Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൈപ്രസിലെ ആയ ന്പയിൽ ഇസ്രായേലി യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസ് 19 കാരിയായ ബ്രിട്ടീഷുകാരി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. 17 ജൂലൈയിൽ 12 ഇസ്രായേൽ യുവാക്കൾ തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന പരാതി പിൻവലിച്ച ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈപ്രിയറ്റ് പോലീസ് ആവശ്യപ്പെട്ടാണ് താനിങ്ങനെ ഒരു കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നാണ് പെൺകുട്ടി പറയുന്നത്, പക്ഷേ പൊലീസ് ഇത് നിരസിച്ചു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് പെൺകുട്ടിക്ക് എതിരെ പരാലിംനി കോടതി കേസെടുത്തു. ഫാമഗുസ്ത ജില്ലാ കോടതിയിലെ ജഡ്ജ് ജനുവരി 7 വരെ പ്രതിയെ റിമാൻഡിൽ വെക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷം തടവും, 1500 പൗണ്ട് പിഴയും പ്രതിക്ക് ലഭിച്ചു.

എന്നാൽ കേസിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ടായിരുന്നു എന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിന്റെ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം വിചാരണവേളയിൽ പ്രതിയോടൊപ്പം വക്കീലോ, ട്രാൻസ്ലേറ്ററോ ഉണ്ടായിരുന്നില്ല. കേസ് കൈകാര്യം ചെയ്ത ജഡ്ജി ആയ മിഖാലിസിന്റെ നിലപാടിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ബലാൽസംഗം നടന്നതിനെക്കുറിച്ചുള്ള തെളിവുകൾ കേൾക്കാൻ പോലും അദ്ദേഹം മനസ്സു കാണിച്ചില്ല എന്നാണ് അഭിഭാഷകൻ പറയുന്നത്.

പ്രോസിക്യൂഷൻ പറയുന്നത് പ്രതി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്വമേധയാ കേസ് എഴുതി രജിസ്റ്റർ ചെയ്തു എന്നാണ്. എന്നാൽ പ്രതിയായ പെൺകുട്ടി പറയുന്നത്, ഒക്ടോബറിൽ വിചാരണ തുടങ്ങിയതിനുശേഷം തനിക്ക് കൃത്യമായ നിയമ സഹായമോ, അഭിഭാഷകരെയോ ലഭിച്ചിട്ടില്ല എന്നാണ്.

പ്രതിയായ പെൺകുട്ടി യുവാക്കളോടൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടത്തിയതെന്ന തെളിവുകൾ വീഡിയോയിൽ നിന്ന് ലഭ്യമാണ് എന്നാണ് കോടതി കണ്ടെത്തുന്നത്. ഇസ്രായേലി യുവാക്കളുടെ കയ്യിലുള്ള വീഡിയോ ക്ലിപ്പ് തനിക്ക് ഭീഷണി ആകുമോ എന്ന് ഭയന്നതിനാൽ ആണ് പ്രതി കേസ് ഫയൽ ചെയ്തത് എന്നും കോടതി കണ്ടെത്തി. എന്നാൽ ഈ വാദം തെറ്റാണെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകർ വാദിക്കുന്നത്.

വിചാരണക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയും അമ്മയും ചുണ്ടുകൾ കൂട്ടി കെട്ടിയ ചിഹ്നമുള്ള വെള്ളത്തൂവാല മുഖത്ത് ധരിച്ചിരുന്നു. വിധിക്കെതിരെയുള്ള പ്രതിഷേധമാണ് അവർ രേഖപ്പെടുത്തിയത്. കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടിയുടെ അഭിപ്രായം കേൾക്കാനോ തെളിവുകൾ കൃത്യമായി പരിശോധിക്കാനോ കോടതി തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മയും പരാതിപ്പെട്ടു. ബലാത്സംഗത്തിന് ശേഷം തന്റെ മകൾ കടന്നുപോയ വിഷമഘട്ടങ്ങൾ താൻ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അവർ വികാരാധീനയായി. പെൺകുട്ടിയുടെ മനുഷ്യാവകാശം പരസ്യമായി നിഷേധിക്കപ്പെട്ടതായും അവർ വാദിച്ചു.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .

ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.

 

ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

നൈജീരിയ : 2019ൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് ആയിരത്തോളം ക്രിസ്ത്യാനികളെന്ന് റിപ്പോർട്ട്‌. ഫുലാനി ഗ്രൂപ്പിന്റെ ആക്രമണത്തിലാണ് ഇത്രയധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾ മിഡിൽ ബെൽറ്റിലെ ഗ്രാമീണ കാർഷിക സമൂഹങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഹ്യൂമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് (ഹാർട്ട് ) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. യുകെ പാർലമെന്റ് അംഗം ബറോണസ് കരോലിൻ കോക്സ് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമായ ഹാർട്ട്, കഴിഞ്ഞ നവംബർ 18 നാണ് ഈ റിപ്പോർട്ട്‌ പുറത്തുവിടുന്നത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്രിസ്റ്റ്യൻ പോസ്റ്റിന് ലഭിക്കുകയുണ്ടായി.

ഫുലാനി ഗ്രൂപ്പ്, ഗ്രാമീണ ഗ്രാമങ്ങളെ ആക്രമിക്കുകയും ഗ്രാമീണരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും അവരുടെ സ്ഥാനത്ത് സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ കണക്കുകൾ പ്രകാരം 2015 മുതൽ 6000ത്തോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും 12000 പേർ പലായനം ചെയ്തതായും പറയപ്പെടുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കടുനയിൽ “അഞ്ച് വലിയ ആക്രമണങ്ങൾ” ഉണ്ടായിട്ടുണ്ടെന്നും ഇത് ആകെ 500 മരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ 1000 മരണ കണക്കെടുപ്പിൽ ബൊർനോ സ്റ്റേറ്റിലെയും ബോക്കോ ഹറാമിളെയും ആക്രമണങ്ങളും ഉൾപ്പെടുന്നു.

നൈജീരിയയിൽ 2018 ൽ 2,400 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർട്ട് തുടർ കണ്ടെത്തലുകൾ നടത്തിയത്. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തെന്നും ക്രിസ്ത്യൻ സുവിശേഷ പ്രവർത്തകരെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയെന്നും ഹാർട്ട് പറയുന്നു. ക്രിസ്ത്യൻ പീഡനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയയെന്ന് ഓപ്പൺ ഡോർസ് യുഎസ്എയുടെ 2019 ലെ വേൾഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.

ഹൈവേ ജീവനക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിൽ റോഡ്സൈഡിലേക്ക് കാറിൽ നിന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് ഇനിമുതൽ പിഴയടയ്ക്കേണ്ടി വരും.

