ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇംഗ്ലണ്ടിലെ നിരവധി സ്കൂൾ കെട്ടിടങ്ങൾ തകർന്നു വീഴാറായ അവസ്ഥയിലാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ. ഇത് വിദ്യാർഥികളുടെ ജീവന് ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. സ്കൂൾ പുനർനിർമാണ പദ്ധതിയിൽ പ്രതിവർഷം അൻപത് സ്കൂളുകളാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത് മുന്നൂറായി ഉയർത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനായി 13 ബില്യൺ പൗണ്ട് ധനസഹായം ട്രഷറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആറാഴ്ചയ്ക്കിടെ രണ്ട് തവണ ഡൗണിംഗ് സ്ട്രീറ്റിന് ഇമെയിൽ അയച്ചു.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ചോർന്ന ഇമെയിലിലാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ. സ്കൂൾ കെട്ടിടങ്ങൾ ശോച്യാവസ്ഥയിൽ ആണെന്നും ഇത് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാണെന്നും അതിൽ പറയുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ 13 ബില്യൺ പൗണ്ടിനായി വിദ്യാഭ്യാസ വകുപ്പ് നിരന്തരം ട്രഷറിയെ സമീപിക്കുന്നുണ്ട്.

ഉയർന്ന നിലവാരമുള്ള, സുരക്ഷിതമായ സൗകര്യപ്രദമായ കെട്ടിടങ്ങളിൽ പഠിക്കാൻ എല്ലാ കുട്ടികളും അർഹരാണ്. എന്നാൽ നവീകരണത്തിനായുള്ള ധനസഹായം കുറവാണെന്ന് നാഷണൽ എജ്യുക്കേഷൻ യൂണിയന്റെ ജോയിന്റ് ജനറൽ സെക്രട്ടറി കെവിൻ കോർട്ട്‌നി കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിലെ പല സ്കൂളുകൾക്കും ‘അടിയന്തര അറ്റകുറ്റപ്പണികൾ’ ആവശ്യമാണെന്ന് ദി ഗാർഡിയന്റെ 2019-ലെ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജങ്ക് ഫുഡ് പരസ്യങ്ങൾക്കും ഓഫറുകൾക്കും നിരോധനം ഏർപ്പെടുത്താൻ മടിച്ച് ബ്രിട്ടീഷ് സർക്കാർ. മൾട്ടി-ബൈ ഡീലുകൾക്കും പ്രീ-വാട്ടർഷെഡ് ടിവി പരസ്യങ്ങൾക്കുമുള്ള നിരോധനമാണ് സർക്കാർ വൈകിപ്പിച്ചത്. കുടുംബങ്ങള്‍ ജീവിതച്ചെലവുമായി പൊരുതുന്നതിനാലാണ് നിരോധനം വൈകിപ്പിക്കുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കി. അതേസമയം, കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജങ്ക് ഫുഡ് പരസ്യങ്ങൾ നിരോധിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഷെഫ് ജാമി ഒലിവർ അഭിപ്രായപ്പെട്ടു. ‘ഒന്നെടുത്താൽ ഒന്ന് ഫ്രീ’ പോലുള്ള ഓഫറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒരു വർഷമായി അത് പ്രാബല്യത്തിൽ വന്നിട്ടില്ല.

അമിതമായ ജങ്ക് ഫുഡ് ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ ആരോഗ്യ സംവിധാനത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുൻ ആരോഗ്യമന്ത്രി ലോർഡ് ബെതാൽ പറഞ്ഞു. പ്രമോഷൻ വഴി വിൽക്കുമ്പോൾ ആളുകൾ 20% കൂടുതൽ ജങ്ക് ഫുഡ് വാങ്ങുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് റിസർച്ച് പഠനം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലെ ജങ്ക് ഫുഡ് പരസ്യങ്ങൾ 11 മുതൽ 19 വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നതായി മാർച്ചിൽ ക്യാൻസർ റിസർച്ച് യുകെ പുറത്തിറക്കിയ ഒരു പഠനത്തിൽ പറയുന്നു.

ഇംഗ്ലണ്ടിലെ മുതിർന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് 2019ലെ എൻഎച്ച്എസിന്റെ സർവേയിൽ കണ്ടെത്തി. ഇവരിൽ 28% പൊണ്ണത്തടിയുള്ളവരാണ്. നാല്,അഞ്ച് വയസ്സുള്ള കുട്ടികളിൽ 14% പൊണ്ണത്തടിയുള്ളവരാണെന്നും 13% അമിതഭാരമുള്ളവരാണെന്നും കഴിഞ്ഞ വർഷം ദേശീയ ചൈൽഡ് മെഷർമെന്റ് പ്രോഗ്രാം കണ്ടെത്തിയിരുന്നു.
എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്രമേഹം, വ്യക്ക രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ജങ്ക് ഫുഡ് ശീലമാക്കിയാൽ വരാം. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്ക് :- ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫല്ലോയിൽ ശനിയാഴ്ച ഉച്ചയ്ക്ക് സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ ഇയാളുടെ പേർ പോലീസ് അധികൃതർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് വളരെ തിരക്കേറിയ സൂപ്പർമാർക്കറ്റിലേക്കു അക്രമി പ്രവേശിച്ചതായും, ആക്രമണം നടത്തുന്നത് റെക്കോർഡ് ചെയ്യാനായി ലൈവ് സ്ട്രീം ക്യാമറ ഉപയോഗിച്ചതായും പൊലീസ് അധികൃതർ വ്യക്തമാക്കി. വംശീയ വിദ്വേഷം ആണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി മണിക്കൂറുകൾ യാത്രചെയ്താണ് ആക്രമി നഗരത്തിലെ കറുത്തവർഗക്കാർ കൂടുതലുള്ള ഈ സ്ഥലത്ത് എത്തിയത്. വെടിയേറ്റവരിൽ ഭൂരിഭാഗവും കറുത്തവർഗക്കാർ ആയിരുന്നു എന്ന് ബഫല്ലോ പോലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗലിയ വ്യക്തമാക്കി.

പരിക്കേറ്റ മൂന്ന് പേരും സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് സാരമായ പരുക്കുകളില്ല എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെക്കാൻ ശ്രമിച്ചുവെങ്കിലും, അദ്ദേഹം പിന്നീട് വെടിയേറ്റുമരിച്ചു. അക്രമിയുടെ പക്കൽ വളരെയധികം പവറുള്ള റൈഫിൾ ആണ് ഉണ്ടായിരുന്നതെന്നും, അതോടൊപ്പം തന്നെ ഇയാൾ രക്ഷാകവചവും, ഹെൽമറ്റും ധരിച്ചിരുന്നതായും പോലീസ് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനിടെ അദ്ദേഹം വംശീയ അധിക്ഷേപങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തിലുള്ള തന്റെ ദുഃഖം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ രണ്ടു പേർക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയതായി രോഗബാധിതരായവർക്ക് മെയ് 7 -ന് രോഗം ബാധിച്ചവരുമായി ബന്ധമുള്ളവരല്ല. പുതിയതായി രോഗം ബാധിച്ചവരിൽ ഒരാൾ ലണ്ടനിലെ സെന്റ് . മേരിസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുന്നയാണ് .

