Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടണിൽ സ്കൂളുകൾ അടയ്ക്കുകയും അവധിക്കാല യാത്രക്കാരുടെ എണ്ണം പെരുകുകയും ചെയ്തുതോടുകൂടി യുകെയിലെ എയർപോർട്ടുകളിൽ അതിഭയങ്കരമായ തിരക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ടുകളിൽ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ലാത്തതുമൂലം യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. യുകെയിലേയ്ക്ക് ആദ്യമായി കൈ കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളുമായി വരുകയായിരുന്ന ആലപ്പുഴ സ്വദേശി ഹീത്രു എയർപോർട്ടിൽ അഞ്ച് മണിക്കൂറോളം കുടുങ്ങി കിടന്നത് വളരെ ഭീകരമായ അനുഭവമായിരുന്നു. ഇത്തരത്തിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന നിരവധി പേരാണ് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലവും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനാവാത്തതു മൂലവും വളരെ അധികം ദുരിതങ്ങൾ അനുഭവിച്ചത്.

യുകെയിൽ വേനൽക്കാല അവധി തുടങ്ങിയതിനെ തുടർന്ന് എയർപോർട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടത്തും വൻ ക്യൂവാണ് യാത്രക്കാർ നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ നീണ്ട ക്യൂവിന്റെ ഒട്ടേറെ ഫോട്ടോ ആണ് യാത്രക്കാർ പോസ്റ്റ് ചെയ്തത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രി കിറ്റ് മാൽ‌റ്റ്ഹൗസ് ഖേദ പ്രകടനം നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറ്റലി :- ഡയാന രാജകുമാരിയുടെ സഹോദരന്റെ മകൾ ലേഡി കിറ്റി സ്പെൻസറും, പ്രമുഖ ബിസിനസുകാരനായ മൈക്കിൾ ലൂയിസും തമ്മിലുള്ള വിവാഹം ഇറ്റലിയിൽ വെച്ച് നടത്തപ്പെട്ടു. മുപ്പതുകാരിയായ ലേഡി കിറ്റി തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുമായി ഒരാഴ്ചയായി സുഹൃത്തുക്കളോടൊപ്പം ഇറ്റലിയിൽ ആയിരുന്നു. ലേഡി കിറ്റിയുടെ പിതാവ് ചാൾസ് സ്പെൻസറിനേക്കാളും അഞ്ചു വയസ്സ് മുതിർന്നതാണ് ഭർത്താവ് മൈക്കിൾ ലൂയിസ്. ഡയാന രാജകുമാരിയുടെ ഏറ്റവും ഇളയ സഹോദരനായ ചാൾസ് സ്പെൻസറുടെ മകളാണ് ലേഡി കിറ്റി. ശനിയാഴ്ച ഇറ്റലിയിലെ ഫ്രാസ്കറ്റിയിൽ വച്ചാണ് ചടങ്ങ് നടന്നത്.

ചടങ്ങിൽ ലേഡി കിറ്റി ധരിച്ചിരുന്ന ഡോൾസി ആൻഡ് ഗബ്ബാനയുടെ ഗൗൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രസിദ്ധമാണ്. ചടങ്ങിന് കിറ്റിയോടൊപ്പം ഇരട്ട സഹോദരിമാരായ എലിസയും അമീലിയയും ഉണ്ടായിരുന്നു.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. മൈക്കിൾ ലൂയിസിന്റെ മുൻ വിവാഹത്തിലുള്ള മൂന്നു കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ വില്യം രാജകുമാരനും, ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രമുഖ ബിസിനസുകാരിൽ ഒരാളാണ് മൈക്കിൾ ലൂയിസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൃഗാശുപത്രികളിൽ നിരവധി നായകൾ ഒരേ രോഗലക്ഷണത്തോടെ എത്തിയതിനെ തുടർന്ന്, പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായി കണ്ടെത്തൽ.അമിത തോതിലുള്ള വയറിളക്കം, ശരീരതാപനിലയിലുള്ള വർദ്ധന, ക്ഷീണം എന്നിവ കണ്ടതിനെ തുടർന്നാണ് തന്റെ നായയെ മൃഗാശുപത്രിയിൽ എത്തിച്ചതെന്ന് ഉടമ ജിസൽ ആൺഡൽ വ്യക്തമാക്കി. പിന്നീട് നായയ്ക്ക് കുറഞ്ഞ തോതിലുള്ള ബ്ലഡ് ഷുഗർ ലെവലും, കുറഞ്ഞ ബ്ലഡ് പ്രഷറുമെല്ലാം കാണിച്ചതായി മൃഗാശുപത്രി അധികൃതർ പറഞ്ഞു . നായയ്ക്ക് ഐസിയു ട്രീറ്റ് മെന്റ് ലഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളും മറ്റും കുറയുകയും, എഴുന്നേറ്റ് നടക്കാൻ പറ്റുന്ന സാഹചര്യത്തിൽ എത്തുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ നായ രക്ഷപ്പെടാനുള്ള സാഹചര്യം 50 മുതൽ 70 ശതമാനം വരെ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇതേ രോഗലക്ഷണങ്ങളോട് കൂടി മറ്റ് നാല് നായകൾ കൂടി മൃഗാശുപത്രിയിൽ എത്തിയതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായാണ് വെറ്റിനറി ഡോക്ടർമാർ സംശയിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെയും വ്യക്തമല്ല. അതിനാൽ തന്നെ വളർത്തുന്ന നായ്ക്കളെ വീടിനു പുറത്തേക്ക് ഇറക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകുന്നത്. ഇത്തരത്തിൽ കൂടുതൽ നായ്ക്കൾ എത്തുകയാണെങ്കിൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നായ ഉടമകൾ തങ്ങളുടെ വളർത്തു നായകളുടെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് കൂടുതൽ ബോധവാന്മാർ ആയിരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നവരെ ആരോഗ്യ സെക്രട്ടറി അപമാനിച്ചതായി ആക്ഷേപിച്ച് വൻ പ്രതിഷേധം. കോവിഡിനെ പേടിക്കേണ്ടെന്ന രീതിയിൽ അദ്ദേഹം നടത്തിയ ട്വീറ്റാണ് വൻ വിമർശനം വിളിച്ചുവരുത്തിയത്. രോഗബാധിതനായി ഒരാഴ്ചയ്ക്കുശേഷം കോവിഡ് വിമുക്തനായതായി കാണിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് കോവിഡിനെ പേടിച്ചോടരുത് എന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിഷ്കർഷിക്കേണ്ട മന്ത്രി തന്നെ നിയമങ്ങൾ പാലിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണെന്ന തരത്തിലുള്ള ശക്തമായ ആക്ഷേപങ്ങൾ ആണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്. ഇതിനെ തുടർന്ന് തൻെറ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ക്ഷമ ചോദിച്ചു. അത് ഒരു മോശം പരാമർശമായിരുന്നു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി അദ്ദേഹം തൻറെ പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്വീറ്റിൽ ആരോഗ്യ സെക്രട്ടറി തൻറെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പറഞ്ഞു. ജൂലൈ 17 -നാണ് ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹവുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് പ്രധാനമന്ത്രിയും ചാൻസലറും ക്വാറന്റീനിൽ ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

NHS -ന് കൈത്താങ്ങായി യോർക്ക്ഷയർ മലയാളികളായ ഷിബു മാത്യുവും ജോജി തോമസും നേതൃത്വം നൽകുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ജനപിന്തുണയേറുന്നു. കനാൽ വാക്ക് അനൗൺസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ സ്പോൺസർഷിപ്പ് രണ്ടായിരം പൗണ്ടിലേയ്ക്കടുക്കുന്നു.

യുകെയുടെ ചരിത്രത്തിൻ്റെ ഭാഗമായ ലീഡ്സ് ലിവർപൂൾ കനാൽ കടന്നു പോകുന്ന സ്കിപ്ടണിൽ നിന്ന് സ്പോൺസേർഡ് കനാൽ വാക്ക് ആരംഭിക്കും. ഓഗസ്റ്റ് 14 -ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന കനാൽ വാക്കിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം യുക്മ നേഴ്സസ്സ് ഫോറം സെക്രട്ടിയും മുൻ യുകെ ക്നാനായ കാത്തലിക് വിമൻസ് ഫോറം സെക്രട്ടറിയുമായ ലീനുമോൾ ചാക്കോയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറം പ്രസിഡൻ്റും CC ഗ്ലോബൽ മെഡിക്കൽ കൗൺസിലർ മെമ്പറുമായ ജോളി മാത്യുവും സംയുക്തമായി നിർവ്വഹിക്കും. തുടർന്ന് ജോജി തോമസും ഷിബു മാത്യുവും നേതൃത്വം നൽകുന്ന ലീഡ്സിനെ ലക്ഷ്യമാക്കിയുള്ള കനാൽ വാക്ക് ആരംഭിക്കും. കനാൽ വാക്കിൻ്റെ തുടക്കത്തിൽ തന്നെ NHS -ൻ്റെ നേതൃത്വ നിരയിലുള്ള ഡോക്ടേഴ്സും നേഴ്സുമാരുമടങ്ങുന്ന നിരവധി മലയാളികളും അവരുടെ കുടുംബവും കനാൽ വാക്കിൽ അണിനിരക്കും. 31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്കിൽ മുഴുവനായും ഭാഗീകമായും നടക്കുവാൻ താല്പര്യപ്പെട്ട് നിരവധി യോർക്ക്ക്ഷയർ മലയാളികളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന കനാൽ വാക്ക് 31 മൈൽ താണ്ടി വൈകിട്ട് ഏഴ് മണിയോടെ ലീഡ്സിൽ എത്തിച്ചേരും.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും NHS -ൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങളേക്കാൾ കൂടുതൽ കരുതൽ NHS എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് NHS . ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് NHS  ആണ്. അതു കൊണ്ടു തന്നെNHS -ന് മലയാളികളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതൽ ഊർജ്ജസ്വലതയുള്ളതാക്കി തീർത്ത് നമ്മൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യത്തിനോടൊപ്പം നിൽക്കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വവും നന്മയുമാണ്.

ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടന്റെ സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പദ്ധതികളുമായി ചാൻസലർ റിഷി സുനക്. ജനങ്ങളുടെ കയ്യിലുള്ള ഔദ്യോഗിക കറൻസി ഒഴിവാക്കി, ഡിജിറ്റൽ കറൻസിയായ ‘ബ്രിറ്റ് കോയിൻ ‘ ഔദ്യോഗികമാക്കാനുള്ള തീരുമാനങ്ങളാണ് ചാൻസലർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റെർലിംഗിന് പകരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുല്യ അനുപാതത്തിലുള്ള ഡിജിറ്റൽ കറൻസി നിലനിർത്താനാണ് പുതിയ പദ്ധതികൾ പ്രകാരമുള്ള തീരുമാനം. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ കോയിൻ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന അഭിപ്രായം വിദഗ്ധരുടെ ഇടയിലുണ്ട്. ബ്രിറ്റ് കോയിനിന്റെ ഗുണങ്ങളെപ്പറ്റി പഠിക്കുവാനായി പ്രത്യേക സമിതിയും ചാൻസലർ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഓൺലൈൻ രീതിയിലുള്ള പണമിടപാടുകളുടെ സമയവും ചിലവും കുറയ്ക്കും. നിലവിൽ തന്നെ ക്രിപ്റ്റോകറൻസികളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ഗുണംചെയ്യുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ക്രിപ്റ്റോകറൻസികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ നടന്നുവരുന്നു. ചൈനയും, യു എസുമെല്ലാം ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ ഇത്തരം ഡിജിറ്റൽ കറൻസികൾ നിലനിർത്താം. ബ്രിറ്റ് കോയിനുകൾക്ക് പലിശ നിരക്കുകൾ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് ഇതു വരെയും തീരുമാനമായിട്ടില്ല. റിട്ടെയിൽ കമ്പനികളിലേയ്ക്കുള്ള സാധാരണ പണമിടപാടുകൾക്കും ഇനി മുതൽ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാം. എന്നാൽ ഓരോ ഉപഭോക്താവിനും കൈവശം വെക്കാനാകുന്ന ബ്രിറ്റ് കോയിനിന്റെ എമൗണ്ടിൽ പരിധി ഉണ്ടാകും. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് സ്റ്റെർലിങ്ങും, ബ്രിറ്റ് കോയിനും തമ്മിൽ സുഗമമായി മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.

ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരമെന്ന പദവി അലങ്കരിച്ചിരുന്ന സ്ഥലമാണ് ലിവർപൂൾ. ആയിരത്തിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ലിവർപൂൾ കിംഗ് ജോൺ വെറും ഏഴ് തെരുവുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ H-ന്റെ ആകൃതിയിൽ സ്ഥാപിച്ച് രൂപം കൊടുത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ ലിവർപൂളിന് ലോക ഹെറിറ്റേജ് പദവി എടുത്തു കളയാനുള്ള യുനസ്കോയുടെ തീരുമാനം ചരിത്ര പ്രേമികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക.

നഗരത്തിൽ അടുത്തകാലത്ത് നടന്ന പല വികസന, നിർമാണപ്രവർത്തനങ്ങളും ലിവർപൂളിന്റെ ചരിത്രപരമായ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുനസ്കോ യൂറോപ്പിലെ ന്യൂയോർക്ക് എന്ന് അറിയപ്പെടുന്ന ലിവർപൂളിനെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ചൈനയിൽ വച്ച് നടന്ന യുനസ്കോ യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തീരുമാനം ഉണ്ടായത്. എന്തായാലും പ്രസ്തുത തീരുമാനം യുനസ്കോയിൽ നിന്നുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നിലയ്ക്കാൻ കാരണമാകും. മലയാളികൾ നിരവധി തിങ്ങി പാർക്കുന്ന ലിവർപൂളിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ് യുനസ്കോയുടെ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ അതിതീവ്രമായി കോവിഡ് വ്യാപിക്കുന്നത് പ്രധാനമായും 25 ഹോട്ട്സ്പോട്ടുകളിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സോയി കോവിഡ് സിംപ്റ്റം സ്റ്റഡി ആണ് ഇതിനോട് അനുബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 25 സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ളത് സ്റ്റോക്ക് ടൺ ഓൺ ടീസിൽ ആണ്. മുഖ്യ ഗവേഷകനും കിംഗ്സ് കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ടിം സ്‌പെക്റിൻെറ അഭിപ്രായത്തിൽ നിലവിലെ കോവിഡ് തരംഗം ശക്തിയാർജിക്കും എന്നുള്ള ഭയാശങ്കകൾ കുറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരിലും പ്രതിരോധ കുത്തിവെയ് പ്പെടുത്തവരിലും വൈറസ് വ്യാപനം കുറവാണ്. എന്നാൽ ജനിതകമാറ്റം വന്ന പുതിയ വൈറസുകളുടെ ആവിർഭാവത്തോടെ നിലവിലെ സാഹചര്യം എപ്പോൾ മാറും എന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ആൾക്കാർക്ക് ഒറ്റപ്പെടൽ നിർദ്ദേശം ലഭിക്കുമെന്നും അത് നമ്മുടെ സ്വാഭാവിക ജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പ്രൊഫസർ ടിം സ്‌പെക്ർ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള ഹോട്ട്സ്പോട്ടുകൾ താഴെപ്പറയുന്നവയാണ്.

ഈസ്റ്റ് ഇംഗ്ലണ്ട്: ബെഡ്ഫോർഡ്, പീറ്റർബറോ, തുറോക്ക്

ലണ്ടൻ: കാംഡൻ, ഹാക്ക്‌നി, ഹമ്മർസ്മിത്ത് ആൻഡ് ഫുൾഹാം, ഹയൻസ്ലോ , ഐസ്ലിംഗ്ടൺ, ലംബെത്ത്, സൗത്ത്വാർക്ക്, ടവർ ഹാംലെറ്റുകൾ, വാണ്ട്സ്‌വർത്ത്

നോർത്ത് ഈസ്റ്റ്: ഡാർലിംഗ്ടൺ, റെഡ്കാർ, ക്ലീവ്‌ലാന്റ്, സ്റ്റോക്ക്‌ടൺ

നോർത്ത് വെസ്റ്റ് : ലിവർപൂൾ, സെന്റ് ഹെലൻസ്

സ്കോട്ട്ലൻഡ് : ഡംഫ്രീസും ഗാലോവേയും ഫാൽകിർക്കും

യോർക്ക്‌ഷയറും ദി ഹമ്പറും: ബാർൺസ്‌ലി, ബ്രാഡ്‌ഫോർഡ്, കിംഗ്സ്റ്റൺ ഓൺ ഹൾ, ലീഡ്സ്, നോർത്ത് ഈസ്റ്റ് ലിങ്കൺഷയർ, റോതർഹാം

സ്റ്റോക്ക് ടൺ ഓൺ ടീസിൽ കഴിഞ്ഞ ആഴ്ച 2352 കോവിഡ് കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. അഞ്ച് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കർമപദ്ധതി രോഗവ്യാപനം തീവ്രമായിട്ടുള്ള മേഖലകളിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് അറിയിച്ചു.

സുജിത് തോമസ്

പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍

ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.

പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)2 ആഴ്ചയെങ്കിലും കുതിര്‍ത്താല്‍ നല്ലത്.
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍

പാര്‍ട്ട്3
കാരവന്‍ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക

കേക്ക് തയ്യാറാക്കുന്ന വിധം

1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.

ഫ്രൂട്ട്‌സ് റൂണില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

 

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇടിമിന്നലിൽ ബ്രിട്ടനിൽ കനത്ത നാശനഷ്ടം. ഹാംപ്ഷെയറിലെ വീടുകളുടെ മേൽക്കൂര ഇടിമിന്നലേറ്റ് തകർന്നു. ചൂട് കൂടിയതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിൽ ഉണ്ട്. ആൻഡോവറിലെ രണ്ട് വീടുകൾ തകർന്നെങ്കിലും താമസക്കാരായ രണ്ട് സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയും മഞ്ഞുവീഴ്ചയും 55 മൈൽ വേഗതയിലുള്ള കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുകളുള്ളത്. സ്കൂൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതിനാൽ അവധിക്കാല യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നവരെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കും . ഈ വാരാന്ത്യത്തിൽ തന്നെ ഏകദേശം 400,000 വിനോദസഞ്ചാരികൾ ആണ് വിമാനത്താവളങ്ങളിലേയ്ക്ക് യാത്രയ്ക്കായി തിരിച്ചിരിക്കുന്നത് .

RECENT POSTS
Copyright © . All rights reserved