Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു പി : ഗംഗാ തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ, ഇന്ത്യയുടെ ദാരുണമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. രോഗവ്യാപനവും മരണനിരക്കും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം കൂടി സംജാതമായതോടെ പൊതുജനങ്ങൾ കൂടുതൽ ഭീതിയിലായിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സംസ്‌കരിച്ച ഇടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണു സംഭവം. കോവിഡ് രണ്ട‌ാം തരംഗം ആഞ്ഞടിക്കുന്നതിനി‌ടെ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തി.

പക്ഷികളും നായ്ക്കളും മറ്റും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിച്ചു കൊണ്ടുപോകാറുണ്ട്. ശരിയായ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. നാട്ടിലെ ഒട്ടുമിക്ക ആളുകളും ദരിദ്രരും ശവസംസ്കാരത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തവരുമാണ്. ഇതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

ഈയടുത്ത ദിവസങ്ങളിൽ അഞ്ഞൂറിൽ അധികം മൃതദേഹങ്ങൾ വരെ ഈ രീതിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തി. നേരത്തേ യുപിയിലെ ഗാസിപുരിലും ബിഹാറിലെ ബക് സറിലും നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രതിദിനം നാലായിരത്തോളം മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കോവിഡിനെ കൂടാതെ ബ്ലാക്ക് ഫംഗ് സ് എന്ന അതിഭീകര രോഗവും ഇന്ത്യയിൽ പടർന്നുപിടിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജകുടുംബവുമായുള്ള ഹാരിയുടെ ബന്ധം കൂടുതൽ വഷളാകുന്നു. ഓപ്ര വിൻഫ്രിയുമായി അടുത്തിയിടെ നടത്തിയ അഭിമുഖത്തിൽ രാജകുടുംബത്തിനെ സംബന്ധിച്ച പല കാര്യങ്ങളും ഹാരി വെളിപ്പെടുത്തുകയുണ്ടായി. മാർച്ചിൽ വിൻഫ്രെയുമായുള്ള ദമ്പതികളുടെ അഭിമുഖത്തിന് മുന്നോടിയായി രാജകുടുംബവും മാധ്യമങ്ങളും തന്റെ ഭാര്യ മേഗനെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആപ്പിൾ ടിവി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് കൂടുതൽ കാര്യങ്ങൾ ഹാരി വെളിപ്പെടുത്തിയത്. ബാല്യകാലത്ത് പിതാവ് ചാൾസ് രാജകുമാരൻ തങ്ങളെ കഷ്ടപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മേഗൻ എപ്രകാരമാണ് തന്റെ കഠിനമായ ചിന്തകൾ ഹാരിയോട് പങ്കുവച്ചതെന്ന് ഡോക്യുമെന്ററിയിൽ ഹാരി പറയുന്നുണ്ട്. യുകെയിൽ മേഗൻ അനുഭവിച്ച വംശീയതയെക്കുറിച്ച് പരാമർശിച്ച ഹാരി, അമ്മയുടെ മരണത്തെപ്പറ്റിയും സംസാരിച്ചു.

സ്വന്തം അനുഭവങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായി സംസാരിക്കാതെ മാനസികാരോഗ്യത്തെക്കുറിച്ച് ഫലപ്രദമായി സംസാരിക്കാൻ ഹാരിയ്ക്ക് കഴിയുമായിരുന്നുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നതോടെ ഹാരിയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം കൂടുതൽ വഷളാകുകയാണ്. അഞ്ച് എപ്പിസോഡ് ഇന്നലെ പൂർണമായി പുറത്തിറങ്ങി. രാജകുടുംബത്തിനും രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങൾക്കുമെതിരായ മറ്റൊരു ആരോപണത്തിന് ഇത് കാരണമായി. അതിൽ നിരവധി ‘ട്രൂത്ത് ബോംബുകൾ’ അടങ്ങിയിരിക്കുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തു. രാജകുടുംബം മേഗനോട്‌ തികഞ്ഞ അവഗണനയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഭിമുഖം നേടുന്നതിനായി ഡയാന രാജകുമാരിയെ വഞ്ചിച്ചതുപോലെയുള്ള സംഭവങ്ങൾ വീണ്ടും ഉണ്ടാവാതിരിക്കാൻ ബിബിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മാർട്ടിൻ ബഷീർ 1995 ലെ അഭിമുഖത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീണ്ട 25 വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തിയതിന് മുൻ സുപ്രീം കോടതി ജഡ്ജി ഡൈസനോട് നന്ദിയുണ്ടെന്ന് ജോൺസൺ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :- കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പ്രത്യേക ടെർമിനൽ നീക്കിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലണ്ടനിലെ ഹീത്രോ എയർപോർട്ട്‌. ഇത്തരം യാത്രക്കാരെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരോടൊപ്പം ക്യൂവിൽ നിൽക്കുവാൻ അനുവദിച്ചതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജൂൺ ഒന്നു മുതൽ, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രയ്ക്കായി ഹീത്രോ എയർപോർട്ടിലെ മൂന്നാം ടെർമിനൽ പൂർണ്ണമായി അനുവദിക്കും. ഇവിടെ നിന്നും ഹോട്ടലിലേക്ക് എത്തിക്കുന്ന ഇവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

