Main News

യുകെ മലയാളികളെ തേടി രണ്ടു ആകസ്മിക മരണങ്ങള്‍. ഇന്നലെ രാവിലെ ക്രോയിഡോണില്‍ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പുതുതലമുറ അംഗമായ ജയകുമാര്‍ ഭാനുവിനെയാണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വാര്‍ത്ത യുകെ മലയാളി സമൂഹം അറിഞ്ഞു തുടങ്ങുമ്പോഴേക്കും രണ്ടാമത്തെ ദുരന്ത വാര്‍ത്തയും എത്തി.

ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലില്‍ യുകെയില്‍ നിന്നെത്തിയ സൗഹൃദ സംഘം അകപെടുക ആയിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഈസ്റ്റ്ഹാം പ്രദേശത്തു നിന്നും പുറപ്പെട്ട സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കല്ലാറിലെ കയത്തില്‍ അകപ്പെട്ടത്.

ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. ഏക മകനും അമ്മയും ജയകുമാറിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ക്രോയ്ഡോണിലെ ലന്‍സിങ് റോഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.

ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ലഭ്യമല്ല.

അതിനിടെ ഇന്നലെ ഉണ്ടായ രണ്ടാം ദുരന്തത്തില്‍ തലനാരിഴക്കാണ് മൂന്നു യുകെ മലയാളികള്‍ കല്ലാറിലെ കയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്.

ഇവര്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുക ആയിരുന്നു. കല്ലാറില്‍ അപകട സാധ്യത ഉണ്ടെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഘം നിര്‍ദ്ദേശത്തെ ഗൗരവത്തിലെടുത്തില്ലെന്നു സൂചനയുണ്ട്. മാത്രമല്ല കല്ലാറില്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുന്നറിയിപ്പ് സൂചന നല്‍കുന്ന ബോര്‍ഡില്‍ നിന്നും ഏറെ അകലെയല്ല അപകടം നടന്ന സ്ഥലം.

അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഘത്തിലെ മറ്റുള്ളവരെ രക്ഷിച്ചത്. എന്നാല്‍ 53 കാരനായ പ്രശോഭ് കുമാറിനെ രക്ഷിക്കാനായില്ല. ഇദ്ദേഹം വെള്ളത്തിലെ കുത്തൊഴുക്കില്‍ പെടുക ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ഒരേ ദിവസം വിധിയുടെ ക്രൂരത കണ്ട് ആദ്യ ഞെട്ടലില്‍ നിന്നും വിടുതല്‍ ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണ് യുകെ മലയാളി സമൂഹം. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കുമായിരുന്ന ദുരന്തം എന്ന ചിന്തയാണ് ഏവരും പങ്കിടുന്നത്.

ഇതോടെ ക്രിസ്മസും പുതുവര്‍ഷവും ഗംഭീരമായി വരവേല്‍ക്കുവാന്‍ തയ്യാറായ യുകെ മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കി മരണത്തിലേക്ക് യാത്രയായവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരന്‍ നായര്‍, അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അയര്‍ലന്റിലെ മലയാളി നഴ്‌സായ മേരി കുര്യാക്കോസ്, കാന്റര്‍ ബറിയില്‍ നിര്യാതനായ ലാല്‍ജിത്ത്, അസുഖങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങിയ ലിവര്‍പൂളിലെ മലയാളി നഴ്‌സായ കൊച്ചുറാണി ജോസ്, പുത്തുദിവസത്തെ ഇടവേളയിട്ട് മരണത്തിനു യാത്രയായ ചെല്‍റ്റ്‌നാമിലെ ആന്റണി റാഫേല്‍ – സാറാമ്മ ദമ്പതികള്‍, റെഡ്ഡിംഗിലെ മലയാളി വീട്ടമ്മ ലീലാമ്മ ചെറിയാന്‍ എന്നിവരുടെ തുടര്‍ച്ചയായ മരണ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇന്നലെ രണ്ടു വിടവാങ്ങലുകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.

