Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ മാസം അവസാനത്തോടെ ഓരോ മുതിർന്നവർക്കും ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ശ്രമം തുടരുന്നതിനാൽ ഇംഗ്ലണ്ടിലെ കോവിഡ് വാക്സിൻ സൈറ്റുകളിൽ സന്നദ്ധപ്രവർത്തകർ ഇന്നും പ്രവർത്തിക്കും. കൊറോണ വൈറസിൻെറ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാ ഭീക്ഷണിയെ തുടർന്ന് ക്രിസ്‌തുമസ്‌ ദിനത്തിലും ആയിരക്കണക്കിന് ഫസ്റ്റ്, സെക്കൻഡ്, ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, സ്വിൻഡൻ, ഈസ്റ്റ്ബോൺ എന്നിവയുൾപ്പെടെ എട്ട് സ്‌ഥലങ്ങളിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. യുകെയിൽ കഴിഞ്ഞ വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്.

യുകെയിലെ ഏകദേശം 60% മുതിർന്നവരും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് തലത്തിൽ വാക്സിനേഷൻ നൽകാൻ എൻഎച്ച്എസിന് കഴിഞ്ഞു. ഇതുവരെ 32 ദശലക്ഷത്തിലധികം ബൂസ്റ്റർ വാക്‌സിനുകളും മൂന്നാം ഡോസ് വാക്സിനുകളും നൽകിക്കഴിഞ്ഞു. ഒമിക്രോണിൻെറ ആഘാതം കുറയ്ക്കുന്നതിനായി യോഗ്യരായ എല്ലാ ആളുകളും എത്രയുംവേഗം അവരുടെ വാക്സിനേഷൻ സ്വീകരിക്കാനായി മുന്നോട്ടു വരേണ്ടതാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും വെയിൽസിലും ഡിസംബർ 25 നും 26 നും വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ വർഷം ബ്രിട്ടീഷുകാർ കുടിച്ചു തീർത്തത് 1 ബില്യൺ കുപ്പി വൈൻ. കഴിഞ്ഞ വർഷം ഇതേ സമയം രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നു. പ്രീ-മിക്‌സ് ഡ് ക്യാനുകളുടെ വിൽപ്പന 20 ശതമാനം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ദി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷന്റെ (WSTA) മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് 2020 ൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും 1 ബില്യൺ കുപ്പി വൈൻ വിറ്റുപോയിട്ടുണ്ട്. 113 മില്യൺ റോസ് വൈൻ, ഏകദേശം 508 മില്യൺ വൈറ്റ് വൈൻ, 434 മില്യൺ റെഡ് വൈൻ എന്നിങ്ങനെയാണ് കണക്കുകൾ. പകർച്ചവ്യാധിയിലുടനീളം എല്ലാത്തരം മദ്യത്തിന്റെയും വില്പന സൂപ്പർമാർക്കറ്റുകളിൽ കുതിച്ചുയർന്നു. അതേസമയം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടതോടെ അവിടുത്തെ മദ്യ വില്പന കുത്തനെ ഇടിഞ്ഞു.

ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ബിയറാണ്. ബിയറിന്റെ വില്പന 25 ശതമാനം വർദ്ധിച്ചു. ലോക്ക്ഡൗണിനിടയിൽ ജനങ്ങൾ പ്രീ-മിക്‌സ് ഡ് റെഡി ടു ഡ്രിങ്ക് (RTD) ക്യാനുകൾ തേടിയെത്തിയതോടെ വില്പന 20 ശതമാനം ഉയർന്നു. ലോക്ക്ഡൗണിൽ അർജന്റീനിയൻ വൈനിന്റെ വിൽപ്പന 43 ശതമാനമാണ് വർദ്ധിച്ചത്. 50 മില്യണിലധികം കുപ്പി അർജന്റീനിയൻ വൈനാണ് ബ്രിട്ടീഷുകാർ വാങ്ങിക്കൂട്ടിയത്.

