ഷിബു മാത്യൂ.
ലീഡ്‌സ്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലീഡ്‌സിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച. ആസൂത്രിതമായി നടത്തിയ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം പൗണ്ട്. രണ്ട് മിനിറ്റ് നീണ്ട് നിന്ന മോഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ലീഡ്‌സില്‍ ഇന്ത്യാക്കാരെ, പ്രത്യേകിച്ചും മലയാളികളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതുവരെ നടന്ന ഒരു മോഷണത്തിനും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. പ്രാരംഭ ദിശയിലെ പോലീസിന്റെ സമീപനമൊഴിച്ചാല്‍ പോലീസ് നിഷ്‌ക്രിയരാവുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്.
മലയാളം യുകെ ന്യൂസിന് ലഭിച്ച കവര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ!
ഏപ്രില്‍ 21 ബുധന്‍. സമയം 7.42pm.
സാമാന്യം തിരക്കുള്ള പെട്രോള്‍ സ്റ്റേഷനാണെങ്കിലും ഈ സമയം തിരക്ക് വളരെ കുറവായിയിരുന്നു. മലയാളി സ്റ്റാഫുകള്‍ എല്ലാം ഏഴു മണിക്ക് ഷിഫ്റ്റ് പൂര്‍ത്തിയാക്കി പോയി. അതിനു ശേഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗുജറാത്തി പെണ്‍കുട്ടി സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. പെട്ടന്ന് അഞ്ച് പേരടങ്ങുന്ന ഒരു സംഘം കാറില്‍ പെട്രോള്‍ സ്റ്റേനിലെ സ്റ്റോറിന്റെ മുമ്പിലെത്തി. നാല് പേര്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവര്‍ കാര്‍ റെഡിയാക്കി കാറില്‍ തന്നെയിരുന്നു. ഇറങ്ങിയ നാലുപേരിലൊരാള്‍ സ്റ്റോറിന്റെ ഓട്ടോമാറ്റിക് ഡോറിന്റെ സെന്‍സര്‍ കൈ കൊണ്ട് മറച്ചു പിടിച്ചു. രക്ഷപെടാന്‍ ഡോര്‍ എപ്പോഴും തുറന്നിരിക്കണം എന്നതായിരിക്കണം അവരുടെ ഉദ്ദേശം. ബാക്കി മൂന്നു പേര്‍ സ്റ്റോറിനുള്ളില്‍ കടന്നു. അതില്‍ രണ്ട് പേര്‍ കൗണ്ടര്‍ ലക്ഷ്യമാക്കി പോയി. ഒരാള്‍ സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന പെണ്‍കുട്ടിയുടെ അടുത്തേയ്ക്കും പോയി. അയാള്‍ ആ കുട്ടിയെ കത്തികാട്ടി വലിച്ചിഴയ്ച്ച് കൗണ്ടറില്‍ കൊണ്ടുവന്നു. കൗണ്ടറില്‍ പൂട്ടിയിട്ടിരിക്കുന്നതൊക്കെ തുറന്നുകൊടുക്കുവാനാണ് അങ്ങനെ ചെയ്തത്. ഈ സമയം ആദ്യം കൗണ്ടറിലെത്തിയവര്‍ പരമാവധി സാധനങ്ങള്‍ സഞ്ചിയിലാക്കിയിരുന്നു. കൗണ്ടറിലെത്തിയ പെണ്‍കുട്ടി ഇതിനിടയില്‍, അടിയന്തിരമായി അപകടസമയത്ത് പൊലീസിനെ വിവരമറിയ്ക്കാനായി തയ്യാറാക്കിയിരിക്കുന്ന സ്വിച്ചിലമര്‍ത്തി. അതോടെ സ്റ്റോറിലെ എമര്‍ജന്‍സി അലാറങ്ങള്‍ അടിച്ചു തുടങ്ങി. ഇതിനോടകം അപകടം മണത്തറിഞ്ഞ മോഷ്ടാക്കള്‍ കിട്ടിയതെല്ലാം ചാക്കിലാക്കി സ്ഥലം വിട്ടു. അലാറം അടിച്ച് ഒരു മിനിറ്റിനുള്ളില്‍ പൊലീസ് എത്തി. എങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ സാധിച്ചില്ല. സാഹചര്യതെളിവുകള്‍ വെച്ച് മോഷ്ടാക്കള്‍ പ്രാദേശികരാണെന്ന് പോലീസ് പറയുന്നു.
മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. സ്വന്തം ജീവിതം അപകടമായപ്പോഴും അവസരോചിതമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.
(കേസിന് ആസ്പദമായ അന്വേഷണങ്ങള്‍ നിലനില്ക്കുന്നതു കൊണ്ട് ആധികാരിക വിവരങ്ങള്‍ പുറത്തു വിടാന്‍ മലയാളം യുകെ ന്യൂസിന് സാധിക്കില്ല എന്ന് വിനയപൂര്‍വ്വം അറിയ്ക്കുന്നു)
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും ചരിത്രം കേട്ടാൽ ആരുമൊന്ന് ഭയക്കും. സിറിയയിൽ ഐഎസ്ഐഎസിനായി പോരാടുന്ന സഹയ്ബ് അബു, മുഹമ്മദ് അബു എന്നീ സഹോദരങ്ങൾ, തീവ്രവാദ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് യുകെ ജയിലിൽ കഴിയുന്ന അർദ്ധസഹോദരൻ അഹമ്മദ്, അഹമ്മദിന്റെ സഹോദരി അസ്മ, അസ്മയുടെ ഭർത്താവ് എന്നിവർ ചേരുന്നതാണ് കുടുംബം. കഴിഞ്ഞയാഴ്ച ഐഎസ്ഐഎസ് ആക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ സഹയ്ബ് അബു (28) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നത് അസാധാരണമാണെന്ന് മെട്രോപൊളിറ്റൻ പോലീസിന്റെ കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സഹയ്ബിന്റെ സഹോദരൻ മുഹമ്മദ് (32) അദ്ദേഹത്തോടൊപ്പം വിചാരണ നേരിട്ടിരുന്നു. എന്നാൽ തീവ്രവാദ നിയമം 2000 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

നീചമായ ഐഎസ്ഐഎസ് വീഡിയോകളും സമാനമായ വസ്തുക്കളും പങ്കിട്ടതിന് 2019 ൽ 25 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ട വ്യക്തിയാണ് അഹമ്മദ്. അനുബന്ധ കുറ്റങ്ങൾക്ക് സഹോദരി അസ്മയെയും ഭർത്താവിനെയും ഒരേ സമയം ജയിലിലേക്ക് അയച്ചു. ഇവരെ കൂടാതെ മറ്റു രണ്ട് സഹോദരന്മാർ 2015ൽ ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാൻ സിറിയയിലേക്ക് പോയി. ഒരാൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും മറ്റൊരാൾ തലയ്ക്ക് വെടിയേറ്റ് മരിച്ചുവെന്നും കരുതപ്പെടുന്നു. 1990 കളുടെ തുടക്കത്തിൽ സൊമാലിയയിൽ നിന്ന് യുകെയിലേയ്ക്ക് അബു മുനിയെയുടെ വരവോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് സൊമാലിയൻ ആഭ്യന്തര യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത അഭയാർഥികൾ യൂറോപ്പിലെ പല സ്ഥലങ്ങളിലേക്ക് പോയിരുന്നു. അപ്പോൾ രണ്ട് ഭാര്യമാരും മൂന്നുമാസം പ്രായമുള്ള മകൻ സഹെയ്ബും മറ്റു മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഈസ്റ്റ് ലണ്ടൻ ബറോയിലെ റെഡ്ബ്രിഡ്ജിലാണ് ഇവർ താമസമാക്കിയത്. 2018 ഫെബ്രുവരിയിൽ, സഹെയ്ബിനെയും സഹോദരൻ മുഹമ്മദിനെയും ഒരു ജ്വല്ലറി സ്റ്റോർ കവർച്ചാശ്രമത്തിനിടെ പോലീസ് പിടികൂടിയിരുന്നു. അഹമ്മദ് അവീസ്, സഹോദരി അസ്മ, ഭർത്താവ് അബ്ദുൽ അസീസ് മുനെ എന്നിവർ മൊബൈലിലൂടെ തീവ്രവാദ പ്രചാരണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇവരെല്ലാം ജയിലിലടയ്ക്കപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ വലഞ്ഞു അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികൾ. ചിലർ അവധി