സ്വന്തം ലേഖകൻ

ബക്കിംഗ്ഹാം കൊട്ടാരം: രാജകീയ പദവികൾ വേണ്ടെന്ന് വച്ച് കൊട്ടാരത്തിന്റെ പടിയിറങ്ങുന്ന ഹാരിക്കും മേഗനും ആശംസകൾ നേർന്ന് രാജ്ഞി. സന്തോഷവും സമാധാനപരവുമായ പുതിയ ജീവിതം അവർക്ക് രാജ്ഞി നേരുകയുണ്ടായി. ഒപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇരുവർക്കും ആശംസകൾ അറിയിച്ചു. നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് രാജ്യം മുഴുവനായി ആശംസിക്കുന്നു എന്നാണ് ജോൺസൻ പറഞ്ഞത്. “വളരെ പെട്ടെന്നു തന്നെ മേഗൻ കുടുംബത്തോടൊപ്പം ചേർന്ന് ഒരംഗമായി. ഹാരിയും അർച്ചിയും സ്നേഹിക്കപ്പെടും.” രാജ്ഞി കൂട്ടിച്ചേർത്തു. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തെ കണക്കിലെടുത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും അവരെ പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിക്കാൻ ആവില്ല. കൂടാതെ ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയാൻ ഉപയോഗിച്ച നികുതിദായകരുടെ 2.4 മില്യൺ പൗണ്ട് അവർ തിരിച്ചടയ്ക്കേണ്ടതായും വരും.

തിങ്കളാഴ്ച രാജ്ഞിയുമായി ചർച്ച നടത്തിയ ശേഷമാണ് ഭാവിയെക്കുറിച്ചുള്ള ദമ്പതികളുടെ പ്രഖ്യാപനം. “നിരവധി മാസത്തെ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം എന്റെ പേരക്കുട്ടിക്കും കുടുംബത്തിനും വേണ്ടി ക്രിയാത്മകവും യോജിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്”. രാജ്ഞി പറഞ്ഞു. മേഗന്റെ പിതാവ് തോമസ് മാർക്കലെ മകളുടെ ഈയൊരു തീരുമാനത്തോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ചു. “ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു. അവൾക്ക് അത് ലഭിച്ചു, എന്നാൽ ഇപ്പോൾ അവൾ അത് വലിച്ചെറിയുകയാണ്” അദ്ദേഹം പറഞ്ഞു.

ദമ്പതികളുടെ സ്വകാര്യ രക്ഷാകർതൃത്വങ്ങളും അസോസിയേഷനുകളും തുടരുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി രാജകുമാരൻ രക്ഷാധികാരിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റഗ്ബി ലീഗ് അറിയിച്ചു. അതേസമയം ഹാരിയും കുടുംബവും കാനഡയി‍ലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ

ദക്ഷിണ കൊറിയ : ക്രിപ്‌റ്റോ കറൻസി മുഖ്യധാരയിലേക്ക് എത്തിക്കാൻ കൊറിയൻ പ്രസിഡൻഷ്യൽ കമ്മിറ്റി ശ്രമിക്കുന്നു. ക്രിപ്റ്റോ കറൻസിയെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന നിരവധി നടപടികൾ ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ കീഴിലുള്ള ഒരു കമ്മിറ്റി, സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിലേക്ക് ക്രിപ്റ്റോകറൻസിയെ കൂട്ടിയോജിപ്പിക്കാൻ ആണ് കമ്മിറ്റി ശുപാർശ ചെയ്യുന്നത്. യുഎസ് ധനകാര്യ അധികാരികൾ ചെയ്തതുപോലെ ബിറ്റ്കോയിൻ വിലയെ അടിസ്ഥാനമാക്കി ഭാവി ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ധനകാര്യ കമ്പനികളെ അനുവദിക്കണമെന്നും സർക്കാരിനോടവർ അഭ്യർത്ഥിച്ചു. ദക്ഷിണ കൊറിയയിൽ ബിറ്റ്കോയിൻ ഡെറിവേറ്റീവുകൾ ആരംഭിക്കുന്നതിനു പുറമേ, രാജ്യത്തെ ഏക സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഓപ്പറേറ്ററായ കൊറിയ എക്സ്ചേഞ്ചിൽ (കെആർഎക്സ്) ബിറ്റ്കോയിൻ നേരിട്ട് ലിസ്റ്റുചെയ്യാൻ പ്രസിഡന്റ് കമ്മിറ്റി നിർദ്ദേശിച്ചു.

യു‌എസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സി‌എഫ്‌ടി‌സി) നിരവധി ക്രിപ്റ്റോ ഡെറിവേറ്റീവ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകി. യുഎസിലെയും സ്വിറ്റ്സർലൻഡിലെയും ധനകാര്യ അധികാരികളുടെ സംരംഭങ്ങൾ ഉദ്ധരിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി ബിസിനസ് ലൈസൻസുകളോ മാർഗ്ഗനിർദ്ദേശങ്ങളോ അവതരിപ്പിക്കാൻ പ്രസിഡൻഷ്യൽ കമ്മിറ്റി സർക്കാരിനെ ഉപദേശിച്ചു. പരമ്പരാഗത മൂലധന വിപണിയിൽ പങ്കെടുക്കുന്ന സെക്യൂരിറ്റീസ് സ്ഥാപനങ്ങളും ബാങ്കുകളും ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര കസ്റ്റഡി പരിഹാരങ്ങൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും വേണം. അതുകൊണ്ട് കൊറിയൻ ക്രിപ്റ്റോ വിപണി മറ്റു രാജ്യങ്ങളെ ആശ്രയിക്കില്ല. ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും സ്ഥാപന നിക്ഷേപകരുടെ വ്യാപാരത്തിനായി നീക്കിവച്ചിരിക്കുന്ന കൗണ്ടർ (ഒടിസി) ഡെസ്കുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ കൊറിയൻ സർക്കാർ അനുവദിക്കണമെന്നും കമിറ്റി ശുപാർശ ചെയ്തു.

2019 മെയ് വരെ, പ്രതിദിന ക്രിപ്റ്റോ-അസറ്റ് വ്യാപാരം ലോകത്ത് 80 ട്രില്യൺ (ഏകദേശം 69 ബില്യൺ യുഎസ് ഡോളർ) നേടി. അതിനാൽ തന്നെ ക്രിപ്റ്റോ അസറ്റ് വ്യാപാരം നിർത്താൻ ഇനി കഴിയില്ല. രാജ്യത്തിന്റെ നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ ക്രിപ്‌റ്റോകറൻസിയുടെ നിയമപരമായ നില ആവശ്യമാണെന്ന് സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നികുതി നിയമം ഭേദഗതി ചെയ്യുന്നതുവരെ ക്രിപ്റ്റോ ലാഭത്തിന് ദക്ഷിണ കൊറിയയിൽ നികുതി നൽകില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ജയേഷ് കൃഷ്ണൻ വി ആർ

ഓസ്ട്രേലിയൻ കാടുകളിലെ തീപിടുത്തത്തിൽ എത്ര മൃഗങ്ങൾ ചത്തു എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എന്നാൽ സിഡ്നി സർവകലാശാലയിലെ ഓസ്ട്രേലിയൻ ജൈവവൈവിധ്യത്തെ കുറിച്ച് വിദഗ്ധനായ പ്രൊഫസർ ക്രിസ് ഡിക്ക്മാൻ ഒരു കണക്ക് പുറത്തു വിട്ടിരിക്കുന്നു. ഇതു പ്രകാരം 480 ദശലക്ഷം മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു എന്ന് പറയുന്നു.

അദ്ദേഹം ആ കണക്കുകളോടൊപ്പം സൂചിപ്പിച്ചിരിക്കുന്നത് തീയുടെ നേരിട്ടുള്ള ഫലമായി മരിക്കുന്നതിനേക്കാൾ കൂടുതൽ അത് ബാധിച്ച മൃഗങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണിത്. അഗ്നിബാധയുണ്ടായ ഭൂമിയുടെ അളവ് കൊണ്ടാണ് അവർ ഈ കണക്കിൽ എത്തിയിരിക്കുന്നത്. കങ്കാരു , എമു പോലെയുള്ള വലിയ മൃഗങ്ങൾക്കും പല പക്ഷികൾക്കും തീ അടുക്കുമ്പോൾ അകന്നു പോകാൻ കഴിയും. തീയിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും ഭക്ഷണമോ പാർപ്പിടാമോ ഇല്ലാത്തതിനാൽ പിന്നീട് മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ന്യൂ സൗത്ത് വെയിൽസിൽ നാശനഷ്ടം ഉണ്ടായതിനെ കുറിച്ച് മാത്രമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. എന്നാൽ തീ വിക്ടോറിയയിലേക്ക് പടർന്നു. അതിനാൽ കണക്കുകളിൽ സൂചിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളെ അത് ബാധിച്ചേക്കാം.

ഈ കണക്കുകൾ ഒരു എസ്റ്റിമേറ്റ് മാത്രമാണെന്ന് അത് പുറത്തുകൊണ്ടുവന്നവർ പറയുന്നു. ഉരഗങ്ങളുടെ എണ്ണം അനിശ്ചിതത്വത്തിലാണ്. ഇവിടെ വന്നിരിക്കുന്ന കണക്കുകളിൽ മുക്കാൽഭാഗവും തീ ബാധിച്ചിരിക്കുന്നത് ഉരഗങ്ങളെയാണ്.

പല ജീവികളുടെയും കാട്ടുതീയ്ക്ക് മുൻപുള്ള സാന്ദ്രതയുടെ കണക്ക് ലഭ്യമല്ല. അതിനാൽ മറ്റ് ജീവജാലങ്ങളുടെ അറിയപ്പെടുന്ന സാന്ദ്രതയിൽ നിന്ന് അവ കണക്കാക്കേണ്ടതുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് റീഡിങ് ലെ ബ്ലൈഡ് ഇക്കോളജി പ്രൊഫസർ ടോം ഒലിവർ പറയുന്നു.

തീ ബാധിച്ച മൃഗങ്ങളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ കൊല്ലപ്പെട്ടുവെന്ന് തോന്നുന്നില്ല. എന്നിരുന്നാലും അവ ദീർഘകാലം നിലനിൽക്കുമോ എന്നത് സംശയകരമാണ് എന്ന് യോർക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ കോളിൻ ബിൽ പറഞ്ഞു.

ദുബൈ: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്.വർഗ്ഗീസ് ,അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ,മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയ്യാറാക്കിയ ബൈബിൾ ആണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നല്കിയ രേഖകൾ യു.ആർ.എഫ് അധികൃതർ പൂർണ്ണമായും പരിശോധിക്കുകയും വീഡിയോ കോൺഫ്രൻസിലൂടെ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പ് നല്കുകയും ചെയ്തു.

സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യു.ആർ.എഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്റെ ഒരുക്കങ്ങൾ ദുബൈയിൽ ആരംഭിച്ചു.

85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്റ ഭാര്യ സൂസൻ ആയിരുന്നു.ഒപ്പം ദുബൈ ഇന്ത്യൻ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മകൻ കരുണും അൽ-വർഖ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താത്പര്യം കാണിച്ചു. സ്‌കൂൾവിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും.അതിനിടയിൽ വീടിന്റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു.ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.

യാത്രകൾ, ഷോപ്പിങ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റിവെച്ചു.ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർവരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്.ബൈബിളിന്റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ്‌ ഫോറത്തിന്റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.

ഇതിനോടകം നിരവധി പ്രമുഖർ ആണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗ്ഗീസ് കെ.മാത്യു-സാറാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനായ മനോജ് കഴിഞ്ഞ 2 പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.

മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നല്കുന്നതിന് ഉള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ  മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ റോബിൻ എബ്രഹാം സ്വാഗതവും, സെക്രട്ടറി ശ്രീ ടോമി ജോസഫ് കൃതജ്ഞതയും അർപ്പിച്ച  ചടങ്ങിൽ ഡാൻസ് ടീച്ചർ ഭാഗ്യ ലക്ഷ്മി, മലയാളം ടീച്ചർ മരിയ ഷാജി എന്നിവരെ ആദരിച്ചു.
മാസ് അംഗംങ്ങളുടെ എക്കാലത്തെയും മികച്ച നിറ സാന്നിധ്യംകൊണ്ട് ധന്യമായ സദസിൽ മാസിലെതന്നെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ മലയാളത്തനിമ നിലനിർത്തി അവതരിപ്പിച്ച ദൃശ്യകലാവിരുന്നു ക്രിസ്മസ് പുതുവത്സര ആഘോഷരാവിനു മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചിട്ടയായ നടത്തിപ്പും, ജിബി ഷിൻറ്റു , അരുൺ അച്യുതൻ, അലൻ ബാബു, അലീഷ ജിബി ടീമിന്റെ ആൻങ്കറിങ്ങിലെ മികവും, ഉന്നത നിലവാരം പുലർത്തിയ ലൈറ്റ് ആൻഡ് സൗണ്ടും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാസ് സംഘടിപ്പിച്ച എക്കാലെത്തെയും മികച്ച പരിപാടികളിൽ ഒന്നാക്കി മാറ്റാൻ സാധിച്ചു.

മാസ് അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനൊപ്പം റോബിൻ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റിൽ ട്രഷറർ, ബ്ലെസ്സൻ മാത്യു പി ആർ ഓ, അമ്പിളി ചിക്കു ആർട്സ് കോഓർഡിനേറ്റർ, ജിബി സിബി ആർട്സ് കോഓർഡിനേറ്റർ, അനീറ്റ സിബി സ്പോർട്സ് കോഓർഡിനേറ്റർ, ജിനോയ് മത്തായി സ്പോർട്സ് കോഓർഡിനേറ്റർ , ഷിൻറ്റു മാനുവൽ ഫുഡ് ആൻഡ് ബീവറേജ് കോഓർഡിനേറ്റർ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വർക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വർഷത്തെ ക്രിസ്മസ്  ന്യൂ ഇയർ നൈറ്റ്.

യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വർഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ എല്ലാ പോസ്റ്റുകളിലേക്കും മത്സരിക്കാൻ ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് നോമിനേഷൻ നൽകിയിട്ടുള്ളത് . മുൻകാലങ്ങളിൽ എല്ല സ്ഥാനങ്ങളിലേക്കും കടുത്ത മത്സരങ്ങളിലൂടെയും ആരോഗ്യകരമായ ഡിബേറ്റിലൂടെയുമാണ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്നത്, എന്നാൽ ഈ വർഷം വരുന്ന 25-)൦ തീയതി കേവലം നോമിനേഷൻ കൊടുത്തിരിക്കുന്നവരെ വിജയിച്ചവരായി പ്രഖ്യപിക്കുന്ന ചടങ്ങുമാത്രമാണ് നടക്കാൻപോകുന്നത് അത് ചൂണ്ടിക്കാണിക്കുന്നത് സംഘടനയുടെ .ദൗർബല്യമാണ്.

UKKCA കഴിഞ്ഞ കാലത്തെ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും , ജനസാന്നിധ്യവും യു കെ യിലെ മുഴുവൻ ക്നാനായകാരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരത്തിന് ആരും തയാറായില്ല എന്നത് വലിയ അമ്പരപ്പാണ് യു കെ ക്നാനായ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത് ,നിലവിൽ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും , ജിജി വരിക്കാശേരി സെക്രട്ടറി സ്ഥാനത്തേക്കും മാത്യു ജേക്കബ് ട്രഷർ സ്ഥാനത്തേക്കും ബിജി ജോർജ് മാംകൂട്ടത്തിൽ വൈസ് പ്രസിഡണ്ടന്റ് സ്‌ഥാനത്തേയ്ക്കും ലുബി മാത്യൂസ് വെള്ളാപ്പിള്ളി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുത്തതായി വരുന്ന 25 നു പ്രഖ്യാപിക്കും ഇതു ചൂണ്ടികാണിക്കുന്നത് സംഘടനയുടെ തികഞ്ഞ ദൗർബല്യമാണ് .

എന്തുകൊണ്ടാണ് ഇത്തരം ഒരു ബലഹീനതയിലേക്കു UKKCA നിലംപതിച്ചത് എന്ന അന്വേഷണം പ്രധാന പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് യു കെ യിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയും അവർ അനുവദിച്ച ക്നാനായ മിഷനെ സംബന്ധിച്ച തർക്കം സഭവാദികളും സംഘടനാ വാദികളുമായി യു കെ യിലെ ക്നാനായക്കാരുടെ ഇടയിൽ രൂപപ്പെട്ടിട്ടുണ്ട് . അത്തരം അഭിപ്രായ വ്യത്യസം രൂപപ്പെട്ടതിന്റെ ബഹിസ്പുരണമാണ് ഇത്തരം ഒരു തണുത്ത കാറ്റു സംഘടനയിൽ വീശിക്കൊണ്ടിരിക്കുന്നതു ,കൂടാതെ ക്നാനായ സംരക്ഷണ സമിതി ബഹുഭൂരിപക്ഷം യൂണിറ്റുകളിലും നേടിയ വിജയം വൈദികരെ അനുകൂലിക്കുന്ന വിഭാഗങ്ങളെ പിറകോട്ടടിച്ചു മാറിനിൽക്കാൻ നിർബന്ധിക്കപ്പെട്ടു എന്നാണ് അറിയുന്നത് .

സീറോ മലബാർ സഭ യു കെ യിൽ അനുവദിച്ചിട്ടുള്ള 15 ക്നാനായ മിഷനുകളിൽ ക്നാനായ സ്വത്വബോധം നിലനിർത്താൻ ഉതകുന്നതല്ല എന്ന അവബോധം ഭൂരിപക്ഷം ക്നാനായക്കാരിലും ഉടലെടുക്കുകയും യു കെ യിലെ ക്നാനായ വൈദികർ അവരുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ക്നാനായ സ്വത്വബോധത്തെ ഒറ്റികൊടുക്കുന്നു എന്ന ആരോപണം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നു,. ഇത്തരം ഒരു ആരോപണം ലണ്ടൻ റീജിണൽ നിന്നുള്ള ജോണി കുന്നശ്ശേരി ഉൾപ്പെടെ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ സഭയുമായി അത്തരം ഒരു ഏറ്റു മുട്ടലിനു മനസില്ലാത്തതുകൊണ്ടാണ് പലരും മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് അറിയുന്നത്.

സഭയുടെ അധിനിവേശവും ക്നാനായ വൈദികരുടെ ജന്മി മനോഭാവും ബ്രിട്ടീഷ് സമൂഹം അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യത്തിനു മുകളിൽ വൈദികരും സഭയും കടന്നു കയറുന്നതിനെതിരെ അതിശകതമായ വികാരം അൽമായരുടെ ഇടയിൽ നിലനിക്കുന്നുണ്ട് , അത്തരം വിഭജനം സജീവമായതും സംഘടനയുടെ ശക്തിയിൽ വിള്ളൽ വീഴാൻ ഇടവന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വളരെ വലിയ നേട്ടങ്ങളാണ് സംഘടനയ്ക്കു ഉണ്ടാക്കിയത് എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് തോമസ് തൊണ്ണമ്മാവിൽ പറഞ്ഞു . ആസ്‌ഥാന മന്ദിരത്തിന്റെ നവീകരണം ,15 ക്നാനായ മിഷനുകൾ സ്ഥാപിക്കൽ , സമുദായ അംഗങ്ങളിൽ സാമൂദായിക ബോധം വളർത്തുന്നതിനുവേണ്ടിയുള്ള ക്‌ളാസ്സുകൾ എന്നിവ അതിൽ ചിലതു മാത്രം കൂടാതെ മുഴുവൻ ആളുകളെയും യോചിപ്പിച്ചു മുൻപോട്ടു സംഘടനയെ നയിക്കാൻ കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിച്ചു .

കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 35000 പൗണ്ട് ജാതി മത ,വർഗ ,വർണ്ണ സ്ഥലകാലഭേതമില്ലാതെ സഹായിക്കാൻ UKKCA യ്ക്ക് കഴിഞ്ഞുവെന്ന് സ്ഥാനം ഒഴിയുന്ന സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പിലും ചൂണ്ടികാണിച്ചു. ഒട്ടേറെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടത് ഉണ്ടെങ്കിലും സമൂദായത്തെ ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുക്കാൻ പോകുന്ന പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ടും പറഞ്ഞു . .

 

ടോം ജോസ് തടിയംപാട്

യുകെയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തുന്ന ടോം ജോസ് തടിയമ്പാട്, യുകെയിലെ പ്രമുഖ ചാരിറ്റിയായ ഇടുക്കി ചാരിറ്റിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ ആണ് .

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രെക്സിറ്റ്‌ ബിസിനസുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ സാജിദ് ജാവിദ്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായി യാതൊരു ബന്ധവും ഇല്ലെന്നും അതിനാൽത്തന്നെ ബിസിനസുകാർ പുതിയ  നടപടികളുമായി പൊരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബിസിനസുകൾക്കും ബ്രെക്സിറ്റിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ഫിനാൻഷ്യൽ ടൈംസിനോട് സംസാരിച്ച സാജിദ് ജാവിദ് അഭിപ്രായപ്പെട്ടു. ഇത് ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമാകുമെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ പ്രധാന നിയമങ്ങളിൽ നിന്ന് മാറുന്നത് ദോഷകരമാകുമെന്ന് ഓട്ടോമോട്ടീവ്, ഫുഡ് ആൻഡ് ഡ്രിങ്ക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ കഴിഞ്ഞ വർഷം തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് യൂറോപ്യൻ യൂണിയൻ നിയമങ്ങളാണ് താൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കാൻ ജാവിദ് വിസമ്മതിച്ചു. ” ചിലർക്ക് പ്രയോജനം ഉണ്ടാവും. മറ്റുചിലർക്ക് ഉണ്ടാവില്ല. ” ജാവിദ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെ വിജയം കണ്ടെത്തിയ ജപ്പാനിലെ കാർ വ്യവസായം ഒരു ഉദാഹരണമായി അദ്ദേഹം പറഞ്ഞു.

ഇത് മരണത്തെ വിളിച്ചുവരുത്തുന്നത് പോലെയാണെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടിം റൈക്രോഫ്റ്റ് ബിബിസിയോട് പറഞ്ഞു. ഈ വർഷാവസാനം പരിവർത്തന കാലയളവ് പൂർത്തിയാകുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നാണ് ഇതിനർത്ഥം. “മറ്റു ചിലർക്ക് ഗുണം ഉണ്ടാവുമെങ്കിലും ബാധിക്കപ്പെടുന്ന വ്യവസായങ്ങളുടെ കാര്യവും സർക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. ചാൻസലറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ) പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാപാര ബന്ധം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. യുകെയുടെ വാർഷിക സാമ്പത്തിക വളർച്ച 2.7 മുതൽ 2.8 ശതമാനത്തിനിടയിൽ ഇരട്ടിയാക്കണമെന്നും ചാൻസലർ പറഞ്ഞു. ഉയർന്ന സാമ്പത്തിക വളർച്ചയും ഉയർന്ന ഉൽപാദനക്ഷമതയുമുള്ള സ്ഥലങ്ങളിൽ സർക്കാർ നിക്ഷേപത്തെ അനുകൂലിക്കുന്ന ട്രഷറി നിക്ഷേപ നിയമങ്ങൾ മാറ്റിയെഴുതാമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ

ഹോങ്കോങ് :- ഹോങ്കോങ് എയർലൈൻസിൽ യാത്ര ചെയ്ത സ്ത്രീയെ പ്രെഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ സംഭവത്തിൽ വിമാനകമ്പനി അധികൃതർ മാപ്പ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ മിഡോറി നിഷിദ എന്ന ജാപ്പനീസ് യുവതിയെയാണ് പ്രെഗ്നൻസി ടെസ്റ്റിന് വിധേയയാക്കിയത്. ഹോങ്കോങ്ങിൽ നിന്നും യു എസിലെ സായ്പാനിലേക്കുള്ള യാത്രയിലാണ് നിഷിദക്കു ഈ ദുരനുഭവം നേരിടുന്നത്. ചെക് ഇൻ ചെയ്ത സമയത്തു താൻ ഗർഭിണി അല്ലെന്നു യുവതി പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ തയാറായില്ല. തനിക്കു നേരിട്ടത് ഏറ്റവും മോശമായ അനുഭവമാണെന്ന് വോൾ സ്റ്റ്രീറ്റിനു നൽകിയ അഭിമുഖത്തിൽ നിഷിദ പറഞ്ഞു.

ഇരുപതു വർഷമായി താനും, തന്റെ കുടുംബവും സായ്പാനിലാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ ഗർഭിണിയായ സ്ത്രീകൾ യുഎസിൽ എത്തിയ ശേഷം തങ്ങളുടെ കുട്ടികൾക്ക് യു എസ് പൗരത്വം ആവശ്യപ്പെടാറുണ്ട്. ഇതിനെത്തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയത്. എന്നാൽ നിഷിദക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി അധികൃതർ മാപ്പ് ചോദിച്ചു.

തങ്ങളുടെ കുഞ്ഞുങ്ങൾക്കു യു എസ് പൗരത്വം നേടിയെടുക്കുവാനായി ഒരുപാട് ഗർഭിണികൾ സായിപാനിൽ എത്താറുണ്ട്.

ഇത്തരത്തിൽ മറ്റൊരു സ്ഥലമായ നോർത്തേൺ മരിയാന ഐലൻഡിൽ , ഏകദേശം അറുന്നൂറോളം കുഞ്ഞുങ്ങളാണ് 2018-ൽ ജനിച്ചത്. ഇതിൽ 575 ഓളം കുഞ്ഞുങ്ങൾ ചൈനീസ് ടൂറിസ്റ്റുകൾക്കാണ് ഉണ്ടായത് എന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലവിലുള്ളതിനെ തുടർന്നാണ് വിമാനകമ്പനികൾ ഇത്തരം പരിശോധനകളിൽ ഏർപ്പെടുന്നത്.

ഗോപിക എസ്

ജീവസ്സറ്റ ജീവവായുമായിതാ
ദാഹാഗ്നി മീതെ തളർന്നു വീഴുന്നു നാം..
കുളിരും നിലാവും കുളിർത്തെന്നലും മാഞ്ഞു
വറുതിയിൽ കത്തിയമർന്നു കാലം..

പിച്ച വച്ചന്നു നാം ഓടിക്കളിച്ചതീ
പെറ്റമ്മ തന്നുടെ കൈവിരലാൽ
എന്നിട്ടുമെന്തിനോ ആ വിരൽത്തുമ്പിലെ
ഒരു നിണബാഷ്പ്പമായ് നാമുരുകീ…

ഇല പൊഴിച്ചാത്മശിഖരങ്ങൾ കാട്ടുന്നു
ഹരിതാഭ നീങ്ങിയ കോമരങ്ങൾ
പൊട്ടിച്ചിരികളാലൊഴുകിയ വഴികളിൽ
കണ്ണുനീർത്തുള്ളികൾ മാത്രമായി..

പാർവണമലിയേണ്ട സന്ധ്യ തൻ ഗദ്ഗദം
പൂവിതൾത്തുമ്പിലൂടാഴ്‌ന്നിറങ്ങീ..
വർണ്ണങ്ങലകലെയായ് മാരിവില്ലകലെയായ്
മായാത്ത ഋതുശോഭയോർമ്മ മാത്രം …

ഇനി വരും കാലമേ നീ തന്നെ നൽകണം
ഹരിതരേണുക്കൾ തൻ നേർത്ത ഗന്ധം
ഇനി വരും കാലമേ നീ തന്നെയേകണം
എവിടെയോ കൈവിട്ടൊരാത്മഹർഷം.., നവ ജീവവർഷം….

 

ഗോപിക. എസ്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

 

RECENT POSTS
Copyright © . All rights reserved