2016-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊണ്ണൂറ്റിയൊന്ന് മില്യൺ കുപ്പി വൈൻ കൂടുതൽ വിറ്റഴിക്കപ്പെട്ടു. സമീപ വർഷങ്ങളിൽ ‘വീട്ടിലിരുന്നുള്ള മദ്യപാനം’ കൂടുതൽ പ്രചാരം നേടിയതാണ് ഈ വൻ വില്പനയുടെ കാരണം. കോവിഡിനെ തുടർന്ന് പബ്ബുകൾ അടച്ചതിനുശേഷം ബ്രിട്ടീഷുകാർ വ്യത്യസ്തമായ ലഹരി പാനീയങ്ങൾ പരീക്ഷിച്ചതായി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മൈൽസ് ബീൽ പറഞ്ഞു. അർജന്റീനിയൻ വൈൻ നിർമ്മാതാക്കൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോങ്കോങ് : ടിയാനൻമെൻ കൂട്ടക്കൊലയുടെ സ്മാരകമായി ഹോങ്കോങ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന പ്രതിമ നീക്കം ചെയ്തു. ബുധനാഴ്ച രാത്രിയാണ് പ്രതിമ നീക്കം ചെയ്തത്. ‘അപമാനത്തിന്റെ സ്തംഭം’ എന്ന് അറിയപ്പെടുന്ന പ്രതിമ നീക്കം ചെയ്യാൻ സർവകലാശാല നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിപ്പിക്കുന്ന ഏതാനും പൊതു സ്മാരകങ്ങൾ മാത്രമാണ് ഹോങ്കോങ്ങിൽ ഇനി അവശേഷിക്കുന്നത്. ഹോങ്കോങ്ങിലെ രാഷ്ട്രീയ വിയോജിപ്പുകളെ ചൈന കൂടുതലായി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം ചെയ്യൽ.

സർവ്വകലാശാല അധികൃതർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടി തിരിച്ചതിന് ശേഷമാണ് പ്രതിമ നീക്കം ചെയ്തത്. 26 അടി ഉയരമുള്ള ചെമ്പ് പ്രതിമ 24 വർഷമായി സർവ്വകലാശാല ക്യാമ്പസിൽ ഉണ്ടായിരുന്നു. 2020-ൽ, കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി, 30 വർഷത്തിനിടെ ആദ്യമായി ടിയാനൻമെൻ വാർഷിക അനുസ്മരണം ഹോങ്കോംഗ് അധികൃതർ നിരോധിച്ചിരുന്നു.

ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള ഒരു ചത്വരമാണ് ടിയാനൻമെൻ സ്ക്വയർ. 1989-ൽ, ജനാധിപത്യം വരണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ വിദ്യാർഥികളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണം മാറണമെന്നതായിരുന്നു അവരുടെ ആവശ്യം. ചൈനീസ് ഗവൺമെന്റിലെ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി ഇത് മാറി. ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധാർഹം തടിച്ചു കൂടിയിരുന്ന ആയിരക്കണക്കിന് കോളേജ് വിദ്യാർഥികളെ പട്ടാളം വെടിവെച്ചു കൊന്നു. വിദ്യാർഥികളുടെ ശരീരത്തിലൂടെ സൈനികർ പീരങ്കികൾ കയറ്റിയിറക്കി. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെയാണ് ടിയാനൻമെൻ കൂട്ടക്കൊല എന്ന് വിളിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടീഷ് ഗവൺമെൻറിന് പാളിച്ച ഉണ്ടായതായുള്ള പൊതുജനങ്ങളുടെ അഭിപ്രായം മൂലം ബോറിസ് ജോൺസൻെറ ജനപ്രീതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ഇത് കൂടാതെ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ പ്ലാൻ ബി നിയന്ത്രണങ്ങളുടെ പേരിൽ ബോറിസ് ജോൺസൺ ഗവൺമെന്റിന് സ്വന്തം പാർട്ടിയിൽ നിന്നും എംപിമാരിൽനിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ഉണ്ടായ സർവ്വേ പ്രകാരം ബോറിസ് ജോൺസൻെറ ജനപ്രീതി വളരെയധികം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അസുഖമുണ്ടെങ്കിൽ ജോലിയിൽ നിന്ന് അവധിയെടുക്കാം എന്ന തീരുമാനം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

