Main News

മോറിസൺ കാർ പാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 21 കാരിയായ യുവതിയും 36 കാരനായ പുരുഷനുമാണ് അറസ്റ്റിലായത്. ശിശുവിൻെറ അമ്മയെ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെസ്റ്റ് മിഡ് ലാന്റ് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് വോൾവർഹാംപ്ടണിലുള്ള ബിൽസ്റ്റണിലെ മോറിസൺസിലെ കാർപാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. പൂർണ്ണവളർച്ചയെത്താത്ത കുട്ടിയുടെ മരണകാരണം അറിയുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിൻെറ രോഗവ്യാപനം തടയാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റ്  കിറ്റുകൾ നൽകാനൊരുങ്ങി ബ്രിട്ടീഷ് ഗവൺമെൻറ്. ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ രോഗവ്യാപനതോത് ഉയരുമെന്ന ആശങ്ക രാജ്യമൊട്ടാകെ ഉയർന്നിട്ടുണ്ട്. എല്ലാ വീടുകളിലേയ്ക്കും സൗജന്യമായി ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനുള്ള ബൃഹത് പദ്ധതി സർക്കാർ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനത്തെ പിടിച്ച് നിർത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 ബാധിച്ച മൂന്നുപേരിൽ ഒരാൾക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രോഗബാധിതനെ തിരിച്ചറിയാൻ ഈ നടപടി വളരെ നിർണ്ണായകമാകും.

നിലവിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഇല്ലാത്തവരോ 18 വയസ്സോ അതിൽകൂടുതലോ പ്രായമായിട്ടുള്ളവരോടാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ജോലിയോ പഠനമോ നടക്കുന്ന സ്ഥലത്ത് നിന്ന് കോവിഡ്-19 പരിശോധനകൾ ഒന്നുംതന്നെ കിട്ടാത്ത സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്താനാണ് നിർദേശം കൊടുത്തിരിക്കുന്നത്. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾക്ക് പകരം അവർ തീർച്ചയായും പിസിആർ ടെസ്റ്റ് നടത്തുകയും സ്വയം ഒറ്റപ്പെടലിന് വിധേയമാകുകയും ചെയ്യണം.

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡയാന രാജകുമാരിയുമായി മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിലിപ്പ് രാജകുമാരൻ. വിൻഡ്സർ കാസിലിൽ തന്നെ മനസിലാക്കിയ ഒരേ ഒരാളാണ് ഭർതൃപിതാവായ ഫിലിപ്പ് എന്ന് ഡയാന വെളിപ്പെടുത്തിയിട്ടുണ്ട്. എത്ര സ്ത്രീകൾ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ ഭർതൃപിതാവുമായി ചർച്ച ചെയ്യുമെന്ന് ഒരിക്കൽ അവൾ തന്റെ സുഹൃത്തുക്കളോട് ചോദിച്ചു. കൊട്ടാരത്തിലെ ഒരു അംഗം ആയി നിലകൊണ്ടപ്പോഴും സമൂഹത്തിലെ ജീവിതങ്ങളെ നോക്കികണ്ട ഫിലിപ്പ്, കൂടുതൽ യാഥാർഥ്യബോധത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്. ഡയാനയോട് ഇഷ്ടമുണ്ടായിരുന്നിട്ടും തെറ്റ് കണ്ട സമയങ്ങളിൽ അത് ചൂണ്ടിക്കാട്ടാനും ഫിലിപ്പ് മടിച്ചില്ല. ഡയാനയെ കഠിനാധ്വാനിയായാണ് അദ്ദേഹം കണക്കാക്കിയതെങ്കിലും, രാജകുമാരിക്ക് സ്ഥാപനത്തോട് യഥാർത്ഥ പ്രതിബദ്ധതയുണ്ടോയെന്ന് അദ്ദേഹം സംശയിച്ചു.

32കാരനായ മകൻ ചാൾസിന് ഒരു തുണയെ കണ്ടെത്തിയത് പിതാവ് ഫിലിപ്പ് ആണ്. ഫിലിപ്പ് അവളെ സ്വാഗതം ചെയ്യുകയും അവളെ സന്തോഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് അവളെ വളരെ ഇഷ്ടമായിരുന്നു. പാർക്കർ ബൗൾസിനോടുള്ള മകന്റെ മതിപ്പ് അദ്ദേഹത്തിനും രാജ്ഞിക്കും അറിയില്ലായിരുന്നു. ഈ ആദ്യകാലഘട്ടത്തിലുടനീളം ഡയാനയുടെ യുക്തിരഹിതവും പ്രവചനാതീതവുമായ പെരുമാറ്റത്തെ ഫിലിപ്പ് നോക്കിക്കാണുന്നുണ്ടായിരുന്നു.

രാജകുടുംബത്തിൽ വിവാഹം കഴിച്ചെത്തി, ജീവിതത്തിലെ സമ്മർദ്ദങ്ങളെയും ഉത്തരവാദിത്തങ്ങളെയും നേരിടേണ്ടിവന്ന അദ്ദേഹത്തെപ്പോലെയുള്ള ഒരു പുറംനാട്ടുകാരിയായിരുന്നു അവൾ. ഡയാനയുടെ സങ്കടത്തിന്റെ ആദ്യകാല കാരണം എന്തുതന്നെയായാലും ഫിലിപ്പിന് അവളോട് ഗണ്യമായ സഹതാപമുണ്ടായിരുന്നു. പ്രണയത്തിലായ ദമ്പതികളെന്ന നിലയിൽ ചാൾസിലും ഡയാനയിലും തനിക്കും രാജ്ഞിക്കും എപ്പോഴും ‘വലിയ പ്രതീക്ഷകൾ’ ഉണ്ടായിരുന്നുവെന്ന് ഫിലിപ്പ് ഒരു സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞിരുന്നു. ഡയാനയ്ക്ക് എഴുതിയ കത്തുകളുടെ അവസാനത്തിലെല്ലാം അദ്ദേഹം ഒരു വാചകം കുറിച്ചിടുമായിരുന്നു. “നിറയെ സ്നേഹത്തോടെ, പാ” ഒരു മകളെ പോലെ ഡയാനയെ കരുതുകയും സ്നേഹിക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും കയർക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഫിലിപ്പ്. ഒരർത്ഥത്തിൽ അവളെ ഏറ്റവും അടുത്തറിഞ്ഞ മനുഷ്യൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് മുതൽ ബ്രിട്ടനിൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ നിലവിൽ വരും. പബ് ഗാർഡനുകൾ, ഇൻഡോർ ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവ ഇന്നുമുതൽ ഇംഗ്ലണ്ടിൽ തുറന്നു പ്രവർത്തിക്കും . വടക്കൻ അയർലൻഡിലെ “സ്റ്റേ-അറ്റ്-ഹോം” നിയമത്തിലും മാറ്റം വന്നിട്ടുണ്ട്. പല നിയമങ്ങളിലും ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടുമ്പോൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു. ഇളവുകൾ അനുവദിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടും എന്ന ആശങ്ക പൊതുവേ നിലവിലുണ്ട് . ഇളവുകൾ സാധാരണ ജീവിതത്തിലേക്കുള്ള രാജ്യത്തിൻെറ ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുതൽ 15 പേർക്ക് വിവാഹങ്ങളിലും 30 പേർക്ക് ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാൻ സാധിക്കും. സ്കോട്ട്ലൻഡിൽ എല്ലാ സ്കൂൾ വിദ്യാർത്ഥികളും സ്കൂളുകളിലേയ്ക്ക് മടങ്ങിയെത്തുകയാണ്. രാജ്യത്ത് ജനുവരി 6 -ന് ആരംഭിച്ച മൂന്നാംലോക് ഡൗണിന് ശേഷം ഇത് മൂന്നാം തവണയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഘട്ടംഘട്ടമായി അനുവദിക്കുന്നത്. ഇന്നലെ കോവിഡ് -19 മൂലം 7 പേരാണ് രാജ്യത്ത് മരണമടഞ്ഞത് . 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. അതേസമയം ഇന്നലെ രാജ്യത്ത് 1730 പേർ കോവിഡ് പോസിറ്റീവായി

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവൻ ലോക്‌ ഡൗണിലായപ്പോൾ അനതിസാധാരണമായൊരു മാറ്റം ലോകജനതയ്ക്കുണ്ടായി. ഭൂരിപക്ഷം പേരും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരാൻ തുടങ്ങി. പ്രത്യേകിച്ചും ലോക്ക്ഡൗൺ നടപടികൾ വളരെ കർശനമായ രാജ്യത്തു നിന്നുള്ളവർ. പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം ഡോക്ടർമാരും നേഴ്‌സുമാരും ഇത്തരത്തിൽ ദുഃസ്വപ്നത്തിലൂടെ കടന്നു പോകുന്നവരായിരുന്നു.

യുദ്ധകാലഘട്ടങ്ങളിലേതിനു സമാനമായ രീതിയിൽ കോവിഡ് മുൻനിര പ്രവർത്തകരെയും സ്ത്രീകളെയും യുവജനങ്ങളെയും ദുഃസ്വപ്നങ്ങൾ അലട്ടാറുണ്ടായിരുന്നെന്ന് കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥി റേച്ചൽ ഹോ പറയുന്നു.

സ്ഥിരമായി സ്‌ട്രെസ് അനുഭവിക്കുന്ന വ്യക്തികളാണ് കൂടുതലായും ദുഃസ്വപ്നങ്ങൾ കാണാറുള്ളത്. പഠനത്തിൽ പങ്കെടുത്തവരിൽ കുട്ടികൾ ഉൾപ്പെടെ പകുതിയിലധികം പേരും ആഴ്ചയിൽ നാലു ദിവസമെങ്കിലും ദുഃസ്വപ്നം കാണുന്നവരാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ദുഃസ്വപ്നങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ നിർവഹിക്കുന്ന പങ്ക് ചെറുതല്ല. മുൻപ് മനസ്സിനെ പരിക്കേൽപ്പിച്ച കാര്യങ്ങളെ പുറത്ത് വിടാൻ തലച്ചോർ സ്വമേധയാ കണ്ടെത്തിയ മാർഗ്ഗമാണിത്. ദുഃസ്വപ്നം കാണുന്നവർക്ക് പിന്നെ ഒരിക്കൽ അത്തരം അനുഭവം നേരിട്ട് ഉണ്ടായാൽ തലച്ചോറിന് ഉണ്ടാകുന്ന ആഘാതം ചെറുതായിരിക്കും എന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇത്തരം സ്വപ്നങ്ങൾ നമ്മളെ കൊണ്ട് ജീവിതത്തെ നേരിടാൻ പഠിപ്പിക്കുകയാണ്. മാത്രമല്ല പഴയ വേദനിപ്പിക്കുന്ന ഓർമകളെ പുറത്ത് കളഞ്ഞു പുതിയൊരു ദിവസത്തേക്ക് തലച്ചോറിനെ പാകപ്പെടുത്തുന്ന ജോലിയും ഈ വിധം നിർവഹിക്കപ്പെടുന്നു.

