ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാർ, ഗ്യാസ് ബില്ലുകൾ പ്രതിവർഷം നൂറു പൗണ്ടോളം വർദ്ധി പ്പിക്കുമെന്ന് സർക്കാർ. 2050ഓടെ കാർബൺ ഉദ്വമനം ഇല്ലാതാക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ചേർന്ന് മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് അടുത്ത വർഷം മുതൽ നടപ്പിലാകാൻ പോകുന്നത്. സർക്കാരിന്റെ കാർബൺ റിഡക്ഷൻ സ്കീം പ്രകാരം പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 100 പൗണ്ടിൽ കൂടുതൽ വർദ്ധിക്കും. അതേസമയം ശരാശരി ഗ്യാസ് ബിൽ 170 പൗണ്ട് വരെ ഉയരും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടുത്ത ആഴ്ച ചാൻസലർ റിഷി സുനക്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷിസ്ഥലങ്ങളിലേക്കും ഈയൊരു പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രിമാർ ആലോചിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് അതിനെ എതിർത്തു.

നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുമ്പായി കാർബൺ എമിഷൻ ട്രേഡിംഗ് പദ്ധതിയുടെ കൂടിയാലോചന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങൾ ചൂടാകുന്നത് മൂലമുണ്ടാകുന്ന ഉദ്വമനവും പെട്രോൾ, ഡീസൽ വാഹനങ്ങൾ വഴി ഉണ്ടാകുന്ന ഉദ്വമനവും പരിഹരിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ചാൻസലർ ഋഷി സുനക് 15 ബില്യൺ പൗണ്ടിന്റെ ഗ്രീൻ സേവിംഗ്സ് ബോണ്ടുകൾ വിതരണം ചെയ്യും. ലണ്ടനിലെ മാൻഷൻ ഹൗസിൽ നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ പുതിയ ബോണ്ടുകൾ പ്രഖ്യാപിക്കും. പുതിയ സൗരോർജ്ജ സംരംഭങ്ങളിലും കാറ്റാടിപ്പാടങ്ങളിലും നിക്ഷേപം നടത്താൻ ആളുകളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. 7 ബില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യ ബോണ്ട് ഈ വർഷം സെപ്റ്റംബറിൽ ഇഷ്യു ചെയ്യുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൻ സർക്കാർ ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.