തുടർച്ചയായി 28 ദിവസത്തിൽ കൂടുതൽ അസുഖം ബാധിച്ചതിനെ തുടർന്ന് സിക്ക് ലീവ് എടുത്തിട്ടുണ്ടെങ്കിൽ ജീവനക്കാർ അവരുടെ തൊഴിലുടമയ്ക്ക് ഡോക്ടറുടെ പക്കൽനിന്നും സിക്ക് നോട്ട് നൽകണം. വാരാന്ത്യങ്ങളിലും ബാങ്ക് അവധിദിനങ്ങൾ പോലുള്ള പ്രവൃത്തിയില്ലാത്ത ദിവസങ്ങളും ഇതിലുൾപ്പെടുന്നു. 2021 ഡിസംബർ 10ന് മുമ്പ് 7 ദിവസത്തിൽ കൂടുതൽ ജോലിയിൽ നിന്ന് വിട്ടു നിന്നിട്ടുള്ളവർ തങ്ങളുടെ സിക്ക് ലീവിനുള്ള തെളിവ് നൽകണം. കൊറോണ വൈറസ് മൂലം ജീവനക്കാർക്ക് സ്വയം ഒറ്റപ്പെടുകയോ ജോലി ചെയ്യാൻ കഴിയാതെ ഇരിക്കുകയോ ചെയ്യേണ്ട സാഹചര്യം വന്നാൽ അവർക്ക് എൻഎച്ച്എസിൻെറ 111ൽ നിന്ന് ഓൺലൈനായി ഒരു ഐസൊലേഷൻ നോട്ട് ലഭിക്കും. ഇവർക്ക് ജിപിയുടെ അടുക്കലേയ് ക്കോ ആശുപത്രിയിലേയ് ക്കോ പോകേണ്ടതില്ല. മറ്റേതെങ്കിലും തരത്തിലുള്ള അസുഖം മൂലമാണ് ലീവെടുക്കുന്നതെങ്കിൽ ഇവർക്ക് ജി പിയിൽ നിന്നോ ആശുപത്രി ഡോക്ടർമാരിൽ നിന്നോ നോട്ട് ലഭിക്കും. സിക്ക് നോട്ടുകൾ സൗജന്യമാണ്, എന്നാൽ സിക്ക് നോട്ടുകൾ നേരത്തെ ആവശ്യപ്പെട്ടാൽ ഡോക്ടർ ചാർജ് ഈടാക്കിയേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കുന്നുവെന്നതിൻെറ തെളിവുകളിലേക്ക് ബഹിരാകാശ ഏജൻസികൾ അടുക്കുമ്പോൾ അന്യഗ്രഹജീവികളുടെ കണ്ടെത്തലിനെ അംഗീകരിക്കാൻ മതവിശ്വാസികളെ സഹായിക്കാനായി ബ്രിട്ടീഷ് പുരോഹിതനെ തങ്ങളുടെ ദൗത്യത്തിൽ ചേർത്തു നാസ. ഓക്സ്ഫോർഡിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഡോക്ടർ ആൻഡ്രൂ ഡേവിഡ്സൺ ആണ് യുഎസിലെ പ്രിൻസ്റ്റണിലുള്ള സെൻറർ ഫോർ തിയോളജിക്കൽ എൻക്വയറിയിൽ നാസ സ്പോൺസേർഡ് പ്രോഗ്രാമിൽ പങ്കെടുത്ത 24 ദൈവശാസ്ത്രജ്ഞരിൽ ഒരാൾ. വാസ്തവത്തിൽ മനുഷ്യൻ മാത്രമല്ല ബഹിരാകാശത്തിലെ ജീവരൂപങ്ങൾ എന്നും അന്യഗ്രഹ ജീവികൾ ഉണ്ടെന്ന വാർത്തയോട് ലോകത്തിലെ വിവിധ മതങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിലയിരുത്തുകയെന്നതാണ് ഇവരുടെ ദൗത്യം.

നാസയുടെ 7.45 ബില്യൺ പൗണ്ടിൻെറ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ക്രിസ്മസ് ദിനത്തിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നീക്കം. ഈ ഇൻഫ്രാറെഡ് ദൂരദർശിനി പ്രപഞ്ചത്തിലെ ഉത്ഭവവും അതിൽ മനുഷ്യനുള്ള സ്ഥാനവും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. 2016 സെപ്റ്റംബറിനും 2017 ജൂണിനും ഇടയിലുള്ള കാലയളവിൽ ഡോ. ഡേവിസൺ ദി സോഷ്യറ്റൽ ഇംപ്ലിക്കേഷൻസ് ഓഫ് ആസ്‌ട്രോബയോളജി പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ഭൂമിക്കപ്പുറം ജീവൻ വ്യാപിക്കുന്നു എന്ന ചോദ്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർ മധ്യകാലഘട്ടം മുതലേ ചിന്തിച്ചിരുന്നുവെന്ന് ഡോ. ഡേവിസൺ പറഞ്ഞു. ഏകദേശം 25 വർഷമായി നാസയുടെ ആസ്ട്രോബയോളജി വിഭാഗം ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതത്തിൽ പ്രയാസങ്ങളോടും പ്രതിസന്ധികളോടും പട പൊരുതി ജീവിത വിജയം നേടിയതിന്റെ നേർചിത്രങ്ങൾ നമുക്കുചുറ്റും ഒട്ടേറെയുണ്ട്. എന്നാൽ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട സയാമീസ് ഇരട്ടകളായ സോഹ്‌നയും മോഹനയും നേരിട്ടത് സമാനതകളില്ലാത്ത ദുരിത ജീവിതമായിരുന്നു. രണ്ട് ജോഡി കൈകളും രണ്ടു ഹൃദയങ്ങളും ആയി ആണ് ഇവർ പിറന്നുവീണത്. 2003 ജൂണിൽ ന്യൂഡൽഹിയിലെ സുചേത കൃപ്ലാനി ഹോസ്പിറ്റലിൽ ജനിച്ച ഇവരെ വേർപ്പെടുത്തുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത് .

രണ്ട് തലകളും രണ്ട് ഹൃദയങ്ങളുമുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് അവർ ഒരു മനസ്സോടെ പടപൊരുതിയാണ് ജീവിത വിജയം കൈവരിച്ചിരിക്കുന്നത് . പത്തൊമ്പതാം വയസ്സിൽ ഇവർക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചിരിക്കുകയാണ് . പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സപ്ലൈ കൺട്രോൾ റൂമിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള ജോലിയാണ് സോഹ്‌നയ്ക്കും മോഹന സിങ്ങിനും ലഭിച്ചിരിക്കുന്നത്. ഈ ജോലിക്ക് ഇവർക്ക് രണ്ട് ശമ്പളമാണ് . ഓരോരുത്തർക്കും പ്രതിമാസം 10,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്ന ഇവർ ഇലക്ട്രിക്കൽ പഠനത്തിൽ ഡിപ്ലോമ നേടിയിരുന്നു. മാതാപിതാക്കൾ ഉപേക്ഷിച്ച സഹോദരങ്ങൾക്ക് പിംഗൽവാര ചാരിറ്റബിൾ സൊസൈറ്റിയാണ് ആശ്രയമായത് . ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കാമെന്ന് ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്.

വളരെ കഷ്ടപ്പെട്ട് യുകെയിലെത്തി ജീവിതം പച്ച പിടിക്കാൻ തുടങ്ങി ഉടൻതന്നെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ജയിലിലാകുക. യുകെ മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങളാണ് കഴിഞ്ഞദിവസം ചെഷയറിലെ ക്രൂ എന്ന സ്ഥലത്ത് അരങ്ങേറിയത്. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തപ്പെട്ട ഇയാളെ ജനുവരി 18 വരെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവായിരിക്കുകയാണ്.

വഴക്കിനെത്തുടർന്ന് സഹായത്തിനായി ഭാര്യ വിളിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാര്യ അവശനിലയിൽ ആശുപത്രിയിലാണ്. രണ്ടു വയസ്സുള്ള കുഞ്ഞ് ആശുപത്രയിലെ നേഴ്‌സുമാരുടെ പരിചരണത്തിലാണെന്നാണ് ലഭ്യമായ വിവരം.

