Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏപ്രിൽ 12 മുതൽ വലിയ ഒത്തുചേരലുകൾക്ക് വാതിൽപ്പുറ ഇടങ്ങളിൽ മാത്രമേ അനുവാദം ഉള്ളൂ. അതുകൊണ്ട് തന്നെ ഏകദേശം 7000ത്തോളം ദമ്പതികളാണ് വിവാഹം റദ്ദാക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ വാതിൽപ്പുറ ഇടങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളടക്കം 15 പേർക്ക് വിവാഹങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ആരാധനാലയങ്ങൾ, പൊതു കെട്ടിടങ്ങൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങൾ എന്നിവയിൽ മാത്രമേ ചടങ്ങുകളും സ്വീകരണങ്ങളും അനുവദിക്കുകയുള്ളൂവെന്ന് യുകെ വെഡ്ഡിംഗ്സ് ഇൻഡസ്ട്രി ബോഡി അറിയിച്ചു. ഈ ആശങ്ക നിലനിൽക്കുന്നതിനാൽ തന്നെ 7,000 വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് യുകെ വെഡ്ഡിംഗ്സ് പറയുന്നു.

“റോഡ് മാപ്പിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നു. രണ്ടാം ഘട്ടത്തിൽ, വിവാഹങ്ങൾ, സ്വീകരണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 15 പേർ വരെ പങ്കെടുക്കാൻ കഴിയും.” പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔട്ട്‌ഡോർ ഇടങ്ങളാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ അവിടെ വച്ചു മാത്രമേ വിവാഹം നടത്താവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാർച്ച് 29 മുതൽ ആറ് പേർക്ക് വരെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മെയ്‌ മുതൽ ഇത് 30 ആയി ഉയരും. “വിവാഹങ്ങളും സ്വീകരണങ്ങളും ഏപ്രിൽ 12 ന് പുനരാരംഭിക്കുമെന്ന് റോഡ് മാപ്പ് സൂചിപ്പിച്ചു. എന്നാൽ ഇതിൽ വ്യക്തതക്കുറവുണ്ട്. ” യുകെ വെഡ്ഡിംഗ്സ് വക്താവ് സാറാ ഹേവുഡ് പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ബോറിസ് ജോൺസൺ പ്രതിശ്രുത വധു കാരി സൈമണ്ടിനെ വിവാഹം ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ അവർ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞുവരുന്നുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും കനത്ത പ്രതിസന്ധി നേരിടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വന്തം നാട്ടിലേക്കോ അല്ലെങ്കിൽ വിനോദസഞ്ചാരത്തിനോ പോകാൻ പദ്ധതിയിട്ട നല്ലൊരു ശതമാനം യുകെ മലയാളികൾക്കും തങ്ങളുടെ യാത്രകൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റി വയ്ക്കേണ്ടതായി വന്നു. ഇതിനിടെ മാറ്റം വന്ന വൈറസിൻെറ വ്യാപനം തടയുന്നതിനായി ഹോട്ടൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള വളരെ കർശനമായ നിയന്ത്രണങ്ങളാണ് യുകെയിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർ വൻതുക പിഴയായും നൽകേണ്ടതായി വരും.

അന്തർദേശീയ യാത്രകൾക്ക് ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് പിസിആർ ടെസ്റ്റുകൾ കർശനമാക്കിയിരുന്നു. എന്നാൽ 33% ബ്രിട്ടീഷ് യാത്രക്കാരും പിസിആർ ടെസ്റ്റുകൾക്കായി പണം നൽകാൻ വിസമ്മതിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രാവൽ ഇൻഷുറൻസ് സ്ഥാപനമായ ബാറ്റിൽഫേസ് നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2000 യാത്രക്കാർക്ക് ഇടയിൽ നടത്തിയ പഠനത്തിൽ വെറും 4 % ആൾക്കാർ മാത്രമാണ് തങ്ങളുടെ യാത്ര ബഡ്ജറ്റിൽ 75 പൗണ്ടോ അതിൽ കൂടുതലോ കോവിഡ് ടെസ്റ്റുകൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നുള്ളൂ. കോവിഡ് ടെസ്റ്റുകൾക്കായി 120 മുതൽ 200 പൗണ്ട് വരെ പല സ്വകാര്യ ക്ലിനിക്കുകളും ഈടാക്കുന്നു എന്ന് പരാതിയും പല യാത്രക്കാർക്കും ഉണ്ട്. അന്തർദേശീയ യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് പിസിആർ പരിശോധനാഫലം നൽകാൻ ഒട്ടുമിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്ന സാഹചര്യത്തെ അമിത നിരക്ക് ഈടാക്കി ക്ലിനിക്കുകൾ തങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു എന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.

 റ്റിജി തോമസ്

കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.

ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ വിൻഡ്‌സർ കാസിൽ തിരിച്ചെത്തി. ആദ്യം അണുബാധയെ തുടർന്ന് ചികിത്സ തേടിയ അദ്ദേഹം പിന്നീട് ഹൃദയശസ്ത്രക്രിയയ്ക്ക് കൂടി വിധേയനാവുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഫിലിപ്പ് രാജകുമാരൻ (99)ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിലും സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിലുമാണ് 28 ദിവസം ചികിത്സയ്ക്കായി കഴിഞ്ഞത്. അണുബാധയ്ക്കെതിരെ മുൻകരുതൽ എടുക്കാനാണ് ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു.

ഈ ജൂണിൽ 100 വയസ്സ് തികയുന്ന ഫിലിപ്പ് രാജകുമാരൻ തന്നെ പരിചരിച്ച എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തിൻെറ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രിൻസ് രാജകുമാരൻ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ചാൾസ് രാജകുമാരൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ബ്രിട്ടനിലെ ജനങ്ങൾക്ക് നാല് ദിവസത്തെ തുടർച്ചയായ അവധി ദിനങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ജൂൺ 3 വെള്ളിയാഴ്ച ഒരു അധിക അവധി ദിനം കൂടി ബ്രിട്ടനിലെ ജനങ്ങൾക്ക് ലഭിക്കും. ഇത് ആദ്യമായാണ് ബ്രിട്ടണിലെ ഒരു ഭരണാധികാരി തുടർച്ചയായ 70 വർഷം അധികാരത്തിൽ ഇരിക്കുന്നത്. 1952 മുതൽ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടന്റെ ഉയർന്ന ഭരണാധികാരിയായി അധികാരത്തിൽ ഇരിക്കുന്നത്. നിരവധി ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ബ്രിട്ടണിൽ തീരുമാനിച്ചിരിക്കുന്നത്.

ഇത് ചരിത്രപരമായ ഒരു നിമിഷമാണെന്നും, ആഘോഷിക്കപ്പെടേണ്ട അവസരമാണെന്നും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡൻ അറിയിച്ചു. 2022 ൽ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത് ബ്രിട്ടണിൽ ആണ്. രാജകുടുംബവും, ഡിപ്പാർട്ട്മെന്റ് ഫോർ ഡിജിറ്റൽ, കൾച്ചർ, മീഡിയ & സ്‌പോർട്സ് എന്നിവ ചേർന്ന് ആഘോഷപരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.


ബ്രിട്ടന്റെ ചരിത്രത്തിലെ ഒരു സുവർണ നിമിഷം ആയാണ് ജനങ്ങൾ ഈ അവസരത്തെ കാണുന്നത്. ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാൻ എന്ന വണ്ണം ജനങ്ങൾക്ക് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാക്ഷാ ബാരൻ കോഹൻ, കാരി മുല്ലിഗൻ, ഒലിവിയ കോൾമാൻ, ഡാനിയൽ കലൂയാ, സർ ആന്റണി ഹോപ് കിൻസ് എന്നിവരാണ് ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് താരങ്ങൾ. വനീസ കിർബി, ഗാരി ഓൾഡ്മാൻ, റിസ് അഹമ്മദ് എന്നിവരാണ് യുകെയിൽ നിന്ന് നോമിനേഷൻ ലഭിച്ച മറ്റുള്ളവർ.
ഇത്തവണത്തെ നോമിനേഷൻ ലഭിച്ചിരിക്കുന്ന 20 അഭിനേതാക്കളിൽ 9 പേരും എത്നിക് മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ടു വനിതകളുടെ പേരുകളും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ട് വനിതകളെ നോമിനേറ്റ് ചെയ്യുന്നത്.

ഇത്തവണ 25 ഏപ്രിലിൽ നടത്തുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. സാധാരണ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിലും, ലോസ് ആഞ്ചലസിലെ മെയിൻ റെയിൽവേ ഹബ്ബ്, യൂണിയൻ സ്റ്റേഷനിലുമായാണ് ചടങ്ങുകൾ നടക്കുക.

10 നോമിനേഷനുകളുമായി മാങ്ക് മുന്നിലുണ്ട്. ദ് ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മിശിഹാ, മിനാറി, നൊമാഡ് ലാൻഡ്,സൗണ്ട് ഓഫ് മെറ്റൽ, ദ ട്രയൽ ഓഫ് ചിക്കാഗോ സെവൻ എന്നിവയ്ക്ക് 6 നോമിനേഷനുകൾ വീതം ഉണ്ട്. 83 വയസ്സുള്ള സർ ആന്റണി നോമിനിസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അഹമ്മദ് പാകിസ്ഥാൻ വേരുകളുള്ള നടനാണ് എന്നതും, മികച്ച നടനുള്ള അവാർഡ് നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ മുസ്ലിം നടനാണ് എന്നതും ശ്രദ്ധേയമാണ്. നാല്പത്തി മൂന്നാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ച ബോസ് മാൻ അവസാനമായി അഭിനയിച്ച റോളിനും നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അവാർഡിനർഹനായാൽ മരണശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉടൻതന്നെ 8 ബില്യൻ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസ് നൽകുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെൽത്ത് സർവീസ് ലീഡഴ് സ് മുന്നറിയിപ്പുനൽകി. അടുത്ത സാമ്പത്തിക വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021 – 22 സാമ്പത്തിക വർഷത്തേയ്ക്കുള്ള എൻഎച്ച്എസിൻെറ ബഡ് ജറ്റിനെ സംബന്ധിച്ച് ട്രഷറിയും എൻഎച്ച്എസും തമ്മിൽ സമവായത്തിൽ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് സംഘടനകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻെറ ചീഫ് എക്സിക്യൂട്ടീവ് ഡാനി മോർട്ടിമെറിൻ ചാൻസലർ റിഷി സുനക്കിന് അയച്ച കത്തിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നൽകാൻ സാധിച്ചില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചത്ര സേവനം നൽകാൻ എൻഎച്ച്എസിന് സാധിച്ചില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഏകദേശം 3 ലക്ഷത്തിലധികം പേരാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന വാദത്തെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി പൂർണമായി തള്ളിക്കളഞ്ഞു. ബ്രിട്ടനിൽ ഓസ്‌ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ തുടരുമെന്ന് എംഎച്ച്ആർഎ അറിയിച്ചു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രക്തം കട്ടപിടിക്കും എന്ന ആശങ്ക കാരണം ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി നെതർലാൻഡ് ആണ് ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ച രാജ്യം.

പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയ 17 ദശലക്ഷത്തിലധികം ആളുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട സാധ്യതയെകുറിച്ച് യാതൊരു തെളിവുകളും ഇല്ലെന്ന് അസ്ട്രസെനക്കയും അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നതിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 24 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ( ആർ ബി എസ് ) ആയിരക്കണക്കിന് വരുന്ന ചെറുകിട ബിസിനസ് സംരംഭകർക്ക് കനത്ത തിരിച്ചടി നേരിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ ഈ നീക്കത്തിൽ ആൻഡ്ര്യൂ ബെയിലിയുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്. ഇപ്പോൾ നാറ്റ് വെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബാങ്ക് 16,000ത്തോളം വരുന്ന ചെറുകിട ബിസിനസ് ഗ്രൂപ്പുകളെ ഗ്ലോബൽ റിസ്ട്രക് ചറിങ് ഗ്രൂപ്പ് എന്ന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ 2009 മുതൽ 2013 വരെയുള്ള കാലയളവിൽ ഇവയിലെ 90% സംരംഭകരും ബാങ്കിന്റെ ഭാഗത്തുനിന്ന് പലരീതിയിലുള്ള അവഗണനകൾക്ക് വിധേയരായി.

” ചിലപ്പോൾ ചില കസ്റ്റമേഴ്സിനെ നശിക്കാനായി നമ്മൾ തന്നെ വിട്ടു കൊടുക്കേണ്ടി വരും ” എന്ന് അർത്ഥം വരുന്ന രീതിയിലുള്ള ഇമെയിലുകൾ ബാങ്കിന്റെ ഉദ്യോഗസ്ഥ വൃത്തത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്.

അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി എന്ന രീതിയിൽ പ്രവർത്തിക്കേണ്ടിയിരുന്ന ഒരു ഗവൺമെന്റ് സ്ഥാപനം തന്നെയാണ് ഉപഭോക്താക്കളുടെ ജീവിതം താറുമാറാക്കുന്ന രീതിയിലെ പ്രവർത്തനങ്ങൾ നടത്തിയത്. ഈ കെണിയിൽ വീണു പോയ പലരുടെയും ബിസിനസ് തകർന്നു, വിവാഹ ബന്ധം വേർപിരിയുകയോ ശാരീരിക മാനസിക ആരോഗ്യം തകരാറിലാവുകയോ ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ, അത് മുൻകൂട്ടി കണ്ടു ആവശ്യമായ നടപടികൾ സ്വീകരിക്കാനോ ബെയിലി തയ്യാറായിരുന്നില്ല.

ആർ ബി എസ് ഡിവിഷനിലെ മുൻ തലവനായ ഡെറിക് ബോസ് ” ഉപഭോക്താക്കൾക്ക് സപ്പോർട്ട് നൽകേണ്ടുന്ന സിസ്റ്റം തന്നെ അവരെ താഴേക്ക് വലിച്ചിടുകയാണെന്ന് ” അഭിപ്രായപ്പെട്ടിരുന്നു. 2016 ഒക്ടോബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജി ആർ ജി ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ട് സ്വയം വളരുകയാണെന്ന് കണ്ടെത്തിയിരുന്നു. ” ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉത്തരവാദിയായ ബെയിലി മറുപടി പറഞ്ഞേ മതിയാവൂ ” എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് രാജ്യത്തുനിന്ന് അധികവും ഉയർന്നത്. ആൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ ബിസിനസ് ബാങ്കിംഗ് കോ ചെയർമാൻ കെവിൻ ഹോളിൻറേക് എത്രയും പെട്ടെന്ന് ബെയിലി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരണപ്പെട്ടതായി കണ്ടെത്തുകയും ചെയ്ത സാറഎവറാർഡിന്റെ വിഷയത്തിൽ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുവാനായി പുതിയ ടാസ്ക് ഫോഴ്സ് വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ സമ്മേളനത്തിൽ, ജനങ്ങൾക്കെതിരെ നടന്ന പോലീസ് നടപടിയിലും പ്രധാനമന്ത്രി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച 1500ഓളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയത്. ഇതിനുശേഷം പിന്നീട് പാർലമെന്റ് സ്ക്വയറിലും, ന്യൂ സ്കോട്ട്ലാൻഡ് യാർഡിലും പ്രതിഷേധങ്ങൾ നടന്നു. സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ നിരത്തിലിറങ്ങിയത്. പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.

ക്രൈം ആൻഡ് ജസ്റ്റിസ് ടാസ്ക് ഫോഴ്‌സിന്റെ മീറ്റിംഗ് തിങ്കളാഴ്ച കൂട്ടുവാനായി പ്രധാനമന്ത്രി തീരുമാനിച്ചു. മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും, ശക്തമായ നിയമ നടപടികൾ ഇതിനായി ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

എല്ലാവർക്കും തുല്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പലസ്ഥലങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved