Main News

പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്ന് അതിജീവിത പറഞ്ഞു.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ഉപയോഗിക്കാൻ എൻ എച്ച് എസ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌. ഇതുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഏറ്റവും വിലകൂടിയ മരുന്നായ ലിബ്മെൽഡിക്കായി എൻ എച്ച് എസ് രഹസ്യ ഇടപാട് നടത്തി. കുട്ടികളുടെ നാഡീവ്യവസ്ഥയ്ക്കും അവയവങ്ങൾക്കും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നൻ എംഎൽഡി എന്ന അപൂർവ രോഗം ചികിത്സിക്കാനാണ് ലിബ്മെൽഡി എന്ന ജീൻ തെറാപ്പി ഉപയോഗിക്കുന്നത്. ഒറ്റതവണ ചികിത്സ ചെലവ് 2.8 മില്യൺ പൗണ്ടാണ്. ഇംഗ്ലണ്ടിൽ ഓരോ വർഷവും അഞ്ചു കുഞ്ഞുങ്ങൾ ഈ രോഗാവസ്ഥയോടെ ജനിക്കുന്നു.

എൻസൈമിന്റെ കുറവ് മൂലമുണ്ടാകുന്ന വളരെ അപൂർവമായ പാരമ്പര്യ രോഗമാണ് മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്ട്രോഫി എന്നറിയപ്പെടുന്ന എംഎൽഡി. രോഗം പിടിപെട്ടാൽ കാലക്രമേണ തലച്ചോറിലെയും മറ്റ് ശരീരഭാഗങ്ങളിലെയും ഞരമ്പുകളുടെ പ്രവർത്തനം മന്ദഗതിയിലാകും. 30 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളിലുമാണ് ഇത് പൊതുവെ കണ്ടുവരുന്നത്. രോഗം പിടിപെട്ടാൽ കാഴ്ച, സംസാരം, കേൾവി എന്നിവ നഷ്ടപ്പെടും. ചലനശേഷിയും നഷ്ടമാകും. എംഎൽഡി ബാധിച്ചവരുടെ ശരാശരി ആയുർദൈർഘ്യം അഞ്ചിനും എട്ടിനും ഇടയിലാണ്.

ലിബ്മെൽഡിയെ ഓർഫൻ ഡ്രഗ് എന്നും വിളിക്കും. ഇത് വളരെ അപൂർവമായതിനാൽ, ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായമില്ലാതെ ഉൽപ്പാദിപ്പിക്കുന്നത് ലാഭകരമല്ല. കഴിഞ്ഞ വർഷം, ഇംഗ്ലണ്ടിലെ ഡ്രഗ് പ്രൈസ് വാച്ച്ഡോഗ് ഈ മരുന്ന് അവലോകനം ചെയ്യുകയും നിരസിക്കുകയും ചെയ്തിരുന്നു. ഇത് വളരെ ചെലവേറിയതാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ എക്സലൻസ് (NICE) പറഞ്ഞു. എന്നാൽ ചർച്ചകളെത്തുടർന്ന് വിലയിൽ കുറവ് ഉണ്ടാകുമെന്ന് കരുതുന്നു. രോഗലക്ഷണങ്ങളില്ലാത്ത, സ്വതന്ത്രമായി നടക്കാൻ കഴിയുന്ന കുട്ടികൾക്കായി ഇത് ഇപ്പോൾ ശുപാർശ ചെയ്തിട്ടുണ്ട്. ചികിത്സ നടത്തുന്ന അഞ്ച് യൂറോപ്യൻ സൈറ്റുകളിലൊന്നായ മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ജെനോമിക് മെഡിസിൻ വഴിയാവും ഇത് വിതരണം ചെയ്യുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണവൈറസ് വ്യാപന നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും, നിലവിൽ ഇംഗ്ലണ്ടിൽ ആർ നിരക്ക് 0.8 നും 1.1 നും ഇടയിലാണെന്നും യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ നിന്ന് വ്യത്യസ്തമായി, ചില പുതിയ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിതരിൽ കണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും പ്രമുഖമായുള്ളത് ഒമിക്രോൺ ബാധിതരുടെ ശരീരത്തു കണ്ടുവരുന്ന സ്കിൻ റാഷസ് ആണ്. എന്നാൽ സ്കിൻ റാഷ് ഉണ്ടെന്നുള്ളത് കൊണ്ടുമാത്രം കോവിഡ് ബാധിതരാണെന്നും വിലയിരുത്താനുമാകില്ല. എന്നാൽ പെട്ടെന്ന് ശരീരത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ ജനങ്ങൾ ശ്രദ്ധയോടെ കാണണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ഇത്തരം റാഷസിന് ചുറ്റും നല്ലരീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി ഒമിക്രോൺ ബാധിതർ വ്യക്തമാക്കുന്നുണ്ട്. കാൽ, കൈ മുതലായവയുടെ പാദങ്ങളിലും, കൈമുട്ട്, കാൽമുട്ട് എന്നിവിടങ്ങളിലുമാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. എന്നാൽ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തിൽ ഉണ്ടാകാമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളും ഒമിക്രോണിന് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നത്. സ്വയം നിയന്ത്രണം ആണ് ഏറ്റവും കൂടുതൽ ഈ രോഗം തടയുന്നതിന് ആവശ്യം എന്നാണ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രീ വെഡിങ് ഷൂട്ടും പോസ്റ്റ് വെഡിങ് ഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന ഈ കാലത്ത് ചില വിവാഹ പരസ്യങ്ങളും ഫ്ലെക്സുകളും ജനശ്രദ്ധ നേടാറുണ്ട്. കൗതുകമുണർത്തുന്ന ഉള്ളടക്കങ്ങളാണ് ഇവയിലെല്ലാം. വധു വരന് നൽകുന്ന ‘പത്തു കല്പനകളും’, സ്വന്തം സ്ഥാപനത്തിൽ യുവാവ് സ്ഥാപിച്ച വിവാഹ പരസ്യവും, കല്യാണ മുടക്കികൾക്ക് മുന്നറിയിപ്പ് നൽകി യുവാക്കൾ സ്ഥാപിച്ച ഫ്ലക്സും സമൂഹമാധ്യമങ്ങളിൽ തരംഗമായവയാണ്.

മറിയാമ്മയുടെ പത്തു കല്പനകൾ

വിവാഹദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് കൂട്ടുകാരുടെ വക അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടാകും. അത്തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതാണ് വരൻ ജിൻസ് തോമസിന് കൂട്ടുകാര്‍ അര്‍പ്പിച്ചിരിക്കുന്ന ആശംസ. വധു മറിയാമ്മയുടെ കല്‍പ്പനകള്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത്.

1. നിന്റെ ഭാര്യ ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ഭാര്യ നിനക്കുണ്ടാകരുത്.
2. ഇടക്കിടക്ക് എന്റെ പേര് വിളിച്ച് എന്നെ ശല്യപ്പെടുത്തരുത്.
3. എന്റെ ബർത്ത്ഡെയും മറ്റു പ്രധാന ദിവസങ്ങളും അടിപൊളിയായി ആചരിക്കണം.
4. എന്നെയും എന്റെ വീട്ടുകാരേയും ബഹുമാനിക്കണം.
5. തല്ലരുത്.
6. വായിനോക്കരുത്.
7. സ്വർണ്ണം കട്ടോണ്ടുപോയി പണയം വയ്ക്കരുത്.
8. എന്നോട് കള്ളം പറയരുത്.
9. കല്യാണം കഴിഞ്ഞുവെന്നുള്ള ഓർമ്മ എപ്പോഴും ഉണ്ടാവണം.
10. ജോലി കഴിഞ്ഞാലും ഇല്ലെങ്കിലും 6 മണിക്കുള്ളിൽ വീട്ടിൽ കയറണം.

മേൽപ്പറഞ്ഞ കല്പനകൾ രണ്ടായി സംഗ്രഹിച്ച് എഴുതിയിട്ടുണ്ട്.

1 എതിനും ഉപരിയായി എന്നെ സ്നേഹിക്കണം.
2. നിന്റെ വീട്ടുകാരെപ്പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം.

വളരെ രസകരമായ ഈ ആശംസയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

വധുവിനെ ആവശ്യമുണ്ട് – ഫ്ലക്സ് വെച്ച് യുവാവ്

കോട്ടയം കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്റെ വിവാഹ പരസ്യമാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സ്വന്തം സ്ഥാപനമായ കണക്കാരിയിലെ തടിമില്ലിന് മുൻപിലാണ് അനീഷ് തന്റെ വിവാഹ പരസ്യം സ്ഥാപിച്ചത്. ‘വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’ എന്നതാണ് വിവാഹ പരസ്യത്തിലെ വരികൾ. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെയാണ് ബോർഡ് സ്ഥാപിക്കാൻ അനീഷ് തീരുമാനം എടുത്തത്. ഇത് തമാശയ്ക്ക് വേണ്ടി ചെയ്തതല്ലെന്നും അനീഷ് പറഞ്ഞു.

കല്യാണം മുടക്കികൾ ജാഗ്രതൈ!

ആനപ്പടിയിലെ അവിവാഹിതരായ ചെറുപ്പക്കാർ നാട്ടിൽ സ്ഥാപിച്ച ഫ്ലക്സ് ഒരു മുന്നറിയിപ്പാണ്. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പ്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോ അതിവേഗം വൈറലായി.

ഫ്ലക്‌സിലെ വരികൾ –

‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.’

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ആരംഭിച്ച കാലംമുതൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളാ ഗവൺമെൻറ് എടുത്തുമാറ്റി. ഇനിമുതൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമേ ക്വാറന്റീൻ ആവശ്യമുള്ളൂ. വിദേശത്തു നിന്നും വരുന്നവർക്ക് ഏർപ്പെടുത്തിയ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം അവധിയുടെ ഭൂരിഭാഗവും വീടുകളിൽ തന്നെ ചെലവഴിക്കേണ്ട ഗതികേടിലായിരുന്നു പ്രവാസികൾ ഇതുവരെ. അതുപോലെതന്നെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം രാജ്യാന്തര യാത്രക്കാരെ കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന സുപ്രധാന തീരുമാനം പ്രവാസികൾക്ക് വളരെ അനുഗ്രഹപ്രദമാകും . ഈ നീക്കത്തിലൂടെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയ്ക്ക് അന്യായ നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നതിന് അറുതിയാവും . കേരളത്തിൽ വന്നിട്ട് തിരിച്ചു പോകാൻ പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കേണ്ട കോവിഡ് പരിശോധനാഫലത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ദയനീയമായിരുന്നു . പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് പല ലാബുകൾക്കും യഥാസമയം റിസൾട്ട് നൽകാനാവാത്തത് പലരെയും വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു.

 

രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ബൂസ്റ്റർ വാക്‌സിനുമെടുത്ത പ്രവാസികൾ നാട്ടിൽ വരുമ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വൻ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങളും സമരങ്ങളും ആളു കൂടുന്ന മറ്റു പരിപാടികളും നിർവാദം നടന്നു കൊണ്ടിരുന്ന അവസരത്തിലും വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക് മാത്രം അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു അടിച്ചേൽപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പലരും കോവിഡ് തുടങ്ങിയതിന് ശേഷം തങ്ങളുടെ ബന്ധുമിത്രാദികളെ കാണാൻ നാട്ടിലേക്ക് വരുന്നത് വിരളമായിരുന്നു . പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി ഈസ്റ്റർ-വിഷു അവധി ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ ജന്മനാട്ടിലേക്ക് സന്ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഞ്ചുവയസ്സുകാരി അമലയുടെ മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. ഇന്ന് രാവിലെയാണ് ലിവർപൂൾ മലയാളി പിറവം പരിയാരത്ത് ആശിഷ് പീറ്ററിൻെറ ഏകമകൾ അമല ലുക്കീമിയ ബാധിച്ച് മരണമടഞ്ഞത്. അമലയുടെ അമ്മ എയ്ഞ്ചൽ അങ്കമാലി സ്വദേശിയാണ് . മൃതസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

അമലയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 26 വർഷം മുൻപ് ഒറ്റപ്രസവത്തിൽ എട്ടു കുട്ടികൾക്ക് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയ മാൻഡി ഓൾവുഡ്‌ ക്യാൻസർ ബാധിതായി മരണമടഞ്ഞു. ഗർഭാവസ്ഥയുടെ ഇരുപത്തിനാലാം ആഴ്ചയിൽ മൂന്നു പകലും മൂന്നു രാത്രിയിലുമായി ആറ് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കും ആണ് മാൻഡി ജന്മം നൽകിയത്. എന്നാൽ എട്ട് കുട്ടികളിൽ ഒരാൾക്ക് പോലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. മാൻഡിയുടെ വേദനയിൽ ഡയാന രാജകുമാരി പോലും അന്ന് തന്റെ ദുഃഖം വ്യക്തിപരമായി അറിയിച്ചിരുന്നു. പിന്നീട് മാൻഡിക്ക് മൂന്ന് കുട്ടികൾ ഉണ്ടായെങ്കിലും, എട്ടു കുട്ടികളുടെ നഷ്ടം എപ്പോഴും അവരെ അലട്ടിയിരുന്നു. പിന്നീട് പലതരത്തിൽ മാൻഡിയെ ഈ ദുഃഖം അലട്ടിയിരുന്നതായും, പലതവണ ഫാന്റം പ്രഗ്നൻസി എന്ന് അവസ്ഥയിലൂടെ അവർക്ക് കടന്നു പോകേണ്ടതായി വന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.


മാൻഡി പിന്നീട് തന്റെ ഭർത്താവ് പോൾ ഹഡ് സനുമായി വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് 2007 നവംബറിൽ കുഞ്ഞുങ്ങളോടൊപ്പം കാറിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മാൻഡിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് മാൻഡിക്ക് തന്റെ കുഞ്ഞുങ്ങളുടെ കസ്റ്റഡി അവകാശം നഷ്ടപ്പെട്ടിരുന്നു. ക്യാൻസർ ബാധിതയായി മരണപ്പെട്ട മാൻഡിയുടെ ശവസംസ്കാരം ലോക്കൽ കൗൺസിൽ ആണ് നടത്തുന്നത്. കുടുംബാംഗങ്ങളുമായി അടുത്തബന്ധം പുലർത്താത്തതിനാൽ ബന്ധുക്കൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നാല് മുതിർന്ന സഹായികൾ വ്യാഴാഴ്ച രാജി വെച്ചിരിക്കുകയാണ്. പോളിസി ഹെഡ് മുനിറ മിർസ, ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡ്, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റേയ്നോൾഡ്സ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാക്ക് ഡോയിൽ എന്നിവരാണ് രാജിവച്ചത്. ലോക്ക് ഡൗൺ കാലത്ത്, രാജ്യത്തെങ്ങും നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടത്തിയത് സംബന്ധിച്ചുള്ള വിവാദത്തിലാണ് ഇവരുടെ രാജി. എന്നാൽ തന്റെ രാജിയുടെ കാരണം ലേബർ പാർട്ടി നേതാവ് ആയിരിക്കുന്ന കെയർ സ്റ്റാർമറെ സംബന്ധിച്ചുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിവാദപരമായ പ്രസ്താവന ആണെന്ന് പോളിസി ഹെഡ് മുനിറ മിർസ വ്യക്തമാക്കി. സ്റ്റാർമർ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ ആയിരുന്ന സമയത്ത്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റത്തിന് അറസ്റ്റിലായ ജിമ്മി സാവിലിന് തക്കതായ ശിക്ഷ നൽകുന്നതിൽ പരാജയപ്പെട്ടന്നാണ് തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വിവാദപരമായ പ്രസ്താവന. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റാണെന്നും, അത്തരത്തിലൊരു പ്രസ്താവനയ്ക്ക് ആവശ്യമായ യാതൊരു അടിസ്ഥാനപരമായ തെളിവുകളില്ലെന്നും മുനീറ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ തന്റെ പ്രസ്താവനയ്ക്ക് ബോറിസ് ജോൺസൻ മാപ്പ് പറഞ്ഞതുമില്ലെന്ന് മുനീറ പറഞ്ഞു. ചാൻസിലർ റിഷി സുനകും പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെയാണ് പാർട്ടി വിവാദത്തിൽ മറ്റ് മൂന്ന് പേരും കൂടി രാജിവെക്കുന്നത്. നാലുപേരുടെയും രാജി ബോറിസ് ജോൺസന്റെ ഗവൺമെന്റിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. പ്രധാനമന്ത്രി മാപ്പ് പറയണമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ തീരുമാനമാണ് എന്നതായിരുന്നു ചാൻസിലറുടെ മറുപടി. എന്നാൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന തികച്ചും ന്യായമാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ചാനൽ 4 ന്യൂസിനോട് വ്യക്തമാക്കി. മുനിറ മിർസയുടെ രാജിയും, ചാൻസലറുടെ പ്രസ്താവനയുമെല്ലാം ബോറിസ് ജോൺസനെതിരെയുള്ള ശക്തമായ നീക്കമാണോ എന്നതു സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്. ബോറിസ് ജോൺസന്റെ നേതൃത്വത്തെ സംബന്ധിച്ച ആശങ്കകളും വിവിധ ചർച്ചകളിൽ ഉയരുന്നുണ്ട്. എന്നാൽ പാർട്ടി വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി തന്നെയാണ് തന്റെ സ്റ്റാഫുകളുടെ രാജിക്ക് പിന്നിലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ടോറി എംപിമാർ വ്യക്തമാക്കി. ഒരു തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടും നിലവിൽ ഉണ്ടായിരിക്കുന്ന വിവാദത്തെ ഒഴിവാക്കാനാവില്ലെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ ഹോം ജീവനക്കാരൻ അന്തേവാസികളിൽ നിന്ന് പണം തട്ടിയെടുത്തു. മുഹമ്മദ് ഹസൻ-ഒമർ എന്ന ജീവനക്കാരനാണ് നാല് പേരിൽനിന്നായി 1000 പൗണ്ടിലധികം മോഷ്ടിച്ചത്. ഈ പണം ഉപയോഗിച്ച് പ്രതി സ്‌പോർട്‌സ് ഡയറക്‌റ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

കെയർ ഹോം അന്തേവാസികളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. 2020 സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ് അരങ്ങേറിയത്. ഫെബ്രുവരി രണ്ടാം തീയതി ബുധനാഴ്ച ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലു വഞ്ചനാ കേസുകളിലും ഹസൻ ഒമർ കുറ്റം സമ്മതിച്ചു. കെയർ ഹോമിൽ താമസിക്കുന്ന ഒരാൾ പതിവിലും കൂടുതൽ പണം ചിലവഴിക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ 0.5 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്ക് ഉയർത്തുന്നത്. 2004 നു ശേഷം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പലിശനിരക്കുകൾ വർധിപ്പിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിൽ അഞ്ചു പേർ 25 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവിന് അനുകൂലിച്ചപ്പോൾ, മറ്റു നാലു പേർ 50 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടു. ഡിസംബറിനാണ് ബാങ്ക് 0.1 ശതമാനത്തിൽനിന്നും തങ്ങളുടെ പലിശനിരക്കുകൾ 0.25 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇതിനുശേഷമാണ് ബ്രിട്ടനിൽ കുറേ വർഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും രേഖപ്പെടുത്തിയത്. അവശ്യസാധനങ്ങളുടെ വില വർധനവും, ഇലക്ട്രിക്സിറ്റി ബില്ലുകളുടെയും മറ്റും വർധനവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വില വർദ്ധനവിനെ പിടിച്ചു നിർത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഇലക്ട്രിസിറ്റി ബില്ലുകൾക്ക് മേൽ 200 പൗണ്ടിന്റെ കുറവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

 

Copyright © . All rights reserved