ഭർത്താവിന് മറ്റൊരു മലയാളി യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യയ്ക്കുള്ള സംശയമാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് അടിസ്ഥാനം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്റ്റുഡൻറ് വിസയിൽ എത്തി പാർട്ട് ടൈമായി ജോലിചെയ്യുന്ന ഒരു യുവതിയുമായി ഭർത്താവു നടത്തിയ സ്വകാര്യ ചാറ്റിൻെറ വിവരങ്ങൾ ഭാര്യ പോലീസിന് കൈമാറിയതായും സൂചനകളുണ്ട്. യുകെയിലെത്തി രണ്ടുമാസത്തിനുള്ളിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വഴക്കാണ് ഒടുക്കം കൊലപാതകശ്രമമുൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളായി വളർന്നത്.

ചങ്ങനാശേരി സ്വദേശിയായ ഭർത്താവും പത്തനംതിട്ട സ്വദേശിയായ ഭാര്യയും മിശ്രവിവാഹിതരാണ്. 7 വർഷത്തോളം സൗദിയിൽ ജോലി ചെയ്‌ത ഇവർ ഭാര്യക്ക് എൻഎച്ച്എസിൽ ജോലി കിട്ടിയതോടെയാണ് യുകെയിൽ എത്തിച്ചേർന്നത്. ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ ഭർത്താവിന് ജയിൽ മോചനം കിട്ടിയതിനുശേഷം യുകെയിൽ തുടരാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഗാർഹിക പീഡനം വളരെ ഗുരുതരമായ കുറ്റമായി കാണുന്ന രാജ്യമാണ് ബ്രിട്ടൻ. വർഷങ്ങളായി യുകെയിൽ താമസിക്കുന്ന മലയാളികൾക്ക് തികച്ചും അപമാനകരമായ സംഭവപരമ്പരകളാണ് കുറെ നാളായി വർക്ക്, സ്റ്റുഡന്റ് വിസയിൽ എത്തുന്ന   മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പലരും ലഭ്യമായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌ത്‌ കുഴപ്പത്തിൽച്ചെന്ന് ചാടുകയാണെന്ന പരാതി പരക്കെയുണ്ട്.  മലയാളികളുടെ ഇങ്ങനെയുള്ള പ്രശ്നങ്ങൾകൊണ്ട് മലയാളികൾ തന്നെ മലയാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് കൊടുക്കാൻ മടിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലേയ്ക്ക് ചരിത്രാതീത കാലത്തെ വലിയ തോതിലുള്ള കുടിയേറ്റത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. യൂറോപ്യൻ ഭൂഖണ്ഡത്തിൽ നിന്നാണ് ബ്രിട്ടനിലേയ്ക്ക് ആളുകളുടെ കൂട്ട പലായനം ഉണ്ടായത്. കെൽറ്റിക് ഭാഷകളുടെ വ്യാപനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. ബിസി 1,400 നും ബിസി 870 നും ഇടയിൽ ഇത് സംഭവിച്ചു. ഇന്ന് രാജ്യത്ത് കഴിയുന്ന പലരുടെയും ജനിതക ഘടന വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയോളം രൂപപ്പെട്ടത് ഈ കുടിയേറ്റക്കാരിൽ നിന്നാണ്.

793 പുരാതന അസ്ഥികൂടങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. കെന്റിലെ ക്ലിഫ് സ് എൻഡ് ഫാമിൽ നിന്നും മാർഗറ്റ്സ് പിറ്റിൽ നിന്നും നാല് അസ്ഥികൂടങ്ങൾ ഗവേഷകർ കണ്ടെടുത്തു. യൂറോപ്പിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് വിശ്വസിക്കുന്നു. മധ്യശിലായുഗം മുതൽ വെങ്കലയുഗം വരെയുള്ള കാലഘട്ടത്തിൽ നടന്ന കുടിയേറ്റത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ബ്രിട്ടനിലേയ്ക്ക് പുതിയ ആചാര രീതികൾ അവതരിപ്പിച്ചത് ഈ കുടിയേറ്റ ജനതയാണ്.

