Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 73 വർഷക്കാലം നീണ്ടുനിന്ന തന്റെ കുടുംബജീവിതത്തിന് അന്ത്യംകുറിച്ച് , സെന്റ് ജോർജ് ചാപ്പലിൽ ഏകയായിരുന്ന് എലിസബത്ത് രാജ്ഞി തന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് അന്ത്യോപചാരമർപ്പിച്ചു. സാധാരണയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി രാജ്ഞിയുടെ തൊട്ടടുത്ത സ്ഥാനത്ത് ഫിലിപ്പ് രാജകുമാരൻ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആ സ്ഥാനം ശൂന്യമായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു രാജ്ഞി ചാപ്പലിൽ എത്തിയത്. രാജ്ഞി കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിൽ, കറുത്ത മാസ്ക് ധരിച്ചിരുന്നു. മറ്റ് രാജകുടുംബാംഗങ്ങൾ ചാപ്പലിൽ ഉണ്ടായിരുന്നെങ്കിലും, അവരാരും തന്നെ രാജ്ഞിയുടെ അടുത്ത് ഉണ്ടായിരുന്നില്ല.

ഫിലിപ്പ് രാജകുമാരനെ അനുസ്മരിച്ച് രാജ്യത്തെമ്പാടും ഒരു മിനിറ്റ് നിശബ്ദത ആചരിച്ചു. ഈ സമയം രാജ്ഞിയും തലകുമ്പിട്ട് തന്റെ ഭർത്താവിന്റെ വിയോഗത്തിൽ രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു. ബെന്റ്ലി കാറിലാണ് രാജ്ഞി ചാപ്പലിൽ എത്തിയത്. രാജ്ഞിയോടൊപ്പം തന്നെ സഹായിയായിരിക്കുന്ന ലേഡി സൂസൻ ഹസ്സെയും ഉണ്ടായിരുന്നു. ഇരുവരും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മാസ്ക്ക് ധരിച്ചാണ് ചടങ്ങിനെത്തിയത്.

രാജ്ഞിയുടെ സഹായിയായിരിക്കുന്ന ലേഡി ചാപ്പലിൽ പ്രവേശിച്ചില്ല. വിൻഡ്സർ ഡീൻ ആയിരിക്കുന്ന റവറൻഡ് ഡേവിഡ് കോണർ ആണ് രാജ്ഞിയെ ചാപ്പലിൽ അനുഗമിച്ചത്. ഫിലിപ്പ് രാജകുമാരന് വളരെ നല്ല ഒരു യാത്രയയപ്പാണ് ലഭിച്ചത്. ചടങ്ങുകളുടെ ക്രമീകരണത്തിൽ എല്ലാം തന്നെ രാജ്ഞിയുടെ ശ്രദ്ധ ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏടുകളിലേക്ക് ഫിലിപ്പ് രാജകുമാരന്റെ നാമം ഇതോടെ എഴുതി ചേർക്കപ്പെടും.

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ

ചേരുവകൾ

നെസ്റ്റ്:

3 കപ്പ് വെർമിസിലി (കനം കുറഞ്ഞത്)
200 ഗ്രാം കണ്ടൻസ് മിൽക്ക്
2 ടേബിൾസ്പൂൺ നെയ്യ്

ഫില്ലിംഗ്:

1.5 കപ്പ് പാൽ
3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ
3 ടേബിൾസ്പൂൺ പഞ്ചസാര

നെസ്റ്റ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ നെയ്യ് ചൂടാക്കി വെർമിസിലി വറുത്തെടുക്കുക ( ഗോൾഡൻ ബ്രൗൺ )
അതിലേക്കു കണ്ടൻസ് മിൽക്ക് ചേർത്തിളക്കുക. അടുപ്പിൽ നിന്നും മാറ്റി ചെറു ചൂടിൽ തന്നെ ഒരു കപ്പ് കേക്ക് മോൾഡിൽ നെസ്റ്റ് പോലെ ഉണ്ടാക്കി എടുക്കുക . എന്നിട്ടു 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക .

ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ 1 കപ്പ് പാൽ തിളപ്പിക്കുക അതിലേക്കു 3 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ബാക്കി ഉള്ള പാലിലേക്കു 3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് ഇളക്കുക. എന്നിട്ടു ഇതു തിളപ്പിച്ച പാലിലേക്കു ചേർത്ത് നന്നായി കുറുക്കി എടുക്കുക. എന്നിട്ടു കുറച്ചു നേരം തണുക്കാൻ വയ്ക്കുക. ഫ്രിഡ്ജിൽ വെച്ചിരുന്ന കേക്ക് മോൾഡിൽ നിന്നും നെസ്റ്റ് സൂക്ഷിച്ചു ഇളക്കി എടുക്കുക .ഇനി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഫില്ലിംഗ് നെസ്റ്റിലേക്ക് ഒഴിച്ച് നിറയ്ക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ടോപ്പിംഗ്ചെയ്യാം. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം തണുപ്പോടെ വെർമിസിലി കസ്റ്റാർഡ് നെസ്റ്റ് കഴിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

യുവജനോത്സവ ദിവസം പ്രസംഗ മത്സരത്തിന് എന്റെ പേര് സുദർശനൻ സർ മൂന്ന് തവണ അനൗൺസ് ചെയ്തു. എട്ടാം ക്ലാസ്സുകാരിയായ ഞാൻ മത്സര വേദിയിലേയ്ക്ക് എത്തിയില്ല. എന്റെ കൂട്ടുകാരികൾ കരുതിയത് ഞാൻ സദസ്സിലെവിടെയോ പമ്മിയിരിയ്ക്കുകയായിരുന്നുവെന്നാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പേര് കൊടുത്തതായിരുന്നു. എന്നാൽ അന്നേരം കിട്ടുന്ന വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കിടുകിടുപ്പ് . അങ്ങനെ ഞാൻ മത്സര ദിവസം സ്കൂളിൽ പോയില്ല. അമ്മയോട് ഒരു കാരണവും പറഞ്ഞു: കാൽമുട്ട് വേദനയാണെന്ന്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കുറിച്ച് അമ്മ എഴുതി തയ്യാറാക്കിത്തന്ന പ്രസംഗം ഞാൻ വായിച്ച് പഠിച്ച് സ്കൂളിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ സഭാകമ്പമായിരുന്നില്ല എന്റെ പ്രശ്നം . അറിവില്ലായ്മയായിരുന്നു. അതിനാൽ എന്റെ വായനയുടെ ആഴവും പരപ്പും കൂട്ടാൻ ഞാൻ എന്നും ആവുന്നത്ര പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തിൽത്തന്നെ “ബഹിരാകാശവും മാനവരാശിയും” എന്ന വിഷയത്തെ കുറിച്ച് ജില്ലാതലത്തിൽ “നാസ” നടത്തിയ പ്രസംഗ മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ തന്നെ എഴുതി തയ്യാറാക്കി സുദർശനൻ സാർ തിരുത്തിത്തന്ന പ്രസംഗമായിരുന്നു അത്. ഞങ്ങളുടെ സ്കൂളിനെ(ഭൂതക്കുളം ഗവ.ഹൈസ്കൂൾ) പ്രതിനിധീകരിച്ച് ഞാനും എംപി മധുവുമാണ്. പങ്കെടുത്തത്.

സാധാരണ ഞങ്ങളുടെ സ്കൂളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ മധുവിന്റെ ജ്യേഷ്ഠൻ എംപി .ഗോപകുമാറിനായിരുന്നു ഒന്നാം സ്ഥാനം. ഗോപകുമാർ പത്താം ക്ലാസ്സ് കഴിഞ്ഞ് പോയപ്പോൾ അനുജൻ മധുവിനായി ഒന്നാം സ്ഥാനം. ജില്ലാ തല മത്സരം ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ചായിരുന്നു. അന്ന് എനിയ്ക്ക് കൂട്ടു വന്നത് അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനും എന്റെ അമ്മയുമായിരുന്നു. പ്രസംഗം കഴിഞ്ഞു. മത്സര ഫലം അറിഞ്ഞു. ഞാനോ മധുവോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വന്നതേയില്ല. തിരിച്ച് പോരുന്നതിന് മുമ്പ് രഘുമാമൻ വിധികർത്താക്കളുടെ അടുത്തു പോയി ഞങ്ങളുടെ പോയിന്റ് എത്രയെന്ന് അന്വേഷിച്ചിരുന്നു. മധുവിനേക്കാൾ രണ്ട് പോയിന്റ് എനിക്ക് കൂടുതലായിരുന്നു. ഈ അറിവ് എനിക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. എങ്കിലും സ്കൂളിൽ നിന്ന് പിരിയുന്നതുവരേയാ കോളേജ് തലത്തിലോ തത്സമയം വിഷയം തന്ന് പ്രസംഗിക്കേണ്ട മത്സരങ്ങളിലൊന്നിലും ഞാൻ പങ്കെടുത്തിരുന്നില്ല. വിഷയ- ആശയ ദാരിദ്യമായിരുന്നു എന്റെ പ്രശ്നം.

എന്നാൽ കോളേജിൽ പഠിക്കുന്ന കാലത്ത് 1986 – ൽ ഹാലിയുടെ ധൂമകേതു(Hali’s Commet 75-76 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയോട് അടുത്തു വരും. 2061 ലാണ് ഇനി വരിക.) ഭൂമിയുടെ അടുത്തു വന്നപ്പോൾ അതേ കുറിച്ച് 1000 ശാസ്ത്ര ക്ലാസ്സുകൾ എടുക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഞാനും കൂട്ടുകാരികനകലതയും കൂടി പഠിച്ച് തയ്യാറായി വിവിധ സ്കൂളുകളിലും കോളേജുകളുമായി ഏതാനും ക്ലാസ്സുകൾ എടുത്തിരുന്നു. അത്തരം ക്ലാസ്സുകളിൽ അനുവാചകരെ പിടിച്ചു നിർത്തുന്നത് ഞങ്ങൾ ക്കല്പം ശ്രമകരമായ കാര്യമായിരുന്നു. പ്രത്യേകിച്ച് ധാരാളം പേർ തിങ്ങി നിറഞ്ഞ സദസ്സുള്ളപ്പോൾ. പ്രസന്റേഷൻ , വിഷ്വൽ ടൂൾസ്, സ്റ്റി മുലസ് വേര്യേഷൻ , വോയിസ് മോഡുലേഷൻ തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി.

ഞാനാദ്യം, ശ്രദ്ധയോടെ ശ്രവിച്ച പ്രസംഗം ചിറയ്ക്കര ഗവ സ്കൂളിലെ വാർഷികത്തിനായിരുന്നു. അന്ന് എന്റെ അനുജനും കൂട്ടുകാരും “ഫയൽ പാമ്പ്” എന്ന പേരിൽ ഒരു നിഴൽ നാടകം അവതരിപ്പിച്ചിരുന്നു. ചിറയ്ക്കര സ്കൂളിലെ അധ്യാപകനും ഭൂതക്കുളം സ്കൂളിലെ ഗോമതി ടീച്ചറിന്റെ ഭർത്താവുമായിരുന്നു നാടകം എഴുതിയതും കുട്ടികളെ പരിശീലിപ്പിച്ചതും. അതിനാൽ അമ്മ ഞങ്ങളേയും കൂട്ടി നേരത്തേ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ചിറക്കര ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ടായിരുന്നു വേദി. ക്ഷേത്രാങ്കണത്തിൽ സദസ്യരും. രാത്രിയിൽ നടന്ന പരിപാടിയുടെ ഉത്ഘാടന ചടങ്ങു മുതൽ ഞാൻ ശ്രദ്ധയോടെ പ്രസംഗങ്ങൾ കേട്ടു. അതിൽ എനിയ്ക്ക് പേരറിയാത്ത പ്രസംഗകന്റെ വാക്കുകൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ മാസ്മരികശക്തി അനുവാചകരുടെ ഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നത് കൊണ്ടാകാം ഞാൻ ഇന്നും ആ പ്രസംഗം ഓർക്കുന്നത്. ഒരു കഥാതന്തു ആ പ്രസംഗത്തിലുണ്ടായിരുന്നു. അതിന്റെ രത്നചുരുക്കം ഇങ്ങിനെയായിരുന്നു. ഒരാളുടെ കണ്ണ് കെട്ടിയിട്ട് ദൂരെയൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി കുറേ കല്ലുകൾ ചാക്കിലേയ്ക്ക് വാരിയിടാൻ ഏൽപ്പിയ്ക്കുന്നു. കൂർത്ത കല്ലുകൾ വാരിയിടുന്നതിന് പുറമേ അയാൾ തന്നെ അത് ചുമക്കേണ്ടിവരുമെന്നതിനാലും അയാൾ വളരെ കുറച്ച് കല്ലുകൾ മാത്രമേ ചാക്കിലേയ്ക്ക് വാരിയിട്ടുള്ളൂ. ചാക്ക് കെട്ടുമായി തിരികെയെത്തിയയാൾ നേരം വെളുത്തപ്പോൾ ചാക്കഴിച്ചു നോക്കി. അതിൽ നല്ലതുപോലെ തിളങ്ങുന്ന രത്നങ്ങളായിരുന്നു. ഇതുപോലെയാണ് പല വിദ്യാർത്ഥികളുടെ കാര്യവും . കൂർത്ത കല്ലാണെന്നു കരുതി വിദ്യയാർജ്ജിയ്ക്കണ്ട സമയത്ത് ആർജ്ജിയ്ക്കാതിരിയ്ക്കുന്ന വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ(അറിവ്) ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ കിട്ടുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ സന്ദേശം.

ലോക പ്രശസ്തമായ പല പ്രസംഗങ്ങളുണ്ട്. യേശുദേവൻ, മുഹമ്മദ് നബി, സ്വാമി വിവേകാനന്ദൻ എന്നിവരൊക്കെ അനുവാചകരെ ഹഠദാകർഷിച്ചവരാണ്. ചിലപ്രസംഗങ്ങൾ ശ്രോതാക്കളുടെ ചിന്തകളേയും വിചാരങ്ങളേയും മാറ്റിമറിയ്ക്കാൻ തക്കതായിരിയ്ക്കും . ജൂലിയസ് സീസറിലെ മാർക്കാന്റണിയുടെ പ്രസംഗം അത്തരത്തിലുള്ളതാണ്. ചില പ്രസംഗങ്ങൾ ശ്രോതാക്കളിൽ പുതിയ അവബോധവും വേറിട്ട ചിന്തകളും സൃഷ്ടിയ്ക്കാം. അത്തരത്തിലൊന്നാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റ പ്രസംഗം. ശ്രീ സുകുമാർ അഴീക്കോട് ധാരാളം ശ്രോതാക്കളുള്ള പ്രസംഗകനായിരുന്നു ആധ്യാത്മിക പ്രഭാഷണങ്ങൾ ഭക്തജനങ്ങളിൽ ശാന്തിയും സമാധാനവും ഉണർവും അറിവും സൃഷ്ടിയ്ക്കാം.

പ്രസംഗങ്ങൾ രാഷ്ട്രീയ പ്രസംഗം , അക്കാദമിക പ്രസംഗം, അനുശോചന പ്രസംഗം, അനുമോദന പ്രസംഗം , അനുസ്മരണ പ്രസംഗം ഉത്ഘാടന പ്രസംഗം , സാംസ്കാരിക പ്രസംഗം എന്നിങ്ങനെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറി മാറി വരാം. ഒരു ചടങ്ങിൽ ഈശ്വര പ്രാർത്ഥന, സ്വാഗത പ്രസംഗം, . അധ്യക്ഷ പ്രസംഗം, മുഖ്യപ്രഭാഷണം , ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗം , കൃതജ്ഞത എന്നിവ മൊത്തമായോ ഭാഗികമായോ വരാം.

ഏതായാലും വിഷയത്തെ കുറിച്ച് നല്ല ധാരണയുണ്ടാക്കൽ, അടുക്കും ചിട്ടയുമായി ക്രമീകരിയ്ക്കൽ, ലളിതവും സുന്ദരവും പൂർണ്ണതയുള്ളതുമായ ഭാഷയിൽ അവതരിപ്പിയ്ക്കൽ, ശബ്ദവും ആംഗ്യവും ക്രമീകരിയ്ക്കൽ എന്നിവയെല്ലാം പ്രസംഗത്തെ മികവുറ്റതാക്കുന്നു. നീട്ടിപ്പരത്തി പ്രസംഗിയ്ക്കാൻ താരതമ്യേന എളുപ്പമായിരിയ്ക്കും. എന്നാൽ എല്ലാ പ്രധാന വിഷയങ്ങളും കുറഞ്ഞ സമയത്തിൽ ഭംഗിയായി അവതരിപ്പിയ്ക്കുന്നതാണ് ശ്രമകരം. എഴുതി തയ്യാറാക്കിയില്ലെങ്കിലും നന്നായി മനനം ചെയ്യാൻ കഴിഞ്ഞാൽ അത് നല്ല പ്രസംഗമായിരിക്കും.

സ്കൂളിലും കോളേജിലും ഞാൻ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പിൽക്കാലത്ത് മുന്നറിയിപ്പോടു കൂടിയും അല്ലാതെയും ധാരാളം പ്രസംഗങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെമ്പാടും കൊറോണാ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് യുഎസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. യുഎസിൽ 566,224 പേരും ബ്രസീലിൽ 368,749 ഉം മെക്സിക്കോയിൽ 211,693 ആളുകളുമാണ് കോവിഡ് മൂലം മരണമടഞ്ഞത്. മരണസംഖ്യയുടെ കണക്കിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

കൊറോണാ വൈറസ് കേസുകൾ ആഗോളതലത്തിൽ ആശങ്കാജനകമായ നിരക്കിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇരട്ടിയാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന അണുബാധ നിരക്കാണ് ഇപ്പോൾ കാണുന്നതെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് -19 ൻെറ പൊട്ടിപ്പുറപ്പെടൽ ഒഴിവാക്കാൻ കഴിഞ്ഞ രാജ്യങ്ങളിൽ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം വളരെ ഉയർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ആരംഭത്തിൽ വെറും 900 കേസുകളും 83 മരണങ്ങളും മാത്രം റിപ്പോർട്ട് ചെയ്ത പപ്പുവ ന്യൂ ഗിനിയയിൽ കഴിഞ്ഞ മാസം അവസാനമായപ്പോൾ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 9000 ആയും മരണം 83 ആയും വർദ്ധിച്ചു. വാക്സിൻെറ പ്രാധാന്യം വിളിച്ചോതുന്നതാണ് പപ്പുവ ന്യൂ ഗിനിയ കണക്കുകളൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം ഇന്ന് വിൻഡ്‌സർ കാസിലിലെ സെന്റ് സെന്റ് ജോർജ്ജ് ചാപ്പലിൽ നടക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ 30 പേർ മാത്രമാണ് പങ്കെടുക്കുക. ഫിലിപ്പ് രാജകുമാരന്റെ മക്കൾ, കൊച്ചുമക്കൾ, ഏറ്റവുമടുത്ത ബന്ധുക്കൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ചത്തേക്ക് രാജ്യത്ത് ദുഃഖാചാരണം നടത്തും. 15 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പ് രാജകുമാരന്റെ നിർദ്ദേശപ്രകാരം രൂപകൽപ്പന ചെയ്ത ലാൻഡ് റോവർ ഡിഫെൻഡറിലാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര. ശവസംസ്കാര ഘോഷയാത്രയ്ക്കായി ഈ വാഹനം അലങ്കരിച്ച് തയ്യാറാക്കിയിട്ടുണ്ട്.

സംസ്‌കാരത്തിന് മുന്നോടിയായി വിൻഡ്‌സർ കാസിലിന്റെ മുന്നിലൂടെ വാഹനം പ്രദക്ഷിണം ചെയ്യും. മറ്റൊരു വാഹനത്തിൽ രാജകുടുംബാംഗങ്ങൾ മൃതദേഹം വഹിക്കുന്ന വാഹനത്തെ അനുഗമിക്കും. രാജകുമാരൻമാരായ ചാൾസ്,​ വില്യം,​ ഹാരി,​ ആൻഡ്രൂ, രാജകുമാരി ആനി,​ എഡ്വേർഡ് എന്നിവർക്കൊപ്പം അടുത്ത രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. തന്റെ പ്രിയഭർത്താവിനെ പിരിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷ നിമിഷങ്ങളുടെ ഫോട്ടോ രാജ്ഞി പുറത്തുവിട്ടു. സ്കോട്ടിഷ് ഹൈലാൻഡിലെ ആബർ‌ഡീൻ‌ഷെയറിലെ ബാലേറ്റർ പട്ടണത്തിനടുത്തുള്ള വിനോദ കേന്ദ്രമായ കൊയ്‌ൽസ് ഓഫ് മ്യൂക്കിൽ വെച്ചെടുത്ത ഫോട്ടോ ആണത്. പൊതുവേദികളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഈ സമയം ഫിലിപ്പ് രാജകുമാരന്റെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നിട്ടുണ്ട്.

ഫിലിപ്പുമൊത്തുള്ള ഫോട്ടോകളിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് രാജ്ഞി പുറത്തുവിട്ടത്. 2003ൽ എടുത്ത ഫോട്ടോയിൽ ഫിലിപ്പും രാജ്ഞിയും പുല്ലിൽ വിശ്രമിക്കുന്നതായി കാണാം. ഈ പ്രദേശം രാജ്ഞിയുടെ പ്രിയപ്പെട്ട സ്ഥലമാണ്. 73 വർഷത്തെ ദാമ്പത്യ ജീവിതത്തിന് തിരശീല വീഴുമ്പോൾ രാജ്ഞി ഓർത്തെടുക്കുന്നത് ഈ മധുരസ്മരണകളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ ഡബിൾ മ്യുട്ടന്റ് കൊറോണ വൈറസ് സ്‌ട്രെയിൻ മൂലം വർദ്ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തിലും, ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം മാറ്റിവയ്ക്കില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ പുതിയ സ്ട്രെയിൻ കൊറോണവൈറസ് ബ്രിട്ടനിൽ 73 പേരിൽ കണ്ടെത്തിയിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ നാലുപേർക്കോളം ഈ സ്‌ട്രെയിൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വർദ്ധിച്ച കോവിഡ് കണക്കുകൾ മൂലം ബോറിസ് ജോൺസന്റെ സന്ദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയിൽ ദിനംപ്രതി 150000ത്തിനു മേലെയാണ് കേസുകൾ. നേരത്തെ തീരുമാനിച്ച പ്രകാരം നാല് ദിവസമായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ, ഭൂരിഭാഗം കൂടിക്കാഴ്ചകളും ഏപ്രിൽ 26ന് തന്നെ തീർക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ യാത്ര പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും നടത്തുക എന്ന് അധികൃതർ അറിയിച്ചു. കോൺടാക്ട് ട്രെയിസിങ് ഉൾപ്പെടെയുള്ള കാര്യങ്ങളും നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയെ ഇതുവരെയും ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ സ്ട്രെയിൻ ആശങ്കയുളവാക്കുന്നതാണ് എന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. പുതിയ സ്ട്രെയിനുകൾക്കനുസരിച്ച് വാക്സിനുകൾ കൂടുതൽ ഫലപ്രദമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതി വളരെ മോശമായ നിലയിലാണ് തുടരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ കരുതലോടുകൂടി ആയിരിക്കും നടപ്പിലാക്കുക.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയും യുകെയിലെ കോവിഡ് വ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിൽ ആയിരിക്കുമ്പോൾ കേരളത്തിലെ രോഗവ്യാപനതോത് ഉയരുന്നതിൻെറ ആശങ്കയിലാണ് യുകെ മലയാളികൾ. എന്നിനി ജന്മനാട്ടിൽ സന്ദർശനം നടത്താമെന്നതും തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും കാണാൻ സാധിക്കും എന്നുള്ളതും പ്രവാസി മലയാളികളുടെ ഇടയിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു . തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കോവിഡ് പോസിറ്റീവ് ആയി. കേരള കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് രണ്ടുതവണ കോവിഡ് വന്നു എന്ന വാർത്തയും പുറത്തു വന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും കോവിഡ് വ്യാപനവും മരണനിരക്കും അതിരൂക്ഷമാവുകയാണ്. പക്ഷെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങളാണ് കോവിഡ് വ്യാപനം കുതിച്ചുയരാൻ പ്രധാന പങ്കു വഹിച്ചത് എന്നത് പകൽ പോലെ വ്യക്തമാണ്. രോഗവ്യാപനം അനിയന്ത്രിതമായി കൂടി ഇന്ത്യയും റെഡ് ലിസ്റ്റിൽ വന്നാൽ സമീപഭാവിയിലെങ്ങും യുകെ മലയാളികൾക്ക് കേരളത്തിൽ വന്നു പോകുക സുഗമമായിരിക്കില്ല.

കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിൻെറ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നാണ് ഭൂരിപക്ഷം യുകെ മലയാളികളും വിശ്വസിക്കുന്നത്. യാതൊരു രീതിയിലുള്ള കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ വളരെ നിരുത്തരവാദിത്വപരമായ പെരുമാറ്റമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ മുന്നണികളും പുലർത്തിയത്. മാസ്ക് ധരിക്കാനോ കോവിഡിനെതിരെ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കാനോ നേതാക്കളോ മുന്നണികളോ തയ്യാറായില്ല എന്നതിൻെറ പരിണിതഫലമാണ് കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്ന രോഗവ്യാപനതോത്.

കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലേയ്ക്കും ജാഥകളിലേയ്ക്കും ആൾക്കാരെ കൂടുതൽ എത്തിക്കാൻ കാണിച്ച മത്സരബുദ്ധിയാണ് രോഗവ്യാപനതോത് ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങൾ രാഷ്ട്രീയപാർട്ടികൾ നടത്തിയ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. കർശന നിയന്ത്രണങ്ങളോടെ രോഗവ്യാപനതോത് പിടിച്ച് കെട്ടി യുകെ സ്ഥിരത കൈവരിച്ചപ്പോൾ രോഗ പ്രതിരോധത്തിൽ ആദ്യകാലത്ത് പ്രശംസ പിടിച്ചു പറ്റിയ കേരളം നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും കേരളത്തിൻെറ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയ രാഷ്ട്രീയ പ്രചരണ യാത്രകളാലും മറ്റും കോവിഡ് വ്യാപനത്തിൻെറ കൂത്തരങ്ങായി മാറി.

യുകെയിൽ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 30 പേർ മാത്രം പങ്കെടുക്കുമ്പോൾ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. വിവാഹങ്ങളും മൃതസംസ്കാര ശുശ്രുഷകളും സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനത്തിൻെറ മുഖ്യ സ്രോതസ്സായി മാറുന്ന കാഴ്ച ദുഃഖകരമാണ്. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്ന മെയ് 2 ന് നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ രോഗവ്യാപനത്തിൻെറ തീവ്രത വീണ്ടും ഉയർത്തും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

കേരളത്തിൽ കോവിഡ് വ്യാപനത്തിൻെറ രൂക്ഷത ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാഭ്യാസ മേഖലെയാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു എക്സാമിനേഷൻ അനശ്ചിതത്വത്തിലായി. യൂണിവേഴ്സിറ്റി പരീക്ഷകൾ ഒട്ടു മിക്കതും താളംതെറ്റി. മാറ്റിവയ്ക്കപ്പെട്ട പ്ലസ് ടു എക്സാമിനേഷൻ അടുത്തവർഷത്തെ ബിരുദ തല കോഴ്സുകളുടെ പ്രവേശനത്തെയും താളം തെറ്റിക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അടുത്ത ഒരു അധ്യയന വർഷം കൂടി വിദ്യാർഥികൾക്ക് നഷ്ടമാകുമോ എന്ന് ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് രണ്ട് ഡോസുകൊണ്ട് പൂർണമാകില്ല എന്നും നിശ്ചിത ഇടവേളകളിൽ വീണ്ടും വാക്സിനേഷൻ വേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 12 മാസത്തിന് ശേഷം വീണ്ടും വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസർ സിഇഒ ഡോക്ടർ ആൽബർട്ട് ബോർല പറഞ്ഞു.

പ്രതിരോധ വാക്സിൻ എടുത്തതിനുശേഷം നാളുകൾ കഴിയുമ്പോൾ ആളുകളിൽ കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറയും. മാത്രമല്ല ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ സാന്നിധ്യവും പുതിയ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് കാരണമാകും. ഫൈസർ ബയോടെക് വാക്സിൻ ആറുമാസത്തേയ്ക്കാണ് പ്രതിരോധശേഷി നൽകുന്നതെന്ന് ഡോക്ടർ ബോർല നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ തന്നെ യുകെയിൽ ആദ്യ നാല് മുൻഗണനാ ഗ്രൂപ്പിൽപ്പെടുന്നവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദീം സഹാവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഒ‌സി‌ഐ കാർഡുകൾ പുതുക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ മോദി സർക്കാർ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ഇതുവരെ 37.72 ലക്ഷം ഒസിഐ കാർഡുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒ‌സി‌ഐ കാർഡ്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനം. ഈ തീരുമാനം പ്രകാരം 50 വയസ്സ് പൂർത്തിയാക്കിയ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. അതേസമയം, 20 വയസ്സ് തികയുമ്പോൾ ഒസിഐ കാർഡ് ഉടമകൾ അവരുടെ കാർഡ് വീണ്ടും പുതുക്കേണ്ടതുണ്ട്.

മുമ്പത്തെ നിയമങ്ങൾ‌ പ്രകാരം ഇരുപത് വയസ്സ് വരെയും അമ്പത് വയസ്സിനു ശേഷവും ഓരോ തവണ പുതിയ പാസ്പോർട്ട്‌ നൽകുമ്പോഴും അപേക്ഷകന്റെ മുഖത്തെ രൂപപരമായ മാറ്റങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി ഒസിഐ കാർഡുകൾ പുതുക്കേണ്ടത് ആവശ്യമായിരുന്നു. ഈ ആവശ്യകത തള്ളികളയാൻ ഇപ്പോൾ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങൾ അനുസരിച്ച്, 20 വയസ് തികയുന്നതിനുമുമ്പ് ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയ ഒരാൾക്ക് 20 വയസ്സ് പൂർത്തിയാക്കിയ ശേഷം പുതിയ പാസ്‌പോർട്ട് നൽകുമ്പോൾ ഒരു തവണ മാത്രമേ ഒസിഐ കാർഡ് പുതുക്കേണ്ടതുള്ളൂ.

ഒരാൾ 20 വയസ്സ് തികഞ്ഞതിന് ശേഷം ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയിട്ടുണ്ടെങ്കിൽ, ഒസിഐ കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ട ആവശ്യമില്ലെന്ന് എംഎച്ച്എ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഒ‌സി‌ഐ കാർ‌ഡ്‌ഹോൾ‌ഡർ‌ ഫോട്ടോ അടങ്ങിയ പുതിയ പാസ്‌പോർട്ടിന്റെ പകർ‌പ്പും ഏറ്റവും പുതിയ ഫോട്ടോയും ഓൺ‌ലൈൻ‌ ഒ‌സി‌ഐ പോർ‌ട്ടലിൽ‌ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എം‌എ‌ച്ച്‌എ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഈ രേഖകൾ‌ ഒ‌സി‌ഐ കാർഡ് ഉടമകൾക്കോ പങ്കാളിയ്ക്കോ അപ്‌ലോഡുചെയ്യാം. വിശദാംശങ്ങൾ‌ സിസ്റ്റത്തിൽ‌ അപ്‌ഡേറ്റുചെയ്യുകയും അപ്‌ഡേറ്റുചെയ്‌ത വിശദാംശങ്ങൾ‌ റെക്കോർഡുചെയ്‌തുവെന്ന് അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിക്കുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 അംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ബക്കിംഗ്ഹാം കൊട്ടാരം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ സംസ്‍കാര ചടങ്ങുകൾ ആരംഭിക്കും. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം 30 പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എണ്ണുറോളം അംഗങ്ങളിൽ നിന്നും മുപ്പതു പേരെ തിരഞ്ഞെടുക്കേണ്ടി വന്നതിനാൽ രാജ്ഞി വളരെ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ കൈകൊണ്ടതായി കൊട്ടാരം അറിയിച്ചു. പട്ടികയിലെ ഒന്നാമത്തെ വ്യക്തി രാജ്ഞി തന്നെയാണ്. വെയിൽസ് രാജകുമാരനും ഫിലിപ്പിന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ചടങ്ങിൽ ഉണ്ടായിരിക്കും. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെതുടർന്ന് 2019ൽ രാജകീയ ചുമതലകളിൽ നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഡ്യൂക്ക് ഓഫ് യോർക്, ആൻഡ്രൂ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഔദ്യോഗിക ചടങ്ങ് ആയിരിക്കും പിതാവിന്റെ ശവസംസ്‍കാരം. വെസെക്സിന്റെ പ്രഭുവും ഫിലിപ്പിന്റെ ഇളയ മകനുമായ എഡ്വേർഡ്, ഭാര്യ സോഫി, രാജകുമാരിയും ഫിലിപ്പിന്റെ ഏക മകളുമായ ആൻ, ഭർത്താവ് വൈസ് അഡ്മിറൽ സർ തിമോത്തി ലോറൻസ് എന്നിവരും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഫിലിപ്പ് രാജകുമാരന്റെ പേരക്കുട്ടികളും അവരുടെ ജീവിതപങ്കാളികളുമാണ് സംസ്‍കാര ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മറ്റു കുടുംബാംഗങ്ങൾ. വില്യം രാജകുമാരൻ, ഭാര്യ കേറ്റ് എന്നിവർക്കൊപ്പം ഹാരിയും ചടങ്ങിൽ പങ്കെടുക്കും. ഗർഭിണിയായ ഭാര്യ മേഗനെയും മകനെയും കൂട്ടാതെയാണ് ഹാരി സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. യുഎസിൽ നിന്ന് തിരികെയെത്തിയ സസെക്സ് ഡ്യൂക്ക് ഹാരി ഫ്രോഗ് മോർ കോട്ടേജിൽ ഐസൊലേഷനിൽ കഴിയുകയാണ്. ആൻഡ്രൂവിന്റെ മക്കളായ ബിയാട്രീസ്, യൂജിൻ എന്നിവരും അവരുടെ ഭർത്താക്കന്മാരായ എഡൊർഡോ മാപ്പെല്ലി മോസ്സി, ജാക്ക് ബ്രൂക്സ്ബാങ്ക് എന്നിവരും എഡ്വേർഡിന്റെ മക്കളായ ലേഡി ലൂയിസ്, ജെയിംസ് എന്നിവരും ആനിയുടെ മക്കളായ പീറ്റർ ഫിലിപ്സ്,സാറ ടിണ്ടൽ, സാറയുടെ ഭർത്താവ് മൈക്ക് ടിണ്ടൽ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്ഞിയുടെ ഏറ്റവും അടുത്ത ബന്ധുക്കളും ഫിലിപ്പിന്റെ മൂന്ന് ജർമ്മൻ ബന്ധുക്കളുമാണ് പട്ടികയിലെ മറ്റു അതിഥികൾ. ഡ്യൂക്കിന്റെ കാര്യേജ് ഡ്രൈവിംഗ് പാർട്ണറും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പെന്നിയാണ് പട്ടികയിലെ അവസാന വ്യക്തി.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്കാണ് ഇരിക്കുക. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 ആളുകളുടെ പേരുകൾ പുറത്തുവിട്ടുകഴിഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved