ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടന്ന് അഭയാർത്ഥികൾ ചെറിയ ബോട്ടുകളിലായി എത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 70 ഓളം പേരാണ് ഇത്തരത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ഏകദേശം 20 പേരടങ്ങുന്ന ഒരു സംഘത്തെയാണ് ബോർഡർ ഫോഴ് സ് അംഗങ്ങൾ കരയിൽ എത്തിച്ചത്. ഇതിൽ ഭൂരിഭാഗം പേരും 20 വയസിനോടടുത്തവരായിരുന്നു. ഇവർക്ക് പുറകെ ഏകദേശം 50 പേരടങ്ങുന്ന അടുത്ത സംഘത്തെയും എമർജൻസി ടീമംഗങ്ങൾ കരയിലെത്തിച്ചു. ഇതിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച മാത്രം എത്രത്തോളം പേർ ഇത്തരത്തിൽ എത്തിയതായി ഇതുവരെ കൃത്യമായ കണക്കുകൾ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ വർഷം മാത്രം ഏകദേശം ഏഴായിരത്തോളം പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തിയത് എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏകദേശം പത്തോളം ബോട്ടുകളിലാണ് ഇത്തരത്തിൽ ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചത്. ഇത്തരത്തിലുള്ള യാത്രയിൽ കടലിൽ വീണ രണ്ടുപേരെ ബോർഡർ ഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു. യുകെയിലേക്ക് കൃത്യമായ എൻട്രി പാസുകൾ ഇല്ലാതെ കടക്കുന്നത് നിയമവിരുദ്ധം ആക്കാൻ ഇരിക്കെയാണ് അഭയാർഥികളുടെ പ്രവാഹം. അഭയാർഥികളുടെ മറവിലൂടെ നടക്കുന്ന കള്ളക്കടത്ത് തടയാൻ ആണ് ഈ നിയമം പാസാക്കുന്നത്. വളരെ അപകടം നിറഞ്ഞ യാത്രയാണ് ഇംഗ്ലീഷ് ചാനലിലൂടെ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ് ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സാമൂഹ്യ മാധ്യമത്തിൽ വംശീയാധിക്ഷേപം ഉയർന്നത്. നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ച ശേഷം എക് സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് അസൂറിപ്പട സ്വന്തമാക്കിയത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് ഇറ്റലി കിരീടം ഉറപ്പാക്കിയത്. ഇതിനുപിന്നാലെയാണ് രോക്ഷാകുലരായ ആരാധകർ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങൾക്കെതിരെ അധിക്ഷേപം നടത്തിയത്. “വംശീയ അധിക്ഷേപങ്ങൾക്ക് വിരാമമിടാൻ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ മത്സരങ്ങൾ തുടങ്ങിയതുതന്നെ. ഷൂട്ടൗട്ടിൽ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്‌ബോൾ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കീഴടക്കിയ ചെറുപ്പക്കാരാണ് അവർ. ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവർക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.” താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൂന്നു പേരും യുവതാരങ്ങളാണെന്ന പരിഗണന പോലും നൽകാതെയാണ് ആരാധകര്‍ അധിക്ഷേപം അഴിച്ചുവിട്ടത്. താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ കേസ് എടുക്കുമെന്ന് മെറ്റ് പോലീസ് അറിയിച്ചു. അതോടൊപ്പം തോൽവിക്കു പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളിൽ 45 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇംഗ്ലണ്ട് പുരുഷ-വനിതാ ദേശീയ ടീമുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇരകളായ കളിക്കാർക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
ഫുട്ബോളിൽ വംശീയതയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു. വംശീയ അധിക്ഷേപങ്ങളോട് പ്രതിഷേധിക്കാനായി മുട്ടുകുത്തിയാണ് ഇംഗ്ലണ്ട് ടീം മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ഈ സമയം പലപ്പോഴും ഗാലറിയില്‍ നിന്ന് മോശം പെരുമാറ്റമാണ് ഉയരുന്നത്. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ പല രാജ്യങ്ങളിലും ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ പതിവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരള :- മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വിടവാങ്ങി. മാസങ്ങളായി ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ്, പുലർച്ചെ 2.35 ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഒരു സഭയുടെ തലവൻ എന്നതിനേക്കാളുപരിയായി മനുഷ്യഹൃദയങ്ങളെ ചേർത്തു നിർത്തിയ പുണ്യ ഇടയനെയാണ് കേരളത്തിലെ സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുവാനും, അശരണരെയും ആലംബഹീനരേയും കരുതുവാനും പിതാവ് കാണിച്ച താൽപര്യം എടുത്തുപറയേണ്ടതാണ്. എല്ലാവരെയും തുല്യമായി കാണുക എന്ന തത്വത്തിൽ ആയിരുന്നു പിതാവ് വിശ്വസിച്ചിരുന്നത്. പതിമൂന്നാം തീയതി രാവിലെയുള്ള പൊതുദർശനത്തിനു ശേഷം, വൈകിട്ട് മൂന്നുമണിയോടു കൂടി ശവസംസ്കാര ശുശ്രൂഷ ഉണ്ടാകും.
മലയാളം യു കെയുമായി പിതാവ് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മലയാളം യുകെ വായനക്കാർക്കായി അദ്ദേഹം എഴുതിയ സന്ദേശം. അസാധാരണമായ കോവിഡ് കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ക്ഷണികതയെയും ഓർമിപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാനുള്ള കാലത്തിന്റെ പരിശ്രമമാണ് ഓരോ പ്രതിസന്ധിയുമെന്ന് തിരുമേനി എഴുതിയിരുന്നു. പരസ്പരമുള്ള വിശ്വാസമില്ലായ്മകളും, അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ മറ്റുള്ളവർക്കായി തുറക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു. ഇത്തരത്തിൽ എല്ലാവരെയും കരുതുകയും സ്നേഹിക്കുകയും ചെയ്ത നല്ല ഇടയനെ ആണ് സഭയ്ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജന മനസ്സുകളിലൂടെ കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോ കപ്പ് ഫൈനൽ മത്സരം നടന്ന വെംബ്ലി സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാത്ത കാണികൾ അതിക്രമിച്ച് കയറി. പോലീസ് ബാരിക്കേഡുകളും, മറ്റു സുരക്ഷാ വലയങ്ങളും ഭേദിച്ചാണ് കാണികൾ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരിക്കലും അംഗീകരിക്കാൻ ആകുന്ന പെരുമാറ്റമല്ല കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇത് മൂലം ഇംഗ്ലണ്ട് ടീമിന് തന്നെ നാണക്കേട് ഉണ്ടായെന്നും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കൂടുതൽ പേർ അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കുവാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥരോടൊപ്പം മെട്രോപോളിറ്റൻ പോലീസും ഉടൻതന്നെ നടപടിയെടുത്തു. ടിക്കറ്റില്ലാത്ത കാണികളെ ഉടൻതന്നെ പുറത്താക്കാനുള്ള നടപടികളും കൈക്കൊണ്ടതായി പോലീസ് അധികൃതർ വ്യക്തമാക്കി. അതിക്രമിച്ചു കടക്കുന്നതിൽ ഉൾപ്പെട്ടതായി തിരിച്ചറിയുന്ന എല്ലാവർക്കും എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ സുരക്ഷാ വീഴ്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് വെംബ്ലി സ്റ്റേഡിയം അധികൃതർ അറിയിച്ചത്. എന്നാൽ പിന്നീട് ചെറിയതോതിൽ വീഴ്ച ഉണ്ടായതായും, പൊലീസിനൊപ്പം ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമിച്ചുകയറിയ കാണികളെ പുറത്താക്കിയതായും അവർ വ്യക്തമാക്കി. കാണികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘട്ടനത്തിൽ ഏർപ്പെട്ടതിന്റെ ഫൂട്ടേജുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കാണികളെ നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് ഇല്ലായിരുന്നതായുള്ള കുറ്റപ്പെടുത്തലുകളും ഉണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെംബ്ലി : നീണ്ട 55 വർഷങ്ങൾ ഇംഗ്ലണ്ടുകാർ കാത്തിരുന്നത് കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെടുന്നത് കാണാനായിരുന്നോ? വെംബ്ലിയിലെ ഇംഗ്ലീഷ് ആരാധകരുടെ സ്വപ്നം തട്ടിത്തെറുപ്പിച്ച് മാൻസീനിയുടെ അസൂറിപ്പട യൂറോ കപ്പുമായി റോമിലേക്ക് പറക്കും. നിശ്ചിതസമയത്തും അധികസമയത്തും ഓരോ ഗോൾ അടിച്ചു സമനില പാലിച്ച് ഷൂട്ട് ഔട്ടിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ടിന് പിഴച്ചു. പെനാൽറ്റിയെടുക്കാൻ വേണ്ടി മാത്രം സൗത്ത്ഗേറ്റ് കളത്തിലിറക്കിയ മാർകസ് റാഷ്ഫോഡിന്റെയും ജോർദൻ സാഞ്ചോയുടേയും കിക്കുകൾ പിഴച്ചതോടെ ഇറ്റലിയുടെ നീലനിറം യൂറോയുടെ ഹൃദയത്തിൽ പടർന്നു. പിന്നാലെയെത്തിയ യുവതാരം സാക്കയ്ക്കും പിഴച്ചതോടെ ഇംഗ്ലീഷ് പടയുടെ പതനം പൂർത്തിയായി. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം. അതോടെ ഇംഗ്ലണ്ടുകാരുടെ കണ്ണീർ കുതിർന്ന മണ്ണിൽ ഇറ്റാലിയൻ പട ആനന്ദനൃത്തം ചവിട്ടി. യൂറോപ്യൻ ഫുട്ബോളിന്‍റെ വേഗവും ചടുലതയും നിറഞ്ഞു തുളുമ്പിയ ഫൈനൽ പോരാട്ടം.
മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഇംഗ്ലണ്ട് കാലാശപ്പോരാട്ടം ആവേശകരമാക്കി. കെവിൻ ട്രിപ്പിയറിന്റെ മനോഹര ക്രോസ് ഇടം കാലുകൊണ്ട് അതിലും മനോഹരമായി വലയിലെത്തിച്ച ലൂക് ഷായാണ് ഇംഗ്ലണ്ട് കാണികളെ ആനന്ദത്തിൽ ആറാടിച്ചത്. ഗംഭീര കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ആ ഗോൾ പിറന്നത്. അധികം വൈകാതെ തന്നെ കളിയുടെ നിയന്ത്രണം ഇറ്റലി പിടിച്ചെടുത്തെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിര ഉറച്ചു നിന്നു. 36ാം മിനിറ്റിൽ ലൂക് ഷാ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നൽകിയ ക്രോസ് പിടിച്ചെടുക്കാൻ ആരുമില്ലാതെ പോയി. രണ്ടാംപകുതിയിൽ കൂടുതൽ ശക്തരായി കളം പിടിക്കുന്ന ഇറ്റലിയെയാണ് മൈതാനം കണ്ടത്. ഒടുവിൽ ഇറ്റാലിയൻ ആരാധകർ ആഗ്രഹിച്ച നിമിഷമെത്തി. 66ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ പോസ്റ്റിൽ തട്ടിമടങ്ങിയ പന്ത് ബൊനൂചി വലയിലെത്തിക്കുകയായിരുന്നു. ആക്രമണങ്ങൾ തുടർന്നെങ്കിലും ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിന്റെ ഞൊടിയിട സേവുകളാണ് കളി അധികസമയത്തേക്ക് നീട്ടിയത്.
പെനാൽറ്റിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി. 1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ഇംഗ്ലീഷ് താരങ്ങൾ ഗോൾ നേടാൻ മറന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇറ്റലിയാണ് മുന്നിൽ. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഗോൾകീപ്പർ ഡോണറുമ്മ. റോബർട്ടോ മാൻസീനിയെന്ന തന്ത്രജ്ഞൻെറ വിജയമാണിത്. 2018 ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതെ പോയ ഒരു ടീമിന്റെ തിരിച്ചുവരവിന്റെ വീരഗാഥയാണിത്. ഇംഗ്ലീഷ് ആരാധകരുടെ കണ്ണീർക്കടൽ വെംബ്ലിയിൽ നിറയുന്നു. മറ്റൊരു കിരീടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.
ഡോ. ലിനി ജി. ആർ
ആഗോള വ്യാപനമായി തീർന്ന നോവൽ കൊറോണ ഡിസീസ് (covid-19) എന്ന മഹാമാരി ലോകത്തിന് പലതരത്തിൽ ഭീഷണി ഉയർത്തി ക്കൊണ്ടിരിക്കുകയാണ്. ഉത്പാദന ശേഷിയുള്ള ഒരു മാനവ വിഭവശേഷി ഏതൊരു സമ്പദ്ഘടനയുടെയും അവിഭാജ്യ ഘടകമാണ്. സാമ്പത്തിക വളർച്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു സമ്പദ് ഘടനയുടെ എല്ലാ മേഖലയിലുമുള്ള സന്തുലിതമായ വളർച്ചയാണ്. അതുകൊണ്ട് തന്നെ വൈജ്ഞാനികവും അനുഭവസമ്പത്തും ഉള്ള ഒരു തൊഴിൽ ശക്തിക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ കഴിയും. എന്നാൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു മുഴുവനും അതോടൊപ്പം വരും തലമുറയ്ക്കും ഭീഷണി ഉയർത്തുകയാണ്. തീരവ്യാധികളും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഭാവി തലമുറയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതുല്പാദന ശേഷിയെപ്പോലും അപകടകാരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സെൻട്രൽ ഡീസീസ് കണ്ട്രോളിന്റെ പഠനങ്ങൾ പറയുന്നത് കോവിഡുമായി ബന്ധപ്പെട്ടുവരുന്ന അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുന്നതും മരണപ്പെടുന്നതും കൂടുതലും ഗർഭിണികളായ സ്ത്രീകൾ എന്നതാണ്. അതുപോലെ കോവിഡിന്റെ അനന്തര ഫലമായി പുരുഷൻമാരുടെ പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതായത് കോവിഡ് ദേശീയ തലത്തിലും അന്തർദേശീയതലത്തിലും മാരകമായ ഭീഷണി ഉയർത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ.
എപ്പിഡമോളോജിക്കൽ പഠനം തെളിയിക്കുന്നത് ഒരു വയസ്സിന് താഴെ വരുന്ന കുട്ടികൾ, കാലയളവ് പൂർത്തിയാക്കും മുൻപുള്ള പ്രസവം, അബോർഷൻ തുടങ്ങിയവമൂലം മരണംവരെ സംഭവിക്കുവാൻ ഈ വൈറസ് കാരണമാകുന്നു.
ഇത്തരം സാഹചര്യത്തിൽ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രജ്ഞനായ മാൽത്തുസിന്റെ ആശയത്തിന് കൂടുതൽ പ്രസക്തി വരുന്നതായി കരുതാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ” ജനസംഖ്യ കാർഷിക ഉൽപ്പാദനത്തേക്കാൾ മുകളിലാകുന്ന സാഹചര്യത്തിൽ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ആയവ തരണം ചെയ്യാൻ വേണ്ടി ക്ഷാമം, യുദ്ധം, മഹാവ്യാധികൾ പ്രകൃതി ക്ഷോഭം തുടങ്ങിയവമൂലം ജനസംഖ്യ കുറയുകയും ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
കോവിഡ് മഹാമാരിമൂലം ഉണ്ടാകുന്ന ഇൻഫെർട്ടിലിറ്റി ആധുനിക വൈദ്യശാസ്ത്രത്തിന് നിയന്ത്രണവിധേയമാക്കുവാൻ കഴിയുമോ എന്നുള്ളതും ഭീതി ഉയർത്തുന്നു
ഈ സന്ദർഭത്തിൽ ആഗോള ഡീ പോപ്പുലേഷൻ എന്നത് ജനസംഖ്യ വിദഗ് ധരെ വിഷമത്തിലാക്കുന്ന സംഗതിയാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജനന നിരക്ക് ഒന്നോ അതിനു താഴെയോ ആണ്. അതു പോലെ യൂറോപ്പിൽ പോപ്പുലേഷൻ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. യുഎസിൽ ഫേർട്ടിലിറ്റി നിരക്ക് റീ പ്ലേസ്‌മെന്റിനും താഴെയാണ്. ഇനിയുള്ള സമയങ്ങളിൽ കോവിഡിന്റെ ആധിക്ക്യം മൂലം ഇനിയും ജനസംഖ്യാ നിരക്ക് കുറയാനാണ് സാധ്യത. കൂടാതെ ലോകത്തിലെ മിക്കവാറുമുള്ള ദരിദ്ര രാഷ്ട്രങ്ങളിലും വളരെ അപ്രതീക്ഷിതമാകും വിധത്തിൽ ജനന നിരക്ക് താഴുന്നതായി കാണുന്നു. ഇന്ത്യൻ ജനസംഖ്യയുടെ ഘടന നോക്കുമ്പോൾ വർക്കിംഗ് പോപ്പുലേഷൻെറ അനുപാതം 2011ൽ 61% ആയിരുന്നത് 2036 ആകുമ്പോൾ 65% ആയി കൂടും എന്നാണ് പ്രതീക്ഷ. അതായത് ഇന്ത്യൻ ജനസംഖ്യയുടെ ഘടന പരിശോധിച്ചാൽ യുവജനങ്ങളുടെ (28%)അനുപാതം കൂടുതലാണ്. ഇത് ഒരേസമയം വെല്ലുവിളിയും എന്നാൽ വൈജ്ഞാനികപ്രദവും അനുഭവസമ്പത്തും ഉള്ള ജനത എന്ന നിലയിൽ ഡെമോഗ്രാഫിക് ഡിവിഡന്റും ആണ്. ഇത്തരം യുവാക്കളുടെ തൊഴിൽ ശക്തിയുടെ പ്രതിഫലം പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലാണ് കോവിഡ് 19 എന്ന മഹാമാരിയുടെ വരവ്. ഇതിന്റെ ആഘാതം ഇന്ത്യയിലെ യുവജനങ്ങളിൽ തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടുകയും നമുക്ക് ഡെമോഗ്രാഫിക് ഡിവിഡന്റ് നഷ്ടപ്പെടുകയും ചെയ്യുന്നു. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PFI) യുടെ കണ്ടെത്തൽ അനുസരിച്ച് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് മിക്ക സംസ്ഥാനങ്ങളിലും കുറഞ്ഞു വരുന്നതായും ഇന്ത്യയുടെ ജനസംഖ്യ സ്ഥിരത കൈവരിക്കുന്നതായും പറയപ്പെടുന്നു.
ജനസംഖ്യ വർധനവ് മൂലം ലോകത്തുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. എന്നാൽ തുടർച്ചയായി ജനസംഖ്യ കുറഞ്ഞു വരുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ജനസംഖ്യ ഇനിയും താഴോട്ട് പോകാതെ നിലനിർത്താൻ എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്.
കുറഞ്ഞു കൊണ്ടിരിക്കുന്ന ജനസംഖ്യ അതിന്റെതായ പരിണിത ഫലങ്ങൾ ഉണ്ടാക്കും. ഉദാഹരണമായി ജപ്പാൻെറ ജനസംഖ്യ ഇപ്പോഴുള്ളതിൻെറ പകുതി ആകുന്നത് പരിഗണിച്ചാൽ അത് ആ രാജ്യത്ത് ഒരു ശൂന്യത സൃഷ്ടിക്കും.
ആരോഗ്യരംഗത്തും ജനസംഖ്യ നിയന്ത്രണത്തിലും രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ സമ്പൂർണ ലോക്‌ഡൗൺ മൂലം അപ്രതീക്ഷിതമായി ജി. എസ്. ഡി. പി യും എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങളും നഷ്ടമായി. പ്രവാസികളുടെ അപ്രതീക്ഷിതമായ മടങ്ങി വരവിലൂടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന് നിലച്ചു. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രകടമായ ആഘാതം ഉണ്ടാക്കി.
മേൽ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജനസംഖ്യ ലോകത്തിന് ഗുരുതരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 നെ തുടർന്ന് ഉണ്ടാകുന്ന ഫെർട്ടിലിറ്റി ഡിക്ലയൻ വ്യതസ്തമായ ഒരു ഭാവി തലമുറയെ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
(ഡോ. ലിനി.ജി.ആർ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് )
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ കടന്നതോടുകൂടി ബ്രിട്ടനിലെ ജോലിസ്ഥലങ്ങളിൽ പരക്കെ ഉയരുന്ന ചർച്ച ഫൈനലിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ജനങ്ങൾക്ക് ആഹ്ളാദിക്കാൻ ഒരു അധികദിന ബാങ്ക് ഹോളിഡേ അനുവദിക്കുമോ എന്നാണ്. സാധാരണ 8 പൊതുഅവധി ദിനങ്ങളാണ് ഇംഗ്ലണ്ടിൽ ഉള്ളത് . 2022 -ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ജൂൺ 3 – ന് ഒരു അധികദിനം പൊതു അവധി ലഭിച്ചിട്ടുണ്ട്. യൂറോ കപ്പിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ഒരു പൊതു അവധി ദിനം കൂടി ലഭിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചുള്ള പെറ്റീഷന് ഇതിനോടകം മൂന്നര ലക്ഷത്തോളം ആൾക്കാർ ഒപ്പിട്ടിട്ടുണ്ട്. ഒരുലക്ഷത്തിൽ അധികം ഒപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പെറ്റീഷനുകൾ എല്ലാം തന്നെ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ് ക്കെടുക്കും. ഇതിനിടയിൽ ആൽഡി പോലുള്ള സൂപ്പർമാർക്കറ്റ് സ്ഥാപനങ്ങൾ ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഒരു മണിക്കൂർ വൈകി വരാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ ആഹ്ളാദം പങ്കിടാനും രാജ്യസ്നേഹമുണർത്താനും ഒരു അധിക ദിന ബാങ്ക് ഹോളിഡേയ്ക്ക് ബോറിസ് ജോൺസൻ്റെ മേൽ സമ്മർദ്ദം മുറുകുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ രണ്ട് ഡോസ് വാക്സിനുകൾ നൽകുന്നതിനിടയിലുള്ള സമയപരിധി കുറയ്ക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ സമയപരിധി നാലാഴ്ചയായി കുറയ്ക്കാനാണ് തീരുമാനം. നിലവിൽ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ചയാണ്. സമയപരിധി കുറയ്ക്കുന്നതിലൂടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് പരമാവധി ജനങ്ങൾക്ക് രണ്ടാം ഡോസ് ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 4 ആഴ്ചയായി ഇടവേള കുറയ്ക്കുന്നതിന് അടിയന്തര മാർഗനിർദേശം നൽകണമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയോട് (ജെസിവിഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
ഈ തീരുമാനം അംഗീകരിക്കപ്പെട്ടാൽ യാത്രാ വിനോദസഞ്ചാര മേഖലയിലും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിൽ ജൂലൈ -19ന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചവർക്ക് ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ലെന്ന് ഗവൺമെൻറ് തീരുമാനം നേരത്തെ എടുത്തിരുന്നു. വാക്സിൻ ഇടവേള കുറയ്ക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ വിദേശയാത്രയ്ക്കുള്ള അവസരത്തിനാണ് വഴി തുറക്കുന്നത്.
ബ്രിട്ടനിൽ എല്ലാവരും ദിവസങ്ങളെണ്ണി കഴിയുകയാണ്. നിലവിലെ തീരുമാന പ്രകാരം ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് ഭരണനേതൃത്വത്തിൻെറ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത് രോഗവ്യാപനത്തിലും മരണ നിരക്കിലും വൻ കുതിപ്പിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം എന്തായിരിക്കും എന്നുള്ള ആകാംഷ രാജ്യത്തുടനീളം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ആമസോൺ യുകെയുടെ മുൻ മേധാവി ഡഗ്ലസ് ഗർ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ ലോർഡ് സ്റ്റീവൻസ് ആണ് എൻ എച്ച് എസിനെ നയിക്കുന്നത്. അടുത്തമാസം സ്റ്റീവൻസ് ഇറങ്ങുന്ന ഒഴിവിലേക്കാണ് ബ്രിട്ടീഷ് ബിസിനസുകാരനായ ഡഗ്ലസ് അപേക്ഷിച്ചിരിക്കുന്നത്. ഡഗ്ലസിന്റെ ഇന്റർവ്യൂ കഴിഞ്ഞ ആഴ്ച ട്രഷറി ഒഫീഷ്യൽസ് നടത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം പത്ത് റൗണ്ടുകളോളം നീണ്ട ഇന്റർവ്യൂവും, പലതരത്തിലുള്ള വിലയിരുത്തലുകളുമാണ് നടന്നത്.
