Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ എത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. ഈവ് എലയ്ൻ ജോസഫ് (13) എന്ന കൊച്ചുമിടുക്കി ഇന്ന് പ്രവാസി മലയാളികൾക്ക് അഭിമാനമാണ്. ബാറ്റും കയ്യിലേന്തി പടപൊരുതാൻ തുനിഞ്ഞിറിയ ഈവ് ഇപ്പോൾ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുകയാണ്. സൺറൈസേഴ്സ് റീജിയണൽ എമേർജിങ് പ്രോഗ്രാമിന്റെ 2021-22 സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു മലയാളി പെൺകുട്ടിയേ ഉള്ളൂ – ഈവ് എലയ്ൻ ജോസഫ്. ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി പെൺകുട്ടിയാണ് ഈവ്. മാത്രമല്ല, കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളും ഈ കൊച്ചുമിടുക്കി തന്നെ.

18 മാസങ്ങൾ നീണ്ട ട്രയലിന് ശേഷമാണ് ഈവിനെ തേടി ഈ ഭാഗ്യം എത്തിയത്. ഒമ്പത് കൗണ്ടികളിൽ നിന്നായി നൂറോളം പേർ പങ്കെടുത്ത ട്രയലിൽ നിന്ന് ഈവ് തിരഞ്ഞെടുക്കപ്പെട്ടതോടെ അത് കേരളത്തിനും അഭിമാനത്തിന് കാരണമായി. സൺറൈസേഴ്സിൽ, ബെഡ്ഫോർഡ്ഷെയറും ഹണ്ടിങ്ങ് ഡോൺഷെയറും ചേർന്ന ക്രിക്കറ്റ്‌ ഈസ്റ്റിനെയാണ് ഈവ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്താംപ്ടൺ കൗണ്ടിയുടെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഈവ് തന്നെയാണ് ടീമിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ 5 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

2021 ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ എത്തിയ ഈവ് മെയ് മാസം ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിൽ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്തിരുന്നു. ക്ലബ്ബിന്റെ വനിതാ ടീമിനു വേണ്ടിയും അണ്ടർ 15 ബോയ്സ് ടീമിനുവേണ്ടിയും തുടർച്ചയായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ നോർതാംപ്ടൺ കൗണ്ടി അണ്ടർ 13 ഗേൾസ് ക്രിക്കറ്റ് ടീമിനു വേണ്ടി പാഡണിയാൻ അവസരമൊരുങ്ങി. ക്ലബ്ബിന് പെൺകുട്ടികൾക്കായി പ്രത്യേക ടീം ഇല്ലാത്തതിനാലാണ് ബോയ്സ് ടീമിനൊപ്പം ചേരേണ്ടിവന്നത്.

ജൂൺ അവസാനം കൗണ്ടി ടീമിൽ ഇടം നേടിയ ഈവ്, ആദ്യ കളിയിൽ തന്നെ അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് ചുരുങ്ങിയ കളികളിൽ നിന്നായി 4 അർധ സെഞ്ച്വറിയോടെ 385 റൺസ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റൺസ് (നോട്ട് ഔട്ട്), 56 റൺസ് എന്നിവയും വാർവിക് ഷയർ കൗണ്ടിക്കെതിരെ നേടിയ 59 റൺസ്, നോർഫോക്കിനെതിരെ നേടിയ 94 റൺസ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റൺ സ്കോറർ അവാർഡിലേക്ക് ഈവിനെ എത്തിച്ചത്. സീസൺ അവസാനിച്ചപ്പോൾ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിലെ മോസ്റ്റ് പ്രോമിസിങ് പ്ലേയർ അവാർഡും (അണ്ടർ 13) വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളർ അവാർഡും വനിതകളുടെ സൂപ്പർ 8 ടീമിലെ ബെസ്റ്റ് ബാറ്റർ അവാർഡും ഈവിന് തന്നെയായിരുന്നു.