2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മല്ലോർക്ക: അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബ്രിട്ടീഷ് ദമ്പതികളുടെ ലൈംഗിക ദൃശ്യങ്ങൾ ഹോട്ടൽ ജീവനക്കാരൻ ചിത്രീകരിച്ചെന്ന് ആരോപണം. സ്പെയിനിലെ മല്ലോർക്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രാഡ്‌ഫോഡ് സ്വദേശികളായ അബിഗെയ്ൽ ഹിഗ്‌സണും ഉസാമ ഖാസിയും വെളിപ്പെടുത്തി. എച്ച്എസ്എം സാൻഡലോ ബീച്ച് ഹോട്ടലിലാണ് ദമ്പതികൾ മുറിയെടുത്തത്. തങ്ങളുടെ ലൈംഗിക ദൃശ്യങ്ങൾ ഹോട്ടൽ ജീവനക്കാരൻ മൊബൈലിൽ പകർത്തിയെന്ന് അബിഗെയ്ൽ പറഞ്ഞു. ഇത് കണ്ടെത്തിയ ഉടനെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ദമ്പതികളുടെ ആരോപണങ്ങൾ ഹോട്ടൽ അധികൃതർ നിഷേധിക്കുകയാണ് ഉണ്ടായത്.

ദമ്പതികൾ ബഹളം വയ്ക്കുകയാണെന്ന കാരണത്താൽ ഹോട്ടൽ അധികൃതർ പോലീസിനെ വിളിച്ചു. എന്നാൽ യഥാർത്ഥത്തിൽ തങ്ങളാണ് പോലീസിൽ പരാതിപ്പെടേണ്ടതെന്ന് ദമ്പതികൾ പറഞ്ഞു. പിന്നീട്, ദമ്പതികൾ മറ്റൊരു ഹോട്ടലിലേക്ക് മാറി. ദമ്പതികളുടെ ആരോപണം എച്ച്എസ്എം സാൻഡലോ ബീച്ച് ഹോട്ടൽ അധികൃതർ തള്ളി. ദമ്പതികളുടെ അവകാശവാദങ്ങൾ വാസ്തവമല്ലെന്നും അവർ മദ്യപിച്ചിരുന്നെന്നുമാണ് അധികൃതരുടെ വാദം.

ആമസോൺ ഡെലിവറി ജീവനക്കാരനായ അബിഗെയ്ലും ഭാര്യയും 11 ദിവസത്തെ അവധി ആഘോഷിക്കാനാണ് സ്പെയിനിൽ എത്തിയത്. 558 പൗണ്ട് ചിലവഴിച്ചാണ് ഹോട്ടലിൽ മുറിയെടുത്തത്. ബ്രിട്ടനിൽ നിന്ന് അവധി ആഘോഷിക്കാൻ എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ അടുത്തയിടെ മല്ലോർക്ക ഏർപ്പെടുത്തിയിരുന്നു. സാമൂഹിക വിരുദ്ധ പെരുമാറ്റം തടയുകയാണ് പ്രധാന ലക്ഷ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : തളരാത്ത മനോവീര്യത്തിന്റെ അടയാളമാണ് ഡെബോറ ജെയിംസ്. മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിക്കുകയാണ്. അഞ്ചു വർഷമായി ബോവൽ കാൻസറിനോട് പടപൊരുതുന്ന ബിബിസി പോഡ്കാസ്റ്റ് അവതാരക ഡെബോറ സ്വരൂപിക്കുന്ന ബോവല്‍ ബേബ് ഫണ്ടില്‍ ഇതുവരെ എത്തിയത് അഞ്ചു മില്യൺ പൗണ്ട്. കാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും കാൻസർ ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിക്കുന്നത്. പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു. ഇന്നലെ ഒരു വിശിഷ്ടാതിഥി കൂടി ഡെബോറയെ തേടിയെത്തി. ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ നേരിട്ടത്തിയത് വില്യം രാജകുമാരനാണ്.

“വില്യം രാജകുമാരൻ ഇന്ന് ഞങ്ങളുടെ കുടുംബ വീട്ടിൽ വന്നിരുന്നു!! ഉച്ചയ്ക്ക് ശേഷം ചായയും ഷാംപെയ്നും കഴിക്കാൻ അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു. ഡേംഹുഡ് നൽകി എന്നെ ആദരിക്കുകയും ചെയ്തു.” ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡെബോറ ഇങ്ങനെ എഴുതി. ഇനിയും വിശ്വസിക്കാനാകാത്ത ഒരു സന്ദര്‍ശനം ആണിതെന്ന് ഡെബോറ പറയുന്നു. വില്യമും കാതറീനും ഡെബോറയുടെ ഫണ്ടിലേക്ക് സംഭാവന നൽകി.

ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമാണ് ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്. 2016-ല്‍ ബോവല്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി വിടുന്നതിനു മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിച്ചു. അവർ ഡെബോറയ്ക്ക് ഒപ്പം നിൽക്കുന്നു. പൊരുതാൻ ഉറച്ചു തന്നെ..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സറിയിൽ ഉണ്ടായ ചികിത്സാപിഴവ് മൂലം 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിലെ ഒരു നേഴ്‌സറിയിൽ ആണ് സംഭവം നടന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. സംഭവത്തിൽ 35-ഉം 34-ഉം പ്രായമുള്ള സ്ത്രീകളെയാണ് ഗുരുതരമായ അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്ക് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മരണം വളരെ വിഷമാജനകമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിന് തങ്ങൾ എല്ലാവിധ സഹായവും കൈത്താങ്ങും നൽകുമെന്നും ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അർഹമായ നീതി ലഭിക്കുവാൻ തങ്ങൾ കഴിയുന്നത്ര പ്രയത്നിക്കും എന്നും വസ്തുതകൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെതുടർന്ന് താൽക്കാലികമായി നേഴ്സറി അടച്ചിട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നേഴ്‌സുമാരുടേത്. അതിജീവനത്തിന്റെ പാതയിലെ മുന്നണി പോരാളികളായിരുന്നു അവർ. അവർക്ക് ആദരം അർപ്പിച്ചാണ് ഈ വർഷത്തെ നേഴ്സസ് ദിനം കടന്നുപോയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സിലെ തീയറ്റര്‍ നേഴ്‌സായ മഞ്ജു മാത്യുവിന് ഈ നേഴ്സസ് ദിനം ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഇത്തവണത്തെ ഡെയ്സി അവാർഡ് മഞ്ജുവിനെ തേടിയെത്തിരിക്കുകയാണ്. അവാർഡിന്റെ സന്തോഷം പങ്കിടാൻ ഭർത്താവും ഒപ്പമുണ്ടായിരുന്നത് ഇരട്ടിമധുരം പകരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ മഞ്ജു നേഴ്സ് ആയി ജോലി ആരംഭിച്ചിട്ട് 23 വർഷങ്ങൾ കഴിഞ്ഞു. സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെയാണ് ഇരുപത് വർഷവും ജോലി ചെയ്തത്.

ഡെയ്സി അവാര്‍ഡ് ഫോര്‍ എക്‌സ്ട്രാ ഓര്‍ഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് അവാർഡ് ലഭിച്ചത്. രോഗികളോടും പ്രിയപ്പെട്ടവരോടും ഏറ്റവും സ്നേഹത്തോടെ പെരുമാറുന്ന നേഴ്സിനെ തേടിയെത്തുന്ന പുരസ്‌കാരം ആണിത്. സേവന മികവിന് രോഗികളുടെ നിര്‍ദേശം വഴിയാണ് ഈ അവാർഡ് ലഭിക്കുക. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കി എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്‌സി അവാര്‍ഡ് തേടിയെത്തുന്നത്. ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക് സ്ട്രാ ഓർഡിനറി നേഴ്സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാൻ വേണ്ടി ജെ. പാട്രിക്ക് ബാൺസിന്റെ കുടുംബം അദ്ദേഹത്തിന്റ ഓർമ്മയ്ക്കു വേണ്ടി 1999 നവംബറിൽ സ്ഥാപിച്ചതാണ് ഡെയ്സി ഫൗണ്ടേഷൻ. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നേഴ്സുമാർക്ക് കൂടി ഡെയ്സി അവാർഡ് നൽകുന്നു.

