ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം രോഗവ്യാപന തീവ്രത കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിൽ പുതിയ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന ആളുകൾക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ വ്യത്യസ്ത കോവിഡ് വാക്സിനുകൾ നൽകുന്നത് ഫലപ്രദമാണോ എന്നതാണ് പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടത്. ഇതുവഴി ഏതെങ്കിലും വാക്സിൻെറ ലഭ്യതയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പല നിർമാതാക്കളുടെ വാക്സിനുകൾ കൂടികലർത്തുന്നതിലൂടെ മികച്ച സംരക്ഷണം കിട്ടാനുള്ള സാധ്യതയും ശാസ്ത്രജ്ഞന്മാർ മുന്നിൽ കാണുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞത് വേനൽക്കാലം വരെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ കമ്മിറ്റിയുടെ ഔദ്യോഗിക മാർഗനിർദേശ പ്രകാരം രാജ്യത്തിൻറെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ആദ്യം കൊടുത്ത വാക്സിൻ തന്നെയാണ് രണ്ടാമത്തെ ഡോസ് ആയി നൽകേണ്ടത്. ഈ പഠനങ്ങൾക്കായി ഗവൺമെൻറ് 7 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നതായി പ്രതിരോധ കുത്തിവെയ്പ്പുകളുടെ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് യുദ്ധവീരന് ആദരമൊരുക്കി രാജ്യം. കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ക്യാപ്റ്റൻ സർ ടോം മൂറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബ്രിട്ടീഷ് ജനത. ഇന്നലെ വൈകുന്നേരം ആറു മണിക്ക് എല്ലാവരും ചേർന്നു കയ്യടിച്ചാണ് കോവിഡ് ഹീറോയ്ക്ക് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ വൈകുന്നേരം 6 മണിക്ക് ഡൗണിംഗ് സ്ട്രീറ്റിൽ കരാഘോഷത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേളയ്ക്ക് മുമ്പ് ഒരു മിനിറ്റ് നേരം മൗനം പാലിക്കാൻ ജോൺസൻ ആവശ്യപ്പെട്ടു. ടോം മൂറിന്റെ വീടിനുപുറത്ത് ആയിരക്കണക്കിന് ജനങ്ങൾ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പകർച്ചവ്യാധിക്കിടെ നടത്തിയ പരിശ്രമങ്ങൾക്കും യുദ്ധവീരനെന്ന നിലയിലും മൂറിന്റെ പ്രതിമ ഒരുക്കാൻ പദ്ധതിയിടുന്നുണ്ട്.
“ക്യാപ്റ്റൻ ടോമിനായി വൈകുന്നേരം 6 മണിക്ക് നമുക്ക് കൈയ്യടിക്കാം. ഒപ്പം അദ്ദേഹം നൽകിയ ശുഭാപ്തിവിശ്വാസത്തിനായി കൈയ്യടിക്കാം. അദ്ദേഹം പ്രചാരണം നടത്തിയ എല്ലാവർക്കുമായി കൈയ്യടിക്കാം.” കൊറോണ വൈറസ് ബ്രീഫിംഗിൽ സംസാരിച്ച പ്രധാനമന്ത്രി പറയുകയുണ്ടായി. ക്യാപ്റ്റൻ സർ ടോം മൂറിന്റെ പരിചരണത്തിൽ നേരിട്ട് പങ്കാളികളായ ബെഡ്ഫോർഡ് ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും കരഘോഷത്തിൽ പങ്കുചേർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്, സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ചാൻസലർ റിഷി സുനക്, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തുടങ്ങിയവരും കരഘോഷം മുഴക്കി ടോം മൂറിന് ആദരാജ്ഞലികൾ അർപ്പിച്ചു.
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീത്തിലിയിൽ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ക്യാപ്റ്റന്‍ ടോം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാറ്റി കോറിഗൻ എന്ന നേഴ്സിന്റേത് ആരോഗ്യരംഗത്ത് ആയിരുന്നിട്ടുകൂടി ദാരുണമായ മരണമാണ്. ഒരു ജീവിതകാലം മുഴുവൻ മോഹിച്ചു നേടിയ ജോലിയായ നഴ്സിംഗ് മേഖലയിൽ നിന്ന് സ്വന്തമായി മരുന്നിന് പ്രിസ്ക്രിപ്ഷൻ എഴുതിയതിനാൽ കേറ്റി പുറത്താക്കപ്പെട്ടിരുന്നു. ‘ മക്കളുടെ സ്നേഹമയിയായ, കാരുണ്യവതിയായ അമ്മ കോഡീൻ എന്ന മരുന്നിന് അടിമയായിരുന്നു എന്ന് ആർക്കും വിശ്വസിക്കാനായിട്ടില്ല.
ജീവിതം നൽകിയ തിരിച്ചടികളെ അതിജീവിക്കാനാവാതെ കേറ്റി ഉത്കണ്ഠക്കും ഡിപ്രഷനും അടിമയാകുകയായിരുന്നു. പെൻസാസിലെ കോൺവാൾ ഹോസ്പിറ്റലിൽ നിന്നും സ്വന്തം കാറിലേക്ക് നടക്കുകയായിരുന്ന കേറ്റി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇക്കാര്യം അവർ ഭർത്താവിനോടോ മാതാപിതാക്കളോടോ പങ്കു വെച്ചിരുന്നില്ലെന്ന് മാതാവ് ക്രിസ്റ്റീൻ ടൈലർ പറഞ്ഞു. ഇത് കനത്ത നിരാശയ്ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് സിൻഡ്രോമിനും വഴിവെച്ചു. അതിനെത്തുടർന്നാണ് സ്വന്തമായി കുറിപ്പടി എഴുതി മരുന്നെടുത്തു തുടങ്ങിയത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ അവർക്ക് ജോലി നഷ്ടപ്പെട്ടു. ജീവിതം മുഴുവൻ സ്വപ്നംകണ്ട് നേടിയ ജോലിയാണ് ഒറ്റദിവസം ഇല്ലാതെയായത്.
2017 ക്രിസ്മസ് വൈകുന്നേരം ഭർത്താവിന് മറ്റൊരു ബന്ധമുണ്ട് എന്ന് കേറ്റിയുടെ മുഖത്തടിച്ച പോലെ പറയുകയും വീടുവിട്ടു പോവുകയും ചെയ്തു. മക്കളെ കാണാൻ കേറ്റിയെ അവർ അനുവദിക്കുമായിരുന്നില്ല. കുഞ്ഞുങ്ങളുടെ നിയന്ത്രണം ഏതാണ്ട് പൂർണ്ണമായി ഭർത്താവും പുതിയ പങ്കാളിയും ഏറ്റെടുക്കുകയായിരുന്നു.
2018 ൽ കരളിനെ അസുഖം ബാധിച്ച് കേറ്റി ചികിത്സ തേടിയിരുന്നു. 2019 ലാണ് ഓൺലൈനിലൂടെ കോഡീൻ വാങ്ങി കഴിച്ചു തുടങ്ങിയത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം സ്വന്തം മക്കളെ കാണാനോ വൈദ്യസഹായം തേടാനോ കഴിയാതെ പോയ കേറ്റിയുടെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണങ്ങാത്ത മുറിവാണ്.
ഒരിക്കൽ എല്ലാം ഉണ്ടായിരുന്ന ഒരുവൾക്ക് ഒന്നൊന്നായി ജീവിതം കൈവിട്ടു പോയത് തൊട്ടുമുൻപിൽ ഉണ്ടായിരുന്നിട്ടു കൂടിയും അറിയാനാവാതെ പോയതിന്റെ വേദനയിലാണ് അവരിപ്പോഴും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാക്സിനേഷൻ കേന്ദ്രത്തിൽ രാത്രിയിൽ ഫ്രിഡ്ജ് പ്രവർത്തന രഹിതമായതു കാരണം 450 ഡോസ് ഫൈസർ വാക്സിൻ ഉപയോഗശൂന്യമായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞമാസം റോതർഹാമിലെ വാത്ത്-ഓൺ-ഡിയേണിലെ മോണ്ട്ഗോമറി ഹാളിലാണ് സംഭവം നടന്നത്. ഫ്രിഡ്ജിൽ വാക്സിൻെറ 90 കുപ്പികൾ ആണ് ഉണ്ടായിരുന്നത്. ഓരോ കുപ്പിയിലും 5 ഡോസ് വരെ വാക്സിൻ ആണ് ഉണ്ടായിരുന്നത്. ഫ്രിഡ്ജ് അബദ്ധത്തിൽ ഓഫ് ചെയ്തതാണ് ഇത്രയും വാക്സിൻ ഉപയോഗശൂന്യമാകാനുള്ള കാരണം.
യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഇത്രയും ഡോസ് പ്രതിരോധമരുന്ന് ഉപയോഗശൂന്യമായത് തികഞ്ഞ അനാസ്ഥയാണെന്ന് വിലയിരുത്തപ്പെടുന്നു. അറിയാതെ ഉപയോഗശൂന്യമായ വാക്സിൻ ആർക്കെങ്കിലും കുത്തിവെക്കുന്ന സാഹചര്യം ഉടലെടുത്തിരുന്നെങ്കിൽ സ്ഥിതി കടുത്ത വഷളായേനെ എന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത് . യൂറോപ്യൻ യൂണിയനുമായുള്ള പ്രശ്നങ്ങൾ കാരണം വാക്സിൻ ദൗർലഭ്യതയെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ നടന്ന സംഭവം കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.
മറ്റുള്ള വാക്സിനുകളുടെ അപേക്ഷിച്ച് ഫൈസർ വാക്സിൻ വളരെ താഴ്ന്ന ഊഷ്മാവിൽ മൈനസ് 80 ഡിഗ്രി സെൽഷ്യസിനും മൈനസ് 60 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് സൂക്ഷിക്കേണ്ടത് .
ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ് ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത നാളുകളുടെ തുടക്കമായിരുന്നു..
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ആയിരുന്നതിനാൽ ഓരോ മലയാളി കുടുംബങ്ങളിലും ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളുടെ തുടക്കമായിരുന്നു. കോവിഡിന്റെ രൂപമാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനത്തിൽ ഇതിനകം ഒരുപിടി മലയാളികൾ മരിച്ചു പോയി എന്ന വേദനയോടെ സ്‌മരിക്കുമ്പോഴും മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് കടന്നു കയറിയ ഒരു സന്തോഷകരമായ യുകെ മലയാളി നഴ്‌സിന്റെ അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായ വിവരം ഇതുവരെയും ലഭ്യമല്ലാത്തതിനാൽ ഇതുപോലെയുള്ള അനുഭവം പറയുക വഴി മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ചു കൂടുതൽ അറിയുവാനും ജീവൻ രക്ഷിക്കുവാനും സാധിക്കുമല്ലോ എന്നാണ് മാർട്ടിൻ മലയാളം യുകെയോട് പറഞ്ഞത്.
അങ്കമാലി സ്വദേശിയും നഴ്സുമായിരുന്ന മാർട്ടിൻ പൊറിഞ്ചു… നഴ്‌സായ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം… 2009- ൽ സ്റ്റുഡന്റ് വിസയുമായി യുകെയിലെ സഫോൾക് കൗണ്ടിയിലെ ഫ്രാമലിഗം എന്ന സ്ഥലത്താണ് എത്തിയത്. 2014- പെർ മനൻറ് റസിഡൻസി വിസ ലഭിച്ചതോടെ ഇപ്‌സ് വിച്ചിലേക്ക് താമസം മാറുകയും NHS ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. ബാൻഡ് ഫോർ ആയി ജോലി ചെയ്യുന്ന മാർട്ടിൻ നഴ്‌സാകുവാനുള്ള ഓ ഇ ടി ചെയ്തുകൊണ്ടിരിക്കുന്നു. അതെ ആശുപത്രിയിലെ ബാൻഡ് 6 നഴ്‌സാണ് ഭാര്യ.
ഭാര്യക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ കൊറോണ പിടിപെട്ടെങ്കിലും വീട്ടിലെ മറ്റാർക്കും വന്നിരുന്നില്ല. ജീവിതം സാധാരണപോലെ പോകവെയാണ് 2020 നവംബർ 30 തിയതി ചെറിയ ഒരു പനിപോലെ മാർട്ടിന് തോന്നിയത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനാലും സംശയം തീർക്കാം എന്ന നിലക്കാണ് ഹോം കിറ്റ് ഉപയോഗിച്ച് കൊറോണ ടെസ്റ്റ് വീട്ടിൽ നടത്തിയത്. ഫലം നോക്കിയപ്പോൾ പോസിറ്റിവ്… തുടർന്ന് പി സി ആർ ടെസ്റ്റ്… അതോടെ കൊറോണയെന്ന് ഉറപ്പായി.. തുടർന്ന് ക്വാററ്റീൻ…
വലിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ആറു ദിവസത്തോളം കടന്നു പോയി.. ചെറിയ പനി തോന്നിയപ്പോൾ പാരസെറ്റമോൾ കഴിച്ചു.. പെട്ടെന്നു തന്നെ പനിയും കുറയും.. ചെറിയ ചുമ മാത്രം… എന്നാൽ ക്ഷീണം വർദ്ധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.. സാധാരണപോലെ സംസാരിക്കുകയും ചെയ്‌തുപോന്നു. പറയത്തക്ക മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു.
എന്നാൽ ഡിസംബർ ഏഴാം തിയതി സംഭവിച്ചത് ഭാര്യ പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു സംഭവത്തിനാണ്… മാർട്ടിനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് മാർട്ടിൻ പറയുന്ന മറുപടിക്ക് ചോദ്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല… എല്ലാ ചോദ്യങ്ങൾക്കും വരുന്ന മറുപടിക്ക് മുന്നിൽ അൽപം ഒന്ന് പകച്ചുപോയെങ്കിലും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു.
അപകടം മനസിലാക്കിയ അഞ്ജു പെട്ടെന്ന് തന്നെ എമർജൻസി നമ്പർ 999 വിളിച്ചു… കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി… ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന അത്യാഹിത വിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി കൊടുത്തത്.
ശ്വാസതടസ്സം ഇല്ല എന്ന് മറുപടി കൊടുത്തതുകൊണ്ട് മിനിട്ടുകൾക്ക് ഉള്ളിൽ എത്തേണ്ട ആംബുലൻസ് രണ്ടര മണിക്കൂർ വൈകിയാണ് എത്തുന്നത്. എന്തായാലും മുകളിലെ മുറിയിൽ കിടക്കുകയായിരുന്ന മാർട്ടിൻ തന്നെ താഴെ ഇറങ്ങിവന്നു. പാരാമെഡിക്‌സ് മാർട്ടിനെ പരിശോധിക്കവേ അവിശ്വസനീയമായി പരസ്‌പരം നോക്കുന്ന കാഴ്ച്ച.. മാർട്ടിന്റെ സാച്ചുറേഷൻ 62 ലേക്ക് താഴ്ന്നിരിക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മാർട്ടിന്റെ സംസാരത്തെ ബാധിച്ചത്… പെട്ടെന്ന് തന്നെ മാർട്ടിനെ ആംബുലൻസിലേക്ക് കയറ്റി… എല്ലാവരെയും അത്ഭുതപ്പെടുത്തി മാർട്ടിൻ നടന്ന് ആംബുലൻസിൽ കയറുകയായിരുന്നു..
ഓക്സിജൻ സ്വീകരിക്കുമ്പോഴും മാർട്ടിന്റെ സാച്ചുറേഷൻ ലെവൽ താഴുകയായിരുന്നു. മാർട്ടിൻ അതെ ആശുപത്രിയിലെ തന്നെ ആരോഗ്യപ്രവർത്തകൻ ആണ് എന്ന് ഇതിനകം പാരാമെഡിക്‌സ് വിഭാഗം മനസിലാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന ഫോൺ ഭാര്യയുടെ ഫോണിൽ എത്തി.
കാര്യങ്ങൾ പിടിവിട്ടു പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ഭാര്യ.. കൂട്ടുകാരും സുഹൃത്തുക്കളും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചു.. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു.. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കാത്ത രണ്ട് കുഞ്ഞു കുട്ടികൾ.. പ്രതീക്ഷകളുടെ തിരിനാളങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തുന്ന വിവരങ്ങൾ ആണ് ആശുപത്രിയിൽ നിന്നും ആദ്യ ആഴ്ചകളിൽ വന്നിരുന്നത്. കൂനിൻമേൽ കുരു എന്നപോലെ ടെസ്റ്റിൽ ഷുഗർ ഉണ്ട് എന്ന കണ്ടെത്തലും…
ഇവിടെ എല്ലാവരെയും വിഷമിപ്പിച്ചത്… നടന്നു ആംബുലൻസിലേക്ക് കയറിയ യുവാവാണ്.. കൊറോണ ആർക്കും പിടി കൊടുക്കുന്നില്ല…
പ്രതീക്ഷകൾക്ക് വെളിച്ചം പകർന്ന് വാർത്ത വന്നത് രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെയാണ് ആണ്… മാർട്ടിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയാണ്..ആശുപത്രിയിൽ തുടർ ചികിത്സ .. 29 ദിവസത്തെ ആശുപത്രി വാസത്തിനു അറുതിവരുത്തി ഡിസംബർ 29 തിയതി ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ എത്തിയപ്പോൾ ഒരു കുടുംബത്തിന്റെ വേദനകൾക്ക് ഒപ്പം കൂട്ടുകാരുടെയും ബന്ധുക്കളുടെയും സങ്കടങ്ങൾക്ക് ആണ് അറുതിയായത്..
വകഭേദം വന്ന കൊറോണ വൈറസുകൾ പെരുകുന്ന ഈ സമയത്തു ഒരുപിടി മലയാളികൾ ചികിത്സയിൽ ഉണ്ട്… നിയന്ത്രണ വിധേയമെങ്കിലും ലോക്ക് ഡൗൺ തുടരുകയാണ് യുകെയിൽ… ഈ സംഭവം നിങ്ങളുമായി പങ്കുവെച്ചത് നമ്മളിൽ പലർക്കും ഉപകരിക്കും എന്നുള്ളതുകൊണ്ടാണ്..
അഭ്യർത്ഥന… മാർട്ടിൻ ഇപ്പോൾ വിശ്രമത്തിൽ ആണ് ഉള്ളത്… ദയവായി ഫോൺ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്… നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും മെസ്സേജുകൾ ആയി വിടുക… കൊറോണ വൈറസ് പിടിപെട്ടാൽ അല്ലെങ്കിൽ പിടിപെട്ടവർക്ക് ഉപാകാരപ്പെടും എന്നുള്ളതുകൊണ്ടാണ് മാർട്ടിൻ മലയാളം യുകെയുമായി പങ്കുവെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡെസിമലൈസേഷന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രചാരത്തിലുള്ള അപൂർവ്വ 50 പെൻസ് നാണയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റോയൽ മിന്റ് പ്രസിദ്ധീകരിച്ചു. 210000 പകർപ്പുകളുള്ള പ്രസിദ്ധമായ ക്വീവ് ഗാർഡൻസന്റെ പതിപ്പാണ് പ്രചാരത്തിലുള്ള ഏറ്റവും പ്രിയപ്പെട്ട നാണയമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. 2011 -ൽ ഒളിമ്പിക്സ് പ്രമേയമാക്കി രൂപകൽപന ചെയ്ത നാണയങ്ങളും പ്രിയപ്പെട്ട നാണയങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്.
2019 -ൽ ആർതർ കൊനൊൻ ഡോയ്ൽസ്,അദ്ദേഹത്തിൻെറ കഥാപാത്രം ഡിറ്റക്ടീവ് ഷെർലോക് ഹോംസ്, പാഡിംഗ്ടൺ ബിയർ അറ്റ് സെന്റ് പോൾസ് കത്തീഡ്രൽ , ലണ്ടൻ ടവർ എന്നിങ്ങനെ വ്യത്യസ്ത ഡിസൈനുകളിൽ ഏകദേശം 500 മില്യണിലധികം നാണയങ്ങളാണ് പ്രചാരത്തിലായത്.
ഈ ഫെബ്രുവരി 15നാണ് ഡെസിമലൈസേഷന്റെ അമ്പതാം വാർഷികം. നാണയ ശേഖരണം എന്നും പലരുടെയും ഇഷ്ടവിനോദങ്ങളിൽ മുൻപന്തിയിൽ ആണ്. കൂടാതെ 2019 -ൽ നിരവധി പ്രത്യേക ഡിസൈനുകൾ പ്രചാരത്തിൽ വന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് റോയൽ മിൻറ് യുകെ കറൻസി ഡയറക്ടർ മാർക്ക് ലവറിഡ്ജ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റാഫോർഡ്ഷെയറിലെ കൗമാരക്കാരനായ ജോ ആണ് കാർ ആക്സിഡന്റിനെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് ഒന്നിന് ബോധം നഷ്ടപ്പെട്ട് കോമയിൽ ആയത്. അതിനിടയിൽ ഒരു കുഞ്ഞു വൈറസ് ലോകത്തെ ഒട്ടാകെ മാറ്റിമറിച്ച വിവരം അവൻ അറിഞ്ഞിരുന്നില്ല. രണ്ടുപ്രാവശ്യം കൊറോണ ബാധിച്ച ജോ കോമയിൽ ആയിരിക്കെ തന്നെ ചികിത്സയിലായിരുന്നു. നീണ്ട ഉറക്കത്തിന് ശേഷം ഉണർന്നെണീറ്റ ജോ യോട് കൊറോണയെപ്പറ്റി എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന അങ്കലാപ്പിലാണ് കുടുംബം.
അപകടത്തിലാകും മുൻപ് മികച്ച കായികക്ഷമത ഉള്ള പയ്യനായിരുന്നു ജോ. തലച്ചോറിനേറ്റ ആഘാതം മൂലം കോമയിൽ ആയതിനെ തുടർന്ന് കുടുംബം മുഴുവൻ സ്നേഹ പരിചരണങ്ങളുമായി അവന്റെ ചുറ്റിനുമുണ്ടായിരുന്നു. ജോയുടെ ആന്റി പറയുന്നു ” ചെറിയ മാറ്റങ്ങളാണ് അവനിൽ ഉണ്ടായിരിക്കുന്നത്, കഴിഞ്ഞദിവസം കൈ ഉയർത്തി നേഴ്സിന് ഹൈ ഫൈ കൊടുത്തു. ഇതൊക്കെ വലിയ ചുവടുവെപ്പുകൾ ആണ്. ആദ്യ ലോക്ക്ഡൗണിനു മുൻപ് ഉറക്കത്തിൽ പ്രവേശിച്ചതാണ് കുട്ടി, ആശുപത്രികൾ നിറഞ്ഞിരിക്കുന്നതും സൂപ്പർമാർക്കറ്റുകൾ അടച്ചിരിക്കുന്നതും, തെരുവുകൾ വിജനമായതും എന്തുകൊണ്ടെന്ന് അവനു മനസ്സിലാക്കി കൊടുക്കണം.
