Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യ ദിനം തന്നെ ബലാത്സംഗത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരുപതുകാരി. ലിവർപൂൾ വിദ്യാർത്ഥിനിയായ എയ്‌മി ലിൻസ്‌കിയാണ് രണ്ട് വർഷം മുമ്പ് നടന്ന അതിക്രമം തുറന്ന് പറഞ്ഞത്. ഇതിലൂടെ, യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമം വ്യാപകമാണെന്നും എയ്‌മി വ്യക്തമാക്കി. ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ എത്തിയ ആദ്യ ദിവസം തനിക്കും ഫ്ലാറ്റിൽ ഒപ്പമുള്ളവർക്കുമായി നടന്ന വെൽക്കം പാർട്ടിയിൽ വച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സ്റ്റുഡന്റ് ഹാളിലെ ആദ്യത്തെ രാത്രിയിൽ തനിക്കുണ്ടായ ദുരനുഭവം ധൈര്യപൂർവ്വം തുറന്ന് പറയുകയായിരുന്നു എയ്‌മി.

“എന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അദ്ദേഹം ഒന്നും മിണ്ടാതെ പോയി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലാരുന്നു. അതിനാൽ മറ്റുള്ളവരോട് തുറന്ന് പറയാൻ കഴിഞ്ഞില്ല.” രണ്ടാം വർഷ ഹിസ്റ്ററി ആൻഡ് ക്രിമിനോളജി വിദ്യാർത്ഥിനിയായ എയ്‌മി പറഞ്ഞു. 2021 മാർച്ചിൽ സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം നിരവധി പെൺകുട്ടികളാണ് തങ്ങൾക്ക് നേരിട്ട പീഡനം തുറന്ന് പറഞ്ഞത്. ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടക്കുന്നത്. തെരുവിൽ നടക്കുമ്പോഴോ ക്ലബ്ബുകളിൽ നൃത്തം ചെയ്യുമ്പോഴോ പുരുഷന്മാരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടികൾ തുറന്നറിയിച്ചു. ദി സ്റ്റുഡന്റ് റൂമുമായി സഹകരിച്ച് റിവോൾട്ട് സെക്ഷ്വൽ അസാൾട്ട് നടത്തിയ സർവേ പ്രകാരം യുകെ സർവകലാശാലകളിൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികളും ലൈംഗികാതിക്രമം നേരിടുന്നവരാണ്.

തങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന കാര്യം പീഡനത്തിനിരയായവർ തിരിച്ചറിയണമെന്നും എയ്മി കൂട്ടിച്ചേർത്തു. റിവോൾട്ട് സെക്ഷ്വൽ അസാൾട്ടിന്റെ പഠനം പ്രകാരം 10% ആളുകൾ മാത്രമാണ് തങ്ങൾക്കുണ്ടായ ദുരനുഭവം യൂണിവേഴ്സിറ്റിയിലോ പോലീസിലോ വെളിപ്പെടുത്തിയത്. 2020 ഒക്ടോബറിൽ ആരംഭിച്ച പുതിയ റിപ്പോർട്ടിംഗ് ടൂൾ ഉപയോഗിച്ച് ലൈംഗികാതിക്രമം നേരിട്ടവർക്ക് അത് തുറന്ന് പറയാമെന്നു ലിവർപൂൾ യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള കുട്ടികൾക്ക് തങ്ങളുടെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാനോ വോക്-ഇൻ വാക്സിനേഷൻ സെന്ററിൽ പങ്കെടുക്കാനോ കഴിയും എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. കുറഞ്ഞത് മൂന്നു മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ഏകദേശം 40,000 കൗമാരക്കാർക്കാണ് ക്ഷണം ആദ്യം അയക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള 600,000-ത്തിലധികം ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനുള്ള അർഹത ലഭിക്കും. ഇംഗ്ലണ്ടിൽ ഈ പ്രായപരിധിയിലുള്ള ഏകദേശം 889,700 പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം മുതൽ ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിനേഷനുകൾ നൽകി വരികയാണ്. എന്നാൽ മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയിലെ (ജെസിവിഐ ) വിദഗ്ധർ മാത്രമാണ് 16 നും 17നും ഇടയിൽ വയസുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ശുപാർശ ചെയ്തത്. ഒമിക്രോൺ വേരിയന്റിനെതിരെ ജനങ്ങൾക്ക് പ്രതിരോധം ലഭിക്കുവാൻ രണ്ടു ഡോസ് വാക്‌സിൻ മാത്രം കൊണ്ട് പര്യാപ്തം ആവുകയില്ല എന്ന ഡേറ്റ കാണിച്ചതിനു ശേഷം ആണ് ബൂസ്റ്റർ ക്യാമ്പെയ്‌ൻ വിപുലീകരിക്കാൻ തീരുമാനമായത്.

കഴിഞ്ഞ രണ്ടു വർഷമായി നിരവധി കുടുംബങ്ങൾക്ക് കോവിഡ് വളരെയധികം തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും യുവാക്കളുടെ ജീവിതത്തേയും വിദ്യാഭ്യാസത്തേയും ഇത് വളരെയധികം ബാധിച്ചുവെന്നും വാക്സിനേഷൻ സ്വീകരിക്കുന്നതു വഴി ഇതിനെതിരെ സംരക്ഷണം ലഭിക്കുന്നു എന്നും എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ജിപിയും ഡെപ്യൂട്ടി ലീഡറുമായ ഡോ. നിക്കി കനാനി പറഞ്ഞു. ഒമിക്രോൺ വേരിയന്റിന്റെ യുകെയിൽ ഉടനീളം ഉള്ള അണുബാധ നിരക്ക് കുതിച്ചുയർന്നതിനാൽ സ്കൂളുകളിൽ ഉള്ള ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലുള്ള കുറവ് ദിനം പ്രതി കൂടി വരികയാണ്. ഒമിക്രോൺ യുകെയിൽ ഉടനീളം അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും മുഖാമുഖം ഉള്ള ക്ലാസുകൾ പ്രധാനം ആയതിനാൽ സ്കൂളുകളിലെ ആറാം ഫോമുകളും കോളേജുകളും തുറക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് വാക്സിൻ മന്ത്രി മാഗി ത്രൂപ്പ് പറഞ്ഞു. ജെസിവിഐയുടെ ശുപാർശയെ തുടർന്ന് കോവിഡ്-19 ടെസ്റ്റ് 12 ആഴ്ചയ്ക്കുള്ളിൽ പോസിറ്റീവായുള്ള 16-നും 17-നും വയസ്സുള്ളവർക്ക് ബൂസ്റ്റർ വാക്സിൻ എൻഎച്ച്എസ് നൽകില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പിൻവലിച്ച സുരക്ഷ വീണ്ടും ഉറപ്പാക്കിയില്ലെങ്കിൽ ഗവൺമെന്റിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഹാരി രാജകുമാരൻ. രാജകുടുംബ ചുമതലകളിൽ നിന്ന് രണ്ടുവർഷം മുൻപ് മുതൽ ഹാരി രാജകുമാരനും ഭാര്യ മേഗനും വിട്ടുനിൽക്കുന്നത് മൂലമാണ് സുരക്ഷ ഗവൺമെന്റ് പിൻവലിച്ചത്. ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിലാണ് ഉടൻതന്നെ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്യൂരിറ്റിയെക്കാൾ ഉപരി പോലീസ് പ്രൊട്ടക്ഷൻ വേണമെന്ന ആവശ്യമാണ് കത്തിൽ മുന്നോട്ടുവയ്ക്കുന്നത്. അതിന് ആവശ്യമായ പണം നൽകാനും താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. യു എസിലെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി വിഭാഗത്തിന് യു കെയിൽ പ്രവർത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും, അതോടൊപ്പം തന്നെ അവർക്ക് യു കെ ഇന്റലിജൻസ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ സുരക്ഷ ശക്തമാക്കാനാവില്ലെന്നും ഹാരി വ്യക്തമാക്കുന്നു. ഇരുവരുടെയും ജീവന്റെ സുരക്ഷയ്ക്ക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യമാണെന്ന് ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

യുകെയിൽ പോലീസ് സുരക്ഷ ഇല്ലാത്തത് മൂലം ഇരുവർക്കും സ്വന്തം രാജ്യത്തേക്ക് വരാൻ ആകാത്ത സാഹചര്യമാണെന്നും കത്തിൽ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ രാജകുടുംബത്തിൽ നിന്നുള്ള ഒരാൾ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. എന്നാൽ നിലവിൽ രാജകുടുംബം ചുമതലകളിൽ നിന്ന് ഒഴിഞ്ഞ ഇരുവർക്കും 24 മണിക്കൂർ സുരക്ഷ നൽകാനാവില്ലെന്ന അഭിപ്രായമാണ് ആഭ്യന്തര സെക്രട്ടറി ഉൾപ്പെടുന്ന റോയൽ & വി ഐ പി എക്സിക്യൂട്ടീവ് കമ്മറ്റി മുന്നോട്ടുവെച്ചത്. ആൻഡ്രു രാജകുമാരന് മേൽ ഉയർന്നിരിക്കുന്ന ആരോപണം മൂലം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചുമതലകളിൽ നിന്ന് രാജ്ഞി നീക്കിയിരുന്നു. ഇപ്പോൾ ഹാരി രാജകുമാരൻ ഉയർത്തിയിരിക്കുന്ന വിഷയം രാജിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് കേസുകൾ കുറയുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങി. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ എണ്ണം 81,713 ആണ്. ഈ കഴിഞ്ഞ ഡിസംബർ 15 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപന നിരക്കാണിത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒമിക്രോണിൻെറ തരംഗം അധികം താമസിയാതെ യുകെയിൽ അവസാനിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും കഴിഞ്ഞ ആഴ്ചയിൽ 1843 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇത് അതിന് മുമ്പിലെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനം കൂടുതലാണ്. ആശുപത്രികളിൽ രോഗംമൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ കണക്കുകളുടെ വെളിച്ചത്തിൽ അധികം താമസിയാതെ ബ്രിട്ടൻ കോവിഡിൻെറ മഹാമാരിയിൽ നിന്ന് പുറത്തു കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈറസിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമില്ലാത്ത അവസ്ഥയിലേയ്ക്ക് ഉടൻ ബ്രിട്ടൻ എത്തിച്ചേരുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഇൻഫെക്ഷൻ ആൻഡ് ഗ്ലോബൽ ഹെൽത്ത് ചെയർമാൻ പ്രൊഫ. ജൂലിയൻ ഹിസ്കോക്സ് പറഞ്ഞു. 2022 -ൽ തന്നെ മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് യുകെ എത്തിച്ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളിൽ ആദ്യം തന്നെ പൊതുജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകുന്നതിൽ വിജയം വരിച്ച രാജ്യമായിരുന്നു ബ്രിട്ടൻ. എങ്കിലും ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ . ഇതൊക്കെ രാജ്യം മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കടുത്ത പരാജയമായിരുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരാൻ കാരണമായി. എങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും പ്രതിരോധകുത്തിവയ്പ്പുകൾ നൽകിയതും കുറെയേറെ പേർക്ക് കോവിഡ് വന്നതുമൂലവും പ്രതിരോധശേഷി ആർജിച്ചതുമാണ് ബ്രിട്ടനിൽ കോവിഡ് കുറയാനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

ഷെഫ് ജോമോൻ കുര്യാക്കോസ്

പോർക്ക്‌ വരട്ടി ഫ്രൈ ആക്കിയത്

ചേരുവകൾ

വേവിക്കുന്നതിന്

പോർക്ക്‌ – 1 കിലോ
പെരുംജീരകം -1 ടീ സ്പൂൺ
ഏലക്ക 4-5 എണ്ണം
കറുവപ്പട്ട 1ഇഞ്ച്
മല്ലി 1ടേബിൾ സ്പൂൺ
കുഞ്ഞുള്ളി 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കോക്കനട് വിനെഗർ ( use any vinegar) 20 എം ൽ
ഉപ്പ്‌ -ആവശ്യത്തിന്
ജാതിക്കാ ഉണങ്ങി പൊടിച്ചത് 2 ടീ സ്പൂൺ
മുളക് പൊടി -3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
ഗരംമസാല -4 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
വേപ്പില – 2 തണ്ട്
തക്കാളി 3 നമ്പേഴ്സ്

ഉലർത്തുന്നതിന്

വെളിച്ചെണ്ണ – 5 സ്പൂൺ
കടുക് 1ടീ സ്പൂൺ
കറിവേപ്പില 1 തണ്ടു
സവാള – 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഉരുളക്കിഴങ്ങു 2 നമ്പേഴ്സ് ( ചെറു കഷ്ണങ്ങൾ ആയി മുറിച്ചത് )

താളിക്കുന്നതിന്

വെളിച്ചെണ്ണ 1ടേബിൾ സ്പൂൺ
പേരും ജീരകം 1ടീ സ്പൂൺ
കറിവേപ്പില 2 തണ്ട്
തേങ്ങാ കൊത്ത്‌ 1 കപ്പ്‌

1) പോർക്ക്‌ നല്ലപോലെ കഴുകിയതിനു ശേഷം കുക്കറിൽ തീ മീഡിയം ആക്കി വച്ച് പെരുംജീരകം,
ഏലക്ക, കറുവപ്പട്ട, മല്ലി, കുഞ്ഞുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കോക്കനട്ട് വിനെഗർ ( use any vinegar), ഉപ്പ്‌ -ആവശ്യത്തിന് ,ജാതിക്ക പൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല, കുരുമുളക് പൊടി,വേപ്പില. തക്കാളി, ഇട്ട്‌ 4-5 വിസിൽ കൊടുത്ത് വേവിച്ചു എടുക്കുക.

