അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
21 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി അറ്റ് ലാൻറിക് സമുദ്രത്തിൻറെ കുറുകെ ഒറ്റയ്ക്ക് തുഴഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രത്തിൽ ഇടം നേടി. നോർത്ത് യോർക്ക്‌ഷെയറിലെ തിർസ്‌കിൽ നിന്നുള്ള ജാസ്മിൻ ഹാരിസാണ് അതുല്യമായ നേട്ടത്തിന് ഉടമയായത്. 70 ദിവസവും 3 മണിക്കൂർ 48 മിനിറ്റ് കൊണ്ടാണ് താലിസ്‌കർ വിസ്കി അറ്റ് ലാന്റിക് ചലഞ്ചിൻെറ ഭാഗമായി 3000 മൈൽ ദൂരം ജാസ്മിൻ താണ്ടിയത്. കാനറി ദ്വീപുകളിൽ നിന്ന് ആന്റിഗ്വയിലേയ്ക്ക് ആയിരുന്നു സഞ്ചാരപഥം.
ലോകത്തിലെ ഏത് സമുദ്രവും ഒറ്റയ്ക്ക് തുഴയുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും ഇതിലൂടെ ജാസ്മിൻ കരസ്ഥമാക്കി . ഇതുപോലുള്ള വെല്ലുവിളികൾ ഇനിയും ഏറ്റെടുക്കുമെന്ന് ജാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 12 ന് ആരംഭിച്ച ദൗത്യത്തിൽ ആകെ 21 ടീമുകളാണ് ഉണ്ടായിരുന്നത്. 2010 ജനുവരി മൂന്നിനും മാർച്ച് 14 നും ഇടയിൽ അറ്റ് ലാൻറിക് സമുദ്രം കീഴടക്കിയ അമേരിക്കക്കാരിയായ 22 വയസ്സുകാരി കാറ്റി സ്പോട്ട്സിൻെറ റെക്കോർഡാണ് ജാസ്മിൻ മറികടന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ -31നകം രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് എങ്കിലും നൽകാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കുന്ന രൂപരേഖയുടെ ഭാഗമായി ഈ നിർണ്ണായക തീരുമാനവും ഉൾപ്പെടും എന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശരത് കാലത്തോടെ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബോറിസ് ജോൺസൻെറ പുതിയ പ്രഖ്യാപനം കൂടുതൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ ഉതകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എല്ലാ വിദ്യാർഥികളും മാർച്ച് എട്ടിന് സ്കൂളുകളിൽ തിരിച്ചെത്തുമെന്നും കെയർഹോം നിവാസികൾക്ക് ദിനംപ്രതി ഒരു സന്ദർശകരെ അനുവദിക്കുമെന്നുമുള്ള ലോക്ക്ഡൗൺ ഇളവുകൾ കഴിഞ്ഞദിവസങ്ങളിൽ ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 17 ദശലക്ഷം പേർക്കാണ് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 445 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 120,365 പേരാണ് പുതിയതായി രോഗബാധിതരായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമിതവണ്ണം കുറയ്ക്കാനുള്ള ഗോൾഡൻ റൂൾസ് പങ്കുവെക്കുകയാണ് ഡോക്ടർ മൈക്കിൾ. ശരീരഭാരം കുറയ്ക്കുക എന്നാൽ കുറച്ച് ദിവസത്തെ അധ്വാനത്തിന് ശേഷം ഫലം കണ്ടെത്തുക എന്ന് മാത്രമല്ല, കിട്ടിയ ഫലത്തെ അതുപോലെതന്നെ കൊണ്ടുനടക്കുക എന്നത് കൂടിയാണ്. പ്രത്യേകിച്ചും കൺമുന്നിൽ ബിസ്ക്കറ്റ്, ചോക്ലേറ്റ് പോലെയുള്ള മധുരിക്കുന്ന പ്രലോഭനങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ വഴി കുറച്ചു കൂടി ആയാസകരമാകുന്നു. ഒഫീഷ്യൽ ഡെയിലി കലോറി റെക്കമന്റെഷനുകൾ കുറച്ചു കാര്യമായി തന്നെ പാലിക്കേണ്ടി വരും.
