Main News

സ്വന്തം ലേഖകൻ

പ്ലൈമൗത്തിൽ താമസിക്കുന്ന സണ്ണി ഫ്രാൻസിസ് (52)ഹാർട്ട് അറ്റാക്ക് മൂലം മരണമടഞ്ഞു. കേരളത്തിൽ കടുത്തുരുത്തി ആണ് സണ്ണിയുടെ വീട്. ഭാര്യ ഇപ്പോൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.    കൂടുതൽ വിവരങ്ങൾ കിട്ടുന്നതനുസരിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

അകാലത്തിലുള്ള സണ്ണിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുമായുള്ള വ്യാപാരം സജ്ജീവമാക്കാൻ യുഎസ്. ബ്രെക്സിറ്റിനുശേഷം ഈ വർഷം തന്നെ രാജ്യങ്ങൾ തമ്മിൽ ഒരു വ്യാപാര കരാർ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സ്റ്റീവ് മ്യുചിൻ പറഞ്ഞു. യുകെ ചാസലർ സാജിദ് ജാവിദുമായി ലണ്ടനിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎസ്സുമായും യൂറോപ്യൻ യൂണിയനുമായും ഒരേ സമയം യുകെയ്ക്ക് വ്യാപാര ഇടപാടുകൾ നടത്താമെന്ന് സ്റ്റീവ് വിശ്വസിക്കുന്നു. “എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുമായി ഒരു കരാർ ഉണ്ടാക്കാൻ യുഎസ് ആവശ്യമുള്ളതെല്ലാം നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. “യുകെയിലും യുഎസിലും സേവനങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമാന സമ്പദ്‌വ്യവസ്ഥയുണ്ടെങ്കിൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു ബന്ധമായിരിക്കുമെന്ന് ഞാൻ കരുതുന്നു.” സ്റ്റീവ് പറയുകയുണ്ടായി.

ഒരു കരാറിനായി യുകെ പട്ടികയിൽ ഒന്നാമതായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സ്റ്റീവ് അറിയിച്ചു. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ വരുമാനത്തിന് പുതിയ നികുതി ഏർപ്പെടുത്തുന്നതിന് യുഎസിനുള്ള എതിർപ്പിനെപറ്റിയും അദ്ദേഹം സംസാരിച്ചു. സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, യുകെ ഉപയോക്താക്കളിൽ നിന്ന് മൂല്യം നേടുന്ന ഓൺലൈൻ വിപണനമേഖലകൾ എന്നിവയുടെ വരുമാനത്തിൽ 2% നികുതി ഏർപ്പെടുത്താൻ ജാവിദ് പദ്ധതിയിടുന്നു. എന്നാൽ ഇത് താത്കാലികം ആണെന്നും ജാവിദ് പറഞ്ഞു. ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്ക്ക് യുകെയുടെ 5 ജി നെറ്റ്‌വർക്കിൽ പങ്കുണ്ടോ എന്ന വിഷയവും ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉയർന്നു.

ജനുവരി 31 ന് ബ്രെക്സിറ്റ് സംഭവിച്ചതിന് ശേഷം, യു‌എസിനെപ്പോലെ നിലവിലുള്ള യൂറോപ്യൻ യൂണിയൻ കരാറുകളില്ലാത്ത രാജ്യങ്ങളുമായി പുതിയ വ്യാപാര ഇടപാടുകൾ നടത്താനും ഒപ്പിടാനും യുകെയ്ക്ക് സ്വാതന്ത്ര്യമുണ്ട്. അതേ സമയം, ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ യുകെ ചരക്കുകൾ താരിഫുകൾക്കും മറ്റ് വ്യാപാര തടസ്സങ്ങൾക്കും വിധേയമല്ലെന്ന് ഉറപ്പാക്കുന്നതിനായി യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ യുകെ ചർച്ച ചെയ്യും.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- അതീവഗുരുതരമായ കൊറോണ വൈറസ് ബാധിതമായ ചൈനയിൽ നിന്നും അടുത്തിടെ യുകെയിലേക്ക് വന്ന 2000 പേർക്കായി തിരച്ചിൽ ശക്തമാക്കി. ആരോഗ്യവകുപ്പും, എയർലൈൻസ് അധികൃതരും, ബോർഡർ ഫോഴ്സ് ഏജന്റ്സുമെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിൽനിന്ന് വന്നവരെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. കൊറോണ വൈറസ് മൂലം ചൈനയിൽ മരണപ്പെട്ടവരുടെ എണ്ണം 41 ആയി. കൊറോണ വൈറസ് സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരിൽ ആർക്കും വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ, പ്രൊഫസ്സർ ക്രിസ് വിറ്റി വ്യക്തമാക്കി. യുകെയിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്നും, ലോകമെമ്പാടും 1200 ഓളം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് എത്രത്തോളം കാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അപകടസാധ്യത വർദ്ധിക്കുക എന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഹെയ്ത്രോ വിമാനത്താവളത്തിൽ ഒരു പബ്ലിക് ഹെൽത്ത് ഹബ് തുറന്നിട്ടുണ്ട്. ചൈനയിൽ അടിയന്തര ആവശ്യങ്ങൾക്കായി, ആയിരം രോഗികളെ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കുകയാണ്.

ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ ഒരേ കുടുംബത്തിൽ നിന്നുള്ള ആളുകളാണ്. യുഎസിൽ രണ്ടും, ഓസ്ട്രേലിയയിൽ ഒന്ന് വീതവുമാണ് രോഗബാധിതർ. ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത്തരം ലോക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഹൾ മേഖലയിലെ വീട്ടിലാണ് അപകടം. ടെറസ്സുള്ള വീട്ടിൽ പുകയുയർന്നു തുടങ്ങിയപ്പോൾ തന്നെ അയൽക്കാർ വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ വിവരമറിയിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കോട്ടിങ്ഹാം റോഡിനടുത്തുള്ള വെൻസ്‌ലി അവന്യുവിൽ രാവിലെ 8 മണിയോടെയാണ് അപകടം. രക്ഷാപ്രവർത്തകർ എത്തി രണ്ടുപേരെയും പുറത്തെടുത്തുവെങ്കിലും പുരുഷൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പത്തു വയസ്സുകാരിയായ മകൾ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

തീപിടിത്തമുണ്ടായ ഉടൻ തന്നെ അയൽക്കാർ ഹംബർ സൈഡ് പോലീസിനെ വിവരമറിയിച്ചു. തീപിടിക്കാനുണ്ടായ കാരണം എന്താണെന്നു ഫയർ ഇൻവെസ്റിഗേറ്റഴ്സ് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. പകൽ മുഴുവൻ അഗ്നിശമന സേന പ്രവർത്തകർ വീട് പരിശോധിക്കുകയായിരുന്നുവെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.

അയൽക്കാരനായ കാൾ ഗൂഡ്‌ഫെല്ലോ പറയുന്നു, ശക്തമായ പുക കണ്ടപ്പോൾ തന്നെ ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു, കതകു പൊളിച്ചു അകത്തുകയറാൻ ശ്രമിച്ചെങ്കിലും കതകിന്റെ ബലം കാരണം നടന്നില്ല. പിന്നീട് ജനലിലൂടെയോ ലെറ്റർ ബോക്സിലൂടെയോ കഴിയുന്നുണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വലിയ ശബ്ദമുണ്ടാക്കി പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതും പരാജയപ്പെട്ടു.

മറ്റൊരു അയൽക്കാരനായ ഫിലിപ്പ് പറയുന്നു, ഞങ്ങൾ വർഷങ്ങളായി അടുത്തടുത്ത് താമസിക്കുന്നവരാണ്. ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ. പ്രേതനഗരത്തിലൂടെയെന്ന പോലെ ആളൊഴി‍ഞ്ഞ നഗരങ്ങളിൽ പായുന്ന ട്രെയിനിനുള്ളിൽ സഞ്ചരിക്കുന്നവരും വിഹ്വലതയിലാണ്. അവരുടെ മുഖത്തെ ആശങ്കയുടെ പാതിയും മറച്ച് ഒരു മാസ്ക്കും…

സിനിമാക്കാഴ്ചയല്ല, ചൈനയിലെ വുഹാൻ നഗരത്തിലെ യാഥാർഥ്യമാണ്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് ന്യുമോണിയ ലക്ഷണങ്ങളോടെ ഒരാളെ വുഹാനിലെ ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഡിസംബർ 31ന് ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) ചൈന അറിയിക്കുകയും ചെയ്തു – വലിയൊരു ഇടവേളയ്ക്കു ശേഷം മാരകമായ കൊറോണ വൈറസ് രാജ്യത്തു പടർന്നിരിക്കുന്നു! അതിന്റെ ബാക്കിപത്രമായിരുന്നു മേൽപ്പറഞ്ഞ കാഴ്ചകൾ.

ജനുവരി 24 വരെയുള്ള കണക്ക് പ്രകാരം ചൈനയിൽ മാത്രം 41 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. 1300ൽ ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ചൈനയിൽ 1965 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. യുഎസ് ഉൾപ്പെടെ 11 രാജ്യങ്ങളിലേക്ക് രോഗാണുക്കളെത്തിയിരിക്കുന്നു – ഹോങ്കോങ്, മക്കാവു, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, നേപ്പാൾ, മലേഷ്യ. സൗദിയിൽ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് സൗദി ആരോഗ്യവകുപ്പ് ഇക്കാര്യം തള്ളി. മെർസ് വൈറസാണ് സൗദിയിലെ നഴ്സിനെ ബാധിച്ചതെന്നും ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ഇവിടെയെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

2002–03ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനയിലും ഹോങ്കോങ്ങിലുമായി 650 ഓളം പേരാണു മരിച്ചത്. അന്ന് ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കു പോലും പ്രവേശനം നൽകാതെ മതില്‍ തീർക്കുകയാണ് ചൈന ചെയ്തത്. ഇപ്പോഴും ചൈനയുടെ നടപടികളിൽ സംശയമുണ്ടെന്ന നിലപാടിലാണ് യുഎസ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജനിതക തിരുത്തൽ സംഭവിച്ച വൈറസിനെപ്പറ്റിയുള്ള വിവരം അതിവേഗം അറിയിച്ചതിന് ചൈനയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അതിനിടെയാണ് നഗരങ്ങളെ അടച്ചുപൂട്ടി ഒറ്റപ്പെടുത്തുന്ന ചൈനീസ് നടപടി. അതേസമയം, രോഗം പടരുന്നതു തടയാൻ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ ആവർത്തിക്കുന്നത്.

ചൈന പേടിക്കണം

ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ചൈന ആശങ്കപ്പെടേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അതിന്റെ തുടർച്ചയായി ചൈനീസ് സർക്കാർ സ്വീകരിച്ച നടപടി പക്ഷേ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം രണ്ടു കോടി ജനത്തെയാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ചൈന വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. അതും ചൈനീസ് പുതുവത്സരാഘോഷത്തിനായുള്ള അവധി വെള്ളിയാഴ്ച ആരംഭിച്ചതിനു തൊട്ടുമുൻപ്. ചൈനക്കാർ രാജ്യത്തും വിദേശത്തുമായി ആഘോഷിക്കുന്ന സമയമാണിത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ ലോകത്തിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ്.

ചൈനയിൽ നിന്നു പറന്നുയരുന്ന വിമാനങ്ങളിലും വിവിധ രാജ്യങ്ങളിൽ വന്നിറങ്ങുന്നവയിലും തെർമൽ സ്ക്രീനിങ്ങിലൂടെയും മറ്റും പരിശോധന ശക്തം. പുറംലോകവുമായി ബന്ധമില്ലാതെ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്പോർട്ട് ഹബുകളിലൊന്നായ വുഹാൻ നഗരത്തിലാണ്. ഇവിടത്തെ ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതൽ കൊവാലയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും.അനധികൃതമായാണ് വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് (2019-nCoV: 2019 നോവെൽ കൊറോണ) പടർന്നതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നതും വുഹാനിലാണെന്നും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ പറയുന്നു.

‘തടങ്കലിലാക്കപ്പെട്ട’ വുഹാൻ

ഏകദേശം 1.1 കോടിയാണ് വുഹാനിലെ ജനസംഖ്യ. ഇവിടുത്തെ ജനങ്ങൾക്ക് നഗരംവിട്ടു പുറത്തുപോകാന്‍ അനുമതിയില്ല. അഥവാ പോകണമെങ്കിൽ വ്യക്തമായ കാരണം അധികൃതരെ ബോധിപ്പിക്കണം. ആർക്കും നഗരത്തിലേക്കും പ്രവേശനമില്ല. ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോൾ ശാപമായിരിക്കുന്നതും.

ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ ‘ഹബ്’ കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു (ഭൂപടം കാണുക. അതിൽ അടയാളപ്പെടുത്തിയ നീല വര മണിക്കൂറിൽ 300 കിലോമീറ്ററിനു വേഗതയിൽ സഞ്ചരിക്കാവുന്ന ലൈനുകളാണ്. പച്ചനിറത്തിലുള്ളത് മണിക്കൂറിൽ 200–299 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്നതും. ഓറഞ്ച് നിറത്തിലുള്ളത് ചൈനയുടെ അതിവേഗ റെയിൽപാതയുമായി അപ്ഗ്രേഡ് ചെയ്ത് ചേർത്തിട്ടുള്ള ലൈനുകൾ. അതിവേഗപാതയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് 250–350 കിലോമീറ്ററാണ് മണിക്കൂറിൽ വേഗം. ചാരനിറത്തിൽ അടയാളപ്പെടുത്തിയത് ചൈനയുടെ പരമ്പരാഗത റെയിൽപാതയും).

ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്‌ഹായ്, ചോങ്‌ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഭൂരിപക്ഷം വിദേശികളുടെയും സുപ്രധാന പ്രവർത്തന കേന്ദ്രവും വുഹാനാണ്. അതിനു സഹായിക്കുന്നതാകട്ടെ വുഹാന്‍ രാജ്യാന്തര വിമാനത്താവളവും.എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തനകേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്നി, ബാങ്കോക്ക്, മോസ്കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് അവിടേക്കു ചൈനയിൽ നിന്നെത്തിയവരിൽ നിന്നാണെന്നതാണ് ഇപ്പോൾ ഈ സുപ്രധാന വിമാനത്താവളവും അടച്ചിടുന്നതിലേക്കു ചൈനയെ നയിച്ചത്. വുഹാനിൽ നിന്നുള്ളവർക്ക് തായ്‌വാൻ പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.

ലോകാവസാനം പോലെ…വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. ‘ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ…’ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ ലഭിക്കാത്തതിന്റെ പ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടയ്ക്കുകയാണ്.

വുഹാന് തൊട്ടടുത്തുള്ള ഹ്വാങ്കേങ്ങിലും സമാനമാണ് അവസ്ഥ. ഏകദേശം 75 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെയും ജനത്തിനു നഗരം വിട്ടുപോകാൻ വിലക്കാണ്. ഏകദേശം 11 ലക്ഷമാണ് സമീപത്തെ എജൗ നഗരത്തിലെ ജനസംഖ്യ. ഇവിടെയും റെയിൽവേ സ്റ്റേഷനുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കി. പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ, അതും അധികൃതരെ ബോധിപ്പിച്ചു മാത്രമേ, ഇവിടെനിന്നും പുറത്തേക്കു കടക്കാനാകൂ.

ചൈനയുടെ മധ്യ പ്രവിശ്യയായ ഹുബെയിലെ 10 നഗരങ്ങളിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഹുബെയ് പ്രവിശ്യയിൽ മാത്രം ജനുവരി 23 വരെ 549 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 24 മരണവും ഇവിടെയാണ്. എൻഷി, ഷിജിയാങ്, ഹ്വാങ്ഷി എന്നിവയുൾപ്പെടെ ഏഴു നഗരങ്ങളിൽ ബസ് ഗതാഗതം പൂർണമായും നിർത്തലാക്കി. ഷിജിയാങ് നഗരത്തിൽ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, കർഷകർക്കായുള്ള ചന്ത, പെട്രോൾ പമ്പുകൾ, മരുന്നുകടകൾ എന്നിവയൊഴികെ ബാക്കിയെല്ലായിടവും അടച്ചിട്ടിരിക്കുകയാണ്. എൻഷി നഗരത്തിൽ അടച്ചിട്ട വേദികളിലുള്ള ആഘോഷ പരിപാരികളെല്ലാം നിരോധിച്ചു. നിലവിൽ ആകെ 13 നഗരങ്ങളിൽ ബസും ട്രെയിനും ഉൾപ്പെടെ പൊതുഗതാഗതം നിരോധിച്ചുകഴിഞ്ഞു. 4.1 കോടി ജനങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്.

രോഗബാധയേറ്റ് മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങളും കഴിഞ്ഞായിരിക്കും ലക്ഷണം കാണിച്ചു തുടങ്ങുക. പലരും തുടക്കത്തിൽ ജലദോഷമോ പനിയോ ആണെന്നാണു കരുതുക. ശ്രദ്ധിച്ചില്ലെങ്കിൽ വൈറസ് കൂടുതൽ പേരിലേക്കു പടരുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബന്ധുക്കളെപ്പോലും കാണാനാകാതെ വീട്ടിൽ അടച്ചിരിക്കുകയാണ് വുഹാൻ നിവാസികൾ. സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും വൻതോതിൽ ഒന്നും വാങ്ങുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരുടെയും മനസ്സിലുള്ളത്, വൈകാതെ തന്നെ ഈ ‘ഒറ്റപ്പെടൽ’ അവസാനിക്കുമെന്നാണ്. ഭരണകൂടമാകട്ടെ ഇതിനെപ്പറ്റി മിണ്ടുന്നുമില്ല.അതിനിടയിൽ അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയർത്തിയിട്ടുമുണ്ട് പലരും. അതും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടി വരെ. വുഹാനിൽ മുഖാവരണങ്ങളും ശുചിത്വത്തിന് ഉപയോഗിക്കുന്നതരം നേർപ്പിച്ച ആൽക്കഹോളും വൈറ്റമിൻ സി ഗുളികകളും ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വീടിനകത്തു വരെ എല്ലാവരും മുഖാവരണം ധരിച്ചാണു നടക്കുന്നത്. ടാക്സി കാറുകൾ ഓടുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടി തുകയാണു കൊടുക്കേണ്ടി വരുന്നത്.

കിരീടം’ വച്ച വൈറസ്ശരീരത്തിൽ കിരീടം (corona) പോലെ ഉയർന്ന ഭാഗങ്ങളുള്ളതിനാലാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുമ്പോഴാണ് അപകടകാരിയാകുന്നത്. 1960കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് കൊറോണ വൈറസുകളെ. അവയിൽ സാധാരണയായി മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകൾ ഇവയാണ്

1) 229ഇ (ആൽഫ കൊറോണ വൈറസ്)
2) എൻഎൽ63 (ആൽഫ കൊറോണ വൈറസ്)
3) ഒസി43 (ബീറ്റ കൊറോണ വൈറസ്)
4) എച്ച്കെയു1 (ബീറ്റ കൊറോണ വൈറസ്)

മൃഗങ്ങളിൽ നിന്നു മനുഷ്യരിലെത്തി അവിടെ സ്വയം ജനിതക തിരുത്തലുകൾ (Genetic Mutation) വരുത്തി കോശങ്ങളില്‍ പെരുകുന്നതാണ് ഇപ്പോൾ കണ്ടെത്തിയ 2019–നോവൽ കൊറോണ വൈറസ് ഉൾപ്പെടെയുള്ളവയുടെ സ്വഭാവം. അത്തരത്തില്‍ രണ്ടെണ്ണത്തെ കൂടി നേരത്തേ കണ്ടെത്തിയതാണ് മെർസ് (മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും. സാർസ് വഴി 2003–03ൽ ലോകത്ത് എണ്ണൂറോളം പേരും മെർസ് ബാധിച്ച് 2012 മുതൽ ഏകദേശം 700 പേരും മരിച്ചിട്ടുണ്ട്.

മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകളിലെ ഏഴാമനാണ് ഇപ്പോൾ ചൈനയിൽ വില്ലൻ. ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാന്‍ ഇവയ്ക്കാകും. ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് രോഗം പടർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഒരുപക്ഷേ ഈ വൈറസ് ആപത്‌കാരിയായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ നിലവിൽ ഭയക്കേണ്ടതില്ലെന്നു മാത്രം. എത്രമാത്രം വേഗത്തിൽ ഇവ മനുഷ്യരിലേക്കു പടരും എന്നതനുസരിച്ചിരിക്കും ലോകാരോഗ്യ സംഘടനയുടെയും തുടർനടപടികൾ.അടിയന്തരാവസ്ഥ വന്നാൽ…

വൈറസ് ബാധിച്ചിട്ടുള്ളത് ആർക്കൊക്കെയാണെന്നും അതിന്റെ ഉറവിടവും കൃത്യമായി അറിയാത്തതിനാലാണ് ലോകം മുൾമുനയിലാകുന്നതും നിരീക്ഷണം ശക്തമാക്കുന്നതും. വൈറസ് വ്യാപിച്ചാൽ ആഗോള അടിയന്തരാവസ്ഥയായി ഇതിനെ ഡബ്ല്യുഎച്ച്ഒയ്ക്കു പ്രഖ്യാപിക്കേണ്ടിവരും. ചൈനയുടെ കയറ്റുമതി–ടൂറിസം വരുമാനത്തെ ഉൾപ്പെടെ ഇതു ദോഷകരമായി ബാധിക്കും. യുഎസ് ഉപരോധത്താലും മറ്റും വലഞ്ഞ ചൈനയ്ക്ക് നിലവിലെ സാഹചര്യത്തിൽ സ്വന്തം ജനത്തെ ‘തടങ്കലിലാക്കുക’ എന്നതിൽക്കവിഞ്ഞു മറ്റൊന്നും ചെയ്യാനാകാത്തതും അതുകൊണ്ടാണ്.

നിലവിൽ മൂന്നു രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്നിനായുള്ള പരീക്ഷണം തുടരുകയാണ്. അതിനിടെ അടിയന്തര സാഹചര്യം നേരിടാൻ 1000 പേരെ ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയുടെ നിർമാണവും വുഹാനിൽ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണു കരുതുന്നത്. രോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണു ചൈനീസ് സ്റ്റേറ്റ് കൗൺസിൽ യോഗവും വ്യക്തമാക്കിയത്.

മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നടപടിയുണ്ടാകുമെന്നും ദേശീയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വുഹാന്റെ ഒറ്റപ്പെടൽ തുടരുമെന്നുതന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ആവശ്യത്തിനു മുൻകരുതലെടുക്കാതെ മാംസവിപണികൾക്കു പ്രവർത്തനാനുമതി നൽകിയതിനു പ്രാദേശിക സർക്കാരുകളെയാണ് ഭരണകൂടം വിമർശിക്കുന്നത്. എങ്ങനെയാണ് വൈറസ് പരന്നതെന്നും വുഹാൻ നഗരത്തിനു പുറത്തേക്ക് ഇതെങ്ങനെ എത്തിയെന്നും ഉൾപ്പെടെ ഹെൽത്ത് കമ്മിഷൻ സംഘം അന്വേഷിക്കുന്നുണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാമെന്ന റിപ്പോർട്ടും അതിനിടെ ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടുകഴിഞ്ഞു.

വിഷ്ണുപ്രിയ

പഥികന്റെ കാൽപാടുകളിലെവി
ടെയോ നിന്നു ചില ചോദ്യങ്ങൾ.
‘എവിടെ ഞാൻ?
എവിടെയെൻ വീട്?’
ഉത്തരം തേടിയലഞ്ഞൊരീ വഴി
കളിലിടയ്ക്കിടെയെന്നെ
ഞാൻ കണ്ടുമുട്ടി.
‘എവിടേയ്ക്കെവിടേക്ക് നീ ചലിപ്പൂ?
കാലമിതൊഴുകുന്നതറിവില്ലയോ?
നിന്നെയറിയുവാൻ നേരമായില്ലയോ? ‘
ചോദ്യപ്രവാഹങ്ങൾ…
തിരയൂ നിൻ ഗുരുവിനെ,
അറിയുകില്ലതുവരെ നീ സ്വയം.
ഗതിയറിയായാനങ്ങൾ,
അപഥസഞ്ചാരങ്ങൾ.
ഒടുവിലീ തിരയുയരും തീര
ത്തെൻ കാലടികളിൽ
ഞാൻ കാണുന്നിതെൻ
ഗുരുപാദകഥനം.

വിഷ്ണുപ്രിയ

പത്തനംതിട്ട ഇരവിപേരൂർ സ്വദേശി. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥി.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ്‌ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്

ലോകം മുഴുവനും ക്രിപ്റ്റോ കറൻസി യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയ അഡ്വ :  സുഭാഷ് ജോർജ്ജ് മാനുവലിന് അഭിമാനിക്കാം . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുകെയിൽ സുഭാഷ് ജോർജ്ജ് തുടക്കം കുറിച്ച ഡിജിറ്റൽ കറൻസി അഥവാ ക്രിപ്റ്റോ കറൻസി എന്ന നൂതന ആശയത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.

അങ്ങ് അകലെ കൊച്ചു കേരളത്തിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയായി യുകെയിലെത്തിയ സുഭാഷ് ജോർജ്ജ് മാനുവൽ വളരെ നേരത്തെ തന്നെ ക്രിപ്റ്റോ കാർബൺ ( CCRB  ) എന്ന പേരിൽ സ്വന്തമായി യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം കൊടുത്തിരുന്നു . ആയിരക്കണക്കിന് ഷോപ്പുകളിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും അതിലൂടെ വൻ ലാഭം നേടുവാനുമുള്ള സൗകര്യവും അദ്ദേഹം തന്റെ കമ്പനിയിലൂടെ ഒരുക്കിയിരുന്നു .

ഇന്ന് ഈ ആശയത്തെ അംഗീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വന്തം ക്രിപ്റ്റോ കറൻസികൾക്ക് രൂപം നൽകാൻ തയ്യാറാകുമ്പോൾ സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളി ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം . വെറും ഒരു നിയമവിദ്യാർത്ഥിയായി 2007 ൽ യുകെയിലെത്തിയ സുഭാഷ് ഇന്ന് യുകെയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലും , ബിസിനസ്സ്‌ സ്ഥാപനങ്ങളിലും , യുണിവേഴ്സിറ്റികളിലും ഒക്കെ ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്റ്റോ കറൻസികളെപ്പറ്റിയും അനേകം സെമിനാറുകൾ നടത്തി കഴിഞ്ഞു.

ഈയടുത്ത കാലം വരെ ക്രിപ്റ്റോ കറൻസികൾ യാഥാർത്ഥ്യമാകുമോ എന്ന സംശയത്തിലായിരുന്നു ബിസിനസ്സ് രംഗം . എന്നാൽ ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ ഓരോ രാജ്യങ്ങളും സ്വന്തമായി  ക്രിപ്റ്റോ കറൻസികൾ നിർമ്മിക്കുവാനും മറ്റ് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനും തുടങ്ങി കഴിഞ്ഞു .

ഓക്സ്ഫോർഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ലീഗൽ പ്രാക്ടീസിൽ നിന്നും ക്യു എൽ റ്റി  റ്റി പാസ്സായ അദ്ദേഹം പല പ്രമുഖ കമ്പനികളുടെയും ലീഗൽ കൺസൾട്ടന്റാണ് . കേരള ഗവണ്മെന്റ് കിഫ്ബിയുടെ ഭാഗമായി തയ്യാറാക്കിയ വിദഗ്ദ്ധരുടെ പാനലിലെ അംഗവുമാണ് സുഭാഷ് ജോർജ്ജ് മാനുവൽ . ടൈംസ് മാഗസിന്‍  ” യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍ ”  ആയി തെരഞ്ഞെടുത്ത ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ഇന്റർനാഷണൽ അറ്റോർണി കൂടിയായ സുഭാഷ് ജോർജ്ജിന് ക്ഷണം ലഭിച്ചിരുന്നു .

വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ലണ്ടനില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബ്ലോക്ക് ചെയിന്‍ സമ്മേളനത്തിൽ ഫ്രാൻസിലെ സെൻട്രൽ ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും , ലോയിഡ്സ് ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും പങ്കെടുത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയും സംസാരിക്കാൻ സുഭാഷ് ജോർജ്ജിന് അവസരം ലഭിച്ചത് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലോകം മുഴുവനിലുമുള്ള ബാങ്കുകളും , സാമ്പത്തിക സ്ഥാപനങ്ങളും കോടികൾ മുടക്കി പുതിയ തലമുറയിലെ ബാങ്കിംഗ് സംവിധാനം എന്നറിയപ്പെടുന്ന ബ്ലോക്ക് ചെയിനിനെപ്പറ്റിയും , പുതിയ നാണയമായ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും പഠിക്കാനും പ്രാവർത്തികമാക്കുവാനും ശ്രമിക്കുമ്പോൾ ഇതിനോടകം ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നത് സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളിയുടെ ഒരു വലിയ നേട്ടം തന്നെയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അഞ്ചു മുതൽ ആറു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. 70 ശതമാനം കുറ്റവാളികളെ കണ്ടെത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൃത്യത വളരെ കുറവാണെന്ന് സ്വതന്ത്ര അവലോകനത്തിൽ പറയുന്നു. ഒരു മാസം കൊണ്ട് ലണ്ടനിൽ ക്യാമറ പൂർണമായി സജ്ജമാകും. പ്രാദേശിക ജനങ്ങളെ ഇത് മുൻകൂട്ടി അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

ജനങ്ങളെ സുരക്ഷിതരായി കൊണ്ടുപോകാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്ഗ്രേവ് പറഞ്ഞു.“സുരക്ഷിതമായ ഒരു നഗരത്തിൽ താമസിക്കാനും ജോലിചെയ്യാനും നാമെല്ലാവരും ആഗ്രഹിക്കുന്നു: കുറ്റവാളികളെ തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കാണാതായ കുട്ടികളെയോ മുതിർന്നവരെയോ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് എഫ്രഗ്രേവ് പറഞ്ഞു. സ്ട്രാറ്റ്‌ഫോർഡിന്റെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്റർ, ലണ്ടന്റെ വെസ്റ്റ് എൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം 10 തവണ ക്യാമറകളുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.

മുഖം തിരിച്ചറിയുന്നത് എത്രത്തോളം കൃത്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ ഈയൊരു പദ്ധതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് സ്വകാര്യതാ പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പറഞ്ഞു. ഒരു പൗരന്റെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.

ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.

ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

കൂടുതൽ ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ശിശുമരങ്ങളുടെ പേരിൽ റിപ്പോർട്ട്‌ വന്ന ആശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. വിവരങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നതിനാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി )റിസൾട്ട്‌ പുറത്തു വിട്ടിട്ടില്ല. 2016ൽ നടന്ന അന്വേഷണത്തിൽ ശിശു പരിചരണവിഭാഗത്തിൽ കൂടുതൽ നവീകരണം വേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച നടന്ന ബേബി ഹാരി റിച്ഫോർഡിന്റെ മരണമാണ് അന്വേഷണത്തിന് വഴി വെച്ചിരിക്കുന്നത്.

വർഷത്തിൽ ഏകദേശം 7000ത്തോളം പ്രസവങ്ങൾ നടക്കുന്ന 5ആശുപത്രികളാണ് ഈസ്റ്റ്‌ കെന്റിലേത്. ഇവിടെ ശിശുരോഗ പരിചരണത്തിൽ നേരിടുന്ന അനാസ്ഥ മുൻപും ചർച്ചയായിരുന്നു.
റ്റെഡ് ബേക്കർ, ചീഫ് ഇൻസ്‌പെക്ടർ ഫോർ ഹോസ്പിറ്റൽസ്, പറയുന്നു. 2016 ലെ അന്വേഷണത്തിൽ ഈസ്റ്റ്‌ കെന്റിലെ എൻ എച് എസ് കേന്ദ്രങ്ങളിലെ ശിശുപരിചരണവിഭാഗത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല എന്ന് റിപ്പോർട്ട്‌ നൽകിയതാണ്. അതിന് 2018 ലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ വിദഗ്ദ്ധ അന്വേഷണവും ജീവനക്കാരുടെ പരിശീലനവും അത്യാവശ്യമാണ്.

2017 നവംബറിൽ ജനിച്ച, ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച മൂലം ഒരാഴ്ചക്കുള്ളിൽ മരിച്ച ഹാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ട്രസ്റ്റ്‌ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

ട്രസ്റ്റ്‌ മറ്റേർണിറ്റി കെയർ വിപുലീകരിക്കാൻ ഒന്നര മില്യൺ പൗണ്ട് ചെലവഴിച്ചിരുന്നു. അതിനായി പത്തോളം സ്കീമുകളിലായി പരിശീലനമുൾപ്പടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിനാൽ ട്രസ്റ്റ്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

RECENT POSTS
Copyright © . All rights reserved