ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ നിരവധിയാണ്. പൂർണ്ണഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് പിടിപെട്ടാലുള്ള അവസ്ഥ വളരെ മോശമാണ്. ഗർഭിണിയായ ഭാര്യയും ജനിക്കാനിരിക്കുന്ന കുഞ്ഞും അതിജീവിക്കാൻ സാധ്യതയില്ലെന്ന് ആശുപത്രി അധികൃതർ ഭർത്താവ് ടോമിയോട് പറഞ്ഞു. കോവിഡ് പിടിപെട്ട് ക്രിസ്മസിന് ശേഷമാണ് ഭാര്യ എൽസയെ ടോമി കിംഗ്സ്റ്റൺ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിലും പൂർണ്ണ ഗർഭിണിയായതിനാൽ തന്നെ അപകടസാധ്യതയും കൂടുതൽ ആയിരുന്നു. “ഇത് അവളുടെയും ഞങ്ങളുടെ പിഞ്ചു കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ഇത് ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ നേരിട്ട ഏറ്റവും ഭയാനകമായ കാര്യം.” ടോമി വെളിപ്പെടുത്തി. എൽസയുടെ ആരോഗ്യം പെട്ടെന്ന് മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ അവളെ കോമയിലാക്കി ഇൻബ്യൂബേറ്റ് ചെയ്തു. അതിജീവനത്തിനുള്ള സാധ്യത തീരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജനുവരി 5 ന്, എൽസയുടെയും ടോമിയുടെയും കുഞ്ഞിനെ എമർജൻസി സി സെക്ഷനിലൂടെ പുറത്തെടുക്കാൻ തീരുമാനിച്ചു. ഒരു ഓപ്പറേഷന് എൽസയുടെ ജീവൻ രക്ഷിക്കാനാകുമെങ്കിലും അത് വലിയ അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്. വിജയകരമായി കുഞ്ഞിനെ പുറത്തെടുത്തു. 1.4 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. ഈ ബുധനാഴ്ചയാണ് ടോമി ആദ്യമായി തന്റെ കുഞ്ഞിനെ കാണുന്നത്. എന്നാൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി തുടരുന്ന എൽസ കുഞ്ഞിനടുത്തെത്തി സ്നേഹം പകരാൻ ദിവസങ്ങൾ എടുക്കും. കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിസന്ധിയിലും പ്രതീക്ഷയുടെ ചെറിയ വെളിച്ചം ബാക്കിയുണ്ടെന്നും ഇനിയും മുന്നോട്ട് പോകാൻ തങ്ങൾക്ക് വഴികളുണ്ടെന്നും തന്റെ ഭാര്യ കോവിഡിനെതിരായ യുദ്ധം ജയിച്ചു തിരികെയെത്തുമെന്നും
ടോമി പ്രത്യാശയോടെ പറഞ്ഞു. എൽസയെയും കുഞ്ഞിനെയും ചികിത്സിച്ച എല്ലാ നഴ്സുമാർക്കും ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച കുഞ്ഞിന് ടോമി ഒരു പേരിട്ടു ; ഫ്ലോറൻസ്
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണവൈറസ് രോഗവ്യാപന തീവ്രത ഉയർന്നതോടെ ബ്രിട്ടൻ കടന്നു പോകുന്നത് മൂന്നാം ലോക്ക്ഡൗണിൽ കൂടിയാണ്. ലോക്ക്ഡൗണിനോടും കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളോടും യുകെയിൽ ഉടനീളം സമ്മിശ്ര പ്രതികരണമാണുള്ളത്. 70 ടോറി എംപിമാർ ലോക്ക്ഡൗൺ എന്ന് അവസാനിപ്പിക്കും എന്നുള്ള ടൈംടേബിൾ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ആദ്യവാരം ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയർന്നുവരുന്നത്. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് എന്നാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് മാഞ്ചസ്റ്ററിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സമയത്ത് ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. സമ്മറിലേയ്ക്ക് ലോക്ക്ഡൗൺ നീളുന്നതിൻെറ സാധ്യതകളെ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.