കഴിഞ്ഞ സമ്മറിൽ നടത്തിയ അതേ ചലഞ്ച് തന്നെയാണ് ഇത്തവണയും അമിതവണ്ണമുള്ള 5 വോളണ്ടിയർമാരിൽ പരീക്ഷിച്ചു നോക്കിയത്. മൂന്ന് ആഴ്ചത്തേയ്ക്ക് 800 കലോറി ഡയറ്റ് ആണ് അവർക്ക് നിർദേശിച്ചത്. സമാനമായ രീതിയിൽ നടത്തിയ പഠനം ജനറൽ പ്രാക്ടീഷൻ ആയ ഭാര്യ ഡോക്ടർ ക്ലെയർ ബെയിലി കഴിഞ്ഞവർഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിഷ് ചെയ്തിരുന്നു. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചവർക്ക് 8 ആഴ്ച കൊണ്ട് ഒമ്പതര കിലോ ആണ് കുറഞ്ഞത്.
ഭാരം കുറഞ്ഞ എല്ലാവരും ആരോഗ്യകരമായ പുതിയ ശീലങ്ങളിലേക്ക് ചുവടുറപ്പിച്ചു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. രണ്ടു കുട്ടികളുടെ അമ്മയായ 34 കാരി സ്കൂൾ ടീച്ചർ കേറ്റിയെ കണ്ടുമുട്ടുമ്പോൾ അവർ അമിതവണ്ണം മൂല വലയുകയായിരുന്നു. 3 ആഴ്ച കൊണ്ട് 7.7 കിലോ കുറഞ്ഞു എന്ന് മാത്രമല്ല ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സാധിച്ചു. പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് മെറ്റബോളിക് റേറ്റിനെ സാരമായി ബാധിക്കും എന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ആരോഗ്യ ശീലങ്ങൾ തുടർന്നാൽ ശരീരത്തിന് ഒരു വിധത്തിലുള്ള കുഴപ്പവും സംഭവിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗവൺമെന്റ് നിർദേശിക്കുന്നത് പുരുഷന്മാർക്ക് 2500 കലോറിയും സ്ത്രീകൾക്ക് 2000 ആണെങ്കിലും, അതിലും കുറഞ്ഞ അളവ്, ഏകദേശം 1600 കലോറി മതി ഒരു വ്യക്തിയുടെ ശാരീരിക ക്ഷമതയ്ക്ക്. എന്നാൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് കലോറി മാത്രമല്ല, കണ്ട്രോൾ ചെയ്ത ഡയറ്റ് കൂടിയാണ്. ഭാരം കുറഞ്ഞാലും ആഴ്ചയിലൊരിക്കൽ തൂക്കം നോക്കാനും ഭാരം നിയന്ത്രിച്ചു നിർത്താനും ശ്രദ്ധിക്കണം.