നാട്ടിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ് എറണാകുളം ഡിസ്ട്രിക്ട് ടീമിൽ അംഗമായിരുന്നു ഈവ്. അമ്മ സീനിയർ മാനേജർ ആയിരുന്ന ഏരിയസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയിലെ മത്സരങ്ങൾ കണ്ടാണ് ഈവ് ക്രിക്കറ്റിലേക്ക് എത്തുന്നത്. കമ്പനിയുടെ സിഇഓ ആയ ഡോ. സോഹൻ റോയ് ഈവിന്റെ ക്രിക്കറ്റ്‌ കഴിവുകൾ കണ്ടെത്തി അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ഈവ് പിച്ചിലേക്ക് എത്തുന്നത്. ജോസഫ് വർഗീസ് – നിഷ ജോസഫ് ദമ്പതികളുടെ മകളായ ഈവ് കൊച്ചിയിലെ നേവി ചിൽഡ്രൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു. പിന്നീട് കുടുംബസമേതം യുകെയിൽ എത്തി. എതേൽ എസ്ലൻ ജോസഫ് സഹോദരിയാണ്. ഇംഗ്ലണ്ട് ദേശീയ ടീമിൽ ഒരിടം നേടണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. കഠിനമായ പരിശ്രമത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഈവ്. ആശംസകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സാലിസ്ബെറിയിൽ രണ്ട് ട്രെയിനുകൾ കൂട്ടി മുട്ടി അപകടമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ലണ്ടൻ റോഡിനു സമീപം ഉണ്ടായ അപകടത്തിൽ, സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ഗ്രേറ്റ് വെസ്റ്റേൺ സർവീസിന്റെയും ട്രെയിനുകൾ തമ്മിലാണ് കൂട്ടിമുട്ടിയത്. പതിനേഴോളം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ആണ്. ടണ്ണലിലെ എന്തോ വസ്തുവുമായി കൂട്ടിയിടിച്ച ആദ്യ ട്രെയിനിലേയ്ക്ക് രണ്ടാമത്തെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിഗ്നലിംഗ് പ്രശ്നങ്ങൾ മൂലമാകാം രണ്ടാമത്തെ ട്രെയിൻ കയറി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പെട്ടെന്നുതന്നെ ചുറ്റും ഇരട്ട് അനുഭവപ്പെട്ടതായും, ശക്തമായ ചലനങ്ങളും മറ്റും ഉണ്ടായി ആളുകൾ മുന്നിലേക്കും പിന്നിലേക്കുമെല്ലാം നീങ്ങിയപ്പോഴാണ് അപകടമുണ്ടായതാണെന്ന് മനസിലായതെന്ന് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരി ഏഞ്ചല മാറ്റിങ്ലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആർക്കും തന്നെ സാരമായ അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്നും അവർ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തേയ്ക്ക് പോലീസ്, ആംബുലൻസ് സർവീസുകൾ, പോസ്റ്റ് കാർഡ് ഹെലികോപ്റ്ററുകൾ എന്നിവ എത്തിച്ചേർന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് കൂടെയുള്ള മറ്റ് ട്രെയിൻ സർവീസുകൾ എല്ലാം തന്നെ റദ്ദാക്കിയിട്ടുണ്ട്. ആരും തന്നെ അപകടത്തിൽ മരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥിരീകരിച്ചു. റെയിൽവേ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

48 മണിക്കൂർ നീളുന്ന രൂക്ഷമായ കാലാവസ്ഥ രാജ്യം നേരിടുന്നതിനാൽ കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് യെല്ലോ വെതർ വാണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് ഓഫ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്,നോർത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബാധകം. മണിക്കൂറിൽ 80 മൈലിലധികം വേഗതയുള്ള കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശുന്നത് ഇത് യാത്രകൾ തടസ്സപ്പെടുത്തും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ചുഴലിക്കാറ്റുകൾ ഒന്നും തന്നെ സ്ഥിതീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷകൻ ടോം മോർഗൻ പറഞ്ഞു. അറ്റ്ലാൻറിക് പ്രദേശങ്ങളിലുള്ള കനത്ത ന്യൂനമർദ്ദം മൂലമാണ് രാജ്യത്തുടനീളം പ്രത്യേകിച്ച് ഇംഗ്ലണ്ടിൻെറ തെക്ക് ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുന്നതെന്നും തെക്കൻ തീരത്ത് ശക്തമായ കാറ്റ് മൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് ചുഴലിക്കാറ്റിന്‌ സമാനമായ റിപ്പോർട്ടുകളും ഫോട്ടോകളും ലഭിക്കുകയുണ്ടായി. ഡോർസെറ്റിലെ ഐൽ ഓഫ് പോർട്ട്‌ലാൻഡിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 87 മൈലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാംഷയർ, ഡോർസെറ്റ്, വിൽറ്റ്ഷയർ, സസെക്‌സ് എന്നിവിടങ്ങളിൽ 60 മൈൽ വേഗതയിലുള്ള കാറ്റാണ് വീശുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി ഫോൺ കോളുകളുകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നോർഥാംപ്ടൺഷയർ പോലീസ് പറഞ്ഞു. ശക്തമായ കാറ്റിൽ കൗണ്ടിയിലെ റോഡുകളിൽ നിരവധി മരങ്ങളാണ് കടപുഴകി വീണിരിക്കുന്നത് . റെയിൽവേ പാളങ്ങളിൽ മരം വീണതിനെതുടർന്ന് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചിലതിന് കാലതാമസമോ മാറ്റങ്ങളോ ഉണ്ടായേക്കാമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പുനൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ വച്ച് നടത്തപ്പെട്ട മൂന്നാമത് ബൈബിൾ കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷനാണ് ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ചുമതല. ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷൻ ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

കുട്ടികളുമായി സംവേദിക്കേണ്ടതിന്റെ ആവശ്യകത തൻറെ ഉദ്ഘാടനപ്രസംഗത്തിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി. കുട്ടികളാണ് സഭയുടെയും , സമൂഹത്തിന്റെയും നാളെയുടെ വാഗ്ദാനങ്ങൾ . കുട്ടികൾക്ക് കൂടുതലായി മനസ്സിലാക്കുന്നതിനായി തന്റെ പ്രസംഗത്തിലുടനീളം ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചത് . ബൈബിൾ വായന ജീവിതചര്യയാക്കണമെന്ന് മാർ.ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ ഉപദേശിച്ചു. ഈശോയോട് സംസാരിക്കാനും , സംവേദിക്കാനും ബൈബിൾ വായനയിലൂടെ സാധിക്കും.

മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന ബൈബിൾ കലോത്സവത്തിന്റെ അവാർഡ് ദാനത്തിന് യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ എത്തിച്ചേർന്നിരുന്നു. ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയത് പ്രസ്റ്റൺ റീജനാണ്. പ്രസ്റ്റൺ റീജണിൽ ഉൾപ്പെട്ട ലീഡ്സ് സെൻറ് മേരീസ് സീറോ മലബാർ കാത്തലിക് മിഷനാണ് ഏറ്റവും കൂടുതൽ പോയന്റുകൾ സമ്പാദിച്ച മിഷൻ .

ബൈബിൾ കലോത്സവ വിജയികൾക്കു പുറമേ സുവാറ ക്വിസ് , നസ്രാണി ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു . അവാർഡ് ദാന ചടങ്ങിൽ ജോൺ കുര്യൻ സ്വാഗതം ആശംസിക്കുകയും, ഫാ. ജോർജ് എട്ടുപറയിൽ, ആൻറണി മാത്യു തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു . റോമിൻസ് മാത്യു പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വൻകിട ബിസിനസുകൾക്ക് മേൽ 15 ശതമാനം ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പാസാക്കിയിരിക്കുകയാണ് ജി 20 ലോകനേതാക്കൾ. മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ ലാഭവിഹിതങ്ങൾ ടാക്സുകൾ കുറവുള്ള രാജ്യങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യുകയാണെന്ന ആശങ്കയെ തുടർന്നാണ് ഇത്തരത്തിലൊരു നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോമിൽ വച്ച് നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ ലോക നേതാക്കളും ഈ ബില്ലിനെ അംഗീകരിച്ചു. കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തപ്പെട്ട ഉച്ചകോടിയിൽ, കാലാവസ്ഥാവ്യതിയാനവും, കോവിഡ് പ്രതിരോധവുമെല്ലാം ചർച്ചാവിഷയമായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. അമേരിക്ക മുന്നോട്ടുവെച്ച ടാക്സ് ഡീൽ ഞായറാഴ്ചയോടെ ഔദ്യോഗികമായി അംഗീകരിക്കുമെന്നും, 2023 ഓടെ നിലവിൽ വരുമെന്നുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ബിൽ പാസാക്കിയത് ഒരു ചരിത്ര നിമിഷം ആയിരുന്നുവെന്ന് യു എസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ വ്യക്തമാക്കി. ചില വൻകിട കമ്പനികൾക്ക് ടാക്സുകൾ വർദ്ധിക്കുമെങ്കിലും, മറ്റെല്ലാ ബിസിനസുകൾക്ക് ഇതുമൂലം ഗുണം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിങ്കളാഴ്ച മുതൽ ഗ്ലാസ്ഗോയിൽ ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ജി20 ഉച്ചകോടി റോമിൽ നടത്തപ്പെട്ടത്. രാജ്യങ്ങളെല്ലാം തന്നെ ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന ഇറ്റാലിയൻ പ്രസിഡന്റിന്റെ ആശയവുമായാണ് ഉച്ചകോടി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം മനുഷ്യകുലത്തെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണെന്നും, അതിനെ മറികടക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഇറാനിലെ വർദ്ധിച്ചു വരുന്ന ആണവ പരീക്ഷണങ്ങൾക്ക് എതിരെയും ഉച്ചകോടിയിൽ ചർച്ചയുണ്ടായി. എല്ലാ ലോകരാജ്യങ്ങളും ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലേയ്ക്ക് ഉറ്റുനോക്കുകയാണ്. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശൈത്യകാലം എത്തുന്നതോടെ ‘വിന്റർ ഡിപ്രഷൻ’ കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പ്. സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) എന്നും അറിയപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. യൂറോപ്പില്‍ ശൈത്യസമയം ഇന്ന് പുലർച്ചെ ആരംഭിച്ചു. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. സാധാരണയായി ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. ഈ കാലാവസ്ഥ മാറ്റം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

ശൈത്യകാലത്ത് വന്നു പോകുന്ന ഒരവസ്ഥയാണ് വിന്റർ ഡിപ്രഷൻ. ദൈനംദിന പ്രവർത്തനങ്ങളിൽ താല്പര്യം നഷ്ടപ്പെടുക, ക്ഷോഭം, അലസത അനുഭവപ്പെടുക, സാധാരണയേക്കാൾ കൂടുതൽ നേരം ഉറങ്ങുക തുടങ്ങിയവയാണ് പ്രാധാന ലക്ഷണങ്ങൾ. കഴിഞ്ഞ എട്ടു വർഷത്തെ കണക്കുകൾ പ്രകാരം, ഒക്ടോബർ മാസത്തിൽ ഈ അവസ്ഥയിലൂടെ കടന്നുപോയവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ശൈത്യകാല വിഷാദത്തിനുള്ള പരിഹാരം എൻഎച്ച്എസ് തന്നെ നിർദേശിക്കുന്നു. നീളമേറിയ രാത്രികൾ ആയതിനാൽ മാനസികാവസ്ഥയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും വിഷാദം തോന്നി തുടങ്ങിയാൽ ഉടൻ തന്നെ ജിപിയുടെ സഹായം തേടണമെന്നും അവർ പറഞ്ഞു.

എൻ എച്ച് എസിന്റെ പിന്തുണയുള്ള ടോക്കിംഗ് തെറാപ്പിസ് പ്രൊവൈഡർ, ശീതകാലം മുഴുവൻ സോഷ്യൽ മീഡിയ ചാനലുകളിലും വെബ്‌സൈറ്റിലും ലോ മൂഡ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ നൽകും. പതിവായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം സമൂഹവുമായി ബന്ധപ്പെടാനും അവസരം ഒരുക്കുന്നു. ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന മാർഗം. യുകെയിൽ ഏകദേശം 13 ലക്ഷം ആളുകൾക്ക് വിന്റർ ഡിപ്രഷൻ ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്നലെ നടന്ന ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവത്തിൻ്റെ സമ്മാനദാന വേദി അച്ഛൻറെയും മകളുടെയും സാന്നിധ്യംകൊണ്ട് കൗതുകമായി. മുതിർന്നവരുടെ പ്രസംഗമത്സരത്തിൽ റീജനൽ തലത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ലീഡ്സിൽ നിന്നുള്ള ജോജി തോമസും 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളുടെ പ്രസംഗമത്സരത്തിൽ റീജനൽ , നാഷണൽ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദിയാ ജോജിയുമാണ് ഈ അച്ഛനും മകളും . ഒരേ ഇനത്തിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും മത്സരവിഭാഗത്തിൽ ഇരുവരും സമ്മാനാർഹരായതാണ് കൗതുകകരമായത്. ദിയാ മുൻപ് നടന്ന ബൈബിൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനത്തിലൂടെ വിജയിക്കുകയും ചെയ്തിരുന്നു. ലീഡ്സിനടുത്തുള്ള വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ജോജിയും ഭാര്യ മിനി മോളും സെൻ്റ് മേരിസ് സീറോ മലബാർ കാത്തലിക് മിഷനിലെ അംഗങ്ങളാണ്. ദിയയ്ക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരി ആൻ ഇയർ 10ലും ഇളയ സഹോദരി ലിയ ഇയർ 2വിലും വിദ്യാർഥിനികളാണ്. തൻ്റെ പ്രസംഗകലയിലെ കഴിവുകൾ പുറത്തെടുക്കാനും വളർത്താനും സഭാവേദികളും പ്രത്യേകിച്ച് ബൈബിൾ കലോത്സവവും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ദിയ മലയാളംയു കെയോട് പറഞ്ഞു.

യുകെയുടെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് വിജയികളടങ്ങിയ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത്. രൂപത രൂപീകൃതമായതിനുശേഷം നടന്ന മൂന്നു ബൈബിൾ കലോത്സവങ്ങളും ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമാകുകയും യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച കലാ സംഗമവേദിയായി മാറുകയും ചെയ്തിരുന്നു.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബേസൻ ലഡ്ഡു

ചേരുവകൾ

1/2 കപ്പ് പഞ്ചസാര
2 ഏലക്ക
1/4 കപ്പ് നെയ്യ്
1 കപ്പ് ബേസൻ മാവ് / കടലമാവ്

ബേസൻ ലഡൂ അലങ്കരിക്കാനുള്ള പിസ്ത പൊടിച്ചത്

ഉണ്ടാക്കുന്ന രീതി

ഒരു മിക്സിയിലോ ബ്ലെൻഡറിലോ പഞ്ചസാരയും ഏലക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക.

ഇടത്തരം തീയിൽ ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായി ഉരുകിക്കഴിഞ്ഞാൽ, ബേസൻ ചേർത്ത് ഇളക്കുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ബേസൻ അലുത്തു മിനുസമാർന്ന പേസ്റ്റായി മാറും.

ഇതു അടിയിൽ പിടിക്കാതെയിരിക്കാൻ ഇടത്തരം-കുറഞ്ഞ തീയിൽ നിലനിർത്തി തുടർച്ചയായി ഇളക്കുക.

കുറച്ച് മിനിറ്റുകൾക്ക് ശേഷം,മിശ്രിതത്തിന്റെ സ്ഥിരത ഒരു ദ്രാവകം പോലെയായിരിക്കും. ക്രമേണ, മിശ്രിതം ഇളം മഞ്ഞയിൽ നിന്ന് സ്വർണ്ണ നിറത്തിലേക്ക് മാറുകയും ചെയ്യും. ( 15 മിനിറ്റ് വരെ എടുക്കാം )

തീ ഓഫ് ചെയ്തുകഴിഞ്ഞാൽ മിശ്രിതം 3 മുതൽ 4 മിനിറ്റ് വരെ ഇളക്കുക, അങ്ങനെ മിശ്രിതത്തിന്റെ താപനില പെട്ടെന്ന് കുറയുകയും കൂടുതൽ വേവിക്കാതിരിക്കുകയും ചെയ്യും .

മിശ്രിതം നന്നായി തണുത്തതിനു ശേഷം,പൊടിച്ച പഞ്ചസാര ചേർത്ത്
ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. എന്നിട്ട് കൈകൾ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

മിശ്രിതത്തിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ആവശ്യമുള്ള വലുപ്പത്തിലുള്ള ഉരുളകളാക്കി മാറ്റുക.

അതിനുശേഷം ബേസൻ ലഡു പിസ്ത പൊടിച്ചത് ഉപയോഗിച്ച് അലങ്കരിച്ചു ആസ്വദിക്കുക.

ബേസൻ ലഡൂ 5 ദിവസം വരെ ഒരു എയർടൈറ്റ് കണ്ടെയ്നറിൽ (at room temperature) സൂക്ഷിക്കാം.
ദീപാവലി പോലെയുള്ള വിശേഷാവസരങ്ങൾ ലഡു ഇല്ലാതെ അപൂർണ്ണമാണ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

ഡോ. ഐഷ വി

പ്രദർശന നഗരി കൊല്ലം എസ് എൻ കോളേജായിരുന്നു . പ്രദർശനത്തെ സംബന്ധിച്ച പത്രവാർത്ത കണ്ടിട്ടാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത് നാളെ രാവിലെ എക്സിബിഷന് കൊണ്ടുപോകാം . എല്ലാവരും രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറാകണം. ഞങ്ങൾ അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി. ശ്രീദേവിയപ്പച്ചിയുടെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മീനാകുമാരിയും ഞങ്ങളോടൊപ്പം വരുന്നുണ്ട്. ആറാം ക്ലാസ്സുകാരിയായ ഞാൻ വേഗം ചെന്ന് നിലവിളക്ക് കത്തിച്ചു . വിളക്കിനടുത്തായി സൂക്ഷിച്ചിരുന്ന ചന്ദനമെടുക്കാൻ കൈ നീട്ടിയതും വിളക്കു തിരിയിൽ നിന്നും ചൂടുള്ള ഒരു തുള്ളി എണ്ണ എന്റെ കൈയ്യിൽ വീണു. ഒരു മഴത്തുള്ളിയുടെ ആകൃതിയിൽ വലതു കൈത്തണ്ട പൊള്ളി. നല്ല നീറ്റൽ . കുറച്ച് പച്ചവെള്ളമൊഴിച്ച് പൊള്ളിയ ഭാഗം കഴുകി. എക്സിബിഷന് പോകാനുള്ള ആവേശത്തിൽ ഞങ്ങൾ യാത്രയായി.

ഉളിയനാടു വരെ നടന്ന് കൊല്ലത്തേയ്ക്കുള്ള ബസ്സിൽ കയറി. അപ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റൽ സഹിക്കവയ്യാതായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ കോഴി നെയ്യ് തേയ്ക്കാമായിരുന്നെന്ന് അമ്മ മറുപടി നൽകി. അടുക്കളയിൽ വച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾക്കൊക്കെ അമ്മയുടെ ഒറ്റമൂലിയായിരുന്നു കോഴി നെയ്യ് . നല്ല നെയ് വച്ച നാടൻ കോഴിയെ കറിവയ്ക്കാനെടുക്കുമ്പോൾ അതിന്റെ നെയ്യുരുക്കി ഒരു കുപ്പിയിൽ സൂക്ഷിയ്ക്കുകയായിരുന്നു അമ്മയുടെ പതിവ്. ഇടയ്ക്കിടെ കൈയ്യിലേക്കൂതിയും കൊച്ചേച്ചി (മീന) യോട് വർത്തമാനം പറഞ്ഞിരുന്നും കൊല്ലം എസ് എൻ കോളേജ് ജങ്ഷനിലെത്തി. എസ് എൻ കോളേജ് കോമ്പൗണ്ടിലുള്ള പ്രദർശന നഗരിയിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. വ്യവസായം കൊണ്ട് സമ്പന്നരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരയണ ഗുരുവിന്റെ ഒരുത്തമമായ ആശയമായിരുന്നു എക്സിബിഷൻ സംഘടിപ്പിക്കുക എന്നത്.