നിലവിൽ മൂന്നാം ലോക്ക്ഡൗൺ ഫലപ്രാപ്തി കാണുന്നതിൻെറ ശുഭ സൂചനകൾ യുകെയിൽ ദർശിക്കാനാവുന്നുണ്ട്. കുറെ ദിവസങ്ങളായി കോവിഡ്-19 മൂലമുളള മരണ നിരക്ക് ഉയർന്നതായിരുന്നെങ്കിലും രോഗവ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം തടയാനായി കർശനമായ യാത്ര നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആൾക്കാരുടെ വേനൽക്കാല അവധി പ്ലാനുകളെ തകിടം മറിച്ച യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ ഇന്ന് യോഗം ചേരുന്നുണ്ട്.
ഈ വേനൽക്കാലത്ത് വിദേശത്ത് അവധി ദിനങ്ങൾ സാധ്യമാകുമോ എന്ന് ഇപ്പോഴേ പറയാനാകില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടു. വളരെനാൾ അടച്ചിടേണ്ടി വന്നാൽ പല പബ്ബുകളും റസ്റ്റോറന്റുകളും അതിജീവിക്കാൻ പാടുപെടുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ലോക്ക്ഡൗൺ കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെങ്കിൽ തകരുന്ന വ്യവസായരംഗത്തെ പിടിച്ചുനിർത്താനുള്ള ശക്തമായ സാമ്പത്തിക പാക്കേജുകളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സ്വന്തം ലേഖകൻ
യു കെ :- ആദ്യത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം, യു കെയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 320 ഓളം പേരുടെ അറസ്റ്റ് നടന്നതായി നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 4760 ഓളം അറസ്റ്റുകൾ ആണ് നടന്നത്. 6500 ഓളം കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ ആയി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അറസ്റ്റുകളെല്ലാം.
ഇത്തരത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുവാനായി ആഭ്യന്തരവകുപ്പ് ‘ടാക്കലിംഗ് ചൈൽഡ് സെക്സ് അബ്യുസ് സ്ട്രാടെജി ‘ എന്ന പേരിൽ പുതിയ ഒരു പദ്ധതിയും തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളുടെ ചിത്രങ്ങളുൾപ്പെടെ വിശദമായ വിവരങ്ങൾ ഈ ഡേറ്റാബേസിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ തീരുമാനത്തെ നാഷണൽ ക്രൈം ഏജൻസി ഡയറക്ടർ റോബ് ജോൺസ് സ്വാഗതം ചെയ്തു.
അധികൃതരുടെ ശ്രദ്ധ തിരിച്ച്, ഡാർക്ക് വെബ്ബിലൂടെ എന്തും ചെയ്യാമെന്ന ചിന്ത കുറ്റവാളികൾക്ക് ഉണ്ടെന്നും, എന്നാൽ ഇവരെയും ട്രാക്ക് ചെയ്യാനുള്ള സ്രോതസ്സുകൾ എൻസിഎയുടെ ഭാഗത്ത് ഉണ്ടെന്നും ഡയറക്ടർ പറഞ്ഞു. 2019-ൽ നടന്നതിനേക്കാൾ ഇരട്ടി കുറ്റകൃത്യങ്ങളാണ് കഴിഞ്ഞവർഷം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന നാഷണൽ സ്ട്രാറ്റജി ഇത്തരം കുറ്റവാളികൾക്കെതിരെയും, കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഉള്ളതാണെന്ന് അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ വരുതിയിൽ ആക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന യുകെ ഗവൺമെൻറ്… ശമ്പളം ഉൾപ്പെടെ ചെയ്യാവുന്നതിനും അപ്പുറം സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നു… ഏറ്റകുറച്ചിലുകൾ ഉണ്ട് എങ്കിലും കൊറോണയെന്ന പൊതു ശത്രുവിനെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ദുഃഖകരമായ കാഴ്ച്ച… ലോക് ഡൗൺ നീണ്ടു എന്നതു യാഥാർത്യമായി നിലനിൽക്കുമ്പോഴും ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയിൽ ഉള്ള ഒരു ചെറിയ വിഭാഗം ആളുകളുടെ നിലപാടിനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചുറപ്പിച്ചാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ ബ്രീഫിംഗിനായി ഇന്ന് എത്തിയത്.. ഉറച്ച തീരുമാനങ്ങൾ ഇനി പറയുന്നവയാണ്
ഭൂരിപക്ഷം അനുസരിക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന പ്രവർത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നതെന്നും, നിയമം അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയാണ് പ്രീതി പട്ടേൽ ഇന്നത്തെ വാർത്താസമ്മേനം തുടങ്ങിയത്.
പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് അടുത്ത ആഴ്ച മുതൽ.. ഇതുവരെ ആരെങ്കിലും ഹൗസ് പാർട്ടി നടത്തിയാൽ നൽകിയിരുന്ന പിഴ 200 പൗണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ പിടിക്കപ്പെട്ടാൽ നല്കേണ്ടത് 800 പൗണ്ടാണ് എന്ന് ഓർക്കുന്നത് കീശ കാലിയാകാതെ ഇരിക്കുന്നതിന് ഉതകും. നേരെത്തെ 30 പേരുള്ള ഒരു കൂട്ടത്തെ മാത്രമാണ് ഹൗസ് പാർട്ടി എന്ന് കണക്കാക്കിയിരുന്ന നിയമം ഇപ്പോൾ അത് 15 പേരായി കുറിച്ചിരിക്കുന്നു.
ഇങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ട ആൾ വീണ്ടും മറ്റൊരു പാർട്ടിയിൽ പങ്കെടുത്തു പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുന്നു എന്നും ഓർമ്മവെയ്ക്കുക. ആവർത്തിച്ചു പിടിക്കപ്പെടുമ്പോൾ പിഴ 6400 പൗണ്ട് വരെ എത്താം.
ഹൗസ് പാർട്ടി സംഘടപ്പിക്കുന്നവർക്ക് ലഭിക്കുന്ന പിഴ 10000 പൗണ്ടാണ്.
കഴിഞ്ഞ ആഗസ്ററ് മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ പോലീസ് കൊടുത്ത് 250 ഫൈനുകൾ. ഇത് ഹൗസ് പാർട്ടികളുടെ മാത്രം കണക്കാണ്.
കൃത്യമായ ഡാറ്റായുടെ പിൻബലത്തിൽ ആണ് ഇന്ന് ഹോം സെക്രട്ടറി സംസാരിച്ചത് എന്ന് ബിബിസി യും റിപ്പോർട്ട് ചെയ്യുന്നു.
നിയമം പാലിക്കാത്തവർ ‘എന്നെ എങ്ങനെ പിടിക്കാൻ ആണ്’ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗൂഗിൾ, ആപ്പിൾ എന്നിവക്കൊപ്പം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് കൊടുത്ത ഡാറ്റയും പരിശോധന നടത്തിയാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
എത്തിനിക് മൈനോറിറ്റി വിഭാഗങ്ങളെ കോവിഡ് വാക്‌സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന പുതിയ പദ്ധതികളും സർക്കാർ പുറത്തുവിട്ടു.
ഇന്ന് യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത് 1290 പേരാണ്. യുകെയിൽ ഒരു മിനുട്ടിൽ നൽകുന്നത് 200 വാക്‌സിനുകൾ ആണ് എന്നും അറിയിച്ചു. പള്ളികളും മോസ്‌കുകളും വാക്‌സിൻ സെന്ററുകൾ ആയി മാറിയെന്നതും ഇന്നത്തെ സന്തോഷവാർത്തകൾ ആണ്.
സ്വന്തം ലേഖകൻ
കൊറോണ രോഗ തീവ്രതയിൽ ബുദ്ധിമുട്ടുന്ന ബ്രിട്ടനിൽ ഇരുട്ടടിയായി ക്രിസ്റ്റഫ് കൊടുങ്കാറ്റ് ആഞ്ഞു വീശിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. കൊടുങ്കാറ്റ് കാരണം കടുത്ത മഞ്ഞുവീഴ്ചയും പേമാരിക്കും ഇംഗ്ലണ്ടും വെയിൽസും സാക്ഷ്യംവഹിച്ചത്. വ്യാപകമായ വെള്ളപ്പൊക്കത്തിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്ററിലെ ഡിഡ്‌സ്ബറി, നോർത്ത്‌ഹെൻഡൻ പ്രദേശങ്ങളിലും, റൂത്തിൻ, ബാംഗൂർ-ഓൺ, നോർത്ത് വെയിൽസ്, മെർസീസൈഡിലെ മാഗൾ എന്നിവിടങ്ങളിൽ 2000 ഭവനങ്ങളിൽ നിന്നുള്ള ജനങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതായി വന്നു.
കൊടുങ്കാറ്റ് മൂലമുള്ള ദുരിതങ്ങൾ കൂടുതലായേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. രണ്ട് മാസം കൊണ്ട് പെയ്യേണ്ട മഴയാണ് കഴിഞ്ഞ 36 മണിക്കൂർ കൊണ്ട് യുകെയിൽ പെയ്തിറങ്ങിയതാണ് പ്രളയം രൂക്ഷമാകാൻ കാരണം. യുകെയിലെ പല നദികളിലും അപകടകരമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധകുത്തിവെയ്പ്പ് ഉൾപ്പെടെയുള്ള കൊറോണയ്ക്കെതിരായ പ്രവർത്തനങ്ങളെ പ്രകൃതി ദുരന്തം ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ നിന്ന് നോർത്ത് വെയിൽസിലെ റെക്സാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വാക്സിൻ സൈറ്റ് സംരക്ഷിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി കൈകൊണ്ടിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി-അസ്ട്രാസെനെക്ക വാക്‌സിൻ നിർമ്മിക്കുന്നതിനായി 400 പേരാണ് അവിടെ ജോലി ചെയ്യുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്നലെ 1820 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട തിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മരണ നിരക്കാണ് ഇത് . ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം ഈ വർഷം തുടങ്ങി 20 ദിവസത്തിനുള്ളിൽ ഇതുവരെ 20000 കോവിസ് – 19 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് മരണങ്ങൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി .
ഇതിനിടെ മരണനിരക്ക് ഉയർന്ന തോതിലാണെങ്കിലും ലോക്ക് ഡൗണിന്റെ ഫലമായി രോഗവ്യാപന തീവ്രത കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ 38905 പുതിയ കോവിഡ്-19 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇതേ അവസരത്തിൽ കഴിഞ്ഞ ആഴ്ച ഇതേ ദിവസം മരണനിരക്ക് 47525 ആയിരുന്നു. കഴിയുന്ന അത്ര വേഗത്തിൽ രാജ്യത്തൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവൺമെൻറ്. ദുഃഖവെള്ളിയാഴ്ചയോടെ ലോക്കഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളാണ് ഗവൺമെൻറ് തയ്യാറാക്കുന്നത് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിൽ മുൻഗണനാക്രമത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാക്സിൻ വിതരണം നടത്തുന്നത് . എന്നാൽ യോഗ്യതയില്ലാത്ത പലർക്കും അനർഹമായി വാക്സിൻ ലഭിച്ചെന്നുള്ള വിവരങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
യു എസ് :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.
മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.
ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണവൈറസ് വ്യാപന തീവ്രത വർദ്ധിച്ചതോടെ യുകെയിൽ ഉടനീളം സ്കൂളുകൾ പ്രവർത്തനം ഈ മാസം തുടക്കത്തിലെ നിർത്തിവെക്കാൻ ഗവൺമെൻറ് തീരുമാനിച്ചിരുന്നു. വിദ്യാർത്ഥികൾ ഇപ്പോൾ വീടുകളിൽ ഇരുന്ന് ഓൺലൈൻ പഠനം മാധ്യമങ്ങളിലൂടെയാണ് ക്ലാസുകളിൽ സംബന്ധിക്കുന്നത്. ഈ അവസരത്തിലാണ് ബർമിങ്ഹാമിലെ ആയിരക്കണക്കിന് കുട്ടികൾ ലാപ്ടോപ്പുകൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല എന്ന ദുഃഖകരമായ വാർത്ത പുറത്തുവന്നിരിക്കുന്നത്. ബർമിങ്ഹാമിൽ അയ്യായിരത്തോളം കുട്ടികൾക്കാണ് കമ്പ്യൂട്ടറുകൾ ഇല്ലാത്തതിനാൽ പഠനം തടസ്സപ്പെടുന്നത് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വീടുകളിൽ പഠനം സാധിക്കാത്ത ഈ കുട്ടികൾ തങ്ങളുടെ സഹപാഠികളേക്കാൾ പഠനകാര്യത്തിൽ വളരെ പിന്നിൽ ആകും എന്ന് വിലയിരുത്തപ്പെടുന്നു.
. ബെർമിങ്ഹാം സിറ്റിയിലെ കുട്ടികളുടെ പഠന സൗകര്യത്തെ കുറിച്ച് നടത്തിയ പഠനത്തിൽ ഒരു സ്കൂൾ ഒഴിച്ച് ബാക്കി എല്ലാവർക്കും കൂടുതൽ പഠനോപകരണങ്ങൾ വേണമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിച്ചത് . ഒന്നിൽ കൂടുതൽ കുട്ടികൾ ഓൺലൈൻ പഠനം നടത്തേണ്ട സാഹചര്യത്തിൽ വീട്ടിലുള്ള കമ്പ്യൂട്ടർ പങ്കിട്ട് ഒരേസമയം ഉപയോഗിക്കേണ്ടി വരുന്നതിൻെറ പ്രായോഗിക ബുദ്ധിമുട്ടുകൾ പല വീടുകളിലും ഉണ്ട്. മാതാപിതാക്കളും വർക്ക് ഫ്രം ഹോം ആണെങ്കിൽ സ്ഥിതി വീണ്ടും ദുഷ്കരം ആവുകയും ചെയ്യും.
മതിയായ സൗകര്യമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം ബുദ്ധിമുട്ടിലായ കുട്ടികൾക്ക് ബെർമിങ്ഹാം ഡിജിറ്റൽ എഡ്യൂക്കേഷൻ പാർട്ട്ണർഷിപ്പ് സഹായഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സുമനസ്സുകൾക്ക് പണമായോ കമ്പ്യൂട്ടറുകൾ നൽകിയോ കുട്ടികളെ സഹായിക്കാൻ ആവും.
പണമോ ലാപ്ടോപ്പുകളോ നൽകി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിക്കാം
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലൂടെ യുകെ ഭൂഖണ്ഡത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വളരെ വേഗത്തിലും ഫലപ്രദവുമായാണ് നീങ്ങുന്നത്. ലോകത്തെ ഏറ്റവും മോശം കോവിഡ് മരണനിരക്ക് ബ്രിട്ടനിൽ ആണെന്ന് പറയുമ്പോഴും വാക്സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലാണ് രാജ്യം. ഫ്രാൻസിനേക്കാൾ പത്തിരട്ടി ആളുകൾക്ക് എൻ എച്ച് എസ് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. എല്ലാ മുതിർന്നവർക്കും സെപ്റ്റംബറോടെ വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമെന്ന് ഡൊമിനിക് റാബ് വെളിപ്പെടുത്തി. രോഗപ്രതിരോധ നടപടികളുമായി എൻ എച്ച് എസ് മുന്നിൽ തന്നെയുള്ളത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ്. 1945 ന് ശേഷം യൂറോപ്പ് മുഴുവൻ സ്വകാര്യ സമ്പത്തിനെ അടിസ്ഥാനമാക്കാതെയുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചു. നിർബന്ധിത ഇൻഷുറൻസ് പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.
എൻഎച്ച്എസ് ബജറ്റ് വർദ്ധിപ്പിക്കുമെന്ന് 2000 ൽ ടോണി ബ്ലെയർ പ്രഖ്യാപിച്ചിരുന്നു. ട്രഷറി ബ്ലെയറിനെ തടയാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം തന്റെ നിയോ – ലിബറൽ പ്രത്യയശാസ്ത്രത്തിലൂടെ ശക്തി പ്രാപിച്ചു. ഒരു ദശകത്തിലേറെയായി സൗകര്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും വലിയ പുരോഗതി ഉണ്ടായി. എന്നാൽ ബ്രിട്ടീഷ് ഡോക്ടർമാർക്കും നേഴ്സുമാർക്കും പരിശീലനം നൽകുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയനിൽ നിന്ന് അതിനകം പരിശീലനം നേടിയ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കാൻ ട്രഷറി ഒരുങ്ങി. സൈമൺ സ്റ്റീവൻസിനെ 2014 ൽ എൻഎച്ച്എസിന്റെ ചുമതല ഏല്പിച്ചു. അദ്ദേഹം എൻഎച്ച്‌എസിനെ രാജ്യത്തിനായി സംരക്ഷിച്ചു. സ്വകാര്യ ലാഭം നല്ലതാണെന്നും പൊതുസേവനം കാലഹരണപ്പെട്ടതാണെന്നും സമീപകാല ദശകങ്ങളുടെ അനുഭവത്തിലൂടെ ബ്രിട്ടൻ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.