പൂർത്തിയാക്കാനാവാതെ നിയമം നടപ്പിലാക്കുന്നതിന് മുൻപായി തിരികെ ബ്രിട്ടണിൽ എത്തിച്ചേർന്നു. യു കെ യിലെ വാൾസലിൽ സോഷ്യൽ സർവീസസ് മാനേജർ ആയി ജോലി ചെയ്യുന്ന ബിജു മാത്യു ഡെഡ് ലൈന് മുൻപ് ബ്രിട്ടണിൽ എത്തിച്ചേർന്ന തന്റെ അനുഭവം വെളിപ്പെടുത്തുന്നു. ഏകദേശം രണ്ടായിരം പൗണ്ടോളം ചെലവാക്കിയാണ് അദ്ദേഹം തിരികെ എത്തിച്ചേർന്നത്. ബന്ധുക്കളോടും മറ്റും യാത്ര പറയാൻ പോലും തനിക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബിജു മാത്യു
എന്നാൽ ഇതേ സമയം വിവാഹത്തിനായി എത്തിച്ചേർന്ന കിരൺ, സൗമ്യ ഫിലിപ്പ് എന്നിവർ തിരികെ പോകാൻ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലാണ്. സാധാരണയുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ ഇരട്ടി ചാർജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. അതോടൊപ്പം തന്നെ ടിക്കറ്റ് ലഭിക്കാനുമില്ല എന്നാണ് ആളുകൾ പരാതിപ്പെടുന്നത്. ഏപ്രിൽ 12 മുതൽ തന്നെ ടിക്കറ്റിനായി നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ലഭിച്ചില്ല എന്ന് ഇരുവരും പറഞ്ഞു. ഇവരെ പോലെ നിരവധി യുകെ മലയാളികളാണ് തിരികെ പോകാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡബിൾ മ്യുട്ടന്റ് സ്‌ട്രെയിൻ ഇന്ത്യയിൽ കണ്ടുപിടിച്ചതിന് തുടർന്ന്, രോഗികൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങൾ.
കിരണിനെയും സൗമ്യയെയും പോലെ തന്നെ, തങ്ങളുടെ വിസ പുതുക്കാനായി യുകെയിലേക്ക് പോകാൻ സാധിക്കാതെ വിഷമിക്കുകയാണ് പ്രീത കെജ്‌രിവാളും, മകൻ തനിഷും. മെയ് 6 മുതൽ മകന് യുകെയിൽ പരീക്ഷകൾ ഉള്ളതായി ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മറ്റു നീക്കുപോക്കുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് തിരികെ പോകാനുള്ളവർ.

കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷുകാർക്ക് മാത്രമാണ് തിരികെ രാജ്യത്ത് എത്തിച്ചേരാനുള്ള അനുമതി. ഇങ്ങനെ എത്തിച്ചേരുന്നവർ 11 ദിവസം നിർബന്ധമായും ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യണമെന്നാണ് പുതിയ മാനദണ്ഡങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടെ അവധിക്ക് മറ്റും പോയ ഇന്ത്യക്കാരായ യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരികെ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ 11 ദശലക്ഷത്തിലധികം ജനങ്ങൾക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചതായി എൻഎച്ച്എസിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 11,192,602 പേർക്കാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചത്. അതേസമയം ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണം 33,257,651 ആയി. രാജ്യത്ത് 50 വയസ്സിന് മുകളിലുള്ള 95% പേർക്കും വാക്‌സിനേഷൻ നൽകാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ സാധിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് അറിയിച്ചു.

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച 18 മരണങ്ങളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2729 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. ഇതോടുകൂടി മഹാമാരി ആരംഭിച്ചതിന് ശേഷം കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 127345 ഉം രോഗബാധിതരുടെ എണ്ണം 4398431 ആയി. അതേസമയം ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച 20 രാജ്യങ്ങളിൽ നിന്ന് യുകെ ഒഴിവായി. അൽഷിമേഴ്‌സ്, ഹൃദ്രോഗം മൂലമുള്ള മരണങ്ങളേക്കാൾ കുറവു മരണങ്ങൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് മൂലമുണ്ടാകുന്നതെന്ന കണക്കുകൾ പുറത്തുവന്നു. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ യുദ്ധം രാജ്യം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ കോവിഡിൽ നിന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ഡയറ്റ് സ്റ്റേപ്പിളുകളായ വൈറ്റ് ബ്രെഡ്, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവ വ്യക്തികളെ അകാല മരണത്തിലേക്ക് നയിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാന ഭക്ഷണങ്ങൾ അപകടകാരികൾ എന്ന് മുന്നറിയിപ്പ്. വെളുത്ത റൊട്ടി, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവയാണ് പ്രധാന അപകടകാരികൾ.

‘ബ്രിട്ടീഷ് ഡയറ്റ്’ മാരക രോഗങ്ങൾക്ക് വഴി വെക്കുമെന്ന് വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചസാര മധുരമുള്ള പാനീയങ്ങൾ, ടേബിൾ പഞ്ചസാര എന്നിവയും അവയിൽ ഉൾപ്പെടുന്നു. അത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന കലോറിയും കൊഴുപ്പും പഞ്ചസാരയും കാണപ്പെടുന്നുവെന്നും ഫൈബർ പോലെയുള്ള ആവശ്യ വസ്തുക്കൾ കുറവാണെന്നും , ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. യുകെയിലെ 116,806 വ്യക്തികളുടെ ഡാറ്റ അവർ വിശകലനം ചെയ്ത് ശരാശരി 4.9 വർഷം കണക്കിലെടുത്താണ് പഠനം നടന്നത്. ഈ സമയത്ത്, 4,245 പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തിട്ടുണ്ട് അതിൽ 838 എണ്ണം മാരകമാണ്.

ഫാറ്റി, പഞ്ചസാര എന്നിവ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ഭക്ഷണരീതികൾ, ഹൃദ്രോഗത്തിലേയ്ക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ പാറ്റേണുകളിൽ ഭക്ഷണ ശീലമുള്ള 40 ശതമാനം പേരുടെയും ആരോഗ്യം അപകടത്തിലാണെന്ന് പഠനത്തിൽ ഭാഗമായ ഡോ. കാർമെൻ പിയേർനാസ് പറയുന്നു : ” ഭക്ഷണത്തേക്കാൾ ഭക്ഷണത്തിലെ പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും സാധാരണമായ നിർദ്ദേശങ്ങൾ, ഇത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ബ്രിട്ടനിൽ സാധാരണയായി കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ അപകടം തിരിച്ചറിയാൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുന്നു, ഈ ഭക്ഷണ പാനീയങ്ങൾ ഹൃദ്രോഗവും മരണനിരക്കും വർദ്ധിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളുടെ അവസ്ഥ വളരെ സങ്കടകരമാണ്. ഒരേസമയം ആശ്വാസവും ആശങ്കയും. ബ്രിട്ടനിൽ രോഗവ്യാപനവും മരണനിരക്കും വളരെ കുറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച 20 രാജ്യങ്ങളിൽ നിന്ന് യുകെ ഒഴിവായി. അൽഷിമേഴ്‌സ്, ഹൃദ്രോഗം മൂലമുള്ള മരണങ്ങളേക്കാൾ കുറവു മരണങ്ങൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് മൂലമുണ്ടാകുന്നതെന്ന കണക്കുകൾ പുറത്തുവന്നു. ബ്രിട്ടനിൽ കോവിഡ് മൂലം 127000 ത്തിലധികം മരണങ്ങൾ ആണ് ഉണ്ടായത്. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. പത്ത് ദശലക്ഷത്തിലധികം ജനങ്ങൾക്കാണ് ഇതുവരെ വാക്സിൻെറ രണ്ടുഡോസ് നൽകിയത്. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ രാജ്യം യുദ്ധം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ ലോക്ഡൗണിൽ നിന്ന് രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

എന്നാൽ ഇന്ത്യയിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണ്. ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ്. 24 മണിക്കൂറിനുള്ളിൽ 314835 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതിനുമുമ്പ് യുഎസിൽ മാത്രമാണ് രോഗവ്യാപനം മൂന്നു ലക്ഷത്തിൽ കൂടുതൽ ആയത്. ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 16 ദശലക്ഷത്തിലേയ്ക്ക് അടുക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓക്സിജൻ ലഭ്യതയിലെ കുറവും കോവിഡ് ചികിത്സയിൽ രാജ്യത്തിന് വൻ വെല്ലുവിളി ആയിട്ടുണ്ട്. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. നാട്ടിൽനിന്നുള്ള ഓരോ ഫോൺകോളിലും യുകെ മലയാളികളെ തേടിയെത്തുന്നത് ഉറ്റവരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രോഗവാർത്തയോ മരണവാർത്തയോ ആണ്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവാദിത്വമില്ലാതെ ആണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും, പ്രമുഖ ബിസിനസുകാരനായ സർ ജെയിംസ് ഡൈസണുമായുള്ള ഇടപാടുകളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം ഉണ്ടാകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ഡൈസണും തമ്മിലുള്ള സംഭാഷണങ്ങളാണ് പുതിയ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അയച്ച സന്ദേശങ്ങളിൽ, ബ്രിട്ടനിലെത്തി ജോലി ചെയ്യുന്ന ഡൈസന്റെ ജോലിക്കാർക്ക് ടാക്സ് വിഷയങ്ങളിൽ സുഗമമായ നീക്കുപോക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഡൈസൺ ഉൾപ്പെടെയുള്ള വ്യവസായികളോട് വെന്റിലേറ്റർ സപ്ലൈ ചെയ്യുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ താൻ ക്ഷമ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ ഏതൊരു പ്രധാനമന്ത്രിയും ചെയ്യുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളൂ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ ഇതിനെ ചൊല്ലി വൻ വിവാദങ്ങളാണ് ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ബാധ പ്രതിസന്ധിയിലായിരുന്ന കഴിഞ്ഞ മാർച്ചിലാണ് ഈ സംഭാഷണങ്ങൾ ഇരുവരും കൈമാറിയത്. എന്നാൽ പ്രധാനമന്ത്രിയുടെ സമീപനം തികച്ചും ഏകപക്ഷീയമാണെന്ന അഭിപ്രായമാണ് ഉയർന്നു വരുന്നത്. ഉടൻതന്നെ ഈ വിഷയത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് ലേബർ പാർട്ടി വൃത്തങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി യാതൊരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കുവാനായി ബിസിനസുകാരോട് വെന്റിലേറ്റർ സപ്ലൈക്കായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഡൈസൺ വെന്റിലേറ്റർ സപ്ലൈക്കായും മറ്റും വരുന്ന തന്റെ തൊഴിലാളികൾക്ക് ടാക്സ് വിഷയങ്ങൾ ഉണ്ടാവുകയില്ല എന്ന് ഉറപ്പിനായി ട്രഷറിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ അറിയിപ്പുകൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനാൽ ആണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ആവശ്യമായ ഉറപ്പുകൾ നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ നിലപാട് ഏകപക്ഷീയം ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. എന്നാൽ തനിക്ക് മറക്കുവാൻ ഒന്നുമില്ലെന്നും, എന്തും നേരിടാൻ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ റെഡ് ലിസ്റ്റിൽ ചേർക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നൽകിയില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് എയർപോർട്ട് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണി തൊട്ടുതന്നെ ഇന്ത്യയിൽനിന്നുള്ള ഫ്ലൈറ്റുകൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നിഷേധിച്ചിരുന്നു എന്നുള്ള വിവരങ്ങളാണ് വിവാദമായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ സ്ഥിരീകരിച്ചതാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേയ്ക്കുള്ള യാത്രാനുമതി ലഭ്യമാകുകയുള്ളൂ. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.

ഇന്ത്യയിൽ നിന്ന് യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ടാണ്. ഹോട്ടൽ താമസം,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഹാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും. ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.
ചാന്ദിനി പി സി സേനൻ
ദേശിയസ്ഥിതി വിവരണകണക്കു പ്രകാരം കടബാധ്യത ഇന്ത്യയിൽ വേഗത്തിൽ ഉയരുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യത കഴിഞ്ഞ നാലു വർഷമായിവർധിച്ചു വരുന്നു. കേന്ദ്ര ബാങ്കിന്റെകണക്കുകൾ പ്രകാരം കടബാധ്യത മൊത്തം ഉപഭോഗത്തിൻറെ 15.6% ആയിരുന്നത് 19.3% ആയി ഉയർന്നു. ഇത് ഇന്ത്യയിലെ നഗരകുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണ കുടുംബങ്ങളിൽ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെക്കൻസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത് വളരെ കൂടുതലാണെന്ന് കടബാധ്യതയെ കുറിച്ചുള്ള സംസ്ഥാനം തിരിച്ചുള്ള വിശകലനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ആത്മഹത്യകളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു . ദേശീയ ക്രൈം റെക്കോർഡ്ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം കേരളം ആത്മഹത്യാനിരക്കിൽ അഞ്ചാം സ്ഥാനത്തുനിൽക്കുന്ന സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യനിരക്കുള്ള (41.2ശതമാനം) നഗരം കേരളത്തിലെ കൊല്ലമാണ്. കുടുംബവഴക്ക് ,വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മരണ നിരക്കിനുള്ള കാരണങ്ങളാണെങ്കിലും ഉയർന്ന ഗാർഹിക കടബാധ്യത പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ഉയർന്ന സാമൂഹിക ശുചിത്വബോധത്തോടൊപ്പം ഉയർന്ന ജീവിതനിലവാരം മലയാളിയുടെ ഉപഭോഗ സംസ്കാരത്തിലും തുടർന്നുള്ള ഗാർഹിക കടം വർധിക്കുന്നതിനും പ്രധാന കാരണമായി . വായ്പാ രംഗത്തുണ്ടായ പുരോഗതി പ്രത്യേകിച്ച് കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വളർച്ചയോടൊപ്പം പലതരത്തിലുള്ള പുതിയ വായ്പാ രീതികളും തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും മലയാളിയുടെ ഉപഭോഗ സംസ്കാരത്തിൽ പ്രകടമായ മാറ്റം സൃഷ്ടിച്ചു.
ലേഖിക കൊല്ലം ജില്ലയിലെ ഗാർഹിക സമൂഹത്തിന്റെ കടവും ഉപഭോഗ സംസ്കാരവും എന്ന വിഷയത്തിൽ പഠനം നടത്തിയപ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിൽ മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെ പല അംശങ്ങളൂം കണ്ടെത്താൻ സാധിച്ചു . കൂടുതൽ ഉപഭോക്താക്കളും ദിവസ വേതനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെങ്കിലും 80 ശതമാനത്തിലധികം വീടുകളിൽ ഫർണിച്ചർ, റഫ്രിജറേറ്റർ, മിക്സർഗ്രൈൻഡറുകൾ, ടെലിവിഷനുകൾ, സ്മാർട്ട്‌ഫോൺ എന്നിവയുണ്ട്. 62 ശതമാന ആളുകളും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണ ബാങ്കുകൾ , കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത് .