കൂടുതൽ രാജ്യങ്ങളും ഇപ്പോൾ ആംബർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ വീടുകളിൽ തന്നെയാണ് ക്വാറന്റൈൻ ചെയ്യുന്നത്. യുകെയിൽ നിന്നുള്ള യാത്രക്കാരെ തിങ്കളാഴ്ച മുതൽ അനുവദിക്കുമെന്ന് സ്പെയിൻ വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു.

അവധിക്കാലം ആഘോഷിക്കാൻ ഉള്ള യാത്രകൾ തീർത്തും ഒഴിവാക്കണമെന്നാണ് ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര തീർത്തും ഒഴിവാക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്കുള്ള അവധിക്കാലം ആഘോഷിക്കുവാൻ ഉള്ള യാത്രകളും ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോർച്ചുഗൽ ആണ് ക്വാറന്റൈൻ ഇല്ലാതെ യാത്രക്കാരെ അനുവദിക്കുന്നത്. ഇതിനോടൊപ്പം യൂറോപ്യൻ യൂണിയൻ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലേക്കും പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ആണ് ഇത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 32 – 33 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിനായി ക്ഷണിച്ചുകൊണ്ടുള്ള ടെക്സ്റ്റ് മെസ്സേജുകൾ ഈ പ്രായക്കാർക്ക് അയച്ചു കഴിഞ്ഞു. യുകെയിൽ ഇതുവരെ 37.5 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ആദ്യത്തെ ഡോസും 21.6 ദശലക്ഷം ജനങ്ങൾക്ക് രണ്ടാമത്തെ ഡോസും ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

സ് കോട്ട്ലൻഡിൽ 30 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾക്കും വെയിൽസിൽ 18 വയസ്സിന് മുകളിലുള്ളവർക്കും വടക്കൻ അയർലണ്ടിൽ 25 വയസ്സിന് മുകളിലുള്ളവർക്കുമാണ് നിലവിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകികൊണ്ടിരിക്കുന്നത്. ഇതിനിടെ ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത്. നിലവിൽ യോർക്ക്ഷെയർ, ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത് . നിലവിൽ യോർക്ക്ഷെയർ , ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകിയും കോവിഡിനെ പ്രതിരോധിക്കുന്നതിൽ ബ്രിട്ടൻ കൈവരിച്ച വിജയത്തിന് ഭീഷണിയാവുകയാണ് ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻെറ വകഭേദങ്ങൾ . ഇന്ത്യൻ വേരിയന്റിൻെറ ഭീഷണിയെത്തുടർന്ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് ബ്രിട്ടന് പിന്നോക്കം പോകേണ്ടതായി വരുമോ എന്ന ആശങ്ക പരക്കെ ശക്തമാണ് . പുതിയ വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ എത്രമാത്രം ഫലപ്രദമാണെന്ന ആശങ്കയും പരക്കെയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ബില്യനോളം ജനസംഖ്യയുള്ള ദക്ഷിണേഷ്യ, സമീപകാലത്തെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് . കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും രൂക്ഷമായ വർദ്ധനവ് കാണിക്കുന്നുണ്ട് , ഇത് ശ്രീലങ്ക പോലുള്ള ചെറിയ രാജ്യങ്ങളെ കൂടുതൽ ദുർബലമാക്കുന്നുണ്ട് . ചൈന ഈ രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ആ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 25 മെയ്‌ വരെ ശ്രീലങ്കൻ ജനതയ്ക്ക് അത്യാവശ്യവസ്തുക്കൾ വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കഴിഞ്ഞ വർഷത്തെ ഒന്നാം വ്യാപനത്തെ അപേക്ഷിച്ച് , ഒരു ചെറിയ രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന രണ്ടാം വ്യാപനമാണ് ഇക്കുറി ഉണ്ടായത്. ഇപ്പോൾ പ്രതിദിനം 3000 കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്, കഴിഞ്ഞ മാസത്തേതിന്റെ 1000 ഇരട്ടിയോളം കൂടുതൽ. ഞങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനം മികച്ചതായിരുന്നു പക്ഷെ , ഈ രണ്ടാം വ്യാപനം സംവിധാനത്തെ അത്രയധികം വെല്ലുവിളിച്ചിരിക്കുകയാണെന്ന് , ”പൊതുജനാരോഗ്യ വിദഗ്ധൻ ശശിക ബന്ദാര പറഞ്ഞു. ശ്രീലങ്കൻ ഗവണ്മന്റ്നെതിരെയും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

ഏപ്രിൽ മുതൽ യു കെ, ഇന്ത്യൻ വേരിയന്റുകളാണ് കൂടുതൽ വ്യാപിക്കുന്നതെന്ന് ശ്രീലങ്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രവി റണ്ണൻ-ഏലിയ അറിയിച്ചു.
ഈ വർഷം ആദ്യം തന്നെ ശ്രീലങ്ക ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തുടങ്ങി, അസ്ട്രാസെനെക്ക വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യയെ കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാൽ അവിടെ സ്ഥിതി വഷളാകുകയും കയറ്റുമതി നിർത്തുകയും ചെയ്തതോടെ അതും അവസാനിപ്പിക്കേണ്ടി വന്നു.

അപ്പോഴാണ് ചൈനയുടെ കടന്ന് വരവ്. ശ്രീലങ്കയടക്കം ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഇതിനകം തന്നെ കാര്യമായ സാന്നിധ്യമുള്ള ഏഷ്യൻ ഭീമൻ ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്, വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ഫെയ്സ് മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ സംഭാവന ചെയ്യുന്നുണ്ട്. നയതന്ത്രപരമായ നീക്കമായി ഇതിനെ കാണാവുന്നതാണ്.1.1 ദശലക്ഷം സിനോഫാം വാക്സിനുകൾ ചൈന ശ്രീലങ്കയ്ക്ക് സംഭാവന ചെയ്തു, ഇത് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കാൻ സഹായിച്ചു. റഷ്യയുടെ സ് പുട് നിക്കിനൊപ്പം കൂടുതൽ വാക് സിൻ വാങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ ഇടിത്തീയായി പതിച്ച ഡയാന രാജകുമാരിയുടെ അഭിമുഖത്തിനെതിരെ വില്യം രാജകുമാരൻ. 1995ൽ ബിബിസി പനോരമ നടത്തിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് മാർട്ടിൻ ബഷീർ അഭിമുഖം നടത്തിയെന്ന അന്വേഷണ റിപ്പോർട്ട്‌ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടരുടെ വഞ്ചന ഡയാന രാജകുമാരിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിൽ ഈ അഭിമുഖം പ്രധാന പങ്കുവഹിച്ചുവെന്നും വില്യം കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ ഫലപ്രദമായി സ്ഥാപിച്ചെടുത്ത് കാൽനൂറ്റാണ്ടിലേറെയായി ബിബിസിയും മറ്റുള്ളവരും വാണിജ്യവത്ക്കരിക്കുകയായിരുന്നുവെന്ന് വില്യം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മാപ്പ് പറഞ്ഞ് രാജ്ഞിയ്ക്കും വില്യം, ഹാരി എന്നിവർക്കും ബിബിസി കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അഭിമുഖം സുരക്ഷിതമാക്കാൻ മാർട്ടിൻ ബഷീർ വഞ്ചനാപരമായി പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബിബിസി നടപടികളൊന്നും കൈകൊണ്ടിട്ടില്ല. “എന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിന് അഭിമുഖം ഒരു പ്രധാന സംഭവമായിരുന്നു. അമ്മയുടെ മരണത്തിന് കാരണമായതും ഈ വഞ്ചനയാണെന്ന് വിശ്വസിക്കുന്നു.” ഹാരി രാജകുമാരൻ തുറന്നടിച്ചു. ഇത് മറ്റ് കുടുംബാംഗങ്ങളെയും മാനസികമായി ബാധിച്ചു. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന മുൻ സുപ്രീംകോടതി ജഡ് ജി ജോൺ ഡൈസനെയും ടീമിനെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു.

അതേസമയം അഭിമുഖം സംഘടിപ്പിച്ച മാർട്ടിൻ ബഷീർ കഴിഞ്ഞ ദിവസം ബി.ബി.സി വിട്ടിരുന്നു. ബി.ബി.സിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ മാർട്ടിൻ ബഷീർ രാജിവെച്ച്​ കമ്പനിയിൽനിന്ന്​ പുറത്തുപോകുകയാണെന്ന്​ ബി.ബി.സി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടർ ​ജൊനാഥൻ മൺറോ പറഞ്ഞു. 1995ൽ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന്​ 22.8 മില്ല്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്.

ചാൾസിന്‍റെ സഹോദരൻ സ്​പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു ഈ അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ്​ അഭിമുഖത്തിന്​ ഡയാനയെ പ്രേരിപ്പിച്ചതെന്ന സ്​പെൻസറിന്‍റെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ്​ അഭിമുഖത്തിൽ പങ്കെടുപ്പിച്ചെന്നതിന്​​ പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക്​ ചാരപ്പണി നടത്താൻ കൈ​ക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഇന്ത്യൻ വേരിയന്റായ 3,424 കോവിഡ് കേസുകൾ യുകെയിൽ ഉണ്ട്. കെന്റ് വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നു കരുതപ്പെടുന്ന B.1.617.2 രാജ്യത്തെ പല മേഖലകളിലും ആശങ്ക വിതയ്ക്കുകയാണ്. കോവിഡ് -19 വേരിയന്റിൽ 2,967 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു . തിങ്കളാഴ്ച ഇത് 2,300 ലധികം ആയിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 2,111 കേസിന്റെ വർദ്ധനവ്. ഇംഗ്ലണ്ടിൽ 3,245, സ്കോട്ട്ലൻഡിൽ 136, വെയിൽസിൽ 28, വടക്കൻ അയർലണ്ടിൽ 15 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളും നോർത്ത് വെസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിലാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പിഎച്ച്ഇ പറഞ്ഞു.

ഏറ്റവും കൂടുതൽ രോഗബാധിത ഉണ്ടായിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ രണ്ടാമത്തെ വാക്സിൻ ഡോസ് എടുത്തിട്ടില്ലെങ്കിൽ എത്രയും വേഗം എടുക്കണമെന്ന് പിഎച്ച്ഇയുടെ കോവിഡ് -19 ഇൻസിഡന്റ് ഡയറക്ടർ ഡോ. മീര ചന്ദ് പറഞ്ഞു. ഈ വേരിയന്റിന്റെ വ്യാപനത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വൈകിയേക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കണമെന്നും വാക്സീനുകൾക്ക് വേരിയന്റുകളെ മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിലവിലെ കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യൻ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കും എതിരെ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്കുകൾ പ്രകാരം 37 മില്യൺ ജനങ്ങൾ ഒന്നാം ഡോസ് വാക്സീനും 21 മില്യൺ ജനങ്ങൾ രണ്ടാം ഡോസ് വാക്സീനും ലഭിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതനുസരിച്ച് വേരിയന്റ് എത്രത്തോളം കൂടുതൽ വ്യാപിക്കാം എന്നതിൻെറ വ്യക്തമായ ചിത്രം അടുത്ത ആഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രൊഫസർ ജോനാഥൻ വാൻ-ടാം ഇത് ഭയപ്പെടുന്നതുപോലെ പകരാൻ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ടു. റോഡ് മാപ്പിന്റെ നാലാം ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും നിയന്ത്രണവിധേയമായി വന്നപ്പോഴാണ് പുതിയ ഭീഷണിയായ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. എൻഎച്ച്എസിൻെറ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിൻെറ പരാജയമാണ് പുതിയ വൈറസിൻെറ വ്യാപനത്തിന് വഴിവെച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ മൂന്നാഴ്ച കാലത്തോളം പ്രാദേശിക ഭരണകൂടത്തിന് കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗബാധിതരിൽ പലരും കോവിഡ് പോസിറ്റീവായത് ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്നത് സ്ഥിതി രൂക്ഷമായതിൻെറ മുഖ്യ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ വന്ന ആൾക്കാർക്ക് ഒറ്റപ്പെടലിന് വിധേയമാകാനുള്ള മുന്നറിയിപ്പ് നൽകുന്നതിൽ കാലതാമസം നേരിട്ടതും സ്ഥിതി വഷളാകാൻ കാരണമായിട്ടുണ്ട്.

ഏപ്രിൽ 21 നും മെയ് 11 നും ഇടയിൽ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം വളരെ കുറച്ച് കൊറോണാ വൈറസ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മെയ് 11നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ 734 പോസിറ്റീവ് കേസ് ഇതുവരെ റിപ്പോർട്ട് ചെയ്തില്ല എന്ന വിവരം പുറത്തു വിടുന്നത്. ഈ സമയത്തിനുള്ളിൽ കോവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള ഒട്ടേറെ പേർക്ക് കോവിഡ് ബാധിച്ചതാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. ഇന്ത്യൻ വേരിയന്റിൻെറ 2967 കേസുകളാണ് യുകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹീത്രോ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിൽ നിന്ന് ദിനംപ്രതി ആയിരത്തോളം പേർ യുകെയിൽ എത്തിച്ചേരുന്നുവെന്ന് റിപ്പോർട്ട്‌. റെഡ് ലിസ്റ്റിലുള്ള ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുമ്പോൾ തന്നെ ക്വാറന്റീനായി നേരിട്ട് ഹോട്ടലിലേക്ക് പോകണം. എന്നാൽ എയർപോർട്ടിൽ ഉണ്ടാവുന്ന തിരക്കിൽ നിന്നും കോവിഡ് വകഭേദം വ്യാപിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്ന് ഓരോ ദിവസവും നേരിട്ടുള്ള നാല് വിമാനങ്ങൾ യുകെയിൽ എത്തുന്നുണ്ട്. മറ്റ് റെഡ്-ലിസ്റ്റ് രാജ്യങ്ങളായ ദുബായ് പോലുള്ള ഇടങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ സർക്കാർ നിരോധിച്ചുവെങ്കിലും ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഇതേ നയം സ്വീകരിച്ചില്ല.

അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുറന്നതിനുശേഷം വിമാനത്താവളങ്ങളിലെ നീണ്ട നിരകളിൽ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പാക്കിയില്ലെങ്കിൽ “സൂപ്പർ സ്പ്രെഡിംഗ് റിസ് ക്” ഉണ്ടാക്കുമെന്ന് ആഭ്യന്തരകാര്യ സെലക്ട് കമ്മിറ്റി ചെയർമാനും ലേബർ എംപിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. സൺ‌ഡേ ടൈംസ് വാരാന്ത്യത്തിൽ വെളിപ്പെടുത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി കണക്കുകൾ പ്രകാരം, ഇന്ത്യയെ റെഡ് ലിസ്റ്റിൽ ചേർത്തെങ്കിലും ഏപ്രിൽ 2 മുതൽ ഏപ്രിൽ 23 വരെ ഇന്ത്യയിൽ നിന്ന് പ്രതിദിനം 900 പേർ യുകെയിൽ എത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നീണ്ട നിരകളിൽ റെഡ്, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൂട്ടിക്കലർത്തുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരോടൊപ്പം റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളും നിങ്ങൾക്കുണ്ടെങ്കിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ ശരിയായ സംവിധാനങ്ങൾ ഉണ്ടെന്നും ആവശ്യത്തിന് ബോർഡർ ഫോഴ്‌സ് സ്റ്റാഫ് ഉണ്ടെന്നും ആവശ്യത്തിന് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന ദൈനംദിന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹീത്രോ വിസമ്മതിച്ചു.

RECENT POSTS
Copyright © . All rights reserved