കബോർഡിൽ നിന്നും ജങ്ക് ഫുഡുകൾ എടുത്തുമാറ്റി പകരം ആരോഗ്യ പ്രദായകമായ ഭക്ഷണം നിറയ്ക്കണം. ഇടയ്ക്കിടെ ഭാരം നോക്കണം. ശരീരം പ്രവർത്തിപ്പിച്ചു കൊണ്ടേയിരിക്കണം. ചുരുങ്ങിയത് 30 മിനിറ്റ് നാല് ദിവസം എങ്കിലും വേഗത്തിൽ നടക്കണം. ജിമ്മിൽ പോകുന്നതിനേക്കാൾ എളുപ്പമാണ് അത്, ഉപകാരപ്രദവും. സുഹൃത്തുക്കളും കുടുംബവും അടങ്ങിയ ഒരു സപ്പോർട്ട് നെറ്റ്‌വർക്ക് രൂപീകരിക്കണം. അനാരോഗ്യകരമായ ശീലങ്ങളിലേക്ക് മടങ്ങി പോകാതിരിക്കാൻ അത് സഹായിക്കും. ഇറുകി കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത് ഏതൊക്കെ ഭാഗത്ത് വണ്ണം കൂടുമെന്നും, ( ഉദാഹരണം വയറിനു ചുറ്റും ) എത്രമാത്രം വണ്ണം കൂടുന്നു ഉണ്ടെന്നും അറിയാൻ അത് സഹായിക്കും. കഴിയുന്നതും മുറുകിയ ബെൽറ്റുകൾ തന്നെ ഉപയോഗിക്കണം. ഇത്തരത്തിൽ തുടർച്ചയായ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ ശരീരഭാരം കുറച്ചു നിർത്താൻ ആവൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണാ വൈറസ് ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കോവിഡ്-19 മൂലം നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ പല പ്രമുഖ സ്ഥാപനങ്ങളെയും വളരെയധികം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ യുകെയിൽ ജോലി ലഭിക്കണമെങ്കിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് നിയമ സെക്രട്ടറി റോബർട്ട് ബക്ക് ലാന്റീന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. പുതുതായി ജോലി ലഭിക്കുന്നവരുടെ കോൺടാക്ടിലാണ് പ്രസ്തുത നിയമം ഉൾപ്പെടുത്തുന്നത്. എന്നാൽ നിലവിലുള്ള ജോലിയിൽ ഈ നിബന്ധന ഉൾപ്പെടുത്താൻ സാധ്യതയില്ല.
കോവിഡ് -19 നെ നേരിടുന്നതിനായുള്ള വാക്സിനെതിരെ വിവാദങ്ങളുടെ പെരുമഴ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിരവധിപേരെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പ്രത്യുത്പാദനശേഷിയെ ബാധിക്കും, മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരവധിയാണ്. എന്തായാലും ഗവൺമെൻറിൻറെ പുതിയ നീക്കം വാക്സിനോടു മുഖം തിരിക്കുന്നവരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും.
ഷിബു മാത്യൂ
ചിത്രരചന ആധുനികതയ്ക്ക് വഴിമാറുമ്പോള്‍ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ചിത്രരചനയില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ താമസിക്കുന്ന ഫെര്‍ണാണ്ടസ്. പെന്‍സില്‍ ഡ്രോയിംഗിന്റെ കാലം കഴിഞ്ഞു എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. കാലം എത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും പെന്‍സില്‍ ഡ്രോയിംഗിന്റെ മാഹാത്മ്യം ഒരിക്കലും നഷ്ടമാവില്ലന്ന് തന്റെ ചിത്രകലയിലൂടെ ലോകത്തിന് ഒരു പാഠം നല്‍കുകയാണ് ഈ തലയോലപറമ്പുകാരന്‍. ഫെര്‍ണാണ്ടസിന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞത് മുപ്പതോളം ചിത്രങ്ങളാണ്. ഫ്രാന്‍സീസ് മാര്‍പാപ്പാ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് വികരി ഫാ. മാത്യൂ മുളയോലില്‍, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി,
മുന്‍ യു എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പ്, തമിഴകത്താണെങ്കിലും മലയാളിയുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നട SB ബാലസുബ്രമണ്യം, പ്രശസ്ത ഗാന രചയിതാവ് റോയി കഞ്ഞിരത്താനം അങ്ങനെ നീളുന്ന ഒരു വലിയ നിര തന്നെ ഫെര്‍ണാണ്ടസ് തന്റെ പേപ്പറില്‍ പകര്‍ത്തി. ഇവരെ കൂടാതെ സഹപ്രവര്‍ത്തകരുടെയും ധാരാളം കൂട്ടുകാരുടെയും ചിത്രങ്ങളും വരച്ചിട്ടുണ്ട്. നൂറാം വയസ്സിലും സ്‌പോണ്‍സേര്‍ഡ് വാക്കിലൂടെ 30 മില്യന്‍ പൗണ്ട് സമാഹരിച്ച് NHS സംഭാവന കൊടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രസിദ്ധനായ അന്തരിച്ച കീത്തിലിക്കാരനായ ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ഛായാചിത്രം വരച്ച് NHSന് സമര്‍പ്പിച്ചിരുന്നു. പ്രാദേശീക മാധ്യമങ്ങളില്‍ ഇടം നേടിയ ചിത്രം NHS ന്റെ ഗാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പെന്‍സില്‍ ഡ്രോയിംഗ് അന്യം നിന്ന് പോകുന്ന കാലമാണിത്. വരയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ,അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കള്‍ എണ്ണത്തില്‍ കുറവാണ്. അതിനുള്ള പ്ലാറ്റ്‌ഫോം ഇല്ല എന്നതാണ് മറ്റൊരു വിഷയം. വിദ്യാഭ്യാസ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ചിത്രരചനയ്ക്കുള്ള സാധ്യതയും അവസാനിച്ചു. സ്‌കൂള്‍ ലെവലില്‍ വളരെ പരിമിതമായിട്ടേ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കലയുടെ പുനര്‍ജന്മത്തിനും പുതിയ തലമുറയ്‌ക്കൊരു പ്രചോദനവുമാകണമെന്നാഗ്രഹിക്കുവെന്ന് ഫെര്‍ണാണ്ടസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ചിത്രരചന അഭ്യസിച്ചിട്ടില്ല. പെന്‍സില്‍ ഡ്രോയിംഗിനോടുള്ള താല്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. യുകെയില്‍ എത്തിയതിനു ശേഷം ഇവിടെ നടന്ന പല ചിത്രരചനാ മത്സരങ്ങളിലും സമ്മാനവും നേടിയിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് ധാരാളം സമയം ബാക്കി വന്നപ്പോള്‍ ചിത്രരചനയിലേയ്ക്ക് തിരിഞ്ഞു. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ല. ഒരു പേപ്പറും പെന്‍സിലും ശരിയാവാതെ വരുന്നത് തുടച്ചു കളയാന്‍ ഒരു റബ്ബറും. ഇത് മാത്രമാണ് ആകെയുള്ള ഒരുക്കം. മൂന്ന് നാല് മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം തീരും. ജോലി തിരക്കുകള്‍ ഉള്ളതുകൊണ്ട് ഒറ്റയിരുപ്പില്‍ ചിത്രങ്ങള്‍ സാധാരണ തീരാറില്ല. ഫെര്‍ണാണ്ടസ് പറയുന്നു.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള വല്ലകം എന്ന കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന ഫെര്‍ണാണ്ടസിന് സംഗീതത്തിലും താല്പര്യമുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യോര്‍ക്ഷയിലെ പ്രസിദ്ധ ഗാനമേള ഗ്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രയില്‍ പാടുന്നുണ്ട്. കൂടാതെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ഗ്രൂപ്പിലും അംഗമാണ്.
ആവശ്യപ്പെടുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു കൊടുക്കാറുണ്ട്. ചിത്ര രചനയില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഫെര്‍ണാണ്ടസ്സിന്റെ തീരുമാനം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ചിത്രം നേരിട്ട് അദ്ദേഹത്തിന് സമര്‍പ്പിക്കണം. അതിനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ഫെര്‍ണാണ്ടെസ് പറഞ്ഞു.
ഫെര്‍ണാണ്ടസുമായി ബന്ധപ്പെടുവാന്‍
Mob # +447985728983
ഡോ. ഐഷ വി
എ ഡി 1979 (കൊല്ലവർഷം 1154) കർക്കിടക മാസത്തിൽ 9 ദിവസം തുടർച്ചയായി രാപകൽ നിർത്താതെ മഴ പെയ്തു. ഞങ്ങളുടെ വീടിന് മുന്നിലുള്ള വയൽ പുഴയായി ഒഴുകി. വയലിന് കുറുകെയുള്ള വഴി ഒലിച്ചു പോയി. അക്കരെ ഇക്കരെ നീന്തി കടക്കുകയല്ലാതെ യാതൊരു മാർഗ്ഗവുമില്ല. പൊതു ജനങ്ങൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. ഞങ്ങളുടെ വസ്ത്രങ്ങൾ അമ്മ അലക്കിയാൽ ഉണക്കിയെടുക്കാൻ നിവൃത്തിയില്ല. അങ്ങനെ തട്ടിൻപുറത്ത് കയറാനുള്ള ഏണിയിൽ അമ്മ വീട്ടിലുള്ള എല്ലാ പേരുടേയും മുഷിഞ്ഞ വസ്ത്രങ്ങൾ തൂക്കിയിട്ടു. കള്ള കർക്കിടകത്തെ നേരിടാനായി അമ്മ നേരത്തേ തന്നെ വിറക്, ചൂട്ട്, കൊതുമ്പ് മടൽ എന്നിവ കട മുറിയിൽ ശേഖരിച്ച് വച്ചിരുന്നതിനാൽ ഇന്ധനക്ഷാമം ഉണ്ടായില്ല. ശ്രീ ബാലൻ പിള്ളയുടെ പക്കൽ നിന്നും നെല്ല് നേരത്തേ വാങ്ങി പുഴുങ്ങി ഉണക്കി കുത്തി സ്റ്റോക്ക് ചെയ്തിരുന്നതിനാൽ അരിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല. കള്ള കർക്കിടകം വറുതിയിലാക്കിയ ധാരാളം പേർ പ്രദേശത്തുണ്ടായിരുന്നു. പലരും ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റേയും പോഷകങ്ങളുടേയും കുറവ് പരിഹരിച്ചു.
പുഴ പോലെയൊഴുകുന്ന വയലുകാണാൻ ഞങ്ങളും അയൽ വീട്ടുകാരും കുടയും പിടിച്ച് ഞങ്ങളുടെ പറമ്പിന്റെ അറ്റം വരെ പോയി നിന്ന് കണ്ടു. പല പറമ്പുകളിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടുവന്ന പല സാധനങ്ങളും വയലിലൂടെ ഒഴുകി. നീന്തലറിയാവുന്ന തയ്യൽക്കാരൻ പുഷ്പൻ അക്കരെ ഇക്കരെ പലപ്രാവശ്യം നീന്തി ഒഴുകി വന്ന ചില സാധനങ്ങൾ പിടിച്ചെടുത്തു. അതിൽ ഒന്ന് ഒരു തെങ്ങിൻ തൈ ആയിരുന്നു. എ ഡി 2018 ലെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കാലത്തു പോലും 1979 ലെ അത്രയും ജലം ആ വയലിലൂടെ ഒഴുകിയിട്ടില്ല. ഒരു പക്ഷേ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം പിൽക്കാലത്ത് നിർമ്മിച്ച കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിൽ തങ്ങി നിൽക്കുന്നത് കൊണ്ടാകാം വയലിൽ അമിത ജലപ്രവാഹം പിന്നീട് ഉണ്ടാകാതിരുന്നത്. 1979 -ൽ കർക്കിടകപ്പെരുമഴ 9 ദിവസത്തിലധികം നീണ്ടു നിന്നിരുന്നെങ്കിൽ വെള്ളം നമ്മുടെ പറമ്പിലേയ്ക്കും എത്തുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തോരാമഴയിൽ ഞങ്ങളുടെ വീടിന്റെ പല ഭാഗത്തും വെള്ളം ചോർന്നിരുന്നു. അമ്മയും ഞങ്ങളും കൂടി കിട്ടിയ പാത്രങ്ങൾ ഒക്കെയെടുത്ത് ചോർച്ചയുള്ള ഭാഗത്ത് തറയിൽ നിരത്തി.
ഉറുമ്പിന്റേയും പച്ചത്തുള്ളന്റേയും കഥയിൽ പ്രതിപാദിയ്ക്കുന്നതു പോലെ, ഞങ്ങളുടെ അച്ഛനമ്മമാർ ഉറുമ്പിന്റെ കരുതൽ എല്ലാക്കാലത്തും കാണിച്ചിരുന്നത് കൊണ്ട് വറുതിയില്ലാതെ കർക്കിടകം കടക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും കർശനമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയും കൊറോണ വൈറസിന്റെ വ്യാപനവും മരണനിരക്കും കുറച്ചതിന്റെ ആശ്വാസത്തിലാണ് രാജ്യം. രോഗവ്യാപനം കുറഞ്ഞതിനൊപ്പം തന്നെ ലോക്ഡൗൺ ഇളവുകൾക്കായുള്ള മുറവിളി രാജ്യമൊട്ടാകെ ഉയരുകയാണ്. തിങ്കളാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദമായ രൂപരേഖ രാജ്യത്തിന് സമർപ്പിക്കും .
കൂടുതൽ സാമൂഹികമായ ഒത്തുചേരലുകൾ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അതിൽ തന്നെ പ്രധാനമായും ഈസ്റ്ററോടെ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾ സാധ്യമാക്കുന്ന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നൽകും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. മാസങ്ങളായി ഒറ്റപ്പെട്ടു കഴിയുന്ന മുത്തശ്ശിമുത്തശ്ശൻമാരും തങ്ങളുടെ പേരക്കുട്ടികളുമായുള്ള ഒത്തുചേരലുകളും പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഇളവുകളോടെ സാധ്യമാകും എന്നാണ് ലഭ്യമാകുന്ന സൂചനകൾ. മാർച്ച് മാസം എട്ടാം തീയതിയോടെ കെയർ ഹോമിൽ താമസിക്കുന്നവരെ ദിനംപ്രതി ഒരാൾക്ക് സന്ദർശിക്കാമെന്ന സുപ്രധാനമായ തീരുമാനം പുറത്തുവന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻെറ ആദ്യപടിയായാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അവശേഷിക്കുന്ന പദവികളിൽ നിന്ന് ഹാരിയെയും മേഗനെയും ഒഴിവാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പൊതുജനസേവന ജീവിതവുമായി ബന്ധപ്പെട്ടു വരുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും ദമ്പതികൾ തുടരില്ലെന്ന് രാജ്ഞി സ്ഥിരീകരിച്ചു. സേവനം സാർവത്രികമാണെന്നും പ്രതിനിധീകരിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ദമ്പതികൾ അറിയിച്ചു. സ്ഥിരീകരണം അർത്ഥമാക്കുന്നത് ഹാരി രാജകുമാരനും മേഗനും അവരുടെ ഓണററി സൈനിക നിയമനങ്ങളും രാജകീയ രക്ഷാകർതൃത്വങ്ങളും തിരികെ നൽകുമെന്നാണ്. ഹാരിയും ഭാര്യയും രാജകുടുംബത്തിലേയ്ക്ക് മടങ്ങിവരില്ലെന്ന് രാജ്ഞിയോട് സ്ഥിരീകരിച്ചു കഴിഞ്ഞു. ” അവരുടെ തീരുമാനത്തിൽ എല്ലാവരും ദുഖിതരാണെങ്കിലും കൊട്ടാരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായി അവർ ഇപ്പോഴും തുടരുന്നു. ” ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.
“കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അവർ നടത്തിയ പ്രവർത്തനങ്ങൾക്ക് തെളിവായി, ഹാരിയും മേഗനും യുകെയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ സേവനത്തിന് പ്രതിജ്ഞാബദ്ധരാണ്. മാത്രമല്ല അവർ സംഘടനകൾക്ക് നിരന്തരമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. നമുക്കെല്ലാവർക്കും സേവന ജീവിതം നയിക്കാൻ കഴിയും. സേവനം സാർവത്രികമാണ്.” ഹാരിയുടെയും മേഗന്റെയും വക്താവ് അറിയിച്ചു. രാജകുടുംബത്തിൽ നിന്നുള്ള പടിയിറക്കം ഹാരിയുടെയും മേഗന്റെയും തീരുമാനമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴ്ചകളോളം ചർച്ചകൾ നടത്തിയിട്ടും, ഈ വിഷയത്തിൽ ഒരു സംയുക്ത പ്രസ്താവന പോലും അംഗീകരിക്കാൻ കഴിയാത്തവിധം ബന്ധങ്ങൾ ശിഥിലമായിരിക്കുകയാണ്.
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിലായിരിക്കെ, ഇന്നലത്തെ പ്രസ്താവന അദ്ദേഹത്തോടുള്ള അനാദരവാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലും രാജകീയ പദവികൾ ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് അന്ന് രാജ്ഞി അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞദിവസം യുകെയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽനിന്ന് ബഹുരാഷ്ട്ര ഭീമനായ യൂബർ ടാക്സിക്കെതിരെ വന്ന ഉത്തരവ് നിരവധി മലയാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യൂബർ ടാക്സിയിൽ ജോലിചെയ്യുന്നവർക്ക് കമ്പനി അടിസ്ഥാന വേതനവും ഹോളിഡേ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഉത്തരവ് . തങ്ങൾ ഒരു ബുക്കിംഗ് ഏജൻ്റ് മാത്രമാണ് , ഡ്രൈവർമാരെ കോൺട്രാക്ട് വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്തിരിക്കുന്നതാണെന്ന യൂബറിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് തൊഴിലാളി പക്ഷത്തു നിൽക്കുന്ന കോടതി വിധി.
പ്രസ്തുത വിധിയുടെ ആനുകൂല്യങ്ങൾ മറ്റ് ടാക്സി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് നിയമ വിദഗ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ യൂബറിൻ്റെ ഷെയറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി . ആറു വർഷത്തോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് അന്ത്യമായത് . എന്തായാലും യൂബറിനെതിരേയുള്ള വിധി മറ്റ് ടാക്സി കമ്പനികൾക്കും ബാധകമാകുകയാണെങ്കിൽ നിരവധി മലയാളികളുടെ ജീവിതത്തിന് അത് തുണയാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പൊതുവേ യുകെയിലെങ്ങും കോവിഡ് വ്യാപന നിരക്ക് കുറയുകയാണെങ്കിലും മലയാളികൾ തിങ്ങി പാർക്കുന്ന ബെർമിങ്ഹാമിൽ കോവിഡ് വ്യാപന നിരക്ക് വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ബെർമിങ്ഹാം ട്രസ്റ്റിലാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബെർമിങ്ഹാമിൽ മാത്രം 497 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇത് കഴിഞ്ഞ മാസത്തെ 900 രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇത് രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ആശങ്ക ഉളവാക്കുന്നു.
ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻെറ ഭാഗമായി കെയർ ഹോമുകളിൽ ഒരാൾക്ക് സന്ദർശനാനുമതി നൽകാൻ തീരുമാനമായി. മാർച്ച് എട്ടാം തീയതി മുതലാണ് ഇത് നടപ്പാക്കുക. സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹസ്തദാനം നൽകാൻ സാധിക്കുമെങ്കിലും പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും സന്ദർശനത്തിന് മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണമെന്നുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിനും കാര്യങ്ങൾ പഴയ പടിയാകുന്നതിനുമുള്ള ആദ്യ ചുവടുവെയ്പ്പാണ് കെയർ ഹോമുകളിലേയ്ക്കുള്ള സന്ദർശനാനുമതിയെന്ന്ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൂടുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിനുള്ള രൂപരേഖ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.