ആദ്യ കാലത്ത് തിരുവിതാംകൂറിൽ ഈ എക്സിബിഷനുകൾ പുത്തനനുഭവമായിരുന്നു. വാണിജ്യപ്രാധാന്യമുള്ള പുതുമയുള്ള ഒട്ടേറെ ഉത്പന്നങ്ങളെ പരിചയപ്പെടാനും വിപണനത്തിനും ഇത്തരം എക്സിബിഷനുകൾ വേദിയൊരുക്കി. വൈവിധ്യമായിരുന്നു ആ എക്സിബിഷന്റെ മുഖമുദ്ര.1977-78 കാലഘട്ടത്തിൽ നടന്ന എക്സിബിഷനിൽ അന്ന് നാട്ടിൽ സുപരിചിതമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങൾ കണ്ടു. മിക്സി, ഗ്രൈന്റർ, ക്ലോസ്ഡ് സർക്യൂട്ട് ടി വി മുതലായവ അവയിൽ ചിലതായിരുന്നു. കറങ്ങുന്ന ദണ്ഡിൽ കുഴച്ച കളിമണ്ണ് വാരി വച്ച് കരവിരുതുകൊണ്ട് മൺകലവും മൺ നിലവിളക്കുമൊക്കെയുണ്ടാക്കുന്ന വിദ്യ കൗതുകകരമായിരുന്നു. കടലവറുത്തത് വറുത്ത ചോളം ചായ, വട , തുടങ്ങിയ ഉത്പന്നങ്ങളും പ്രദർശന നഗരിയിലുണ്ടായിരുന്നു. പാമ്പുകളെ പരിചയപ്പെടുത്തുന്ന വിഭാഗമെത്തി. അതിന്റെ നടത്തിപ്പുകാരൻ ഒരു പെരുമ്പാമ്പിനേയുമെടുത്ത് എന്റെയരികിലെത്തി. പേടിക്കേണ്ട പാമ്പിനെയൊന്ന് തൊട്ടു നോക്കാൻ പറഞ്ഞു. ഞാൻ തൊട്ടു നോക്കി. ആ ശീതരക്ത ജീവിയുടെ ശരീരത്തിന്റെ തണുപ്പ് ആദ്യമായി ഞാനറിഞ്ഞു. എല്ലാം പുതുമയും കൗതുകവും നിറഞ്ഞതായിരുന്നു. മെഡിക്കൽ കോളേജിന്റെ സ്റ്റാളും ഗംഭീരമായിരുന്നു. അമ്മ എല്ലാവർക്കും പൊതിച്ചോർ കൊണ്ടു വന്നത് ഞങ്ങൾ ഒരിടത്തിരുന്നു കഴിച്ചു. പിന്നെയും കാണാനും ബാക്കി . ചിത്രരചന. ഫോട്ടോഗ്രഫി, ചെടികൾ, മുടി വളരാനുള്ള എണ്ണ, വിവിധ തരം പലഹാരങ്ങൾ മുതലായ വിഭാഗങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തളർന്നു. അങ്ങനെ ഞങ്ങൾ തിരികെ പോന്നു. ദീർഘദർശിയായ ഒരു ഗുരുവര്യൻ തുടങ്ങി വച്ച പ്രദർശനം പിറകേ വന്നവർ നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ വളരെ സന്തോഷം തോന്നി. വീട്ടിലെത്തിയപ്പോൾ എന്റെ കൈയ്യിലെ പൊള്ളലിൽ അമ്മ കോഴി നെയ്യ് പുരട്ടിത്തന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊച്ചി : യുകെയിലേയ്ക്ക് വ്യാജ വിസയില്‍ വിദ്യാര്‍ത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി റിപ്പോർട്ട്‌. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും മാത്രമല്ല യുകെയില്‍ വരെ പിടിമുറുക്കിയിരിക്കുകയാണ് അവർ. കഴിഞ്ഞ ദിവസം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി മൂന്നു യുവാക്കള്‍ കൊച്ചിയിൽ പിടിയിലായതോടെയാണ് കേരള പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്ന വിദ്യാർത്ഥിക്കടത്ത് വർദ്ധിച്ചുവരികയാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. എറണാകുളത്തേയും കോട്ടയത്തെയും റിക്രൂട്ട് എജന്‍സികള്‍, ട്രാവല്‍ ഏജന്റുമാര്‍, ഐഇഎല്‍ടിഎസ് പഠന കേന്ദ്രങ്ങള്‍, ഇമ്മിഗ്രേഷന്‍ ഏജന്‍സികള്‍ തുടങ്ങി ഒട്ടേറെ പേരാണ് പോലീസിന്റെ സംശയനിഴലിൽ ഉള്ളത്.

ഇത്തരം കുറ്റകൃത്യങ്ങൾ ഏറി വരുന്നത് ബ്രിട്ടീഷ് സർക്കാർ നൽകി വരുന്ന സ്റ്റുഡന്റ് വിസ ആനുകൂല്യത്തെയാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത്. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിലാണ് യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലാ യ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഇടനിലക്കാരനെ പറ്റിയുള്ള വിവരങ്ങൾ പോലീസ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് തൃത്താല കല്ലുങ്കല്‍ നഫ് സല്‍ എന്ന ഇടനിലക്കാരന്‍ അറസ്റ്റിലായി. ലണ്ടനില്‍ മുമ്പ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന നഫ് സല്‍ യുകെയില്‍ വച്ചു പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശി വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയിരുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുമാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നത്. 90000 രൂപയാണ് സർട്ടിഫിക്കറ്റ് വിലയായി വാങ്ങുന്നത്. ആദ്യം അറസ്റ്റിലായ മൂന്നു പേരെ കൂടാതെ മറ്റു നാലു വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന. എറണാകുളം റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനുള്ളിൽ വൻ സംഘമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിനൊപ്പം യുകെയിലും സംഘം പിടിമുറുക്കുന്നതായി പോലീസ് സംശയിക്കുന്നു.

Copyright © . All rights reserved