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളത്തിലെ ഉയർന്ന ഉപഭോഗ സംസ്കാരത്തിനും ഉയർന്ന ആത്മഹത്യാ നിരക്കിനും പ്രധാന കാരണം കടത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയാണ്. അയൽവാസിയുടെ ഉപയോഗത്തെ അനുകരിക്കൽ, എനിക്ക് എല്ലാം ഉണ്ടെന്ന സാമൂഹിക ചിന്ത, സാമൂഹികനില എന്നിവയാണ് മലയാളിയുടെ കുറഞ്ഞ വരുമാനത്തിൽ പോലും കൂടുതൽ ഉപഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
കടത്തിന്റെ വർധനയോടൊപ്പം ഭാവിയിൽ ഭവന കടം വർദ്ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള പഠനം ചില സൂചനകൾ മുന്നോട്ട് വയ്ക്കുന്നു.
കടത്തിലൂന്നിയ ഉപഭോഗ സംസ്കാരം കേരളം പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തിന് നല്ലതല്ല. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. കടത്തിന്റെ കൂടുതൽ വർദ്ധനവ്, ഭാവിയിലെ വരുമാനത്തെയും അതുവഴി സമ്പദ് വ്യവസ്ഥയുടെ നിക്ഷേപം, ഉൽപാദനം, എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൂടാതെ, കടം അടിസ്ഥാനമാക്കിയുള്ള ഉപഭോഗം താഴ്ന്ന വരുമാനക്കാർക്കിടയിൽ ആസ്തി അസമത്വത്തിലേക്ക് നയിച്ചേക്കാം. കൊറോണ പോലുള്ള മഹാമാരിയും അതിനോടനുബന്ധിച്ചുള്ള തൊഴിൽ നഷ്ടവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ വായ്പയുടെ തിരിച്ചടവിനെ ബാധിച്ചു എന്ന കണ്ടെത്താൻ കഴിഞ്ഞു. ഇത്തരത്തിലുള്ള മാനസിക സമ്മർദം ആത്മഹത്യ പോലുള്ള ദുർ വിപത്തിലേയ്ക്ക് വഴിവെക്കുന്നു.
അതുകൊണ്ട് വർദ്ധിച്ചു വരുന്ന ഗാർഹിക കടം ശരിയായി പരിശോധിക്കുന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും മുൻഗണനയായിരിക്കണം, അതുവഴി സാമ്പത്തിക പ്രതിസന്ധിയുടെ മറ്റുപ്രധാന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകും.

ചാന്ദിനി പി സി സേനൻ
റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ധന വില വർദ്ധനവിനെ തുടർന്ന് ജീവിതചിലവിൽ വൻ കുതിച്ചുകയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചു.ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനത്തിൽനിന്ന് പണപ്പെരുപ്പ് 0.7 ശതമാനമായി വർദ്ധിച്ചു. ഗതാഗതം,ഇന്ധനം, ഭക്ഷ്യം എന്നീ സമസ്ത മേഖലകളിലും വിലവർധന പ്രത്യക്ഷമാണ്. മാർച്ചിലെ ഇന്ധനവില 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണ് കാണിക്കുന്നതെന്ന് ഓഫീസ് ഫോർ നേഷൻ സ്റ്റാറ്റിസ്റ്റിക്സ്ന്റെ കണക്കുകൾ കാണിക്കുന്നു.

ഇന്ധന വിലയിലെ വർദ്ധനവ് കാരണം പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ യുകെയിലെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത് . 2021 അവസാനത്തോടെ പണപ്പെരുപ്പം 1.9 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വർഷാവസാനത്തിന് മുമ്പ് ഇത് രണ്ട് ശതമാനത്തിലധികം ആകാമെന്നാണ് മറ്റ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്.