ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ആയിരക്കണക്കിന് ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടത് ആശുപത്രികളിൽ നിന്നെന്ന് പ്രധാന കണ്ടെത്തൽ. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയ ആളുകളിലേക്ക് വൈറസ് പകർന്നത് ആശുപത്രി ജീവനക്കാരിൽ നിന്നും മറ്റു കോവിഡ് രോഗികളിൽ നിന്നുമാണ്. ഇതാണ് ആയിരത്തിലേറെ പേരുടെ മരണത്തിന് കാരണമായി മാറിയത്. കോവിഡിന്റെ ആദ്യ തരംഗത്തിലാണ് ഇത് സംഭവിച്ചത്. മെയിൽ ഓൺ സൺഡേ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ, മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയവർ കോവിഡ് ഇതര വാർഡിൽ ആയിരിക്കുമ്പോൾ രോഗം ബാധിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ആശുപത്രികളിൽ നടന്ന പത്തു കോവിഡ് മരണങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ളതാണെന്ന് പത്രം പറയുന്നു. വിവരാവകാശ സ്വാതന്ത്ര്യ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ എൻ എച്ച് എസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നടന്ന 231 കോവിഡ് -19 മരണങ്ങളിൽ 88 എണ്ണം ആശുപത്രിയിൽ നിന്ന് രോഗം പിടിപെട്ടത് മൂലം ഉണ്ടായതാണ്.
ബ്രിസ്റ്റലിലും വെസ്റ്റണിലും ഉണ്ടായ 151 കോവിഡ് മരണങ്ങളിൽ 51 എണ്ണം ആശുപത്രിയിൽ ഇത്തരത്തിൽ ഉണ്ടായതാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റൽ ട്രസ്റ്റുകളിലൊന്നായ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 504 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തി. എന്നിരുന്നാലും, ഇതിൽ പത്തിൽ താഴെ മാത്രം മരണങ്ങളുടെ ഉത്തരവാദിത്തമാണ് ആശുപത്രി ഏറ്റെടുത്തത്. 100 ലധികം എൻഎച്ച്‌എസ് ട്രസ്റ്റുകളിൽ നിന്നുള്ള വിവരത്തിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
പൊതുജനങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ആശുപത്രി അണുബാധ നിയന്ത്രണ പ്രോട്ടോക്കോളിലെ പിഴവും പരസ്പരം വൈറസ് പടർത്തുന്ന ജീവനക്കാരും ഈ മരണങ്ങൾക്ക് കാരണമായെന്ന് പറയപ്പെടുന്നു. ആശുപത്രി ഏറ്റെടുക്കുന്ന കോവിഡ് മരണങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്ന ബർമിംഗ്ഹാം ആസ്ഥാനമായുള്ള കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ഡേവിഡ് നിക്കോൾ ഈ അവസ്ഥ ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ടു. പല അടിസ്ഥാന അണുബാധ നിയന്ത്രണ നിയമങ്ങളും നടപ്പാക്കുന്നതിൽ ആശുപത്രികൾ പരാജയപ്പെട്ടുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടോം ജെഫേഴ്സൺ പറഞ്ഞു. ആശുപത്രികളിൽ വച്ചു രോഗം പടർന്നത് രോഗികൾ തമ്മിൽ മാത്രമല്ല, സ്റ്റാഫുകൾ തമ്മിലും സ്റ്റാഫുകളും രോഗികളും തമ്മിലും രോഗം പടർന്നു. മൊത്തത്തിൽ, 93 ട്രസ്റ്റിൻെറ നിയന്ത്രണങ്ങളിൽ ഉള്ള ആശുപത്രികളിൽ 10,184 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,051 പേർക്ക് കോവിഡ് ഇതര വാർഡുകളിൽ ആയിരിക്കുമ്പോൾ വൈറസ് പിടിപെട്ടു. എന്നാൽ ഇപ്പോൾ ആശുപത്രികൾ തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
സ്വന്തം ലേഖകൻ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് വൻ വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ യുഎസിൻെറ 46 ആമത്തെ പ്രസിഡന്റ് ആകും. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി ബൈഡൻ ജനുവരി 20 ന് നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.
നൂറ്റാണ്ടിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. യുഎസിന്റെ ചരിത്രത്തിലേക്ക് കൂടിയാണ് കമല ഹാരിസ് ജയിച്ചു കയറുന്നത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കകാരനായ ഡൊണാൾഡ് ഹാരിസിന്റെയും മകളാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ വംശജയും ആദ്യ വനിതയുമാണ് കമല ഹാരിസ്.
നിർഭയമായ നിലപാടുകളുടെ പേരിൽ ഏറെ കൈയ്യടി നേടിയിട്ടുള്ള നേതാവാണ് 56 വയസ്സുകാരിയായ കമല. ഇത്തവണത്തെ ഇലക്ഷൻ ഫലത്തെ നിർണായകമായി സ്വാധീനിച്ച സ്ത്രീകളുടെയും കറുത്തവർഗ്ഗക്കാരുടെയും ഏറിയ പങ്ക് വോട്ടിനും കാരണക്കാരി കമല ഹാരിസ് ആണെന്ന് പറയേണ്ടി വരും. അഭിഭാഷക ആയി ജോലി ചെയ്യവേ വധശിക്ഷ, സ്വവർഗ്ഗ വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി. കറുത്ത വർഗ്ഗക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബരാക് ഒബാമയുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയ ഭാവിക്ക് തുണയായിട്ടുണ്ട്. എതിർസ്ഥാനാർഥി മൈക്ക് പെൻസിലുമായുള്ള സംവാദത്തിൽ കമലയുടെ രാഷ്ട്രീയനിലപാടുകൾ തെളിഞ്ഞു കാണാമായിരുന്നു. ശക്തയായ ഒരു നേതാവ് എന്ന നിലയിലും,അവർ പ്രതിനിധീകരിക്കുന്ന ജനതയുടെ ശബ്ദം എന്ന നിലയിലും കമല അമേരിക്കയ്ക്ക് പ്രിയപ്പെട്ടവൾ ആകുന്നു.
വിജയിച്ച ശേഷം കമലയുടെ അനന്തരവൾ മീന ഹാരിസ്, ‘നിനക്കും പ്രസിഡന്റ്’ ആവാം എന്ന് കൊച്ചു മകളോട് രസകരമായ രീതിയിൽ സംസാരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞിനോടുള്ള സംഭാഷണം എന്നതിലുപരിയായി ഒരു ജനതയുടെ പ്രതീക്ഷയായി ഈ വാക്കുകളെ വ്യാഖ്യാനിക്കാം.
മുൻ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബൈഡൻ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ വ്യക്തിയാണ്. പൊതുജന സേവനത്തിലും ഭരണത്തിലുമുള്ള അരനൂറ്റാണ്ട് അനുഭവസമ്പത്ത് കൈമുതലായുള്ള ഇദ്ദേഹം, അപകടവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത് പക്വതയും സ്ഥിരതയും ഉള്ള നേതാവായാണ് സ്വയം വിശേഷിപ്പിക്കുന്നത്. വംശീയ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളോട് പൊതുവെ എതിർപ്പുള്ള ബൈഡൻ ഇന്ത്യൻ ജനതയോടുള്ള സമീപനത്തിലും ഇതേ കാഴ്ചപ്പാട് പുലർത്തും എന്നാണ് പ്രതീക്ഷ.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മിങ്ക് കൊറോണ ഭീതിയിൽ ഡെൻമാർക്കിൽ നിന്നുള്ള സന്ദർശകർക്ക് യുകെയിൽ വിലക്കേർപ്പെടുത്തി. ബ്രിട്ടീഷ് പൗരൻമാർക്ക് ഡെൻമാർക്കിൽ നിന്ന് തിരിച്ചെത്തി ചേരാൻ കഴിയുമെങ്കിലും 14 ദിവസത്തെ ക്വാറന്റെനിൽ കഴിയേണ്ടിവരും. ഡെൻമാർക്കിലെ മിങ്ക് ഫാമുകളിൽ വ്യാപകമായ രീതിയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഡെൻമാർക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്താനുള്ള ചടുലമായ നീക്കത്തിന് പിന്നിൽ.
ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊറോണാ വൈറസിനെ മിങ്കകളിൽ (ഒരിനം നീർനായ) കണ്ടെത്തിയതിനെത്തുടർന്ന് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഡെൻമാർക്ക് തീരുമാനിച്ചിരുന്നു. മിങ്കകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് രാജ്യം നീങ്ങിയത് . മിങ്കകളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസിന്റെ വ്യാപനം ലോകത്ത് മറ്റൊരു ദുരന്തമുഖം തുറന്നിരിക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. കാരണം കോവിഡ് – 19 നെതിരെ വികസിപ്പിച്ചെടുക്കുന്ന വാക്സിനുകൾ പുതിയ ജനിതക മാറ്റം വന്ന വൈറസുകൾക്കെതിരെ ഫലം കാണണമെന്നില്ല.
17 ദശലക്ഷത്തോളം മിങ്കകളെയാണ് കോവിഡിന്റെ ആഗോള വ്യാപന ആശങ്കയെ തുടർന്ന് കൊന്നൊടുക്കുന്നത്. ഇതുവരെ യുകെയിൽ 1,171,441 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 48,888 പേരാണ് മരണത്തിന് കീഴടങ്ങിയത്. മഞ്ഞു കാലത്തോടെ ഉണ്ടായേക്കാവുന്ന കൊറോണയുടെ വ്യാപനം തടയാനായി ബ്രിട്ടൻ രണ്ടാം ലോക്ക് ഡൗൺ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ചിരുന്നു . വീടുകളിൽ തന്നെ തുടരാനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അണിചേരാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
സ്വന്തം ലേഖകൻ
കള്ളൻ കപ്പലിൽത്തന്നെ. ലിവർപൂളിലെ ബിയർ നിർമ്മാണ കമ്പനിയിൽ നിന്ന് 8 ലക്ഷം പൗണ്ട് മോഷ്ടിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്സ് ആൻഡ് ബാർലി കമ്പനിയിൽ നിന്നാണ് ജീവനക്കാരനായ ബെൻ ഡോലൻ മോഷണം നടത്തിയത്. ബെൻ ഡോലൻ മൂന്ന് വർഷത്തിനടുത്ത് ഈ സ്ഥാപനത്തിൽ മർമ്മപ്രധാനമായ സ്ഥാനങ്ങളിൽ ജോലി അനുഷ്ഠിക്കുകയായിരുന്നു. ലിവർപൂൾ കോടതിയിൽ ഹാജരാക്കിയ 29 കാരനായ പ്രതി 839,281 പൗണ്ട് മോഷ്ടിച്ച കുറ്റം സമ്മതിച്ചു. 2017 മാർച്ച് 23 -നും 2019 ഡിസംബർ 27 – നും ഇടയിലാണ് മോഷണം നടത്തിയത്.