പുതിയ സാംസ്കാരിക സമ്പ്രദായങ്ങൾ രാജ്യത്തിലേയ്ക്ക് എത്തിച്ചു. ദേവന്മാർക്കുള്ള വഴിപാടുകളായി ഒന്നിലധികം വെങ്കല നിർമ്മിത വസ്തുക്കൾ അവർ കുഴിച്ചിട്ടു. ബ്രിട്ടനിലെ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും കെൽറ്റിക് ഭാഷകളുടെ വ്യാപനം സാധ്യമാക്കിയെന്നും ഗവേഷകർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ ചരിത്രത്തിൽ ആദ്യമായി യുകെയിലെ കോവിഡ് കേസുകളുടെ എണ്ണം 100000 കവിഞ്ഞു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 106,122 ആണ് . ചൊവ്വാഴ്ച വരെ 8008 ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് നവംബർ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇതിനിടെ വൈറസിന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വേഗത്തിൽ വ്യാപിക്കുമെങ്കിലും ആരോഗ്യ പ്രത്യാഘാതങ്ങൾ കുറവാണെന്ന പഠനങ്ങൾ പുറത്തുവന്നു . അതുകൊണ്ടുതന്നെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ പിടിപെടുന്നവരിൽ ആശുപത്രിവാസം വേണ്ടി വരില്ലന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒമിക്രോൺ മൂലമുള്ള ആശുപത്രിവാസം 30% മുതൽ 70 % വരെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഒറ്റപ്പെടലിന്റെ കാലാവധി 10 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറച്ചു . ക്വാറന്റീൻ കാലാവധി കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ സുഗമമായ നടത്തിപ്പിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാറന്റീൻ കാലാവധിയുടെ ഓരോ ഏഴാം ദിവസം നടത്തുന്ന ലാറ്ററൽ ഫ്ലോ പരിശോധനാഫലം നെഗറ്റീവ് ആയാൽ കോവിഡ് ബാധിതർക്ക് നേരത്തെ ഐസോലേഷൻ വിടാമെന്നാണ് സാജിദ് ജാവിദ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ആളുകളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കുന്നതിന് ഇത് ഉപയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിതർക്ക് പുതിയ നിർദ്ദേശങ്ങൾ ബാധകമല്ല. ഈ വിഭാഗത്തിൽപ്പെട്ടവർ 10 ദിവസം തന്നെ സ്വയം ഒറ്റപ്പെടലിന് വിധേയമാകേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഹനവിപണിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്കാണ് അടുത്ത ഏതാനും വർഷങ്ങൾ സാക്ഷ്യം വഹിക്കുക. പരമ്പരാഗത ഊർജ്ജങ്ങളായ പെട്രോളും, ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പകരം ഇലക്ട്രിക് കാറുകളാവും ഇനി നിരത്തുകൾ കീഴടക്കുക എന്ന് വിലയിരുത്തപ്പെടുന്നു. പെട്രോൾ ഡീസൽ കാറുകൾ ഉപയോഗിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മുൻനിർത്തി ഇലക്ട്രിക് കാറുകൾക്ക് വലിയ പ്രോത്സാഹനമാണ് ലോകരാഷ്ട്രങ്ങൾ നൽകുന്നത് . എന്നാൽ പുതിയതായി ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് നൽകുന്ന സബ് സിഡി തുകയിൽ വലിയ കുറവ് വരുത്തിയ യുകെ ഗവൺമെന്റിനെതിരെ വലിയ വിമർശനമാണ് പല ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

32000 പൗണ്ട് വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നൽകിയിരുന്ന 2500 പൗണ്ടിന്റെ സബ്സിഡി 1500 പൗണ്ടാക്കിയിരിക്കുകയാണ് ഗവൺമെന്റ്. 2021-ൽ യുകെയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു . 2030 മുതൽ പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചിരിക്കുകയാണ് യുകെയിൽ . ജനങ്ങൾ പെട്രോൾ ഡീസൽ കാറുകളിൽ നിന്നും മാറാൻ ഉള്ള പ്രവണത കാണിക്കുന്നതിന്റെ തുടക്കത്തിൽ തന്നെയുള്ള ഗവൺമെൻറ് നടപടി പരക്കെ വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved