ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം വേനലവധിക്കാലത്ത് വിദേശത്തേയ്ക്ക് പോകുന്ന ബ്രിട്ടീഷുകാർക്ക് മൂന്നു കോവിഡ് വാക്സിനേഷൻ ആവശ്യമായി വന്നേക്കാം. അടുത്ത വർഷത്തോടെ മൂന്നു ഡോസ് അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്കാകും വിദേശ യാത്രാനുമതി നൽകുക. വാക്സിൻ പാസ്‌പോർട്ട് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കെയർ മിനിസ്റ്റർ ഗില്ലിയൻ കീഗൻ പറഞ്ഞു. ഇപ്പോഴത്തെ ഉപദേശം രണ്ട് ഡോസ് വാക്സിനേഷൻ ആണെങ്കിലും അത് മൂന്നായി പരിണമിക്കുമെന്ന് കെയർ മിനിസ്റ്റർ വ്യക്തമാക്കി. 37 ലക്ഷം ആളുകൾ ഇപ്പോൾ മൂന്നാമത്തെ ഡോസ് എടുത്തിട്ടുണ്ട്.

50 വയസ്സിന് താഴെയുള്ള ആളുകൾക്കുള്ള ബൂസ്റ്റർ ഡോസുകൾ ക്രിസ്മസിന് ശേഷം നൽകുമെന്നാണ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (JCVI) പറഞ്ഞിരിക്കുന്നത്. അതേസമയം മറ്റൊരു ‘ക്രിസ്മസ് ലോക്ക്ഡൗൺ’ ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഒരു സർക്കാർ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. ആറ് ആഴ്ചകൾക്ക് ശേഷം ആദ്യമായി ഇന്നലെയാണ് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനം ആയിരം കടക്കുന്നത്. വാക്സിനിൽ നിന്ന് ലഭിച്ച പ്രതിരോധശേഷിയിലൂടെ ആശുപത്രി പ്രവേശനം തടഞ്ഞുനിർത്താൻ സാധിക്കുമെന്ന് അധികാരികൾ വിശ്വസിക്കുന്നു. എന്നാൽ ഈ ശൈത്യകാലത്ത് നിയന്ത്രണങ്ങളില്ലെങ്കിൽ പോലും എൻ എച്ച് എസ് അമിത സമ്മർദ്ദത്തിലേയ്ക്ക് വീഴില്ലെന്ന് സേജ് ശാസ്ത്രജ്ഞർ ഉറപ്പ് നൽകുന്നു. പ്രതിദിനം കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനം 1,500 ന് മുകളിൽ ഉയരില്ലെന്ന് ഗ്രൂപ്പ് കണക്കാക്കിയിട്ടുണ്ട്.

നാം ഉടൻ പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊരു ക്രിസ്മസ് ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങാൻ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പ്രൊഫസർ ഓപ്പൺഷോ ബിബിസിയോട് പറഞ്ഞു. “പൊതുജനാരോഗ്യ നടപടികളിലൂടെ പ്രവർത്തിക്കാനുള്ള സമയമാണിത്. കാലതാമസം വരുത്തുകയാണെങ്കിൽ പിന്നീട് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതായി വരും. നമുക്കെല്ലാവർക്കും കുടുംബത്തോടൊപ്പം നല്ലൊരു ക്രിസ്മസ് ആഘോഷിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.