ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വേനൽക്കാലത്തെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയോഗിച്ച ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ റേസ് ആൻഡ് എത്‌നിക് ഡിസ്പെരിറ്റീസ്, ബ്രിട്ടനിലെ അസമത്വത്തെക്കുറിച്ച് 264 പേജുള്ള റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ദൈർഘ്യമേറിയ സ്കൂൾ ദിവസങ്ങൾ, ബ്ലാക്ക്,ഏഷ്യൻ, ന്യൂനപക്ഷ വംശജർ തുടങ്ങിയവ റിപ്പോർട്ടിന്റെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു. വംശീയ അസമത്വം കുറയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം എന്ന് അവർ വിലയിരുത്തി. വംശത്തിനും വർഗ്ഗീയതയ്ക്കും ചുറ്റുമുള്ള പ്രശ്‌നങ്ങൾക്ക് പ്രാധാന്യം കുറയുന്നുവെന്നും ചില സന്ദർഭങ്ങളിൽ, അസമത്വം വിശദീകരിക്കുന്നതിൽ അവ ഒരു പ്രധാന ഘടകമല്ലയെന്നും പറയുന്നു. പല വംശീയ സമുദായങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസത്തിൽ തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇവരുടെ ഈ ഉയർന്ന നേട്ടം കൂടുതൽ മികച്ചതും വ്യത്യസ്തവുമായ ജോലിയിടങ്ങൾ സൃഷ്ടിക്കുകയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ ജോർജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വ്യാപകമായ പ്രകടനങ്ങളെത്തുടർന്നാണ് ഒരു കമ്മീഷൻ രൂപീകരിക്കാൻ ജോൺസൻ തീരുമാനിച്ചത്. കമ്മീഷനിലെ 10 അംഗങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, നീതിന്യായ വ്യവസ്ഥ, ആരോഗ്യം എന്നിവയിലെ വംശീയ അസമത്വം പരിശോധിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സംസാരിച്ച കമ്മീഷൻ ചെയർ ടോണി സെവെൽ, “സ്ഥാപനപരമായ വംശീയത” യ്ക്ക് ബ്രിട്ടനിൽ തെളിവുകളൊന്നുമില്ലെങ്കിലും പല മുൻവിധികളും നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി. “വംശീയത നിലവിലില്ലെന്ന് ആരും പറയുന്നില്ല. അത് നിലനിൽക്കുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ റിപ്പോർട്ടിൽ പുരോഗതിയുടെ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും എന്നാൽ നടപടി ആവശ്യമുള്ള ചില “അസ്വസ്ഥജനകമായ ഇടങ്ങൾ” എടുത്തുകാണിക്കുന്നുവെന്നും വോയ്‌സ് 4 ചേഞ്ച് ഇംഗ്ലണ്ടിന്റെ ഡയറക്ടറും കമ്മീഷന്റെ സഹ-അംഗവുമായ കുൻലെ ഒലുലോഡ് പറഞ്ഞു. “പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പ് ആളുകൾ മുഴുവൻ റിപ്പോർട്ടും വായിക്കേണ്ടതുണ്ട്.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വംശീയ ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ ഈ രാജ്യത്ത് ഗുരുതരമായ അസമത്വങ്ങൾ നിലനിൽക്കുന്നുവെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോൺ സുഡ് വോർത്ത് എന്ന ലേഖകനാണ് നിഷ്പക്ഷമായ പത്രപ്രവർത്തനത്തിനെ തുടർന്ന് ചൈനീസ് അധികൃതരിൽനിന്ന് കുടുംബത്തിന് ഉൾപ്പെടെ ജീവന് ഭീഷണി നേരിട്ട് നാടുവിടാൻ നിർബന്ധിതനായത്. സിൻജിയാങ് മേഖലയിലെ ഉയ്‌ഗുർ മുസ്ലീങ്ങളെ പറ്റി മുൻപ് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ ചൈനീസ് ലേഖകനെ പറ്റി അഭിമാനമേയുള്ളൂ എന്നും, അദ്ദേഹം തങ്ങളുടെ റിപ്പോർട്ടറായി തുടരുമെന്നും ബിബിസി പ്രതികരിച്ചു. സിൻജിയാങ്ങിലെ ബിബിസിയുടെ റിപ്പോർട്ടിംഗ് അങ്ങേയറ്റം അപലപനീയമാണെന്ന് ചൈന ആരോപിക്കുന്നു.
ഒമ്പതു വർഷമായി ചൈനയിൽ താമസിക്കുന്ന ജോൺ ചൈനീസ് അധികൃതരിൽനിന്ന് നിത്യേന എന്നവണ്ണം തുടർച്ചയായി ഭീഷണികൾ നേരിട്ടതിനാലാണ് രാജ്യം വിടാൻ തീരുമാനിച്ചത്. കുടുംബത്തോടൊപ്പം ചെക്കിൻ ചെയ്യാൻ എയർപോർട്ടിലെത്തിയ ജോണിനൊപ്പം സാധാരണ വസ്ത്രം ധരിച്ച് പോലീസുകാർ എത്തിയിരുന്നു. ജോണിന്റെ ഭാര്യ യോവോൺ മുറെ ഐറിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ആർ ടി ഇ യിലെ ചൈന ലേഖികയാണ്.
ജോണിന്റെ ഭാര്യ യോവോൺ മുറെ
ഉദ്യോഗസ്ഥരിൽ നിന്ന് തുടർച്ചയായി നിയമ നടപടികളും ജീവനു ഭീഷണിയും നേരിടേണ്ടി വന്നതായി ജോൺ പറയുന്നു. എപ്പോൾ വീഡിയോ റെക്കോർഡ് ചെയ്യാൻ പുറപ്പെട്ടാലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പത്ര പ്രവർത്തനം നിർത്തില്ലെന്നും തായ് വാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നും ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ജോണിൻെറ സഹപ്രവർത്തകർ ബെയ്ജിങ്ങിൽ തന്നെ ജോലി തുടരും.
ചൈനയുടെ മറ്റൊരു മുഖം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തുക മാത്രമാണ് ജോൺ ചെയ്തതെന്നും, അതിന് അദ്ദേഹം കൊടുക്കേണ്ടി വന്ന വില വലുതാണെന്നും ബിബിസി അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനെ തുടർന്ന് അനുവദിക്കപ്പെട്ട ലോക് ഡൗൺ ഇളവുകൾ എല്ലാ അർത്ഥത്തിലും ആസ്വദിക്കുകയാണ് ബ്രിട്ടീഷുകാർ. 53 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ഈ ദിനങ്ങളിൽ ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് ബീച്ചുകളിലേയ്ക്ക് ഒഴുകിയെത്തിയത്. ഈ ദിവസങ്ങളിൽ ബ്രിട്ടണിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉയർന്ന താപനില 75 ഡിഗ്രി ഫാരൻഹീറ്റ് (24° സെൽഷ്യസ്) ആണ്. 6 പേർ ഒത്തുചേരാനുള്ള അനുവാദമാണ് നിലവിലുള്ളത്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി വൻ ആൾക്കൂട്ടമാണ് ബീച്ചുകളിലും പാർക്കുകളിലും തടിച്ചുകൂടിയത്.
തിങ്കളാഴ്ച നോട്ടിങ്ഹാമിലെ പാർക്കുകളിൽ ആളുകൾ മദ്യപിച്ച് പ്രശ്നം സൃഷ്ട്ടിച്ചതിനെ തുടർന്ന് പാർക്കുകളിൽ മദ്യം നിരോധിക്കാൻ പോലീസ് നിർബന്ധിതരായിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് ആസ്വദിക്കുമ്പോഴും കടുത്ത ജാഗ്രത പുലർത്തണമെന്ന് നൽകിയ മുന്നറിയിപ്പ് ജനങ്ങൾ അവഗണിച്ചത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്കയിലാണ് അധികൃതർ. ആഘോഷ തിമർപ്പിൽ ജനങ്ങൾ ബീച്ചുകളിലും പാർക്കുകളിലും ബിയർ ക്യാനുകളും ബാർബിക്യൂകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമില്ല. ഒസിഐ കാർഡ് ഉടമകൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോര്‍ട്ടുകള്‍ കരുതേണ്ട ആവശ്യമുണ്ടായിരുന്നു. ഈ വ്യവ്യവസ്ഥയിലാണ് സര്‍ക്കാര്‍, വിജ്ഞാപനത്തിൽ മാറ്റം വരുത്തിയത്. ഇനി മുതല്‍, പഴയ പാസ്‌പോര്‍ട്ട് നമ്പരുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പഴയ പാസ്‌പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അതോടൊപ്പം തന്നെ വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാൻ കാത്തിരിക്കുന്നവർക്കും ആശ്വസിക്കാനുള്ള വകയുണ്ട്. നിലവിലെ ഒസിഐ കാർഡുമായി യാത്രചെയ്യാനുള്ള ഇളവ് 2021 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ എംബസികൾ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ ജൂൺ 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ സമയം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയത്. 2005ൽ പ്രാബല്യത്തിൽ വന്ന ഒസിഐ കാര്‍ഡ് വ്യവസ്ഥകള്‍ പ്രകാരം, 20 വയസ്സിന് താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും അവരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴെല്ലാം അവരുടെ ഒസിഐ കാര്‍ഡും പുതുക്കേണ്ടതുണ്ട്. കോവിഡ് മൂലം ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരുന്നു. ഈ കാലാവധി ഒന്നിലധികം തവണ നീട്ടിയും നല്‍കി. എന്നിരുന്നാലും, ഇതാദ്യമായാണ് പഴയ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവ് നല്‍കുന്നത്.
ലോകമെമ്പാടുമുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്ന് പ്രവാസികൾ വിലയിരുത്തുന്നു. ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കാണ് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, സര്‍ക്കാര്‍ സേവനം, കാര്‍ഷിക ഭൂമി വാങ്ങല്‍ എന്നിവയൊഴികെ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഈ കാര്‍ഡ് നല്‍കുന്നു. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും ലഭിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായമായവരും രോഗഗ്രസ്തരുമായ ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പിൻവലിക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. കോവിഡ് – 19 ഏറ്റവും കൂടുതൽ അപകടകരമായി ബാധിക്കാൻ സാധ്യതയുള്ള ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വേണ്ടിയായിരുന്നു ഈ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്. രോഗവ്യാപനവും ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും താരതമ്യേന കുറഞ്ഞതാണ് പുതിയ തീരുമാനം കൈക്കൊള്ളാൻ ഗവൺമെൻറിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 4 ദശലക്ഷം ആളുകൾ രാജ്യത്ത് വീടുകളിൽ മുഖാവരണം അണിഞ്ഞാണ് കഴിയുന്നത്.
വീടുകളിൽ മുഖാവരണം ധരിക്കുന്നത് ഒഴിവായെങ്കിലും ദുർബല വിഭാഗത്തിൽപ്പെട്ട ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല എന്നും സാധ്യമാണെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുമാണ് ഇപ്പോഴും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 3.8 ദശലക്ഷവും വെയിൽസിൽ130,000 ഉം മാസ്ക് ധരിക്കുന്ന രോഗികളുണ്ട്. ഇന്നലെ രാജ്യത്ത് 56 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 4,040 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- നൈക്കിയുടെ എയർ മാക്സ് 97 സ്‌നിക്കേഴ്സ് ഷൂസ് ഉപയോഗിച്ച് സാത്താൻ ഷൂകൾ നിർമ്മിച്ച ബ്രൂക്ക്ലിൻ കമ്പനി എം എസ് സി എച്ച് എഫിനെതിരെ പരാതി നൽകിയിരിക്കുകയാണ് നൈക്കി. ഇത്തരത്തിലുള്ള ഷൂകളിൽ തലകീഴായി ആലേഖനം ചെയ്ത കുരിശും, പെന്റഗ്രാമും, അതോടൊപ്പം തന്നെ ‘ ലൂക്ക് 10:18’ എന്ന ബൈബിൾ വാചകവും ഉൾപ്പെടുന്നു. മാർച്ച് 29-നാണ് കമ്പനി 666 ഷൂസുകൾ ആദ്യമായി പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് ഈ ഷൂസുകൾ ഉണ്ടാക്കിയത്.
ഇതോടൊപ്പം തന്നെ ഇത്തരം ഷൂസുകളുടെ സോൾ നിർമ്മിച്ചിരിക്കുന്നത് ഒരുതുള്ളി മനുഷ്യരക്തം കൂടെ ഉപയോഗിച്ചാണ്. ഒരു പെയർ ഷൂസിനു 1018 ഡോളർ ആണ് വില. പുറത്തിറക്കിയ നിമിഷംതന്നെ എല്ലാ ഷൂസുകളും വിറ്റു പോയി. എന്നാൽ തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് നൈക്കി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള ഒരു ഷൂസുകളും നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുവാൻ കമ്പനി ശ്രമിച്ചിട്ടില്ലെന്ന് അവർ ഉറപ്പ് രേഖപ്പെടുത്തി.എം എസ് സി എച്ച് എഫിനെതിരെ നൈക്കി പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രോഡക്റ്റുകൾ മുൻപും ഈ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. രോഗബാധ പടരുന്ന ഈ സമയത്ത് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് ജനങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വ്യക്തമാക്കുന്നുണ്ട്.
ഷിബു മാത്യൂ
മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും തള്ളും എന്ന ആക്ഷേപഹാസ്യ പംക്തിക്ക് ജനപിന്തുണയേറുന്നു. വോട്ട് കുത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അങ്ങ് ഡെല്‍ഹിയില്‍ നിന്ന് എല്ലാ ‘ജീ’ മാരും കേരളത്തിലെത്തി. മോദിജി, രാഹുല്‍ജി, വൃന്ദാജി, പ്രിയങ്കാജി പിന്നെ, കേരളം ഇതുവരെയും കേട്ടിട്ടില്ലാത്ത വേറെ കുറെ ജീ മാരും. ജീ മാരേക്കൊണ്ട് കേരളം ചൂട് പിടിച്ച ദിവസമാണിന്ന്. കൊടുംചൂടില്‍ പെയ്ത മഴവെള്ളത്തില്‍ താമര വിരിയിക്കാനൊരുങ്ങി മോദിജി..
വോട്ട് കുത്ത് ഉല്‍സവം വന്നാല്‍ ദൈവങ്ങള്‍ക്ക് കിടക്കപ്പൊറുതിയില്ല. പാവം അയ്യപ്പന്‍! ഈ ഉല്‍സവത്തിലും മല ചവിട്ടാനൊരുങ്ങി എല്ലാ പാര്‍ട്ടിക്കാരും.
സോളാര്‍ ഇത്തവണ അത്ര കളം പിടിച്ചില്ല. സെക്രട്ടറിയേറ്റില്‍ മുന്‍തൂക്കമുള്ള സ്വപ്ന അകത്താണുതാനും.
ഇതിനിടയില്‍ മണ്‍മറഞ്ഞവര്‍ക്കും വോട്ട് നല്‍കി കമ്മീഷന്‍. ചെന്നിത്തലയ്ക്ക് ബോണസായി അമ്മച്ചിയുടെ പേരില്‍ രണ്ട് വോട്ട് കൂടുതല്‍ കിട്ടി.
ഇത്രയും ആമുഖം മാത്രം.
ജോയിസ് ജോര്‍ജ്ജായിരുന്നു ഇന്നത്തെ താരം. സോഷ്യല്‍ മീഡിയ ആത്മാര്‍ത്ഥത കാണിച്ച ദിവസം. മലയാളത്തില്‍ തെറികള്‍ എത്രവിധമുണ്ട് എന്ന് ആഗോള മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുത്തു എന്ന് വേണം പറയാന്‍.
ഇലക്ഷന്‍ പ്രചാരണ സമ്മേളനത്തില്‍ രാഹുല്‍ജിയെ ചെറുതായി ജോയിസ് ഒന്നു തോണ്ടി. ഈ പ്രായത്തില്‍, കേള്‍ക്കാന്‍ രസമുള്ള വിഷയമായതുകൊണ്ട് തൊട്ടടുത്ത കസേരയില്‍ ഇരുന്ന മണിയാശാന്‍ ആസ്വദിച്ച് നന്നായൊന്നു ചിരിച്ചു. അവിടെ നിന്നാണ് തുടക്കം. അതൊരാവേശമായി. പിന്നീട് ജോയിസിന്റെ കണ്‍ട്രോള്‍ പോയി. ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചതും ആസ്വദിച്ചതും കണ്ടതും കേട്ടതുമായ എല്ലാ വിഷയങ്ങളുടെയും ആകെ തുക ജോയിസ് മൈക്കിലൂടെ വിളിച്ചുകൂവി. ചിരിയടക്കാനാവാതെ മണിയാശാനും. ആശാന്റെ ചിരി ജോയിസിന് ആവേശമായി. അങ്ങനെ ഇടുക്കിയിലെ വൈകുന്നേരം ആശാന്റെ ചിരിയില്‍ അവസാനിച്ചു.
പക്ഷേ,
സോഷ്യല്‍ മീഡിയയില്‍ സൂര്യനുദിച്ചു.
തെറിയഭിഷേകം സൂര്യപ്രഭയോടെ. തുടക്കത്തിലേ ക്ഷമ പറഞ്ഞ് തടിയൂരാന്‍ ജോയിസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപകടം മണത്തറിഞ്ഞ മുഖ്യനും ഇടതു വശം ചേര്‍ന്ന് മുങ്ങി. ജോയിസിന്റെ കാലം കഴിഞ്ഞു. രാഷ്ട്രീയം മറക്കുക. ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ചവരാണ് ഗാന്ധി കുടുംബം. വല്ലതും വിളിച്ചു പറയുന്നവര്‍ ഓര്‍ക്കേണ്ടതും ഇതാണ്.
കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പണ്ടേ പറഞ്ഞ സ്വാമി വിവേകാനന്തന്റെ മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് മലയാളം യുകെ ന്യൂസിന്റെ ട്രോളും തള്ളും അവതരിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാനവരാശിയെ വേട്ടയാടുന്ന കൊറോണാ വൈറസ് പോലുള്ള മഹാമാരികൾക്ക് നേരെ ഭാവിയിൽ ലോകരാജ്യങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള 23 രാജ്യതലവന്മാർ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മഹാമാരികൾക്കെതിരെ മാനവരാശിയെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് നീങ്ങാനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്. ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്), ഏഞ്ചല മെർക്കൽ (ജർമ്മനി) തുടങ്ങിയ ലോകനേതാക്കളാണ് ബോറിസ് ജോൺസൺസനൊപ്പം സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് ലോക രാജ്യങ്ങളുടെ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് നേതാക്കൾ പറഞ്ഞു. ലോകമെങ്ങുമുള്ള പത്രങ്ങളിലൂടെ അച്ചടിച്ചുവന്ന കത്ത് ഇതിനകം വൻ ചർച്ചാ വിഷയമായി കഴിഞ്ഞു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഇതുവരെ 2.8 ലക്ഷം മരണങ്ങൾക്കാണ് കൊറോണാ വൈറസ് കാരണമായത്. 2019 -ൻെറ അവസാനനാളുകളിൽ ചൈനയിൽ കണ്ടെത്തിയ വൈറസ് ഇതുവരെ 127 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. ഒന്നിച്ച് ലോക രാഷ്ട്രത്തലവന്മാർ പുറത്തിറക്കിയ പ്രസ്താവന വരുംനാളുകളിൽ വാക്‌സിനുവേണ്ടിയുള്ള ശീത സമരങ്ങളെ നിർവീര്യമാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രത്യാശിക്കുന്നത്.
ഇടുക്കി: രാഹുല്‍ഗാന്ധിക്കെതിരേ നടത്തിയ അശ്‌ളീല പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്. ഇരട്ടയാറ്റില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച മാപ്പു പറയുന്നെന്നും ഖേദം പരസ്യമായി അറിയിക്കുകയാണെന്നും ഒരു പരിപാടിയില്‍ ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.
എംഎം മണിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഇരട്ടയാറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് അശ്ലീലം കലര്‍ന്നുള്ള പരാമര്‍ശം നടത്തിയത്. ഇതിനെ സിപിഎം നേതാക്കള്‍ തന്നെ എതിര്‍ത്ത് രംഗത്ത് വന്നതോടെയായിരുന്നു ഖേദപ്രകടനം. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്‌സ് പരസ്യ ഖേദപ്രകടനം നടത്തിയത്.
അതിനിടയില്‍ ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജോയ്‌സ് ജോര്‍ജ്ജിനെതിരേ മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പ്രതിഷേധിച്ചിരുന്നു. എറണാകുളം സെന്റ് തേരസാസ് കോളേജില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയെ പരിഹസിച്ചുള്ള ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശമായിരുന്നു വിവാദത്തിലായത്.
‘‘രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളെ രാഹുല്‍ ഗാന്ധി വരുമ്പോള്‍ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ’’ ഇങ്ങിനെയായിരുന്നു ജോയ്‌സിന്റെ വിവാദ പ്രസംഗത്തിലെ പരാമര്‍ശം.
രാഹുല്‍ഗാന്ധി കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് തേരസാസ് കോളേജിലെ പെണ്‍കുട്ടികളെ ആയോധന കലയായ ഐക്കിഡോയിലെ ചില മുറകള്‍ പഠിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. വിവാദപ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ചെയ്യാനും ജോയ്‌സ് ജോര്‍ജ്ജ് മറന്നില്ല.
ജോയ്‌സിന്റെ പ്രസ്താവന സിപിഎം ആദ്യം തന്നെ തള്ളി രംഗത്ത് വരികയായിരുന്നു. രാഹുലിനെതിരേ വ്യക്തിപരമായി നടത്തിയ പരാമര്‍ശം മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചെന്നും രാഹുലിന്റെ നിലപാടുകളെയായിരുന്നു എതിര്‍ക്കേണ്ടിയിരുന്നതെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രി കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ പ്രതികരിച്ചത്. ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. രാഹുലിനെ മാത്രമല്ല കേരളത്തിലെ സ്ത്രീത്വത്തെക്കൂടിയാണ് പരിഹസിച്ചതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ ഇന്നലെ മുതൽ അനുവദിച്ച ലോക്ഡൗൺ ഇളവുകളുടെ സന്തോഷത്തിലായിരുന്നു രാജ്യമെങ്ങും ജനങ്ങൾ. പുതിയ ഇളവുകൾ അനുസരിച്ച് ചൂടുള്ള കാലാവസ്ഥയിൽ ബീച്ചിലേയ്ക്ക് പോകാൻ ജനങ്ങൾക്ക് അനുവാദമുണ്ട്. ഈ വാരാന്ത്യത്തിൽ ബീച്ചിലേയ്ക്ക് ആയിരങ്ങൾ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തന്നെ 6 ആളുകളുടെ ഗ്രൂപ്പുകൾക്ക് ഒത്തുചേരലുകൾക്കും അനുവാദമുണ്ട്. ഈസ്റ്റർ ദിനത്തിൽ കൂടുതൽ യാത്രചെയ്യാനും തങ്ങളുടെ ഉറ്റവരും പ്രിയപ്പെട്ടവരുമായി പുനഃസമാഗമത്തിനായും ഈ ഇളവുകൾ ജനങ്ങൾക്ക് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ അനുവദിക്കപ്പെട്ട ഇളവുകൾ ആസ്വദിക്കുമ്പോഴും ജാഗ്രത കൈവിടാൻ പാടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം കോവിഡ് -19 കേസുകൾ കുതിച്ചുയരുന്നത് നമ്മൾക്ക് പാഠമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വാക്സിൻ വഴിയായി ആർജ്ജിച്ച പ്രതിരോധ ശേഷിയെ കവച്ചുവയ്ക്കാൻ കെൽപ്പുള്ള ജനിതക മാറ്റം വന്ന കോവിഡ് വൈറസുകൾക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകുന്നതിൽ രാജ്യത്തിൻറെ മുന്നേറ്റം തുടരുകയാണ്. ഔദ്യോഗിക കണക്കുപ്രകാരം 30 ദശലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിരോധ വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതായത് മുതിർന്ന പൗരന്മാരിൽ 57 ശതമാനം പേർക്കും യുകെയിൽ വാക്‌സിൻ നൽകാൻ സാധിച്ചത് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 15 -നുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. യുകെയിൽ രോഗവ്യാപനവും മരണനിരക്കും മുമ്പത്തേക്കാൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 23 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 4,654 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.