വർഷംതോറും മാലിന്യങ്ങൾ വൃത്തിയാക്കാനായി മാത്രം വെൽഷ് കൗൺസിൽ ചെലവഴിക്കുന്നത് മില്യൺ കണക്കിന് പൗണ്ടാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയമം മാറ്റി, വേസ്റ്റ് തള്ളുന്ന വാഹനത്തിന്റെ ഉടമസ്ഥർക്ക് പിഴയടക്കേണ്ടിവരുന്ന രീതിയിൽ ആക്കാനാണ് വെൽഷ് ഗവൺമെന്റ്ന്റെ നീക്കം. കാർ ഉടമസ്ഥനാണ് മാലിന്യം തള്ളിയതെങ്കിലും അല്ലെങ്കിലും ശരി, തെളിവുണ്ടെങ്കിൽ പിഴ അടയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഇതിനു മുമ്പ് ചില സൈക്കിൾ യാത്രക്കാർ ട്രാഫിക്കിൽ കാത്തുനിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ തന്നെ അത് തിരിച്ചറിയുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്കാണ് റോഡുകൾ വൃത്തിയാക്കാനുള്ള ചുമതല. എന്നാൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട ജീവനക്കാർ മരിച്ച ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല അത് വൃത്തിയാക്കാനുള്ള മുഴുവൻ ചെലവും വഹിക്കേണ്ടതും കൗൺസിലാണ്. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വൃത്തിയാക്കലിനു ഏകദേശം 4000 പൗണ്ട് ചെലവ് വരുന്നുണ്ട്.

നിലവിൽ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കപ്പെട്ടാൽ 2500 പൗണ്ട് വരെ ഫൈൻ അടയ്ക്കേണ്ടതാണ്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാനും നിയമമുണ്ട്. എന്നാൽ ആരുടെ പേരിലാണോ നോട്ടീസയച്ചത് അവർ പിഴയടയ്ക്കാതെ ഇരിക്കുന്നതും, ചെയ്ത കുറ്റം നിരസിക്കുന്നതുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇനി മുതൽ വാഹന ഉടമ കുറ്റം ചെയ്താലും ഇല്ലെങ്കിലും പിഴയടയ്ക്കേണ്ടി വരും. ഇതിനായി വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഈ നിയമം വരുന്നതോടുകൂടി റോഡരികിൽ മാലിന്യം തള്ളുന്നതിന് വലിയ കുറവ് സംഭവിക്കും എന്നാണ് കരുതുന്നത്.

റോഡരികിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ സ്വമേധയാ ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. അവരും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണ് പങ്കുവെക്കാറുള്ളത്. മോർഗൻ ഇവൻ എന്ന യുവാവ്, സ്ഥിരമായി റോഡ് സൈഡിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ആളാണ്. റോഡരികിൽ തള്ളപ്പെട്ട മാലിന്യങ്ങൾ കാണുമ്പോൾ തനിക്ക് വളരെയധികം ദേഷ്യം ഉണ്ടാകുമെന്നും എന്നാൽ അത് വൃത്തിയാക്കാൻ ശ്രമിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഫി കപ്പുകൾ, കോണ്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയാണ് പ്രധാനമായും റോഡ് സൈഡിലെ മാലിന്യങ്ങൾ എന്ന് ലിറ്റർ പിക്കിൾ എന്ന് അറിയപ്പെടുന്ന പോളി എമ്മോട്ട് പറഞ്ഞു.

അബി എ

ഇന്ന് പല യുകെ യൂണിവേഴ്സിറ്റികളും സാമ്പത്തികമായി പ്രതിസന്ധിയിലാണ് . ഇതിനു പരിഹാരമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സർവകലാശാല അധ്യാപകരുടെ സ്ഥാനത്തേക്ക് നിർമ്മിത ബുദ്ധി കൊണ്ട് വരിക എന്നുള്ളത്.

നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പകരം വയ്ക്കാവുന്ന ജോലികളുടെ പട്ടിക എടുത്തു കഴിഞ്ഞാൽ അപൂർവമായി മാത്രമാണ് അധ്യാപനം ഉൾപ്പെടുന്നത്. അതിനു കാരണം അധ്യാപനം എന്നത് സർഗ്ഗാത്മകമായ ഒരു പ്രവർത്തിയാണ്, അത് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ക്ലിക്ക്സ്ട്രീം, ഐട്രാക്കിങ്, അതുപോലെ ഇമോഷൻ ഡിറ്റക്ഷൻ പോലുള്ള ഓൺലൈൻ കോഴ്സിൽ നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ഭാവിയിൽ നിർമ്മിത ബുദ്ധി അധ്യാപകർ എന്ന് പറയുന്നത് സാധാരണമായി മാറും എന്നുള്ളതാണ്.

വൈറ്റ്ബോർഡിനു മുന്നിൽ നിന്നും കൊണ്ട് ക്ലാസ്സെടുക്കുന്ന റോബോ ലെക്ചർസ്നെ മറന്നേക്കുക. വരാൻപോകുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനം എന്ന് പറയുന്നത് ഓൺലൈൻ വഴിയാണ് അതായത് 24*7 നും ലഭിക്കുന്ന വെർച്വ ൽ ക്ലാസ് റൂം വഴി. നിർമ്മിത ബുദ്ധി മെഷീനുകൾ പഠിപ്പിക്കുന്നത് വിദ്യാർഥികളുടെ പെരുമാറ്റത്തിലെ സങ്കീർണമായ പാറ്റേണുകൾ ഗ്രഹിച്ചുകൊണ്ടാണ് . അതായത് നിങ്ങൾ എന്ത് ക്ലിക്ക് ചെയ്യുന്നു, എത്രനേരം കാണുന്നു, എന്തൊക്കെ തെറ്റുകൾ വരുത്തുന്നു, ഏത് ദിവസമാണ് നിങ്ങൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പഠനം മുന്നോട്ട് പോകുന്നത് . പിന്നീട് ഈ കാര്യങ്ങൾ വിദ്യാർഥികളുടെ വിജയവുമായി ബന്ധപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ പരീക്ഷകളുടെ മാർക്ക്, അവരുടെ സംതൃപ്തി, അവരുടെ തൊഴിൽക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വിജയത്തിനെ അളക്കുന്നു. നിർമിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിൽ വ്യക്തിഗത പഠന പദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിലൂടെ ഓരോ വിദ്യാർത്ഥികളുടെയും പഠന നിലവാരത്തെ ഒപ്ടിമൈസ് ചെയ്യുന്നു.

വിദ്യാർഥികൾ എപ്പോഴാണ് ലക്ചർ കേൾക്കുന്നത് ബ്രേക്ക്ഫാസ്റ്റ് ടൈമിൽ ആണോ അതോ വൈകുന്നേരങ്ങളിൽ ആണോ, ഒരു ആശയം മനസ്സിലാക്കാൻ അവർക്ക് എന്ത് മാത്രം തയ്യാറെടുപ്പുകൾ വേണം, ഇതുപോലെയുള്ള കുറേ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാർഥികൾക്കും അവർക്ക് അനുയോജ്യമായ പഠന പദ്ധതികൾ രൂപീകരിക്കുന്നത്.