ജഡ്ജി വുഡ്ഹാൾ പ്രതിയുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. അതുവരെ ഡോലനെ നിരുപാധിക ജാമ്യം അനുവദിച്ചു. ഡോലൻ നടത്തിയ സാമ്പത്തിക കുറ്റകൃത്യം വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു കമ്പനിയിൽ മൂന്നുവർഷത്തോളം വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ജോലി ചെയ്യുകയും വിശ്വസ്തനാണെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന ജോലിക്കാരനിൽ നിന്ന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം അതിശയിപ്പിക്കുന്നതായി. കമ്പനികൾ സുതാര്യമായ രീതിയിൽ അക്കൗണ്ട് കൈകാര്യം ചെയ്യുകയും ഓഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ നടക്കുന്ന ഇങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അത്ഭുതപ്പെടുത്തുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡോ. ഐഷ വി
കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് ഒരു പപ്പായത്തോട്ടം കാണാനും ഐ സ്റ്റെഡിന്റെ ഓഫീസിൽ പോകുവാനുമായി എന്റെ ബന്ധുക്കളുമായി പോകുമ്പോൾ
വളരെ സന്തോഷമായിരുന്നു. മനസ്സ് ഒരു നാൽപത് കൊല്ലം പുറകിലേയ്ക്ക് കുതിച്ചു. അന്ന് അച്ഛനാണ് ആദ്യമായി എനിക്ക് പറഞ്ഞു തരുന്നത് ഔഷധാവശ്യത്തിനായി പപ്പായയിൽ നിന്നും കറയെടുക്കാമെന്നും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തോട്ടങ്ങളായി പപ്പായ കൃഷി ചെയ്ത് കറയെടുത്ത് കോളൻ ക്യാൻസറിനെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടെന്ന്. ഒരു ആറാം ക്ലാസ്സുകാരിക്ക് അതൊരു അത്ഭുതവും കൗതുകവുമായിരുന്നു. കാസർഗോഡ് ഞങ്ങൾ താമസിച്ചിരുന്ന സമയത്തു തന്നെ അച്ഛനമ്മമാർ വീട്ടിൽ പപ്പായ വളർത്തിയിരുന്നു. ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കരയിൽ താമസിച്ചിരുന്നപ്പോഴും ആ പതിവ് തുടർന്നു. എന്നും വീട്ടുവളപ്പിൽ ഒരു പപ്പായയെങ്കിലും കാണും. ചിറക്കര താഴത്തെ വീട്ടിൽ ഞങ്ങൾ താമസത്തിനെത്തിയപ്പോൾ അവിടെ ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. വലിയ കായ പിടിയ്ക്കുന്ന പഴുത്താൽ അകം മഞ്ഞ നിറമാകുന്നയിനം. ആ പപ്പായയുടെ അകക്കാമ്പ് പഴുക്കുമ്പോൾ വളരെ മൃദുവായിരുന്നു. തൈ പപ്പായകളിൽ എനിക്ക് കൈയ്യെത്താവുന്ന ഉയരത്തിലുള്ള കായകളിൽ (കറയെടുത്ത് മരുന്നിന് ഉപയോഗിക്കാം എന്ന വിവരം കിട്ടിയ ശേഷം ) തൊട്ടു തലോടുകയും പപ്പായയെ സ്നേഹിക്കുകയും ചെയ്യുക എന്റെ പതിവായിരുന്നു. ചിലപ്പോൾ ഞാൻ കായുടെ പുറത്ത് നഖം കൊണ്ട് ഒന്നു വരഞ്ഞ് നോക്കും. ഊറി വരുന്ന കറ ഒരിലക്കുമ്പിളിൽ ശേഖരിക്കും. പക്ഷേ അത് ഉപയോഗിക്കാനറിയാതെ പ്രയോജനമില്ലല്ലോ? 1979-80 കാലഘട്ടത്തിലായിരുന്നു ഈ പരിപാടി.
നിത്യവും പപ്പായ കഴിക്കുന്നത് കൊണ്ട് മലബന്ധമോ പോഷകാഹാരക്കുറവോ അമിത വണ്ണമോ അക്കാലത്ത് ഞങ്ങളെ ബാധിച്ചിരുന്നില്ല. നിത്യവും പപ്പായ കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും കുറവാണ്.
ഞാൻ എട്ടാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് കുറച്ച് ദിവസം കിഴക്കേ കല്ലട തോപ്പു വിളയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വലിയ പപ്പായ മരത്തിൽ ഒരു കായ കാക്ക കൊത്തി നിൽക്കുന്നത് കണ്ടു. നല്ല ചുവന്ന ഉൾക്കാമ്പുള്ള പപ്പായയായിരുന്നു അത്. അവിടെ അവർ പപ്പായയ്ക്ക് “ഓമയ്ക്ക” എന്നായിരുന്നു പറഞ്ഞിരുന്നത്. പപ്പായയ്ക്ക് ഓമയ്ക്ക, കപ്പയ്ക്ക, കപ്ലങ്ങ, കറുമൂസ് തുടങ്ങീ പേരുകളുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ജീവിക്കാൻ ഇടവന്നപ്പോൾ ഞാൻ മനസ്സിലാക്കി. ഞാൻ ആദ്യമായിട്ടായിരുന്നു ചുവന്ന ഉൾക്കാമ്പുള്ള പപ്പായ കാണുന്നത്. പപ്പായയിൽ വർണ്ണവൈവിധ്യമുണ്ടെന്നത് എനിക്ക് ആദ്യ അറിവായിരുന്നു. അതിൽ കാക്ക കൊത്താതെ പാകമായി നിന്ന ഒരു കായ ഞാൻ കുത്തിയിട്ടു. അത് ഖണ്ഡിച്ചു തിന്നതു കൂടാതെ അതിന്റെ വിത്തു മുഴുവൻ ശേഖരിച്ചു. ഞാൻ അവിടെ നിന്നും തിരികെ പോന്നപ്പോൾ ആ വിത്തുകളും കൂടെ കൊണ്ടു പോന്നു. അത് ഞങ്ങളുടെ വീട്ടിൽ നട്ടുവളർത്തി. അതിന്റെ നിറവും മധുരവും മൃദുത്വവും എനിക്ക് ഇഷ്ടപ്പെട്ടതിനാൽ അതിന്റെ വംശം നശിച്ചു പോകാതെ ഞാനിന്നും വളർത്തുന്നു. വീട്ടിൽ കോഴിയിറച്ചി വയ്ക്കുന്ന സമയത്ത് ഇറച്ചി മാർദ്ദവമുള്ളതാക്കാൻ പച്ച പപ്പായ കഷണങ്ങൾ കൂടി ചേർക്കാൻ അച്ഛൻ അമ്മയോട് പറയുമായിരുന്നു. അമ്മ അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ മൃദുത്വം മാത്രമല്ല പപ്പായയുടെ എല്ലാ ഗുണങ്ങളും ആ കറിയിലുണ്ടാകും.
പപ്പായ എട്ടും പത്തും വർഷം തെങ്ങിൻ തടി പോലെ തായ്ത്തടി വണ്ണം വച്ച് നിറയെ കായോട് കൂടി നിന്ന അനുഭവവും വീട്ടിലുണ്ടായിട്ടുണ്ട്. ഞങ്ങൾ ഭൂതക്കുളം സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകുന്ന വഴിയിൽ ചില വീടുകളിൽ ഇളം പച്ചനിറത്തിലും വയലറ്റ് നിറത്തിലും നീളം കൂടിയതുമായ പപ്പായകൾ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സഹപാഠി എന്നോട് പറഞ്ഞറിഞ്ഞത് സിങ്കപ്പൂരുനിന്നും വിത്ത് കൊണ്ടുവന്ന് ഇട്ടതാണ് അവയെന്നാണ്. അങ്ങനെ ഞാൻ സിങ്കപ്പൂരിലായിരുന്ന കുഞ്ഞമ്മയ്ക്ക് കത്തെഴുതി. കുഞ്ഞമ്മ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറേ പപ്പായ വിത്തുകൾ കൊണ്ടു തന്നു. ഞാനത് പാകിയെങ്കിലും മുളച്ചില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് പപ്പായ നന്നായി മുളയ്ക്കാനുള്ള സാധ്യത വിത്തെടുത്ത് ആദ്യ 7 ദിവസത്തിനുള്ളിലാണെന്ന്. പിൽക്കാലത്ത് പഠനം ജോലി വിവാഹം തുടങ്ങിയ കാര്യങ്ങൾ മൂലം വീട്ടിൽ നിന്നും 20 വർഷത്തിലധികം മാറി നിൽക്കേണ്ടി വന്നപ്പോൾ പപ്പായ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അത് ശരീരത്തിന്റെ സ്ഥൂലതയിലേയ്ക്കും ദുർമേദസിലേയ്ക്കും നയിച്ചു.
ഞാൻ കണ്ണൂരിലെ കോളേജിലേയ്ക്ക് 2009 -ൽ പ്രിൻസിപ്പലായി ട്രാൻസ്ഫറായി പോയപ്പോൾ തളിപ്പറമ്പ് തൃച്ഛംബരത്തുള്ള NSS ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അക്കാലത്ത് കടയിൽ നിന്നും വാങ്ങിയ ഒരു പപ്പായയുടെ സ്വഭാവം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിത്തുകൾ കുറവ് നല്ല ദൃഡത ദീർഘനാൾ കേടാകാതെയിരിക്കുക. മധുരം ഞങ്ങളുടെ വീട്ടിലുള്ളവയെക്കാൾ കുറവ് . ആകെ മൂന്ന് വിത്താണ് എനിക്ക് കിട്ടിയത്. ഞാൻ അത് കൊല്ലത്തു കൊണ്ടുവന്ന് പാകി കിളിർപ്പിച്ചു. ഒരെണ്ണം പിടിച്ചു കിട്ടി. 8 വർഷത്തോളം അത് കായ്ഫലം തന്നു. കായുടെ ഞെട്ടിന് മറ്റ് പപ്പായകളെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. കച്ചവടക്കാർക്ക് പ്രിയം കൂടിയ ഷെൽഫ് വാല്യു കൂടിയ റെഡ് ലേഡി എന്നയിനമാണ് അതെന്ന് എനിക്ക് മനസ്സിലായി. കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വളരെ മൃദുവും മഞ്ഞനിറവും മധുരവുമുള്ള പൊക്കം കുറഞ്ഞയിനം പപ്പായയുടെ വിത്തുകൾ എനിക്ക് ലഭിച്ചു. കാർത്തികപള്ളിയിലേയ്ക്ക് 2014 -ൽ സ്ഥലം മാറി വന്നപ്പോൾ ഞങ്ങളുടെ കോളേജിലെ ജയരാജ് വീയപുരം ഫാമിൽ നിന്നും ഏതാനും പപ്പായ തൈകൾ എനിക്ക് വാങ്ങി തന്നു. കാഴ്ചയിലും ഉൾക്കാമ്പിന്റെ കട്ടിയിലും റെഡ് ലേഡി പോലെ തോന്നിക്കുമെങ്കിലും മഞ്ഞ നിറമുള്ള കാമ്പായിരുന്നു അവയ്ക്ക്. ഒരു പക്ഷേ റെഡ് ലേഡിയിൽ പരപരാഗണം നടന്ന് അങ്ങനെയായതാവാം.
അങ്ങനെ കായയുടെ നീളം വണ്ണം ആകൃതി മരത്തിന്റെ പ്രകൃതി മാധുര്യത്തിലെ വ്യത്യസ്തത നിറത്തിലെ വ്യത്യാസം പൊക്കം കുറഞ്ഞ സിന്റ F1 തുടങ്ങിയവയുമായി എന്റെ വീട്ടിലിപ്പോൾ എട്ടിലധികം പപ്പായയിലെ ജൈവ വൈവിധ്യമുണ്ട്. ചാണകം നന്നായി കൊടുക്കുമ്പോൾ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുന്നു.
2019 ഒക്ടോബറിൽ ഞാൻ ISTED ഡയറക്ടർ ഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു. പപ്പയിൻ എടുക്കാനായി പപ്പായത്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. അദ്ദേഹം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായ ഓമന കുട്ടൻ സാറിന്റെ ഫോൺ നമ്പർ തന്നു. 1000 തൈയ്യിലധികം നട്ടെങ്കിൽ മാത്രമെ പപ്പയിൻ എടുക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു. ചോലയില്ലാത്ത സ്ഥമായിരിക്കണം. ഒരു സെന്റിൽ പത്ത് തൈകൾ നടാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷിയുണ്ടെങ്കിലേ 1000 തൈകൾ നടാൻ പറ്റുകയുള്ളൂ. അങ്ങനെ ഞങ്ങൾ 3 പേർ ( ഞാൻ, അമ്മയുടെ ചേച്ചിയുടെ മകൾ അനിത( സത്യവതി), കുഞ്ഞമ്മയുടെ മരുമകൾ അരുണ, ) ചേർന്ന് 1000 തൈകൾ നടാൻ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞമ്മയുടെ മകന്റെ കാറിൽ ഞങ്ങൾ പവിത്രേശ്വരത്തേയ്ക്ക് തിരിച്ചത്. അവിടെ വഴിക്ക് വച്ച് ഓമന കുട്ടൻ സാറും അവിടെ സൊസൈറ്റി രൂപീകരിച്ച് പപ്പായ കൃഷിക്ക് നേതൃത്വം നൽകിയ മോഹനൻ സാറും ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്ന് മാസം പ്രായമായ കായ്കൾ പിടിച്ചു തുടങ്ങിയ തൈകളുള്ള കല്ലടയാറിന്റെ തീരത്തുള്ള ഒരു പപ്പായത്തോട്ടത്തിലേയ്ക്ക് ആനയിച്ചു. ജലസേചനം നിർബന്ധമായതിനാൽ അതിന് സൗകര്യമുള്ള കുളങ്ങളും ആ തോട്ടത്തിലുണ്ട്. വരിയായും നിരയായും പൂക്കളും കുഞ്ഞു കായ്കളുമായി വളർന്നു വരുന്ന പപ്പായത്തോട്ടം. മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ മരച്ചനീ( കപ്പ) പപ്പായത്തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല. തോട്ടം നടന്നു കാണുന്നതിനിടയിൽ മോഹനൻ സാർ പറഞ്ഞു. പപ്പായയ്ക്ക് തെങ്ങാണ് ഏറ്റവും നല്ല ഇടവിള.
തമിഴ് നാട്ടിൽ 20 വർഷത്തിലധികമായി പപ്പയിൻ ഉത്പാദിപ്പിക്കാനായി പപ്പായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഉണ്ടത്രേ. അവർ കറയുല്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലാഭകരമായി ചെയ്യുന്നു. ഇതൊക്കെ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് അച്ഛൻ എന്റെ മനസ്സിൽ വിതച്ച ചിന്തയ്ക്ക് ചിറകു വച്ചു തുടങ്ങി. ഐസ്റ്റെസിന്റെ ഓഫീസിലേയ്ക്ക് പോകുന്ന വഴി മോഹനൻ സാറിന്റെ വീട്ടിലും കയറി. തിണ്ണ നിറയെ പപ്പായ തൈകൾ നിരന്നിരിക്കുന്നു. തായ് ലാന്റിൽ നിന്നും വാങ്ങിയ വിത്ത് പാകി മുളപ്പിച്ച തൈകളാണ്. അവിടെ നിന്നും ഞങ്ങൾ മോഹനൻ സാറിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സ്റ്റെഡ് ഓഫീസിലെത്തി. ഫോം പൂരിപ്പിച്ച് തൈകളുടെ വിലയും ഏൽപ്പിച്ചു. കോയമ്പത്തൂരിലെ സിന്റാൾ കമ്പനിയിലേയ്ക്കാണ് കറ അയയ്ക്കേണ്ടത്. കറ കേടാകാതിരിക്കാനായി പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് ചേർക്കണം. പവിത്രേശ്വരത്ത് നൂറിലധികം കർഷകർ സൊസൈറ്റി രൂപീകരിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. 2018 ലെ വെള്ളപൊക്കത്തിൽ പലരുടേയും കൃഷി നശിച്ചു. അവർ പിൻ വാങ്ങി. കുറച്ചുപേർ പ്രതീക്ഷയോടെ മുന്നേറുന്നു. അവർക്കൊരു ബിഗ് സല്യൂട്ട് ഞാൻ മനസ്സിൽ കൊടുത്തു.
അവിടെ അടുത്തുള്ള കടയിൽ നിന്നും മോഹനൻ സാർ ചായയും കടിയും വാങ്ങി തന്നു. ചായ കുടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ മോഹനൻ സാറിന്റെ വാഹനത്തിൽ തൈകൾ 1200 എണ്ണം ഞങ്ങളുടെ പറമ്പുകളിൽ എത്തി. തൈകൾ കണ്ടപ്പോൾ അപ്പി മാമനും( രവി) ഓമയ്ക്കാത്തോട്ടമുണ്ടാക്കാൻ ഒരു മോഹം. അങ്ങനെ അപ്പി മാമന്റെ 200 തൈകളും വൈകാതെയെത്തി. 1.5 -2 മീറ്റർ അകലം പാലിച്ച് തൈകൾ നടണം. നട്ടു. വേനലിൽ നനച്ചു. മഴയിൽ പൂത്തു കായ്ച്ചു. കൊറോണയും മൊസൈക് രോഗവും പ്രതീക്ഷകൾ തകിടം മറിച്ചു. വേണ്ട പരിഹാരങ്ങൾ എല്ലാം ചെയ്ത് മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോൾ അങ്ങനെയാണ്. Man proposes God’s disposes എന്നാണല്ലോ?
ഇതിനിടയിൽ ഐ സ്റ്റെഡ് 2 കെയിനിംഗുകൾ കർഷകർക്കായി കായംകുളം കെ വി കെ യിൽ നടത്തി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായുള്ള എക്സിബിഷനുകളും ഐ സ്റ്റഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറച്ചുപേർ വ്യവസായം തുടങ്ങി. കായംകുളത്ത് നടന്ന ട്രെയിനിംഗുകൾ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജീസി മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. എക്സ്പോർട്ട് ലൈസൻസുകൾ ഉള്ളവർ വരെയുണ്ട്. പപ്പായ കൊണ്ട് ടൂട്ടി ഫ്രൂട്ടി ഹൽവ സോപ്പ് ഫേസ്പാക്ക് തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചു.
ഇഡി ക്ലബ് വിദ്യാർത്ഥികൾ പായ്ക്ക് ചെയ്ത എണ്ണയ്‌ക്കൊപ്പം
ക്ലാസ്സിനിടയിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ബേബി ഓയിലുകളെ കുറിച്ച് ജീസി മാഡം സൂചിപ്പിച്ചു. മിനറൽ ഓയിൽ ചേർന്നവ കുഞ്ഞുങ്ങളുടെ കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ലത്രേ. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് ചെറിയ അക്ഷരത്തിൽ വല്യ വിപത്തിനെ പറ്റിയുള്ള കാര്യം ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബേബി ഓയിലിന്റെ കാര്യവും . അതിനാൽ നിങ്ങൾ ബേബി ഓയിലിന് പകരം മറ്റൊരു ഉത്പന്നത്തെ കുറിച്ച് ചിന്തിയ്ക്കണമെന്ന് മാഡം സൂചിപ്പിച്ചത് എന്റെ മനസ്സിൽ കിടന്നു. അങ്ങനെ ഞാൻ ഒരു പപ്പായ – വി സി ഒ ഹോട്ട് പ്രോസസിലൂടെ രൂപപ്പെടുത്തി. ഇത് ഭക്ഷ്യയോഗ്യമായ ചർമ്മ സംരക്ഷണ എണ്ണയാണ്. ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാം. ലാക്റ്റസ്സ് അലർജിയുള്ളവർക്കും ഫലപ്രദം. ഞാൻ ഈ എണ്ണ ഒരു വിർട്ടി ലിഗോ പേഷ്യന്റിന് പരീക്ഷിക്കാനായി നൽകി. സാധാരണ ഗതിയിൽ ബീറ്റാ കരോട്ടിൻ ചേർന്നവ വിർട്ടി ലിഗോക്കാർക്ക് ഫലപ്രദമല്ലാത്തതാണ്. എന്നാൽ ഇത് വളരെ ഫലപ്രദമായി തോന്നി-ജീസി മാഡത്തിന് മഞ്ഞ നിറത്തിലുള്ള പപ്പായയിൽ തയ്യാറാക്കിയ എണ്ണയുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ മാഡം റെഡ് ലേഡി ചേർത്ത് തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ ഫോട്ടോയിട്ടപ്പോൾ വന്നു മാഡത്തിന്റെ മറുപടി. Both are beautiful. This is an innovation . അങ്ങനെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. കൂടാതെ തിരുവനന്തപുരത്തു നടന്ന Exhibition -ൽ എന്റെ കോളേജിലെ വിദ്യാർത്ഥികൾ ഈ എണ്ണ ഗ്ലാസ് ബോട്ടിലുകളാക്കി നല്ല ലേബലോടെ മാർക്കറ്റ് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒരു ഫലമെന്നതിലുപരി ധാരാളം ഉപയോഗങ്ങൾ പപ്പായ വഴിയുണ്ട്. മുട്ട കോഴികൾക്ക് നെയ്യ് വയ്ക്കാതിരിക്കാനും നല്ലൊരു കാലിത്തീറ്റയായും പപ്പായ ഉപയോഗിക്കാവുന്നതാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവത്തിൽ ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ( 26) 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 11 വർഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും പ്രതിയുടെ പ്രായവും, പ്രതി നോബിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയതും, വിചാരണകൂടാതെ തന്നെ കുറ്റം സമ്മതിച്ചതും പരിഗണിച്ച് 11 മാസത്തെ ശിക്ഷ ഇളവു നൽകുകയായിരുന്നു.
പ്രതി : സ്റ്റെഫാൻ വിൽസൺ
2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന പ്രതി വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പകരമാവില്ല കോടതി പ്രതിക്ക് നൽകിയ ശിക്ഷ എന്ന് നോബി മലയാളം യുകെയോടെ പ്രതികരിച്ചു . തന്റെ ജീവിതത്തിൻറെ വിലയും സുരക്ഷയും എന്താണെന്ന ചോദ്യം പോലീസിനോടും കോടതിയോടും നോബി ഉന്നയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന നോബി വീണ്ടും ജോലിക്ക് പോകാൻ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .
തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. നോബിയുടെ യൂട്യൂബ് ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിൻെറ വ്യാപനം തടയാൻ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൗൺ നവംബർ അഞ്ചാം തീയതി ആരംഭിച്ചു . പല സ്ഥാപനങ്ങളും ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . സ്ഥാപനങ്ങൾക്ക് മാത്രമല്ല ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് വീട്ടിൽനിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്ന ജനങ്ങളും പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. നിഷ്കർഷിക്കപ്പെട്ട കാര്യങ്ങൾക്കൊഴികെ വീട്ടിൽനിന്ന് പുറത്തു പോകുന്നവർക്ക് 200 പൗണ്ട് പിഴ ശിക്ഷ ഈടാക്കാൻ പോലീസിന് കഴിയും.
രണ്ടാം ലോക്ക്ഡൗണിൻ്റെ ഭാഗമായി രോഗപ്രതിരോധത്തിനായി വളരെ കർക്കശമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ലോക്ക് ഡൗൺ അവസാനിക്കുന്ന ഡിസംബർ 2 വരെ ഇവ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ് . ലോക്ക് ഡൗൺ വ്യവസ്ഥകൾ മനസ്സിലാക്കുന്നത് പിഴ ശിക്ഷ ഒഴിവാക്കാൻ സഹായകരമായിരിക്കും . ഓരോ വ്യക്തിയുടെയും താമസസ്ഥലം എന്നതിൻറെ പരിധിയിൽ വീട് ,പൂന്തോട്ടം , ഗാരേജുകൾ, ഔട്ട് ഹൗസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈ പരിധിയിൽ രണ്ടാമത്തെ ഭവനമോ അവധിക്കാല വസതികളോ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . അതുപോലെ തന്നെ യാതൊരു തരത്തിലുമുള്ള പ്രതിഷേധ പ്രകടനങ്ങളും ഈ കാലഘട്ടത്തിൽ പാടുള്ളതല്ല.
ലോക്ക് ഡൗൺ നിയമങ്ങളിൽ ആദ്യമായി ഏതെങ്കിലും തെറ്റിക്കുകയാണെങ്കിൽ 200 പൗണ്ട് പിഴ ഈടാക്കി കോടതി നടപടികൾ ഒഴിവാക്കാൻ സാധിക്കും. 14 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയാൽ 100 പൗണ്ട് അടച്ചാൽ മതിയാകും . ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ചതായി തെളിയിക്കപ്പെടാതെ , സംശയത്തിൻ്റെ പേരിലും പിഴ ഈടാക്കാൻ പോലീസിന് കഴിയുമെന്ന് നിയമ ലംഘകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ഓരോ പ്രാവശ്യവും പിഴത്തുക ഇരട്ടിയായി 6400 പൗണ്ട് വരെയാകും . ലോക്ക്ഡൗണിൽ വീടിന് പുറത്തു പോകാവുന്ന അത്യാവശ്യ കാര്യങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ടത് ഇനി പറയുന്നവയാണ്.
