Main News

അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാന്‍ ഇരു­പ­ത്തി­യഞ്ചുനോമ്പു ­നോക്കി ഉള്ളി­ലൊരു പുല്‍കൂട് പണി­യാന്‍ ശ്രമി­ക്കു­ക­യാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പു­കാലം.നോമ്പ് അപ­ര­നെ­തിരെ വാക്കിന്റെ നോട്ട­ത്തിന്റെ ചെയ്തി­യുടെ അമ്പ് ­തൊ­ടുത്തു വിടാ­ത്ത­കാ­ല­മാ­കണം. ക്രിസ്തു­മസ്സ് ഒരു ഓര്‍മ്മ­പ്പെ­ടു­ത്താ­ലാണ് എളി­മ­യുടെ, സ്‌നേഹ­ത്തിന്റെ, മറ­വി­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍. തന്റെ സൃഷ്ടിയെ രക്ഷി­ക്കാന്‍ അവ­നോ­ടൊപ്പം സഞ്ച­രി­ക്കാന്‍ അനേകം നാള്‍ ദൈവം കണ്ട വലിയ സ്വപ്ന­ത്തിന്റെ പൂവ­ണി­യ­ലാണ് ക്രിസ്തു­മസ്സ്.

പുല്‍ക്കൂ­ടിന്റെ മുന്നില്‍ ചെന്നു നില്ക്കു­മ്പോള്‍ നിര­വധി ധ്യാന­ചി­ന്ത­കള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കു­ന്നു­ണ്ട്. വലിയ കൂടാ­ര­ങ്ങള്‍ക്ക് മുന്നില്‍ നാം പണി­യുന്ന ചെറിയ പുല്‍ക്കൂടു­കള്‍ നമ്മോടു പറ­യു­ന്നത് എളി­മ­യുടെ സുവി­ശേ­ഷ­മാ­ണ്, ചെറു­താ­ക­ലിന്റെ സന്ദേ­ശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒ­രി­ക്കലും പണി­യു­ന്നില്ല. പണി­ത­ാല്‍ അത് പുല്‍ക്കൂടും ആകു­ന്നി­ല്ല. പുല്‍ക്കൂടിന് പറ­യാ­നു­ള്ളത് നീ എന്നോളം ചെറു­താ­ക­ണ­മെ­ന്നാ­ണ് പറ്റുമോ നിന­ക്ക്?. പുല്‍ക്കൂ­ടിലെ നക്ഷത്രം പറ­യു­ന്നത് നീ നേരിന്റെ വഴി­യുടെ പ്രകാ­ശ­മാ­ക­ണം. സത്യ­ത്തിന്റെ പാത­യില്‍ നിന്റെ സഹോ­ദ­രനെ നയിച്ച് ദൈവ­ത്തില്‍ എത്തി­ക്കണം നീ.

പുല്‍ക്കൂ­ട്ടിലെ ജ്ഞാനി­കള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാ­നി­ക­ളാ­യി­രുന്നു അവ­രുടെ ജ്ഞാന ദൃഷ്ടി­യില്‍ അവര്‍ ദൈവത്തെ അന്വേ­ഷി­ച്ചത് ഹെറോ­ദോ­സിന്റെ കൊട്ടാ­ര­ത്തില്‍ ആയി­രു­ന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെ­ത്താനായില്ല അവ­രുടെ അന്വേ­ഷണം അനേകം പിഞ്ചു­കു­ഞ്ഞുങ്ങ­ളുടെ മര­ണ­ത്തില്‍ കലാ­ശി­ച്ചു. ഒടു­വില്‍ ദൈവ­ദൂ­തന്റെ അരു­ളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങി­യ­പ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനാ­യ­ത്. ജ്ഞാനി­കള്‍ നൽകുന്ന സന്ദേശം ഈ ലോക­ത്തിന്റെ ജ്ഞാനം ഒന്നു­മല്ല നീ അധി­കാ­ര­ത്തിന്റെ ലൗകീ­ക­സു­ഖ­ങ്ങ­ളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴി­തെറ്റും അതു­മല്ല നീ വലിയ അപ­കട­ത്തില്‍ ചെന്നു ചാടും.

ആട്ടി­ട­യ­ന്മാര്‍, വിദ്യാ­ഭ്യാസം ഒട്ടു­മി­ല്ലാത്ത സാധ­ര­ണ­ക്കാരായി­രു­ന്നു നാളെ­പറ്റി വ്യാകു­ല­പ്പെ­ടാ­ത്ത­വര്‍. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്‌ക­ള­ങ്കര്‍ ആക­നാണ് എന്നാലെ ദൈവ­ത്തിന്റെ മഹ­ത്വം ആദ്യം ദര്‍ശി­ക്കാന്‍ കഴി­യൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മി­പ്പി­ക്കു­ന്നത് മാല­ഖ­യോട് ഒരു വാക്കു­പോലും മറുത്ത് പറ­യാതെ ഇതാ കര്‍ത്താ­വിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവി­ക്കട്ടെ എന്നു പറഞ്ഞ് എളി­മ­യോടെ കര്‍ത്താ­വിന്റെ വച­ന­ത്തില്‍ വിശ്വ­സി­ച്ച­വള്‍ അതി­നാ­ലാണ് അവള്‍ക്ക് ക്രിസ്തു­വിന്റെ അമ്മ­യാ­കാന്‍ ഭാഗ്യം ലഭി­ച്ചത്.പുല്‍ക്കൂ­ട്ടിലെ അമ്മ­ത­രുന്ന സന്ദേശം നിങ്ങളും എളി­മ­യുടെ വാഹ­ക­രാ­ക­നാ­ണ്. യൗസേ­പ്പി­താ­വിന് പറ­യാ­നുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവ­ത്തിന്റെ അരു­ള­പാ­ടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവ­ച­ന­ങ്ങ­ളുടെ പിന്നാലെ പരക്കം പായേ­ണ്ട­വ­രല്ല നാം. സഹ­ന­ങ്ങ­ളില്‍ പ്രതി­സ­ന്ധി­ക­ളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാ­രിക്കണം. അവി­ടുന്ന് നിനക്ക് സത്യ­ങ്ങള്‍ വെളി­പ്പെ­ടു­ത്തി­തരും.

യൗസേപ്പും ജ്ഞാനി­കളും സ്വപ്നം കാണാന്‍ നമ്മെ പഠി­പ്പി­ക്കുന്നുണ്ട്. കന്യാ­ക­മ­റി­യത്തെ ഉപേ­ക്ഷി­ക്കാന്‍ തീരു­മാ­നിച്ച ജോസഫിനെയും, ഹെറോ­ദോ­സിന്റെ ഗൂഢ­ലോ­ച­ന­ക­ളില്‍ നിന്ന് വഴി­മാ­റി­ന­ട­ക്കാന്‍ ജ്ഞാനി­കളെയും പഠി­പ്പി­ച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ട­തു­കൊ­ണ്ടാണ്. മാല­ഖ­മാര്‍ക്ക് പറ­യാ­നു­ള്ളത് അസൂ­യ­യുടെ കൂപ്പു­ക­യ­ത്തില്‍ നിന്ന് അക­ന്നു­മാറി നിന്റെ നാവ് കൊണ്ട് സന്മ­നസ്സ് ഉള്ള­വര്‍ക്ക് സമാ­ധ­ന­ത്തിന്റെ ഗീതം ആശം­സി­ക്കണം. ക്രിസ്ത്യാനി സമ­ാധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രാ­ക­ണം. അങ്ങനെ അനേകം ചിന്ത­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരു­ന്നു. ഫലം ഏറെ­യുള്ള വൃക്ഷ­ത്തിനേ താഴ്ന്നു നില്ക്കാന്‍ പറ്റൂ . ഭൂമിക്ക് മിതേ കൃപ­ചെരിഞ്ഞ് ഫലം നല്കുന്ന വലിയ വട­വൃഷം കണക്കെ ക്രിസ്തു­വിന്റെ സ്‌നേഹം നമ്മെ പൊതിഞ്ഞു നില്ക്കു­ക­യാ­ണ്. പ്രകൃതിപോലും അനേകം കൊടു­ക്ക­ലിന്റെ പാഠ­ങ്ങള്‍ നമുക്ക് പകര്‍ന്നു നൽകു­ന്നു­ണ്ട്. പ്രതി­ഫലം അര്‍ഹി­ക്കാതെ നിര­വധി അനു­ഗ്ര­ഹ­ങ്ങള്‍ പ്രകൃതി നൽകു­ന്നു­ണ്ട് എന്നതു ധ്യാന­വി­ഷ­യ­മാ­ക്കേ­ണ്ട ­കാ­ര്യ­മാ­ണ്.

ക്രിസ്തു­മസ്സ് ഒരു മറ­വി­യുടെ ഒര്‍മ്മ­പ്പെ­ടു­ത്ത­ലാ­ണ്. അത് സ്‌നേഹ­മാ­ണ്. സ്‌നേഹി­ക്കു­ന്ന­വര്‍ക്കേ മറ­ക്കാന്‍ പറ്റൂ . പ്രപ­ഞ്ച­സൃ­ഷ്ടാ­വിനു ജനി­ക്കാന്‍ സ്വന്തം എന്നു പറ­യാന്‍ ഒരു കൂര­പോലും ഇല്ലാ­യി­രു­ന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാ­വിന്റെ സ്‌നേഹം. സ്വയം അവ­ഗണി­ക്കുക മനു­ഷ്യര്‍പോലും ഇഷ്ട­പ്പെ­ടാന്‍ ആഗ്ര­ഹി­ക്കാത്ത നിസ­ഹാ­യ­ത­യി­ലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്‌നേഹി­ച്ച­തു­കൊ­ണ്ടാണ് സ്വയം ചെറു­താ­യ­ത്. ശാന്ത­മായി ഒഴു­കു­ന്ന­പു­ഴ­പോലെ ശാന്ത­മായി ദൈവത്തെ അനു­ക­രി­ക്കാന്‍ എളി­മ­യുടെ വസ്ത്രം അണി­യാന്‍ സ്വയം ചെറു­താ­ക­ലിന്റെ അപ്പം കൊടു­ക്കാനും സ്വീക­രി­ക്കാനും മ­ഞ്ഞു­പെ­യ്യുന്ന ക്രിസ്തു­മസ്സ് രാവില്‍ ദൈവത്തിന്റെ അരു­ള­പാ­ടു­കളെ ശാന്ത­മായി സ്വപ്നം കാണാനും കഴി­യട്ടെ.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

അമൽമോൻ റോയി

ഒരു ക്രിസ്തുമസ് രാവ് കൂടി വന്നിരിക്കുകയാണ്. ക്രിസ്തുമസ് എപ്പോഴും മുന്നോട്ടുവയ്ക്കുന്നത് ശാന്തിയും സമാധാനവും ആണ്. എല്ലാവർക്കും ക്രിസ്തുമസിന്റെ ആശംസകൾ നേരണമെന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അനുസരിച്ച് അതിന് സാധിക്കുകയില്ല. ഇന്ത്യയിലൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുകയാണ്. ഉണ്ണിയേശു അങ്ങ് ബത്‌ലഹേമിൽ ശാന്തിയും സമാധാനവും നൽകുവാനാണ് ജനിച്ചതെങ്കിൽ ഈ ക്രിസ്തുമസിന് ഉണ്ണിയേശു ജനിക്കേണ്ടത് ഇന്ത്യയിലാണ്. സമാധാനം എന്താണെന്ന് കുറച്ചുനാളായി ഇന്ത്യ അറിയുന്നില്ല . എവിടെയും അക്രമണവും വെടിവെപ്പും മാത്രം. ഒരു ജന്മദിന ആഘോഷ വേളയിൽ മരണ ദിനങ്ങളുടെ കാഴ്ചകൾ കാണേണ്ടി വരുന്നു.

രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണുവാൻ കാലിത്തൊഴുത്തിൽ വന്നു എന്നതിന്റെ അനുസ്മരണവും ഇന്നേ ദിവസം നടക്കുന്നു.
ഇന്ത്യയിലെ രാജാക്കന്മാർ അഥവാ ഇന്ത്യ ഭരിക്കുന്നവർ പ്രജകളുടെ പ്രശ്നം കാണാത്തത് ആണോ? അല്ലെങ്കിൽ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിക്കുന്നതാണോ? ഒരുപക്ഷേ അവർ ഈ നിയമ നിർമ്മാണത്തിൽ ചില ഗുണങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാലും തന്റെ പ്രജകളുടെ പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കി അതിനു പരിഹാരം കാണുന്നവരാണ് യഥാർത്ഥ ഭരണകർത്താക്കൾ. എന്നാൽ നമ്മുടെ രാജ്യത്ത് മാറി വരുന്ന പല ഭരണകൂടത്തിനും ഇതിന് സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന ഈ പ്രക്ഷോഭം ഇത്രത്തോളം വഷളാകുന്ന സാഹചര്യത്തിലും ഭരണകൂടത്തിലെ ഈ മൗനം എത്രത്തോളം ഈ രാജ്യത്തെ ബാധിക്കുമെന്ന് കണ്ടറിയണം. ഒരു നിയമം നടപ്പിലാക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഭരണഘടനയ്ക്കും അനുസരിച്ചാണ്. ഈ നിയമം ഈ പൗരത്വഭേദഗതി ബില്ലിന് ബാധകമല്ല എന്ന് ചോദിക്കുന്ന അവരെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇതിനു വലിയ ഉദാഹരണമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട വരും പരിക്കേറ്റ വരും.

കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പ്രശ്നങ്ങൾ കൂടി കൂട്ടിവായിക്കുമ്പോൾ അടിച്ചേൽപ്പിക്കലിന്റെ സ്വരം നമുക്ക് വായിക്കാം. തെറ്റ് പറ്റാത്ത മനുഷ്യരില്ല. ഈ തെറ്റ് തിരുത്തി പുതിയ മനുഷ്യൻ ആകുമ്പോഴാണ് സന്തോഷവും സമാധാനവും ഉണ്ടാക്കുന്നത്. ഈ ക്രിസ്തുമസ് രാവിൽ നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാം.

അമൽമോൻ റോയി.

കോട്ടയം ഉഴവൂർ സ്വദേശി. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർഥിയാണ്.
ഉഴവൂർ കൂപ്ലിക്കാട്ടിൽ റോയി മിനി ദമ്പതികളുടെ മൂത്തമകൻ. സഹോദരി റിയ.

മലയാള ഭാഷാ സാഹിത്യത്തിന് അവിസ്മരണീയമായ സ്ഥാനം നേടികൊടുക്കുന്നതിൽ പുസ്തകപ്രസാധനത്തിന് നല്ലൊരു പങ്കുണ്ട്. 1772 ൽ റോമിൽ അച്ചടിച്ച് 1774 ൽ കേരളത്തിൽ ഇറക്കിയ “സംക്ഷേപ വേദാർഥം” ആണ് മലയാളത്തിൽ ഇറങ്ങിയ ആദ്യ പുസ്തകം. ഇറ്റലിയിലെ വൈദികൻ ക്ലമന്റ് പിയോണിയസ് ക്രിസ്തിയാനികൾക്കായി ചോദ്യോത്തര രൂപത്തിൽ ഇറക്കിയത്. 1821 ൽ കേരളത്തിലെ ആദ്യ അച്ചടി യന്ത്രം കോട്ടയം സി.എം.എസ്. പ്രസ്സിൽ ബ്രിട്ടീഷുകാരനായ റവ.ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ചതാണ്. മലയാള ഭാഷയ്ക്ക് വിദേശ മിഷനറിമാരുടെ സഹായത്താൽ ആദ്യ കാലങ്ങളിൽ ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ, അപ്പു നെടുങ്ങാടി എഴുതിയ കുന്ദലത 1887 ലും ഒ.ചന്ദുമേനോൻറ് ഇന്ദുലേഖ 1889 ലും ഇറങ്ങി. ഇത്രയും പാരമ്പര്യമുള്ളതാണ് മലയാള ഭാഷയും അച്ചടി മേഖലയും.

കേരളത്തിലെ ആദ്യ പുസ്തകശാലയാണ് 1928 ൽ കോട്ടയത്തു ജന്മമെടുത്ത വിദ്യാർത്ഥിമിത്രം. 1945 ൽ കോട്ടയത്തു തന്നെ സാഹിത്യ പ്രവർത്തക സഹകരണസംഘ൦. തൃശ്ശൂർ കറന്റ് ബുക്ക്സ്, തിരുവനന്തപുരത്ത് പ്രഭാത് ബുക്ക്സ്, കോഴിക്കോട്ട് മാതൃഭൂമി ബുക്ക്സ്, കോട്ടയം ഡി.സി. കോഴിക്കോട്ട് പൂർണ്ണ തുടങ്ങി കേരള സാംസ്കാരിക വകുപ്പിന്റേതടക്കം ഇന്ന് ചെറുതും വലുതുമായ ധാരാളം പുസ്തകപ്രസാധകരുണ്ട്. ഇന്നത്തെ വാണിജ്യ സാധ്യതകൾ പ്രസാധകർ പല വിധത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. അതിനവർ ഒളിഞ്ഞും തെളിഞ്ഞും പല പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് പുസ്തകം വിറ്റഴിക്കാൻ അതിന്റ ഉള്ളടക്കത്തെ ചൊല്ലിയുള്ള കൊഴുപ്പ് നിറച്ച വിവാദങ്ങൾ. നല്ല വായനക്കാരൻ ഒരു കൃതിയുടെ ആഴവും അഴകും മനസ്സിലാക്കിയാണ് പുസ്തകങ്ങൾ വാങ്ങുന്നത്. ഇക്കിളി സാഹിത്യ പുസ്തകങ്ങൾ ചുടപ്പംപോലെ വിറ്റഴിയുന്നത് മനുഷ്യരുടെ മനഃസാക്ഷി മരവിച്ചതുകൊണ്ടോ അതോ പേരും പെരുമയുമള്ളതുകൊണ്ട് ഏത് ചെറ്റയും പൊളിച്ചു വരാമെന്നാണോ?

ലോകത്തു ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ വായിക്കപ്പെടുന്നത് ബ്രിട്ടനെപോലുള്ള വികസിത രാജ്യങ്ങളിലെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങങ്ങൾ വായിക്കപ്പെടുന്നത് കേരളത്തിലാണ്. 2010 ന് മുൻപ് സ്ത്രീകളുടെ ഇക്കിളിപ്പെടുത്തുന്ന ആത്മ കഥയില്ലാതെ തന്നെ സാക്ഷര കേരളമെന്ന പേര് നമുക്ക് ലഭിച്ചു. ബൈബിൾ വായിച്ചിട്ടുള്ളവർക്ക്രറിയാം ജെറുശലേമിൽ ജീവിച്ചിരുന്ന ദാവീദ് രാജാവിന്റ മകൻ സഭാപ്രസംഗി ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ ഭൂമിയിൽ കാണുന്നത് എന്തും മായ. അതൊരു അധികപ്രസംഗമല്ല. വശ്യ സൗന്ദര്യമുള്ള ഈ പ്രപഞ്ചത്തെ മനുഷ്യന് ഈശ്വരൻ നൽകിയത് എത്ര സമ്പത്തു വാരി കുട്ടിയാലും എത്ര കെട്ടിടങ്ങൾ കെട്ടിപൊക്കിയാലും ഇതെല്ലം വിട്ട് ഒരു നാൾ പോകേണ്ടി വരുമെന്നാണ്. ആദ്യ അദ്ധ്യായത്തിൽ പറയുന്നു. ” എല്ലാവരേക്കാൾ അധിക ജ്ഞാന൦ എനിക്കുണ്ട്. അതിനാൽ ജ്ഞാനം ഗ്രഹിപ്പാനും, ഭ്രാന്തും, ഭോഷത്വമറിയുവാനും ഞാൻ മനസ്സുവെച്ചു.” ഇന്നത്തെ കുറെ പുസ്തകങ്ങളുടെ നാഡീഞരമ്പുകൾ പരിശോധിച്ചാൽ ഈ സഭാപ്രസംഗിയുടെ വാക്കുകൾ പ്രസക്തമാണ്. ജ്ഞാനത്തിൽ വളർന്നു വളർന്ന് ഭോഷത്വം നിറഞ്ഞ ഒരു ഒരു ലോകത്തേക്കാണോ നമ്മൾ സഞ്ചരിക്കുന്നത്? ചില പ്രസാധക തൊഴിലാളികൾ മനഃപൂർവ്വം സംവാദത്തേക്കാൾ വിവാദമുണ്ടാക്കുന്നത് ആധുനിക കലയുടെ ദാർശനിക ഭാവമാണോ?

സമുഹത്തിൽ എന്ത് അനീതി നടന്നാലും അത് പ്രസാധക-മാധ്യമ രംഗത്തായാലും പലരുടേയും സ്വാതന്ത്ര്യബോധ൦ ഉണരാറില്ല. ആണും പെണ്ണും തമ്മിലുള്ള പ്രേമവും കാമവുമാണ് വിഷയമെങ്കിൽ അതിന്റ തീവ്രത വർദ്ധിക്കുക മാത്രമല്ല അത്യന്തം ആകർഷകവുമാണ്. സ്ത്രീയുടെ നഗ്ന ഭാഗങ്ങൾ കാട്ടി സിനിമ രംഗത്തുള്ളവർ ചെറുപ്പക്കാരുടെ കാശ് അടിച്ചു മാറ്റാറുണ്ട്. സ്വന്തം അനുഭവക്കുറുപ്പുകൾ ആർക്കും പറയാം എഴുതാം. അത് പലർക്കും ആത്മസുഖം നൽകാം. എന്നോർത്ത് ചിലരെയെങ്കിലും ദുഃഖത്തിന്റ, അപമാനത്തിന്റ തീച്ചൂളയിലേക്ക് തള്ളി വിടാറുണ്ട്. അതിന് ആരാണ് ഉത്തരം പറയേണ്ടത്? അധികാരത്തിന്റെ, അന്തഃപുരത്തിന്റ അകത്തളങ്ങളിൽ എത്രയോ കാമലീലകൾ നടക്കുന്നു. അതൊക്കെ അറിഞ്ഞാലും പുസ്തകരൂപത്തിൽ പുറത്തു വരാറില്ല. അതിന് പകരം വലയിൽ കുരുങ്ങുന്നത് പാവം സ്ത്രീകൾ. ധാരാളം വായിച്ചുവളർന്ന മലയാളി ഇന്ന് പുരോഗമിക്കുന്നത് വൈകാരികമായ നിന്ദ, വെറുപ്പ്, വിദ്വഷം തുടങ്ങിയവ വളർത്തിക്കൊണ്ടാണ്. ചില മാധ്യമങ്ങൾ, പ്രസാധകർ സമ്പന്നരാകുന്നത് വായനക്കാരന്റെ ബോധമണ്ഡലം ഇത്തരത്തിൽ നവീകരിച്ചുകൊണ്ടാണ്. സ്ത്രീയും പുരുഷനും ഇഷ്ടപ്പെട്ടാൽ ‘അതിവിശുദ്ധ’മായ ശൃംഗാരം നടക്കും. അതിലിത്ര പുതുമയെന്താണ്? ആസ്വാദക മനസ്സുകളിൽ തെളിമയോടെ, പുതുമയോടെ എന്താണ് വായിക്കാനുള്ളത്?

ഈ അടുത്ത കാലത്തു് കേരളത്തിലിറങ്ങുന്ന സ്ത്രീകളുടെ ആത്മ കഥക്കകൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. പീഡനങ്ങൾ നേരിടുന്ന ചില സ്ത്രീകൾ കോടതികളെക്കാൾ ആശ്രയിക്കുന്നത് ചില പ്രസാധകരെയാണ്. നിയമങ്ങൾ നോക്കുകുത്തികളായതുകൊണ്ടാണോ പാവപ്പെട്ട സ്ത്രീകളുടെ ജീവിതം തെരുവിൽ വിറ്റഴിക്കപ്പെടുന്നത്? ഇതിലൂടെ സമൂലമായ ഒരു മാറ്റം വ്യക്തിക്കോ, സ്ഥാപനത്തിനോ, സമൂഹത്തിനൊ നുണ്ടാകുമോ അതോ പ്രസാധകരുടെ കീശ വീർക്കുമോ? വീട്ടിലായാലും തൊഴിൽ രംഗത്തായാലും സ്ത്രീകളുടെ നിസ്സഹായതയും നോക്കുകുത്തികളായ നിയമങ്ങളും വേട്ടക്കാരെ വളർത്തുന്നു. ഇവിടെ ആരാണ് കിഴടങ്ങുന്നത്, ആരാണ് വേട്ടക്കാരൻ, ആരാണ് പോരടിക്കുന്നത്? ഇരയാക്കപ്പെട്ടവർ ഈ വേട്ട നായ്ക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തിരുന്ന് ഇക്കിളി പുസ്തങ്ങങ്ങൾ വിറ്റഴിക്കയാണോ വേണ്ടത്?

ഏത് രംഗമെടുത്താലും അവിടെയെല്ലാം കുറെ മാന്യന്മാരെ കാണാം. അവരുടെ ഉള്ളിന്റെയുള്ളിലെ മൂടുപടം ആർക്കുമറിയില്ല. പ്രസാധക മുതലാളിക്ക് കാശു വേണം. ബാക്കിയെല്ലാം അവിടെ കുറ്റിയടിച്ചിരിക്കുന്ന ചില കുത്തക തൊഴിലാളികളിലാണ്. അവരുടെ സ്ഥാപിത താല്പര്യമൊന്നും അതിന്റ മുതലാളിമാർ അറിയാറില്ല. ഇവരുമായി സംസാരിച്ചാൽ നമ്മുടെ ഒരു പഴമൊഴി ഓർമ്മ വരും. “എരന്നു തിന്നാലും മീശ മേലോട്ട്”. . ഇവരുടെ മീശ മേലോട്ട് തന്നെ. ഈ കുട്ടർക്ക് തൻകാര്യം വൻകാര്യമാണ്. ഇക്കിളി പുസ്തങ്ങളുടെ, സ്ത്രീകളുടെ, പാവങ്ങളുടെ വിഷയങ്ങളിലും “കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി”. അതിനെ വലിച്ചു വലിച്ചു ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തിക്കും. അതിന് പറ്റിയ ബെല്ലും ബ്രേക്കുമില്ലത്ത ആധുനിക സോഷ്യൽ മീഡിയ തയ്യാറാണ്. ഇറങ്ങിയ പുസ്തകത്തിന്റ പ്രചാരം കൂടുമ്പോൾ പുസ്തകത്തിന്റ വില്പനയും കുടും. മാധ്യമ മുതലാളി സന്തുഷ്ടൻ. ആയിരം കോപ്പിക്ക് അയ്യായിരം എന്നെഴുതി വിടും. വലിയ സ്ഥാപനമല്ലേ എണ്ണം കുറയാൻ പാടില്ല. ഈ പണച്ചാക്കുകളെ നിയന്ത്രിക്കാൻ സർക്കാരിന് പോലും സാധിക്കില്ല. ഇവർ അധികാരികൾക്കും പ്രിയപ്പെട്ടവരാണ്. ഒരു സ്ത്രീയുടെ കദന കഥ പുസ്തകരൂപത്തിൽ പുറത്തു വരുമ്പോൾ അവരെയൊക്കെ ഒരു പറ്റം വായനക്കാർ കാണുന്നത് മന്ദഹാസം പൊഴിച്ചു നിൽക്കുന്ന നിശാസുന്ദരിമാരായിട്ടാണ്. ഇത് ഭീതിജനകമായ ഒരന്തിരിഷമാണ് സ്ത്രീകളുടെ ഇടയിൽ വളർത്തുന്നത്.

എന്റെ ചെറുപ്പത്തിൽ ചന്തയിൽ മീൻ വാങ്ങാൻ പോകുമായിരുന്നു. അതിന്റ മുതലാളിമാർ ഒരണക്ക് പത്തു മത്തി, ഇരുപത് മത്തി എന്നൊക്കെ വിളിച്ചുകൂവും. ഈ മത്തി കണക്കാണ് ചിലർ ധരിച്ചിരിക്കുന്ന പുസ്തക വിപണി അതല്ലെങ്കിൽ മാധ്യമ പ്രവർത്തനം. ഇതും പീഡനത്തിന്റ മറ്റൊരു മുഖമാണ്. മറുഭാഗത്തു് നിന്ന് തങ്ങൾ സത്യം, ധർമ്മികത, അവകാശത്തിന്റ പക്ഷത്താണ് എന്ന് പ്രസംഗിക്കും. ഒരു പുസ്തകത്തിന്റ പേരിൽ ആളുകളെയിറക്കി കോലം കത്തിക്കുക, മനുഷ്യർ തമ്മിൽ ചേരിതിരിവുണ്ടാക്കുക, പുസ്തകത്തിനായി സോഷ്യൽ മീഡിയയിൽ ലൈക് അടിക്കാൻ സൈബർ ഗുണ്ടകളെ ഇറക്കുക, എതിർപക്ഷത്തു നിൽക്കുന്ന പ്രസാധകർക്ക് പാര പണിയുക, ആരെങ്കിലും സത്യം തുറന്നെഴുതിയാൽ സർക്കാർ മുറപോലെ അവരെ അടിച്ചമർത്തുക, പരിഹസിക്കുക ഇതൊക്കെ ചില പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ ഫാഷൻ ആയി മാറിയിട്ടുണ്ട്. വായനക്കാരെനെ വഴി തെറ്റിക്കുന്ന ഇവർക്കതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളെയിറക്കി ധാരാളം ചേരുവകൾ ചേർത്തുള്ള നുണ കഥകൾ പുറത്തിറക്കും. എനിക്കും ആ അനുഭവമുണ്ട്. ചിലർ ഈ ഇന്ധനം കത്തിച്ചുവിടുന്നത് സ്വന്തം പത്ര മാസികകളിൽ കൂടിയാണ്. എതിരാളികളും, ഇരകളും ഇവർക്ക് വിറ്റഴിക്കാനുള്ള ഒരുല്പന്നമാണ്. അതിൽ വെന്തു നീറുന്നവരുടെ വേദനകൾ ഇവരറിയുന്നില്ല. മുൻ കാലങ്ങളിൽ തലതൊട്ടപ്പന്മാരായി ബ്രാഹ്മന്മാരോ തമ്പ്രാക്കന്മാരോ ഉണ്ടായിരിന്നു. ഇന്നത്തെ ചില പ്രസാധകർ ധരിച്ചിരിക്കുന്നത് ഈ രംഗത്തെ തമ്പ്രാക്കന്മാർ തങ്ങളാണ്. സർക്കാരും ഇവർക്കൊപ്പമാണ്. ചെറുകിട പ്രസാധകർ ഒന്നുമല്ല എന്ന അഹന്ത ഇവരിലുണ്ട്. രാഷ്ട്രീയ എഴുത്തുകാർക്ക് കിട്ടുന്ന പരിഗണനപോലെ ഇവർക്ക് കിട്ടുന്ന പുരസ്കാരങ്ങളടക്കം പലതും സംശയത്തോടെയാണ് പലരും കാണുന്നത്. ഇന്ന് നല്ല എഴുത്തുകാരുടെ കൃതികൾ ആധുനിക മാധ്യമങ്ങളിലൂടെ വായന ആരംഭിച്ചിരിക്കുന്നു.

പ്രവാസി എഴുത്തുകാർ ഇക്കിളി പുസ്തകങ്ങൾ ഇറക്കിയതായി അറിവില്ല. എന്നാൽ വളരെ ചുരുക്കം പേര് കാശുകൊടുത്തു നോവൽ, കഥ മുതലായവ പുറത്തിറക്കിയാതായി അറിഞ്ഞിട്ടുണ്ട്. ഒരു പ്രതിഭയെ നല്ല വായനക്കാരനറിയാം. അവരത് തിരിച്ചറിയും. പതിറ്റാണ്ടുകളായി നാടകവും, നോവലും, കഥയും ഞാൻ എഴുതുന്നു. അതെല്ലാം പ്രമുഖ പ്രസാധകർ തന്നെ പുറത്തിറക്കുന്നു. ചില പ്രസാധകർ ധരിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാർ മിക്കവരും കാശു കൊടുത്തു് എഴുതിക്കുന്നുവെന്നാണ്. എന്റെ അൻപതോളം പുസ്തകങ്ങളിൽ അഞ്ചാറു പുസ്തകങ്ങൾ വൈഞ്ജാനിക പുസ്തകങ്ങളാണ്. ഈ വൈഞ്ജാനിക സാഹിത്യ ഗ്രന്ഥങ്ങൾ ആരെഴുതിയാലും പലയിടത്തു നിന്നുമെടുക്കുന്ന വിവരണങ്ങളാണ്. അതിൽ കുറെ പരിഷ്‌കാരങ്ങൾ വരുത്തിയാണ് പുസ്തകമിറക്കുന്നത്. എനിക്ക് വിവരങ്ങൾ തന്ന വ്യക്തി എന്നെ വെട്ടിലാക്കി. അതിന്റ പേരിൽ എൻ്റെ നാടകം, നോവൽ, കഥയെല്ലാം കാശുകൊടുത്തു് എഴുതിക്കുന്നു എന്ന വസ്തുതാവിരുദ്ധമമായ ദുഷ്പ്രചാരണമാണ് എനിക്കതിരെ എൻ്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചവർ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഭാതിൽ മംഗളയാനും മാതൃഭൂമിയിൽ ചന്ദ്രയാനും സാഹിത്യ സഹകരണ സംഘത്തിൽ ഒളിമ്പിക് ചരിത്ര പുസ്തകവുമുണ്ട്. ഞാൻ വിവരങ്ങൾ ശേഖരിച്ചത് വൈഞ്ജാനിക പുസ്തകങ്ങൾക്കാണ് അല്ലാതെ നാടകത്തിനോ നോവലിനോ കഥയ്‌ക്കോ അല്ല. ഇതിന്റ പിന്നിൽ നടക്കുന്ന ഗുഡാലോചനകൾ പിന്നീട് പുറത്തുവരും. ഞാനിപ്പോൾ ആരിൽ നിന്നും ഒരു വിവരങ്ങളുമെടുക്കാറില്ല. ഇപ്പോൾ ഇംഗ്ളണ്ട് യാത്രാവിവരണം, നാടകം, നോവൽ അച്ചടിയിലാണ്. ഇറ്റലി യാത്രാവിവരണവും സർദാർ പട്ടേൽ ജീവചരിത്രവും പൂർത്തിയായി. അടുത്തത് ഫ്രാൻസ്, ഫിൻലൻഡ്‌ യാത്രാവിവരണമാണ്. ഇത്രയും പറയാൻ കാരണം കേരളത്തിലെ പല പ്രസാധകരും, വ്യക്തികളും വിദേശ മലയാളി എഴുത്തുകാരെ പലവിധത്തിൽ ചുഷണം ചെയ്യുക മാത്രമല്ല തെറ്റിധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്‌. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാൽ അക്രമിക്കുന്നവരെ മലയാള മാധ്യമങ്ങൾ ആദ്യം സദാചാര പോലീസ് എന്ന് വിളിച്ചു. ഇപ്പോൾ അത് സദാചാര ഗുണ്ടകളായി. ഇതുതന്നെയാണ് സമ്പത്തിന്റ മറവിൽ പല മാധ്യമങ്ങളും, പ്രസാധകരും എന്തിന്റെ പേരിലായാലും വിവാദങ്ങളും, വ്യക്തിഹത്യകളും നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ ഒരു പാർട്ടിയുടെ അംഗമായാൽ പ്രസാധകർ അവരുടെ കൃതികളിറക്കാൻ മുന്നോട്ട് വരും. എന്റെ എഗ്രിമെന്റ് ചെയ്ത പുസ്തകം നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയിട്ടില്ല. വിദേശ എഴുത്തുകാർ ഇങ്ങനെയു൦ അവഗണന നേരിടുന്നു. വിദേശത്തു നിന്ന് ഈ പ്രസാധക കോവിലക൦ സന്ദർശിക്കാൻ പല എഴുത്തുകാരും അഭിനവ എഴുത്തുകാരും ചെല്ലാറുണ്ട്. വിദേശത്തു നിന്നൊരു സ്ത്രീ കേരളത്തിലെ ഒരു സ്ഥാപനത്തിൽ സമ്മാന പൊതികൾ വിതരണം ചെയ്തു. നാലുപേരറിഞ്ഞപ്പോൾ അത് മടക്കി കൊടുത്തു. അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാന൦ വാങ്ങുന്നവർ മനസ്സിലാക്കുന്നത് പ്രവാസി എഴുത്തുകാരിൽ പലരും കാശു കൊടുത്തു എഴുതിക്കുന്നവരാണ്. ഈ വ്യക്തി അവിടെ രാഷ്ട്രീയക്കാരുടെ സഹായത്താൽ പുസ്തകമിറക്കി അത് മറ്റൊരു കഥ. യോഗ്യരായവരുടെ രചനകൾ പലപ്പോഴും തള്ളപ്പെടുന്നു. പ്രവാസി എഴുത്തുകാർക്ക് അരക്ഷിതമായ ഒരന്തിരിക്ഷമാണ് കേരളത്തിലുള്ളത്.

ജീവിതത്തിന്റ ദുരിതശതങ്ങളിൽ പിടയുന്ന പ്രവാസി എഴുത്തുകാരുമുണ്ട്. അവർക്ക് യാതൊരുവിധ പ്രോത്സാഹനവും കേരളത്തിൽ നിന്ന് ലഭിക്കാറില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരെ പരിഹസിക്കുക, അവഗണിക്കുക ഈ കുറ്റിയടിച്ചിരിക്കുന്നവരുടെ തൊഴിലാണ്. ഒപ്പം ജോലി ചെയ്യുന്നവരെയും ഇവർ ഒരു കോണിൽ കെട്ടിയിടാറുണ്ട്. ഇത് എല്ലാം പ്രസാധകരെപ്പറ്റി പറയുന്ന കാര്യമല്ല. ആരെങ്കിലും ഒരു കെണിയിൽ വീണാൽ, എന്തെങ്കിലും പാളിച്ചകളുണ്ടായാൽ ആ മുറിവ് ഉണക്കുന്നതിന് പകരം ആ മുറിവ് തല്പരകഷികകളെ കൂട്ടുപിടിച്ചു ആഴത്തിലാഴ്ത്തി പരിഹസിക്കുന്ന സ്വയം അക്ഷര ജ്ഞാനികളെന്നു ധരിക്കുന്ന, ഒരു പത്ര മാസിക കണ്ടപ്പോൾ എഴുത്തുകാരായവരെയോർത്തു സഹതാപം മാത്രം. സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാരിലൂടെ വളർന്ന് സമ്പത്തുണ്ടാക്കിയ പ്രസാധകർ അതിനുള്ളിൽ നടക്കുന്ന മുറിവും ചികിത്സയും നടത്താൻ ബാധ്യസ്ഥരാണ്. മനുഷ്യരിലെ നന്മയും കാരുണ്യവും അക്ഷരത്തിലെ ഈ ദരിദ്രനാരായണന്മാർ തിരിച്ചറിയുന്നില്ല. പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്തതുകൊണ്ട് എല്ലാവര്ക്കും അറിവുണ്ടാകണമെന്നില്ല. ഇവരുടെ അറിവിന്റ അൽപത്വം അവരുടെ സംസാരത്തിലും എഴുത്തിലും ഇക്കിളി പുസ്തകങ്ങളിലും വെളിപ്പെടുന്നു. ഒരു ഭാഗത്തു് ഇവർ പ്രസാധക മുതലാളിമാരുടെ മുന്നിൽ വിശുദ്ധൻമാരും മിടുക്കരും മറ്റുള്ളവരുമായുള്ള അവിശുദ്ധകൂട്ടുകെട്ടുകൾ മുടിവെക്കുന്നവരുമാണ്. ഇതൊന്നും എല്ലാം എഴുത്തുകാരും തുറന്ന് പറയില്ല. അതിന്റ കാരണം അടുത്ത പുസ്തകം ഇറങ്ങില്ലെന്നുള്ള ഭയം അവരെ ഭരിക്കുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സസെക്സ് : ബ്രിട്ടനിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കനത്ത മഴയ്ക്ക് ശമനമില്ലാത്തതിനാൽ പല സ്ഥലങ്ങളും വെള്ളപൊക്ക ഭീഷണി നേരിടുന്നു. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. തെക്ക്, കിഴക്കൻ ഇംഗ്ലണ്ട്, മിഡ്‌ലാന്റ്സ്, യോർക്ക്ഷയർ എന്നിവിടങ്ങളിൽ 96 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഉണ്ട്. വരും ദിവസങ്ങളിൽ 30 മില്ലിമീറ്റർ മഴ വരെ ലഭിച്ചേക്കാമെന്ന് പറയപ്പെടുന്നു. ഇത് യാത്രാതടസങ്ങൾക്കും കാരണമാകും. ക്രിസ്മസ് യാത്ര ആരംഭിക്കുന്ന വാഹന യാത്രക്കാർക്ക് അവരുടെ റൂട്ടുകൾ മുൻ‌കൂട്ടി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


സർറേയിലെ ചെർട്ട്‌സി പ്രദേശത്ത് ഒരു ചുഴലിക്കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് വെസ്റ്റ് സസെക്സിലെ പാതകൾ അടച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷകൻ അലക്സ് ഡീക്കിൻ പറഞ്ഞു: “തെക്ക് ഭാഗത്ത് വളരെ നനവുള്ളതിനാൽ ഈ നിലത്തേക്ക് ഇനിയും വീഴുന്ന മഴ കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.” തെക്കൻ ഇംഗ്ലണ്ടിലെ കാലാവസ്ഥ ഒറ്റരാത്രികൊണ്ട് മോശമാകുമെന്ന് പരിസ്ഥിതി ഏജൻസിയിലെ ഇയാൻ നൂൺ പറഞ്ഞു. എന്നാൽ ക്രിസ്മസിന് ശേഷം വരണ്ട കാലമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ കാര്യങ്ങൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൂൺ പറഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓട്ടോട്രേഡറും, ഗംട്രീയും പോലുള്ള വെബ്സൈറ്റുകളിൽ പരസ്യം ചെയ്ത് കാറുകൾ വിൽക്കുന്ന മലയാളികൾ തട്ടിപ്പിനിരയാകുന്നു. അങ്ങനെ തട്ടിപ്പിനിരയായ ഒരു വ്യക്തി മാധ്യമങ്ങളിൽ തന്റെ അനുഭവം വിവരിക്കുന്നുണ്ട്. തനിക്ക് കാർ വിൽക്കാനായി വെബ്സൈറ്റിൽ പരസ്യം ചെയ്തതായി അദ്ദേഹം പറയുന്നു. അതനുസരിച്ച് മൂന്ന് പേർ തന്റെ വീട്ടിൽ വരികയും, കാർ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയും ചെയ്തു. അവർ ബോണറ്റ് തുറക്കുകയും, കാർ മുഴുവൻ പരിശോധിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞു കാർ സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, കാർ സ്റ്റാർട്ട്‌ ആയി എങ്കിലും ശരിയായ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സംശയം തോന്നിയ കാർ ഉടമ തന്റെ കാർ വിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു. വന്ന മൂന്ന് പേർ കാർ വിൽക്കാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു.

കാറിന്റെ ഹെഡ് ഗ്യാസ്‌കെറ്റ് തകരാറിലാണെന്നും, കുറഞ്ഞവിലയ്ക്ക് തങ്ങൾ കാർ വാങ്ങിക്കൊള്ളാം എന്നും അവർ പറഞ്ഞതായി വാഹന ഉടമ വ്യക്തമാക്കി. എന്നാൽ തന്റെ കാർ വിൽക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് വാഹനഉടമ ശക്തമായി പറഞ്ഞു. അപ്പോൾ അവർ നഷ്ടപരിഹാരമായി 100 പൗണ്ട് ആവശ്യപ്പെട്ടു. വാഹന ഉടമയും വന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാഹന കുടുംബ ഫോൺ ചെയ്യാനായി അകത്തേക്ക് പോയ സമയം കൊണ്ട് ഇവർ പതിയെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.


വാഹന ഉടമയുടെ ശ്രദ്ധ ഇല്ലാതിരുന്ന സമയത്ത്, കാറിന്റെ എൻജിൻ കണക്ഷൻ വിടുവിക്കയും, കൂളന്റിൽ ഓയിൽ ഒഴിക്കുകയും ചെയ്തത് കാറ് വാങ്ങാൻ വന്ന മൂന്ന്പേരിൽ ഒരാളായിരുന്നു. ഈ തട്ടിപ്പിനെതിരെ വാഹന ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതായും എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ദൈവസ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. “… തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാന്‍ 3:16) ഇതില്‍ കൂടുതല്‍ സ്നേഹിക്കാന്‍ എങ്ങനെയാണ് പറ്റുന്നത്. ദൈവം തനിക്ക് ഏറ്റം പ്രിയപ്പെട്ടതിനെ, ഏറ്റം പ്രിയപ്പെട്ടവനെ നമുക്കുവേണ്ടി നല്‍കിയ ദിനമാണ് ക്രിസ്മസ്. അതുകൊണ്ടാണ് ഇത് ദൈവസ്നേഹത്തിന്റെ ആഘോഷമായി മാറുന്നത്.

സ്നേഹത്തിന്റെ ഫലമായ ഈ ദാനത്തിനു പിന്നില്‍ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുണ്ട്. അത് നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറമിയ 29:11), പ്രവൃത്തിമൂലം തന്നില്‍ നിന്ന്‍ അകന്നുപോയ നമ്മെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍, തന്റെ സ്വന്തമാക്കി മാറ്റാന്‍, ദൈവമകനായി/ദൈവമകളായിതീര്‍ക്കാന്‍ ഉള്ള പദ്ധതി. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കള്‍ എന്ന്‍ നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാനുതാനും” (1 യോഹന്നാന്‍ 3:1).

ഈശോ തന്റെ പരസ്യജീവിത കാലത്ത് പ്രഘോഷിച്ചതൊക്കെയും അപ്പന്റെ ഈ സ്നേഹത്തെക്കുറിച്ചാണ്. ഉപേക്ഷിച്ചുപോയ മകനെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പന്‍ ഈ സ്നേഹത്തിന്റെ പ്രതീകമല്ലേ? നഷ്ടപ്പെട്ടുപോയ ഒരൊറ്റ ആടിനെയും തേടി കുന്നും മലയും കയറി ഇറങ്ങുന്ന ഇടയന്‍ ഈ സ്നേഹത്തിന്റെ അടയാളമല്ലേ? തേടി നടക്കുന്ന ജനത്തെക്കണ്ട് അനുകമ്പതോന്നുന്ന അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു വിളമ്പിക്കൊടുത്ത് വിശപ്പകറ്റുന്ന ഗുരു കാണിച്ചത് സ്നേഹത്തിന്റെ മാതൃകയല്ലേ? ഒടുവില്‍ കുരിശില്‍ സ്വയം നൽകിക്കൊണ്ട് സ്നേഹത്തിന് ഇതിനപ്പുറം ഒരു അര്‍ഥം ഇല്ലാ എന്ന് അവന്‍ കാണിച്ചു തന്നു.
ഇങ്ങനെ സ്വീകരിക്കാന്‍ ഉള്ളത് എന്നതിനേക്കാള്‍ നല്‍കാനുള്ളതാണ് സ്നേഹം എന്ന് ദൈവം നമ്മെ പഠിപ്പിച്ചു തുടങ്ങിയ ദിവസമാണ് ക്രിസ്മസ്.

തന്റെ ഏക പുത്രനെ നമുക്ക് നല്‍കിക്കൊണ്ട് സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തെ ഈ ക്രിസ്മസ് നാളുകളില്‍ നമുക്ക് ആഘോഷിക്കാം. കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, പൊതുഇടങ്ങളില്‍ ഒക്കെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സ്നേഹം കൊടുക്കുന്നവരായി നമുക്ക് മാറാം. മറ്റുള്ളവര്‍ക്ക് നാം ചെയ്യുന്ന ഓരോ ചെറിയ നന്മയും ഈ ദൈവസ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. അതുകൊണ്ട് ക്രിസ്മസ്ന്റെ 25 ദിനങ്ങളെ നന്മപ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അങ്ങനെ ഇത് ദൈവസ്നേഹത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇടയാകട്ടെ.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

ഫാ. സ്കറിയ പറപ്പള്ളിൽ

വികാരി, സെന്റ് ആന്റണീസ് ചർച്ച്, തിരുവല്ല,മുത്തൂർ

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 

ജോയൽ ചെമ്പോല

സത്യസന്ധമായ വാർത്തകൾ നിഷ്പക്ഷമായി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നവരാണ് മലയാള മാധ്യമങ്ങൾ. ഒരു പൗരന് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ അനുശ്വാസിക്കുന്നുണ്ട്. പക്ഷെ അതൊന്നും മാനിക്കാതെയുള്ള നടപടിയാണ് കഴിഞ്ഞ ദിവസം കർണാടക പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

മംഗലാപുരത്ത് പോലീസിന്റെ വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്ത പോലീസിന്റെ വിചിത്ര നടപടി അപലപനീയമാണ്. അക്രിഡിയേഷനും തിരിച്ചറിയൽ കാർഡുമുൾപ്പെടെ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും അവയെന്നും പരിശോധിക്കാതെ ക്യാമറയും മൊബൈയിൽ ഫോണുൾപ്പെടെ പിടിചെടുത്തത് എന്തിനുവേണ്ടിയാണ് എന്നതിന് പോലീസിന് ക്യത്യമായ മറുപടിയില്ല.

 

നിയന്ത്രണമേർപ്പെടുത്തിയ സ്ഥലത്ത് പ്രവേശിച്ചതിനാലാണ് കസ്റ്റഡിയിലെടുതതെന്ന് പറഞ്ഞ പോലീസിനോട് ഒരു മറു ചോദ്യം. കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു സമീപം മറ്റ് ദേശീയ മാധ്യമങ്ങളും കർണാടകയിലെ മാധ്യമ പ്രവർത്തകരും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കൊന്നും വിലക്കില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയടുതെത്തി അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ മാധ്യമ പ്രവർത്തകരാണ്. ഈ കാരണങ്ങളൊക്കെയാവാം പോലീസിനെ പ്രകോപ്പിപിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം ചില ബി.ജെ.പി നേതാക്കളും ബി.ജെ.പി അനുകൂല ചാനലുകളും മാധ്യമ പ്രവർത്തകർ എന്ന വ്യാജേന മാരാകായുധങ്ങളുമായെത്തിയ അമ്പതോളം പേരെ അറസ്റ്റ് ചെയ്തതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴ് മണിക്കുറോളം കസ്റ്റഡിയിൽ വെച്ച ശേഷം സംസ്ഥാന അതിർത്തിയിലെത്തിച്ച് ഇവരെ കേരളാ പോലിസിനു കൈമാറുകയായിരുന്നു. മറ്റൊരു തരത്തിൽ നോക്കിയാൽ നാടുകെടത്തൽ തന്നെ.

അടിയന്തിരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിച്ച ഇന്ദിര ഗാന്ധിയുടെ അവസ്ഥ പിൽക്കാലത്ത് ഇന്ത്യ കണ്ടതാണ്. മാധ്യമങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യം ദുർബലമാകും. മാധ്യമസ്വാതന്ത്യം നിഷേധിച്ച് രാജ്യത്തെ ഒരു ഏകാധിപത്യ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണോ ഈ നടപടികൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജോയൽ ചെമ്പോല

കോട്ടയം മണർകാട് ആണ് സ്വദേശം. കോട്ടയം എറ്റുമാനുരപ്പൻ കോളേജിൽ നിന്നും ബികോമിൽ ബിരുദം. കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. ചെമ്പോലയിൽ ജേക്കബ് ജോർജ്ജിന്റെയും ലളിതമ്മ ജേക്കബിന്റെയും മൂത്ത മകനാണ്. സഹോദരൻ ഡോണൽ.

ഓസ്‌ട്രേലിയയിലെ  പ്രവാസി മലയാളികൾക്ക് തീരാ ദുഃഖം നൽകി മലയാളി ദമ്പതികളുടെ അപകടമരണം. ഇന്നലെ ഓസ്ട്രേലിയയിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് തീപിടിച്ച് പെരുമ്പാവൂർ തുരുത്തിപ്ലി സ്വദേശികളായ നവദമ്പതികള്‍ ആണ് മരിച്ചത്.  തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്. മരിച്ച ആൽബിൻ പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ (വെള്ളിയാഴ്ച്ച ) ഉച്ചയ്ക്ക് 12.45ന് ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.

റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേന്‍ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കള്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു. ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു.

മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒരു മാസം മുന്‍പ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാര്‍ത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി. മൃതദേഹങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോർട്ടം നടക്കുകയും ഇന്ത്യൻ എംബസ്സിയിലെ പേപ്പറുകൾ പൂർത്തിയാവുകയും ചെയ്‌താൽ പെട്ടെന്ന് തന്നെ   മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.

RECENT POSTS
Copyright © . All rights reserved