അതിനാൽ കരിക്കുലംസും ലെക്‌ചേഴ്‌സും രൂപീകരിക്കാൻ മനുഷ്യരുടെ ഒരു സ്കെൽട്ടൻ ക്രൂസ് തന്നെ വേണ്ടിവരും ബാക്കിയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നിർമ്മിത ബുദ്ധി ട്യൂട്ടർ ആണ്. എന്നാൽ നിർമ്മിത ബുദ്ധി മേഖല അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്രത്തോളം ഉയർന്നിട്ടില്ല. അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് മനുഷ്യരായ അധ്യാപകർക്ക് ക്ലാസ്സ് റൂമിൽ നിർമ്മിത ബുദ്ധിയുടെ സേവനം നൽകുക എന്നുള്ളതാണ്. ഇടയ്ക്ക് യുകെ കമ്പനി സെഞ്ച്വറി ടെക്, ഫ്ലെമിഷ് റീജിയണൽ ഗവൺമെന്റ് മായി പങ്കുചേർന്നു ബെൽജിയം മേഖലയിലെ സ്കൂളുകളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സഹായങ്ങൾ കൊണ്ടുവരികയാണ്.

ഇതുവരെയുള്ള സാഹചര്യം എടുത്തുകഴിഞ്ഞാൽ അധ്യാപനം മൊത്തമായി മെഷീനുകൾ ഏറ്റെടുക്കുമ്പോൾ ഉള്ള പ്രശ്നം എന്തെന്നാൽ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ട്രെയിനിങ്ങിനായി ഒരുപാട് ഡേറ്റാവേണ്ടിവരുന്നു, അത് ഉപയോഗിച്ചാണ് പിന്നീട് പാറ്റേൺസ് കണ്ടുപിടിക്കുന്നത്. പക്ഷേ ഇന്ന് വിദ്യാർത്ഥികളുടെ പെരുമാറ്റവും ആയി ബന്ധപ്പെട്ട ഒരുപാട് ഡേറ്റാ ലഭ്യമാണ്. അതിനു നന്ദി പറയേണ്ടത്, MOCCs(Massive Online Open Course ) നേരത്തെ മുതൽ പിന്തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളോട് ആണ്.

പക്ഷേ എന്തുകൊണ്ട് ക്രിയേറ്റീവ് ആയിട്ടുള്ള അധ്യാപകർക്ക് പകരമായി മെഷീനുകൾ കൊണ്ടുവരുന്നു ?

വെട്ടിക്കുറച്ച ട്യൂഷൻ വരുമാനവും പുതിയ അധ്യാപന സമുച്ചയങ്ങളുടെ കണ്ണു നിറയ്ക്കുന്ന പണയതുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് നിർമ്മിത ബുദ്ധി ഒരുപരിധിവരെ സാമ്പത്തിക നേട്ടം നൽകുന്നു. എങ്ങനെയെന്നാൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉറക്കം വരാത്ത, സമരത്തിന് പോകാത്ത, നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന അദ്ധ്യാപനം കുറഞ്ഞ ചിലവിൽ നൽകാൻ സാധിക്കുന്നു.

എന്നാൽ അധ്യാപനം എന്ന് പറയുന്നത്, സർഗാത്മകമായതും, ഉൾക്കാഴ്ചയുള്ളതും, സഹകരണം ഉള്ളതും, ആത്മാവ്സമ്പുഷ്ടം ആക്കുന്നതുമായ ഒരു മനുഷ്യ പ്രവർത്തനമാണ്. എന്നാൽ പല സർവകലാശാലകളും മനപ്പൂർവ്വമല്ലാതെ തന്നെ അതിന്റെ തകർച്ചയ്ക്കും കൂട്ടുചേർന്നു. നൂറുകണക്കിന് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും, ടീമിനെ നയിക്കുകയും, അതുപോലെ ഫണ്ടിംഗ് പിന്തുടരുകയും പോലുള്ള കാര്യങ്ങൾ ഒരുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ അധ്യാപനം നന്നായി ചിട്ടപ്പെടുത്തിയതും കാര്യക്ഷമവും ആയിരിക്കണം. ഒരിക്കൽ പരീക്ഷണത്തിനായി കുറെ പ്രഭാഷണ വീഡിയോ ചിത്രീകരിച്ചു, അതിന്റെ കോഴ്സ് ഡെലിവറി റോബോട്ടിലേയ്ക്ക് കൈമാറി. അതേ സമയം ഒരുപാട് സർവ്വകലാശാല വിദ്യാർത്ഥികൾ, വളരെ പ്രയാസപ്പെട്ടാണ് ഒരു അധ്യാപകനെ കാണുന്നത്. വിശാലമായ ഓഡിറ്റോറിയത്തിന്റെ മുമ്പിലെ, താഴെ ഏതെങ്കിലും ഭാഗത്തായിരിക്കും സാധാരണയായി ഒരു അധ്യാപകനെ കാണുന്നത്, പക്ഷെ മിക്കവാറും അവർ പറയുന്നത് കേൾക്കാൻ ആകില്ല, മാത്രമല്ല പവർ പോയിന്റ് സ്ലൈഡുകളിലേയ്ക്ക് അവ്യക്തമായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രഭാഷണം ആയിരിക്കും പല സമയങ്ങളിലും നടക്കുന്നത്.

സർവ്വകലാശാലകളും, അധ്യാപകരും, വിദ്യാർത്ഥികളും തിരിച്ചറിയുകയും പങ്കുവെക്കുകയും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിർമിതബുദ്ധിയുടെ സ്ഥാനത്ത് അധ്യാപകർക്കുള്ള പ്രാധാന്യമാണ്.

ഡോക്ടേഴ്സിൻെറ സ്ഥാനത്തേക്ക് മെഷിനെ മാറ്റി സ്ഥാപിക്കാം എങ്കിൽ എന്തുകൊണ്ട് അധ്യാപകരുടെ കാര്യത്തിൽ പറ്റില്ല? ഇത് ചിന്തനീയമാണ്.

 

 

അബി എ

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ്. 2018 ലെ കേരള സർവകലാശാല ബിഎസ്ഇ കമ്പ്യൂട്ടർ സയൻസ് ബിരുദ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും ഇപ്പോൾ മാർ അത്താനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും ആണ്.

മിന്റാ സോണി

ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കും?. ഇത് ഇന്ന് പല ഉദ്യോഗാർത്ഥികളെയും വലയ്ക്കുന്ന ഒരു ചോദ്യമാണ്. തയാറെടുപ്പ്, പരിശീലനം, അവതരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. ഒരാളുടെ കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഇന്‍റര്‍വ്യൂവിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. എല്ലാ ഇന്റർവ്യൂവിലും പൊതുവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങളെ നേരിടാൻ നേരത്തെ തന്നെ തയ്യാറെടുക്കണം. ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും അത്യാവശ്യം നന്നായിതന്നെ അതിനുവേണ്ടി ഒരുങ്ങുക. അങ്ങനെ ഒരുങ്ങാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്റർവ്യൂവിനെ നേരിടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
——————————————————————
1, ഏതു കമ്പനിയിലാണോ ഇന്റർവ്യൂവിന് പോകുന്നത്, ആ കമ്പനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ആഴത്തിൽ തന്നെ മുൻകൂറായി മനസ്സിലാക്കിയിരിക്കണം. അതായത്, കമ്പനിയുടെ ചരിത്രം എന്താണ്, എങ്ങനെയാണ് അത് മുന്നോട്ട് പോകുന്നത്, കമ്പനി അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം അറിവുണ്ടായിട്ട് വേണം ഇന്റർവ്യുവിൽ പങ്കെടുക്കാൻ. വ്യവസായ മേഖലയെക്കുറിച്ച് (Industry) അറിഞ്ഞിരിക്കണം. നിങ്ങളുടെ അറിവല്ല അവിടെ അളക്കപ്പെടുന്നത്. പകരം, ആ ജോലിയിൽ നിങ്ങൾ അനുയോജ്യരാണോ? നിങ്ങളുടെ വ്യക്തിത്വം അതിന് യോജിച്ചതാണോ? ആ കമ്പനിയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിവുള്ളവരാണോ നിങ്ങൾ? എന്നിവയെല്ലാം കണ്ടെത്തുന്നതിലായിരിക്കും അവർക്ക് കൂടുതൽ താല്പ്പര്യം. എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനി തിരഞ്ഞെടുക്കുവാൻ കാരണം? . അതിന് ഉത്തരം നൽകുമ്പോൾ ആ കമ്പനിയെക്കുറിച്ച് അത്യാവശ്യം അറിവുള്ളവരായിരിക്കണം നിങ്ങൾ.

2, സ്വയം പരിചയപ്പെടുത്താന്‍ 10 വാക്കുകളെങ്കിലും പഠിച്ചിരിക്കുക. മിക്കവാറും ഇന്റര്‍വ്യൂകളില്‍ ഒന്നാമത്തെ ചോദ്യം ‘നിങ്ങള്‍ നിങ്ങളെത്തന്നെ പരിചയപ്പെടുത്തൂ’ എന്നാകും. ഇതിന് മറുപടിയായി പല ഉദ്യോഗാര്‍ത്ഥികളും സ്വന്തം പേരു പറഞ്ഞ് അവസാനിപ്പിക്കലാണ് പതിവ്. പോര, നിങ്ങളെപ്പറ്റി 10 വാക്യങ്ങളെങ്കിലും കാണാതെ പഠിച്ച് പറയാന്‍ ശീലിക്കുക

3, ഇന്റർവ്യൂ റൂമിൽ എത്തിയാൽ ഇരിക്കാൻ പറയാതെ കസേരയിൽ കയറി ഇരിക്കരുത്. ഇരിക്കൂ എന്നു പറഞ്ഞു കഴിഞ്ഞാൽ ശബ്ദം ഇല്ലാതെ ഇരിക്കുക. അകത്തേയ്ക്ക് കയറുമ്പോൾ തന്നെ “May I come in?” എന്ന് വളരെ ആത്മവിശ്വസത്തോടുകൂടി ചോദിക്കുന്നതും അവരിൽ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കുവാൻ സഹായകരമാണ്. രാവിലെയാണെങ്കിൽ “Good Morning” എന്നും വൈകുന്നേരമാണെങ്കിൽ “Good Evening” എന്നും വിഷ് ചെയ്തതിന് ശേഷമായിരിക്കണം അവരുമായുള്ള സംഭാഷണം തുടങ്ങേണ്ടത്. മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് അല്ലെങ്കില്‍ സൈലന്‍റ് ആക്കാന്‍ ശ്രദ്ധിക്കുക.

4) ഇന്റർവ്യൂ സമയത്തു മുഖാമുഖം നോക്കി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുക. നിങൾ സംസാരിക്കുന്നതു ശരി അല്ലെങ്കിൽ പോലും. പറയുന്നത് എന്ത് തന്നെയായാലും വളരെ ആത്മവിശ്വത്തോടുകൂടി ഭയപ്പെടാതെ അവതരിപ്പിക്കുക. ആത്മാർത്ഥതയും ആത്മവിശ്വസവും നിറഞ്ഞതാണ് നിങ്ങളുടെ ഉത്തരങ്ങളെങ്കിൽ അത് എപ്പോഴും ആകർഷകമായവയായിരിക്കും. നിങ്ങളെ കാണുമ്പോൾ തന്നെ അവർക്ക് മതിപ്പുളവാകുന്ന രീതിയിൽ നല്ല ആത്മവിശ്വാസത്തോടെയും ചിരിച്ച മുഖത്തോടെയും അവരെ അഭിമുഖീകരിക്കുക. സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ഈ ഇന്റർവ്യൂ നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ അവസാനിച്ചു എന്ന ചിന്തയും ഒഴിവാക്കിവേണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ.

5) നെഗറ്റീവ് വാക്കുകൾ കഴിവതും ഒഴിവാക്കുക (ഉദാഹരണം : – ഒരു കാര്യം നിങ്ങൾക്ക് അറിവില്ലകിൽ, അറിവില്ല എന്നു പറയുന്നതിന് പകരം ഞാൻ ആ ഏരിയ ഇപ്പോൾ പഠിക്കുകയാണ് എന്നു പറയുക). അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ സത്യസന്ധമായി ആത്മാർത്ഥമായി ഉത്തരം നൽകുക. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നു കരുതുന്നത് മണ്ടത്തരമാണ്. കാരണം, ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവർ അത്രയും സമർത്ഥന്മാരായിരിക്കും എന്ന് മനസ്സിലാക്കുക.

6) ഇപ്പോൾ ഉള്ള കമ്പനി ജോലി എന്തുകൊണ്ടു ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം – കൂടുതൽ പഠിക്കാൻ, കൂടുതൽ challenging postil work ചെയ്യാൻ എന്നു പറഞ്ഞു slowly handling ചെയ്യുക. ഒരിക്കലും സാലറി ഹൈക്കിനു വേണ്ടി ആണ് എന്ന് പറയരുത്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്‍െറ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്.

7) ഒരിക്കലും പഴയ കമ്പനിയെ കുറിച്ച് മോശമായ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക (Ex : – അവിടെ സാലറി കൂട്ടുനില്ല , കൂടുതൽ വർക്ക് പ്രഷർ ആണ്. മാനേജർ സ്വാഭാവം മോശമാണ് et.c,). മോശമായ കാര്യങ്ങൾ ചർച്ച ചെയ്താൽ നിങ്ങളെ കുറിച്ച് മോശമായ ഇമേജ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കുക ഉള്ളൂ

8) ഇന്റർവ്യൂ സമയത്തു പഴയ കമ്പനിയുടെ ഫിനാൻഷ്യൽ ഡാറ്റ (Sales Figure, Profit Figure, etc.,) ചോദിച്ചിട്ടുണ്ടെങ്കിൽ, അത് കോൺഫിഡൻസ് ആണ് എന്നു പറഞ്ഞു ഒഴിഞ്ഞു മാറുക. ഒരിക്കലും ഷെയർ ചെയ്യരുത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കിൽ ചോദ്യ കര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും മടിക്കേണ്ടതില്ല.

9) ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഇന്റർവ്യൂ സമയത്തു ലൈറ്റ് കളർ ഡ്രസ്സ് ധരിക്കുക. കഴിവതും ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഒരാളുടെ വസ്ത്രധാരണ രീതി അയാളുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന ഘടകമാണ്. ആഭരണങ്ങള്‍ പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍ പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് പറയേണ്ടതില്ലല്ലോ. ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. ബയോഡാറ്റയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. ബയോഡാറ്റയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക.

10) കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ് . ഇന്റർവ്യൂ ടൈമിന് 15 മിനിറ്റിനു മുൻപായി എത്തി ചേരുക. ഇന്റർവ്യൂ പറഞ്ഞിരിക്കുന്ന സമയത്തിനു മുൻപുതന്നെ നിങ്ങൾ അവിടെ എത്തിയിരിക്കണം. കാരണം, കൃത്യനിഷ്ഠയിൽ നിങ്ങൾക്ക് അപാകതയുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾ ചെയ്യുന്ന ജോലിയിലും ആ അപാകതയുണ്ടെന്ന് തന്നെയാണ് അർത്ഥം. അതുകൊണ്ട് സമയനിഷ്ഠ പാലിക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍ അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും.

11) ഇന്റർവ്യൂ സമയത്തു ഈ ജോലി എനിക്ക് കിട്ടി എന്നു മനസ്സിൽ വിചാരിച്ചു സംസാരിച്ചാൽ എല്ലാം പോസിസ്റ്റീവ് ആയിട്ടു വരും. ഒരിക്കലും സാലറി ഫസ്റ്റ് സ്റ്റേജ് ഇന്റർവ്യൂവിൽ ചർച്ച ചെയ്യാതിരിക്കുക. ചർച്ച വേണ്ടി വന്നാൽ as per Company Standard എന്നു പറഞ്ഞു handle ചെയ്യുക
12) ഇന്റർവ്യൂ കഴിഞ്ഞാൽ ഒരു ഷേക്ക് ഹാൻഡ് ഓട് കൂടി പിരിയുക. ഇന്റർവ്യൂ പൂർണ്ണമായി കഴിയുമ്പോൾ അവർക്ക് നിങ്ങൾ കൊടുക്കുന്ന ഷേക്ക്ഹാൻഡ് പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ വിലയിരുത്താൻ അവരെ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വസത്തോടുകൂടിയായിരിക്കണം ഷേക്ക്ഹാൻഡ് കൊടുക്കേണ്ടത്. ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്‍റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.

അവസാനമായി ഒരു കാര്യംകൂടി. ഇത് പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾ മറക്കാതിരിക്കുക. ജാഡകളെക്കാളും കെട്ടുകാഴ്ചകളെക്കാളും സത്യസന്ധതയും, എളിമയും ഇന്റർവ്യൂവിൽ കൂടുതല്‍ മാര്‍ക്ക് നേടാന്‍ നിങ്ങളെ സഹായിക്കും. നന്ദി…

 

 

മിന്റാ സോണി കല്ലറയ്ക്കൽ,

സൈക്കോളജിക്കൽ കൌൺസിലർ, മൂവാറ്റുപുഴ

ഫോൺ  : 9188446305

 

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.

“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.

ജയേഷ് കൃഷ്ണൻ വി ആർ , മലയാളം യുകെ ന്യൂസ് ടീം

ചൈനയുടെ ഹുവായ് ഫൈവ് ജി ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്ക് അനുവാദം നൽകരുതെന്ന് യുഎസ് ബ്രിട്ടനോട് ആവശ്യപ്പെട്ടു. ടെലികോം ഭീമന്റെ സാന്നിധ്യം ബ്രിട്ടന്റെ ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഏജൻസികളായ MI5 , M16 എന്നിവയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രെയൻ പറഞ്ഞു. യുകെയുടെ ആണവ രഹസ്യങ്ങളോ ,MI5 , M16 എന്നിവയിൽ നിന്നുള്ള രഹസ്യങ്ങളോ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ബ്രെയൻ എം മുന്നറിയിപ്പ് നൽകി .

ദേശീയ സുരക്ഷാ അപകടമുണ്ടാക്കുന്ന കമ്പനികൾ നിർമ്മിച്ച ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ മെയ് മാസത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് ഹുവായ് കമ്പനിയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .

ഹുവായ് ഫൈവ് ജിയിൽ ചൈനീസ് ചാരവൃത്തിക്ക് പ്രവേശനം നൽകുന്ന ഉപകരണങ്ങൾ ഉണ്ടോ, അത് ഫൈവ് ഐസ് ഇൻറലിജൻസ് ആയ അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻറ്, എന്നിവയുടെ നെറ്റ് വർക്ക് ഭിന്നിപ്പിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത് .

ഫൈവ് ഐസ് ഇൻറലിജൻസിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടൻ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഹുവായുടെ ഫൈവ് ജി ഉൽപ്പന്നങ്ങൾ കുറഞ്ഞ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉപയോഗിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

യുഎസും ചൈനയും പുതുവർഷാരംഭത്തിൽ ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കും എന്ന് പ്രഖ്യാപിച്ചതിനാൽ ബ്രെയൻ നടത്തിയ പ്രസ്താവനയിൽ ഹുവായ് ഉടൻ അഭിപ്രായപ്പെടില്ല.

ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹുവായ് ഒഴിവാക്കില്ലെന്ന് കമ്പനി വിശ്വസിക്കുന്നു. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് യുകെ സ്വീകരിക്കുന്നത്. അതുകൊണ്ടു ഹുവായിയെ യുകെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ഹുവായിയുടെ പ്രസിഡന്റ് വിക്ടർ സങ് പറഞ്ഞു.

എം . ഡൊമനിക്

തണുത്ത ഡിസംബറിന്റെ അലസമായ ദിവസങ്ങളിൽ, തെക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയുടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് നിലയിലേക്ക് താന്നു തുടങ്ങി . വസന്ത പ്പെരുമയിൽ വൃക്ഷ തലപ്പുകളിൽ ഇളം കാറ്റിന്റെ താരാട്ട് കേട്ട് , ഉല്ലസിച്ച പച്ചിലകൾ..
അവയെ ശരത് കാലം വന്ന്‌ മഞ്ഞപ്പിന്റെ വാർദ്ധക്യം കല്പ്പിച്ചു നിഷ്കരുണം നിലത്തേക്ക് വലിച്ചെറിയുകയാണ്. പ്രകൃതിയുടെ ഈ വികൃതി എത്രയോ തവണ സഹിച്ച പാവം മരങ്ങൾ .
ഒടുവിൽ അവർ നഗ്നമായ ചില്ലകളും വഹിച്ചു നിസഹായരായി നിന്ന് ശിശിര പീഡനം ഏറ്റു വാങ്ങുന്നു. ഇതാണല്ലോ എന്നും അവരുടെ വിധി..
സമീപ്യ മായ ഇരുണ്ട ദിനങ്ങളിൽ ഈ ഭൂപ്രദേശം ആകാശത്തിന്റ മേലാപ്പിൽ നിന്നും വർഷിക്കുന്ന വെൺ മഞ്ഞിനാൽ വെള്ള പുതക്കും. അപ്പോൾ ഇലകൊഴിഞ്ഞ മരിച്ചില്ല കളിൽ പറ്റിക്കൂടാൻ മഞ്ഞിൻ മണികൾ മത്സരിക്കും. ഒപ്പം മഞ്ഞു കാലത്ത് വിരുന്നു വരുന്ന ക്രിസ്മസ് നെയും സാന്റാ യെയും വരവേൽക്കാൻ നാടും നഗരിയും ഉത്സാഹ തിമിർപ്പിലാകും.

ജീവ സാൻധാരണത്തിനായി പ്രവാസം വിധിക്കപ്പെട്ട ജോൺസൻ ഈ മഞ്ഞു കാലം കുറച്ച് വർഷങ്ങൾ ആയി അനുഭവിക്കുക യാണ്. ഭാര്യ ഡെയ്സി യും കുഞ്ഞു മകൻ ഡെന്നിസും ചേർന്നതാണ്,ഇംഗ്ളണ്ടിൽ ഉള്ള അയാളുടെ വീട് .
അടുത്ത ജനുവരിയിൽ ടെന്നിസിന് നാല് വയസ് ആകും. വിദേശത്തു ജനിച്ച മലയാളി വംശജൻ ആണവൻ. സോഷ്യൽ വർക്കർ ആയ ജോൺസൻ ഒരു സർക്കാർ ഏജൻസി യ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.ഡെയ്സി ആകട്ടെ NHS ൽ ബാൻഡ് സിക്സ് നേഴ്സ് ആണ്‌ .
കുഞ്ഞു ടെന്നിസിനു മഞ്ഞുകാലം വലിയ ഇഷ്ട്ട മാണ്. കാരണം അപ്പോഴാണല്ലോ ക്രിസ്മസ് ഉം പിന്നെ സാന്റാക്ലോസ് ഉം വരുന്നത്. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും തൂവെള്ള താടിയും ഉള്ള കണ്ണാടിക്കാരൻ അപ്പൂപ്പനെ കാണാൻ എന്തൊരു ചേലാണ് !
തണുപ്പത്ത്, പാറ്റിയൊ യിൽ മഞ്ഞു വീഴുമ്പോൾ അത് സിറ്റിംഗ് റൂമിന്റെ ഫ്രഞ്ച് ഡോർ ഗ്ലാസിൽ കൂടി എത്രനേരം നോക്കി നിന്നാലും അവന് മതിയാവില്ല. കഴിഞ്ഞ ക്രിസ്തുമസിനു ഒരു മഞ്ഞു പൊതിഞ്ഞ രാവിൽ സാന്ത ക്ലോസ് സമ്മാനം കൊണ്ടുവന്നത് കൊടുത്തതും അവന് നല്ല ഓർമ്മയുണ്ട്.
ക്രിസ്മസ് കാലത്ത് ടൗണിൽ സെന്റർ ലും ഷോപ്പിംഗ് സെന്റർ ലും കാണുന്ന അലങ്കാരങ്ങൾ, മിന്നുന്ന എൽ. ഈ. ഡി ലൈറ്റുകൾ, ഭംഗിയായി അലങ്കരിച്ച കൂറ്റൻ ക്രിസ്മസ് ട്രീ എല്ലാം ഡാഡി യുടെ കൈ പിടിച്ചു നടന്നു കാണുവാൻ അവന് വലിയ ഉത്സാഹം ആണ്. അത് അവന്റെ വിടർന്ന കണ്ണുകളിൽ കാണാം. നടക്കുന്ന വഴികളിൽ അവൻ കാണുന്നതിനെ കുറിച്ചൊക്കെ സംശയം ചോദിച്ചു ഡാഡി യെ വീർപ്പു മുട്ടിക്കും. കുറേ കേൾക്കുമ്പോൾ “മോനെ അതും ഇതും ചോദിച്ചു ഡാഡിയെ ബുദ്ധിമുട്ടിക്കാതെ വേഗം നടക്കു ” എന്ന് ഡെയ്സി പറഞ്ഞാലും ജോൺസൻ പറയും “അവൻ ചോദിക്കട്ടടീ, കുഞ്ഞല്ലേ ” എന്ന്.

ഡിസംബർ മാസത്തിലെ ആദ്യ ആഴ്ച്ച കഴിയുക യാണ്. വെതർ ഫോർകാസ്റ്റ് ഇന്ന് തൊട്ട് സ്നോ വീഴും എന്ന് പറഞ്ഞിട്ടുണ്ട്. സ്നോ യിൽ കൂടി വണ്ടി ഓടിക്കുന്നതും നടക്കേണ്ടി വരുന്നതും ഡേയ്സിയ്ക്ക് തീരെ ഇഷ്ട്ടമല്ല, ഒരിക്കൽ അവൾ സ്നോ യിൽ തെന്നി വീണതിന് ശേഷം പേടിയാണ്.

ഡെയ്സി യ്ക്ക് അടുത്ത മൂന്ന് ദിവസം ഡേ ഓഫ്‌ ആണ്. അപ്പോഴാണ് അവൾക്ക് കൂടുതൽ സമയം മോനുമായി ചിലവിടാൻ കിട്ടുന്നത്. രണ്ടുപേരും ജോലിക്ക് പോകുമ്പോൾ മകനെ നഴ്സറിയിൽ വിടാതെ പറ്റില്ലല്ലോ. അവൾ രാവിലെ മോനു ബ്രേക് ഫാസ്റ്റ് മുട്ടയും പാലും ഉണ്ടാക്കിക്കൊടുത്തു.
ചപ്പാത്തിയും ബാജിയും അവളും കഴിച്ചു. ജോൺസനും അതെ ഭക്ഷണം തന്നെ കഴിച്ചിട്ടാണ് ജോലിക്ക് പോയിരിക്കുന്നത്.
ഡെന്നിസ്‌നു കളിക്കാൻ “ലെഗോ” യുടെ ബ്ലോക്‌സ് എടുത്ത് കൊടുത്തു. അവൻ അതിൽ അവന്റെ ഭവന വിരിയിച് ഓരോ ഷേപ്പ് കൾ ഉണ്ടാക്കി മമ്മിയെ കാണിക്കും. അത് അത്ര കേമൻ അല്ലെങ്കിലും അവൾ അവനെ പ്രോത്സാഹിപ്പിക്കാൻ എക്സലന്റ്, ബ്യൂട്ടിഫുൾ എന്നൊക്കെ പറയാറുണ്ട്.
അവൻ അതിൽ കളിച്ചു കൊണ്ട് ട്രൗയിങ് റൂമിൽ ഇരിക്കുമ്പോൾ ഡെയ്സി അല്പം നാട്ടുവിശേഷം അറിയാനായി മലയാളം ടി. വി. ഓൺ ചെയ്തു.
“കേരളത്തിലെ മഴക്കെടുതിയിൽ വീട് നഷ്ട്ട പെട്ടവരുടെ എണ്ണം സർക്കാർ കണക്കുകൾക്കും അപ്പുറം. ജനങ്ങൾക്ക് വേണ്ടത്ര സഹായങ്ങൾ കിട്ടുന്നില്ല എന്ന് പരാതി ”
ലെഗോ ബ്ലോക്കുകൾ നിരത്തിക്കൊണ്ടിരുന്ന ഡെന്നിസ് മോനും ഈ വാർത്താ വായന കേട്ടു.
മലയാളം ശരിക്ക് അറിയത്തില്ലെങ്കിലും അത് മമ്മി യുടെയും ഡാഡിയുടെയും ഭാഷ ആണെന്നും മോൻ അതും പഠിക്കണം എന്നും മാതാപിതാക്കൾ അവന് പറഞ്ഞു കൊടുത്തിട്ടുള്ളത് അവന് ഓർമ്മ യുണ്ട്.

അവൻ ചോദിച്ചു ” മമ്മി, വാട്ട്‌ ഈസ്‌ ദാറ്റ്‌ സെയിങ്‌ ഇൻ ദ ടീവി? ”

മോനെ അവര് പറയുവാണ്, നമ്മുടെ നാട്ടിൽ എല്ലാം ഒത്തിരി മഴ പെയ്തു. എന്നിട്ട് കാറ്റ് എല്ലാം വന്ന്‌ ഒത്തിരി ആൾക്കാരുടെ വീടെല്ലാം തകർന്നു പോയി. കുട്ടികളുടെ ടോയ്‌സ് എല്ലാം ഒഴുക്കി പ്പോയി എന്നൊക്കെ. ഹൌ സാഡ്, അല്ലെ മോനെ.

“അപ്പോൾ അവിടെ അവർക്ക് ടോയ്‌സ് ഒന്നും ഇല്ല അല്ലെ”.
അവൻ കളിക്കിടയിലും അത് ശ്രദ്ധിച്ചു.

അതെ മോനെ, എന്ന് പറഞ്ഞിട്ട് അവൾ ജനലിൽ കൂടി പുറത്തേയ്ക്കക്ക് നോക്കിയിട്ട് പറഞ്ഞു.
ങ്‌ ഹാ, അതാ നോക്കു സ്നോ വീഴാൻ തുടങ്ങിയല്ലോ. അന്തരീക്ഷത്തിൽ നിന്നും വെള്ള നൂൽ കഷണങ്ങൾ പോലെ പൊഴിഞ്ഞ അവ പുറത്ത് പാറ്റിയോയിലും ഫെൻസിംഗിലും മരക്കൊമ്പുകളിലും പുൽ നാമ്പുകളിലും പറ്റി പിടിക്കാൻ തുടങ്ങി.

വൃഷങ്ങളിൽ വന്നിരിക്കാറുള്ള പക്ഷികൾ എല്ലാം മഞ്ഞിനെപ്പേടിച്ചു വിറച്ചു് എവിടെയോ ഒളിച്ചിരിക്കുകയാണ്. വസന്തകാലത്തിൽ കൂടുണ്ടാക്കിയും കലപില വച്ചും, കുഞ്ഞുങ്ങളെ വിരിയിച്ചും കഴിഞ്ഞ അവർക്കിത് അർദ്ധ പട്ടിണിയുടെ കാലം.

ഡെയ്സി ടി. വി. ഓഫ്‌ ചെയ്തു എഴുന്നേറ്റപ്പോൾ “മോൻ അവിടിരുന്നു കളിച്ചോ, മമ്മി ഈസ്‌ ഗോയിങ് ടൂ കിച്ചൺ ടു സം കുക്കിംഗ്‌ ” എന്ന് ഡെന്നിസ് നോടായി പറഞ്ഞിട്ട് പോയി.
പുറത്ത് മഞ്ഞു വീഴ്ച കൂടി കൊണ്ടിരുന്നു. ഡ്രാവിംഗ് റൂം ന്റെ ഗ്ലാസ് ഡോറിൽ കാറ്റ് തെറുപ്പീച്ച മഞ്ഞിൻ കണികകൾ ഗ്ലാസിനെ തഴുകി താഴോട്ട് വീണു കൊണ്ടിരിക്കുന്നു.
കളികൾ ക്ക്‌ ഇടയിൽ ഡെന്നിസ് മോൻ ഡോർന്റെ ഗ്ലാസ് ൽ കൂടി പുറത്തു പെയ്യുന്ന മഞ്ഞു കണ്ടു. അതിന്റെ മനോഹാരിത യിൽ മയങ്ങി അവൻ എഴുന്നേറ്റു ഗ്ലാസ് ന്റെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി ക്കൊണ്ട് നിന്നു. കുറച്ച് നേരം മഞ്ഞിൽ ഇറങ്ങി കളിക്കാൻ അവനൊരു മോഹം. പറ്റിയോ ഡോർ സ്ലൈഡ് ചെയ്ത് അവൻ മഞ്ഞു വെള്ള വിരിച്ച പാറ്റിയോ യിൽ ഒന്ന് ഓടി. ഓട്ടത്തിൽ വിരിച്ചു പിടിച്ച കൈകളിൽ മഞ്ഞു വന്നു പതിക്കുമ്പോൾ അവൻ ഉറക്കെ ചിരിച്ചു.
തിരിച്ച് അവൻ വീടിന്റെ ഡോർ നെ ലക്ഷ്യമാക്കി ഓടിയപ്പോൾ സ്നോ യിൽ അവന്റെ കാൽ വഴുതി അവൻ വീണു. വീഴ്ച യിൽ അവൻ വേദന യോടെ ഉറക്കെ കരഞ്ഞു. നിലവിളി കേട്ട് അടുക്കളയിൽ നിന്നും ഓടിവന്ന ഡെയ്സി കാണുന്നത് സ്നോ യിൽ വീണു കിടക്കുന്ന മകനെയാണ്.
നീയെന്തു പണിയാണ് ചെയ്തത് എന്ന് പറഞ്ഞു അവൾ അവനെ എടുത്തു കൊണ്ട് ട്രൗവിംഗ് റൂമിൽ വന്നു. അവൻ ഇടതു കൈയ്യുടെ മുട്ടിൽ വലുത് കൈ ചേർത്ത് പിടിച്ചു കൊണ്ട് നിർത്താതെ കരഞ്ഞു.സംശയം തോന്നിയ ഡെയ്സി യുടെ പരിശോധന യിൽ ഇടത് കയ്യിൽ ഒ ടിവ് ഉള്ളതായി തോന്നി .
അവൾ ഉടനെ ആംബുലൻസ് വിളിച്ചു. ജോൺസൻ നെ വിളിച്ചു കാര്യം പറഞ്ഞു ഹോസ്പിറ്റലിൽ പോവുക യാണെന്നും അറിയിച്ചു.
മോനെ നീ എന്തിനാണ് മമ്മി യോട് പറയാതെ മുറ്റത്ത്‌ ഇറങ്ങിയത് എന്ന് ചോദിച്ചപ്പോൾ സോറി മമ്മി, എന്ന് പറഞ്ഞു അവൻ കരഞ്ഞു കൊണ്ടിരുന്നു.
നിമിഷ നേരം കൊണ്ട് വന്ന ആംബുലൻസ് ൽ കയറി അവർ ഹോസ്പിറ്റലിൽ എത്തി. ഇടത് കയ്യുടെ മുട്ടിനു താഴെ നീര് വച്ചിട്ടുണ്ട്. ഡോക്ടർ പരിശോദിച്ചു എക്സ് റായ് എടുപ്പിച്ചു. കയ്യുടെ എല്ലിനു പൊട്ടൽ ഉണ്ട്.

ഇപ്പോൾ ഡെന്നിസ് മമ്മി യുടെ മടിയിൽ ഇരിക്കുക യാണ്. കരഞ്ഞു വീർത്ത കണ്ണുകളും കുറ്റബോധം സ്പുരിക്കുന്ന മുഖവും ആയിട്ട്.
വേദന കുറയാൻ മരുന്ന് കൊടുത്തിട്ടു സ്റ്റാഫ്‌ അവന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു. അപ്പോഴേക്കും ജോൺസനും അവിടെ എത്തി. ഡാഡി യെ കണ്ട ഉടനെ അവൻ കരഞ്ഞു കൊണ്ട് സോറി ഡാഡി എന്ന് പറഞ്ഞു. ഒടിഞ്ഞ കയ്യുടെ വേദന യുടെ കൂടെ അനുവാദം ഇല്ലാതെ സ്നോ യിൽ ഇറങ്ങിയതിന്റെ പച്ഛ ത്താപവും കൂടിയതാണ് ആ കരച്ചിൽ.

സാരമില്ല ഡോണ്ട് വറി. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. മഞ്ഞു പെയ്യുമ്പോൾ അതിന്റെ പുറത്ത് ഓടിയാൽ വീഴും. ഡോണ്ട് ടു ദാറ്റ്‌ എഗൈൻ ഒക്കെ. തെറ്റ് മനസ്സിലായ ഡെന്നിസ് മൗനം പാലിച്ചു.

വൈകുന്നേരം ആയി അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ.
തിരിച്ചു വീട്ടിൽ പോകുന്നവഴി ജോൺസൻ പറഞ്ഞു “മോനെ ഇന്ന് സാന്റാക്ലോസ് വരും എന്ന് പറഞ്ഞിട്ടുണ്ട്. മോൻ ഓർക്കുന്നില്ലേ സാന്റാ യെ.”
മറുപടിയായി ഡെനിസ് അവന്റെ വാടിയ മുഖം ആട്ടി കാണിച്ചു. മലയാളി അസോസിയേഷൻ ന്റെ ജോമോൻ അങ്കിളിന്റെയും തോമസ് അങ്കിളിന്റെയും മാത്യു അങ്കിളിന്റെയും കൂടെ സാന്റാക്ലോസ് മോന് സമ്മാനവും ആയി വരും.

കൂടുതൽ അപകടം ഒന്നും പറ്റിയില്ലല്ലോ എന്ന് എന്ന് ആ മാതാ പിതാക്കൾ ആശ്വസിച്ചു. വീട്ടിൽ എത്തിയ ഉടനെ ഡെയ്സി മകന് ചൂട് പാലും റസ്കും കൊടുത്തു. അവരും ചായയും പലഹാരവും കഴിച്ചു. ഡെന്നിസ് മോന്റെ പ്ലാസ്റ്റർ ഇട്ട ഇടത് കൈ സ്ലിങ് ഇട്ടിരിക്കുക യാണ്. അവൻ ഡാഡിയുടെയും മമ്മി യുടെയും അടുത്ത് സിറ്റിംഗ് റൂമിൽ സോഫയിൽ വിശ്രമിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു.
അത് അവർ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ജോൺസൻ പോയി വാതിൽ തുറന്നു.
കയറി വന്ന സംഘത്തിന്റെ കൂട്ടത്തിൽ തൂവെള്ള ബോർഡർ ഉള്ള ചുവന്ന ഉടുപ്പും തൊപ്പിയും ധരിച്ച വെള്ള താടിക്കാരൻ സാന്റ യും ഉണ്ട്. മുട്ടോളം വരുന്ന കറുത്ത ബൂട്ട് ധരിച്ച ആ കണ്ണാടിക്കാരൻ സാന്ത യുടെ കവിളുകൾ ഗ്യാല ആപ്പിൾ പോലെ തുടുത്തിരുന്നു. അയാളുടെ സഞ്ചിയിൽ നിറയെ സമ്മാനങ്ങൾ !
ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് കാലത്തെ ഈ വിരുന്നുകാരൻ , കുട്ടികളുടെ ഇഷ്ട്ട തോഴൻ ആണല്ലോ.

അവർ എല്ലാവരും കൂടി ആലപിച്ച കരോൾ പാട്ടിന് അനുസരിച്ചു സാന്റാക്ലോസ് നൃത്തം വച്ചു. അതിനു ശേഷം എല്ലാവർക്കും മെറി ക്രിസ്മസ് ആശംസിച്ചു.
മോനെ കൈക്ക് എന്തു പറ്റി എന്ന് അന്വേഷിച്ച ശേഷം സാന്റാ തന്റെ സഞ്ചിയിൽ നിന്നും ഡെന്നിസ് മോന് ഒരു നല്ല ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തു, വെളുത്ത ഗ്ലൗസ് ഇട്ട കൈകൊണ്ട്സ്നേഹത്തോടെ സാന്താ അവന്റെ കവിളിൽ തലോടി.

അതിന് ശേഷം അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ,ഈ വർഷത്തെ കരോൾ കളക്ഷൻ കേരളത്തിൽ ഫ്ളഡ് മൂലം കഷ്ട്ട പെടുന്നവർക്ക് കൊടുക്കാനാണ് ഉദേശിക്കുന്നത് എന്ന് ജോൺസനോട്‌ പറഞ്ഞു.
ഇത് കേട്ടപ്പോൾ ഗിഫ്റ്റ് കൈയിൽ പിടിച്ചു കൊണ്ടിരുന്ന കുഞ്ഞു ഡെന്നിസ് സാന്റാ ക്ലോസ് നെ അരുകിലോട്ട് കൈകാട്ടി വിളിച്ചു.
എന്നിട്ട് അവൻ സാന്റായോട് പറഞ്ഞു.

“സാന്റാ അങ്കിൾ എനിക്ക് തന്ന ഈ ക്രിസ്മസ് സമ്മാനം . കൂടികൊണ്ടുപോയി കേരളാ യിൽ ചിൽ ഡ്രന് കൊടുക്കണം, ദേ ഹാവ് നോ ടോയ്‌സ്, എല്ലാം പോയില്ലേ. ”

ഈ കുട്ടിയുടെ വാക്കുകൾ കേട്ടിട്ട് സാന്ത ക്ലോസിനിന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.
അവർ സ്വരുക്കൂട്ടാൻ പോകുന്ന ഏത് തുക യെക്കാളും മേലെ യായില്ലേ ആ ചെറിയ കുഞ്ഞിന്റെ വലിയ സന്മനസ്സ്..

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

Copyright © . All rights reserved