Main News

സ്വന്തം ലേഖകൻ

ഫ്രാൻസ് : കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം. അടുത്തിടെ സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്. രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് ഇന്നലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബ്രിട്ടീഷുകാരുമായി മറ്റാരൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താനായി ഒരു ഹോട്ട്ലൈൻ (0800 100 379) തുറന്നു. “രോഗം ബാധിച്ചവരുമായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു” ; ആരോഗ്യമന്ത്രി അഗ്നസ് ബുസിൻ പറഞ്ഞു.

ഫ്രാൻസിലെ ആശുപത്രിയിൽ കഴിയുന്ന 11 ബ്രിട്ടീഷുകാർ സ്‌കൂൾ റിസോർട്ടിലെ രണ്ട് പ്രത്യേക ചാലറ്റുകളിൽ താമസിച്ചതായി കോണ്ടാമൈൻസ്-മോണ്ട്ജോയ് മേയർ എറ്റിയെൻ ജാക്കറ്റ് പറഞ്ഞു. ഇതിൽ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി അവിടെ താമസിസിച്ചിരുന്ന 11 ബ്രിട്ടീഷുകാരെയും ലിയോൺ, സെന്റ്-എറ്റിയെൻ, ഗ്രെനോബിൾ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 720 കടന്നു. 35000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു. മറ്റ് 27 രാജ്യങ്ങളിലായി 320ഓളം രോഗബാധിതരുണ്ട്. യുകെയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും വിമാനം ഇന്ന് രാവിലെ 150 ഓളം ബ്രിട്ടീഷുകാരുമായി പുറപ്പെടും. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിനായി അവരെ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് കൊണ്ടുപോകും.

സ്വന്തം ലേഖകൻ

അത്യാവശ്യഘട്ടമാണെങ്കിൽ മാത്രമേ ഞായറാഴ്ച പുറത്തു പോകാവൂ എന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ. 80എംപിഎച് വേഗത കണക്കാക്കപ്പെടുന്ന കാറ്റ് മൂലം ഇന്ന് നടക്കാനിരുന്ന പല പരിപാടികളും മാറ്റി വെച്ചു. ശനിയും ഞായറും ജനങ്ങൾ കരുതലോടെ പെരുമാറണമെന്ന് മറ്റ് ഓഫീസ് അറിയിച്ചു. റോഡുകളും പാലങ്ങളും അടച്ചിടുന്നത് മൂലം ഗതാഗതം സ്തംഭിക്കും.

കാറ്റ് മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾ നേരിടാൻ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട് . കൊടുംകാറ്റിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയുണ്ട് . ശനിയാഴ്ച നോർത്തേൺ അയർലണ്ട്, സ്കോട് ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, വെയിൽസ്‌ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഞായറാഴ്ച യു കെ യിലെ മറ്റു സ്ഥലങ്ങളിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം. പ്രാന്ത പ്രദേശങ്ങളിൽ 50മുതൽ 60 വരെ എംപിഎച് കാറ്റ് വീശാമെങ്കിലും തീരദേശങ്ങളിൽ 80 എംപിഎച് വരെ ആകാനാണ് സാധ്യത .

യു കെ യുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുഴുവൻ പ്രദേശങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിചിരിക്കുകയാണ്. അത്യാവശ്യമെങ്കിൽ മാത്രമേ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാവൂ എന്നും, റെയിൽ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും എ എ യും, നെറ്റ്‌വർക്ക് റെയിലും അറിയിച്ചു. ട്രാക്കിനും ഇലക്ട്രിക് ലൈനുകൾക്കും നാശ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്. വലിയ തിരകൾക്ക് സാധ്യത ഉള്ളതിനാൽ കടൽത്തീരങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

ബാങ്കോക്ക് ∙ ബാങ്കോക്ക് ∙ തായ്‌ലൻഡിൽ വെടിവയ്പിൽ 21sz പേരെ കൊന്ന സൈനികനെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി തായ് പോലീസ് അറിയിച്ചു

തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെതിരുന്നു.

സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പു നടത്തിയ അക്രമി സെഞ്ചുറി 21 ഷോപ്പിങ് മാളിൽ ഒട്ടേറെപ്പേരെ ബന്ദികളാക്കിയിരുന്നു . .

കൂട്ടക്കൊല ലൈവ് സ്ട്രീം ചെയ്ത കൊലയാളി തൽസമയ ചിത്രങ്ങളും ‘ഞാൻ കീഴടങ്ങണോ?’, ‘മരണത്തിൽ നിന്നാർക്കും രക്ഷപ്പെടാനാകില്ല’ തുടങ്ങിയ കുറിപ്പുകളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊലയാളിയുടെ അക്കൗണ്ട് ഫെയ്സ്ബുക് പിന്നീട് നീക്കം ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മറ്റൊരു സൈനികനെയും സ്ത്രീയെയും വെടിവച്ചുകൊന്ന ശേഷം കൊലയാളി സൈനികകേന്ദ്രത്തിൽ നിന്നു തോക്കെടുത്തു ഷോപ്പിങ് മാളിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൈനിക വാഹനമോടിച്ചു പോകുന്നതിനിടെ തലങ്ങുംവിലങ്ങും വെടിയുതിർത്തുകയായിരുന്നു.

ഡോ. ഐഷ . വി.

ഭൂതകാലത്തിലേയ്ക്ക് ചികഞ്ഞ് ഓർത്തെടുക്കാൻ നോക്കിയാൽ ഏതറ്റം വരെ ഒരാൾക്ക് ഓർത്തെടുക്കാൻ പറ്റും? ചിലർക്ക് രണ്ടര വയസ്സു മുതലുള്ള കാര്യങ്ങൾ ഓർമ്മ കണ്ടേക്കാം. ചിലർക്ക് 3 വയസ്സു മുതലുള്ള കാര്യങ്ങൾ ഒാർമ്മിച്ചെടുക്കാൻ പറ്റിയേക്കാം. ചിലർക്ക് ചിലപ്പോൾ മറവി ഒരനുഗ്രഹമായേക്കാം. ചിലർക്ക് ഓർത്തെടുക്കൽ ആനന്ദം നൽകിയേക്കാം. ജീർണ്ണിച്ച ഓർമ്മകളിൽ ജീവിക്കാനാകും ചിലർക്കിഷ്ടം. എന്നാൽ ചിലർക്കാകട്ടെ ഒന്നും ഓർക്കാനുള്ള നേരം കാണില്ല . എപ്പോഴും മുന്നോട്ടുള്ള കുതിപ്പാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ബന്ധുക്കൾ എല്ലാം അവർക്ക് ബന്ധനങ്ങൾ ആകും.
കുറെ നാളുകൾക്ക് മുമ്പ് തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരിയിലെ ആശ്രമ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ജീവചരിത്ര ലഘുലേഖ വായിക്കാനിടയായി. അദ്ദേഹത്തിന്റെ ഓർമ്മയിൽ പിറന്ന ദിനത്തിൽ മുറിയിലുണ്ടായിരുന്ന റാന്തൽ വെളിച്ചം ഓർമ്മയിൽ ഉണ്ടായിരുന്നത്രേ. മഹാഭാരതത്തിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ കേട്ട കാര്യം ഓർക്കുന്ന പ്രതിഭകളെ കുറിച്ചു o പ്രതിപാദിക്കുന്നുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചു നോക്കി. 19/05/1971 ൽ അത് ചെന്ന് അവസാനിക്കുന്നു. അതിന് മുമ്പുള്ള കാര്യങ്ങൾ എനിയ്ക്ക് കേട്ടറിവാണ്. കേട്ടറിവ് മാത്രം. മേൽ പറഞ്ഞ ദിനം ഞാനോർക്കാൻ ഒരു കാരണമുണ്ട്. അന്ന് രാവിലെ ഒരു വയറ്റാട്ടി ത്തള്ളയാണ് എന്നെ വിളിച്ചുണർത്തിയത്. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന പിഞ്ചു പൈതലിനെ എനിയ്ക്ക് കാണിച്ചു തന്നിട്ട് അവർ പറഞ്ഞു. ഇത് മോളുടെ കുഞ്ഞനുജനാണ്. മോൾക്ക് കളിക്കാൻ കൂട്ടായി. എനിയ്ക്ക് വളരെ സന്തോഷം തോന്നി.
എനിക്ക് ഓർത്തെടുക്കാൻ പറ്റിയതിന്റെ അങ്ങേയറ്റം. അന്ന് എനിയ്ക്ക് മൂന്നു വയസ്സും രണ്ട് മാസവും ആറ് ദിവസവും പ്രായമായിരുന്നു. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ, പ്രാധാന്യങ്ങൾ ഒക്കെയുണ്ടെങ്കിൽ അതൊക്കെ നമ്മൾ ഓർത്തിരിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആദ്യ പ്രസവം കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലായിരുന്നെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിലായിരുന്നു. അമ്മ ആശുപത്രിയിൽ പരിശോധനയ്ക്ക് കൃത്യമായി പോയിരുന്നെങ്കിലും കുഗ്രാമത്തിൽ നിന്ന് അന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേയ്ക്കു പോകാൻ വണ്ടിയൊന്നും കിട്ടിയില്ല. പട്ടണപ്രദേശത്ത് സ്ത്രീ രോഗ വിദഗ്ദർ ( ഗൈനക്കോളജിസ്റ്റുകൾ) ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ വയറ്റാട്ടികൾ നാമാവശേഷമായിരുന്നില്ല. അമ്മയുടെ വീട്ടിലെ കഷായപ്പുരയിൽ പണി ചെയ്യുന്ന പത്മനാഭന്റെ (പപ്പനാവൻ എന്ന് മറ്റു പണിക്കാർ പറയും. എളുപ്പമുണ്ടല്ലോ?) അമ്മയായിരുന്നു ആ വയറ്റാട്ടി.
ഞാനും വയറ്റാട്ടിയും കൂടി അമ്മയുടെ അടുത്തേയ്ക്ക് പോയി. അമ്മ സന്തോഷത്തോടെ എന്റെ തോളത്തു തട്ടി.

ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്തു കൊണ്ട് ആദില ഹുസൈൻ മലയാളം യു കെ യിൽ എഴുതിയ വേരില്ലാത്തവർ എന്ന കവിതയുടെ വീഡിയോ ആവിഷ്കാരം   പുറത്തിറങ്ങി . ലോക മനസ്സാക്ഷിയെ പരിക്കേൽപ്പിച്ച റോഹിൻഗ്യൻ അഭയാർത്ഥികളുടെ പലായനത്തിനിടയിൽ ബോട്ട് മറിഞ്ഞു ദാരുണാന്ത്യത്തിന് ഇരയായ അയ്‌ലൻ കുർദിയെ സ്മരിച്ചു എഴുതിയതാണ് കവിത.

ഒരിക്കൽ പ്രസിദ്ധീകരിച്ച ഈ കവിത പിന്നീട് ബൾഗേറിയയിൽ നിന്ന് ട്രക്കിൽ കയറി ലണ്ടനിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തണുത്തു മരവിച്ചു മരിച്ച 39 അഭയാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളം യു കെ പുനപ്രസിദ്ധീകരിച്ചിരുന്നു.

പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ വേരില്ലാത്തവർ എന്ന കവിതയ്ക്ക് പുതിയ പുതിയ മാനങ്ങൾ കൈവരികയാണ് .

വേരില്ലാത്തവർ : ആദില ഹുസൈൻ എഴുതിയ കവിത

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇൻഷുറൻസ് പണത്തിനായി ദത്തെടുത്ത ഇന്ത്യക്കാരനായ സ്വന്തം മകനെ കൊല്ലാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ ഇന്ത്യയ്ക്ക് കൈമാറുക ഇല്ലെന്ന് ബ്രിട്ടീഷ് കോടതിവിധി. അമ്പത്തഞ്ചുകാരിയായ അർത്തി ദിറിനും , അവരുടെ ഭർത്താവ് കാവൽ റായ്ജാഥക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദത്തെടുത്ത 11 വയസ്സുള്ള ഗോപാൽ സേജാനി എന്ന മകനെ 2017-ൽ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. 2015 – ലാണ് ഇവർ ഗുജറാത്തിൽ ദത്തെടുക്കുന്നതിനായി എത്തിയത്. അങ്ങനെയാണ് മൂത്ത ചേച്ചിയോടും, ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന ഗോപാലിനെ ദത്ത്‌എടുക്കുന്നത്. 150, 000 പൗണ്ടിന് ഒരു ഇൻഷുറൻസ് പോളിസി ഗോപാലിന്റെ പേരിൽ എടുത്തു. ഈ പോളിസി ഗോപാലിന്റെ മരണത്തോടെ മാത്രമേ ലഭിക്കുമെന്നതിനാലാണ് ആണ് അവനെ കൊല്ലാൻ ശ്രമിച്ചത്.

2017 ഫെബ്രുവരി 8ന് ഗോപാലിനെ ഒരുസംഘം ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഗോപാലിൻെറ സഹോദരി ഭർത്താവ് ഹർസുഖ് കർദാനിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് ഇരുവരും ആശുപത്രിയിൽ വച്ച് മരിച്ചു. ഇരുവർക്കുമെതിരെ ഇന്ത്യയിൽ ആറോളം കേസുകളാണ് നിലനിൽക്കുന്നത്. ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് 2017 ജൂണിൽ ഇവരെ ബ്രിട്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഇവരെ ഇന്ത്യയ്ക്ക് കൈമാറുവാൻ സാധിക്കില്ല എന്ന വിധി ന്യായം ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങനെ കൈമാറുന്നത് ദമ്പതികളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.

ഇവർക്കെതിരെ ബ്രിട്ടനിൽ തന്നെ അന്വേഷണം നടക്കും. ഇവരെ തിരികെ ഇന്ത്യയ്ക്ക് കൈമാറുകയില്ല. എന്നാൽ ഇങ്ങനെ ഇന്ത്യയോട് അന്വേഷണത്തിൽ സഹകരിക്കാതിരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായങ്ങൾ പലഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കുടുംബാസൂത്രണ വിദഗ്ധനായ മനീഷ് ഷാ ജയിലിൽ. സ്ത്രീ രോഗികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ മനീഷ് ഷാ, 23 സ്ത്രീകളെയും ഒരു 15 വയസുകാരി കുട്ടിയേയും ആക്രമിക്കുകയുണ്ടായി. ഒപ്പം സ്വന്തം സുഖത്തിനായി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തു. രോഗികളിൽ അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആക്രമണങ്ങൾ നടത്തിയത്. റോംഫോർഡിൽ നിന്നുള്ള ഷാ, 2009 മെയ് മുതൽ 2013 ജൂൺ വരെ അനാവശ്യ പരിശോധനകൾ നടത്തിയെന്ന് ഇരകളെ ബോധ്യപ്പെടുത്തി. അധികാരസ്ഥാനം ദുരുപയോഗം ചെയ്ത വഞ്ചകൻ എന്നാണ് ജഡ്ജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഈ ആക്രമണങ്ങൾ ഒക്കെ “പ്രതിരോധ മരുന്ന്” ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 50 കാരനായ ഡോക്ടർ, കഴിഞ്ഞ ശരത്കാലത്തിലാണ് മാവ്നി മെഡിക്കൽ സെന്ററിൽ ആറ് ഇരകൾക്കെതിരായ 25 ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ൽ നടന്ന ഒരു വിചാരണയിൽ, മറ്റ് 18 ആളുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അങ്ങനെ ആകെ 23 രോഗികളുമായി ബന്ധപ്പെട്ട 90 കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സ്വന്തം ലൈംഗിക തൃപ്തിക്കായി അനാവശ്യ ക്ലിനിക്കൽ പരിശോധനകൾ അദ്ദേഹം നടത്തി. സ്ത്രീകൾക്കെല്ലാം കടുത്ത അധിക്ഷേപവും അപമാനവും തോന്നുന്നുവെന്നും മനീഷ് ഷായുടെ മേൽ അവർ ചെലുത്തിയ വിശ്വാസം ഭയങ്കരമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും സോ ജോൺസൺ ക്യുസി പറഞ്ഞു. അവരെ അദ്ദേഹം വളരെയധികം വേദനിപ്പിച്ചു എന്ന് അവർ പറഞ്ഞു. വിശ്വാസവഞ്ചനയിലൂടെ സ്ത്രീകളെ ചൂഷണം ചെയ്ത ജിപി മനീഷ് ഷായ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

 

സ്വന്തം ലേഖകൻ

കൊറോണ വൈറസിന്റെ ആദ്യത്തെ ഇരയായ ഡോക്ടർ ലി വെൻലിയാങ് ആദ്യം മരിച്ചതായും പിന്നീട് വീണ്ടും ജീവിച്ചിരിക്കുന്നതായും ഒടുവിൽ മരിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് തലവേദനയായി. 34 കാരനായ ലി വൈറസിനെപ്പറ്റി അവേർനെസ്സ് നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസിന്റെ നോട്ടപ്പുള്ളി ആയ വ്യക്തിയാണ്, അതിനാൽ തന്നെ മാധ്യമങ്ങൾ വീര പരിവേഷം ചാർത്തി നൽകിയിരുന്നു.

വ്യാഴവും വെള്ളിയുമായിട്ടാണ് ലി യുടെ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചൈനീസ് സോഷ്യൽ മീഡിയയിൽ ലി, വുഹാനിലെ കൊറോണ വൈറസ് മൂലം മരിച്ചെന്നു വാർത്ത പരന്നു. ലി യെ ഒരു ദുരന്ത നായകനാക്കി ചിത്രീകരിച്ചാണ് മിക്ക പോസ്റ്റുകളും പ്രത്യക്ഷപെട്ടത്. 10.40 ന് ചൈനീസ് സ്റ്റേറ്റ്ന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസിലും ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒഫീഷ്യൽ പത്രമായ പീപ്പിൾസ് ഡെയിലിയും മരണം സ്ഥിതീകരിച്ചു. മരണത്തെ ദേശീയ ദുരന്തം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 11.30ഓടെ വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ അങ്ങേയറ്റം ദുഖമുണ്ടെന്നു ഒഫിഷ്യൽ ട്വിറ്റർ പോസ്റ്റ്‌ ചെയ്‌തെങ്കിലും പിന്നീട് പിൻവലിച്ചു. കൃത്യമായ വിവരം ലഭ്യമല്ലാഞ്ഞതിനാൽ ആണ് അത് പിൻവലിച്ചതെന്നു പിന്നീട് പ്രെസ്സ് കോൺഫറൻസിൽ അറിയിച്ചു.

വെള്ളിയാഴ്ച വെളുപ്പിന് 12.38 ന് ലി മരിച്ചിട്ടില്ല എന്നും, രോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. ആ സമയം മറ്റു രണ്ട് പത്രങ്ങളിലെയും വാർത്ത അപ്രത്യക്ഷമായി.

12.57ഓടെ ഗ്ലോബൽ ടൈംസ് ഒഫീഷ്യൽ അക്കൗണ്ടിൽ അദ്ദേഹം തീവ്ര പരിചരണവിഭാഗത്തിൽ ആണെന്നും, അതിനുള്ളിൽ നിന്നു വിതുമ്പലുകൾ കേൾക്കാമെന്നും ട്വീറ്റ് ചെയ്തു. വെളുപ്പിന് 2മണിയോടെ ഫ്രീഡം ഓഫ് സ്പീച് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടന്നു.

3.48 ഓടെ അദ്ദേഹം 2.58ന് മരിച്ചതായി വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും. തങ്ങളുടെ അനുശോചനം അറിയിക്കുന്നു എന്നുമായിരുന്നു വാർത്ത. വെള്ളിയാഴ്ച വെളുപ്പിന് 4മണിയോടെ മറ്റു മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചു.

ഗ്ലാസ്‌ഗോ: യു കെ യിൽ ഇദംപ്രഥമമായി മാർഷൽ ആർട്സിൽ ചീഫ് ഇൻസ്റ്റക്ടർ പദവി നൽകിയപ്പോൾ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരൻ ടോം ജേക്കബ് മലയാളികൾക്ക് അഭിമാനമാവുന്നു. ജപ്പാനിൽ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തർദ്ദേശീയ കരാട്ടെ സെമിനാറിൽ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അർപ്പ ണവും പുറത്തെടുക്കുവാനും, ആയോധനാ കലകളിൽ തന്റെ വൈഭവം പ്രദർശിപ്പിക്കുവാനും സുവർണാവസരമാണ് ലഭിച്ചത്. കൂടാതെ മാർഷൽ ആർട്സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീർഘമായ 35 വർഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്‌ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാൻ കൂടുതലായി സ്വാധീനിച്ചത്.

കളരി(തെക്കൻ ആൻഡ് വടക്കൻ),കുങ്ഫു, കരാട്ടെ, ബോക്സിങ് അടക്കം വിവിധ ആയോധന കലകളിൽ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇൻസ്ട്രക്ടർ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറിൽ പങ്കെടുക്കുവാനുള്ള എൻട്രി അസാധാരണ വൈഭവം ഉള്ള മാർഷൽ ആർട്സ് വിദഗ്ദർക്കേ നൽകാറുള്ളൂ.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളിൽ കരാട്ടെ ട്രെയിനർ ആയി പ്രവർത്തി ചെയ്തിട്ടുണ്ട്. അബുദാബിയിൽ കൊമേർഷ്യൽ ബാങ്കിൽ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളിൽ ഏറെ ശിഷ്യഗണങ്ങൾ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഗ്ളാസ്ഗോയിൽ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യിൽ നിന്നും മാർക്കറ്റിങ്ങിൽ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കരാട്ടെ അഭ്യാസ മുറകൾ സ്വായത്തമാക്കുമ്പോൾ അതിലൂടെ നേടാവുന്ന ഗുണങ്ങളും പ്രയോജനങ്ങളും കുട്ടികളെ മനസ്സിലാക്കുവാനും, ഒരു ഉപജീവന മാർഗ്ഗമായും ഉപയോഗിക്കാവുന്ന ഈ ആയോധന കലയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യം ഉണർത്തുവാനും, അച്ചടക്കത്തോടെയും,ചിട്ടയോടും കൂടി കരാട്ടെ പരിശീലിക്കുവാനും ടോമിന്റെ ക്ലാസ്സുകൾ കൂടുതൽ ഗുണകരമാണ്. മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളിൽ കരാട്ടെയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആർജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകൾ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങൾ തുടരുന്നതിനും ഗ്രേഡുകൾ നൽകുന്നതിനും യു കെ യിൽ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.

സ്കോട്ട്ലൻഡ് ആൻഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റൽ കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പർ ആയ ജയിംസ് വാസ്റ്റൺ അസോസിയേഷനിൽ നിന്ന് 2018 ൽ അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ്, ജപ്പാൻ- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിൻകോ കായ് കരാട്ടെ അസോസിയേഷനിൽ നിന്നും 2014 ൽ നാലാം ഡാൻ ബ്ലാക്ക് ബെൽറ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയിൽ നിന്നും 2005 ൽ മൂന്നാം ഡാൻ ഷോട്ടോക്കൻ കരാട്ടെ ജപ്പാൻ ബ്ലാക്ക് ബെൽറ്റ്, ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ നിന്നും 2002 ൽ ബ്ലാക്ക് ബെൽറ്റ് രണ്ടാം ഡാൻ, ഷോട്ടോക്കാൻ കരാട്ടെ ജപ്പാൻ 1996 ൽ ബ്ലാക്ക് ബെൽറ്റ് ഒന്നാം ഡാൻ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങൾ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയിൽ അഭിമാനപൂർവ്വം കോർത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പർ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തർദേശീയ സെമിനാറിൽ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.

യു കെ യിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിൽ 10 വർഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലർത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയിൽ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യൻ കരാട്ടെയിൽ ഒമ്പതാം ഡാൻ ബ്ലാക്ക് ബെൽറ്റ് താരവും, കരാട്ടെയിൽ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജി8 ൽ പ്രശസ്ത കരാട്ടെ ഗുരു ഇയാൻ അബ്ബറെനിന്റെ ഷോട്ടോക്കൻ സ്റ്റൈൽ ബുങ്കായ് & പ്രാക്ടിക്കൽ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലർത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എംഎംഎ & ബ്രസീലിയൻ ജിയു-ജിറ്റ്സു, സ്കോട്ട്ലൻഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കൻ സ്റ്റൈൽ കരാട്ടെ കോളിൻ സ്റ്റീൽ സെൻസി അഞ്ചാം ഡാൻ ജിസ്സെൻ റായിഡു (സ്കോട്ട്ലൻഡ്) ന്റെയും , പോൾ എൻഫിൽഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടർന്ന് പോരുന്നു. സീനിയർ ഷോട്ടോക്കൻ സെൻസി ജോൺ ലണ്ടൻ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ്, സെൻസി ബ്രെയിൻ ബ്ലാക്ക് ബെൽറ്റ് മൂന്നാം ഡാൻ, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലൻസ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.

നിരവധി അഭിമാനാർഹമായ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വർഷമായി ആയയോധന കലകളിൽ കഠിനമായ പരിശീലനം തുടർന്ന് കൊണ്ടിരിക്കുകയാണ്.

 

ജപ്പാൻ ഒക്കിനാവ കരാട്ടെ ആൻഡ് കോബു-ദോ ഷോർ-റായിഡു റെഹോക്കൻ അസോസിയേഷൻ ചെയർമാനും റെഡ് ബെൽറ്റിൽ പത്താം ഡാൻ കരാട്ടെ & പത്താം ഡാൻ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാൻഷി ഹഗോൺ നനോബുവിലയിൽ നിന്നാണ് യു കെ ചീഫ് ഇൻസ്ട്രക്ടർ പദവി ടോം ജേക്കബ് നേടിയത്.

പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കൽ) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കൽ കുടുംബാംഗമാണ്. മുൻകാല ആലപ്പുഴ ഡി സി സി പ്രസിഡണ്ടും നെഹ്‌റു കുഞ്ഞച്ചൻ എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകൻ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസ്സിൽ പഠിക്കുന്ന പത്തു വയസ്സുള്ള ഏക മകൻ ലിയോൺ ടോം കഴിഞ്ഞ അഞ്ചു വർഷമായി ബോക്സിങ് പരിശീലനം നടത്തി വരുകയാണ്.

ആയോധനകലകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും, ഈ മേഖലകളിൽ നാളിന്റെ ശബ്ദവും, നാമവും ആകുവാനും ടോമിന് കഴിയട്ടെ എന്നാശംസിക്കാം.

 രാധിക

പിച്ചവെച്ചു നടന്നൊരു നാളിലെൻ
മച്ചകത്തിൻറെയോമനേ നിന്നുടെ
പിഞ്ചു കൈയിലെ മിന്നും വളകളെൻ
സ്വന്തമാക്കീടുവാൻ ഏറെ കൊതിച്ചു ഞാൻ

ഗീതോപദേശവും ഭാരത യുദ്ധവും
അന്യമായ് നിന്നൊരെന്നുള്ളത്തിലന്നെല്ലാം
കണ്ണൻ ചിരട്ടയിൽ മണ്ണു നിറക്കുന്ന
ബാല്യമായ് വന്നു നിറഞ്ഞു നീ മാധവാ

കാലിയെ മേച്ചു നീ കാട്ടിൽ നടക്കുമ്പോൾ
കൂട്ടുകാരൊത്തു നീ നൃത്തമാടീടുമ്പോൾ
ആടുവാൻ പാടുവാൻ കൂട്ടുകൂടീടുവാൻ
കൂട്ടുമോയെന്നെ നീ എന്നു മോഹിച്ചു ഞാൻ

രാമന്നുകൂട്ടായി രാധയ്ക്ക് ജീവനായി
ഗോകുലനാഥനായ് നീ വളർന്നീടുമ്പോൾ
ഏതോസ്വയംവര പന്തലിൽ വച്ച് ഞാൻ
കണ്ടുവോ രുഗ്മിണീ നാഥനാം കൃഷ്ണനെ

വീരനാം പാർത്ഥനു നേർവഴി കാട്ടുന്ന
വിശ്വൈക സത്യമായ് നീ നിറഞ്ഞീടുമ്പോൾ
എന്നുള്ളിലുള്ളൊരു താപവും ഭീതിയും
ഭക്തിയായ് യുക്തിയായ് മാറുന്നു കേശവാ

എൻറെ പൊന്നുണ്ണിയെ വാരിയെടുത്തു ഞാൻ
ഉമ്മ കൊടുക്കുമ്പോൾ ആന കളിക്കുമ്പോൾ
പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെയെന്നെന്നും ധന്യമാക്കീടുവാൻ

പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെ എന്നെന്നും ധന്യമാക്കീടുവാൻ.

 

ചിത്രീകരണം : അനുജ കെ

Copyright © . All rights reserved