എന്നാൽ എക്സ്പോഷർ റീലാക് സേഷൻ തെറാപ്പി എന്ന ചികിത്സയിലൂടെ ശതാബ്ദങ്ങൾ നീണ്ടു നിന്ന ദുഃസ്വപ്നങ്ങൾ ചികിത്സിച്ചു മാറ്റാമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. സമാനമായ രീതിയിൽ ഇമേജറി റിഹേഴ്സൽ തെറാപ്പിയും ഈ വിധത്തിൽ സഹായിക്കുന്നു. മാനസിക ആരോഗ്യ ചികിത്സാ രംഗത്തിന് പുതിയ മാനമാണ് കൈവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫിലിപ്പ് രാജകുമാരൻെറ മരണം രാജകുടുംബങ്ങളുടെ ഇടയിലെ പിണക്കങ്ങൾക്ക് അവസാനം കുറിച്ചേക്കാം എന്ന് മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ അഭിപ്രായപ്പെട്ടു. ഏപ്രിൽ -17ന് നടക്കുന്ന ഫിലിപ്പ് രാജകുമാരൻെറ സംസ്കാരചടങ്ങിനായി ഹാരി രാജകുമാരൻ കൊട്ടാരത്തിലെത്തും. എന്നാൽ ഗർഭിണിയായ മെഗാന് മെഡിക്കൽ നിർദ്ദേശത്തെ തുടർന്ന് ചടങ്ങുകളിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വില്യമും ഹാരിയുമായുള്ള ബന്ധം മോശമായിരിക്കുന്ന സന്ദർഭത്തിൽ ചടങ്ങുകൾക്കായി ഹാരി എത്തുന്നത് പ്രശ്നങ്ങൾ തീർപ്പാക്കാൻ വഴിയൊരുക്കുമെന്നാണ് സർ ജോൺ മേജർ അഭിപ്രായപ്പെട്ടത്.

സർ ജോൺ മേജർ

ഡയാന രാജകുമാരിയുടെ മരണത്തെ തുടർന്ന് രാജകുമാരന്മാരായ വില്യത്തിൻെറയും ഹാരിയുടെയും രക്ഷാധികാരി സർ ജോൺ മേജർ ആയിരുന്നു. കാന്റർബറി അതിരൂപത അനുസ്മരണ ചടങ്ങിൽ ഡ്യൂക്കിന് ആദരാഞ്ജലി അർപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വില്യം ഹാരി രാജകുമാരൻമാർ പങ്കെടുക്കാനിരിക്കുന്ന ഡ്യൂക്കിൻെറ സംസ്കാര ചടങ്ങിന് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി നേതൃത്വം നൽകും.

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജിമ്മി ജോസഫിന്റെ അവിശ്വസനീയ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത സ്റ്റോക്ക് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട  ജിമ്മിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുചേരുന്നു. ഏപ്രിൽ അഞ്ചിനാണ് സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് മുണ്ടക്കൽ (54) നിര്യാതനായത്‌.

ഈ വരുന്ന ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന്‌ (11.00am, 13/04/2021)  മണിക്കാണ് മരണാനന്തര ചടങ്ങുകൾ പള്ളിയിൽ ആരംഭിക്കുക. സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് എയ്ഞ്ചൽ ആൻഡ് സെന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ഫാദർ ജോർജ്ജ് എട്ടുപറയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. ഇതനുസരിച്ചു ബന്ധുക്കളുടെയും കൂട്ടുകാരുടെയും വെട്ടിച്ചുരുക്കിയ ലിസ്റ്റ് പ്രകാരമാണ് പ്രസ്‌തുത ചടങ്ങ് നടത്തപ്പെടുക.

സ്വാഭാവികമായും 500 റിൽ അധികം കുടുംബങ്ങൾ ഉള്ള സ്റ്റോക്ക് മലയാളികൾക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരം നൽകണമെന്ന ആഗ്രഹമുണ്ടെങ്കിലും കോവിഡ് നിബന്ധനകളിൽ ഇപ്പോൾ അനുവദനീയം അല്ല എന്നതിനാൽ ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.

പള്ളിയിലെ ജിമ്മിച്ചേട്ടന്റെ അനുസ്മരണ ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വി സ്ക്വയർ ടി വി ആണ് സംപ്രേഷണം നടത്തുന്നത്. ശവസംക്കാരം പിന്നീട് പരേതന്റെ ഇടവകയായ പാലാ, പിഴക് പള്ളിയിൽ നടക്കും.

ബുധനാഴ്ച്ച ഭാര്യ ബീജീസ് നാട്ടിലേക്ക് പുറപ്പെടുന്നു. നാട്ടിലെത്തി അവിടുത്തെ നിയമമനുസരിച്ചു ക്വാറന്റൈൻ ഇരിക്കേണ്ടതുണ്ട്. നാട്ടിൽ ബീജീസിന്റെ ക്വാറന്റൈൻ തീരുന്ന സമയത്തിനനുസരിച്ചു യുകെയിലെ ഫ്യൂണറൽ ഡിറക്ടർസ് ജിമ്മിയുടെ ഭൗതീകദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബീജീസ് നാട്ടിലെത്തി കോവിഡ് പ്രോട്ടോകോൾ തീരുന്നതിനനുസരിച്ചാണ് സംസ്‌കാരം നാട്ടിൽ നടത്തപ്പെടുന്നത്. സംസ്‌കാരം നടക്കുന്ന കൃത്യമായ  തിയതി തീരുമാനിച്ചിട്ടില്ല. പാലാ, പിഴക്‌  സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതനായ ജിമ്മി ജോസഫ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതു പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. കൊച്ചുമകൻ ആയിരിക്കുന്ന ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുക്കും. കാസ്റ്റിലിൽ നിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ഇലക്ഷൻ പ്രചാരണം രാജകുമാരന്റെ മരണത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. രാജകുമാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയും രാജകുമാരൻെറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ജനഹൃദയങ്ങളിൽ എപ്പോഴും ഫിലിപ്പ് രാജകുമാരന് ഒരിടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് തന്നെ രോഗബാധിതനായിരുന്ന രാജകുമാരൻ ചികിത്സയിലായിരുന്നു. നൂറാം പിറന്നാളിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് രാജകുമാരന്റെ മരണം. കോവിഡ് മാനദണ്ഡങ്ങൾ മൂലം ജനങ്ങൾക്ക് ചടങ്ങുകളിൽ ഒന്നും തന്നെ പങ്കെടുക്കുവാൻ സാധിക്കുകയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ തന്റെയും തന്റെ കുടുംബത്തിന്റെയും വേദന രേഖപ്പെടുത്തി മകൻ ആയിരിക്കുന്ന ചാൾസ് രാജകുമാരൻ. വളരെ സ്നേഹനിധിയായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചാൾസ് രാജകുമാരൻ ഓർമിച്ചു. ഫിലിപ്പ് രാജകുമാരൻ തന്റെ കുടുംബത്തിനും, കുടുംബാംഗങ്ങൾക്കും, സമൂഹത്തിനും, രാജ്യത്തിനും, കോമൺവെൽത്തിനു മൊത്തമായി ചെയ്ത സേവനങ്ങൾ വളരെ നിർണായകമാണെന്ന് ചാൾസ് രാജകുമാരൻ രേഖപ്പെടുത്തി. തന്റെ പിതാവിനെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്ന് ചാൾസ് രാജകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.

മരണക്കിടക്കയിൽ ഫിലിപ്പ് രാജകുമാരൻ തന്റെ മകനായ ചാൾസ് രാജകുമാരന് രാജകുടുംബം മുന്നോട്ടു നയിക്കാനുള്ള ഉപദേശങ്ങൾ നൽകി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുടക്കത്തിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവസാന നാളുകളിൽ ഇരുവരും വളരെ നല്ലൊരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തുടർച്ചയായ ഫോൺ സംഭാഷണങ്ങൾ ഉണ്ടായിരുന്നതായും, തന്റെ മകന് അവസാനനാളുകളിൽ ആവശ്യമായ എല്ലാ ഉപദേശങ്ങളും ഫിലിപ്പ് രാജകുമാരൻ നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തന്റെ പിതാവ് തനിക്ക് വളരെ പ്രത്യേകതയുള്ളവനായിരുന്നു എന്ന് ചാൾസ് രാജകുമാരനും അനുസ്മരിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

മരണാനന്തര ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച മൂന്ന് മണിക്ക് രാജ്യമെമ്പാടും ഒരു മിനിറ്റ് നിശബ്ദത ആചരിക്കും. ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനസൂചകമായാണ് ഇത്. 8 ദിവസം ദുഃഖാചരണവും ഉണ്ട്.

RECENT POSTS
Copyright © . All rights reserved