Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.

ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.

ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചുമായി ഷെഫ് ജോമോൻ കുര്യക്കോസ്

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂട്ടമായുള്ള മലയാളികളുടെ യുകെയിലേക്കുള്ള കടന്നുവരവിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർണ്ണമായപ്പോൾ ഉയർന്നു കേൾക്കുന്നത് രണ്ടാം തലമുറക്കാരുടെ ഒരു മുന്നേറ്റത്തിന്റെ കാഹളധ്വനി ആണ്.

രണ്ടായിരത്തിൽ ആണ് യുകെയിലേക്കുള്ള മലയാളികളുടെ വരവ് കാര്യമായി തുടങ്ങിയത്. പൊടികുഞ്ഞുങ്ങളുമായി യുകെയിലേക്കിച്ചേർന്ന ഇവരുടെ മക്കൾ ഇപ്പോൾ സമൂഹത്തിന്റെ പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങുന്ന വാർത്തകൾ ആണ് മലയാളം യുകെ പുറത്തുവിടുന്നത്. കടന്നു വന്നു നാടിനെ മറന്നുകൊണ്ടല്ല മറിച്ച നാം ആയിരിക്കുന്ന സമൂഹത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് ഇവർ തിരിച്ചറിയുന്നു.

യുകെയിലെ വിദ്യാഭ്യസം എന്നത് ഒരു കുട്ടിയുടെയും കഴിവിനെ കണ്ടെത്തുന്ന ഒരു ബഹുമുഖ പ്രക്രിയ ആണ്. നാട്ടിലെപ്പോലെ മനഃപാഠമാക്കിയല്ല മറിച്ചു തന്റേതായ അഭിപ്രായവും കൂടി ഉത്തരക്കടലാസിൽ തെളിയേണ്ടതുണ്ട്.

എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കാൻ ശ്രമിക്കുന്ന ഒരു പാരമ്പര്യ സ്വഭാവമുള്ള മലയാളികൾ ഇവിടെയും ഉണ്ടെങ്കിലും കുട്ടികൾ അതിനു ഇപ്പോൾ നിന്നുകൊടുക്കാറില്ല എന്ന കാര്യം പല മാതാപിതാക്കളും മലയാളം യുകെയുമായി പങ്കുവെക്കുകയുണ്ടായി.

മൂന്ന് ചാരിറ്റി സംഘടനയെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ചിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസികളും വിദ്യാർത്ഥികളുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവും  ആണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

ഈ ചെറുപ്പക്കാരുടെ സൽപ്രവർത്തിക്ക് യുകെ മലയാളികളെ നിങ്ങൾ എല്ലാവരും ഒരു ചെറിയ തുക നൽകി സഹായിക്കണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇത് മറ്റുള്ള യുവജങ്ങൾക്ക് പ്രചോദനം ആയിത്തീരും എന്ന് തീർച്ച.

അങ്ങനെ നമ്മുടെ മക്കൾ എല്ലാവരും സമൂഹത്തിന് ഒരു മുതൽക്കൂട്ടായി വളർന്നുവരട്ടെ ….. എല്ലാ ആശംസകളും മലയാളം യുകെ ഈ അവസരത്തിൽ നേർന്നുകൊള്ളുന്നു.

അവർ അയച്ചുതന്ന അഭ്യർത്ഥന വായിക്കാം.

നമസ്കാരം…  എന്‍റെ പേര് സിബിൻ, ഞാനും എന്‍റെ സുഹൃത്തുക്കളായ ജിയോ, ഡോൺ, സിറിൽ എന്നിവരും ചേർന്ന് മൂന്ന് ദിവസത്തിനുള്ളിൽ 300 കിലോമീറ്റർ മൗണ്ടെയ്‌ൻ ബൈക്കിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമായ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്ന് തെക്കു ഭാഗമായ പോർട്ട്സ്‌മൗത്തിലേക്കാണ് യാത്ര.

ഈ ശ്രദ്ധേയമായ യാത്രയിൽ ഞങ്ങൾ ഓഫ്-റോഡ് ബൈക്ക് റൂട്ടുകൾ മാത്രം സ്വീകരിക്കുകയും ഞങ്ങളുടെ യാത്രയിൽ പരമാവധി ഒഴിവാക്കാനാവാത്ത സ്ഥലത്തു മാത്രം റോഡ് ഉപയോഗം മിതപ്പെടുത്തുന്നതുമാണ്. തിരഞ്ഞെടുത്ത മൂന്ന് ചാരിറ്റികൾക്കായി പണം സ്വരൂപിച്ചു കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവയ്ക്കിടയിൽ ഒന്നിനെ മാത്രം തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു. അതിനാൽ മൂന്ന് ചാരിറ്റി സംഘ്‌നയ്‌ക്കും  സഹായം എത്തിക്കുന്നതാണ്.

ഞങ്ങൾ തെരഞ്ഞെടുത്ത ചാരിറ്റികൾ – കുട്ടികൾക്കുള്ള

1. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ്) ചെസ്റ്റർട്ടൺ,

2. ജിഞ്ചർബ്രെഡ് സെന്റർ, സ്റ്റോക്ക്-ഓൺ-ട്രെന്റ് (ഡിസബിലിറ്റി സെന്റർ)

3. ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ.

ഈ ധനസമാഹരണം 27/07/2021 വരെ സ്വീകരിക്കുന്നു. ജൂലൈ 23 ന് ഞങ്ങളുടെ യാത്ര ആരംഭിക്കുകയും ജൂലൈ 26 ന്‌ അവസാനിക്കുകയും ചെയ്യും, ഞങ്ങൾ ഏറ്റെടുത്ത ഈ വെല്ലുവിളിയെ ഞങ്ങൾ നേരിടാൻ ശ്രമിക്കുമ്പോൾ നല്ലവരായ എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഞങ്ങൾ പ്രതീഷിക്കുകയായാണ്.

നിങ്ങൾ ഓരോരുത്തരും പിന്തുണ ഞങ്ങളുടെ യാത്രയിലുടനീളം  ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനായി വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.  300 കിലോമീറ്ററാണ് ഞങ്ങൾ‌ കവർ‌ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. തീർച്ചയായും ആ ദൂരം മറികടക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായവും ഈ അവസരസത്തിൽ അഭ്യർത്ഥിക്കുന്നു.

ഈ ക്യാംപയിനിന്റെ മുഴുവൻ ചിലവുകളും ഞങ്ങൾ നാല് പേരും സ്വന്തം അദ്ധ്വാനത്തിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. ഈ ക്യാമ്പയ്‌ൻ വഴി നേടുന്ന പണം മുഴുവനും തുല്യമായി മൂന്ന് ചാരിറ്റികൾക്കുമായി ഭാഗിച്ചു കൊടുക്കുന്നതായിരിക്കും.

ഈ നിർദ്ദിഷ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ വീടുകൾക്ക് അടുത്തായതിനാലും  അവർ അർഹരായതിനാലും,  ഞങ്ങൾ അവരെ തിരഞ്ഞെടുത്തു. ചെറിയ സംഭാവനകൾ നൽകി ഞങ്ങളുടെ ചാരിറ്റി സംഭരംഭത്തെ സഹായിക്കുമല്ലോ.

നിങ്ങൾ നൽകുന്ന ഓരോ സംഭാവനക്കും വിനയപൂർവ്വം നന്ദി അറിയിക്കുന്നതിനൊപ്പം നിങ്ങളുടെ വിശാലമനസ്കതയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ചാരിറ്റി പ്രവർത്തനത്തെയും ഓർക്കുമല്ലോ… 

നന്ദി, നമസ്കാരം.

നിങ്ങളുടെ സംഭാവനകൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു നൽകുവാൻ താല്പര്യപ്പെടുന്നു. 

https://www.gofundme.com/f/help-1-or-help-3

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസിൽനിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിൻ ലഭിച്ച ബ്രിട്ടീഷുകാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണ്ടിവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നടപടി ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും വൻ തിരിച്ചടിയാണ് . ജൂലൈ 19 തിങ്കളാഴ്ച മുതൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിലപാട് സർക്കാർ അറിയിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ മുൻ നിലപാടിൽനിന്ന് സർക്കാർ മലക്കം മറിഞ്ഞിരിക്കുകയാണ് .

എന്നാൽ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം ഫ്രാൻസിൽ അതിവേഗം വ്യാപിക്കുന്നത് മൂലമാണ് മുൻനിലപാടിൽ നിന്ന് മാറാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ജൂലൈ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ യുകെയിൽ 244,691 കോവിഡ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ ഫ്രാൻസിൽ 27, 713 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് ആൾക്കാരുടെ വേനലവധിക്കാല പദ്ധതികളെ താറുമാറാക്കുന്ന തീരുമാനം ഇതിനോടകം പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് വൻ തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവർ പ്രതികരിച്ചു . ഫ്രാൻസിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുകെ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോൾ യുകെയുടെ പ്രതിദിന രോഗവ്യാപന നിരക്ക് 50000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 51870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. ഇതോടെ മഹാമാരി തുടങ്ങിയതിനു ശേഷം ജീവൻ പൊലിയുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 128,642 ആയി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അപകടരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച അമ്പതോളം ഡ്രൈവർമാർക്കെതിരെ പോലീസ് കേസ്. ജൂലൈ എട്ടിന് ചെഷയറിലെ നട്ട്സ്ഫോർഡിന് സമീപം നടന്ന ലോറി അപകടത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. അപകടം ചിത്രീകരിച്ച 48 ഡ്രൈവർമാർക്ക് ഉടൻ അറിയിപ്പ് ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പ്രോസിക്യൂഷൻ കത്തിന്റെ ഫോട്ടോയും പോസ്റ്റ്ബോക്സിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.

കുറിപ്പ് ഇങ്ങനെ: “ജൂലൈ 8 ന് നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് ഗ്രൂപ്പ് എം6 സൗത്ത്‌ബൗണ്ടിലെ മാരകമായ അപകടം കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നോർത്ത് ബൗണ്ട് കാരേജ്വേയിൽ നിന്ന് മൊബൈൽ ഫോണുകൾ കൈവശം വച്ച വീഡിയോ ചിത്രീകരിച്ച 48 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പ്രോസിക്യൂഷൻ കത്തും അയച്ചിട്ടുണ്ട്.” വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് ബോധവാന്മാരാവാതെ ഇത്തരം വിനാശകരമായ സംഭവത്തിന്റെ വീഡിയോ കാണുന്നത് വിവേകശൂന്യമാണെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- മെയ്‌, ജൂൺ എന്നീ മാസങ്ങളിലായി ഏകദേശം രണ്ട് മില്യനോളം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി അറിയിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ചട്ട ലംഘനനങ്ങൾക്കാണ് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തതെന്ന് വാട്സ്ആപ്പ് അധികൃതർ അറിയിച്ചു. മെസ്സേജുകൾ ഫോർവേഡ് ചെയ്യുവാനുള്ള പരിധി ലംഘിച്ചതിനാണ് 95 ശതമാനം യൂസർമാരെയും ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്. പുതിയ ഐ ടി നിയമങ്ങൾ പ്രകാരം, ഇന്ത്യൻ ഗവൺമെന്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഏകദേശം 400 മില്യൺ ആളുകളാണ് ഇന്ത്യയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.

അനാവശ്യമായ മെസ്സേജുകളും മറ്റും ഫോർവേഡ് ചെയ്യുന്നത് തടയുക എന്നതാണ് ഇത്തരം നിയമങ്ങൾ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. എല്ലാ മാസവും ലോകമെമ്പാടുമായി എട്ടു മില്യനോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾക്കായി ബ്ലോക്ക് ചെയ്യുന്നത്. വ്യാജ വാർത്തകളും മറ്റും തടയുക എന്നതും വാട്സാപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് ഇത്തരം ഐ ടി നിയമങ്ങൾ എന്ന ആരോപണവും രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.

ജൂലൈ 19 -ന് രണ്ട് ദിനങ്ങൾ കൂടി മാത്രം ശേഷിക്കുമ്പോൾ രാജ്യം നേരിടുന്നത് കടുത്ത വാദപ്രതിവാദങ്ങളാണ്. രാജ്യത്ത് ആകെ രോഗവ്യാപനം കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 2000 ശതമാനം വരെ രോഗികളുടെ വർദ്ധനവാണ് ഒരുമാസംകൊണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലിവർപൂൾ, ബോൾട്ടൺ, ലങ്കാഷയർ എന്നിവിടങ്ങളിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജൂലൈ 19 -ന് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം മാഞ്ചസ്റ്ററിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ രോഗികളെ ചികിത്സിക്കുന്നത്. ഇന്നലെ യുകെയിൽ 48553 കേസുകളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിലും രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി കടുത്ത വിമർശനമാണ് നേരിടുന്നത്. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതു വരെ ബ്രിട്ടൻ മഹാമാരിയിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്. ഗവൺമെന്റും ശാസ്ത്രജ്ഞരും ആരോഗ്യരംഗത്തെ വിദഗ്ധരും തമ്മിൽ കടുത്ത വിയോജിപ്പാണ് ഫ്രീഡം ഡേയോട് അനുബന്ധിച്ച് ഉടലെടുത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലും അയൽരാജ്യമായ ബെൽജിയത്തിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. ഇതുവരെ 69 പേർ മരിക്കുകയും 70 ലധികം പേരെ കാണാതാവുകയും ചെയ്തു. ജർമ്മനിയിൽ 58 മരണങ്ങളും ബെൽജിയത്തിൽ 11 മരണങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതയ്ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെസ്ഡ്രെ നദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് കിഴക്കൻ ബെൽജിയൻ പട്ടണമായ പെപിൻസ്റ്ററിൽ പത്തോളം വീടുകൾ തകർന്നു. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രളയത്തില്‍ ജീവൻ നഷ്ടപെട്ടവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാണാതായവരെ കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴ ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിലും വ്യാപിച്ചു. 2002 ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ ജർമ്മനിയിൽ 21 പേരും മധ്യ യൂറോപ്യൻ മേഖലയിൽ നൂറിലധികം പേരും മരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് ഫുട്ബോൾ ടീം സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ മ്യൂറൽ ചിത്രത്തെ തകർക്കുന്ന തരത്തിൽ നടത്തിയ ചുവരെഴുത്തിൽ വംശീയ അധിക്ഷേപം ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ പോലീസ്. എന്നിരുന്നാൽ തന്നെയും അന്വേഷണം ശരിയായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയുമായി നടന്ന യൂറോ കപ്പ് മത്സരത്തിൽ, മാർക്കസ് പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ചിത്രത്തെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് നിരവധി ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. മാർക്കസിനോടൊപ്പം തന്നെ, ടീമിലെ കറുത്തവർഗക്കാരായ ജാഡൺ സാഞ്ചോ, ബുകായോ സക എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


നീല അക്ഷരങ്ങളിൽ എഴുതിയിരുന്നത് വ്യക്തമായിരിന്നില്ലെങ്കിലും, തികച്ചും മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. റാഷ്‌ഫോർഡിന്റെ ചിത്രത്തിന്റെ കേടുപാടുകൾ പരിഹരിച്ചതായും, ശക്തമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്ന ജനങ്ങൾ പോലീസ് അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


റാഷ്ഫോർഡിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഉടൻതന്നെ കുറ്റവാളികളെ കണ്ടുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അടുത്തിടെ വാക്സിൻ എടുത്ത ശേഷം മരണം സംഭവിച്ച ബിബിസി ബ്രോഡ്കാസ്റ്റർ ലിസ ഷായുടെ മരണകാരണം അസ്ട്രാസെനെക വാക്‌സിന്റെ അനന്തരഫലം മൂലമാണോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ലിസയുടെ ഭർത്താവ് ഉന്നയിച്ചിരിക്കുന്നത്. നാൽപത്തിനാലുകാരിയായ ലിസയുടെ മരണം മെയിലാണ് സംഭവിച്ചത്. ലിസയുടെ ഭർത്താവ് ഗാരെത്ത് ഈവ് ആണ് ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. തങ്ങൾ എടുത്ത വാക്സിൻ ഏറ്റവും മികച്ചതായിരുന്നു, എന്നാൽ അതിന് ദോഷഫലങ്ങളുണ്ട് എന്നത് അവഗണിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനോടകം തന്നെ 81 മില്യൺ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞതായും , ഇതിൽ ഭൂരിഭാഗം ആളുകൾക്കും പ്രശ്നങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് വ്യക്തമാക്കി. അസ്ട്രാസെനെക വാക്സിൻ ആദ്യത്തെ ഡോസ് എടുത്തതിനുശേഷം ഒരാഴ്ചയ്ക്കകം തന്നെ ലിസയ്ക്കു തലവേദന ആരംഭിച്ചതായും, തുടർന്ന് ന്യൂകാസ്റ്റിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ലിസയെ പ്രവേശിപ്പിച്ചതായും ഗാരെത്ത് വ്യക്തമാക്കി.തുടക്കത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ മോശമാകുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തി. ഇതാണ് ലിസയുടെ മരണത്തിന് പിന്നീട് കാരണമായത്.


വാക്സിൻ മൂലം ഉള്ള ത്രോംബോസിസ് എന്ന അവസ്ഥയാണ് ലിസയ്ക്ക് ഉണ്ടായതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം അനന്തരഫലങ്ങൾ വളരെ അപൂർവ്വമാണ്. താനൊരിക്കലും വാക്സിൻ നൽകുന്നതിന് എതിരല്ലെന്നും, എന്നാൽ വാക്സിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കരുതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ലിസയുടെ ഭർത്താവ് വ്യക്തമാക്കി.

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/WalsinghamCatholicTV

RECENT POSTS
Copyright © . All rights reserved