അൻപത്തിയേഴുകാരനായ ഡഗ്ലസ് 2016 മുതൽ 2020 വരെയുള്ള സമയത്താണ് ആമസോണിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ആമസോണിൽ നിന്ന് പിരിഞ്ഞതിന് ശേഷം, അദ്ദേഹം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്ടർ എന്ന നിലയിലും, ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചു. യുകെ ഗവൺമെന്റുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഡഗ്ലസ്. എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് അപേക്ഷിച്ച നിരവധി പേരിൽ ഒരാളാണ് ഡഗ്ലസ് എന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേക്ക് പുതിയ ഒരാൾ വരുന്നത് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5 മില്യനോളം പേഷ്യന്റുകളുടെ അപ്പോയ്ന്റ്മെന്റുകളാണ് എൻ എച്ച് എസിൽ കെട്ടി കിടക്കുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നത് കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഷെഫ് ജോമോൻ കുര്യക്കോസ്
ബീഫ് ഫ്രൈ സാധാരണയായി വെണ്ണയിൽ വരട്ടിയ ബീൻസിൻെറ കൂടെ സെർവ് ചെയ്യാറുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ കറി വേപ്പിലയും മസാലയും ഇട്ട് ഉലർത്തിയ ബീഫിൻെറ കൂടെ അരിഞ്ഞിട്ട ബീൻസ് കൂടി ഇട്ടൊരു പിടി പിടിക്കണം. മൃദുവായ ബീഫും വളച്ചാൽ ഒടിയുന്ന ഫ്രഷ് ബീൻസും അടിപൊളി കോമ്പിനേഷൻ ആണ്.
ചേരുവകൾ
ബീഫ് -500 ഗ്രാം
സവാള – 2 എണ്ണം
പെരുംജീരകം -1/ 2 ടീസ്പൂൺ
പച്ച ഏലക്ക – 5 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരംമസാല-1 / 2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
വെളിച്ചെണ്ണ -200 എംൽ
ഉപ്പ് -ആവശ്യത്തിന്
ബീൻസ് -100 ഗ്രാം
ബീഫ് മാരിനേഷനു വേണ്ട ചേരുവകൾ
റെഡ് ചില്ലി പൗഡർ -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെപ്പർ പൗഡർ -1 ടീസ്പൂൺ
നാരങ്ങ നീര് – 1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വാരി എടുക്കുക. ഒരു മിക്സിങ് ബൗളിൽ മാരിനേഷന്റെ ചേരുവകൾ യോജിപ്പിച്ചു ഒരു പേസ്റ്റ് ആക്കി എടുത്ത് അതിലേയ്ക്ക് ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഒരു പ്രഷർ കുക്കറിലേയ്ക്ക് മാരിനേറ്റ് ചെയ്ത ബീഫ് മാറ്റി 4-5വിസിൽ വരെ കുക്ക് ചെയ്യുക.
ഒരു പാനിൽ ഓയിൽ ചൂടാക്കി പെരുംജീരകം, ഏലക്ക ,കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതു വരെ ഇളക്കി കൊടുത്തു വഴറ്റി എടുത്തതിനു ശേഷം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല മണം മാറി ഓയിൽ വലിയുന്നതു വരെ കുക്ക് ചെയ്യുക.
വളരെ ഡ്രൈ ആയിപ്പോകുകയാണെങ്കിൽ ബീഫ് വേവിച്ചു വെച്ചിരിക്കുന്നതിൽ നിന്നും അല്പം ഗ്രേവി ചേർത്തു നല്ല പോലെ വഴറ്റി എടുത്തതിനു ശേഷം ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ബീഫ് ഗ്രേവി സഹിതം ചേർത്ത് ചെറിയ തീയിൽ വെള്ളം വറ്റി നല്ല ബ്രൗൺ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. നല്ല ബ്രൗൺ നിറമായിക്കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച ബീൻസ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി മുകളിൽ തൂവി തീ ഓഫ് ചെയ്ത് ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. ചൂടോടെ സെർവ് ചെയ്യുക.
ഷെഫ് ജോമോൻ കുര്യാക്കോസ്