11 മാസം ഉറങ്ങിയ ഒരു വ്യക്തിയോട് ഇത്രയൊക്കെ പറയുന്നത് ഏത് രീതിയിൽ അവൻ സ്വീകരിക്കും എന്നു പറയാനാവില്ല. ആദ്യമാദ്യം കണ്ണുകൾ തുറന്നെങ്കിലും ഞങ്ങൾ പറയുന്നതിനോട് പ്രതികരിക്കാൻ അവന് ആകുമായിരുന്നില്ല. പിന്നീടാണ് കണ്ണുചിമ്മിയും മുഖം കോടിയും പ്രതികരിച്ചു തുടങ്ങിയത്. ഇപ്പോൾ നിർദേശങ്ങൾക്ക് അനുസരിച്ച് കയ്യും കാലും ചലിപ്പിക്കാൻ ആവുന്നുണ്ട്. അവന് പഴയ സ്ഥിതി വീണ്ടെടുക്കാൻ ആവും. ചുറുചുറുക്കോടെ അവൻ തിരിച്ചുവരും ” അവർ പ്രത്യാശിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍ ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചു. കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഞായറാഴ്ചയാണു ബെഡ്‌ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു. ടോം മൂറിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബമാണ് അറിയിച്ചത്. “അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതിൽ സന്തോഷമുണ്ട്. ഭൂതകാല സ്മരണകൾ പങ്കിട്ട് സന്തോഷത്തോടെയാണ് അദ്ദേഹം വിടവാങ്ങുന്നത്.” കുടുംബാംഗങ്ങൾ അറിയിച്ചു. ജീവിത സായാഹ്നത്തിലാണ് ടോമിനെ ലോകമറിഞ്ഞതെങ്കിലും അതിൽ അദ്ദേഹം അതീവ സന്തോഷവാനായിരുന്നുവെന്ന് മക്കൾ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീഗ് ലിയില്‍ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം. 1940ലാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നത്. 1941ൽ ഇന്ത്യയിലെത്തി. ലോകയുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇപ്പോൾ മ്യാന്മാറിന്റെ ഭാഗമായ മേഖലകളിലെത്തിയാണ് അദ്ദേഹം സൈന്യത്തെ നയിച്ചത്. എലിസബത്ത് രാജ്ഞി ടോമിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന് അനുശോചന സന്ദേശം അയയ്ക്കുകയും ചെയ്തു. ക്യാപ്റ്റൻ ടോമിന്റെ മകൾ ഹന്നയോട് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. അദ്ദേഹം യഥാർത്ഥ നായകനായിരുവെന്ന് ജോൺസൻ പറഞ്ഞു. ദുഃഖസൂചകമായി നമ്പർ 10 ന് മുകളിലുള്ള പതാക പകുതി താഴ്ത്തികെട്ടി.
1920 ഏപ്രിൽ 30 ന് വെസ്റ്റ് യോർക്കിലെ കീഗ്ലിയിലെ വീട്ടിൽ ജനിച്ച ടോമിന്റെ ബാല്യകാലം ഏകാന്തത നിറഞ്ഞതായിരുന്നു. ഇസബെല്ലയുടെയും വിൽഫ്രെഡിന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രാദേശിക പ്രതിരോധത്തിൽ സന്നദ്ധപ്രവർത്തകനായി ചേർന്നു. പിന്നീട് ഹോംഗാർഡ് ആയി. യുദ്ധവീരൻ, കോവിഡ് പ്രതിരോധ പോരാളി, പ്രചാരകൻ തുടങ്ങിയ നിലകളിൽ അനേകർക്ക് പ്രചോദനം നൽകിയ ക്യാപ്റ്റൻ ഇനിയില്ല. തന്റെ പിന്നാലെ വരുന്നവർക്ക് മുന്നോട്ട് നടക്കാൻ ഒരു പാത തുറന്നിട്ടാണ് ടോം കാലയവനികയ്ക്കുള്ളിൽ മറയുന്നത്… പ്രണാമം, ക്യാപ്റ്റൻ സർ ടോം മൂർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ പദ്ധതി തയ്യാറാക്കുന്നതായി ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന മാർച്ച് 8 -ന് രണ്ടാഴ്ച മുമ്പാണ് സ്കോട്ട്ലൻഡിൽ കുട്ടികൾ സ്കൂളുകളിൽ എത്തിച്ചേരുന്നത്. പ്രൈമറി ക്ലാസുകൾ 1 മുതൽ 3 വരെയും സെക്കൻഡറി സ്കൂളിലെ മുതിർന്ന വിഭാഗത്തിൽപ്പെട്ട കുട്ടികളെയുമാണ് ആദ്യഘട്ടത്തിൽ സ്കൂളുകളിൽ തിരികെ കൊണ്ടുവരുക.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധ കുത്തിവയ്പ്പുകളാലും രോഗവ്യാപനം ഗണ്യമായി കുറഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും സ് കോട്ട്‌ലൻഡിൽ സ്കൂളുകളിലോ ചൈൽഡ് കെയറിൻെറ ഭാഗമായോ ജോലി ചെയ്യുന്ന എല്ലാവരെയും ആഴ്ചയിൽ രണ്ടുതവണ വൈറസ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയും ഗവൺമെന്റിനുണ്ട്. അതോടൊപ്പം സെക്കൻഡറി സ്കൂളുകളിലെ മുതിർന്ന വിദ്യാർഥികൾക്കും ഇത് നടപ്പിലാക്കും. ഇതുവഴി സ്കൂളുകൾ തുറക്കുന്നത് വഴിയായുള്ള വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു കെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം നിര്യാതനായ ജോസ് കണ്ണങ്കരയുടെ പൊതുദർശന ചടങ്ങ് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെയും ഇന്നും ആയാണ് ജോസ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്രമീകരിച്ച പൊതുദർശനത്തിൽ ജോസ് കണ്ണങ്കരയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് കാത്തിരുന്നത്. മുൻകൂട്ടിയുള്ള അനുമതിയോടെ ക്രമീകരിച്ച പൊതുദർശനം നിർത്തിവയ്പ്പിക്കുവാൻ പോലീസിനെ പ്രേരിപ്പിച്ചത് യുകെയിലെ വിവിധ ഭാഗങ്ങളിൽ പുതിയതായി പ്രത്യക്ഷപ്പെട്ട ജനിതക മാറ്റം സംഭവിച്ച വിവിധതരം കൊറോണ വൈറസിൻെറ ഭീഷണിയും, യുകെയുടെ പല പ്രദേശങ്ങളിൽ നിന്നും ജോസ് കണ്ണങ്കരയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ മലയാളികൾ വരാനുള്ള സാധ്യതയും ആണ്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുണ്ടായിരുന്നത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഇന്നലെയും ഇന്നുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്രമായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു.
പോലീസ് നിർദേശത്തെ തുടർന്ന് 12 മണിയോടു കൂടിയാണ് പൊതുദർശനം നിർത്തിവച്ചത്. കൊറോണ വൈറസിൻെറ ഏറ്റവും ഭീകരരൂപമായ ആഫ്രിക്കന്റ് വേരിയന്റിൻെറ സാന്നിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ലിവർപൂൾ മേഖലയായതും പോലീസ് ഇടപെടലിന് കാരണമായി. അടുത്ത ബന്ധുക്കൾക്ക് മാത്രമേ ഇനിയും മൃതശരീരം കാണുവാനുള്ള അനുവാദമുള്ളൂ.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….