മഞ്ജുവിന്റെ ഭര്‍ത്താവ് അനീഷ് മാത്യു സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെ അനസ്തെറ്റിക് പ്രാക്ടീഷണര്‍ നേഴ്‌സാണ്. സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് അനീഷ്. വിദ്യാര്‍ത്ഥികളായ ആല്‍ഫിയും അമ്മുവുമാണ് ഇവരുടെ മക്കള്‍.
സ്‌പോട്‌സ് ഡെസ്‌ക് മലയാളം യുകെ.
ലീഡ്‌സ്. മലയാളി ക്രിക്കറ്റ് താരം അനീഷ് ബാബു യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ ഇരുപത് പേരടങ്ങുന്ന ലിസ്റ്റില്‍ പതിനൊന്നാമതായി ഇടം നേടി. യോർക്ഷയറിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി യോർക്ഷയർ ഹോനേർഡ്സ് ബോർഡിൽ ഇടംപിടിക്കുന്നത്. യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ആയിരത്തോളം കൗണ്ടി ക്ലബ്ബുകളില്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത്. സ്‌കിപ്പടണ്‍ ചര്‍ച്ച് ഇന്റ്റിറ്റിയൂട്ട് ക്രിക്കറ്റിന് ക്ലബ്ബിന് വേണ്ടി കളിച്ച മത്സരത്തില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റെടുത്ത മിന്നും പ്രകടനമാണ് ഈ നേട്ടം കൈവരിക്കാന്‍ അനീഷിനെ സഹായിച്ചത്.
സ്‌കൂള്‍കാലഘട്ടമുതല്‍ ക്രിക്കറ്റ്കളിച്ചുതുടങ്ങിയ അനീഷ് ഹരിയാനയിലെ ഫരീദബാദില്‍ നടന്ന മാനവരചന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നടത്തിയ ടൂര്‍ണ്ണമെന്റ്മുതലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിനുശേഷം പലക്ലബുകളുടെയും ഭാഗമായി കളിച്ചിരുന്നു. ഇംഗ്ലണ്ടില്‍ വെസ്റ്റ് യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്ററിന്‌വേണ്ടിയാണ് അനീഷ് ആദ്യമായി കളിച്ചത്. ആദ്യ ഓള്‍ റൗണ്ടര്‍ പ്രകടനത്തില്‍ തന്നെ അനീഷ് സെഞ്ച്വറി നേടിയിരുന്നു. ഇപ്പോള്‍ സ്‌കിപ്ടണ്‍ ചര്‍ച്ച് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. ബോര്‍ഡില്‍ ഇടം തേടിയതിന് പിന്നാലെ യുകെ പലനല്ല ക്രൗണ്ടി ക്രിക്കറ്റ് ക്ലബുകളും നല്ല വാഗ്ദാനങ്ങള്‍ നല്കിതുടങ്ങി.
2021 ല്‍ യുകെയിലെത്തിയ അനീഷ് കുടുംബസമേതം യോര്‍ക്ഷയറിലെ കീത്തിലിയിലാണ് താമസം. കേരളത്തില്‍ കൊല്ലം പത്തനാപുരമാണ് ജന്മദേശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മരണത്തിനു കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം . ക്ഷീണം തോന്നുന്നു എന്ന് ഭാര്യയോട് പറഞ്ഞ് കിടക്കാൻ പോയ ജെയ്മോനെ മരണം തട്ടിയെടുത്തതിന്റെ തേങ്ങലിലാണ് ഭാര്യയും രണ്ടു കുട്ടികളും .
മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായ ജെയ്മോൻെറ നിര്യാണം അറിഞ്ഞ് ഓടിയെത്തുകയാണ് സുഹൃത്തുക്കൾ. കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ സ്വദേശിയായ ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മരണത്തിൻെറ കാരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . യുകെയിലെ നോർത്താംപ്ടണിൽ താമസിക്കുന്ന ജെയ്മോൻ സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.