർഡൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എ ലെവൽ പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയവുമായി ടിനു റെജി യുകെ മലയാളികളുടെ അഭിമാനമായി. ടിനുവിന് നാല് വിഷയങ്ങളിലും എ സ്റ്റാർ ലഭിച്ചു. ലണ്ടൻ ഹാരോയിലെ സെന്റ് ഡൊമിനിക്‌സ് സിക്‌സ്ത് ഫോം കോളേജിലാണ് ടിനു പഠിച്ചത്. ജിസിഎസ്ഇ യിൽഎല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടിയ ടിനുവിന്റെ വിജയഗാഥ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ജി സി എസ് സി ക്ക് സ്വദേശികളായ ഇംഗ്ലീഷ് വിദ്യാർഥികളേക്കാൾ മാർക്ക് കരസ്ഥമാക്കിയ ടിനു റെജിയുടെ വിജയം യുകെ മലയാളി വിദ്യാർഥികളിൽ വൻ പ്രചോദനമായിരുന്നു.
A-ലെവലിൽ മികച്ച വിജയം നേടിയ ടിനു, യുകെയിലെ നമ്പർ വൺ യൂണിവേഴ്‌സിറ്റിയായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ഉറപ്പാക്കി കഴിഞ്ഞു . ഇക്കണോമിക്‌സും മാനേജ്‌മെന്റ് കോഴ്‌സും പഠിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടിനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ടിനുവിന്റെ മാതാപിതാക്കളായ റെജി ജോർജും മിനിമോൾ റെജിയും ലണ്ടൻ നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സുമാരായി ജോലി ചെയ്യുകയാണ്. ടിനുവിന്റെ ഇളയ സഹോദരൻ റിവിൻ റെജി ഒൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൽ ടിനുവിന്റെ മാതാപിതാക്കളുടെ സ്വദേശം തിരുവല്ലയാണ്.
ഒഴിവുസമയങ്ങളിൽ പിയാനോയും ഗിറ്റാറും വായിക്കുകയും ചർച്ച് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ടിനു ലണ്ടനിലെ വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അംഗമാണ്.
മികച്ച വിജയം നേടിയ ടിനു റെജിക്ക് മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
30 വയസ്സിന് താഴെയുള്ളവർ തങ്ങളുടെ വരുമാനത്തിൽ കൂടുതലും വാടകയ്ക്ക് ചെലവഴിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ. ഈ പ്രായപരിധിയിലുള്ള 10-ൽ നാലുപേരും നിലവിൽ അവരുടെ ശമ്പളത്തിന്റെ 30 ശതമാനത്തിലധികവും വാടകയ്ക്കായാണ് ചെലവഴിക്കുന്നത്. ഇത് അഞ്ചുവർഷത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ്. ഇവരുടെ വരുമാനം വാടക ചെലവുകൾക്കായി താങ്ങാൻ കഴിയുന്നതിലും അധികമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ലണ്ടനിലാണ് ഏറ്റവും ഉയർന്ന വാടക ഉള്ളതെങ്കിലും റോതർഹാം, ബോൾട്ടൺ തുടങ്ങിയ പട്ടണങ്ങളിൽ പകർച്ചവ്യാധിക്ക് ശേഷം ചെറുപ്പക്കാർക്ക് താങ്ങാനാവുന്നതിൽ നിന്നും നിരക്ക് വളരെ ഉയർന്നിട്ടുണ്ട്.
പഠനത്തിൽ പങ്കെടുത്ത മിക്കവരും വാടകയിനത്തിലും ജീവിതചിലവുകളിലും ഇത്ര വലിയ കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 2022 ജൂണിൽ 30 വയസ്സ് തികയുന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത് . അതുപോലെ തന്നെ 10,000 പൗണ്ടിൽ താഴെ വരുമാനമുള്ളവരെയും പഠനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബ്രിട്ടനിൽ പഠനത്തിനായി എത്തിച്ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും കടുത്ത വാടക നൽകാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 150,000 യുവാക്കളുടെ ഇടയിലാണ് പഠനം നടത്തിയത്.