ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളിലേയ്ക്കുള്ള നിയമനങ്ങളിലെ യോഗ്യതയിൽ മാറ്റം വരുത്തി. പുതിയ മാറ്റങ്ങൾ കൂടുതൽ സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനാണെന്നാണ് റിപ്പോർട്ടുകൾ . നേരത്തെ ഉദ്യോഗാർത്ഥിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ബ്രിട്ടീഷ് വംശജരായിരിക്കണമെന്നുള്ള നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധനയിലാണ് കാതലായ മാറ്റം വന്നിരിക്കുന്നത് . ഇത് പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള ഏതൊരാൾക്കും അവരുടെ മാതാപിതാക്കൾ ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷകരുടെ മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കുന്നതു മൂലം സമർത്ഥരായ പല ഉദ്യോഗാർത്ഥികൾക്കും അവസരം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് രഹസ്യന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച് ഒരു വക്താവ് പറഞ്ഞു. ഇനി മുതൽ രഹസ്യന്വേഷണ ഏജൻസികളിലേയ്ക്ക് ജോലിക്ക് അപേക്ഷിക്കാൻ ഏതൊരാളും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത് , അവരുടെ മാതാപിതാക്കൾ എവിടെ നിന്നാണെങ്കിലും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യന്വേഷണ ഏജൻസികളിലേയ്ക്കുള്ള 11 ആഴ്ചത്തെ ഡൈവേഴ്സിറ്റി ഇന്റലിജൻസ് ഇന്റേൺഷിപ്പിങ്ങിൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി അടുത്തിടെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപന പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള യു കെ മലയാളികളുടെ മക്കൾക്കും ജോലിക്കായി അപേക്ഷിക്കാം.