Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകൾ മരവിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ലിസ് ട്രസ് ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രധാനമന്ത്രിയായതിന് ആദ്യ നടപടിയാണിത്. എന്നാൽ എണ്ണ, വാതക കമ്പനികൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിൽ ലിസ് ട്രസ് വിസമ്മതിച്ചു. ഇതോടെ ഏകദേശം 170 ബില്യൺ പൗണ്ട് അധിക ലാഭം ഇവർക്ക് ലഭിക്കും.

കൂടുതൽ പണം കടം വാങ്ങുന്നതിലൂടെ ദേശീയ കടം 100 ബില്യൺ പൗണ്ടിനടുത്തെത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പാദകർക്ക് 170 ബില്യൺ പൗണ്ട് അധിക ലാഭം നേടാനാകുമെന്ന് ട്രഷറി പ്രവചിച്ചതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ആഴ്ച ലിസ് ട്രസ് പ്രഖ്യാപിക്കുന്ന പ്രധാന പദ്ധതികൾക്ക് കീഴിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലിൽ പ്രതിവർഷം 2,500 പൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട്. “നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ ജീവിതച്ചെലവുമായി പൊരുതുകയാണെന്നും ഊർജ്ജ ബില്ലുമായി മല്ലിടുകയാണെന്നും ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, പ്രധാനമന്ത്രി എന്ന നിലയിൽ, ജനങ്ങളുടെ എനർജി ബില്ലിൽ ഞാൻ അടിയന്തിര നടപടി സ്വീകരിക്കുന്നത്.” ട്രസ് വ്യക്തമാക്കി.

നിലവിലെ പരിധി £1,971 ആണെങ്കിലും ശൈത്യകാലത്ത് ലിസ് ട്രസ് £400 കിഴിവ് നിലനിർത്തുകയും ബില്ലുകളിൽ £153 ഗ്രീൻ ലെവികൾ ഒഴിവാക്കുകയും ചെയ്യുമെന്നുമാണ് സഖ്യകക്ഷികൾ കരുതുന്നത്. മുൻ കാലങ്ങളിൽ വിവാദമായ പല പദ്ധതികളും പുതിയ പ്രധാനമന്ത്രി പിൻവലിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 1985 ന് ശേഷം യുഎസ് ഡോളറിനെതിരെ പൗണ്ട് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റെർലിംഗ് 0.64% ഇടിഞ്ഞ് 1.145 ഡോളറിലെത്തി. 37 വർഷത്തിനിടെ കണ്ടിട്ടില്ലാത്ത നിലയാണിത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. യുക്രെയ്നിൽ യുദ്ധം തുടരുന്നതിനാലാണിതെന്നും ഇത് തടയാൻ കാര്യമായൊന്നും ചെയ്യാനാകില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ലെ അവസാന മൂന്ന് മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നും 2023 അവസാനം വരെ നീളുമെന്നുമാണ് വിഷയത്തിൽ വിദ​ഗ്ദരുടെ പ്രതികരണം.

അതേസമയം, റഷ്യയുടെ പ്രവർത്തനങ്ങളും ഊർജ വിലയിലുണ്ടായ ആഘാതവുമാണ് ഇതിന് കാരണമെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഊർജ ബില്ലുകളുടെ കുത്തനെയുള്ള വർദ്ധനവ് പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു സാധാരണ എനർജി ബിൽ ഏകദേശം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ കഴിയുമെന്നും ഇത് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, ഒരു സാധാരണ കുടുംബത്തിന്റെ ഗ്യാസ്, വൈദ്യുതി ബിൽ ഒക്ടോബറിൽ 1,971 പൗണ്ടിൽ നിന്ന് 3,549 പൗണ്ടായി ഉയരുവാൻ സാധ്യതയുണ്ട്.

ലോക്ക്ഡൗൺ പിൻവലിച്ച് സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഊർജ വില കുത്തനെ ഉയർന്നതും റഷ്യ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുത്തനെ വെട്ടിക്കുറച്ചതും പ്രതിസന്ധി കൂടുതൽ മോശമാക്കി. കുതിച്ചുയരുന്ന വില നിയന്ത്രണത്തിലാക്കാൻ 27 വർഷത്തിനിടയിലാദ്യമായി പലിശ നിരക്ക് ഉയർത്തിയപ്പോൾ തന്നെ യുകെയിൽ മാന്ദ്യം പ്രവചിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷത്തെ യുകെ ജെയിംസ് ഡൈസൺ അവാർഡ് പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തുന്ന ഉപകരണത്തിന്. ബ്രസ്റ്റിലെ സംശയാസ്പദമായ മുഴകളും ബ്രസ്റ്റ് ടിഷ്യൂവിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടെത്താനും ഈ ഉപകരണത്തിന് കഴിയും. സ്തനാർബുദം ഒരു ആഗോള പ്രശ്നമായ ഈ സാഹചര്യത്തിൽ ഈ കണ്ടെത്തൽ നിരവധിപേർക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞവർഷം യുകെയിൽ ഏകദേശം 11,500 സ്തനാർബുദ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ യുകെയിൽ ക്യാൻസർ മൂലം മരിക്കുന്നവരിൽ ഏറ്റവും രണ്ടാമത്തെ ഏറ്റവും ഉയർന്ന കാരണവും സ്തനാർബുദം തന്നെ. ഇത്രയും ഉയർന്ന കണക്കുകൾ ഉണ്ടെങ്കിലും പല സ്ത്രീകളും പ്രതിമാസ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെടുന്നു.

18 മുതൽ 35 വരെയുള്ള പ്രായപരിധിയിലുള്ള പകുതിയിലധികം സ്ത്രീകളും തങ്ങൾ സ്ഥിരമായി പരിശോധനകൾ നടത്തുന്നില്ലെന്ന് വ്യക്തമാക്കി. സ്തനാർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ അതിജീവന നിരക്ക് വളരെ ഉയർന്നതാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും റോയൽ കോളേജ് ഓഫ് ആർട്ടിലെയും ഇന്നൊവേഷൻ ഡിസൈൻ എഞ്ചിനീയറിംഗ് ബിരുദധാരികളായ ഡെബ്ര ബബലോലയും ഷെഫാലി ബൊഹ്‌റയും ആണ് അവരുടെ ഗവേഷണത്തിലൂടെ സ്ത്രീകൾക്ക് സ്വയം പരിശോധന നടത്താൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണം തയ്യാറാക്കിയത്. ഈ ഉപകരണം ഉപയോഗിച്ച് വീട്ടിൽ തന്നെ സ്തനാരോഗ്യം നിരീക്ഷിക്കാം. പ്രതിമാസം ഗൈഡഡ് സെൽഫ് ചെക്കുകളും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രോഗികളുടെ സുരക്ഷ, അപര്യാപ്തമായ പരിശോധനകൾ, ഭീഷണിപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിന് പിരിച്ചു വിട്ട  മലയാളി ഡോക്ടർക്ക് ട്രിബ്യൂണലിൽ അനുകൂല വിധി . ഓർത്തോപീഡിക് സർജനായ ശ്യാംകുമാറിനെ കെയർ ക്വാളിറ്റി കമ്മീഷൻ പാർട്ട് ടൈം സ്പെഷ്യൽ അഡ്വൈസർ സ്ഥാനത്ത് നിന്ന് അന്യായമായാണ് പുറത്താക്കിയതെന്ന് മാഞ്ചസ്റ്റർ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ കണ്ടെത്തി. അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും തന്നെ ശരിയല്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും വിധിയിൽ പറഞ്ഞു. മോറെകാംബെ ബേ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുമാറിനെ ട്രസ്റ്റിലെ ക്ലിനിക്കൽ അശ്രദ്ധ, വെയിറ്റിംഗ് ലിസ്റ്റുകളിൽ കൃത്രിമം കാണിക്കൽ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് പിരിച്ചുവിടുകയായിരുന്നു.

കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനകളെകുറിച്ച് ഡോ. ശ്യാം കുമാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ പരിശോധനകൾ നടത്താൻ റെഗുലേറ്റർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തൻറെ ആശങ്കകൾ താൻ അറിയിച്ചപ്പോൾ അവ അവഗണിക്കുകപ്പെടുകയായിരുന്നെന്നും ട്രിബ്യൂണലിനോട് പറഞ്ഞു. സഹപ്രവർത്തകരെ തൻറെ സ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്ന കുറ്റം ആരോപിച്ചാണ് 2019-ൽ കെയർ ക്വാളിറ്റി കമ്മീഷനിൽ നിന്ന് കുമാറിനെ പുറത്താക്കിയത്. ട്രസ്റ്റ് പിന്നീട് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് ട്രിബ്യൂണൽ കണ്ടെത്തി. കുമാർ നേരിട്ട മാനസിക സമ്മർദ്ദങ്ങളെ ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന് 23000 പൗണ്ട് നൽകണമെന്ന് വിധിച്ചു.

കേരളത്തിലെ തൃശ്ശൂർ മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് ബിരുദം എടുത്ത ഡോക്ടർ ശ്യാംകുമാർ സർവ്വകലാശാല യൂണിവേഴ്സിറ്റി തലത്തിലെ ബാസ്ക്കറ്റ്ബോൾ ടീം മെമ്പർ ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിനെ എലിസബത്ത് രാജ്ഞി നിയമിച്ചു. സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെത്തി രാജ്ഞിയുമായി ട്രസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗിക നിയമനം. ബോറിസ് ജോൺസൻ നേരത്തേ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറിയിരുന്നു. ലണ്ടനിൽ തിരിച്ചെത്തിയ ട്രസ്, നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽനിന്ന് ഉദ്ഘാടന പ്രസംഗവും നടത്തി.

ഇന്ത്യൻ വംശജയായ സ്യുവെല്ല ബ്രേവർമാനാണ് ആഭ്യന്തരമന്ത്രി. പ്രാഥമികഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്ന ആളാണ് സ്യുവെല്ല. ഡപ്യൂട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട തെരേസ കോഫിക്ക് ആരോഗ്യ വകുപ്പ് കൂടിയുണ്ട്. ജയിംസ് ക്ലവർലി– വിദേശകാര്യം, ക്വാസി ക്വാർടെങ്– ധനകാര്യം, ബെൻ വാലസ്–പ്രതിരോധം, ബ്രൻഡൻ ലെവിസ് – നിയമകാര്യം, ജേക്കബ് റീസ്-മോഗ് – ബിസിനസ്, കെമി ബഡെനോക്ക് – ഇന്റർനാഷണൽ ട്രേഡ് എന്നിങ്ങനെ പട്ടിക നീളുന്നു. വെൻഡി മോർട്ടനാണ് ചീഫ് വിപ്പ്. ഇതാദ്യമായാണ് പ്രധാനമന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ചാൻസലർ എന്നീ സ്ഥാനങ്ങളിൽ ഒരു വെള്ളക്കാരൻ ഇല്ലാതിരിക്കുന്നത്.


ബ്രിട്ടന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയായി നിയമിതയായ ട്രസ്, എലിസബത്ത് രാജ്ഞിയുടെ കീഴിൽ അധികാരമേൽക്കുന്ന 15–ാമതു പ്രധാനമന്ത്രിയാണ്. ബക്കിംഗ്ഹാം കൊട്ടാരത്തി‌ലേക്കു പാർട്ടിനേതാവിനെ ക്ഷണിച്ച് അധികാരമേൽപിക്കുന്നതാണു ബ്രിട്ടനിലെ ഭരണഘടനാ നടപടിക്രമം. എന്നാൽ, രാജ്ഞി സ്കോട്ട്ലൻഡിൽ ആയതിനാൽ ബോറിസ് ജോൺസനെയും ലിസ് ട്രസിനെയും അവിടേക്കു ക്ഷണിക്കുകയായിരുന്നു. ഇതും അപൂർവ്വ കാഴ്ചയായി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രണ്ട് സ്ത്രീകൾ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളുള്ള ജുറാസിക്ക് വേൾഡ് എന്ന പരിപാടിയ്‌ക്കെതിരെ നടപടിയുമായി ഗൾഫ് രാജ്യങ്ങൾ രംഗത്ത്. ചിത്രത്തിലെ ഇത്തരത്തിലുള്ള ഭാഗങ്ങൾ പൂർണമായി നീക്കം ചെയ്യണമെന്ന് നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടതയാണ് റിപ്പോർട്ടുകൾ. ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും ഇത്തരം രംഗങ്ങൾ വിരുദ്ധമാണെന്നാണ് വിഷയത്തിൽ അധികൃതർ നൽകുന്ന വിശദീകരണം.

”കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെ ഭീഷണിപ്പെടുത്തുന്ന, അധാർമിക സന്ദേശങ്ങൾക്കുള്ള സിനിമാറ്റിക് കവർ” എന്ന് നെറ്റ്ഫ്ലിക്‌സിനെ കുറ്റപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ചിത്രം സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, കുട്ടികളുടെ മുന്നോട്ടുള്ള സ്വൈര്യജീവിതത്തിനു ഇത് തടസമാണെന്നും പറയുന്നു.

വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയുടെയും ജിസിസി കമ്മറ്റി ഓഫ് ഇലക്‌ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നു. വിവാദ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും, കൂടുതൽ കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റഷ്യൻ പൗരന്മാർക്ക് വിസ ലഭിക്കുന്നത് കൂടുതൽ ചെലവേറിയതും ബുദ്ധിമുട്ടേറിയതും ആക്കാനുള്ള നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന റഷ്യക്കാർ ദൈർഘ്യമേറിയ അപേക്ഷാ പ്രക്രിയ നേരിടേണ്ടിവരും കൂടാതെ മറ്റു രാജ്യക്കാർ 35 യൂറോ ഫീസായി നൽകുമ്പോൾ ഇവരിൽ നിന്ന് വാങ്ങുക 80 യൂറോ ആയിരിക്കും. ഉക്രെയ്‌നെതിരെ റഷ്യ ആക്രമണം നടത്തുന്നിടത്തോളം കാലം ഇത് തുടരുമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പറഞ്ഞു. ഫെബ്രുവരിയിൽ ഉക്രൈൻ അധിനിവേശത്തിനുശേഷം ഒരു ദശലക്ഷത്തിലധികം റഷ്യക്കാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. റഷ്യയുമായുള്ള സാധാരണ കരാർ ഇനി തുടരാനാവില്ല എന്നും വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്പിലേക്കുള്ള പ്രധാന ഗ്യാസ് പൈപ്പ് ലൈൻ റഷ്യ വീണ്ടും അടച്ചിരുന്നു. റഷ്യയുമായുള്ള നിലവിലുള്ള വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ആഴ്ച നടത്തിയ യോഗത്തിൽ തീരുമാനിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച പുതിയ തീരുമാനം പുറത്തുവിട്ടത്.

പൂർണ നിരോധനത്തെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ സ്വീകരിച്ചപ്പോൾ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഈ തീരുമാനത്തെ എതിർത്തു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിർത്തി നിയമങ്ങൾ കർശനമാക്കാൻ തുടങ്ങി. യൂറോപ്യൻ യൂണിയൻറെ ഈ പുതിയ തീരുമാനം റഷ്യൻ യാത്രക്കാരുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 35 യൂറോയ്ക്ക് പകരം 80 യൂറോയുടെ ഉയർന്ന ഫീസ്, ദൈർഘ്യമേറിയ അപേക്ഷ പ്രക്രിയ, മൾട്ടി എൻട്രി വിസകളിൽ നിയന്ത്രണം, ഡോക്യുമെന്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് തുടങ്ങിയവ ആയിരിക്കും പുതിയ തീരുമാനത്തിന് കീഴിൽ റഷ്യൻ പൗരന്മാർ അഭിമുഖീകരിക്കേണ്ടി വരിക. അധിനിവേശ യുക്രെനിൽ നിന്ന് ഉള്ള റഷ്യൻ പാസ്പോർട്ടുകളും യൂറോപ്യൻ യൂണിയൻറെ കീഴിലുള്ള രാജ്യങ്ങൾ അംഗീകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ അറിയിച്ചു. റഷ്യൻ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് ഉള്ള പ്രവേശനം എളുപ്പമാകരുതെന്നും യൂറോപ്യൻ യൂണിയൻ ആഭ്യന്തരകാര്യ കമ്മീഷണർ യിൽവ ജോഹാൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോറിസ് ജോൺസൻെറ രാജിക്ക് ശേഷം ബ്രിട്ടന്റെ 56-മത്തെ പ്രധാനമന്ത്രിയായി ലിസ് ട്രസ്. പുതിയൊരു സർക്കാർ രൂപീകരിക്കാൻ രാജ്ഞി ട്രസിനോട് ആവശ്യപ്പെട്ടു.സ്കോട്ട്ലൻഡിലെ രാജ്ഞിയുടെ വസതിയായ ബാൽമോറൽ കൊട്ടാരത്തിലാണ് അധികാര കൈമാറ്റം പൂർത്തിയാക്കിയത്. രാജ്ഞി ഇന്ന് റൈറ്റ് ഹോണറബിൾ എലിസബത്ത് ട്രസിനെ സ്വീകരിക്കുകയും പുതിയ ഒരു സർക്കാരിനെ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായുള്ള വിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടു. രാജ്ഞിയോടൊത്തുള്ള 40 മിനിറ്റ് അഭിമുഖത്തിന് ശേഷം ജോൺസണും ഭാര്യ ക്യാരിയും ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് യാത്രയായതിന് പിന്നാലെയാണ് അധികാര കൈമാറ്റം നടന്നത്.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനും കുതിച്ചുയരുന്ന ഊർജ്ജബില്ലുകൾ തടയുന്നതിനുമായുള്ള പദ്ധതികൾ ഉടനെ നടപ്പാക്കേണ്ടതിനാൽ ട്രസിന് ഉടനെതന്നെ ലണ്ടനിലേക്ക് മടങ്ങേണ്ടതുണ്ട്. അതിനാൽ തന്നെ വിജയമാഘോഷിക്കാനുള്ള സമയം ട്രസിന് വളരെ കുറവാണ്. പ്രതിവർഷം ഗാർഹിക ഊർജ്ജബല്ലുകൾ 2500 പൗണ്ടായി കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ആളുകൾ അടയ് ക്കേണ്ടതായി കണക്കാക്കിയിരിക്കുന്ന തുകയേക്കാൾ ഇത് ആയിരം പൗണ്ട് കുറവാണ്.

രാജ്ഞിയെ സന്ദർശിക്കാൻ വേണ്ടി ട്രസ് തൻെറ ഭർത്താവിനോടൊപ്പം പ്രത്യേക വിമാനത്തിൽ ബാൽമോറൽ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചിരുന്നു. ഇവരുടെ വിമാനം പ്രതികൂല കാലാവസ്ഥ മൂലം ഏകദേശം 20 മിനിറ്റോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടതിനുശേഷം ആണ് ലാൻഡ് ചെയ്തത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തൻെറ അവസാന പ്രസംഗം ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ വച്ച് രാവിലെ ബോറിസ് ജോൺസൺ നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഋഷി സുനകിനെതിരെ പരസ്യ പ്രചാരണവുമായി സി വി ലൈബ്രറി രംഗത്ത്. ഇന്നലെ ഉച്ചകഴിഞ്ഞ് തലസ്ഥാനത്തെ തെരുവുകളിൽ ഓൺലൈൻ ജോബ് സ് ബോർഡ് സിവി ലൈബ്രറിയുടെ മൊബൈൽ ബിൽബോർഡുകളിൽ മുൻ ചാൻസലറുടെ ചിത്രം തെളിഞ്ഞു. 56% വോട്ട് നേടി ലിസ് ട്രസ് വിജയിച്ചതിന് പിന്നാലെയാണിത്. ഇന്ത്യൻ വംശജനായ ഋഷി പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

ഇതിനിടയിൽ സിവി ലൈബ്രറി ഋഷിയുടെ പരാജയത്തിൽ പരിഹാസ രൂപേണ പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ്. പരാജയപ്പെട്ട ഋഷിക്ക് പുതിയ ജോലി കണ്ടെത്തണമെന്നും അതിനായി ഞങ്ങൾ സഹായിക്കാമെന്നുമാണ് പരസ്യത്തിൽ പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ലെന്നും, മുൻ വർഷങ്ങളിലും ഇതുപോലെ നൽകിട്ടുണ്ടെന്നും ലിസ് ട്രസിന് നാളെ ആവശ്യംവരുന്ന ഘട്ടത്തിൽ ഞങ്ങൾ രംഗത്തുണ്ടാകുമെന്നും ലൈബ്രറി സി ഇ ഒ ലീ ബിഗിൻസ് വ്യക്തമാക്കി.

പ്രചാരണത്തിൽ ടെലിവിഷനും സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചർച്ചകളും ലിസ് ട്രസിന് അനുകൂലഘടകങ്ങളായെന്നാണ് വിദഗ്ദർ പറയുന്നത്. ടോറി പാർട്ടിയുടെ വമ്പൻമാരെ സിവി ലൈബ്രറി ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. ജൂലൈയിൽ രാജി വെച്ച പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് ‘ഇന്ന് രാജിവച്ചോ? നിങ്ങൾക്ക് അനുയോജ്യമായ ഒരു പുതിയ ജോലി കണ്ടെത്തുക’. എന്ന പരസ്യവും പുറത്തിറക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുൻപായി പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെച്ചു. ലിസ് ട്രസ് മന്ത്രിസഭ ചുമതലയിൽ എത്തുമ്പോൾ പ്രീതിയെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി. ഔദ്യോഗികമായി ബോറിസ് ജോൺസന് രാജികത്ത് കൈമാറി.

നിയുക്ത പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോൾ റുവാണ്ടയിലേക്ക് നാടുകടത്തുന്നതുൾപ്പെടെ, അനധികൃത കുടിയേറ്റം നേരിടാൻ താൻ പിന്തുടരുന്ന നയങ്ങളെ പിന്തുണയ്‌ക്കുന്നത് പ്രധാനമാണെന്ന് ട്രസ് പറഞ്ഞതായും കത്തിൽ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് വർഷം ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മൂഹൂർത്തമാണെന്ന് പ്രീതി ട്വീറ്റ് ചെയ്തു.

പുതിയ മന്ത്രിസഭയിൽ അറ്റോർണി ജനറൽ സുല്ല ബ്രാവർമാനെ ഹോം സെക്രട്ടറിയായി നിയമിക്കാൻ ലിസ് ട്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രീതി പട്ടേലിന്റെ രാജി.

RECENT POSTS
Copyright © . All rights reserved