നിങ്ങൾക്കോ ജീവനക്കാരനോ സഹായം വേണ്ട മറ്റാർക്കെങ്കിലും വേണ്ടിയോ അവശ്യവസ്തുക്കൾ മേടിക്കാൻ നിയമം അനുവദിക്കുന്നു. പണം പിൻവലിക്കാനോ നിഷേപിക്കാനോ ബാങ്കിൽ പോകാൻ സാധിക്കും. രണ്ട് ആളുകൾക്ക് വരെ വ്യായാമ ആവശ്യങ്ങൾക്കായി വീടിന് പുറത്ത് പോകാം. ആരാധനാലയങ്ങളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ നിയമം അനുവദിക്കുന്നു. വീടുകൾ വാടകയ്ക്ക് എടുക്കുവാനും കാണിച്ചു കൊടുക്കുവാനും, കോടതിസംബന്ധമായ കാര്യങ്ങളുടെ നടത്തിപ്പിനായും പോകാൻ ഇളവുകൾ ഉണ്ട് . അതുപോലെ തന്നെ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കാത്ത ജോലിക്കായോ വിദ്യാഭ്യാസത്തിനോ, പരിശീലനത്തിനോടനുബന്ധിച്ചുള്ള കാര്യങ്ങൾക്കോ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
രണ്ടാം ലോക്ക്ഡൗണിൻെറ ആവശ്യകത ഉൾക്കൊണ്ട് ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ പരമാവധി ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്ത് അഭ്യർത്ഥിച്ചിരുന്നു. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയാനുള്ള പോരാട്ടത്തിൽ ജനങ്ങൾ പിന്തുണയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് ബാധിതനായ ആദ്യ ബ്രിട്ടീഷ് പൗരൻ മരിച്ച നിലയിൽ. ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും രോഗം പിടിപെട്ട ഇരുപത്താറുകാരൻ കോന്നർ റീഡിനെ കഴിഞ്ഞ ആഴ്ചയാണ് ബാംഗൂർ സർവകലാശാലയിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൈനയിലെ വുഹാനിൽ ഒരു കോളേജിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് റീഡിന് കോവിഡ് -19 സ്ഥിരീകരിച്ചത്. വുഹാനിൽ 16 ആഴ്ച ലോക്ക്ഡൗൺ, ഓസ്ട്രേലിയയിൽ രണ്ടാഴ്ച, യുകെയിൽ മൂന്നാഴ്ച ലോക്ക്ഡൗൺ എന്നിവ നേരിട്ട ചെറുപ്പക്കാരനാണ് റീഡ്. ചൈനയിൽ വളരെയധികം ബുദ്ധിമുട്ടുകൾ റീഡ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തി. ഒക്ടോബർ 25 ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്ന് നോർത്ത് വെയിൽസ് പോലീസിന്റെ വക്താവ് പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തെത്തിയ റീഡിന്റെ മരണം ദുരൂഹത നിറഞ്ഞതാണോയെന്ന് പലരും സംശയിക്കുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ല എന്നാണ് പോലീസ് വ്യക്തമാക്കിയത്. എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചുമാണ് റീഡ് ജീവിച്ചതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. നോർത്ത് വെയിൽസിലെ ഒരു വലിയ കുടുംബത്തിൽ നിന്നുള്ള മാതാപിതാക്കൾ കോണറിന് 12 വയസ്സുള്ളപ്പോൾ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലേക്ക് കുടിയേറിയിരുന്നു.
ബാംഗോറിൽ നിന്ന് ബിരുദം നേടിയ ശേഷം, ചില ആംഗ്ലോ-ചൈനീസ് ബിസിനസ്സ് സംരംഭങ്ങളിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയായിരുന്നു മകന്റെ പദ്ധതിയെന്ന് പിതാവ് പറഞ്ഞു. മൂന്നുവർഷം ഫാർ ഈസ്റ്റിൽ ചെലവഴിച്ച കോനർ, വുഹാനിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് മലേഷ്യയിലൂടെയും മറ്റ് ചൈനീസ് നഗരങ്ങളിലൂടെയും യാത്ര നടത്തിയിരുന്നു. തന്റെ രോഗനാളുകളിലെ ബുദ്ധിമുട്ടിനെക്കുറിച്ചു റീഡ് തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ട്. മരണകാരണം അറിയാനായി ലാബിൽ നിന്നുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം എല്ലാം വിശദീകരിക്കുമെന്നും ലണ്ടൻ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസർ ആൻഡ് ടിം സ്‌പെക്ടർ പറഞ്ഞു. ഒരു ടോക്സിക്കോളജി റിപ്പോർട്ടിനായി അദ്ദേഹം കാത്തിരിക്കുകയാണ്. സത്യം എന്തുതന്നെയായാലും, തന്റെ ഉത്സാഹഭരിതനായ മകനെ ‘സന്തുഷ്ടനായ വ്യക്തിയായി’ എന്നും ഓർമിക്കുമെന്ന് പിതാവ് പറഞ്ഞു. “അവനെ കാണണമെന്ന് തോന്നുമ്പോൾ ഞങ്ങൾ ഗൂഗിളിൽ തിരയും. ചരിത്രത്തിൽ അവന് സ്ഥാനമുണ്ട്.” പിതാവ് കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
യു എസ് :- കഴിഞ്ഞ നാലു വർഷങ്ങളായി ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ആയിരുന്നു അമേരിക്കയിലെ പ്രഥമ മകൾ എന്ന പദവി അലങ്കരിച്ചിരുന്നത്. എന്നാൽ ഉടൻ തന്നെ ഇവാൻകയും, ഭർത്താവ് ജരെഡ് കുഷ്ണറും വൈറ്റ് ഹൗസിന് പുറത്തേക്ക് പോകും എന്നാണ് ഇലക്ഷൻ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. ജോ ബൈഡന് ജയിക്കുവാൻ ഇനി നാല് ഇലക്ട്രൽ കോളേജ് വോട്ടുകൾ മാത്രമാണ് വേണ്ടിയത്. പെൻസിൽവേനിയയിലും ജോ ബൈഡൻ തന്റെ ലീഡ് നില ഉയർത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ വിജയസാധ്യത വർദ്ധിച്ചിരിക്കുന്നത്. ജോ ബൈഡൻ ജയിച്ചാൽ, അമേരിക്കയുടെ പ്രഥമ മകളുടെ സ്ഥാനത്തേക്ക് വരിക അദ്ദേഹത്തിന്റെയും ജില്ലിന്റെയും മകളായ മുപ്പത്തൊമ്പതുകാരി ആഷ്‌ലി ബൈഡൻ ആയിരിക്കും. ആഷ്‌ലിയുടെ ഭർത്താവ് അൻപത്തിമൂന്നുകാരനായ പ്ലാസ്റ്റിക് സർജൻ ഡോക്ടർ ഹോവാർഡ് ക്രൈൻ ആണ്.
ഇവാൻക ട്രംപിനെ പോലെ വേദികൾ ഇഷ്ടപ്പെടുന്ന ആളല്ല ആഷ്‌ലി. അതുകൊണ്ടുതന്നെ ബൈഡന്റെ ഭരണത്തിൽ ആഷ്‌ലിയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ വരുത്തുകയില്ല എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ബൈഡന്റെ മുൻ ഭാര്യയായ നീലിയ 1972 ൽ ഒരു കാർ ആക്സിഡന്റിൽ ആണ് മരണപ്പെട്ടത്. ഈ വിവാഹത്തിൽ ബൈഡന് രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, ഒരാൾ പിന്നീട് ബ്രെയിൻ കാൻസർ മൂലം മരിച്ചു.
ആഷ്‌ലി ബൈഡനെ 1999 ൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ 2002 ൽ പോലീസ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനെതിരെയും ആഷ്‌ലിക്കെതിരെ കേസ് ഉണ്ടാരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ആയിരുന്നു ആഷ്‌ലി. പൊതു വേദികളിൽ നിന്നു വിട്ട് നിൽക്കുന്ന വ്യക്തിത്വമാണെങ്കിലും, ബൈഡന്റെ ചില തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ആഷ്‌ലിയും പങ്കെടുത്തിരുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിലെ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനം തടയാൻ വ്യാഴാഴ്ച മുതൽ രണ്ടാം ലോക്ക്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. പക്ഷേ പല സ്ഥാപനങ്ങളും വൻ സാമ്പത്തികമായ നഷ്ടം നേരിട്ടേക്കാവുന്ന ലോക്ക്ഡൗണിന് പുറംതിരിഞ്ഞു നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻ പിഴ ശിക്ഷ ഏറ്റു വാങ്ങിയാലും പതിവുപോലെ പ്രവർത്തിക്കും എന്നാണ് പല സ്ഥാപനങ്ങളുടെയും കടുംപിടുത്തം. ലോക്ക്ഡൗണിൽ തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്ക് 10000 പൗണ്ട് വരെയുള്ള പിഴ ഈടാക്കുന്നതാണ്. വൈറസ് പടരാതിരിക്കാൻ ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ ഒഴിച്ച് എല്ലാം അടയ്ക്കാൻ ഗവൺമെൻറ് നിർദ്ദേശം വന്നിരുന്നു.
എന്നാൽ ബെറിയിലെ ജിം, ബ്രിസ്റ്റോളിന് അടുത്തുള്ള ടാറ്റൂ പാർലർ, ഗ്ലോസ്റ്ററിലെ ഹെയർ ഡ്രസ്സിംഗ് സലൂൺ എന്നിവ ഉൾപ്പെടെ പല സ്ഥാപനങ്ങളും നിയമം ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്കഡൗണിൻെറ ആദ്യ ദിവസം പതിവുപോലെ തുറക്കുകയും കസ്റ്റമേഴ്സിന് സർവീസ് നൽകുകയും ചെയ്തതിന് റോജർ ആൻഡ് കോ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ഉടമയിൽ നിന്ന് 1000 പൗണ്ട് പിഴ ഈടാക്കി. ലോക്ക്ഡൗണിനോടനുബന്ധിച്ച് എല്ലാ ഹെയർ ഡ്രസ്സർമാരും തങ്ങളുടെ സ്ഥാപനങ്ങൾ അടയ്ക്കേണ്ടതാണ്. പക്ഷേ റോജർ ആൻഡ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ലോക്ക്ഡൗണിന് തങ്ങളുടെ സ്ഥാപനം തുറക്കുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
മാഞ്ചസ്റ്ററിനടുത്തുള്ള ബെറിയിലെ ഫിറ്റ്നസ് ഫോർ ലൈഫ് സ്റ്റുഡിയോയുടെ ഉടമ പിഴ അടയ്ക്കേണ്ടതായി വന്നാലും തങ്ങളുടെ സ്ഥാപനം തുറക്കും എന്ന നിലപാടിലാണ്. തങ്ങളുടെ സേവനങ്ങൾ ലോക്ക്ഡൗൺ സമയത്തും ഉപഭോക്താക്കളുടെ മാനസിക ആരോഗ്യത്തിന് ആവശ്യമാണെന്ന ന്യായീകരണമാണ് ഉടമയായ ജെയ്‌ൻ ഡീക്കിനുള്ളത് .
ജനങ്ങളുടെ അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയുകയാണ് ലോക്ക്ഡൗണിൻെറ പ്രാഥമിക ലക്ഷ്യം. പക്ഷേ പല ബിസിനസ് സ്ഥാപനങ്ങളും പിഴയീടാക്കേണ്ടി വന്നാലും പ്രവർത്തിക്കുമെന്ന തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അവശ്യ സർവീസുകളിൽ പെടാത്ത പല സ്ഥാപനങ്ങളും അനധികൃതമായി തുറന്നിരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി ഗ്ലോസ്റ്റർ ഷെയറിലെ പോലീസ് വക്താവ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗണിൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. പൊതുജനങ്ങൾ അസ്വസ്ഥരാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നാലാഴ്ചത്തെ ലോക്ക്ഡൗൺ വൈറസിനെ പ്രതിരോധിക്കുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.