2) പാൻ ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർക്കുക,
അതിലേക്ക് 3 അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റി, ഒരു ഉരുള കിഴങ്ങു ക്യൂബ് ആയി അരിഞ്ഞു കൂടെ വഴറ്റി ഇടിക്കുക. അതിലേക്കു 2 സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ വഴറ്റുക.

3) ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പോർക്ക്‌ ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ ഇളക്കി 10 മിനിറ്റ് മൂടി വേവിക്കുക.

4) നല്ലപോലെ ഡ്രൈ ആയിവരുമ്പോൾ കുക്കർ ഓഫ്‌ ആക്കി കുരുമുളക് പൊടി വിതറി മൂപ്പിച്ചു എടുക്കുക
താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ അല്പം പെരും ജീരകവും , കറിവേപ്പിലയും തേങ്ങാക്കൊത്തും
ചേർത്ത് മൂപ്പിച്ചു ചേർത്ത് സെർവ് ചെയ്യാം.

https://youtube.com/shorts/AotL-UehxV4?feature=share 

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

പസഫിക് കടലിനടിയിൽ വൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ടോംഗയുടെ തീരത്ത് സുനാമി രൂപപ്പെട്ടു. 4 അടിയോളം ഉയരത്തിലാണ് തീരത്തേയ്ക്ക് തിരമാലകൾ അടിച്ചുകയറിയത് . കടൽത്തീരത്ത് താമസിച്ചിരുന്നവർ ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ .

ഔദ്യോഗിക സമയം 5. 10 -ന് ഉണ്ടായ അഗ്നിപർവ്വത സ്ഫോടനം ആണ് സുനാമിക്ക് കാരണമായത് . ഏകദേശം 20 മിനിറ്റിനു ശേഷം ടോംഗയുടെ തീരദേശ പ്രദേശത്തെ വീടുകളും വാഹനങ്ങളും റോഡുകളും സുനാമി തകർത്തതായായാണ് റിപ്പോർട്ടുകൾ. അഗ്നിപർവ്വത സ്ഫോടനത്തിൻെറ ശബ്ദം ബോംബ് സ്ഫോടന ശബ്ദമായാണ് ആദ്യം കരുതിയത്. സ്ഫോടന ശബ്ദം ആയിരക്കണക്കിന് മൈൽ ദൂരേയ്ക്ക് കേൾക്കാമായിരുന്നു . ന്യൂസിലാൻഡ്, ഫിജി, അമേരിക്കൻ സമോവ എന്നിവിടങ്ങളിലെ തീര പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയ അവസരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പാർട്ടി നടത്തിയതിൽ രാജ്യമെമ്പാടും അമർഷം പുകയുന്നു. ഫിലിപ്പ് രാജകുമാരൻെറ സംസ് കാരത്തിൻറെ തലേന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മദ്യസൽക്കാരം നടത്തിയ വാർത്ത കടുത്ത പ്രതിഷേധമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ബക്കിംഗ്ഹാം കൊട്ടാരത്തോട് മാപ്പ് പറഞ്ഞെങ്കിലും സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ നിന്നിരുന്ന സമയത്ത് 11 മദ്യ വിരുന്നുകളെങ്കിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോട് കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ടെന്നാണ് വാർത്തകൾ.

ഇതിനിടെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദം ഒഴിയേണ്ടി വന്നാൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പുതിയ പ്രധാനമന്ത്രി ആകും എന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ബ്രിട്ടീഷ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം വഹിക്കുന്നത് ധനകാര്യമന്ത്രി ആണ് . ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻെറ ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. ഏതായാലും സമീപകാല സംഭവങ്ങൾ മൂലം പ്രധാനമന്ത്രിയുടെ ജനപ്രീതിയുടെ ഗ്രാഫ് വളരെ താഴെ ഇടിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഉള്ള മുൻ ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബ്രിട്ടീഷ് ബിസിനസുകാരൻ മാറ്റ് ഹാർപറിനെ ഇന്തോനേഷ്യൻ കാമുകി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് അദ്ദേഹത്തിന്റെ കാമുകി എമ്മി പാക് പഹനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മാറ്റ് ആത്മഹത്യ ചെയ്തുവെന്നാണ് കാമുകി പോലീസിന് നൽകിയ വിവരം. ഗ്ലൗസെസ്റ്ററിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ മാറ്റ് ഹാർപർ മുൻ ഭാര്യയുമായി ഓൺലൈനിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് മരണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഇന്തോനേഷ്യൻ വംശജയായ എമ്മി ഹോട്ടൽ ഉടമയായ മാറ്റുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.


മാറ്റ് മുറിയുടെ വാതിലുകളും മറ്റും അടച്ച് തനിയെ മരിച്ചുവെന്നാണ് കാമുകി പോലീസിനോട് അറിയിച്ചത്. ഇതോടൊപ്പം തന്നെ മാറ്റ് മരിക്കുന്ന നിമിഷങ്ങളിലെ വീഡിയോയും അവർ പോലീസിന് കൈമാറിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് എമ്മി പറഞ്ഞു. എന്നാൽ എമ്മിയുടെ മൊഴി പോലീസിനെ വിശ്വാസമാകാതിരുന്നതിനെ തുടർന്നാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് എമ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യൻ പോലീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും, എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇ -സിഗരറ്റുകൾ പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി കുറയ്ക്കുമെന്ന് ആദ്യമായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം. പുകവലി, മദ്യപാനം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം മുതലായവയ്ക്ക് ഒപ്പം തന്നെ ഇ – സിഗരറ്റുകളും പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്. ഇതുമൂലമാണ് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള അവബോധം നൽകുവാൻ ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്. ഇതോടൊപ്പംതന്നെ നീണ്ട മണിക്കൂറുകൾ ലാപ്ടോപ്പുകൾ മടിയിൽവെച്ച് ഉപയോഗിക്കുന്നതും, ചൂടുവെള്ളത്തിൽ നീണ്ട മണിക്കൂറുകൾ കുളിക്കുന്നതും ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വ്യക്തമാക്കുന്നുണ്ട്. ബീജോൽപാദനത്തിന് മിനിമം ടെമ്പറേച്ചർ ആവശ്യമായതിനാലാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടേതെന്ന് വിദഗ് ധർ വ്യക്തമാക്കുന്നു.

ഈ നൂറ്റാണ്ടിൽ പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നത് ഭൂരിഭാഗവും ജീവിതശൈലി മൂലമാണ്. 2020ൽ നടത്തിയ പഠനങ്ങളിൽ വേപിങ് അഥവാ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്ന പുരുഷന്മാരിൽ ബീജോൽപാദനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യാപകമായ ഡാറ്റ ലഭ്യമല്ലെങ്കിലും, ലൈംഗിക ആരോഗ്യത്തിന് ഇത്തരം ശീലങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വിദഗ്ധൻ ഡോക്ടർ രാജ് മാത്തുർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ വരവിനു ശേഷം തകർച്ചയിലേക്ക് നീങ്ങിയ സമ്പദ്‌വ്യവസ്ഥ, പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിൽ ജിഡിപി 0.9% വർദ്ധിച്ചതായി നാഷണൽ സ്റ്റാറ്റിസ്ടിക്സ് ഓഫീസ് അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള നിലയെ മറികടന്നത്. നവംബറിൽ ജിഡിപി 0.4% വർദ്ധിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ തെറ്റികൊണ്ടായിരുന്നു ഈ വളർച്ച. എന്നാൽ ഒമിക്രോണിന്റെ വ്യാപനത്തിനും പ്ലാൻ ബി അവതരിപ്പിച്ചതിനും ശേഷം വളർച്ച വീണ്ടും മന്ദഗതിയിലായതായി ആശങ്കയുണ്ട്.

സമ്പദ്‌വ്യവസ്ഥയിലെ വളർച്ച ബ്രിട്ടീഷ് ജനതയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു. നിർമ്മാണ മേഖലയിലെ 3.5% വളർച്ചയാണ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചതെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ മേഖലയും മെച്ചപ്പെട്ടു. 300 വർഷത്തിനിടയിൽ കണ്ട ഏറ്റവും കടുത്ത മാന്ദ്യത്തിലേക്കായിരുന്നു കോവിഡ് രാജ്യത്തെ തള്ളിവിട്ടത്.

ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ കനത്ത നഷ്ടങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥ വീണ്ടെടുത്തതും ഒക്ടോബർ – നവംബർ മാസങ്ങളിലാണ്. എന്നാൽ 2022ലെ ആദ്യ മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പ്രത്യാഘാതങ്ങളും തൊഴിലാളികളുടെ നിരന്തരമായ ക്ഷാമവും ഈ വർഷം ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന നികുതികളും പണപെരുപ്പവും മലയാളികൾ അടക്കുമുള്ള ഭൂരിഭാഗം കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും.

RECENT POSTS
Copyright © . All rights reserved